'ആള്‍ക്കൂട്ടം'
ഇനിയും കുഴിക്കപ്പെടാത്ത
ഒരു അക്ഷയഖനി
'ആള്‍ക്കൂട്ടം' ഇനിയും കുഴിക്കപ്പെടാത്ത ഒരു അക്ഷയഖനി
27 May 2020, 10:00 AM
ആനന്ദിന്റെ "ആള്‍ക്കൂട്ടം' ഇനിയും കുഴിക്കപ്പെടാത്ത ഒരു അക്ഷയഖനിയാണ്. ഇതിനു മുമ്പ് ഇങ്ങനെയൊരു നോവല്‍ മലയാളഭാവന സങ്കല്‍പ്പിക്കുകയേ ഉണ്ടായിട്ടില്ല! അമ്പതു വര്‍ഷം മുമ്പ്, എഴുപതില്‍, പുറത്തിറങ്ങുമ്പോള്‍ ഇതിന്റെ അനന്യത കൊണ്ട് അപരിചിതമായതിനെ സമീപിക്കുന്ന അനുഭവമാണ് ആര്‍ക്കും ഈ കൃതി നല്‍കിയത്. പിന്നെ, ഈ നോവല്‍ നമ്മുടെ സാഹിതീയ കൗതുകത്തിന്റേയും ബുദ്ധിജീവിതത്തിന്റേയും ഒഴിവാക്കാനാവാത്ത ഭാഗമായി. പിന്നിട്ട കാലവും പല വായനകളും അതിനു പുതിയ പുതിയ മുഖങ്ങള്‍ നല്‍കി. എന്നിട്ടും, ഇനിയും കണ്ടെടുക്കപ്പെടാത്ത വിളനിലങ്ങള്‍ ഈ കൃതിയില്‍ ഒളിഞ്ഞുകിടക്കുന്നു. ആധുനികതാവാദത്തിന്റെ കാലത്ത് മലയാളി എഴുതിയ മഹാഭാരതം!
അവര്‍ എങ്ങനെയാണ് ചിന്തിച്ചിരുന്നതെന്ന്, വികാരം കൊണ്ടതെന്ന്, സ്നേഹിച്ചതെന്ന്, നൊന്തതെന്ന് മറ്റൊരാള്‍ക്കും സാധിച്ചിട്ടില്ലാത്ത രീതിയില്‍ രേഖപ്പെടുത്തുന്ന പ്രവര്‍ത്തനം അബോധതലത്തില്‍ ആള്‍ക്കൂട്ടം നിര്‍വ്വഹിക്കുകയുണ്ടായി
"ആള്‍ക്കൂട്ട'ത്തില്‍ ചരിത്രം വ്യത്യസ്തമായി എഴുതപ്പെട്ടിരിക്കുന്നു! സാഹിത്യകൃതിയില്‍ എഴുതപ്പെടുന്ന ചരിത്രം ചരിത്രകാരന്റെ നിര്‍മ്മിതിയായ ചരിത്രമല്ല. ഒരു ചരിത്രകാരനും എഴുതാന്‍ കഴിയാത്ത ചരിത്രമാണ് ആനന്ദ് എഴുതിയത്. ചരിത്രമെഴുത്തിന്റെ ചിരസമ്മതശീലങ്ങള്‍ക്കകത്തു നില്‍ക്കാന്‍ കഴിയാത്ത ചരിത്രം ആനന്ദ് എഴുതി. അത് കേവലം ഭാവനാത്മകമായ ചരിത്രമായിരുന്നില്ല. ഇന്ത്യയുടെ യാഥാര്‍ത്ഥ്യവുമായി അതിനു പ്രത്യക്ഷബന്ധമുണ്ടായിരുന്നു. ചരിത്രത്തെ അതിന്റെ വിശദാംശങ്ങളില്‍ പരിചയപ്പെടാന്‍ ആരേയും പ്രാപ്തമാക്കുന്ന രചനയായിരുന്നു അത്. ചരിത്രത്തില്‍ വസ്തുനിഷ്ഠതയുണ്ടോയെന്നു സന്ദേഹിക്കുന്ന ഈ കാലത്തും നമുക്കു പറയാന്‍ കഴിയും, അതില്‍ വസ്തുനിഷ്ഠതയുടെ മൂലകങ്ങളുണ്ടായിരുന്നു. എന്നാല്‍, വസ്തുനിഷ്ഠതക്കപ്പുറത്തേക്ക് അതു സഞ്ചരിച്ചു. അക്കാലത്തെ ഇന്ത്യയിലെ മനുഷ്യരുടെ ആത്മാവുകള്‍ എങ്ങനെയെല്ലാമാണ് സ്പന്ദിച്ചിരുന്നതെന്ന് ഈ കൃതിയില്‍ എഴുതിയിരിക്കുന്നു. അവര്‍ എങ്ങനെയാണ് ചിന്തിച്ചിരുന്നതെന്ന്, വികാരം കൊണ്ടതെന്ന്, സ്നേഹിച്ചതെന്ന്, നൊന്തതെന്ന് മറ്റൊരാള്‍ക്കും സാധിച്ചിട്ടില്ലാത്ത രീതിയില്‍ രേഖപ്പെടുത്തുന്ന പ്രവര്‍ത്തനം അബോധതലത്തില്‍ ആള്‍ക്കൂട്ടം നിര്‍വ്വഹിക്കുകയുണ്ടായി.
"സുന്ദരിയല്ലാത്ത പെണ്‍കുട്ടി' എന്ന പേരില്‍ താന്‍ ഒരു കഥ രചിച്ചിരുന്നതായി ഒരു കത്തില്‍ എം. ഗോവിന്ദന് ആനന്ദ് എഴുതുന്നുണ്ട്. "സ്വഭാവരഹിതമായ ആള്‍ക്കൂട്ടത്തില്‍ ലയിച്ച് അസുന്ദരനായി തീര്‍ന്ന ഒരു മനുഷ്യന്‍ സുഖവും ദു:ഖവും കലര്‍ന്ന ജീവിതത്തിലേക്കു മടങ്ങി വരുന്നതാണ് ആ കഥയുടെ പ്രമേയ'മെന്ന് കത്തില്‍ പറയുന്നു. "ആള്‍ക്കൂട്ടം' എഴുതുകയെന്നത് ഒരു ആവശ്യമായി തീര്‍ന്നത് ആ രചനയ്ക്കു ശേഷമാണെന്ന് ആനന്ദ് എഴുതിയിരിക്കുന്നു.
ജീവിതമന്വേഷിച്ച് അന്യദേശങ്ങളില്‍ നിന്നും നഗരത്തില്‍ എത്തിപ്പെട്ട കുറേ യുവാക്കള്‍; ജോസഫും സുനിലും സുന്ദറും രാധയും ലളിതയും പ്രേമും, ആള്‍ക്കൂട്ടത്തില്‍ മുഖമില്ലാതെ അലയുന്നു.
"എത്ര കോണിപ്പടികളായി കയറിയിറങ്ങുന്നു.
എത്രയോ മനുഷ്യര്‍ തനിക്ക് അനുകൂലമായും പ്രതികൂലമായും കടന്നുപോയി.
ഈ ആള്‍ക്കൂട്ടത്തിനിടയില്‍ ആരെങ്കിലും മുമ്പുകണ്ട വേറൊരാളെ തിരിച്ചറിയുന്നുണ്ടോ?
ഒരാള്‍ക്കു മറ്റുള്ളവരുമായുള്ള ബന്ധമെന്താണ്?
അവരുടെ മുമ്പില്‍ ഓരോരുത്തരും ഓരോ വസ്തു മാത്രം.'
മനുഷ്യന്‍ കേവലവസ്തുക്കളായി മാറിയ ലോകത്തില്‍ എങ്ങനെയൊക്കെയോ അവര്‍ കണ്ടുമുട്ടുന്നു. പരസ്പരം സംവദിക്കുകയെന്നത് അവര്‍ക്കാവശ്യമായിരുന്നു. മുഖം നഷ്ടപ്പെട്ട ലോകത്ത് തങ്ങളുടെ മുഖങ്ങളെ തിരിച്ചുപിടിക്കുകയെന്ന മനസ്സിന്റെ പ്രേരണയായിരിക്കണം അവരെ ഏതോ ബിന്ദുക്കളില്‍ സന്ധിപ്പിക്കുന്നത്. ഒരു ലോഡ്ജ് മുറിയിലോ റസ്റ്റോറന്റിലോ ആസാദ് മൈതാനത്തിന്റെ പുല്‍ത്തകിടിയിലോ ഇരുന്ന് ഇവര്‍ പങ്കിട്ട വിചാരങ്ങളുടേയും ദു:ഖങ്ങളുടേയും പ്രതീക്ഷകളുടേയും നിരാശകളുടേയും ലോകത്തെ ആവിഷ്‌കരിച്ചു കൊണ്ടാണ് ആനന്ദിന്റെ നോവല്‍ എഴുതപ്പെട്ടിരിക്കുന്നത്. അവര്‍ പങ്കുവച്ച ആശയങ്ങള്‍ തങ്ങളുടെ ജീവിതത്തില്‍ നിന്നും അവര്‍ രൂപപ്പെടുത്തിയെടുത്തവയായിരുന്നു. ജോസഫിന്റേയും സുനിലിന്റേയും സങ്കടകരമായ പരിണാമങ്ങള്‍ അവരുടെ ആശയലോകങ്ങള്‍ക്ക് യോജിക്കുന്ന വിധത്തിലായിരുന്നു. പട്ടാളത്തില്‍ ചേരുന്ന ജോസഫ് വായനക്കാരനെ അമ്പരപ്പിക്കുന്നുണ്ട്. എന്നാല്‍, പ്രശ്നപരിഹാരങ്ങള്‍ക്ക് ആക്രാമകമായ ഇടപെടലുകളെ സാദ്ധ്യമാകൂ എന്നു കരുതുന്നവന്റെ കീഴടങ്ങല്‍ പട്ടാളക്യാമ്പിലാണ് അവസാനിക്കുക! ജീവിതത്തെ കുറിച്ച് അസംബന്ധപൂര്‍ണ്ണമായ ആശയങ്ങള്‍ സൂക്ഷിക്കുന്ന സുനില്‍കുമാര്‍ ഘോഷ് അസംബന്ധത്തില്‍ പെട്ടു നില്‍ക്കുന്ന നിലയിലാണ് നോവല്‍ അവസാനിക്കുന്നത്. എല്ലാം ശൂന്യത ആവാഹിച്ചെടുത്തിരിക്കുന്നു. ജീവിതമെന്ന പോലെ മരണവും വിഡ്ഢിത്തമാണെന്ന് അയാള്‍ക്കു തോന്നുന്നു.
ആനന്ദിന്റെ എഴുത്തിന്റെ സാമാന്യരീതിശാസ്ത്രം "ആള്‍ക്കൂട്ട'ത്തില്‍ തന്നെ രൂപപ്പെട്ടിരുന്നു. സാഹിത്യം പ്രശ്നീകരണത്തിന്റെ വലിയ വാതിലുകള്‍ തുറന്നുവയ്ക്കണമെന്ന് ആനന്ദ് ആഗ്രഹിക്കുന്നുണ്ട്. ഈ നോവലിലെ സുഹൃത്തുക്കളുടെ സംഭാഷണങ്ങളില്‍ ഈ പ്രവണത രൂപപ്പെടുന്നതു നമുക്കു കാണാം. ജീവിതപ്രശ്നങ്ങളെ കുറിച്ച് ധൈഷണിക സംവാദങ്ങളിലേര്‍പ്പെടുന്നവരെ അവതരിപ്പിച്ചു കൊണ്ട് യാഥാര്‍ത്ഥ്യത്തിന്റെ വിവിധവും വ്യത്യസ്തവുമായ മുഖങ്ങളെ അവതരിപ്പിക്കുന്ന രീതി മറ്റു കൃതികളിലും കണ്ടെത്താവുന്നതാണല്ലോ. എഴുത്തിനു സാദ്ധ്യമാകുന്നത് പ്രശ്നീകരണമാണെന്ന ബോദ്ധ്യം പില്‍ക്കാലകൃതികളില്‍ വളരുന്നുമുണ്ട്. ഇതിന്നകം പലരും നിരീക്ഷിച്ചിട്ടുള്ളതു പോലെ ജോസഫും സുനിലും രാധയുമെല്ലാം അസ്തിത്വത്തെ കുറിച്ചുള്ള സന്ദേഹങ്ങളിലാണ് ഉഴറുന്നത്. ജീവിതം തുടരുമ്പോഴും അസ്തിത്വം അജ്ഞാതമായിരിക്കുന്നു. പ്രഹേളികയായി, കെട്ടിയേല്‍പ്പിക്കപ്പെട്ട വിധിയായി അതു പ്രത്യക്ഷപ്പെടുന്നു. ആള്‍ക്കൂട്ടത്തില്‍ പെട്ട് സ്വത്വം നഷ്ടപ്പെടുന്നവര്‍ അതിനെ തിരിച്ചു പിടിക്കാനായി ഒത്തുചേരുകയും തങ്ങളുടെ വ്യക്തിത്വം സൂക്ഷിക്കുന്ന വാക്കുകള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു. ഈ സുഹൃത്തുക്കളുടെ ഒത്തുചേരല്‍ സ്വത്വത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍, അനിവാര്യമെന്നോണം കീഴടങ്ങുന്നു.
ജീവിതമന്വേഷിച്ച് അന്യദേശങ്ങളില്‍ നിന്നും നഗരത്തില്‍ എത്തിപ്പെട്ട കുറേ യുവാക്കള്‍; ജോസഫും സുനിലും സുന്ദറും രാധയും ലളിതയും പ്രേമും, ആള്‍ക്കൂട്ടത്തില്‍ മുഖമില്ലാതെ അലയുന്നു
അസ്തിത്വപ്രശ്നത്തെ മദ്ധ്യവര്‍ഗത്തിന്റെ വൈരസ്യമായിട്ടല്ല, ജീവിക്കാനുള്ള അവകാശത്തിന്റെ പ്രശ്നമായി ആനന്ദ് ആവിഷ്‌ക്കരിക്കുന്നു.
1957നും 1962നും ഇടയ്ക്കുള്ള നഗരമാണ് നോവലില്‍ ചിത്രണം ചെയ്യപ്പെടുന്നത്. നാല്‍പ്പതോ അമ്പതോ ലക്ഷം ജനങ്ങള്‍ പാര്‍ക്കുന്ന നഗരം. ഇപ്പോള്‍ നഗരത്തിന്റെ പേരു പോലും മാറിയിരിക്കുന്നു! ജനസംഖ്യ രണ്ടു കോടിയിലേറെയായിരിക്കുന്നു. നഗരത്തിന്റെ വിസ്തീര്‍ണ്ണവും നാലോ അഞ്ചോ മടങ്ങു കൂടിയിട്ടുണ്ടാകണം. നഗരം എത്ര മാറിയിട്ടുണ്ടാകണം! തീവണ്ടികള്‍, റോഡുകള്‍, ഓഫീസ് മുറികള്‍, ലോഡ്ജുകള്‍, മനുഷ്യര്‍ ... എല്ലാം മാറിയിട്ടുണ്ടാകണം. ജോസഫിനേയും സുനിലിനേയും സുന്ദറിനേയും രാധയേയും പോലെ ഒരു പുല്‍മൈതാനത്തിലിരുന്ന് മനുഷ്യന്റെ ഭാവിയെ കുറിച്ച് തര്‍ക്കിക്കുന്നവര്‍ ഇപ്പോഴും അവിടെയുണ്ടാകുമോ? നഗരം മുഴുവന്‍ രാമസ്വാമിമാര്‍ കയ്യേറിക്കഴിഞ്ഞില്ലേ? എല്ലാറ്റിനേയും കൈരേഖാശാസ്ത്രത്തിലും ശിവശക്തിയിലും നടരാജനൃത്തത്തിലും എത്തിക്കുന്നവര്‍! അടിച്ചുപൊളിച്ചു തിമിര്‍ക്കുന്നതിനോ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിനോ ഉള്ള തത്രപ്പാടിന്നിടയില്‍, ജീവിച്ചു തീര്‍ക്കാനുള്ള തിരക്കിന്നിടയില്‍ ഇപ്പോള്‍ ആരെങ്കിലും ജീവിതത്തെ കുറിച്ചു ചിന്തിക്കുന്നുണ്ടോ? ഇതെഴുതിക്കൊണ്ടിരിക്കുമ്പോള്‍, മുംബൈ നഗരം കൊറോണ വൈറസിന്റെ പിടിയില്‍ പെട്ടു വീര്‍പ്പുമുട്ടുകയാണ്. ധാരാവി പോലുള്ള ചേരി പ്രദേശങ്ങളില്‍ മഹാമാരി വ്യാപിക്കുകയാണ്. നഗരത്തില്‍ ആയിരം പേരോളം മരിച്ചിരിക്കുന്നു. മുപ്പതിരട്ടി ആളുകള്‍ക്ക് രോഗം ബാധിച്ചിരിക്കുന്നു. തൊഴിലന്വേഷിച്ച് ആ നഗരത്തിലേക്കു പോയ നോവലിലെ ജോസഫിന്റെ പിന്‍തലമുറ ഏതു വിധേനയും നാട്ടിലേക്കു തിരിച്ചു വരുന്നതിനായി തിരക്കു കൂട്ടുകയാണ്.
കൽപ്പറ്റ നാരായണൻ
27 May 2020, 08:07 PM
ആധുനികതാവാദ കാലത്ത് മലയാളി എഴുതിയ മഹാഭാരതം - ശരിയായ നിരീക്ഷണം, ഒരു പക്ഷെ ആൾക്കൂട്ടെത്തെക്കുറിച്ചുള്ള നിർവ്വചനവും. '
V VIJAYAKUMAR
27 May 2020, 05:34 PM
നോവലിലെ ഒരു കഥാപാത്രത്തിന്റെ പേര് ലതിക എന്നാണു ലേഖനത്തിൽ വന്നിരിക്കുന്നത്. ലളിത എന്നാണു വേണ്ടത് . എഴുതിക്കഴിഞ്ഞതിനുശേഷം വായിച്ചപ്പോഴും ആ തെറ്റ് കണ്ടെത്താനോ തിരുത്തി അയക്കാനോ കഴിഞ്ഞില്ല. തെറ്റ് പറ്റിയതിൽ ഖേദിക്കുന്നു.
ramdossnayar kodempattil
27 May 2020, 05:32 PM
നോവൽ സങ്കൽപ്ത്തെത്തെന്നെ പുനർനിർവ്വചിച്ചു കൊണ്ട് ആ വിഷ്ക്കാരത്തിന്റേയും രചനയുേയും നൂതനതെ കൊണ്ടും അനുവാചകരെ പുതിയ ഭാവുകതയിലേക്ക് നയിച്ച ആൾക്കൂട്ടം ഇന്നും വേറിട്ട സാഹിത്യ സൃഷ്ടിയായി നിലനിൽക്കുന്നു എന്നതാണ് പ്രസക്തമായ കാര്യം
ജോർജ്
27 May 2020, 02:22 PM
ആനന്ദിന്റെ ബൗദ്ധിക സത്യസന്ധത ശ്ലാഘനീയം .വ്യതിരിക്താണ് അദ്ദേഹത്തിന്റെ സാഹിത്യ സരണി ... മലയാള സാഹിത്യ ലോകത്തിലെ . 'ജെൻറിൽമാൻ ".
Rajesh KP
27 May 2020, 01:10 PM
സംവദിച്ചു കൊണ്ടല്ലാതെ മനുഷ്യന് ജീവനം സാധ്യമല്ല. ബാഹ്യ പ്രകൃതിയുടെ മാറ്റങ്ങളെ ഉൾക്കൊള്ളാനും പുറന്തള്ളാനുമുള്ള മനുഷ്യന്റെ വെമ്പൽ പരസ്പരം പറഞ്ഞു തീർക്കുകയെങ്കിലും വേണം. " ആൾക്കൂട്ടത്തിൽ പെട്ട് സ്വത്വം നഷ്ടപ്പെടുന്നവർ അതിനെ തിരിച്ചു പിടിക്കാനായി ഒത്തു ചേരുകയും തങ്ങളുടെ വ്യക്തിത്വം സൂക്ഷിക്കുന്ന വാക്കുകൾ പങ്കുവെക്കുകയും ചെയ്യുന്നു"വെന്ന ലേഖകന്റെ നിരീക്ഷണം ഏറെ പ്രസക്തമായ വർത്തമാനകാല സന്ദർഭത്തിൽ പുതിയൊരു "ആൾക്കൂട്ട" വായന അനിവാര്യമായ ഒരു സാംസ്കാരിക പ്രവർത്തികൂടിയായി മാറുന്നുണ്ട്. മഹാമാരിയുടെ പുതിയ പ്രതിസന്ധികൾ സ്വത്വ സംരക്ഷണനായി പോരാടുന്ന, വേരുകളിലേക് മടങ്ങാനുള്ള, മനുഷ്യ ത്വരകൾ എന്നെത്തേയും ചിത്രമാണെന്ന് കൂടി ആവർത്തിച്ചു ബോധ്യപ്പെടുത്തുന്നുണ്ട്...
Think
Nov 30, 2020
3 Minutes Watch
വി. വിജയകുമാര്‍
Oct 07, 2020
7 Minutes Read
വി. വിജയകുമാര്‍
Sep 26, 2020
7 Minutes Read
ആനന്ദ് / എന്‍. ഇ. സുധീര്‍
Jun 06, 2020
13 Minutes Read
Provind
28 May 2020, 05:48 PM
They have a place to come back.It took a half century to happen .