സ്വദേശാഭിമാനിയും മലയാളി മുസ്‌ലിം നവോത്ഥാനത്തിന്റെ ജാതിയും

രുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് തിരുവിതാംകൂറിൽ പൊതുവിദ്യാലയങ്ങളിൽ സർവ്വജനവിഭാഗങ്ങൾക്കും പ്രവേശനം നൽകാനുള്ള പ്രക്ഷോഭങ്ങളും നിയമനിർമാണങ്ങളും നടക്കുന്നത്. മഹാത്മാ അയ്യങ്കാളി 1907ൽ സാധുജന പരിപാലന സംഘം രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചത് വിദ്യാഭ്യാസത്തിന്റെ സാർവത്രികവത്കരണത്തിനായുള്ള ശ്രമങ്ങൾക്ക് കരുത്തുപകർന്നു. വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ള സമരങ്ങൾ ശക്തമായതോടെ, സവർണ്ണ ജാതികൾക്കെന്ന പോലെ അവർണ്ണർക്കും പള്ളിക്കൂടങ്ങളിൽ പ്രവേശനം നൽകണമെന്ന ആവശ്യം തിരുവിതാംകൂർ രാജാവിനും ദിവാനും അംഗീകരിക്കേണ്ടി വന്നു. കേരളത്തിന്റെ ആധുനികവത്കരണ പ്രക്രിയക്ക് ആക്കം കൂട്ടിയ സുപ്രധാന ചുവടുവെപ്പായി ഈ തീരുമാനം മാറി.

മഹാത്മാ അയ്യങ്കാളി

പക്ഷെ, ഉന്നതകുലജാതരായ ജന്മിമാരുടെ നിയന്ത്രണത്തിലായിരുന്നു തിരുവിതാംകൂറിലെ ഭൂരിഭാഗം സ്‌കൂളുകളും. രാജാവിന്റെയും ദിവാന്റെയും ഉത്തരവുകൾ സ്വാഭാവികമായും അവരെ പ്രകോപിപ്പിച്ചു. ദളിത് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാൻ ജാതിഭ്രമം തലക്കുപിടിച്ച സ്‌കൂൾ നടത്തിപ്പുകാർ വിസമ്മതിച്ചു. ചെറുമർ, കുറവർ, പറയ-പുലയ വിഭാഗങ്ങളിൽ പെട്ടവരെ തല്ലുക, അവരുടെ കുടിലുകൾ അഗ്‌നിക്കിരയാക്കുക, ജംഗമ വസ്തുക്കൾ അപഹരിക്കുക, സ്ത്രീകളെ കയ്യേറ്റം നടത്തുക തുടങ്ങിയ മർദനോപാദികകളിലൂടെയാണ് അവർണരുടെ മൗലിക അവകാശ സംരംക്ഷണ പോരാട്ടങ്ങളെ മേൽജാതിക്കാർ നേരിട്ടത്.

അക്കൂട്ടത്തിൽ ഹൃദയഭേദകമായ ഒരു സംഭവമായിരുന്നു പറയ ക്രിസ്ത്യാനികളിൽ പെട്ട അന്നാൾ എന്ന പെൺകുട്ടിയെ വീട്ടിൽ കയറി സ്‌കൂൾ പ്രവേശനത്തിന്റെ പേരിൽ മാതാപിതാക്കൾ നോക്കിനിൽക്കെ കൂട്ടബലാത്സംഘത്തിന് വിധേയമാക്കിയത്. തുല്യതക്കു വേണ്ടിയുളള അടിമ സമൂഹങ്ങളുടെ ആ സമര ചരിത്രത്തെ വീണ്ടെടുക്കുന്ന (സനൽ പി. മോഹന്റെ മോഡേർനിറ്റി ഓഫ് സ്ളേവറി ഉദാഹരണം) ധാരാളം പുതിയ പഠനങ്ങൾ വന്നു കൊണ്ടിരിക്കുന്നു.

സവർണ്ണരുടെ ഇത്തരം ഹിംസാത്മക നിലപാടുകൾക്ക് ഊർജ്ജം പകർന്ന ഒരു പത്ര ഉടമയും പത്രാധിപരുമുണ്ടായിരുന്നു തിരുവിതാംകൂറിൽ. വക്കം മൗലവിയുടെ ഉടമസ്ഥതയിൽ പ്രസിദ്ധീകരിച്ചിരുന്ന സ്വദേശാഭിമാനി പത്രവും അതിന്റെ പത്രാധിപരായ രാമകൃഷ്ണ പിള്ളയുമായിരുന്നു അത്. പക്ഷെ, പ്രതിലോമകരായ അത്തരം നീക്കങ്ങളുടെ വിശദശാംശങ്ങൾ കണ്ടെത്തുന്നതിനും വിശദീകരിക്കുന്നതിനും പകരം, മലയാള മാധ്യമപ്രവർത്തനത്തിന്റെ പൊതു ചരിത്രത്തിന്റെ മറവിൽ ഒളിപ്പിക്കുകയാണ് മുഖ്യധാരാ ചരിത്രകാരന്മാർ ചെയ്തുപോന്നത്.

അതിനു സഹായകമായി വർത്തിച്ചതാകട്ടെ മാധ്യമ സ്വാതന്ത്ര്യം എന്ന വാചാടോപതയും. ജാതീയമായ ഉച്ച നീചത്വങ്ങളും ശ്രേണീ ബന്ധങ്ങളും നിലനിൽക്കുന്ന സമൂഹങ്ങളിലെ മാധ്യമ ചരിത്ര രചനയെ കുറിച്ചുള്ള രീതിശാസ്ത്രപരമായ ചില അടിസ്ഥാന ചോദ്യങ്ങൾ സ്വദേശാഭിമാനിയെ മുൻനിർത്തിയുള്ള പുതിയ ചരിത്രാന്വേഷണങ്ങൾ ഉയർത്തുന്നുണ്ട്. രീതിശാസ്ത്രപരമായി മർമ്മ പ്രാധാന്യമുള്ള അത്തരം ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ നമ്മുടെ മാധ്യമ ചരിത്ര പഠനങ്ങൾക്ക് മുന്നോട്ടു പോകാൻ കഴിയില്ല. പകരം ജാതീയമായ ഉച്ചനീചത്വങ്ങൾക്ക് പിന്തുണ നൽകി കേരളത്തെ പിന്നോട്ടുനയിക്കാൻ പ്രയത്‌നിച്ചവർ പിന്നീട് മലയാളത്തിൽ വാഴ്ത്തപ്പെട്ടവരും നവോത്ഥാന നായകരുമായി മാറി.

1910 മാർച്ച് 2, 4, 7 തിയ്യതികളിലാണ് സ്വദേശാഭിമാനി ജാതിഭേദമന്യേ സർവ്വർക്കും സ്‌കൂൾ പ്രവേശനം അനുവദിച്ച ദിവാന്റെ ഉത്തരവിനെതിരെ തുടർ എഡിറ്റോറിയലുകളെഴുതിയത്. പത്രത്തിന്റെയും പത്രാധിപരുടെയും സവർണ്ണ ജാതീയ ബോധം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ആ എഴുത്തിലെ ഓരോ വരികളും. ഡോ ജയഫർ അലി ആലിച്ചെത്ത് "വക്കം മൗലവിയിലെ പ്രബുദ്ധതയെ സംശയത്തിലാക്കുന്ന ചില സ്വദേശാഭിമാനി വൈരുദ്ധ്യങ്ങൾ' തന്റെ ലേഖനത്തിൽ പരാമർശിച്ചതാണ് അവയിൽ ആദ്യത്തേത്. "കുതിരയേയും പോത്തിനേയും ഒരേ നുകത്തിൽ കെട്ടുകയാണ്' സാർവത്രിക വിദ്യാഭ്യാസത്തിലൂടെ രാജഭരണകൂടം ചെയ്യുന്നത് എന്നായിരുന്നു സ്വദേശാഭിമാനി മുഖപ്രസംഗത്തിൽ വിലയിരുത്തൽ. ദളിത്-സവർണ്ണ വിഭാഗങ്ങളിലെ കുട്ടികളെ ഒരുമിച്ചിരുത്തുന്നതിനെതിരെയുള്ള രണ്ടാമത്തെ എഡിറ്റോറിയലിൽ ഇങ്ങിനെ തുടരുന്നു: "നല്ലവണ്ണം ഉണങ്ങിയ വെടിമരുന്നിന്റെയും അതിനരികിൽ, പലതരത്തിൽ ഉണക്കു കുറഞ്ഞതും നനവുതട്ടിയതുമായ വെടിവരുന്നുകളേയും നിരത്തിവച്ച് എല്ലാറ്റിനേയും ഒരേ വാലിട്ട് ഒരേ അഗ്രത്തിൽ ചേർത്ത് ഈ അഗ്രസ്ഥാനത്ത് കൊള്ളിവയ്ക്കുന്നതുപോലെയായിരിക്കും''.

വക്കം മൗലവി

അവർണ്ണരോടുള്ള പത്രത്തിന്റെ വംശീയമായ എതിർപ്പ് ഘടനാപരമായിരുന്നുവെന്നു വ്യക്തമാക്കുന്നതാണ് മൂന്നാം ദിവസത്തെ മുഖപ്രസംഗം. "എത്രയോ ശതവർഷമായി നിലംകൃഷിയെ തൊഴിലാക്കിയും ഹിന്ദുക്കളിൽ പലർക്കും എന്നു മാത്രമല്ല, മറ്റു പല മതക്കാർക്കും ബീഭൽസ കുത്സിതമായ നടപടികൾ ആചരിച്ചും വന്നിരിക്കുന്നവരാണ്' പുലയനും പറയനും എന്നുമാണ് പത്രാധിപരുടെ വിശദീകരണം. ഇങ്ങിനെ "ബീഭൽസ കുത്സിതമായ നടപടികൾ ആചരിച്ചും വന്നിരിക്കുന്നവരെ' "കുതിരച്ചമ്മട്ടി കൊണ്ടടിക്കാൻ' ആഹ്വാനം നടത്തുകയും ചെയ്യുന്നുണ്ട്.

എന്നാൽ വർണ്ണവെറിക്ക് അനുകൂലമായ ഇത്തരം നിലപാടുകൾ സ്വീകരിച്ചത് രാമകൃഷ്ണപിള്ള മാത്രമാണെന്നും വക്കം മൗലവിക്ക് അതിൽ പങ്കില്ലെന്നും സ്ഥാപിക്കാനാണ് ഡോ ടി കെ ജാബിർ ട്രൂകോപ്പി തിങ്കിൽ എഴുതിയ ലേഖനത്തിലൂടെ ശ്രമിക്കുന്നത്. പക്ഷെ അദ്ദേഹത്തിന്റെ ഈ വാദങ്ങൾക്ക് ചരിത്ര വസ്തുതകളുടെ പിൻബലം ഇല്ല. എം മുഹമ്മദ് കണ്ണ്, ഡോ ടി ജമാൽ മുഹമ്മദ്, മുജീബുർ റഹ്‌മാൻ കിനാലൂർ തുടങ്ങിയവർ തയ്യാറാക്കിയ വക്കം മൗലവിയുടെ ജീവചരിത്രങ്ങൾ തന്നെ ടി കെ ജാബിറിന്റെ വാദങ്ങളെ റദ്ദ് ചെയ്യുന്നുണ്ട്. മുസ്ലിം നവോഥാനത്തിന്റെ തുടക്കക്കാരനായി കേരളത്തിലെ മുജാഹിദ് പ്രസ്ഥാനങ്ങൾ പരിഗണിച്ചു പോരുന്ന വക്കം മൗലവിയുടെ നവോഥാന പ്രവർത്തനങ്ങളിലെ പ്രധാനപ്പെട്ട ഘട്ടം എന്ന നിലക്കാണ് ഈ ജീവ ചരിത്ര ഗ്രന്ഥങ്ങൾ എല്ലാം തന്നെ സ്വദേശാഭിമാനിയുടെ പ്രവർത്തനത്തെയും വക്കം മൗലവിയും രാമകൃഷ്ണപിള്ളയുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദ ബന്ധത്തെയും ഇതുവരെയും അവതരിപ്പിച്ചു പോന്നത്. എന്നാൽ സ്വദേശാഭിമാനിയുടെ ഉള്ളടക്കത്തെ വിശകലനം ചെയ്തുകൊണ്ടുള്ള പുതിയ പഠനങ്ങൾ വെളിച്ചം കണ്ടു തുടങ്ങിയതോടെ, രാമകൃഷ്ണ പിള്ളയിൽ നിന്നും വക്കം മൗലവിയെ അടർത്തി മാറ്റി നിർത്താൻ നടക്കുന്ന ശ്രമത്തിന്റെ ഉദാഹരണമാണ് ടി കെ ജാബിറിന്റെ ലേഖനത്തിൽ മുഴച്ചു നിൽക്കുന്നത്. ഏച്ചുകൂട്ടൽ പോലെ മുഴച്ചു നിൽക്കുന്നതാണ് ചരിത്ര വസ്തുതകളുടെ പിൻബലമില്ലാത്ത ഈ പിരിയഴിക്കലും.

രാമകൃഷ്ണപിള്ളയുടെ കീഴാള വിരുദ്ധ നിലപാടുകൾ സ്വദേശാഭിമാനിയുടെ പ്രവർത്തന കാലത്തെ തിരുവിതാംകൂറിലെ ഏതെങ്കിലും പ്രത്യേക സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തിൽ രൂപപ്പെട്ടതല്ല എന്നതാണ് വാസ്തവം. പത്രപ്രവർത്തന രംഗത്തേക്കുള്ള അദ്ധേഹത്തിന്റെ കടന്നുവരവ് മുതൽ തന്നെ അത് പ്രകടമാണ്. അദ്ദേഹം സ്വന്തം നിലക്ക് പ്രസിദ്ധീകരിച്ചിരുന്ന കേരളൻ മാസികയിൽ എഴുതിയ ലേഖനങ്ങളിലും മനുഷ്യർ സമന്മാരല്ലെന്ന് സമർത്ഥിക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. അക്കാലത്തെ ശ്രദ്ധേയനായ പത്രപ്രവർത്തകൻ എന്ന നിലയിൽ രാമകൃഷ്ണൻ പിള്ളയുടെ ഇത്തരം നിലപാടുകൾ ആളുകൾക്കിടയിൽ വെളിപ്പെട്ടതും അക്കാലത്തെ ചർച്ചകളുടെ ഭാഗവും ആയിരുന്നു. അങ്ങിനെ നേരത്തേ തന്നെ തന്റെ ജാതി വാദങ്ങളെ സ്വയം വെളിപ്പെടുത്തിയ ഒരാളെയാണ് സ്വദേശാഭിമാനിയുടെ പത്രാധിപരായി വക്കം അബ്ദുൽ ഖാദിർ മൗലവി നിയമിക്കുന്നത്. രാമകൃഷ്ണ പിള്ളയുടെ നിയമനവുമായി ബന്ധപ്പെട്ട് വക്കം മൗലവിയുടെ ജീവചരിത്രകാരനായ ഡോ ടി ജമാൽ മുഹമ്മദ് നടത്തുന്ന വിലയിരുത്തലുകൾ ഈ നിരീക്ഷണത്തിനു അടിവരയിടുന്നുണ്ട്.

ഡോ ടി ജമാൽ മുഹമ്മദ്

"രാമകൃഷ്ണപിള്ളയെപ്പറ്റി കൂടുതൽ അറിഞ്ഞപ്പോൾ അദ്ധേഹമാണ് സ്വദേശാഭിമാനിക്ക് അനുയോജ്യനായ പത്രാധിപരെന്ന് മൗലവി തീരുമാനിച്ചു. വിവിധ മാർഗങ്ങളിലൂടെ രാമകൃഷ്ണ പിള്ളയെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും അദ്ദേഹം ശേഖരിച്ചു. കൂടുതലറിയുന്തോറും രാമകൃഷ്ണപിള്ളയോടുള്ള മൗലവിയുടെ താത്പര്യം വർധിക്കുകയാണുണ്ടായത്' (സ്വദേശാഭിമാനി വക്കം മൗലവി, ഡോ ടി ജമാൽ മുഹമ്മദ് പേജ് . 73). പുസ്തത്തിന്റെ മുഖവുരയിലും അദ്ദേഹം അക്കാര്യം പരാമർശിക്കുന്നുണ്ട്. "രാമകൃഷ്ണ പിള്ളയുടെ പൂർവ്വചരിത്രം ഗ്രഹിക്കാൻ കഴിഞ്ഞ മൗലവി ഇതാ എനിക്കുവേണ്ട പത്രാധിപർ എന്ന് പറഞ്ഞു കൊണ്ടാണ് അദ്ധേഹത്തെ കണ്ടെത്തിയത് ' (അതേ പുസ്തകം, പേജ് 21).

എന്തായിരുന്നു രണ്ടുപേരെയും പരസ്പരം ഇളക്കിച്ചേർത്ത സാമൂഹിക താല്പര്യം? മുസ്ലിം സമുദായത്തിലെ വരേണ്യകാഴ്ചപ്പാടുകളോട് ചേർന്നു നിന്നിട്ടുള്ളയാളാണല്ലോ വക്കം മൗലവി. ആ നിലപാടുകളോട് താദാത്മ്യപ്പെടുന്നതായിരുന്നു സ്വദേശാഭിമാനിയുടെ താളുകളും. രാമകൃഷ്ണ പിള്ളയുടെ നിയമനത്തോടെ ആ നിലപാട് പാരമ്യതയിലെത്തി. സവർണ്ണാധിപത്യത്തിന്റെ നിലനിൽപ്പിന് വേണ്ടി രാമകൃഷ്ണപിള്ള സ്വദേശാഭിമാനിയുടെ താളുകൾ ഉപയോഗപ്പെടുത്തി ദിവാൻ പി രാജഗോപാലാചാരിയെ വിമർശിക്കുന്നതിന്റെ മറവിൽ ജാതീയത അരക്കിട്ടുറപ്പിക്കുന്ന നിലപാടുകൾ ആണ് അദ്ദേഹം സ്വീകരിച്ചതെന്ന് പത്രത്തിന്റെ ഉള്ളടക്കത്തിലൂടെ കടന്നുപോയാൽ മനസ്സിലാകും. പ്രബലമായ രണ്ടു വ്യത്യസ്ത മതങ്ങളിൽ നിന്നുള്ള പ്രമാണിമാരുടെയും ഭൂവുടമകളുടെയും താത്പര്യങ്ങൾക്കൊപ്പം നിലകൊണ്ട രണ്ടുപേർ എന്ന നിലയിലാണ് വക്കം മൗലവിയും രാമകൃഷ്ണപിള്ളയും ഒരുമിക്കുന്നത്. സ്വഭാവികമായും മൗലവി സഹോദര സമുദായത്തിലെ സവർണ്ണ നിലപാടുകൾക്ക് ഊർജം പകരാൻ തന്റെ പത്രം പതിച്ചുനൽകി. മുസ്ലിം സമുദായത്തിലെ പ്രമാണിമാർ ആ നിലപാടിന്റെ സൗകര്യം അനുഭവിക്കുകയും ചെയ്തു.

"തിരുവിതാംകൂറിലെ ഇതര പത്രസ്ഥാപനങ്ങൾ പിള്ളയോട് പൊരുത്തപ്പെട്ടുപോകാതിരുന്ന ഒരു ഘട്ടത്തിലാണ് മൗലവി അദ്ധേഹത്തെ തേടിച്ചെല്ലുന്നത്. എങ്കിലും ഉള്ളിന്റെയുള്ളിൽ അദ്ധേഹത്തിന് സംശയങ്ങളുണ്ടായിരുന്നു. മൗലവിയാകട്ടെ, രാമകൃഷ്ണപിള്ളയുടെ മനോഗതം പൂർണ്ണമായി തിരിച്ചറിഞ്ഞുകൊണ്ടുള്ള സമീപനമാണവലംബിച്ചത്' എന്നാണ് ടി ജമാൽ മുഹമ്മദ് ഇതേ കുറിച്ച് പറയുന്നത് (പേജ് . 74). പുതുപ്പള്ളി രാഘവൻ രചിച്ച കേരള പത്രപ്രവർത്ത ചരിത്രത്തിലും ഈ സുഹൃദത്തിന്റെ ആഴത്തെ അയാളപ്പെടുത്തുന്നുണ്ട്. "നമ്മുടെ മനസ്സൊന്നാണ്, ഹൃദയമൊന്നാണ്, വികാരമൊന്നാണ് എന്നു പറയുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്ത പത്രമുടമ , ആ പ്രഖ്യാപനത്തിന്റെ ഒരക്ഷരത്തിനുപോലും കോട്ടം തട്ടാതെ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്ത പത്രാധിപർ - ഇങ്ങനെ ഒരുമയോടുകൂടി ഒരു പത്രമുടമയെയും പത്രാധിപരെയും കേരളം അതിനു മുമ്പും പിമ്പും കണ്ടിട്ടില്ല. ഇനി കാണുമെന്ന് പറയാനും പണിയാണ്'(പേജ് . 157). ഈ സ്വരച്ചേർച്ചയാണ് സ്വദേശാഭിമാനിയുടെ ഏറ്റവും അവസാനത്തെ എഡിറ്റോറിയലിൽ പോലും തന്റെ ജാതിബോധത്തെയും തിരുവിതാംകൂറിൽ നടന്ന വംശീയ അക്രമങ്ങളെയും ന്യായീകരിക്കാൻ രാമകൃഷ്ണപിള്ളക്ക് ഊർജം പകർന്നതെന്ന് നിസ്സംശയം പറയാം.

"വക്കം മൗലവി ഒരിക്കൽ പോലും സ്വദേശാഭിമാനി പത്രത്തിന്റെ എഡിറ്റോറിയൽ ഉത്തരവാദിത്തം എടുത്തിട്ടില്ല. അതിന്റെ ഉള്ളടക്കം തീരുമാനിക്കുവാനുള്ള അധികാരം എഡിറ്റർക്ക് വിട്ടു കൊടുക്കുകയായിരുന്നു' എന്നാണ് ടി കെ ജാബിറിന്റെ മറ്റൊരു വാദം. ഇതുപ്രകാരം പത്രാധിപരുടെ മനുഷ്യത്വ വിരുദ്ധ നിലപാടുകൾ വിവാദങ്ങൾ സൃഷ്ടിക്കുകയും വിവിധഭാഗങ്ങളിൽ നിന്നും പത്രത്തിനു കത്തുകൾ ലഭിക്കുകയും ചെയ്തിട്ടും പത്രഉടമ മൗനം ദീക്ഷിച്ചുവെങ്കിൽ അത് നൽകുന്ന സന്ദേശമെന്താണ്?. മൗലവി പിള്ളയെ ശരിവെക്കുകയായിരുന്നു എന്നല്ലേ. മാത്രമല്ല, പത്ര ഉടമയും പത്രാധിപരും ഉള്ളടക്ക സംബന്ധിയായി പരസ്പരം ആശയവിനിമയങ്ങൾ നടത്തുകയും ചെയ്തിരുന്നതായി ഇരുവരുടെയും ജീവചരിത്ര ഗ്രന്ഥങ്ങളിലുണ്ട്.

"ഇപ്രകാരമൊരു മുഖപ്രസംഗമെഴുതാൻ രാമകൃഷ്ണപിള്ളയെ പ്രേരിപ്പിച്ച ചേതോവികാരങ്ങൾ എന്തൊക്കെയായിരുന്നു?. ഒരു പത്രാധിപരെന്നുള്ള നിലയിൽ ആ പത്രത്തിന്റെ നിലനിൽപ്പിനെ കുറിച്ചാലോചിക്കേണ്ടത് അദ്ദേഹത്തിന്റെ കടമയാണല്ലോ. സ്വാഭാവികമായും പത്രത്തിന്റെ ഉടമസ്ഥനുമായും അദ്ദേഹം ചർച്ച ചെയ്തിട്ടുണ്ടാവണം. ഇതേ രീതിയിലുള്ള മറ്റുലേഖനങ്ങൾ സ്വദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചപ്പോൾ തന്നെ രാമകൃഷ്ണപിള്ളയുടെ പ്രവർത്തന ശൈലിയെപ്പറ്റി മൗലവി വ്യക്തമായും മനസിലാക്കിയിട്ടുണ്ടായിരിക്കണം. അദ്ദേഹം പത്രാധിപർക്ക് തന്റെ ധാർമികമായ പിന്തുണ പൂർണ്ണമായും നൽകിയിട്ടുണ്ടാകണമെന്നു തന്നെ അനുമാനിക്കേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന് എതിർപ്പുണ്ടായിരുന്നുവെങ്കിൽ അത് പ്രകടിപ്പിക്കാൻ നിരവധി അവസരങ്ങളുണ്ടായിരുന്നു' (സ്വദേശാഭിമാനി വക്കം മൗലവി, പേജ് 79).

വക്കം മൗലവിയും രാമകൃഷ്ണപിള്ളയുമായും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ ആളുകൾ വേണ്ടവിധത്തിൽ പരിഗണിക്കുന്നില്ലല്ലോ എന്നായിരുന്നു മുജാഹിദ് നേതാവായ കെ. ഉമർ മൗലവിയുടെ പരാതി. ആ പരാതിയുടെ ഭാണ്ഡത്തിന്റെ കെട്ട് അദ്ദേഹം അഴിച്ചതിങ്ങനെയാണ്: "രാമകൃഷ്ണപിള്ള എന്ന പത്രപ്രവർത്തകനായ നായർ യുവാവിനെ "സ്വദേശാഭിമാനി' കീർത്തിമുദ്രക്ക് അർഹനാക്കുന്നതിൽ വക്കം മൗലവി വഹിച്ച പങ്കു അനുസ്മരിക്കാൻ കൂട്ടാക്കാത്ത സവർണ്ണ വർഗീയതയുടെ മഞ്ഞമുഖങ്ങൾ അനന്തപുരിയുടെ മണ്ണിൽ താണ്ഡവ നൃത്തം ചവിട്ടുകയാണ്'(ഓർമ്മകളുടെ തീരത്ത്, പേജ് 496)

കേവലം പത്രാധിപരുടെ മാത്രം സ്വാതന്ത്ര്യത്തിലും ഉത്തരവാദിത്തത്തിലുമായിരുന്നില്ല സ്വദേശാഭിമാനിയുടെ പ്രസിദ്ധീകരണമെന്നത് ഇത്തരം വിശദീകരണങ്ങളിൽ നിന്നും വ്യക്തമാണ്. പത്രാധിപരുടെതു മാത്രമല്ല, പത്രം പ്രതിനിധാനം ചെയ്തവരുടെതു കൂടിയായിരുന്നു അതിലെ നിലപാടുകൾ. ആ നിലപാടുകളളോട് പത്രം എപ്പോഴെങ്കിലും വിയോജിപ്പ് പ്രകടിപ്പിക്കുകയോ തിരുത്തുകയോ ചെയ്തതായി രേഖകൾ ഇല്ല. മാത്രവുമല്ല, പത്രത്തിന് വിലക്കേർപ്പെടുത്തുകയും പ്രസ്സ് കണ്ടുകെട്ടുകയും ചെയ്ത ഘട്ടത്തിലും തുടർന്നും ഈ പത്രമുടമയും പത്രാധിപരും കീഴാളവിരുദ്ധമായ നിരവധി നീക്കങ്ങൾക്ക് നേതൃത്വം നൽകിയതിന് ധാരാളം തെളിവുകളുമുണ്ട്. അതായത്, കേവലം മാധ്യമ പ്രവർത്തനം മാത്രമായിരുന്നില്ല ഈ രണ്ടാളുകളെയും ബന്ധിപ്പിച്ച ഘടകം. മാധ്യമ ബാഹ്യമായ പല താല്പര്യങ്ങളും അവർ പരസ്പരം പങ്കുവെച്ചിരുന്നു. ഡോ. ജമാൽ മുഹമ്മദ് നിരീക്ഷിക്കുന്നത് പോലെ "സ്വദേശാഭിമാനിയുടെ ലക്കങ്ങൾ പരിശോധിക്കുകയും മറ്റു സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്യുമ്പോൾ രാമകൃഷ്ണപിള്ള ദിവാന്റെ അഴിമതികൾക്കെതിരെ നടത്തിയ യുദ്ധത്തിന് മൗലവിയുടെ പിന്തുണയുണ്ടായിരുന്നുവെന്ന് വ്യക്തമാണ്'. ദിവാന്റെ അഴിമതിയുടെ ഭാഗമായാണ് രാമകൃഷ്ണ പിള്ള കീഴ് ജാതിക്കാരുടെ സ്‌കൂൾ പ്രവേശന തീരുമാനത്തെയും എണ്ണിയത്.

പുലയരുടെ വിദ്യാലയപ്രവേശനത്തെ അനുകൂലിച്ച് പണ്ഡിറ്റ് കറുപ്പൻ എഴുതിയ ബാലാകലേശത്തിനെതിരെ നിലപാടെടുക്കാൻ രാമകൃഷ്ണ പിള്ളയോട് വക്കം മൗലവി ആവശ്യപ്പെടുന്നുണ്ട്. ആ ആവശ്യം മുൻനിർത്തി മൗലവി എഴുതിയ കത്തിനെ കുറിച്ച് രാമകൃഷ്ണപിള്ളയുടെ ഇളയ മകൾ ശ്രീമതി ഗോമതി അമ്മ എഴുതിയത് ഇങ്ങിനെ വായിക്കാം: "16- 13 - 15 ലെ ഒരു ചെറിയ കത്താണ് ഇനിയൊന്ന്. അതിൽ മുൻകത്തിൽ പറഞ്ഞിരുന്ന ഇംഗ്ലീഷ് പുസ്തകം ഇന്നു അങ്ങോട്ടയച്ചിരിക്കുന്നു. സൗകര്യംപോലെ തർജിമ ചെയ്താൽ മതി.

പണ്ഡിറ്റ് കറുപ്പൻ

ബാലാകലേശക്കാരന്റെ ലേഖനത്തിനു മറുപടി കാണ്മാനായി പലരും നോക്കിയിരിക്കുന്നു'. സ്വാദേശാഭിമാനിയുടെ പ്രവർത്തനം നിലക്കുകയും പത്രാധിപർ നാടുകടത്തപ്പെടുകയും ചെയ്ത് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഈ കത്ത് എഴുതിയത് എന്നാണ് ഗോമതിയമ്മ പറയുന്നത്. പണ്ഡിറ്റ് കറുപ്പന്റെ നിലപാടുകൾക്ക് മറുപടി കാത്തു നിൽക്കുന്ന ആ വായനാ സമൂഹം ഏതായിരിക്കും? അവരുടെ ജാതി താല്പര്യങ്ങൾ എന്തായിരിക്കും? സ്വദേശാഭിമാനിയുടെ വായനാ സമൂഹത്തിന്റെ ജാതി ബോധത്തിന്റെയും താല്പര്യങ്ങളെയും കുറിച്ചുള്ള ചില സൂചനകളും വക്കം മൗലവിയുടെ ഈ കത്തിലെ ആവശ്യത്തിൽ നിന്നും വായിച്ചെടുക്കാൻ കഴിയും. രാമകൃഷ്ണ പിള്ളയുടെ മനുഷ്യത്വ വിരുദ്ധമായ കാഴ്ചപ്പാടുകൾക്ക് വക്കം മൗലവി അനവരതം സഹായസഹകരണങ്ങൾ നൽകിയിരുന്നു എന്നു ചുരുക്കം.

പത്രപ്രവർത്തനത്തിൽ മാത്രമല്ല രാമകൃഷ്ണപിള്ള വക്കം മൗലവി സഹകരണം ഉണ്ടായിരുന്നത്. മുസ്ലിം സമുദായത്തിലെ വരേണ്യതാത്പര്യങ്ങൾക്ക് കരുത്തേകാനും പിള്ളയെ വക്കം മൗലവി ഉപയോഗപ്പെടുത്തി. ഹിന്ദു സമുദായത്തിലെ ഉപരിവർഗത്തെ പ്രീണിപ്പിക്കാൻ വക്കം മൗലവിയെ രാമകൃരാമകൃഷ്ണ പിള്ള എങ്ങനെ ഉപയോഗപ്പെടുത്തിയോ അതേ പ്രകാരം മുസ്ലിംകൾക്കിടയിലെ പ്രമാണികളെ തൃപ്തിപ്പെടുത്താൻ മൗലവി രാമകൃഷ്ണ പിള്ളയെയും ആയുധമാക്കി. വക്കം മൗലവിയെപ്പറ്റി ചില സ്മരണകൾ എന്ന ലേഖനത്തിൽ കെ എം സീതി സാഹിബ് എഴുതുന്നു: "അദ്ധേഹത്തിൽ നിന്നും കിട്ടിയ വിവരങ്ങൾ കൊണ്ടും മുസ്ലിം, സ്വദേശാഭിമാനി എന്നീ പ്രസിദ്ധീകരണങ്ങൾ വഴിക്കുള്ള പരിചയം കൊണ്ടും മൗലവി സാഹിബിനെ ഒന്നു കാണണമെന്ന് എന്നെപ്പോലുള്ള ബാല വിദ്യാർത്ഥികൾക്ക് മാത്രമല്ല, എന്റെ പിതാവ് സീതി മുഹമ്മദ് ഹാജി സാഹിബ്, മാതുലൻ പി കെ മുഹമ്മദുണ്ണി സാഹിബ് അടക്കമുള്ള കൊടുങ്ങല്ലൂരിലെ മുസ്ലിം പൗരപ്രധാനികൾക്കും പൊതു പ്രവർത്തകന്മാർക്കും കലശലായ ആഗ്രഹമുണ്ടായിരുന്നു. സ്വദേശാഭിമാനി തിരുവിതാംകൂർ ഗവൺമെന്റ് ബലമായി നിർത്തിക്കളയുകയും സാഹിബിന്റെ വകയായിരുന്നതും അവകാശികൾക്ക് ഇയ്യിടെ മാത്രം തിരിച്ചു കിട്ടിയതുമായ പ്രസ്സ് കണ്ടുകെട്ടുകയും പത്രാധിപർ രാമകൃഷ്ണ പിള്ള ബി എ യെ നാടുകടത്തുകയും ചെയ്തതോടു കൂടി മൗലവി സാഹിബിനെയും പത്രാധിപർ രാമകൃഷ്ണപിള്ളയെയും അഴീക്കോട്ട് ഒരു പൊതുസമ്മേളനത്തിന് ക്ഷണിച്ചു വരുത്തണമെന്ന ആലോചന ഞങ്ങൾക്കുണ്ടായി. കേരള മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പരവും സാമൂഹ്യപരവുമായ ഉദ്ധാരണത്തിന് ഒരു സാരമായ പങ്കുവഹിച്ചിട്ടുള്ള ശൈഖ് മുഹമ്മദ് മാഹിൻ ഹമദാനി തങ്ങളുടെ പരിശ്രമ ഫലമായി അഴീക്കോട് സ്ഥാപിതമായിരുന്ന ലജ്‌നതുൽ ഹമദാനിയ്യാ സഭയുടെ പ്രഥമ വാർഷിക യോഗത്തിൽ അദ്ധ്യക്ഷം വഹിക്കുവാൻ മൗലവി സാഹിബിനെയും ആ യോഗത്തിൽ സംബന്ധിച്ച് ഒരു പ്രസംഗം ചെയ് വാൻ ശ്രീ രാമകൃഷ്ണ പിള്ളയെയും ക്ഷണിക്കാൻ യോഗഭാരവാഹികൾ തീർച്ചപ്പെടുത്തി. ശ്രീ രാമകൃഷണ പിള്ളയെ ക്ഷണിച്ച വിവരം മൗലവി സാഹിബിനെയും മൗലവി സാഹിബ് യോഗത്തിൽ അദ്ധ്യക്ഷം വഹിക്കുമെന്ന് രാമകൃഷ്ണപിള്ളയെയും ഞങ്ങൾ അറിയിച്ചതു രണ്ടുപേരുടെയും സാന്നിധ്യം ലഭിക്കുവാൻ വളരെ സഹായിച്ചു. 1912ലാണ് പ്രസ്തുത യോഗം നടന്നതെന്നാണ് എന്റെ ഓർമ' (സ്വദേശാഭിമാനി സ്മാരക ഗ്രന്ഥം). കൊടുങ്ങല്ലൂരിലെ മുസ്ലിം ഭൂവുടമകളുടെ ആ യോഗത്തിന്റെ തുടർച്ച എന്ന നിലക്കാണ് അവർക്കിടയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള വേദി എന്ന നിലയിൽ പിന്നീട് മുസ്ലിം ഐക്യ സംഘം രൂപപ്പെടുന്നതും പലിശ പോലുള്ള, സാമ്പത്തിക അസമത്വം ഊട്ടിയുറപ്പിക്കുന്ന നിലപാടുകൾക്ക് മുസ്ലിം സമുദായത്തിൽ സ്വീകാര്യത നൽകാൻ ശ്രമങ്ങൾ ഉണ്ടായതും. ഇത്തരം ശ്രമങ്ങൾക്കെതിരെ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ പോലുള്ളവർ എടുത്ത ധീരമായ നിലപാടുകൾ ആണ് ഐക്യ സംഘത്തിന്റെ തകർച്ചയിലേക്ക് നയിച്ചതെന്നു കാണാം.

വക്കം അബ്ദുൾഖാദർ മൗലവിയും രാമകൃഷ്ണ പിള്ളയും തമ്മിലുള്ള ആത്മബന്ധം മേൽ വിവരണങ്ങളിൽ നിന്നും വ്യക്തമാണ്. മാധ്യമ സ്വാതന്ത്യത്തിന്റെ ഫ്രെയിം വർക്കിലാണ് ഇരുവരുടെയും പ്രവർത്തനങ്ങളെ മലയാളികൾ മനസിലാക്കുകയും അവർക്കെതിരെ തിരുവിതാം കൂറിൽ നടന്ന നാടുകടത്തൽ ഉൾപ്പെടെയുള്ള നിയമ നടപടികളോടുള്ള നിലപാടുകൾ സ്വീകരിക്കുകയും ചെയ്തത്. പക്ഷേ, മേൽസൂചിപ്പിച്ചത് പോലെയുള്ള മനുഷ്യത്വ രഹിതമായ മാധ്യമ നിലപാടുകളെ ഏത് തരം സ്വാതന്ത്ര്യത്തിന്റെ പേരിലാണ് നാം ന്യായീകരിക്കുക?. അറിവിനും മാനവികതക്കും വേണ്ടിയുള്ള അവകാശ സമരങ്ങളായിരുന്നു 19, 20 നൂറ്റാണ്ടുകളിലെ നവോത്ഥാന പരിശ്രമങ്ങളെ ത്വരിതപ്പെടുത്തിയതെങ്കിൽ, ഇത്തരം ശ്രമങ്ങളെ പിന്നോട്ടു കൊണ്ടുപോവുകയായിരുന്നു വക്കം മൗലവിയും രാമകൃഷ്ണ പിള്ളയും ചെയ്തത്. ആ ശ്രമത്തിന്റെ ഭാഗമായിരുന്നു രണ്ടുപേരും അവരവരുടെ സമുദായങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളും. കേരളീയ മുസ്ലിം നവോഥാനത്തിനു എന്തിനു ഒരു രാമകൃഷ്ണ പിള്ള ആവശ്യമാകുന്നു എന്ന ചോദ്യം നവോഥാനത്തിന്റെ തന്നെ ജാതി ബോധത്തെ വ്യക്തതയോടെ കാണാൻ നമ്മെ സഹായിക്കും.

Comments