വാസ്തവവചനമായിത്തീര്‍ന്ന
ലെനിന്‍ രാജേന്ദ്രന്‍ സിനിമ
വാസ്തവവചനമായിത്തീര്‍ന്ന ലെനിന്‍ രാജേന്ദ്രന്‍ സിനിമ
ആള്‍ദൈവങ്ങളുടെ ലോകത്തെ ആസ്പദമാക്കി ഏറെ കച്ചവട സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ നിന്ന് വ്യത്യസ്തമായി ആള്‍ദൈവവ്യവസായത്തിന്റെ രാഷ്ട്രീയാന്തര്‍ഗതങ്ങള്‍ വിശകലനം ചെയ്യുന്ന സിനിമയാണ് ലെനിന്‍ രാജേന്ദ്രന്റെ ‘വചനം’. മേക്കിങ്ങില്‍ സംവിധായകന്‍ കാട്ടിയ മിതത്വവും യാഥാര്‍ത്ഥ്യബോധവും സംവിധായകന്റെ മറ്റു സിനിമകളില്‍ നിന്ന് വചനത്തെ ഉയര്‍ത്തി നിര്‍ത്തുന്നു. എൺപതുകളിലെയും തൊണ്ണൂറുകളിലെയും ശ്രദ്ധേയമായ മലയാള സിനിമകളെക്കുറിച്ചുള്ള പഠനപരമ്പര തുടരുന്നു.
13 Oct 2022, 10:19 AM
"ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു' (യോഹന്നാന്‍ 1.1 )
ലെനിന്‍ രാജേന്ദ്രന്റെ വചനം എന്ന സിനിമ ആരംഭിക്കുന്നത് വിഷ്ണുജിയെന്ന ആള്‍ദൈവത്തിന്റെ വചനത്തോടെയാണ്.
"തട്ടിപ്പറിക്കരുത്. തരുന്നത് വാങ്ങാന്‍ പഠിക്കുക. നിന്റെ പങ്ക് നിനക്ക് തന്നെ കിട്ടും'.
വ്യത്യസ്ത പ്രമേയങ്ങളുള്ള സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട് ലെനിന്‍ രാജേന്ദ്രന്‍. സംഗീത സാഹിത്യകാവ്യപരമായ ദൃശ്യധാരകള്‍ ആ സിനിമകളില്‍ പടര്‍ന്നു. ലെനിന്‍ രാജേന്ദ്രന്‍ സിനിമകളില്‍ ഏറ്റവും പ്രാധാന്യമുള്ള ആവിഷ്‌കാരമാണ് വചനം എന്ന സിനിമ. കൂട്ടത്തില്‍ ഏറെ വ്യത്യസ്തമായതും രാഷ്ട്രീയമായി പ്രസക്തമായതെന്ന് പിന്നീട് തെളിയിക്കപ്പെട്ടതും. ആശ്രമങ്ങളേയും ആള്‍ദൈവങ്ങളേയും കുറിച്ച് ഗൗരവമുള്ള ഒരു ചലച്ചിത്രം എടുക്കുക എന്ന ധീരതയ്ക്ക് 1989 ലാണ് ലെനിന്‍ രാജേന്ദ്രന്‍ തയാറായത്.
ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നതിന്റെ സമീപഭൂതകാലം. ആള്‍ദൈവങ്ങളും ദൈവത്തിന്റെ ആളുകളും ഹിന്ദുത്വശക്തികളുടെ നേതൃത്വത്തില്‍ രഥയാത്രകളും വിദ്വേഷപ്രചാരണങ്ങളും ഇന്ത്യ മുഴുവന്‍ വ്യാപകമാക്കിയ കാലമായിരുന്നു അത്. ദൃശ്യബിംബങ്ങളുടെ തെരഞ്ഞെടുപ്പിലും വിന്യാസത്തിലും പുലര്‍ത്തുന്ന ജാഗ്രത ലെനിന്‍ രാജേന്ദ്രന്റെ സവിശേഷതയാണ്. രാഷ്ട്രീയാന്തര്‍ഗതങ്ങളുള്ള ഈ സിനിമയുടെ സ്വഭാവത്തിനനുസരിച്ചുള്ള സവിശേഷമായ ദൃശ്യപരിചരണത്തിലൂടെ തന്റെ കൈയൊപ്പ് സംവിധായകന്‍ പതിപ്പിച്ചതായി കാണാം. പുരോഗമനവീക്ഷണങ്ങളുടെ ഉയിര്‍പ്പുകള്‍ കൃത്യമായി അടയാളപ്പെട്ട ലെനിന്‍ രാജേന്ദ്രന്‍ സിനിമയാണ് വചനം.
കോരിച്ചൊരിയുന്ന രാത്രിമഴയില്‍ രവി (സുരേഷ് ഗോപി) ഒരു കൂട്ടം ആളുകളാല്‍ ആക്രമിക്കപ്പെടുന്ന രംഗത്തോടെയാണ് ചിത്രത്തിന്റെ ആരംഭം. ആക്രമിക്കപ്പെട്ട് ബോധരഹിതനായി വഴിയില്‍ കിടക്കുന്ന രവിയെ അതുവഴി ബുള്ളറ്റില്‍ വരുന്ന സുഹൃത്ത് ഗോപന്‍ (ജയറാം) കാണുന്നു. അക്രമികള്‍ കാറില്‍ കയറി ഓടിമറയുന്നതിനും ഗോപന്‍ സാക്ഷിയാണ്. പൊലീസിനൊപ്പം സംഭവസ്ഥലത്ത് എത്തുമ്പോള്‍ അവിടെ രവിയെ കാണാനില്ലായിരുന്നു. അതോടെ ഗോപന്‍ പൊലീസിന്റെ സംശയത്തിലാകുന്നു. രവിയും ഗോപനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെ കഥ കുറച്ചു പുറകോട്ടു പോകുന്നു.
ഫ്ലാഷ് ബാക്ക് വിഷ്ണുജിയെ (ചാരുഹാസന്‍) കാണാനെത്തുന്ന രവിയില്‍ തുടങ്ങി ശാന്തിഗിരി ആശ്രമത്തെ പിന്തുടരുന്നു. ഗോപന്‍ ശാന്തിഗിരി ആശ്രമത്തില്‍ ഗവേഷണത്തിനായി എത്തുന്നതോടെ ആശ്രമത്തിന്റെ നടത്തിപ്പും പ്രവര്‍ത്തനങ്ങളും അവതീര്‍ണ്ണമാവുന്നു. വിദേശികളുടെ അടക്കം സാമ്പത്തിക സഹായത്താല്‍ നടത്തപ്പെടുന്ന ആത്മീയസ്ഥാപനമാണ് ശാന്തിഗിരി. നിഷ്‌കളങ്കനായ രവി, വിഷ്ണുജിയെ ഏറെ ആരാധനയോടെയും ആദരവോടെയും കാണുമ്പോള്‍ ഗോപന്‍ വിഷ്ണുജിയില്‍ ഒരു വഞ്ചകന്റെ മുഖമാണ് ദര്‍ശിക്കുന്നത്.
വിഷ്ണുജിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് മായ (സിതാര). രവിയും ഗോപനും അവളെ പരിചയപ്പെടുകയും അവര്‍ മൂവരും സുഹൃത്തുക്കളായിത്തീരുകയും ചെയ്യുന്നു. രവിയും മായയും പരസ്പരം അടുക്കുന്നു. ഇരുവരും തമ്മിലുള്ള സ്‌നേഹം പരസ്പരം വെളിപ്പെടുത്താന്‍ ഗോപനാണ് ഇരുവരേയും സഹായിക്കുന്നത്. ശാന്തിഗിരി സന്ദര്‍ശിക്കുന്ന ആര്യാശ്രമത്തിന്റെ അധിപയായ ആര്യാദേവി (ശ്രീവിദ്യ) രവിയെ ആര്യാശ്രമത്തിലേയ്ക്ക് താത്കാലികമായി കൊണ്ടുപോകുന്നു. അവിടെയായിരുന്നു രവിയുടെ ബാല്യകാലം. (രവി ഇവരുടെ മകനാണെന്ന സത്യം അവസാനഘട്ടത്തില്‍ വെളിപ്പെടുന്നുമുണ്ട്). വിഷ്ണുജിയുമായി നേരത്തെ ബന്ധമുള്ള വ്യക്തിയാണ് ആര്യാദേവി. ആശ്രമം തുടങ്ങുന്നതിനായി വിദേശികളില്‍ നിന്ന് പണം ലഭിക്കാന്‍ തന്നെ ഇരയാക്കി എന്ന് വിഷ്ണുജിയെ കുറിച്ച് അവര്‍ ആരോപിക്കുന്നു.
വീണ്ടും വര്‍ത്തമാനകാലത്തിലേക്ക് വരുന്നതോടെ രവിയെ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമം മുമ്പോട്ട് പോകുന്നു. തന്റെ ശിഷ്യനായ രവിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വിഷ്ണുജി ആശ്രമത്തിന്റെ മുന്‍പില്‍ നിരാഹാരം അനുഷ്ഠിക്കുന്നു. ഇതിനിടയില്‍ രവിയെ പലരും പലയിടത്തും കണ്ടെത്തിയതായി വ്യാജ വിവരങ്ങള്‍ പൊലീസിനു ലഭിക്കുന്നു. രവിയെ കാണാതായ കേസ് അന്വേഷിക്കുന്ന പൊലീസ് സൂപ്രണ്ട് (തിലകന്‍) നിരവധി അന്വേഷണങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും ശേഷം, രവിയുടെ കൊലപാതകിയെ തിരിച്ചറിയുന്നു. അതീവ സ്വഭാവികതയോടെ ചിത്രീകരിച്ചിട്ടുള്ള ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിന്റെ സ്വഭാവം ഈ രംഗങ്ങളില്‍ ചിത്രം ആര്‍ജിക്കുന്നു. സാമ്പത്തികനേട്ടത്തിനുവേണ്ടി ആശ്രമാധികാരികള്‍ നടത്തുന്ന വഴിവിട്ടുള്ള പ്രവൃത്തികളെപ്പറ്റി രവിയ്ക്കറിവുണ്ടായിരുന്നു എന്നു വെളിപ്പെടുന്നു. ആശ്രമത്തിന്റെ മറവില്‍ നടക്കുന്ന വേശ്യാവൃത്തി ഉള്‍പ്പെടെയുള്ള പല ആശാസ്യമല്ലാത്ത കാര്യങ്ങളും രവി അറിഞ്ഞിട്ടുണ്ടായിരുന്നു. അതൊക്കെ സമൂഹത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് രവി വിഷ്ണുജിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് ഓഫീസര്‍ മനസ്സിലാക്കുന്നു.
സത്യാവസ്ഥ അറിയാന്‍ ശ്രമം നടത്തുന്ന ഗോപനെ വിഷ്ണുജിയുടെ ഗുണ്ടകള്‍ അക്രമിക്കുന്നു. രവിയെ കൊലപ്പെടുത്തിയതിനെപ്പറ്റി മായയുടെ അച്ഛന്‍ രാഘവനോട്(ബാബു നമ്പൂതിരി) വിഷ്ണുജി പറയുന്നത് കേട്ട കാര്യം മായ പൊലീസിനു മുന്നില്‍ വെളിപ്പെടുത്തുന്നു. ഇതോടെ വിഷ്ണുജി അറസ്റ്റു ചെയ്യപ്പെടുന്നു. പക്ഷേ അദ്ദേഹത്തിന്റെ വക്കീല്‍ (നെടുമുടി വേണു) കോടതിയില്‍, രവി ജീവിച്ചിരിക്കുന്നതായും അദ്ദേഹം എവിടെയോ ഒളിവിലാണെന്നും രവിയുടെ സുഹൃത്ത് ഗോപന്‍ ഒരു മാനസിക രോഗിയായതിനാല്‍ അദ്ദേഹം പറയുന്നത് വിശ്വസിക്കാനാകില്ല എന്നും കോടതിയില്‍ വാദിച്ചു സമര്‍ഥിക്കുകയും കോടതി വിഷ്ണുജിയെ വെറുതെ വിടുകയും ചെയ്യുന്നു. വിഷ്ണുജിക്ക് അനുയായികള്‍ വീരോചിത വരവേല്‍പ്പ് നല്‍കുന്നു.
നീതിന്യായ സംവിധാനത്തോട് അതൃപ്തി തോന്നിയ ഗോപന്‍ ഒരു പദ്ധതി തയാറാക്കി വിഷ്ണുജിയെ വധിക്കുന്നു. വിഷ്ണുജിയെ വധിച്ചത് രവിയാണെന്നുള്ള വ്യാജ തെളിവുണ്ടാക്കുന്നു അദ്ദേഹം. മാനസിക രോഗിയായതിനാലും മതിയായ തെളിവില്ലാത്തതിനാലും ഗോപനെ കോടതി വെറുതെവിടുകയും രവിയെ കണ്ടെത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടുകൊണ്ട് ഉത്തരവിടുകയും ചെയ്യുന്നു.
ആൾദൈവങ്ങളുടെ ദുരൂഹലോകങ്ങൾ
ആള്‍ദൈവങ്ങളുടെ ലോകത്തെ ആസ്പദമാക്കി ഏറെ കച്ചവട സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ നിന്ന് വ്യത്യസ്തമായി ആള്‍ദൈവവ്യവസായത്തിന്റെ രാഷ്ട്രീയാന്തര്‍ഗതങ്ങള്‍ വിശകലനം ചെയ്യുന്ന സിനിമയാണ് ലെനിന്‍ രാജേന്ദ്രന്റെ വചനം. മേക്കിങ്ങില്‍ സംവിധായകന്‍ കാട്ടിയ മിതത്വവും യാഥാര്‍ത്ഥ്യബോധവും സംവിധായകന്റെ മറ്റു സിനിമകളില്‍ നിന്ന് വചനത്തെ ഉയര്‍ത്തി നിര്‍ത്തുന്നു.
ചാരുഹാസന്‍ അവതരിപ്പിക്കുന്ന വിഷ്ണുജി എന്ന കഥാപാത്രം കേവലം ഒരു വില്ലനായല്ല സിനിമയില്‍ പ്രത്യക്ഷമാകുന്നത്. ഭക്തജനങ്ങളുടെ ആദരവ് പിടിച്ചുപറ്റുന്ന ഒരു മനുഷ്യ കാരുണ്യ പ്രവര്‍ത്തകനാണദ്ദേഹം. അദ്ദേഹത്തിന്റെ ആശ്രമം സേവനോത്സുകരായ യുവാക്കളെ ആകര്‍ഷിക്കും വിധം സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളതാണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന്റെ പൂര്‍വ്വാശ്രമമുള്ളയാളാണ് വിഷ്ണുജി. ഈ ഒരു പരാമര്‍ശത്തോടെയുള്ള കഥാപാത്രസൃഷ്ടി ഏറെ സംസാരിക്കുന്നുണ്ട്. സ്വാതന്ത്ര്യ സമരത്തിന്റെ നിര്‍ണായകമായ ഒരു ഘട്ടത്തില്‍ പിന്‍വലിഞ്ഞ് ആത്മീയ വ്യവസായത്തിലേക്ക് തിരിഞ്ഞ ഒരാളുടെ പ്രവൃത്തി സാമൂഹ്യശാസ്ത്രപരവും രാഷ്ട്രീയവുമായ അപഗ്രഥനം അര്‍ഹിക്കുന്നുണ്ട്. ദേശീയ വിമോചന സമരം പകുതി വഴിയില്‍ നിര്‍ത്തല്‍ ഇന്ത്യയില്‍ സമരം നയിച്ച വര്‍ഗത്തിന്റെ വര്‍ഗ്ഗപരമായ പരിമിതിയുടെ സൂചനയാണ്. ഇന്ത്യയില്‍ അതിനേറെ ദൃഷ്ടാന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. പില്‍ക്കാലത്ത് ആത്മീയസ്ഥാപനങ്ങളും ആത്മീയ കച്ചവട സ്ഥാപനങ്ങളും ആരംഭിച്ച പലരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.
സൗമ്യനായി കാണപ്പെടുന്ന വിഷ്ണുജിയുടെ കണ്ണില്‍ ക്രൗര്യത്തിന്റേയും അയാളുടെ പ്രവൃത്തികളില്‍ കൂട്ടിക്കൊടുക്കലിന്റേയും അംശങ്ങള്‍ സ്വാനുഭാവത്തിലൂടെയാണ് രവി തിരിച്ചറിയുന്നത്. വിഷ്ണുജിയെക്കുറിച്ച് മനസില്‍ കൊണ്ടു നടന്ന ബിംബം തകര്‍ന്നടിയുന്ന വേളയില്‍ "വിഷ്ണുജി കള്ളനാണ്, കള്ളന്‍ കള്ളന്‍... ' എന്നലറുന്ന രവിയെയാണ് നാം കാണുന്നത്. നിരാശയുടേയും നിസ്സഹായതയുടേയും പരകോടിയില്‍ ആശ്രമ മുറ്റത്ത് ആ കെട്ടിടത്തിന് അഭിമുഖമായി നിന്ന് ഉറക്കെ ആ വാക്കുകള്‍ ഉരിയാടുമ്പോള്‍ രവി തന്നെത്തന്നെ വേദനയോടെ തിരുത്തുകയാണ്. അത് അയാളെ സംബന്ധിച്ചിടത്തോളം വലിയ പിടച്ചിലാണ്. ആത്മീയ വ്യവസായസ്ഥാപനങ്ങളുടെ നൃശംസതകള്‍ പ്രേക്ഷകര്‍ക്ക് ഉള്ളില്‍ തട്ടും വിധം ബോധ്യപ്പെടുന്ന നിമിഷം കൂടിയാണത്. അത് താനകപ്പെട്ട കുരുക്കിന്റെ കാഠിന്യങ്ങള്‍ക്കകത്ത് നിന്ന് അയാള്‍ നടത്തുന്ന കുമ്പസാരം കൂടിയായി അനുഭവപ്പെടുന്നുണ്ട്. അത്തരമൊരു തിരിച്ചറിവിന്റെ നിമിഷം സമര്‍ഥനായ വിഷ്ണുജി ഒരു പക്ഷേ, നേരത്തെ പ്രതീക്ഷിച്ചതുമാണ്. അതുകൊണ്ടു തന്നെ രവിയടക്കം എല്ലാവരും വിഷ്ണുജിയുടെ റഡാറിനകത്തായിരുന്നു. ഇന്ന് ആധുനിക ഭരണകൂടത്തിന്റെ സര്‍വൈലന്‍സിനകത്ത് ജീവിക്കുന്ന നാം ഇന്ത്യക്കാര്‍ക്ക് അത് കൂടുതല്‍ മനസ്സിലാകും. ആ വീര്‍പ്പുമുട്ടലിനും ഇന്ത്യന്‍ ജനതയുടെ പിടച്ചിലുകള്‍ക്കും സമാനതകളുണ്ട്.
ഭരണകൂടമായാലും സ്ഥാപനമായാലും മനുഷ്യവിരുദ്ധതയുടെ ദ്രംഷ്ടകളുമായി വേട്ടയാടലുകള്‍ നടത്തുമ്പോള്‍ സാധാരണ മനുഷ്യര്‍ നിസ്സഹായരാവും. അതു തീവ്രമായ പ്രതികരണങ്ങള്‍ ഉണ്ടാക്കും. അതിനെതിരെ ഒറ്റയാള്‍ പോരാട്ടങ്ങളിലേക്ക് കടക്കുന്ന ഒരാള്‍ മരണത്തിലേക്ക് നടന്നടുക്കുക കൂടിയാണ്. അത്തരക്കാരെ നിഷ്‌കാസനം ചെയ്യുന്നതിന് ഭരണകൂടത്തിന്, അതിന്റെ സ്ഥാപനങ്ങള്‍ക്ക് ആളെ കണ്ടെത്താന്‍ വിഷമമില്ല. ഇരകള്‍ക്കിടയില്‍ നിന്നുതന്നെ വേട്ടകള്‍ നടത്താന്‍ ആളുകളെ കണ്ടെത്തുന്നതിന് സമകാലിക ഇന്ത്യ ഉദാഹരണമാണല്ലോ. രവിയെ കൊല്ലാന്‍ വിഷ്ണുജി കണ്ടെത്തുന്നത് രവിയുടെ പ്രണയിനിയും തന്റെ സെക്രട്ടറിയുമായ മായയുടെ അച്ഛനെയാണ്. അയാളെ മുന്‍പ് സ്വാധീനം ഉപയോഗിച്ച് ശിക്ഷയില്‍ നിന്നും രക്ഷിച്ചെടുത്തതിനാല്‍ അയാള്‍ താന്‍ പറയുന്നതുപോലെ എന്തിനും തയാറാവും എന്നു വിഷ്ണുജിക്ക് ഉറപ്പാണ്. മനുഷ്യരെ വേട്ടയാടലുകള്‍ക്ക് ഉപയോഗപ്പെടുത്തുന്ന കരുനീക്കങ്ങള്‍ നടത്താന്‍ കെല്പുള്ളവരാണ് അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍. രാഷ്ട്രീയപാര്‍ട്ടികള്‍ അടക്കം എല്ലാ ഭരണകൂടസ്ഥാപനങ്ങളിലും അതു നടക്കുന്നു.
ആശ്രമത്തിന്റെ അകത്തളങ്ങൾ
രവിയുടേയും ഗോപന്റേയും കഥാപാത്രസൃഷ്ടിയില്‍ കാണിച്ച ഔചിത്യവും രാഷ്ട്രീയബോധവും സിനിമയെ പ്രസക്തമാക്കുന്ന ഒന്നായിത്തീരുന്നു. സിനിമ വന്ന കാലത്തെ രണ്ട് യുവനടന്‍മാരായ സുരേഷ്‌ഗോപിയും ജയറാമുമാണ് ആ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സേവനത്തോടുള്ള ആഗ്രഹങ്ങളോടെ ആശ്രമത്തില്‍ എത്തിച്ചേരുന്ന യുവാവാണ് രവി. അനാഥാലയത്തില്‍ വളര്‍ന്ന അയാള്‍ ആര്യാദേവിയുടെ മകനാണ് എന്ന് അവസാനഭാഗത്ത് വെളിപ്പെടുന്നുണ്ട്. ഉന്നതവിദ്യാഭ്യാസം നേടിയ ആളാണദ്ദേഹം. ആത്മീയസ്ഥാപനങ്ങളെ നിലനിര്‍ത്തിപ്പോരുന്നത് അവിടെയുള്ള അത്തരം യുവാക്കളാണ്. അവരില്‍ ഭൂരിപക്ഷവും രവിയെപ്പോലെ അതിനു പിന്നിലെ രാഷ്ട്രീയമോ കളികളോ മനസ്സിലാക്കാതെ വന്നുചേരുന്ന തലച്ചോറടിമകളാണ്. സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് രവിയ്ക്ക് ആശ്രമത്തിലെ തട്ടിപ്പുകള്‍ ബോധ്യപ്പെടുന്നത്. അതു പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിനിടയിലാണ് അയാള്‍ വധിക്കപ്പെടുന്നത്. ഇന്ന് വചനം എന്ന സിനിമ കാണുന്ന ഒരാളുടെ ഓര്‍മയിലേയ്ക്ക് സത്‌നാംസിംഗ് എന്ന യുവാവിന്റെ മരണം വന്നേക്കാം. സത്‌നാംസിംഗിന്റെ മരണം നടന്നത് 2012 ലായിരുന്നു. സിനിമ റിലീസ് ആയിട്ട് 22 വര്‍ഷങ്ങള്‍ക്കുശേഷം.
ഗോപനാകട്ടെ ആധുനികവീക്ഷണം വച്ചുപുലര്‍ത്തുന്ന അക്കാലത്തെ യുവത്വത്തിന്റെ പ്രതിനിധിയാണ്. സുഹൃത്തിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകള്‍ അറിയുന്ന സഹയാത്രികന്‍. പുരോഗമനവീക്ഷണം പുലര്‍ത്തുന്ന ഗോപന്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങളെ വിശകലനം ചെയ്യാന്‍ കഴിയുന്ന ആളാണ്. ജെ എന്‍ യു വില്‍ നിന്നും ഗവേഷണത്തിന്റെ ഭാഗമായാണ് അയാള്‍ ശാന്തിഗിരി ആശ്രമത്തിലെത്തുന്നത്. ഗോപന്റെ പിതാവ് ബാലനാരായണന്‍ വിഷ്ണുജിയോടൊപ്പം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ആളാണ്. എന്നാല്‍ വിഷ്ണുജിയെപ്പോലെ അതു വഴിക്കുവച്ച് നിര്‍ത്തിയ ആളല്ല. വിഷ്ണുജി സമരത്തില്‍ നിന്നും ഒളിച്ചോടി ആത്മീയതയിലേക്കും ആത്മീയകച്ചവടത്തിലേക്കും വഴിമാറിയപ്പോള്‍ ഗോപന്റെ പിതാവ് അതു തുടര്‍ന്ന ആളായിരുന്നു എന്ന സൂചനയാണ് സിനിമയിലുള്ളത്. ഇതു സിനിമയുടെ രാഷ്ട്രീയവായനയില്‍ അര്‍ത്ഥവത്തായ പ്രസ്താവനയായി എടുക്കാവുന്ന ഒന്നാണ്. ആ പൈതൃകത്തിന്റെ തുടര്‍ച്ച കൂടിയാണ് ഗോപന്റെ പുരോഗമന അവബോധത്തില്‍ ഉള്ളത്. ആശ്രമത്തില്‍ നടക്കുന്ന സേവനപ്രവര്‍ത്തനങ്ങളുടെ പിന്നിലുള്ള ചൂഷണവും കാപട്യവും രവിക്കുമുമ്പില്‍ അവതരിപ്പിക്കുന്നതും ഗോപന്‍ തന്നെയാണ്. തിരിച്ചറിവിന്റെ ഒരു തലം അയാളുടെ വ്യക്തിത്വത്തില്‍ ഉണ്ട്. ഗോപന്‍ അനവധി ശാന്തിപുരങ്ങള്‍ കണ്ടയാളാണ്. ആശ്രമപരിസരത്തിന്റെ ശാന്തതയെ ഭേദിച്ചുകൊണ്ടു കടന്നു വരുന്ന അയാളുടെ ബുള്ളറ്റ് ഒരു സൂചനയാണ്. വിഷ്ണുജിയ്ക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ട് അതിന്റെ ശബ്ദം. വിധേയത്വം ഉത്പാദിപ്പിക്കുന്ന ശാന്തിഗിരി ആശ്രമത്തിന്റെ അകങ്ങളില്‍ ചുണയുള്ള ഒരു സാന്നിധ്യമാവുകയായിരുന്നു തുറന്ന മനഃസ്ഥിതിക്കുടമയായ ഗോപന്‍ എന്ന യുവാവ്.
ആൾദൈവം എന്ന ദല്ലാൾ
വിഷ്ണുജിയെന്ന ആശ്രമാധിപന്‍ ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞ ഒരു കഥാപാത്രമാണ്. സ്വയം വഞ്ചിക്കുന്നതിന്റെ വലിയ സംഘര്‍ഷം ഉള്ളിലൊതുക്കുന്നുണ്ട് ഈ ആള്‍ദൈവം. സമരതീക്ഷ്ണമായ ഒരു ഭൂതകാലമാണ് അദ്ദേഹത്തിനുള്ളത്. സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ആള്‍. താമ്രപത്രം നിരസിക്കുകയും പത്മഭൂഷന്‍ വേണ്ടെന്നു വയ്ക്കുകയും ചെയ്ത ത്യാഗി. ചര്‍ക്കയോട് ഇപ്പോഴും ആഭിമുഖ്യം കാണിക്കുന്ന ലളിതജീവിതത്തിനുടമ. അതു അയാളിലെ ഒളിച്ചോട്ടവ്യഗ്രതയെ സൂചിപ്പിക്കുന്നത് കൂടിയാണ്. ആരും എന്നെ മനസിലാക്കുന്നില്ല എന്ന് വിഷ്ണുജി പറയുന്നുണ്ട്. എന്നാല്‍ അയാളിലെ അധികാരോന്മുഖത്വവും കീഴടങ്ങല്‍ മനോഭാവവും ദല്ലാളത്തത്തിലേയ്ക്ക് അയാളെ നയിക്കുന്നു. സായിപ്പിന് അവര്‍ക്കു വേണ്ടതായ ഭക്ഷണവും വിഭവങ്ങളും പാവനമായ ആശ്രമത്തിനകത്തുതന്നെ ഒരുക്കുന്നത്ര ഉദാരവീക്ഷണം പ്രകടിപ്പിക്കുന്ന ആള്‍ദൈവം തന്റെ അന്തേവാസികളോട് കാര്‍ക്കശ്യം കാണിക്കുന്നു. കാശു തരുന്ന സായിപ്പിന് പെണ്‍ അന്തേവാസികളെ കൂട്ടിക്കെടുക്കുന്നതിലേയ്ക്ക് അയാളുടെ മനസ്സ് ജീര്‍ണമാകുന്നു. അയാള്‍ നടത്തിയ രാഷ്ട്രീയമായ കീഴടങ്ങലിന്റെ തുടര്‍ച്ചയായി സംഭവിക്കുന്നതാണ് ഈ ജീര്‍ണതയൊക്കെയും. ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ ദല്ലാള്‍ സ്വഭാവവും സാമ്രാജ്യത്തത്തോടുള്ള സമരസപ്പെടലും ഇതിനോടു ചേര്‍ത്തു വായിക്കാവുന്നതാണ്. അഹിംസയിലധിഷ്ഠിതമെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് വിഷ്ണുജിയുടെ ബാഹ്യമായ എല്ലാ പെരുമാറ്റങ്ങളും വിനിമയങ്ങളും. അതുകൊണ്ടാണ് വിഷ്ണുജിയുടെ കണ്ണുകളില്‍ ദയയും അനുകമ്പയും ആണുള്ളതെന്ന് രവി ഗോപനോടു പറയുന്നത്. നായക കഥാപാത്രങ്ങളെ അവതരിപ്പിക്കാറുള്ള പ്രശസ്ത തെന്നിന്ത്യന്‍ അഭിനേതാവായ ചാരുഹാസനെ ഉള്ളില്‍ വില്ലത്തമുള്ള ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തെരഞ്ഞടുത്തതിലൂടെ വലിയ ഔചിത്യമാണ് സംവിധായകന്‍ പ്രകടിപ്പിച്ചതു എന്നു കാണാം.
സിനിമയിലെ രണ്ട് സ്ത്രീകഥാപാത്രങ്ങളും പുരുഷലോകത്തിന്റേയും സ്ഥാപനങ്ങളുടേയും ചൂഷണത്തിന് വിധേയരായി തങ്ങളുടേതായ ജീവിതം സാധ്യമാക്കാന്‍ കഴിയാത്തവരാണ്. ആര്യാദേവി എന്ന ആര്യാശ്രമത്തിന്റെ മേധാവിയും മായ എന്ന വിഷ്ണുജിയുടെ പ്രൈവറ്റ് സെക്രട്ടറിയും. ആര്യാദേവി എന്ന കഥാപാത്രം സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. ഉള്ളിലെ സ്ത്രീയെ മറച്ചുവച്ച് ദേവിയായി വേഷമിട്ട് ജീവിക്കാന്‍ വിധിക്കപ്പെട്ടവള്‍. യൗവനത്തില്‍ വിഷ്ണുജിയാല്‍ വഞ്ചിക്കപ്പെട്ടു നിസ്സഹായയായി മറ്റൊരു ആശ്രമത്തിലേയ്ക്ക് നയിക്കപ്പെട്ടവള്‍. മകന്‍ തന്റെ കൂടെ ആശ്രമത്തില്‍ ഉണ്ടായിട്ടും അമ്മയെന്ന രീതിയില്‍ ജീവിക്കാന്‍ കഴിയാതെ വന്ന ഹതഭാഗ്യ. ഒരു ആശ്രമത്തിന്റെ മേധാവിയായി ആള്‍ദൈവത്തിന്റെ പരിവേഷത്തില്‍ ജീവിക്കുന്ന ഒരു സ്ത്രീയ്ക്കുപോലും ചതിക്കപ്പെട്ടതിന്റേയും പീഡിപ്പിക്കപ്പെട്ടതിന്റേയും ചരിത്രമാണുള്ളത് എന്ന് ആര്യദേവിയുടെ അവസ്ഥ സൂചിപ്പിക്കുന്നു. ദേവിയായിരിക്കുമ്പോഴും അവരനുഭവിക്കുന്ന ഏകാന്തത അനുഭവഭേദ്യമാക്കാന്‍ ശ്രീവിദ്യയുടെ ആര്യാദേവിയ്ക്ക് കഴിയുന്നുണ്ട്.
സ്ത്രീയുടെ നിസ്സഹായതകൾ
മായയുടെ നിസ്സഹായാവസ്ഥയും സിനിമയില്‍ വളരെ യഥാതഥമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. മദ്യപാനിയായ അച്ഛന്‍ രാഘവനു കീഴില്‍ കുടുംബം പോറ്റാന്‍ നിര്‍ബന്ധിതമായ വീട്ടിലെ മൂത്ത മകളാണ് മായ. രവിയെ കൊല്ലാന്‍ വിഷ്ണുജി നിയോഗിക്കുന്നത് രാഘവനെയാണ്. കൊലക്കയറില്‍ നിന്ന് തന്നെ രക്ഷിച്ച ദൈവമായാണ് വിഷ്ണുജിയെ ഗുണ്ടയായ അയാള്‍ കാണുന്നത്. എല്ലാം കണ്ടും കേട്ടും വിഷ്ണുജിയുടെ ആശ്രമത്തില്‍ അവള്‍ ജോലി ചെയ്യുന്നത് തന്റെ കുടുംബത്തെ പട്ടിണിയില്‍ നിന്ന് കരകയറ്റാന്‍ വേണ്ടിയാണ്. പുറത്ത് സന്തോഷം വരുത്തി ജോലി ചെയ്യാന്‍ നിര്‍ബന്ധിതയായ മായ ഉള്ളില്‍ സങ്കടക്കടല്‍ പേറുന്നവളാണ്. വീട്ടിലെ ദാരിദ്ര്യത്തിന്റെ സമ്മര്‍ദ്ദത്താല്‍ വീണ്ടും ആശ്രമം എന്ന അധികാരസ്ഥാപനത്തില്‍ മായ തിരിച്ചെത്തുന്ന ദൃശ്യം അര്‍ത്ഥവത്തായി ലെനിന്‍ രാജേന്ദ്രന്‍ ചിത്രീകരിച്ചിട്ടുണ്ട്. മായയുടെ മുഴുവന്‍ ദൈന്യതയും നിരാശയും നിസ്സഹായാവസ്ഥയും സങ്കടവും മുകളില്‍ നിന്നെടുത്ത ആ ഷോട്ടിലുണ്ട്. സ്ഥാപനങ്ങളുടെ മനുഷ്യവിരുദ്ധതയോട് ഏറ്റുമുട്ടുന്നവരുടെ യാതന ആ ഷോട്ടില്‍ ആഴത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. മായ വരുമെന്ന് എനിക്കറിയാമായിരുന്നു എന്ന വിഷ്ണുജി വചനത്തോടെ അതു പൂര്‍ണമാകുന്നു.
തിലകനാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി തോമസ് മാത്യുവിനെ അവതരിപ്പിച്ചത്. കഥാപാത്രത്തിന്റെ രൂപകല്‍പന ആവശ്യപ്പെടുന്ന മിതത്വം അവതരണത്തില്‍ പുലര്‍ത്താന്‍ തിലകനു കഴിഞ്ഞിട്ടുണ്ട്. പൊലീസന്വേഷണത്തിന്റെ കച്ചവടോന്മുഖമായ അവതരണത്തിന്റെ ശൈലിയില്‍ നിന്നും മാറി വളരെ റിയലിസ്റ്റിക്കായാണ് അന്വേഷണത്തിന്റെ സീനുകള്‍ ഒരുക്കിയിട്ടുള്ളത് എന്നു കാണാം. കൊലപാതകം നടന്നത് വിഷ്ണുജിയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് പരുക്കനായ പോലീസ് ഓഫീസര്‍ കണ്ടെത്തുന്നു. ഗോപനെ കുടുക്കാനുള്ള വ്യാജതെളിവുകള്‍ ഉണ്ടാക്കപ്പെട്ടിരുന്നെങ്കിലും കൃത്യമായ നിഗമനത്തിലേക്ക് അന്വേഷണത്തെ നയിക്കാന്‍ പൊലീസ് സുപ്രണ്ടിന്റെ ടീമിന് കഴിയുന്നു. കൊലപാതകം ആസൂത്രണം ചെയ്ത വിഷ്ണുജിക്കുവേണ്ടി കോടതിയില്‍ വക്കീലായി വരുന്ന നെടുമുടി വേണുവും അക്കാലത്തുതന്നെ മുഖ്യധാരയിലുള്ള നടനാണ്. സത്യം കോടതിയില്‍ കൊലചെയ്യപ്പെടുന്നു. പൊലീസ് ഓഫീസര്‍ നിസ്സഹായനാവുന്നു. എന്നാല്‍ ഗോപന്‍ രവിയ്ക്ക് കിട്ടാത്ത നീതി വിഷ്ണുജിയ്ക്കും ലഭിക്കരുതെന്ന് ഉറപ്പിച്ച് അയാളെ ഇല്ലാതാക്കുന്നു. അതിനയാള്‍ക്ക് ധാര്‍മികമായി അവകാശമുണ്ടെന്ന് അയാള്‍ കരുതുന്നു. അതു ശരിയായില്ലെന്നു പറയുന്ന പൊലസ് ഓഫീസറോട് നിയമത്തിന്റെ പഴുതുകള്‍ തനിക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കുമെന്ന് പറയുന്നു. നീതി കിട്ടാതെ വരുമ്പോള്‍ നിയമം കയ്യിലെടുക്കേണ്ടിവരുന്ന മനുഷ്യരുടെ എതിര്‍വചനമാണത്. സത്യമേവ ജയതേ എന്ന വാക്യം കാണിച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.
1981- ല്‍ ഇറങ്ങിയ വേനല്‍ മുതല്‍ 2016- ലെ ഇടവപ്പാതി വരെ 15 സിനിമകളാണ് ലെനിന്‍ രാജേന്ദ്രന്‍ സാക്ഷാത്കരിച്ചത്. വചനം എന്ന സിനിമ ടിറ്റി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ 1989 ലാണ് ഇറങ്ങിയത്. കഥയും തിരക്കഥയും സംവിധായകന്റേതുതന്നെ ആയിരുന്നു. നിര്‍മാണം ജയന്‍ ടിറ്റി ജോര്‍ജ്. സംഗീതം മോഹന്‍ സിത്താര. ഒ.എന്‍.വി രചിച്ച "നീര്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി...' എന്ന കവിത തുളുമ്പുന്ന യേശുദാസ് ആലപിച്ച് ഗാനം മനോഹരമായ സീനുകളോടെ സിനിമയില്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. മധു അമ്പാട്ട് ആണ് ഛായാഗ്രഹണം. ശ്രീപ്രകാശ് സഹസംവിധായകന്‍. എഡിറ്റിംഗ് വി.ആര്‍. കെ. പ്രസാദ്.
അശോകന്‍ ചരുവില്‍
Jan 17, 2023
3 Minute Read
വി.കെ. ബാബു
Jan 07, 2023
8 minutes read
വി.കെ. ബാബു
Dec 17, 2022
10 Minutes Read
ബിനോയ് വിശ്വം
Dec 02, 2022
49 Minutes Watch
വി.കെ. ബാബു
Nov 23, 2022
6 Minutes Read