വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ കൊല; പുറംലോകം അറിയേണ്ട ചില വാസ്തവങ്ങൾ

വണ്ടിപ്പെരിയാറിൽ ലൈംഗികാക്രമണത്തിനിരയായി അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിലേക്കുനയിച്ച സാഹചര്യക്കുറിച്ച്​ ഒരു അന്വേഷണ റിപ്പോർട്ട്.

ഗീത

ണ്ടിപ്പെരിയാറിൽ ബലാത്സംഗം ചെയ്യപ്പെട്ട് കെട്ടിത്തൂക്കപ്പെട്ട പെൺകുഞ്ഞിന് എന്താണ് സംഭവിച്ചത് എന്നതിന്റെ ഒരു അന്വേഷണ റിപ്പോർട്ടാണിത്. ഇത് പൊതുജനങ്ങൾക്കും സർക്കാറിനും മുമ്പാകെ നടപടികൾക്കായി സമർപ്പിക്കുന്നു.

ഈ കൊലപാതകത്തിന്റെ പാശ്ചാത്തലമായി ചില കാര്യങ്ങൾ പറയേണ്ടതുണ്ട്. 1933 മുതൽ അവിടെ പാർക്കുന്ന ഒരു കുടുംബത്തിലെ നാലാം തലമുറയിലെ അഞ്ചു വയസ്സുകാരിയാണ് ഈ പെൺകുട്ടി. 19ാം വയസ്സിൽ ചൂരക്കുളത്തുള്ള എം.എം.ജെ എന്ന കമ്പനിയുടെ എസ്റ്റേറ്റിൽ സൂപ്പർവൈസറായി എത്തിയ തൊഴിലാളിയുടെ മകന്റെ മകനാണ്, ഈ പെൺകുട്ടിയുടെ പിതാവ്. 1933 മുതൽ തേയിലത്തോട്ടങ്ങളിൽ പണിയെടുത്തുവരുന്ന കുടുംബപരമ്പരയിലെ ഇങ്ങേയറ്റത്തെ കണ്ണിയാണ് ഈ പെൺകുട്ടി എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സേലത്തുനിന്ന് വന്ന് ഇവിടെ പണിയെടുത്തുജീവിക്കുന്ന തൊഴിലാളികളുടെ ലയത്തിലാണ്, സംഭവം നടക്കുന്നത്. സേലത്ത് ലൈൻ എന്നാണ് ഈ ലയം അറിയപ്പെടുന്നത്. പെൺകുട്ടിയുടെ അച്ഛന്റെ പെങ്ങൾ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്.

എവിടെപ്പോയി പുള്ളപ്പുര?

ഏതാനും വർഷങ്ങളായി, ഹൈറേഞ്ചിലെ എല്ലാ എസ്റ്റേറ്റിലുമെന്ന പോലെ എം.എം.ജെ എസ്റ്റേറ്റുമായി ബന്ധപ്പെട്ടും പുള്ളപ്പുര എന്നൊരു സംവിധാനമുണ്ടായിരുന്നു. തൊഴിലാളികൾ തങ്ങളുടെ കുഞ്ഞു മക്കളെ, അവിടെ ആക്കിയിട്ടാണ് പണിക്കുപോകുന്നത്. അംഗനവാടിയിലും സ്‌കൂളില്ലും ചേർക്കാനാകുന്നതുവരെ അവരുടെ കൂലിപ്പണിയുടെ സമയമത്രയും ആ കുട്ടികൾ അവിടെ സുരക്ഷിതരായിരിക്കും. പുള്ളപ്പുരയിൽ രണ്ട് സ്ത്രീകൾ കുട്ടികളെ നോക്കാനുണ്ടാകും. പാലും ബിസ്‌ക്കറ്റുമുണ്ടാകും. എസ്റ്റേറ്റിൽനിന്ന് കൊളുന്ത് നുള്ളുന്ന അമമമാർക്ക് വന്ന് കുഞ്ഞുങ്ങൾക്ക് മുല കൊടുക്കാം. മറ്റെല്ലാ എസ്റ്റേറ്റിലും പുള്ളപ്പുര നിലനിൽക്കുന്നുണ്ട്, എന്നാൽ, ചൂരക്കുളം എം.എം.ജെ കമ്പനിയിൽ, നഷ്ടത്തിന്റെ കണക്കുപറഞ്ഞ് പുള്ളപ്പുര സംവിധാനം എടുത്തുകളയപ്പെട്ടു.

സേലത്ത് ലൈൻ എന്നറിയപ്പെടുന്ന ലയം

അതിനർഥം, അവിടെ കുട്ടികൾ, രക്ഷിതാക്കൾ പണിക്കുപോകുമ്പോൾ അനാഥരായിപ്പോകുന്നു എന്നാണ്. അങ്കണവാടി, ബാലവാടി സൗകര്യങ്ങളും ഈ എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട പഞ്ചായത്തിൽ ലഭ്യമല്ല എന്നാണ് അവിടെയുള്ളവർ പറയുന്നത്. കമ്പനി നഷ്ടത്തിലാണ്, കുട്ടികളെ നോക്കാൻ അങ്കണവാടിയും ബാലവാടിയുമുണ്ടല്ലോ എന്നാണ് പുള്ളപ്പുര നിർത്താൻ കമ്പനി പറയുന്ന ഭാഷ്യമെങ്കിൽ, സ്‌കൂളിൽ ചേർക്കുന്നതുവരെ കുട്ടികളെ എൻഗേജ് ചെയ്യിക്കാനുള്ള യാതൊരു സൗകര്യവും ആ എസ്‌റ്റേറ്റിൽ നിലവിലില്ല എന്ന യാഥാർഥ്യം ആ ലയത്തിലെ എല്ലാവരും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

കുഞ്ഞിനെയും കൊണ്ട് സമരം നടത്തിയ അച്ഛൻ

ഈ പ്രശ്നം മുമ്പും തൊഴിലാളികൾ കമ്പനിക്കുമുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ പെൺകുഞ്ഞ് ജനിച്ചപ്പോൾ, അച്ഛൻ കുട്ടിയെ ഫാക്ടറിയുടെ മുന്നിൽ കിടത്തി ഒറ്റയാൾ സമരം നടത്തി- കൂലിപ്പണിക്കുപോകുമ്പോൾ ആരാണ് ഞങ്ങളുടെ മകളെ നോക്കുക? കമ്പനി നോക്കണം എന്നാവശ്യപ്പെട്ട്.

വലിയ തൊഴിലാളി സമരങ്ങൾക്കുപോലും ഒരു മെച്ചവും കിട്ടാത്ത സാഹചര്യം തോട്ടം മേഖലയിൽ നിലനിൽക്കുന്നതിനാൽ, ഈ ഒറ്റയാൾ പോരാട്ടം എത്ര ദയനീയമായി പരാജയപ്പെട്ടിരിക്കാം എന്നു ഊഹിക്കാവുന്നതേയുള്ളൂ. അന്ന് അവർ ഈ ആവശ്യം കേട്ടിരുന്നുവെങ്കിൽ ഞങ്ങളുടെ കുഞ്ഞ് ജീവിച്ചിരിക്കുമായിരുന്നല്ലോ എന്നാണ് ആ അച്ഛൻ ഞങ്ങളോടു പറഞ്ഞത്. പാട്രിയാർക്കലായ ഒരു ന്യായം തന്നെയാണ് എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഞാനിത് പറയുന്നത്, സംരക്ഷിക്കപ്പെടാനുള്ള ഒരു സംവിധാനമുണ്ടായിരുന്നുവെങ്കിൽ അഞ്ചാം വയസ്സിൽ ഒരു കുഞ്ഞ് കടുത്ത ശാരീരിക- മാനസിക വേദനയിലൂടെ കടന്നുപോകേണ്ടിവരില്ലായിരുന്നു എന്നത് ഒരു യാഥാർഥ്യമാണ്. മറ്റെല്ലാ എസ്റ്റേറ്റിലും ഈ സംവിധാനമുണ്ട്. ഒരിക്കൽ കമ്പനിയിൽ തീപിടുത്തമുണ്ടായി, നികത്താൻ ലോണെടുത്തു, ലോൺ കൊടുക്കാനാകാതെ ജപ്തി നേരിടേണ്ടിവന്നു, അതുകൊണ്ട് കമ്പനി നഷ്ടത്തിലാണ് എന്നാണ് എം.എം.ജെ കമ്പനിയുടെ വാദം.

ദിവസം കൂലി 100 രൂപ

ദിവസം നൂറു രൂപയാണ് തൊഴിലാളികൾക്ക് ഈ കമ്പനി കൊടുക്കുന്നത്, ആഴ്ചയിൽ 600 രൂപ. ഒരു ദിവസം മുടങ്ങിയാൽ നൂറു രൂപ കുറയും. ഇതുവരെ 300 രൂപയായിരുന്നു കൂലി. രാവിലെ എട്ടു മണിമുതൽ അഞ്ചുവരെ പണിയെടുക്കുന്ന തൊഴിലാളിക്ക് 50 രൂപ കൂലി കൊടുക്കുന്ന ഒരിടം, അത് ചോദ്യം ചെയ്യാതെ അനുവദിക്കപ്പെടുന്ന ഒരിടം കേരളത്തിലുണ്ട് എന്നുകൂടി അറിയുക. തൊഴിലാളികൾ സമരം ചെയ്താണ് 50 രൂപയിൽനിന്ന് നൂറുരൂപയായി വർധിപ്പിച്ചത്. അവർ കൊളുന്തു നുള്ളി വിറ്റ് പ്രതിഷേധിച്ചപ്പോൾ ആശുപത്രി സൗകര്യങ്ങൾ, വെള്ളം എന്നിവ തടഞ്ഞു കൊണ്ടാണ് കമ്പനി പ്രതികരിച്ചത്. ഇപ്പോൾ ആഴ്ചയിൽ 600 രൂപ , 6 ദിവസം രാവിലെ 8 മുതൽ വൈകീട്ട് 5 മണി വരെ പണി . പണ്ട് ഇന്ദിരാഗാന്ധി പാസ്സാക്കിയ നിയമമനുസരിച്ചു കിട്ടുന്ന 8. 33% ബോണസും.

നഷ്ടത്തിലാണ് എന്നാണ് കമ്പനി ന്യായം. സമരം ചെയ്തുകൂടേ എന്ന് ഞാൻ അവരോട് ചോദിച്ചു. അവർ പല തവണ സമരം ചെയ്തിട്ടുണ്ട്. സമരം ചെയ്യുന്നവരല്ല, ചർച്ചക്ക് പോകുന്നത് എന്നാണ് തൊഴിലാളികൾ പറഞ്ഞത്. തോട്ടം തൊഴിൽ മേഖലയുമായി ബന്ധപ്പെട്ടു തൊഴിലെടുക്കുന്ന ഒരു തൊഴിലാളിയും മുതലാളിമാരുമായി ചർച്ചക്ക് പോകുന്നില്ല. പുറത്തുള്ള തൊഴിലാളിനേതാക്കളാണ് ചർച്ചക്ക് പോകുക, അവർ തോട്ടം തൊഴിൽ മേഖലയിൽ പണിയെടുക്കുന്ന യഥാർഥ തൊഴിലാളികൾക്ക് മനസ്സിലാകാത്ത എന്തൊക്കൊയോ കണക്കുകൾ നിരത്തി കമ്പനി നഷ്ടത്തിലാണ് എന്ന് തൊഴിലാളികളെ ധരിപ്പിച്ചുകൊണ്ടിരിക്കുന്നു.

വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്

അവർ പറയുന്നു, ‘ഞങ്ങൾ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരല്ലേ. അതു കൊണ്ട് ഞങ്ങൾക്കൊന്നും അറിയില്ലെന്ന മട്ടിൽ ഞങ്ങളെ തീർത്തും ഒഴിവാക്കിക്കൊണ്ടാണ്​ ചർച്ചകൾ നടക്കുക. അതു കൊണ്ട് സമരം ചെയ്താലും ഞങ്ങൾക്കൊന്നും കിട്ടില്ല.'

നഷ്ടത്തിലായ കമ്പനി എന്തിന് നിലനിർത്തണം?

വർഷങ്ങൾക്കു മുമ്പ് മൂന്നാറിലെ സ്ത്രീകൾ ഏറ്റെടുത്തു നടത്തിയ വലിയൊരു സമരം നമ്മുടെ മുന്നിലുണ്ട്. അതിന്റെ ജയപരാജയങ്ങൾ പിന്നീട് ചർച്ച ചെയ്യാം. പക്ഷെ, അവരന്ന് ഉന്നയിച്ചതും ഇതേ വേല - കൂലി അനുപാതമില്ലായ്മയുടെയും തൊഴിലെടുക്കുന്നവർ തുടരെത്തുടരെ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നതുമായ പ്രശ്‌നം തന്നെയായിരുന്നു. നിലനിൽക്കുന്ന സാഹചര്യം വളരെ ദയനീയമാണ്. തൊഴിലാളികളിൽ ഒരാളെ എന്തുകൊണ്ട് ചർച്ചക്കു വിടുന്നില്ല.

ഇവർക്ക് വിദ്യാഭ്യാസമില്ല, കാര്യങ്ങൾ പറയാൻ അറിയില്ല എന്നാണ് നേതാക്കൾ പറയുക. ഇതിലേറെ കൂലി തന്നാൽ കമ്പനി പൂട്ടിപ്പോകും എന്നും നേതാക്കൾ പറയും. കമ്പനി പൂട്ടിപ്പോയാൽ, ആ ആസ്തികൾ തൊഴിലാളികൾക്ക് വീതിച്ചുകൊടുക്കട്ടെ, നഷ്ടത്തിലോടുന്ന കമ്പനികൾ തൊഴിലാളികളെ ചൂഷണം ചെയ്യാനും പീഡിപ്പിക്കാനുമായി മാത്രം നിലനിർത്തേണ്ട കാര്യമുണ്ടോ?

ചൂരക്കുളം എം.എം.ജെ കമ്പനി നഷ്ടത്തിലാണെങ്കിൽ അതിന്റെ സ്ഥാവര -ജംഗമ സ്വത്തുക്കൾ, ഭൂമിയുൾപ്പടെ, തൊഴിലാളികൾക്ക് വിഭജിച്ചുകൊടുക്കണം, അവർ അവിടെ കൃഷിയോ മറ്റോ ചെയ്ത് ജീവിക്കട്ടെ, അവർക്ക് 58 വയസ്സുവരെ അവിടെ ജീവിക്കാൻ പ്രൊവിഷനുണ്ട്. ലയങ്ങൾ എന്നു പറയുന്നത് കമ്പനിയുമായി ബന്ധപ്പെട്ട ക്വാർട്ടേഴ്സുകളാണ്. വൈദ്യുതി ചാർജ് തൊഴിലാളികൾ തന്നെ അടയ്ക്കണം. മൈന്റനൻസും തൊഴിലാളികളുടെ ബാധ്യതയാണ്. പലതും ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്. പലരും പറയുന്നത്, പല തൊഴിലാളികളും ‘സർവീസ് ' കിട്ടാതെ മരിച്ചുപോയി എന്നാണ്. സർവീസ് എന്നു പറയുന്നത് പി.എഫും ഗ്രാറ്റിവിറ്റിയും അടക്കമുള്ള റിട്ടയർമെൻറ്​ ആനുകൂല്യങ്ങളാണ്. അത് വാങ്ങാതെ മരിച്ചുപോകുന്നു. അത് കിട്ടിയവർ പ്രദേശത്തുതന്നെ വീടുവെച്ച് താമസിക്കുന്ന അവസ്ഥയുമുണ്ട്. ഇത്തരം തൊഴിൽ ചൂഷണങ്ങളുടെ പാശ്ചാത്തലത്തിൽ മാത്രമേ ഈ പെൺകുട്ടിയുടെ കൊലപാതകത്തിലേക്ക് ചെല്ലാൻ പറ്റൂ. പുരുഷനെ അതിൽനിന്ന് സംരക്ഷിച്ചുകൊണ്ടോ, പാട്രിയാർക്കിക്ക് അതിൽ പങ്കില്ല എന്നു പറഞ്ഞുകൊണ്ടോ അല്ല ഞാനിത് അവതരിപ്പിക്കുന്നത്. വലിയൊരു ചൂഷണം തൊഴിലാളികൾക്കുമേൽ നടക്കുന്നുണ്ട് എന്ന് സൂചിപ്പിക്കുകയാണ്.

തൊഴിലാളി നേതാക്കൾ എന്ന ഇടനിലക്കാർ

എട്ടു മണിമുതൽ അഞ്ചുവരെ തൊഴിലാളികൾ അവരുടെ കുഞ്ഞുങ്ങളെ അനാഥാവസ്ഥയിലാക്കി, ലയങ്ങളിലോ അയൽപക്കങ്ങളിലോ ഏൽപ്പിച്ച് പണിക്കുപോകുകയാണ്. ഏഴു കുട്ടികളുണ്ടെങ്കിലേ പുള്ളപ്പുരകൾ നടത്താൻ വകുപ്പുള്ളൂ എന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട ലേബർ നിയമം എന്ന് പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒരു കുട്ടിയാണെങ്കിലും സംരക്ഷിക്കപ്പെടേണ്ടേ? ഏഴു കുട്ടികളുണ്ടെങ്കിലേ ഒരു കുട്ടി സംരക്ഷിക്കപ്പെടൂ എന്നത് ഏതു കാലത്തെ ന്യായമാണ്? തൊഴിലാളി വിരുദ്ധമായ എല്ലാ കാര്യങ്ങൾക്കും ലേബർ നിയമം ബാധകമാകുകയും തൊഴിലാളികൾക്ക് അനുകൂലമായ കാര്യങ്ങളിൽ ലേബർ നിയമം ബാധകമല്ലാതിരിക്കുകയും ചെയ്യുന്ന ഒരു സാഹചര്യം തോട്ടം തൊഴിൽ മേഖലയിൽ നിലനിൽക്കുന്നു. ഇടനിലക്കാരോ പുറത്തു നിന്നുള്ള സംഘടനാ നേതാക്കളോ അല്ലാതെ, തൊഴിലാളികൾക്ക് നേരിട്ടുവന്ന് സർക്കാറിനോട് കാര്യങ്ങൾ അവതരിപ്പിക്കാനുള്ള ഒരു സാഹചര്യം തൊഴിലാളി വർഗ പാർട്ടിയുടെ നേതൃസ്ഥാനം വഹിക്കുന്ന സർക്കാർ ഉണ്ടാക്കണം. അവർക്കായി പുള്ളപ്പുര പുനഃസ്ഥാപിക്കണം, കൂലിയിൽ മാറ്റം വരുത്തണം.

കേരളത്തിൽ നൂറു രൂപ കൂലിയിൽ ആളുകൾ പണിയെടുക്കുന്നു എന്നത് അഭിമാനകരമായ ഒന്നാണോ?

എന്തുതരം നഷ്ടത്തെക്കുറിച്ചാണ് കമ്പനി ബോധവൽക്കരിച്ചു കൊണ്ടിരിക്കുന്നത്? ആ ബോധവൽക്കരണം എന്തിനാണ് തൊഴിലാളി നേതാക്കൾ ഏറ്റെടുക്കുന്നത് ? തോട്ടം തൊഴിൽ മേഖലയിൽത്തന്നെ തൊഴിലെടുക്കുന്നവരിൽ നിന്ന് അവർ നിർദേശിക്കുന്നവരാണ് ചർച്ചക്ക് പോകേണ്ടത്. അവരാണ് ഒത്തുതീർപ്പ് വ്യവസ്ഥകളുണ്ടാക്കേണ്ടത്. അല്ലാതെ പുറത്തുനിന്നുള്ളവരല്ല. ആ നിലയിലുള്ള ഒരു തിരുത്തുകൂടി അവരുടെ ഭാഗത്തുനിന്നുണ്ടാകണം. സേലത്തുനിന്നുവന്ന് വർഷങ്ങളായി ഇവിടെ പണിയെടുത്തു പുലർന്ന് ഇവിടത്തുകാരായി മാറിയവരാണിവർ. ഇവർ ജനിക്കുന്നതും ജീവിക്കുന്നതും പണിയുന്നതും മരിക്കുന്നതും ഇവിടെയാണ്. ഇവർ അതിഥി തൊഴിലാളികളല്ല ഇപ്പോൾ എന്നർഥം. ഇവർ നമ്മെപ്പോലെ കേരളീയരാണ്. ഇവിടുത്തെ ഐ.ഡി കാർഡുമായി ഇവിടെ വോട്ടുചെയ്യുന്നവരാണിവർ. അവരുടെ ഉത്തരവാദിത്തം ഇവിടുത്തെ സർക്കാറിനും പൊതുസമൂഹത്തിനുമാണ്. അതുകൊണ്ട്, അവർ ഈ പ്രശ്നം ഏറ്റെടുത്തേ തീരൂ.

വണ്ടിപ്പെരിയാറിലെ പൊലീസ്

അഞ്ചുവയസ്സുകാരിയായ ഒരു കുഞ്ഞ് കൊല്ലപ്പെടാനിടയാക്കിയ പാശ്ചാത്തലമാണ് സൂചിപ്പിച്ചത്. കൊല്ലപ്പെട്ട
ആ സംഭവം ഇങ്ങനെയാണ്: എഫ്.ഐ.ആർ 598/21. 2021 ജൂൺ 30ന് അഞ്ചു വയസുകാരിയെ കാണാതാകുന്നു. അവൾ വീട്ടിലെ ഒരു സൈഡ് റൂമിൽ ടി.വി കണ്ടിരിക്കുകയായിരുന്നു. മുറിയിൽ പഴക്കുല കെട്ടിത്തൂക്കാൻ കെട്ടിയിട്ട കയറിൽ അവൾ കളിക്കാൻ ഉപയോഗിച്ചിരുന്ന ഒരു ഷോൾ കൂട്ടിക്കെട്ടി, കഴുത്തിൽ കുരുങ്ങി മരിച്ചുകിടക്കുന്ന നിലയിലാണ് പിന്നീട് അവളുടെ ശരീരം കാണപ്പെട്ടത്. അച്ഛനും അമ്മയും ഫാക്ടറിയിലായിരുന്നു. വീട്ടിലുണ്ടായിരുന്നത് പ്ലസ് വണ്ണിനു പഠിക്കുന്ന സഹോദരനാണ്. തൊട്ടയൽപക്കത്തുള്ള, ഒരു ചുമരിന്റെ മാത്രം അകലത്തിൽ താമസിക്കുന്ന യുവാവ് അവളുടെ സഹോദരനെ മുടി വെട്ടാൻ വിളിച്ചുകൊണ്ടുപോകുന്നു. അപ്പുറത്തും ഇപ്പുറത്തുമുള്ള രണ്ടു ചെറുപ്പക്കാരെക്കൂടി ഇയാൾ മുടി വെട്ടാൻ കൊണ്ടുപോകുന്നുണ്ട്. കൂട്ടം ചേർന്ന് മുടിവെട്ടുന്നിടത്തുനിന്ന് 24 കാരനായ അർജുൻ എന്ന യുവാവ് കൂട്ടത്തിലുള്ള ഒരു പയ്യനെ പാഷൻ ഫ്രൂട്ട് പറിക്കാൻ പറഞ്ഞയക്കുകയും അത് വീട്ടിൽ വച്ചുവരാം എന്നു പറഞ്ഞ് പോകുകയും ചെയ്യുന്നു. അയാൾ പെൺകുഞ്ഞ് ടി.വി കാണുന്ന മുറിയിലേക്ക് പോകുന്നു. പിന്നീട് അയാൾ മുറിയിൽനിന്നിറങ്ങിവരികയും വസ്ത്രങ്ങൾ സോപ്പുവെള്ളത്തിൽ മുക്കിവെച്ച് ഏതാണ്ട് താനുടുത്ത അതേ നിറത്തിലുള്ള വസ്ത്രം ധരിച്ച് മുടി വെട്ടുന്നവരോടൊപ്പം ചേരുകയും ചെയ്യുന്നു. അരമണിക്കൂറിനുള്ളിലാണ് ഇതെല്ലാം സംഭവിച്ചത്.

കൊല്ലപ്പെട്ട പെൺകുട്ടിയെ സംസ്കരിച്ച സ്ഥലം.

ആങ്ങള തിരിച്ചുവന്നപ്പോൾ കുഞ്ഞിനെ കാണാതെ തെരഞ്ഞുനടന്നു. തെരയാൻ മുന്നിൽ നിന്നത് അർജുൻ ആയിരുന്നു. ഒടുവിൽ കുഞ്ഞിനെ മുറിയിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തുന്നു. ഹോസ്പിറ്റലിൽ എത്തിക്കുന്നതാകട്ടെ, അർജുന്റെ പിതാവും വീട്ടുകാരും ഒക്കെ ചേർന്നാണ്. കുഞ്ഞിനെ കണ്ട് ബോധം കെടുകയും കരയുകയും ഒക്കെ ചെയ്ത് അർജുൻ ഷോ കാണിച്ചു എന്നാണ് അവിടെയുള്ള ചെറുപ്പക്കാർ പറഞ്ഞത്. ഞങ്ങളേക്കാൾ സങ്കടമാണല്ലോ ഇവന് എന്ന് തോന്നി എന്നാണ് അവിടെയുള്ള സ്ത്രീകൾ പറഞ്ഞത്. കുട്ടി കളിക്കുമ്പോൾ പറ്റിയ ഒരബദ്ധം എന്നാണ് വീട്ടുകാരും നാട്ടുകാരും വിചാരിച്ചത്, അഞ്ചു വയസ്സുകാരിക്ക് ഇങ്ങനെ സംഭവിക്കാൻ മറ്റൊരു സാധ്യതയുമില്ലല്ലോ! നല്ല പ്രസരിപ്പുള്ള, പാട്ടുപാടുകയും കുക്കറി ഷോ മിമിക്രിയായി അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു പെൺകുട്ടി, അവളുടെ കുസൃതി കൂടിപ്പോയതുകൊണ്ട് സംഭവിച്ചതായിരിക്കാം എന്നാണ് വീട്ടുകാരും നാട്ടുകാരും കരുതിയത്. പൊലീസ് വന്നപ്പോൾ അവർ ആവശ്യപ്പെടുന്നത് പോസ്റ്റുമോർട്ട് ചെയ്യരുത് എന്നാണ്. ആരെയും അവർക്കൊരു സംശയവുമില്ല. അവരുടെ ആവശ്യപ്രകാരം എം.എൽ.എക്കും അത് ആവശ്യപ്പെടേണ്ടിവന്ന സാഹചര്യവും അവിടെയുണ്ടായി. തോട്ടം മേഖലയിൽ നടക്കുന്ന ഇത്തരം മരണങ്ങൾക്കൊക്കെ പോസ്റ്റുമോർട്ടം ഒഴിവാക്കുന്ന രീതിയുണ്ട് എന്നർഥം വരുന്ന വാചകം എം.എൽ.എയുടെ ബൈറ്റിൽ പെടുകയും ചെയ്തു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതും നിയമവിരുദ്ധവുമായ പ്രസ്താവനയാണത്.

അദ്ദേഹം അവിടത്തെ സാഹചര്യത്തിൽ വീട്ടുകാരെ വിഷമിപ്പിക്കേണ്ടെന്നു കരുതി ആ ഒരു ടോണിൽ പറഞ്ഞതായിരിക്കാം, ബോധപൂർവം ഒരാളും അങ്ങനെ പറയില്ലല്ലോ.

അവിടുത്തെ പൊലീസിനും നാട്ടുകാരിൽനിന്നും വീട്ടുകാരിൽനിന്നും ഉന്നത അധികാരികളിൽനിന്നും പോസ്റ്റുമോർട്ടം ഒഴിവാക്കാൻ സമ്മർദമുണ്ടായിരുന്നു. കൊച്ചുകുഞ്ഞിന്റെ ശരീരം പോസ്റ്റുമോർട്ടം ചെയ്യപ്പെടാതിരിക്കാൻ അവർ ആഗ്രഹിച്ചു എന്ന് സൽബുദ്ധ്യാ നമുക്ക് വിചാരിക്കാം. ലയത്തിലുള്ളവർ വലിയ ബഹളം തന്നെ ഉണ്ടാക്കി. പക്ഷെ, അവിടെയാണ് പൊലീസ്, പൊലീസിന്റെ റോൾ നിർവഹിക്കുന്നത് നാം കാണുന്നത്. വണ്ടിപ്പെരിയാർ എസ്.എച്ച്. ഒ ആയ ടി.ഡി. സുനിൽകുമാർ CI പോസ്്റ്റുമോർട്ടം ചെയ്യണം എന്നുറച്ചുനിന്നു. പെൺകുട്ടിയുടെ ശരീരപരിശോധനയിൽ അദ്ദേഹം കഴുത്തിലെയും വയറിന്റെയും ഭാഗത്തുള്ള പാടുകൾ, യോനിയിലെ രക്തം എന്നിവയെല്ലാം ശ്രദ്ധിച്ചു. റെയ്​പ്​ നടന്നിരിക്കാം എന്ന് അദ്ദേഹത്തിന് മനസ്സിലായി. ഇതൊരു സാധാരണ യുക്തിയാണ്. അഞ്ചു വയസ്സുകാരിയുടെ യോനിയിൽ രക്തത്തിന്റെ അംശം കാണേണ്ടതില്ലല്ലോ.

വണ്ടിപ്പെരിയാർ സി.ഐ. ടി.ഡി. സുനിൽകുമാർ

വീട്ടുകാരുടെയും നാട്ടുകാരുടെയും അധികാരികളുടെയും സമ്മർദം അതിജീവിച്ച് ആ ഉദ്യോഗസ്ഥൻ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് അവളുടെ മൃതദേഹം കൊണ്ടുപോകുക തന്നെ ചെയ്തു എന്നിടത്താണ് ഈ കേസിന്റെ വഴിത്തിരിവ്. പൊലീസ് അവരുടെ റോളാണ് ചെയ്തത്, അധികമായി ഒന്നും ചെയ്തിട്ടില്ല. എന്നാൽ, പൊലീസ് അവരുടെ റോൾ ചെയ്യുന്നതിനെപ്പോലും അഭിനന്ദിക്കേണ്ട ഒരു സാഹചര്യം സമീപകാല പോക്സോ കേസുകളിലൊക്കെ സംഭവിക്കുന്നുണ്ട്. കുഞ്ഞുങ്ങൾ കൊടിയെടുത്ത് ജാഥയുമായി വരില്ല, അവർ ചോദിക്കാൻ വരില്ല, തങ്ങൾക്കു മേൽ എന്താണു സംഭവിച്ചതെന്നു പറയാനുള്ള ഭാഷ കുഞ്ഞുങ്ങളിൽ വികസിച്ചിരിക്കില്ല, അതിനാലൊക്കെ അവർ ശബ്ദിക്കുകയില്ല എന്ന ഒറ്റ ഉറപ്പിന്മേൽ ഈ പ്രതികൾ ചെയ്ത പല തരം അന്യായങ്ങൾ, ഇത് അന്വേഷിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരും ജുഡീഷ്യറിയും കുട്ടികളോട് ചെയ്തുകൊണ്ടിരിക്കുന്ന അത്യാചാരങ്ങൾ എന്നിവ സജീവമായ ഒരു സമകാല കേരളത്തിന്റെ ഭൂപടത്തിലാണ് വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷൻ സവിശേഷമായി അടയാളപ്പെടുത്തപ്പെടേണ്ടത്. അവർ അവരുടെ ദൗത്യം നിർവഹിച്ചു. അവൾ കൊച്ചുകുഞ്ഞല്ലേ, ഒരു കൊച്ചുകുഞ്ഞിനോട് ചെയ്ത കാര്യം എങ്ങനെയാണ് പൊറുക്കുക എന്നാണ് അവർ എന്നോടു ചോദിച്ചത്.

അതിക്രൂരം, ആക്രമണം

ദയനീയമായ കണ്ടെത്തലുകളിലാണ് പൊലീസ് എത്തിച്ചേർന്നത്. ആ കുട്ടിയുടെ മുൻഭാഗം പിളർന്നുപോയിരുന്നു. മലദ്വാരത്തിന്റെ ഇലാസ്റ്റിസിറ്റി പൂർണമായും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. അവളുടെ ശരീരത്തിൽ പാടുകളുണ്ടായിരുന്നു. റേപ്പ് നടന്നുവെന്ന് വ്യക്തമായി. പ്രതിയെ കണ്ടെത്തിയത് വിദഗ്ധമായിട്ടായിരുന്നു. മുടി വെട്ടാൻ പോയ സഹോദരൻ ഉൾപ്പെടെയുള്ള നാലു ചെറുപ്പക്കാരെ ഒരുമിച്ച് ചോദ്യം ചെയ്തു. അർജുന് ഒരു വാക്കുപിഴയുണ്ടായി. കുഞ്ഞിനെ രണ്ടു ദിവസമായി കണ്ടിട്ടേയില്ല എന്നാണ് അയാൾ പറഞ്ഞത്. അടുത്ത വീട്ടിലെ ഒരു സ്ത്രീ പറഞ്ഞു, ഇയാളെ കുഞ്ഞിനോടൊപ്പം കണ്ടിട്ടുണ്ട് എന്ന്, ചക്കപ്പഴം തിന്നുന്നത് കണ്ടുവല്ലോ എന്ന്. പിന്നെ ചോദിക്കുമ്പോൾ മറ്റൊരു മറുപടിയാണ്. അങ്ങനെ മാറ്റിമാറ്റിപ്പറഞ്ഞപ്പോൾ, അവസാനം അർജുനെ അറസ്റ്റുചെയ്യാൻ പൊലീസിനു സാധിച്ചു. അയാൾ കുറ്റം പൂർണമായും സമ്മതിച്ചു. മൂന്നുവർഷമായി തന്റെ ലൈംഗികമായ ആനന്ദത്തിന് ആ കൊച്ചുകുഞ്ഞിനെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് അയാൾ പറഞ്ഞത്. അതായത്, രണ്ടര വയസ്സ് പ്രായം മുതൽ ഒരു കുട്ടി പ്രായപൂർത്തിയായ ഒരു പുരുഷന്റെ ലൈംഗിക കാമനകളെ തൃപ്തിപ്പെടുത്താൻ ഉപയോഗിക്കപ്പെട്ടുകൊണ്ടിരുന്നു എന്നർഥം.

ഗീത വണ്ടിപ്പെരിയാർ സി.ഐ. സുനിൽകുമാറിനോട് സംസാരിക്കുന്നു.

മുൻഭാഗത്തു നിന്നുള്ള ആക്രമണത്തിനിടെ കുഞ്ഞ് നിലവിളിക്കാതിരിക്കാൻ അയാൾ അവളുടെ വായ പൊത്തിപ്പിടിച്ചു, കുഞ്ഞ് ബോധം കെട്ടുപോയി. അതിക്രൂരമായ ആക്രമണത്തിനിടെ ബോധം തെളിയാതിരുന്നപ്പോൾ മരിച്ചു എന്നു കരുതി കെട്ടിത്തൂക്കി. കെട്ടിത്തൂക്കിയപ്പോഴാണ് ആ കുട്ടി മരിച്ചത്. അപ്പോൾ രണ്ടു കണ്ണുകളും പുറത്തേക്ക് തള്ളിവന്നു. ആ സമയത്താണ് കുട്ടി മരിക്കുന്നത്. അപ്പോൾ വിരലുകൊണ്ട് കണ്ണുകൾ തള്ളി അകത്തേക്കാക്കി. പ്രായപൂർത്തിയായ ഒരു മനുഷ്യൻ ഒരു കൊച്ചുകുഞ്ഞിനോട് ചെയ്ത അത്യാചാരത്തെക്കുറിച്ചാണ് നാം പറയുന്നത്. കുറ്റവാളിക്ക് പരിണാമവാദപരമായ ന്യായങ്ങൾ ആരൊക്കെ കൊടുത്താലും പിടഞ്ഞുപിടഞ്ഞു മരിച്ച ആ പെൺകുട്ടിക്ക് കിട്ടേണ്ട നീതിയെക്കുറിച്ച് ഒരു സംശയത്തിനും അവകാശമില്ല. ആ പെൺകുട്ടിയുടെ അച്ഛനും അമ്മയും സഹോദരനും, അപ്പോൾ അവിടെയുണ്ടായിരുന്ന എല്ലാ മനുഷ്യരും പറഞ്ഞത്, ‘തെളിഞ്ഞില്ലേ, ഇനി അവൻ ചാകണം’ എന്നാണ്. പല വികസിത രാജ്യങ്ങളിലും ഇത്തരം കുറ്റകൃത്യങ്ങൾക്ക് അറുപതും എഴുപതും വർഷമാണ് ശിക്ഷ വിധിക്കാറ്. ഇവിടെ ജീവപര്യന്തം എന്നു പറഞ്ഞുകൊണ്ട് ഏഴുവർഷമാകുമ്പോൾ ഒരു ജനുവരി 26നോ ആഗസ്റ്റ് 15നോ പ്രതിയെ കുറ്റവിമുക്തനാക്കുകയും അതേ കുറ്റകൃത്യം ആവർത്തിക്കപ്പെടുകയും ചെയ്യുന്നുവെന്നത് യാഥാർഥ്യമാണ്. പരമാവധി കുറ്റത്തിന് പരമാവധി ശിക്ഷ തന്നെ നൽകണം. ഇത്തരം അനാചാരങ്ങളെ പേടിപ്പിച്ചിട്ടെങ്കിലും നിർത്തൽ ചെയ്യേണ്ടതുണ്ട്. മാനസിക പരിവർത്തനം വരികയും ജനാധിപത്യപരമായി ചിന്തിക്കാൻ തുടങ്ങുകയും ചെയ്തിട്ടുവേണം ഇതൊക്കെ നിർത്താൻ എന്നു ചിന്തിച്ചാൽ ഇനിയൂം ഒരു പാട് കുഞ്ഞുങ്ങൾ നമുക്ക് നഷ്ടമാകും.

വാളയാർ, പാലത്തായി, വണ്ടിപ്പെരിയാർ...

മരിച്ചതിന്റെ 16ാം ദിനത്തിലായിരുന്നു അവളുടെ പിറന്നാൾ. അന്ന് അവർ കേക്കുമുറിച്ച് അവളുടെ കുഴിമാടത്തിൽ കൊണ്ടുവച്ചു. അവൾക്ക് സ്‌കൂളിൽ പോകാൻ വാങ്ങിവച്ചിരുന്ന ചെരിപ്പുകൾ, ബാഗ്, ഉടുപ്പുകൾ എല്ലാം കുഴിമാടത്തിലിട്ടു. അവളുടെ അച്ഛൻ സമ്പാദ്യമെല്ലാം കൂട്ടിവെച്ച് ഒരു വീട് പണിയുകയാണ്. പിരിഞ്ഞുപോകുമ്പോൾ പുറത്തൊരു വീട് വേണമല്ലോ. ആ വീട്ടിലേക്ക് ആദ്യം കയറിവന്നത് അവളുടെ മൃതശരീരമാണ്. എന്റെ കുഞ്ഞുണ്ടെങ്കിൽ എന്റെ വീട് ഉത്സവത്തിലാകും എന്നാണ് അയാൾ പറഞ്ഞത്. പാട്ടുപാടിയും നൃത്തം ചെയ്തും എല്ലാ സമയത്തും അവളുടെ ശബ്ദം കൊണ്ട് മുഖരിതമായിരുന്ന ഒരിടമാണ് നിശ്ശബ്ദമായിപ്പോയത്. അതൊരു തൊഴിലാളിയുടെ വീടു മാത്രമല്ല, കേരളത്തിന്റെ പ്രാതിനിധ്യ സ്വഭാവമുള്ള ഒരിടമാണ്. എങ്ങനെയാണ് വാളയാറിനുശേഷം പാലത്തായിക്ക് ധൈര്യം വരുന്നത്, പാലത്തായിക്കുശേഷം വണ്ടിപ്പെരിയാറിന് ധൈര്യം വരുന്നത്? അത്തരം ധൈര്യങ്ങളുണ്ടാക്കുന്ന സാമൂഹിക സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. ചിലപ്പോൾ അത് വ്യക്തികൾക്ക് പരിക്കേൽപ്പിച്ചുകൊണ്ടായിരിക്കാം ചെയ്യേണ്ടിവരിക. അത് അവരോട് ആർദ്രതയില്ലാത്തതുകൊണ്ടായിരിക്കണമെന്നില്ല. പക്ഷെ, നമുക്ക് നമ്മളെ തന്നെ വേദനിപ്പിച്ചുകൊണ്ട് കഠിനമായ ചില തീരുമാനങ്ങൾ ചിലപ്പോഴെങ്കിലും എടുക്കേണ്ടിവരും.

സർക്കാറിന്റെയും മുഖ്യമന്ത്രിയുടെയും അടിയന്തര ശ്രദ്ധ വേണം

മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് പെൺകുട്ടിയുടെ വീട്ടിലേക്ക് വിളിച്ചു എന്നാണ് ഇവർ പറഞ്ഞത്. മുഖ്യമന്ത്രി തന്നെ നേരിട്ടു സംസാരിച്ചുവെന്നും. ഡൽഹിക്ക് പോകുന്നതുകൊണ്ടാണ് നേരിൽ കാണാനാകാത്തത് എന്നറിയിച്ചുവത്രെ. നല്ലൊരു പബ്ലിക് പ്രോസിക്യൂട്ടറെ വച്ചതരാം എന്ന് പറഞ്ഞിട്ടുണ്ടെന്ന് അവർ ആത്മവിശ്വാസത്തോടെ പറയുന്നു.

ഒരു സ്പെഷൽ പ്രോസിക്യൂട്ടറെ വച്ച്, പ്രത്യേക കോടതിയുടെ സഹായത്തോടെ ഈ കേസ് എത്രയും വേഗം തീർപ്പാക്കണം. അർഹമായ ശിക്ഷ പ്രതിക്ക് വിധിക്കണം. ഇത്രയും ദിവസങ്ങളായി ആ കുടുംബത്തിന് പണിക്കുപോകാൻ കഴിഞ്ഞിട്ടില്ല. ഇനി പണിക്കുപോകാൻ കുറച്ചു കാലത്തേക്കെങ്കിലും ബുദ്ധിമുട്ടുണ്ടാകാം. ആ നിലയക്ക് ആ കുടുംബത്തെ സാമ്പത്തികമായി പിന്തുണക്കാൻ സർക്കാറിൽ നിന്ന് സഹായം അനുവദിച്ചുകിട്ടേണ്ടതുണ്ട്. ആ കുടുംബത്തെ സാമ്പത്തികമായും ഭൗതികമായും സാമൂഹികമായും സംരക്ഷിക്കുന്ന സാഹചര്യം സർക്കാർ ഒരുക്കണം. അവിടെ ഇനിയൊരു കുഞ്ഞ് കൊലചെയ്യപ്പെടാതിരിക്കാനുളള ഭൗതിക സാഹചര്യം ഒരുക്കിക്കൊടുക്കേണ്ടതുണ്ട്. അതിനായി, പുള്ളപ്പുരകൾ പുനഃസ്ഥാപിക്കണം. ഇവിടെ മാത്രമല്ല, തോട്ടം മേഖലയിലെ എല്ലാ കമ്പനികളിലും അന്വേഷണം നടത്തി, ഏഴു കുട്ടികൾ എന്ന വ്യവസ്ഥക്ക് അയവുവരുത്തി, ഒരു കുട്ടിയാണെങ്കിൽ പോലും ആ കുട്ടിയെ സംരക്ഷിക്കുന്ന സംവിധാനം തോട്ടം തൊഴിൽ മേഖലയിൽ അത്യാവശ്യമാണ്. അതോടൊപ്പം അങ്കണവാടിയും ബാലവാടിയും ഇല്ലാത്തിടങ്ങളിൽ അവയും അനിവാര്യമാണ്. സർക്കാറിന്റെ അടിയന്തര ശ്രദ്ധ ഇക്കാര്യത്തിൽ ആവശ്യമാണ്.

ഒപ്പം, തോട്ടം തൊഴിൽ മേഖലയിൽ തൊഴിലും കൂലിയും തമ്മിലുള ബന്ധം കണക്കിലെടുത്ത്, എന്താണ് അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് പഠിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കണം. അതിന്റെ അടിസ്ഥാനത്തിൽ അവരുടെ അനുഭവങ്ങൾ മനസ്സിലാക്കി സർക്കാർ റിപ്പോർട്ട് ആവശ്യപ്പെടണം. അതിന്റെ അടിസ്ഥാനത്തിൽ ഔദ്യോഗികമായി വ്യവസ്ഥീകരിക്കണം. എങ്കിലേ തൊഴിലാളികളുടെ ദുരിതങ്ങൾക്ക് പരിഹാരമുണ്ടാകൂ. അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും അവർ തന്നെ പറയട്ടെ. തൊഴിലാളി നേതാക്കൾ ഉൾപ്പടെയുള്ള ഇടനിലക്കാരെ ഒഴിവാക്കി തൊഴിലാളികളെ സർക്കാർ നേരിട്ടു കേൾക്കണം. അത്തരമൊരു തുടക്കം കൂടി ഇടതുപക്ഷ സർക്കാറിൽനിന്നുണ്ടാകണം.
സി.ഐ. സുനിൽകുമാറിന്റെ ടീമിലെ പല ഉദ്യോഗസ്ഥരും സ്ഥലം മാറിപ്പോയതായി അറിയുന്നു. സുനിൽകുമാറിനെ തന്നെ ട്രാൻസ്ഫർ ചെയ്യുമോ എന്നും സംശയം ഉയരുന്നുണ്ട്. എന്തായാലും, കുറ്റപത്രം സമർപ്പിക്കുന്നതുവരെ ഈ ടീമിനെ തന്നെ നിലനിർത്താൻ സർക്കാറിന്റെ ഭാഗത്തുനിന്ന് പ്രത്യേക ഉത്തരവുണ്ടാകണമെന്നും അഭ്യർഥിക്കുന്നു.



ഗീത

സ്​ത്രീപക്ഷ പ്രവർത്തക, ആക്​റ്റിവിസ്​റ്റ്​. സാഹിത്യം, സിനിമ, സംസ്​കാര പഠനം എന്നിവയിൽ വിമർശനാത്​മക ഇടപെടൽ. വിവിധ കോളേജുകളിൽ മലയാളം അധ്യാപികയായിരുന്നു. കണ്ണാടികൾ ഉടയ്​ക്കുന്നതെന്തിന്​, എഴുത്തമ്മമാർ, മലയാളത്തിന്റെ​​​​​​​ വെള്ളിത്തിര, കളിയമ്മമാർ, പെൺകാലങ്ങൾ, ഗീതയുടെ സമ്പൂർണ കഥകൾ, അമ്മക്കല്ല്​ (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments