ശൂദ്രൻ, ചട്ടമ്പിസ്വാമിയുടെ പ്രയോഗങ്ങൾ

ജീവൻ നിലനിർത്താൻ ആവശ്യമായത്രയും ഭക്ഷണം -അത് ഉച്ഛിഷ്ടമായാലും ശരി- കൊടുത്താൽ മതി ജനസംഖ്യയിൽ വലിയ ഒരു ശതമാനത്തെ മേലാളർക്ക് അടിമപ്പണിക്കായി കിട്ടുന്നു. കൂലി കൊടുക്കേണ്ട. എന്തൊക്കെ ചെയ്താലും ശൂദ്രൻ ധനം സമ്പാദിക്കരുത് എന്ന് നിർബന്ധമാണ്. ശൂദ്രൻ പണം സമ്പാദിച്ച് വലിയ ധനികനായാൽ അത് ബ്രാഹ്മണന് മനോവിഷമം ഉണ്ടാക്കും. ശൂദ്രൻ ധനികനായാൽ ബ്രാഹ്മണനെ ധിക്കരിച്ചേക്കാം എന്ന ആശങ്കയും ധർമ്മസംഹിതകളിൽ വ്യക്തമായി കൊടുത്തിട്ടുണ്ട്. ഈ വിശ്വാസങ്ങൾ നിലനിൽക്കുന്ന കാലത്താണ് ചട്ടമ്പിസ്വാമികൾ ആർക്കാണ് വേദപഠനത്തിന് അധികാരം എന്ന് ഉറക്കെ ചിന്തിക്കുന്നത്.

തം എന്നുവെച്ചാൽ വിശുദ്ധഗ്രന്ഥം, വിശ്വാസങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ എന്നിവ മാത്രമല്ല, ഇവയെല്ലാം അംഗീകരിക്കുന്ന വിശ്വാസിസമൂഹം കൂടി ഉൾപ്പെട്ടതാണ് എന്ന് ജർമ്മൻ തത്ത്വചിന്തകൻ ഹെഗെലിന്റെതായി ഒരു നിർവചനമുണ്ട്. ഒരു പടി കൂടി കടന്ന്, വിശ്വാസപ്രമാണങ്ങളാൽ പരസ്പരം ദൃഢമായി ബന്ധപ്പെട്ടിരിക്കുന്ന വിശ്വാസികൾ ചേർന്നുണ്ടാകുന്ന സമുദായം ആണ് മതം എന്നും പറയാം. അതായത് ഊന്നൽ വിശുദ്ധഗ്രന്ഥത്തിൽനിന്നും ആചാരങ്ങളിൽനിന്നും മാറി വിശ്വാസി സമുദായത്തിലേക്കുവരുന്നു. വിശ്വാസികളുടേതായ സമുദായത്തിൽ വ്യാപിക്കുകയും അവരിൽ സാക്ഷാത്താവുകയും ചെയ്യുന്ന വിശ്വാസ-വിശ്വാസി നൈരന്തര്യമായി മതം മാറുന്നു. ഇത്തരമൊരു മതം സമുദായത്തെയാണ് സംബോധനചെയ്യുന്നത്, വ്യക്തികളെയല്ല. ദിവ്യാത്മാവ് ജനക്കൂട്ടത്തിൽ ഒന്നാകെ വ്യാപിക്കുന്നതായി അത്തരം മതങ്ങളിൽ സങ്കൽപിക്കുന്നു.

പക്ഷെ, മതത്തിന്റെ ഈ നിർവചനം ഹിന്ദുമതത്തിന് ചേരുകയില്ല. ഒരു വ്യക്തിയും അവന്റെ വിശ്വാസങ്ങളുമാണ് ഹിന്ദുവിന്റെ മതം. അതൊരിക്കലും സമൂഹത്തിലേക്ക് ഒന്നാകെ വ്യാപിക്കുന്നില്ല. സമൂഹത്തിലെ വ്യക്തികൾ തമ്മിൽ ജാതി-തൊഴിൽ ബന്ധങ്ങളല്ലാതെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ രൂപംകൊള്ളുന്ന സാഹോദര്യമോ ഏകാത്മാവിന്റെ സമൂഹവ്യാപനമോ ഉണ്ടാകുന്നില്ല. വിശുദ്ധഗ്രന്ഥങ്ങൾ പോലും എല്ലാവർക്കും കൈയിൽ വെക്കാനോ പഠിക്കാനോ അവകാശമില്ല. അങ്ങനെ ചെയ്യുന്നതിൽനിന്ന് കർക്കശമായ നിയമങ്ങൾ അവരെ തടയുന്നു. ഗ്രന്ഥം പോയിട്ട് അതെഴുതിയ ഭാഷ പഠിക്കാൻ പോലും അവർക്ക് അവകാശമില്ല. കേരളീയർക്കു വേണ്ടി എഴുതിയ ശാങ്കരസ്മൃതിയിൽ പറയുന്നത് അങ്ങനെയാണ്. ശൂദ്രർക്ക് അക്ഷരമാല പഠിക്കാം, പക്ഷെ വിശുദ്ധഗ്രന്ഥങ്ങൾ വായിക്കാൻ പാടില്ല. പുരാണം വായിക്കുന്നത് കേൾക്കാം, എന്നാൽ സ്വയം പുസ്തകം നോക്കി പുരാണം വായിച്ചുകൂടാ.

പഠനമോ ആത്മസാക്ഷാത്കാരമോ ശൂദ്രനു പറഞ്ഞിട്ടില്ല. ശൂദ്രന്റെ മുഖ്യധർമ്മം തനിക്കു മുകളിലെ വർണ്ണങ്ങളുടെ, പ്രധാനമായും ബ്രാഹ്മണവർഗ്ഗത്തിന്റെ സേവനമാണ്. ബ്രാഹ്മണരെ പരിചരിക്കുക, ബ്രാഹ്മണന്റെ ഉച്ഛിഷ്ടം കഴിക്കുക, അവരുടെ കൽപന അനുസരിക്കുക, അവർക്കു വേണ്ടത് ചെയ്തുകൊടുക്കുക ഇതൊക്കെ ചെയ്താൽ മതി ശൂദ്രൻ സ്വർഗം പൂകാൻ.

ഭാഗ്യത്തിന് അന്യസംസ്ഥാനക്കാർക്കില്ലാത്ത ഒരു സൗജന്യം ശാങ്കരസ്മൃതി കേരളത്തിലെ ശൂദ്രർക്ക് അനുവദിച്ചിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിലെ ശൂദ്രന്മാർ ബ്രാഹ്മണനെ കാണുമ്പോഴെല്ലാം നിലത്തുകിടന്ന് നമസ്‌കരിക്കേണ്ടതുണ്ട്, എന്നാൽ കേരളത്തിലെ ശൂദ്രർ അപ്രകാരം ചെയ്യേണ്ട. അവർ കുനിഞ്ഞ് ഉപചാരം കാട്ടിയാൽ മതിയാവും.

ഇങ്ങനെ ഒരു സംവിധാനം സമൂഹത്തിൽ ഏർപ്പെടുത്തുന്നത്, അങ്ങനെ ഏർപ്പെടുത്തുന്നവർക്ക് ഏറെ സൗകര്യമായിരിക്കും. ജീവൻ നിലനിർത്താൻ ആവശ്യമായത്രയും ഭക്ഷണം - അത് ഉച്ഛിഷ്ടമായാലും ശരി- കൊടുത്താൽ മതി ജനസംഖ്യയിൽ വലിയ ഒരു ശതമാനത്തെ മേലാളർക്ക് അടിമപ്പണിക്കായി കിട്ടുന്നു. കൂലി കൊടുക്കേണ്ട. ബ്രാഹ്മണന് സേവനം ആവശ്യമില്ലെങ്കിൽ ശൂദ്രന് കൈത്തൊഴിൽ ചെയ്തു ജീവിക്കാം. എന്തൊക്കെ ചെയ്താലും ശൂദ്രൻ ധനം സമ്പാദിക്കരുത് എന്ന് നിർബന്ധമാണ്. ശൂദ്രൻ പണം സമ്പാദിച്ച് വലിയ ധനികനായാൽ അത് ബ്രാഹ്മണന് മനോവിഷമം ഉണ്ടാക്കും എന്നതുകൊണ്ടാണ് ശൂദ്രൻ ധനം സമ്പാദിക്കരുത് എന്ന് വിലക്കിയിരിക്കുന്നത്. കൂടാതെ ശൂദ്രൻ ധനികനായാൽ ബ്രാഹ്മണനെ ധിക്കരിച്ചേക്കാം എന്ന ആശങ്കയും ധർമ്മസംഹിതകളിൽ വ്യക്തമായി കൊടുത്തിട്ടുണ്ട്.

ഈ വിശ്വാസങ്ങൾ നിലനിൽക്കുന്ന കാലത്താണ് ചട്ടമ്പിസ്വാമികൾ ആർക്കാണ് വേദപഠനത്തിന് അധികാരം എന്ന് ഉറക്കെ ചിന്തിക്കുന്നത്. തന്റെ നിശിതമായ ബുദ്ധിയും സൂക്ഷ്മമായ തർക്കവും ഉപയോഗിച്ച് ശൂദ്രർക്കും വേദപഠനമാകാം എന്ന് സ്വാമികൾ സമർത്ഥിക്കുന്നു. ബ്രാഹ്മണർ മാത്രമേ വേദം പഠിക്കാവൂ എന്ന്

ചട്ടമ്പിസ്വാമികൾ

സ്മൃതികളിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ അബ്രാഹ്മണർ പലരും വേദം പഠിച്ചതായും ബ്രാഹ്മണർ അവരെ വേദം (അല്ലെങ്കിൽ ബ്രഹ്മവിദ്യ) പഠിപ്പിച്ചതായും പുരാണകഥകളിൽ കാണുന്നു. പഠിക്കാമെന്നും പഠിക്കരുതെന്നും രണ്ടു വിധത്തിൽ പറഞ്ഞിരിക്കയാൽ പഠിക്കാം എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത് എന്നു സ്വാമികൾ സ്ഥാപിക്കുന്നു.
വേദം എന്നു പറയുമ്പോൾ സ്വാമികൾ മനസ്സിലാക്കുന്നത് അച്ചടിച്ച വേദപുസ്തകങ്ങളെയല്ല, ബ്രഹ്മജ്ഞാനത്തെയാണ് എന്നു വിചാരിക്കണം. കാരണം വേദത്തിന്റെ അർത്ഥം അറിയാൻ അദ്ദേഹം വാക്കിന്റെ അർത്ഥത്തിലേക്കും പര്യായങ്ങളിലേക്കുമാണ് പോയത്. അനേകം യുക്തികൾ ഉപയോഗിച്ച് വേദപഠനം ശൂദ്രർക്കും ആകാം എന്നു സ്ഥാപിക്കുന്നതിന്റെ പിറകിൽ ജാതികൾ സമങ്ങളാണ് എന്ന സങ്കൽപവും കാണും. സംസ്‌കൃതം പഠിച്ച ഒറ്റപ്പെട്ട എതെങ്കിലും ഒരു ശൂദ്രവ്യക്തിയെ വേദം പഠിക്കാൻ അനുവദിക്കാമോ എന്നതല്ല പ്രശ്‌നം. 18ാം നൂറ്റാണ്ടിൽ വേദങ്ങൾ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയിരിക്കെ ആർക്കും അവ വിലകൊടുത്തു വാങ്ങി സ്വന്തമാക്കാനും പഠിക്കാനും കഴിയുമായിരുന്നു. രാഷ്ട്രീയാധികാരം ബ്രിട്ടീഷുകാരിലേക്ക് പോയതിന്റെ ഫലമായിരുന്നു ഇത്. വേദം കേട്ടുവെന്ന് ആരോപിക്കപ്പെടുന്ന ശൂദ്രനെ പിടിച്ചുകൊണ്ടുവന്ന് അവന്റെ ചെവിയിൽ ഈയം ഉരുക്കിയൊഴിക്കാൻ ബ്രിട്ടീഷുകാർ ഭരിക്കുമ്പോൾ സാധിക്കുമായിരുന്നില്ല. രാജഭരണകാലത്തും വേദം കേട്ടു പോയ ശൂദ്രനെ പിടിച്ചുകൊണ്ടുവന്ന് ചെവിയിൽ ഈയം ഉരുക്കി ഒഴിക്കുമായിരുന്നോ എന്നു സംശയമാണ്. കുറ്റകൃത്യം തടയാനും പേടിപ്പിക്കാനുമായി ഘോരനിയമങ്ങൾ ഇങ്ങനെ എഴുതിവെച്ചതാവാൻ മതി.

ശൂദ്രൻ ശ്മശാനമാകയാൽ അവനുള്ളേടത്ത് വേദം ഉച്ചരിക്കരുത് എന്നു വിധിച്ചിരിക്കുന്നു. അങ്ങനെ ചെയ്യുന്നത് പാപമാണ്. ശൂദ്രന്റെ സാമീപ്യം അറിയാതെ ഒരു ബ്രാഹ്മണൻ വേദം ഉച്ചരിക്കുകയും വേദമാണ് ഉച്ചരിക്കുന്നത് എന്ന് അറിയാതെ ശൂദ്രൻ അതുവഴി കടന്നുപോകുകയും ചെയ്യാൻ ഇടയാവുന്ന പ്രത്യേകസന്ദർഭത്തിലല്ലാതെ ഈ കുറ്റകൃത്യം നടക്കുകയില്ല.

അധികാരം ഉണ്ടായിട്ടും ബ്രാഹ്മണൻ അലസതയാലോ മറ്റോ വേദം പഠിക്കാതിരിക്കുകയാണെങ്കിൽ അവൻ ശൂദ്രന്റെ നിലയിലേക്ക് തരംതാഴുന്നു എന്നു സ്മൃതികൾ പറയുന്നു. വേദം പഠിക്കുക എന്നുവെച്ചാൽ അത്ര എളുപ്പമല്ല. എട്ടു വയസ്സിൽ തുടങ്ങുന്ന കഠിനയത്‌നത്തിലൂടെയാണ് വേദം സ്വായത്തമാക്കേണ്ടത്. നല്ല സമ്പത്തുള്ള കുടുംബത്തിലെ കുട്ടികൾക്കേ ഈ രീതിയിൽ വേദം പഠിക്കാൻ കഴിയൂ. ഇതേരീതിയിൽ വേദം പഠിക്കാൻ ശൂദ്രന് സാധിക്കില്ല. സ്വന്തം ജീവിതത്തിന് ആവശ്യമായ പണം മുഴുവൻ ആദ്യമേ കരുതൽ ധനമായി പൂർവികർ നിക്ഷേപിച്ചിട്ടുണ്ടെങ്കിലേ അതുപയോഗിച്ച് വേദം പഠിക്കാൻ കഴിയൂ. മതിയായ ഒഴിവുസമയവും വേണം. ശൂദ്രനെ വേദം പഠിപ്പിക്കുന്ന ബ്രാഹ്മണൻ നരകത്തിൽ പോകുമെന്ന് ഉറപ്പാണ്. പിന്നെ ആരാണ് ശൂദ്രനെ അതു പഠിപ്പിക്കുക? കൃത്യമായ രീതിയിൽ ഉച്ചരിച്ചില്ലെങ്കിൽ മന്ത്രത്തിന്റെ പ്രഭാവം നഷ്ടമാകും.

അച്ചടിച്ച പുസ്തകത്തിലെ അക്ഷരങ്ങൾ നോക്കി വേദം വായിക്കുന്നതുകൊണ്ട് അതിന്റെ ദിവ്യശക്തി കൈവരികയില്ല. 19ാം നൂറ്റാണ്ടിൽ വേദം അച്ചടിക്കുക എന്ന ലക്ഷ്യത്തോടെ അത് എഴുതിയെടുക്കാൻ എച്ച്.എച്ച്. വിൽസൻ ശ്രമിച്ചപ്പോൾ വേദം ചൊല്ലിക്കൊടുക്കാൻ ആരും തയ്യാറായില്ല എന്നു എവിടെയോ വായിച്ചതോർക്കുന്നു. റഫറൻസ് തരാൻ നിവൃത്തിയില്ല. ഹൈദരാബാദിൽ താമസിക്കുന്ന, മദ്യപനും ജാതിഭ്രഷ്ടനുമായ ഒരു ബ്രാഹ്മണനാണ് അതിന് തയ്യാറായത്. അച്ചടിമഷിയിൽ പശുവിന്റെ രക്തം ചേർക്കുമെന്ന തെറ്റിദ്ധാരണയാൽ അച്ചടിച്ച വേദം ബ്രാഹ്മണർ കൈകൊണ്ടു തൊടുമായിരുന്നില്ല. എന്നാൽ അതേ പുസ്തകം മറ്റൊരാൾ ഉറക്കെ വായിച്ചാൽ അതവർ കേട്ടുകൊള്ളും. ഇതു പറയുമ്പോൾ വൈദികസാഹിത്യപ്രാവീണ്യം നേടിയ ഫ്രീദ്രിഹ് മാക്‌സ് മുള്ളർക്ക് വാരാണസിയിലെ ബ്രാഹ്മണസമൂഹം ബ്രാഹ്മണപദവി നൽകിയ കാര്യംകൂടി ഓർമ്മിക്കാം. മാക്‌സ് മുള്ളർ എഡിറ്റു ചെയ്ത ഋഗ്വേദം വാരാണസിയിൽ പ്രസിദ്ധീകരിക്കാൻ ഇന്ത്യാക്കാർ ക്ഷണിച്ചിരുന്നുവെങ്കിലും തനിക്കത് സ്വീകരിക്കാൻ കഴിഞ്ഞില്ല. മാക്‌സ് മുള്ളർ ഇന്ത്യയിൽ വന്നില്ലെങ്കിലും പ്രശസ്തരായ അനേകം

മാക്‌സ് മുള്ളർ Photo/Alexander Bassano, Wikipedia

ബ്രാഹ്മണപണ്ഡിതരും സംന്യാസിമാരും ഇംഗ്ലണ്ടിൽ പഠിക്കുന്ന വിദ്യാർത്ഥികളും അങ്ങോട്ടുചെന്ന് മാക്‌സ് മുള്ളറെ കാണുമായിരുന്നു. സായണനെയോ യാസ്‌കനെയോ നേരിൽ കാണുമ്പോഴത്തെ ആദരവായിരുന്നു മാക്‌സ് മുള്ളർ കടന്നുവരുമ്പോൾ അവർക്ക്. ഇംഗ്ലീഷിൽ തമ്മിൽ സംസാരിച്ചപ്പോൾ ഇന്ത്യക്കാർ പറയുന്ന ഇംഗ്ലിഷ് മാക്‌സ് മുള്ളർക്ക് മനസ്സിലായില്ല, സംസ്‌കൃതത്തിൽ സംസാരിച്ചപ്പോൾ മാക്‌സ് മുള്ളറുടെ വിചിത്രമായ സംസ്‌കൃതോച്ചാരണം പണ്ഡിറ്റുകൾക്കും മനസ്സിലായില്ല എന്ന് നീരദ് സി. ചൗധരി എഴുതുന്നു. കുറെ ജർമ്മൻകാർ വാരാണസിയിൽ വന്ന് ബ്രാഹ്മണരായി മാറി കോളനിയുണ്ടാക്കി താമസിക്കാൻ പോകുന്നു എന്ന കേട്ടുകേൾവി അന്ന് വാരാണസിയിൽ പരന്നിരുന്നു എന്ന് മാക്‌സ് മുള്ളർ തന്റെ അമ്മയ്ക്കുള്ള കത്തിൽ എഴുതിയിട്ടുണ്ട്. തന്റെ പദ്ധതികൾ നടക്കാതെ പോയാൽ താനും അവിടെ അഭയം തേടുമെന്നും അതേ കത്തിൽ താൻ എഴുതി. സംസ്‌കൃതവും വേദവും പഠിക്കുകയും അവയെപ്പറ്റി എഴുതുകയും ചെയ്‌തെങ്കിലും മാക്‌സ് മുള്ളർ തന്റെ ക്രിസ്തുമതവിശ്വാസം കൈവിടുകയുണ്ടായില്ല.

വേദം ജ്ഞാനമാണ് എന്നു പറയുമെങ്കിലും ഇന്ന് പുസ്തകരൂപത്തിൽ ലഭ്യമായ ഋഗ്വേദമോ അഥർവവേദമോ അർത്ഥമറിഞ്ഞുതന്നെ പഠിച്ച് ഹൃദിസ്ഥമാക്കിയതുകൊണ്ടുമാത്രം ഒരാൾക്ക് ബ്രഹ്മജ്ഞാനം കൈവരുമോ എന്ന് സംശയമാണ്. ബ്രഹ്മസാക്ഷാത്കാരത്തിന് സഹായകമായ വേദം വേറെയാണ്. അതിനുവേണ്ടിയാണ് പുരാണകഥകളിലെ ബ്രാഹ്മണർ ക്ഷത്രിയരെയും വൈശ്യരെയും സമീപിച്ചത്. ഒരു കഥയിൽ ധനികനായ ഒരു ശൂദ്രൻ ബ്രാഹ്മണനെ സമീപിച്ചത്. ഈ ജ്ഞാനം വേദമന്ത്രരൂപമാകാൻ ഇടയില്ല. ആണെങ്കിൽ, ഓർമ്മയിൽ ഋഗ്വേദം സൂക്ഷിക്കുന്ന ബ്രാഹ്മണർ അതുതന്നെ വീണ്ടും ക്ഷത്രിയരിൽ നിന്ന് സമ്പാദിക്കേണ്ട കാര്യമില്ല. അതിനുമപ്പുറം രഹസ്യമായിരിക്കുന്ന മറ്റൊരു ജ്ഞാനമാണ് ബ്രഹ്മസാക്ഷാത്കാരത്തിലേക്കു നയിക്കുന്നത്.

എട്ടു വയസ്സുമുതൽ പഠിച്ച് ഉറപ്പിച്ച വേദമന്ത്രജ്ഞാനം കർമ്മാനുഷ്ഠാനങ്ങൾക്ക് അത്യാവശ്യമാണ്. എന്നാൽ ആത്മസാക്ഷാത്കാരത്തിന് ആവശ്യം മേലെ പറഞ്ഞ രഹസ്യജ്ഞാനമാണ്. ഇത് യോഗവിദ്യാരൂപമാണ് എന്നു കാണാം. പല ധർമ്മസൂത്രങ്ങളുടെയും അവസാനത്തെ അദ്ധ്യായങ്ങളിൽ വിവരിക്കുന്നത് യോഗാനുഷ്ഠാനമാണ്. ഉപനിഷത്തുകൾ മാത്രമല്ല ധർമ്മസൂത്രങ്ങളും യോഗവിദ്യ ഉപദേശിക്കുന്നു.

ശൂദ്രന് അധികാരമുണ്ട് എന്ന് ചട്ടമ്പിസ്വാമികൾ പ്രഖ്യാപിക്കുന്ന ജ്ഞാനം ഇതാണ്. ഇത് രഹസ്യമായ ജ്ഞാനമാണ് എന്നു പറയുന്നതിന് പൊതുജനങ്ങൾ എല്ലാവർക്കും ഈ ജ്ഞാനം ആവശ്യമില്ലെന്നും നന്നേ കുറച്ചു വ്യക്തികൾ മാത്രമേ അത് ശീലിക്കേണ്ടൂ എന്നും അർത്ഥമാകാം. സമൂഹത്തിലെ മുഴുവൻ ആളുകളും ബ്രഹ്മജിജ്ഞാസുക്കളായി ഇക്കാണുന്ന പ്രപഞ്ചം മിഥ്യയാണെന്ന തീരുമാനത്തിൽ എത്തിയാൽ രാഷ്ട്രത്തിനും അതിന്റെ സാമ്പത്തികഘടനക്കും എന്തു സംഭവിക്കും? വമ്പിച്ച സ്വത്തിന് ഉടമയായ ഒരാൾക്കു മാത്രമേ ബ്രഹ്മജ്ഞാനത്തിനായി പരിശ്രമിക്കാൻ കഴിയൂ. അല്ലെങ്കിൽ എല്ലാ സമ്പത്തും ത്യജിച്ച് ശരീരം മാത്രമായി സഞ്ചരിക്കുന്ന സന്യാസിയ്ക്ക്. ഏതായാലും ജനസാമാന്യത്തിന് പൊതുവേ സ്വീകരിക്കാവുന്ന ഒരു മാർഗ്ഗമല്ല ബ്രഹ്മജിജ്ഞാസയുടേത്.

ഇനി ശ്രമിച്ചാൽപോലും ഒന്നോ രണ്ടോ ആളുകൾക്കു മാത്രം ചെന്നെത്താൻ കഴിയുന്ന അത്യുന്നതപദവിയാണത്. ഈ ആശയം സ്വാമികൾ ഭഗവദ്ഗീതയിൽനിന്ന് ഇങ്ങനെ ഉദ്ധരിക്കുന്നു: ‘‘അനേകായിരം മനുഷ്യരിൽ ഒരാൾ ആത്മസാക്ഷാത്കാരത്തിനുവേണ്ടി ശ്രമിക്കുന്നു. അങ്ങനെ ശ്രമിക്കുന്ന അനേകരിൽ ഒരാൾ അതുനേടിയെന്നു വരാം (413).'’ അഹിംസയെ പരമധർമ്മമായി സ്വാമികൾ ചിത്രീകരിക്കുന്നേടത്തും വിരലിലെണ്ണാൻ കഴിയുന്നത്ര ആളുകൾക്കുമാത്രം പാരമ്യത്തിൽ എത്തിക്കാൻ കഴിയുന്ന പദ്ധതിയെപ്പറ്റിയാണ് താൻ സംസാരിക്കുന്നത്. സസ്യാഹാരികൾക്കെതിരെ സംസാരിക്കുന്ന മാംസാഹാരികൾ ഉപയോഗിക്കുന്ന ഒരു ന്യായം സസ്യങ്ങൾക്കും ജീവനുള്ളതിനാൽ അവയെ ആഹരിക്കുന്നതും ഹിംസയാകും എന്നതാണല്ലോ.

സസ്യങ്ങളെ ഭക്ഷിക്കുന്നത് ഹിംസയാണ് എന്നു സ്വാമികൾ സമ്മതിക്കുന്നു. എന്നാൽ പടിപടിയായി ആഹാരം കുറച്ചുകൊണ്ടുവന്ന് ഉണങ്ങിയ ഇലകൾ മാത്രം കഴിച്ചും അതും കടന്ന് വായുമാത്രം ഭക്ഷണമാക്കിയും യോഗിക്ക് പരിപൂർണമായ അഹിംസയിൽ എത്താൻ കഴിയുമെന്നാണ് സ്വാമികൾ പറയുന്നത്. ഇത് ചുരുക്കം വ്യക്തികൾക്കു മാത്രം സാധിക്കുന്ന കഠിനവ്രതമാണ്.

ബ്രാഹ്മണനായാൽ പോലും ഒന്നോ രണ്ടോ വിശിഷ്ടവ്യക്തികൾക്ക്, കിട്ടിയെങ്കിലായി എന്നു പറഞ്ഞ പോലെ ദുർലഭമായിരിക്കുന്ന ബ്രഹ്മസാക്ഷാത്കാരത്തിനായി ശൂദ്രരോ അതിൽ താഴെയുള്ള അവർണ്ണരോ പഞ്ചമരോ കഷ്ടപ്പെടുന്നത് എന്തിന് എന്ന ചോദ്യം ഉയരേണ്ടത് ഇവിടെയാണ്.

ശൂദ്രർ

ബ്രാഹ്മണർക്കു മാത്രം എന്ന വാദത്തെ ഇതുവരെ നേരിട്ടത്, നിങ്ങൾക്കു മാത്രമായാൽ പോരാ ഞങ്ങൾക്കും വേണം എന്നു പറഞ്ഞുകൊണ്ടാണ്. ജാതികൾ പലതും അങ്ങനെ ബ്രാഹ്മണരുടെ രീതികൾ സ്വീകരിക്കാൻ ഇടയായി. ജാതികളുടെ സംസ്‌കൃതീകരണത്തിലേക്ക് അതു നയിച്ചു. ഇതിനുപകരം ആരും പരീക്ഷിക്കാത്ത മറ്റൊരു വഴിയും ഉണ്ടായിരുന്നു, നിങ്ങളുടെ ദിവ്യഗ്രന്ഥങ്ങളും ദൈവികജ്ഞാനവും നിങ്ങൾ പണ്ടേ വേലി കെട്ടിത്തിരിച്ചതുപോലെ നിങ്ങളുടെ കയ്യിൽ തന്നെ ഇരിക്കട്ടെ, അവയൊന്നും ഞങ്ങൾക്കു വേണ്ട എന്നു വെക്കുന്ന ഒരു വഴി.
രാജ്യത്തിലെ എല്ലാ ജനങ്ങളും ബുദ്ധന്റെ ഭിക്ഷുമാർഗ്ഗം തെരഞ്ഞെടുത്താൽ അത് വലിയ അസന്തുലനത്തിലേക്കു നയിക്കും. ഭിക്ഷുക്കളുടെ ആശ്രമങ്ങൾക്കായി പണ്ടത്തെ രാജാക്കന്മാർ അസംഖ്യം ഗ്രാമങ്ങൾ വിട്ടുകൊടുത്തിരുന്നു. രാജദാനവും ഭിക്ഷയും കൊണ്ട് ജീവിക്കുന്ന അസംഖ്യം ഭിക്ഷുക്കൾ രാജ്യത്തിൽ ഉണ്ടായിരിക്കുകയെന്നാൽ അത്രയും ആളുകൾ നാട്ടിലെ ഉൽപാദന-സാമ്പത്തികപ്രക്രിയകളിൽനിന്ന് മാറിനിൽക്കുക എന്നാണ് അർത്ഥം. വർണ്ണവ്യവസ്ഥ ബ്രാഹ്മണരോട് ആവശ്യപ്പെടുന്നതും ഉൽപാദനപ്രക്രിയയിൽനിന്ന് മാറിനില്ക്കാനാണ്. ഒഴിവാക്കാൻ കഴിയാത്ത സ്ഥിതിയിൽ പണം പലിശയോ കൃഷിയോ ബ്രാഹ്മണർക്ക് ജീവനോപായമാക്കാം. എന്നാൽ ദക്ഷിണയാണ് അവരുടെ മുഖ്യവരുമാനം.

ധാന്യവണ്ടികളിൽനിന്ന് ഉതിർന്നുവീണ ധാന്യമണികളും കൊയ്ത്തു കഴിഞ്ഞ വയലിൽ ശേഷിക്കുന്ന ധാന്യമണികളും പെറുക്കിയെടുത്തു (കാലാ പെറുക്കുക) വേണം ബ്രാഹ്മണൻ നിത്യവൃത്തി കഴിക്കാൻ എന്നു ധർമ്മസൂത്രങ്ങളിൽ പറയുന്നു. ആത്മീയമായ പ്രവർത്തനങ്ങളിൽ മുഴുകി ജീവിക്കുന്ന ഇത്രയും അധികം പേരെ നിലനിർത്തേണ്ടത് ജനസംഖ്യയിൽ ബാക്കിവരുന്ന മറ്റേ വിഭാഗമാണ്. അവർക്കു അതിനു സാധിക്കാതെ വന്നാൽ ഭിക്ഷുസമ്പ്രദായത്തിന് താളം തെറ്റും; സംവിധാനം തന്നെ തകർന്നടിയും. ഈ വിഷയത്തിൽ വ്യത്യസ്തമായ അഭിപ്രായമായിരുന്നു ബ്രഹ്മാനന്ദസ്വാമികൾക്ക്.

വേറൊരിടത്ത് ഞാൻ ഉദ്ധരിച്ച ബ്രഹ്മാനന്ദസ്വാമികളുടെ ആശയം ആവർത്തിക്കട്ടെ: ‘‘സർവ്വസ്വവും ത്യജിച്ച് ഭിക്ഷാടനം ചെയ്തു ജീവിക്കുന്നതിനോട് സ്വാമികൾക്ക് യോജിപ്പില്ല. അവനവന്റെ ജീവിതത്തിന് ആവശ്യമായ സ്വത്ത് കൈവശം വെക്കണം എന്ന് സ്വാമികൾ ഉപദേശിക്കുന്നു. അങ്ങനെ ചെയ്യാതെ മുഴുവൻ സ്വത്തും ഉപേക്ഷിച്ച് ഭിക്ഷുവായി ജീവിക്കുന്നത് ഇഹസുഖത്തിനും നിജാനന്ദത്തിനും ഒരു പോലെ ഹാനിയാവും. ബുദ്ധന്റെയും മറ്റും സർവ്വത്യാഗസമ്പ്രദായം ശരിയായില്ല എന്നും ബുദ്ധൻ രാജ്യത്തെ ത്യജിച്ചത് യുക്തമായില്ല എന്നും സ്വാമികൾ പറഞ്ഞു(ആനന്ദാദർശം 169, 171).''

അന്നത്തെ ബ്രാഹ്മണരുടെ സാമ്പത്തികഭദ്രതയുടെ അടിസ്ഥാനം ശൂദ്രരുടെയും അതിൽ താഴ്ന്ന ജാതികളുടെയും അടിമത്തമായിരുന്നു. രാജ്യത്തിലെ സമ്പത്ത് മുഴുവനായും വന്നത് ജനങ്ങളുടെ അദ്ധ്വാനത്തിൽനിന്നാണ്. അതാണ് കനത്ത നിധിനിക്ഷേപങ്ങളായി പരിണമിച്ചത്. അല്ലാതെ രാജാക്കന്മാരുടെ കയ്യിൽ വേറെ ധനാകർഷണഭൈരവയന്ത്രങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

സമ്പത്തുണ്ടാക്കാൻ ഉതകുന്ന ഉൽപാദനപ്രക്രിയകൾ അവർ ആരംഭിക്കുകയോ നടത്തിക്കൊണ്ടു പോവുകയോ ഉണ്ടായില്ല. കണ്ണിൽ ചോരയില്ലാത്ത നികുതി, യുദ്ധമെന്ന പേരിൽ അന്യരാജ്യങ്ങളിൽ ചെന്ന് നടത്തുന്ന കൊള്ള - ഇവയായിരുന്നു രാജസമ്പത്തിന്റെ ഉറവിടം. ഉറപ്പുള്ള ധനാധാരത്തിന്മേൽനിന്നു കൊണ്ടാണ് ബ്രാഹ്മണർ ബ്രഹ്മജിജ്ഞാസയി ലേക്കു തിരിഞ്ഞത്. ഇനി ശൂദ്രനും ബ്രഹ്മസാക്ഷാത്കാരം കൊതിക്കുന്നുവെങ്കിൽ അവനും വേണം സാമ്പത്തികമായ ഭദ്രത. ബ്രഹ്മജിജ്ഞാസുവായ ശൂദ്രവ്യക്തി തന്നെ ധനികനാവണമെന്നല്ല. അവൻ ഉൾപ്പെടുകുയും അവനെ പിന്തുണക്കുകയും ചെയ്യുന്ന സമുദായം സമ്പന്നമാവണം. ഇതിനായി ചട്ടമ്പിസ്വാമികൾ തെരഞ്ഞെടുത്ത വഴി പൗരാണികവും കാവ്യാത്മകവുമായിരുന്നു. പരശുരാമൻ മഴുവെറിഞ്ഞ് സൃഷ്ടിച്ചതാണ് കേരളമെന്നും പരശുരാമൻ ഈ ഭൂഭാഗത്തെ ബ്രാഹ്മണർക്ക് ദാനം ചെയ്തുവെന്നും പറയുന്ന പുരാവൃത്തത്തെ സ്വാമികൾ ചോദ്യം ചെയ്തു.

ഈ പുരാവൃത്തം സ്വീകാര്യമല്ല എന്നും കേരളം ആദ്യമേ നാഗന്മാർ/നാകന്മാർ/നായന്മാർ താമസിക്കുകയും ഭരിക്കുകയുംചെയ്ത ദേശമായിരുന്നു എന്ന് വാദിച്ചു. ഇത് നായർ പ്രാമാണ്യവാദമാണെന്നു വരാം. അതോടൊപ്പം അത് ബ്രാഹ്മണപ്രാമാണ്യവാദത്തിന്റെ തിരസ്‌കാരവുമാണ്. കേരളമാഹാത്മ്യം, കേരളോൽപത്തി, സ്‌കന്ദപുരാണത്തിന്റെ ഭാഗമെന്നു പറയുന്ന(സ്‌കന്ദപുരാണത്തിന്റെ പ്രസിദ്ധീകരിച്ച പതിപ്പുകളിൽ സഹ്യാദ്രിഖണ്ഡം എന്നൊരു ഭാഗം ഇല്ല. ലഭ്യമായ ‘ബ്രഹ്മാണ്ഡപുരാണ'ങ്ങളിൽ ‘കേരളമാഹാത്മ്യം' എന്ന ഭാഗം ഇല്ലാത്തതു പോലെ) സഹ്യാദ്രിഖണ്ഡം എന്നീ കൃതികളിലാണ് പരശുരാമൻ കേരളം സൃഷ്ടിച്ച കഥയുള്ളത്. എന്നാൽ സഹ്യാദ്രിഖണ്ഡം എന്ന പേരിൽ സ്വതന്ത്രമായ ഒരു പുസ്തകം ഉണ്ട്. അതിലെ അധ്യായാന്തങ്ങൾ ‘‘സ്‌കന്ദപുരാണേ ആദിരഹസ്യേ സഹ്യാദ്രിഖണ്ഡേ വ്യാസസനത്കുമാരസംവാദേ...'' എന്നിങ്ങനെയാണ്. പരശുരാമൻ മീൻപിടുത്തക്കാരെ വിളിച്ചു കൂട്ടി അവരുടെ ചൂണ്ടകൾ മുറിച്ചു കളഞ്ഞ് നൂൽ പൂണൂലാക്കി ധരിപ്പിച്ച് ബ്രാഹ്മണരാക്കി മാറ്റി എന്നൊരു ഐതിഹ്യം സഹ്യാദ്രിഖണ്ഡത്തിലുണ്ട് (ജീവചരിത്രവും പ്രധാനകൃതികളും 420).

ഇത്തരം കഥകൾ തങ്ങൾക്ക് അവമതിയുണ്ടാക്കുന്നു എന്ന് സഹ്യാദ്രിഖണ്ഡം പ്രസിദ്ധീകരിച്ച കാലത്തും ഈയടുത്ത കാലത്തും മഹാരാഷ്ട്രയിലെ ചിത്പവനബ്രാഹ്മണർ പ്രതിഷേധിക്കുകയുണ്ടായി. ‘സഹ്യാദ്രിഖണ്ഡം' തുടങ്ങിയ സ്ഥലമാഹാത്മ്യങ്ങളിലാണ് പരശുരാമന്റെ കേരളസൃഷ്ടിയുടെ കഥകൾ കാണുക. ഈ കഥകൾ എല്ലാം സ്വാമികൾ സൂക്ഷ്മമായി പരിശോധിക്കുന്നു. സാമാന്യയുക്തി ഉപയോഗിച്ചല്ല സ്വാമികൾ ഇവ അടിസ്ഥാനരഹിതമാണെന്നു പറയുന്നത്. അവ പരസ്പരവിരുദ്ധവും പൂർവ്വാപരവിരുദ്ധവും ആണെന്നതുകൊണ്ടാണ്.

ഒരു കഥയിൽ പരശുരാമൻ മഴു കന്യാകുമാരിയിൽനിന്ന് വടക്കോട്ട് എറിഞ്ഞു എന്നു പറയും. മറ്റൊന്നിൽ ഗോകർണ്ണത്തിൽനിന്ന് അസ്ത്രം അയച്ചുവെന്നും അത് കന്യാകുമാരിയിൽ ചെന്നു വീണു എന്നു പറയും. ഒരു കഥയിൽ രാമൻ ക്ഷത്രിയരെ കൊന്നതിലെ വീരഹത്യാപാപം തീർക്കാനാണ് ഭൂമി ബ്രാഹ്മണർക്കു ദാനം ചെയ്തതെന്നു പറയും. എന്നാൽ ജിതേന്ദ്രിയനും ജ്ഞാനിയുമായ രാമനിൽ പാപസ്പർശം ഇല്ലെന്നും അതിനാൽ ഭൂമി ദാനം ചെയ്തുകൊണ്ട് പാപം പരിഹരിക്കേണ്ട കാര്യം രാമനില്ലെന്നും സ്വാമികൾ വാദിക്കുന്നു. ബ്രാഹ്മണർ കേരളഭൂമി കയ്യടക്കി വെക്കുന്നതിന് പ്രമാണരേഖയായി ഇരിക്കേണ്ട സ്ഥലമാഹാത്മ്യങ്ങൾ ഇങ്ങനെ പരസ്പരവിരുദ്ധമാണെങ്കിൽ അവയിലെ അവകാശവാദം അംഗീകരിക്കാൻ സാധിക്കില്ല എന്ന് സ്വാമികൾ വാദിക്കുന്നു. സ്വാമികളുടെ വാക്കുകൾ ഉദ്ധരിക്കാം: ‘‘മലയാള ബ്രാഹ്മണരുടെ ജന്മാവകാശത്തെ നിർണ്ണയിക്കുന്ന അവരുടെ പ്രമാണഗ്രന്ഥങ്ങൾ പൂർവ്വാപരവിരുദ്ധമായും പരസ്പരവിരുദ്ധമായും പ്രതിപാദിക്കപ്പെട്ടിരിക്കുന്നതിനാൽ അവ വിശ്വാസയോഗ്യങ്ങളല്ലെന്നും അതിനാൽ അവർക്ക് ഇവിടെ ജന്മാവകാശമില്ലെന്നു സിദ്ധിക്കുന്നു(ജീവചരിത്രവും പ്രധാനകൃതികളും 424).'’

കേരളത്തിലെ ആദിമനിവാസികളായ നാഗന്മാർ/നാകന്മാർ/നായന്മാർ ആണ് ഈ ദേശത്തിന്റെ അവകാശികൾ എങ്കിൽ അവർ ഉത്പത്തികളിലും മാഹാത്മ്യങ്ങളിലും പറയുന്നതുപോലെ ശൂദ്രരല്ല എന്നും വന്നുചേരും. കേരളത്തിലെ നായന്മാരെ കുറിക്കാൻ ശൂദ്രൻ എന്ന വാക്ക് പഴയ രേഖകളിലോ സംസാരഭാഷയിലോ ഉപയോഗിക്കുമായിരുന്നില്ല എന്നു സ്വാമികൾ പറയുന്നു. സ്വാമികൾ എഴുതുന്നതിനും അമ്പതു കൊല്ലം മുമ്പാണ് രജിസ്റ്റർപ്രമാണങ്ങളിൽ ആദ്യമായി നായർക്ക് ശൂദ്രൻ എന്നു പേരിട്ടതെന്നും പിറകെ വന്ന ആധാരമെഴുത്തുകാർ മുൻപിൻനോക്കാതെ ആ രീതി തുടരുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഈ ദേശത്തിലെ പഴയ ഭരണാധികാരികൾ ആയിരുന്നതുകൊണ്ട് അവരെ ക്ഷത്രിയർ എന്നു വിളിക്കാം. നാഗന്മാർ/നാകന്മാർ/നായന്മാർ ശൂദ്രർ അല്ലെങ്കിൽ ശൂദ്രരെ വേദാധ്യയനത്തിൽനിന്നു വിലക്കുന്ന ധർമ്മസംഹിതകളിലെ ശാസനങ്ങളിൽനിന്ന് അവർ മുക്തരാകും. ആദ്യം വേദാധികാരത്തെ താത്ത്വികമായി സ്ഥാപിച്ചുവെങ്കിൽ ഇവിടെ സ്വാമികൾ വേദാധികാരത്തിന് സാമ്പത്തികവും രാഷ്ട്രീയവുമായ തെളിവുകൾ കൊണ്ടുവരുന്നു. രാഷ്ട്രീയാധികാരവും പ്രാമാണ്യവും ഉള്ള ഒരു ജനവിഭാഗം ദാസനോ ശൂദ്രനോ ആവാനിടയില്ല.

പാശ്ചാത്യശക്തികളുടെ അധിനിവേശത്തോടൊപ്പം ക്രിസ്തുമതവും ഇന്ത്യയിൽ പ്രചരിച്ചു. ഇതിനിടയിൽ ഹിന്ദുക്കളും മിഷനറിമാരും തമ്മിൽ പലവിധമായ ഏറ്റുമുട്ടലുകളും ഉണ്ടായി. തർക്കങ്ങളും ദാർശനികവിചാരങ്ങളും അവയിൽ ഉൾപ്പെടുന്നു. പഴയ ചില തർക്കങ്ങളുടെ വിവരങ്ങൾ ഇന്ത്യയിലെ ഡെയ്നിഷ് മിഷനിൽ പ്രവർത്തിച്ച ജർമ്മൻ മിഷനറിയായ ബർത്തലോമിയോ സൈഗെൻബാൾഗിനെപ്പോലുള്ളവരുടെ റിപ്പോർട്ടുകളിൽ കാണാം. ജോസഫ് മൂളിയിൽ എഴുതിയ സുകുമാരി എന്ന നോവലിന്റെ തുടക്കത്തിൽ ക്രിസ്തുമതാശയങ്ങളെ സ്വന്തം ചിന്താശക്തികൊണ്ട് ചെറുത്തുനില്ക്കാൻ ശ്രമിക്കുന്ന ഒരു കഥാപാത്രമുണ്ട്. മിഷനറിമാരുടെ പൊതുപ്രസംഗങ്ങൾ പലപ്പോഴും ചോദ്യോത്തരരൂപത്തിലുള്ള ആശയസംഘട്ടനങ്ങൾക്കു കാരണമായിട്ടുണ്ട്. അക്കാലത്ത് ഹിന്ദുവിശ്വാസങ്ങളെ വിമർശിച്ചുകൊണ്ട് അജ്ഞാനകുഠാരം, ത്രിമൂർത്തിലക്ഷണം, കുരുട്ടുവഴി, മറുജന്മം, സൽഗുരുലാഭം, സത്യജ്ഞാനോദയം, സമയപരീക്ഷ, ശാസ്ത്രം തുടങ്ങിയ പുസ്തകങ്ങൾ പുറത്തുവന്ന കാര്യം സ്വാമികൾ തന്റെ പീഠികയിൽ പറയുന്നു.

ഈ പശ്ചാത്തലത്തിൽ വേണം ചട്ടമ്പിസ്വാമികളുടെ ക്രിസ്തുമതച്ഛേദനം എന്ന പുസ്തകത്തെപ്പറ്റി ആലോചിക്കാൻ. ക്രിസ്തുമതത്തിന്റെ മുഖ്യമായ ആശയങ്ങൾ അടങ്ങുന്ന ക്രിസ്തുമതസാരം എന്ന ആദ്യഭാഗം, ഈ ആശയങ്ങളുടെ നിരാകരണമായ ക്രിസ്തുമതഖണ്ഡനം എന്ന രണ്ടാം ഭാഗം ഇങ്ങനെയാണ് പുസ്തകത്തിന്റെ ക്രമം. ഇന്ത്യയിൽ സർവ്വജ്ഞൻ എന്ന ഒരു സങ്കൽപമുണ്ട്. ഒരു ചിന്തകൻ അയാൾ വിശ്വസിക്കുന്ന ചിന്താപദ്ധതിയെപ്പറ്റി മാത്രം അറിഞ്ഞാൽ പോരാ, നിലവിലിരിക്കുന്ന എല്ലാ ചിന്താപദ്ധതികളും പഠിച്ചിരിക്കണം എന്നാണ് സർവ്വജ്ഞൻ എന്ന സങ്കൽപത്തിന്റെ അർത്ഥം. ആദിശങ്കരൻ അക്കൂട്ടത്തിൽ പെടുന്ന സർവ്വജ്ഞൻ ആയിരുന്നു എന്ന് ഐതിഹ്യം. തനിക്കു വിശ്വാസമില്ലാത്ത ലോകായതം പോലുള്ള ദർശനങ്ങളെ സംബന്ധിച്ച ഏതു ചോദ്യത്തിനും ലോകായതത്തിന്റെ പക്ഷത്തുനിന്നു ഉത്തരം പറയാൻ ശങ്കരനു സാധിക്കുമായിരുന്നു. അന്നത്തെ വിജ്ഞാനങ്ങൾ എല്ലാം സംസ്‌കൃതഭാഷയിലായിരുന്നതുകൊണ്ട് ശങ്കരന് അതിനു സാധിച്ചു.

എന്നാൽ ഇംഗ്ലിഷ് അറിയാത്ത ചട്ടമ്പി സ്വാമികൾക്ക് പാശ്ചാത്യവിജ്ഞാനത്തിന്റെ കാര്യത്തിൽ പരിമിതികൾ ഉണ്ടായിരുന്നു. എന്നാൽ ഇംഗ്ലീഷ് ഭാഷ അറിയുന്നവരുടെ സഹായത്തോടെ സ്വാമികൾ തനിക്കാവശ്യമായ വിവരങ്ങൾ ശേഖരിച്ചു. തിരുവനന്തപുരം മഹാരാജാസ് കോളേജ് ഫിലോസഫി പ്രൊഫസർ എം. പി. സുന്ദരം പിള്ളയായിരുന്നു സ്വാമികൾക്ക് വിവരങ്ങൾ നൽകിയവരിൽ ഒരാൾ. ഗവേഷണത്തിൽ സഹായികളെ വെക്കുന്നത് പാശ്ചാത്യർക്കിടയിൽ പതിവാണ്. നമ്മൾ ലോകപണ്ഡിതരെന്നും ചിന്തകരെന്നും വിളിക്കുന്ന പാശ്ചാത്യമഹാന്മാരുടെ കൃതികൾ ഒറ്റയൊറ്റ വ്യക്തികളുടെ ഏകാന്തരചനകൾ അല്ല. അവയുടെ രചനക്കു പിറകിൽ അനേകം സഹായികളുടെ വിവരശേഖരണവും യാത്രകളും പിന്തുണയും ഉണ്ട്. ഏകാകിയായ ശിൽപിയോ കൈത്തൊഴിലാളിയോ ചെയ്യുന്നതു പോലെ ഒറ്റയ്ക്കിരുന്നു പരാശ്രയമില്ലാതെ പ്രവർത്തിക്കുകയല്ല അവർ. സഹായികൾ വിവരം ശേഖരിക്കുകയും ചിന്തകൻ അവ കൂട്ടിച്ചേർക്കുകയും വേർപെടുത്തുകയും ചെയ്തുകൊണ്ട് തന്റേതായ താർക്കികഘടനയിൽ ഒതുക്കി പുനരവതരിപ്പിക്കുന്ന ഈ രീതി സ്വാമികളുടെ കൃതികളിൽ കാണുന്നത് ശ്രദ്ധേയമാണ്.

സ്വാമികൾ ശേഖരിച്ച വിവരങ്ങളുടെ കൂട്ടത്തിൽ കണ്ട ഒരു കൗതുകം പങ്കുവെക്കാം. യേശു ശരിക്കും ജീവിച്ചിരുന്ന വ്യക്തിയായിരുന്നുവോ എന്ന ചോദ്യം സ്വാമികൾ ക്രിസ്തുമതഖണ്ഡനത്തിൽ ഉൾപ്പെടുത്തുന്നുണ്ട്. യേശു ജനിച്ചു എന്ന് നമ്മൾ അറിയുന്ന കാലത്തിനടുത്ത് ജീവിച്ച ‘സോസിമോസ്' (Zosimos. ‘യൊസിമോസ്' എന്നു അച്ചടിച്ചത് പിശകാവണം) എന്ന പൂർവ്വചരിത്രകാരനെപ്പറ്റി സ്വാമികൾ പറയുന്നു (ജീവചരിത്രവും പ്രധാനകൃതികളും- 872). ജീവിച്ചത് പൊ. വ. 491-510 കാലത്ത് കോൺസ്റ്റന്റിനോപ്പിളിൽ. പരമ്പരാഗത ബഹുദേവമതം ഉപേക്ഷിച്ചതിന്റെ പേരിൽ കോൺസ്റ്റന്റ്റൈൻ ചക്രവർത്തിയെ വിമർശിച്ചു (വിക്കിപീഡിയ). കോൺസ്റ്റന്റ്റൈൻ ചക്രവർത്തി ക്രിസ്തുമതം സ്വീകരിക്കാൻ കാരണം ക്രിസ്തുവിൽ വിശ്വസിച്ചാൽ താൻ ചെയ്ത മഹാപാപങ്ങൾ പൊറുത്തുകിട്ടുമെന്ന് ഒരാൾ ഉപദേശിച്ചതാണ്. ആർക്കൈവ്‌ഡോട്ഓർഗ് എന്ന വെബ് സൈറ്റിൽ ഈ ചരിത്രകാരന്റെ പുതിയ ചരിത്രം എന്ന ഗ്രീക്കു കൃതിയുടെ ഇംഗ്ലിഷ് വിവർത്തനം കിട്ടും. റോമൻ സാമ്രാജ്യത്തിന്റെ ചരിത്രം എഴുതിയ സോസിമോസ് അറിയപ്പെടുന്ന പൂർവ്വചരിത്രകാരന്മാരിൽ ഒരേയൊരു അക്രൈസ്തവനാണ്.

ക്രിസ്തുമതത്തിനു മുമ്പത്തെ ‘റോമൻ പാഗനിസം'(റോമൻ ബഹുദേവമതം) ആയിരുന്നു സോസിമോസിന്റെ മതം. ‘‘ക്രിസ്തുമതവ്യാപനത്തോടെ യൂറോപ്പിൽ സംന്യാസിമാർ എന്നു പേരുള്ള, വിവാഹം ചെയ്യാത്ത, യുദ്ധം ചെയ്യാൻ ശേഷിയില്ലാത്ത, രാജ്യക്ഷേമത്തിനായി ഒന്നും ചെയ്യാത്ത വലിയ ഒരു വിഭാഗം ആളുകൾ'' വിദ്യാലയങ്ങളിലും മഠങ്ങളിലും പെരുകിയതായി സോസിമോസ് തന്റെ ചരിത്രത്തിൽ പറയുന്നു. സമകാലികമായ പല കാര്യങ്ങളും വിവരിക്കുന്ന ഈ പുസ്തകത്തിൽ ഒരിടത്തും യേശുക്രിസ്തുവിനെപ്പറ്റി പറയാത്തത് എന്തുകൊണ്ട് എന്നാണ് ചട്ടമ്പിസ്വാമികളുടെ ചോദ്യം. യേശുവിനെപ്പറ്റി സോസിമോസിന്റെ പുസ്തകത്തിൽ ഒന്നും പറയുന്നില്ല. പക്ഷെ ക്രിസ്തുമതത്തെപ്പറ്റി പറയുന്നുണ്ട്. യേശു ജീവിച്ചിരുന്നിട്ടേയില്ല എന്ന് സ്വാമികൾ അർത്ഥമാക്കുന്നില്ല. സോസിമോസിന്റെ പുസ്തകത്തിൽനിന്നു വിവരം ശേഖരിച്ച വ്യക്തിയുടെ ആശയമാകാം അത്. സോസിമോസിന്റെ പുസ്തകത്തിൽ സംഭവങ്ങളെല്ലാം ആണ്ടുമാസം തീയതി വെച്ച് രേഖപ്പെടുത്തിയിട്ടുണ്ട് എന്നും പറഞ്ഞിരിക്കുന്നു.

പുസ്തകത്തിൽ ആണ്ടുമാസം തീയതി വെച്ച് വിവരങ്ങൾ കൊടുത്തിട്ടുണ്ടെങ്കിലും അതു ചെയ്തത് സോസിമോസ് അല്ല. താൻ ഒരിടത്തും കൊല്ലക്കണക്കു കൊടുത്തിട്ടില്ല. തന്റെ കൃതിക്ക് വിവർത്തകൻ തയ്യാറാക്കിയ അനുബന്ധത്തിലാണ് ആ വിശദാംശങ്ങൾ. അതിൽ യേശുക്രിസ്തുവിന്റെ പേരും കൊല്ലവും വ്യക്തമായി കൊടുത്തിട്ടുണ്ട്. ‘ആദിയിൽ വചനമുണ്ടായി' എന്ന ബൈബിൾ വചനത്തെപ്പറ്റി സാരിക്കുന്നതിനിടയിൽ സ്വാമികൾ യേശുവെ ജീവിച്ചിരുന്ന മനുഷ്യൻ എന്ന നിലയിൽ ചിത്രീകരിച്ചിരുന്നു. ഒരിടത്ത് സ്വാമികൾ, അപ്പൊസ്തലനായ പൗലോസ് എഴുതിയ ബൈബിൾ ഭാഗത്തിന് ‘എഫേസ്യർ' എന്ന തലക്കെട്ടാണ് പുതിയ തർജമകളിൽ പ്രയോഗിച്ചുകാണുന്നത് എന്ന് തിരുത്തു പോലെ എഴുതിയത് പിശകാണെങ്കിലും സൂക്ഷ്മമായ വ്യത്യാസങ്ങൾ വരെ ശ്രദ്ധിക്കുന്ന രീതിയാണ് സ്വാമികളുടേത് എന്നു ഇത് വ്യക്തമാക്കുന്നു(866). ‘അപ്പൊസ്തലനായ പൗലോസ് എഫേസ്യർക്ക് എഴുതിയ ലേഖനം' എന്ന ഭാഗത്തെ ചുരുക്കത്തിൽ സൂചിപ്പിക്കാൻ ലേഖനം എഴുതിയ ‘പൗലോസ്' എന്ന പേരല്ല, ലേഖനം കിട്ടിയ ‘എഫേസ്യർ' എന്ന പേരാണ് ഉപയോഗിക്കാറ്. ഈ വ്യത്യാസം സ്വാമികളുടെ സഹായികൾ ശ്രദ്ധിച്ചു കാണില്ല.

ക്രിസ്തുമതത്തെ സംബന്ധിച്ച് സഹായികൾ സ്വാമികൾക്കു വേണ്ടി ശേഖരിച്ച മറ്റൊരു കൂട്ടം വിവരങ്ങൾ മദ്ധ്യയുഗങ്ങളിലെ മതദ്രോഹവിചാര(ഇൻക്വിസിഷൻ)ത്തെ സംബന്ധിച്ചവയാണ്. വില്യം ഹാരിസ് റൂൾ എഴുതിയ ഹിസ്റ്ററി ഓഫ് ദി ഇൻക്വി സിഷൻ, എഡ്വേഡ് ഗിബൻ എഴുതിയ ഡിക്ലൈൻ ആൻഡ് ഫോൾ ഓഫ് ദ റോമൻ എംപയർ, ഡേവിഡ് ഹ്യൂം രചിച്ച എ ഹിസ്റ്ററി ഓഫ് ഇംഗ്ലൻഡ്(ദ സ്റ്റ്യൂഡൻസ് ഹ്യൂം പതിപ്പ്), ജോൺ വിലെം ഡ്രെയ്പർ എഴുതിയ ഹിസ്റ്ററി ഓഫ് ദ കോൺഫ്‌ലിക്ട് ബിറ്റ്വീൻ റിലിജിയൻ ആൻഡ് സയൻസ്, യോസഫ് ദ് ലാ മെത്രീ എഴുതിയ സ്പാനിഷ് ഇൻക്വിസിഷൻ എന്നീ പുസ്തകങ്ങൾ ഇതിനായി ഉപയോഗിച്ചിരിക്കുന്നു. അലക്‌സാൻഡ്രിയയിലെ ഗണിതപ്രതിഭ ഇപേതിയ[ഹൈപേഷ്യ]യെ പ്ലാറ്റോവിന്റെയും അരിസ്റ്റോട്ടിലിന്റെയും ദർശനങ്ങൾ വിദ്യാർത്ഥികളെ പഠിപ്പിച്ചു എന്ന കുറ്റത്തിന് ജനക്കൂട്ടം തൊലിയുരിച്ചു കൊന്ന സംഭവം ക്രിസ്തുമതച്ഛേദനത്തിൽ വായിക്കാം. ക്രിസ്തുമതവിശ്വാസിയായ ഒരാളെ സ്വന്തം മതത്തിലേക്ക് മാറ്റാൻ ശ്രമിച്ചതിന്റെ പേരിലാണ് ഹൈപ്പേഷ്യയെ കൊന്നത് എന്ന് സ്വാമികൾ പറയുന്നു(947). ഗിബൻ എഴുതിയ റോമാസാമ്രാജ്യചരിത്രത്തിൽനിന്നാണ് ഹൈപ്പേഷ്യയെ സംബന്ധിച്ച വിവരങ്ങൾ സ്വാമികൾ എടുത്തത്. ഇംഗ്ലിഷ് കഥാപാത്രമായ ഹെന്റിയറ്റ റ്റെംപ്ൾ ഇന്ദുലേഖയായി മലയാളത്തിൽ പ്രത്യക്ഷപ്പെട്ടതിന്റെ തൊട്ടടുത്ത കൊല്ലം അതിനെക്കാൾ പ്രസിദ്ധയായ ഹൈപ്പേഷ്യ സൂചനാരൂപത്തിലെങ്കിലും സ്വാമികളുടെ കൃതിയിൽ വന്നു മറഞ്ഞത് ഓർമ്മിക്കേണ്ടതാണ്. കൂട്ടത്തിൽ ദലൂസ എന്ന സ്ഥലത്തുവെച്ച് ‘പാണിനി' എന്നൊരു തർക്കശാസ്ത്രിയെ 1619ൽ നാവറുത്തു കൊന്ന സംഭവത്തെക്കുറിച്ചും പറയുന്നു(955). ഫ്രാൻസിലെ റ്റൂലോസ് (Toulouse) ആണ് ദലൂസ. ഇറ്റാലിയൻ ചിന്തകനായ ലൂസിലിയോ വാനിനി (Lucilio Vanini) യെയാണ് ഇങ്ങനെ വധിച്ചത്. ‘വാനിനി' അക്ഷരം മാറി ‘പാണിനി' ആയതാണ്. അല്ലാതെ യൂറോപ്പിലും ‘പാണിനി' എന്ന അതേപേരിൽ മറ്റൊരു ഭാഷാപണ്ഡിതൻ ഉണ്ടായിരുന്നുവെന്ന് ധരിക്കരുത്. മതദ്രോഹികളെ പീഡിപ്പിക്കാൻ ചിവോലറ്റ് (Chevolet) എന്ന പീഡനയന്ത്രം ഉപയോഗിച്ചതായി സ്വാമികൾ പറയുന്നു(949). ഇത് എന്തെന്ന് മനസ്സിലാകുന്നില്ല. സ്വാമികൾ പേരുകൾ പറഞ്ഞ റഫറൻസ് പുസ്തകങ്ങളിലൊന്നും ഈ വാക്ക് കാണുന്നില്ല. മൃഗങ്ങൾക്ക് മനസ്സ്, ബുദ്ധി, ചിത്തം എന്നീ അന്തഃകരണങ്ങൾ ഉണ്ട് എന്ന ആശയം സ്വാമികൾ എടുക്കുന്നത് Systeme de la Nature (ദ സിസ്റ്റം ഓഫ് നേച്ചർ) എന്ന പുസ്തകത്തിൽനിന്നാണ്. അതിന്റെ കർത്താവിന്റെ പേരായി കൊടുത്തത് Czolde എന്നാണ്. Baron D'Holbach ആണ് ശരിക്കും പേര്. അത് അച്ചടിയിൽ Czolde ആയി മാറിയതാവണം.

നിശിതമായ താർക്കികബുദ്ധിയാണ് സ്വാമികളുടേത്. ഒരു ആശയത്തെ സമീപിക്കുമ്പോൾ, ആദ്യമായി ആ ആശയം സത്യമെങ്കിൽ തനിക്ക് എത്തിച്ചേരാനാവുന്ന വ്യത്യസ്തമായ അസംഖ്യം സാദ്ധ്യതകൾ താൻ ഓരോന്നായി പരിഗണിക്കും. പാഠത്തിനു വെളിയിലേക്കു പോകാതെ അതിന്റെ അകത്തുനിന്നുകൊണ്ട് മാത്രമാണ് അർത്ഥവിചാരത്തിന്റെ രൂപത്തിലുള്ള ഈ വിചിന്തനം പുരോഗമിക്കുക. പിന്നീട് ഈ സാദ്ധ്യതകളും താൻ തുടങ്ങിയ പ്രധാനാശയവും തമ്മിൽ പൂർവ്വാപരവൈരുദ്ധ്യങ്ങളോ പരസ്പരവൈരുദ്ധ്യങ്ങളോ ഉണ്ടോ എന്നു നോക്കിയിട്ട് അവ മുന്നോട്ടു വെച്ച് ആദ്യത്തെ പ്രധാനാശയം അസ്വീകാര്യവും അസത്യവും ആണെന്ന് സമർത്ഥിക്കും. സ്വാമികളുടെ വാദരീതിയുടെ ഗതി ഇതാണ്.

അന്നത്തെ മിഷനറിമാരുടെ ഹിന്ദുമതവിമർശനവും മിഷനറിമാർക്ക് സ്വാമികൾ എഴുതിയ ഖണ്ഡനവും മറ്റൊരു സംഗതിയിലേക്ക് വിരൽ ചൂണ്ടുന്നു. മതസൗഹാർദ്ദസംഗമങ്ങളിൽ എന്തെല്ലാം ഭംഗിവാക്കുകൾ പറഞ്ഞാലും ഓരോ മതക്കാരനും അവനവന്റെ മതമാണ് അന്യമതങ്ങളെക്കാൾ യോഗ്യം എന്ന് ഉള്ളിൽതട്ടി വിശ്വസിക്കുന്നു. ഇത് സ്ഥാപിക്കുന്നതിനായി അവർ സ്വന്തം മതത്തിന്റെ ഗുണങ്ങൾ എടുത്തുകാട്ടുക മാത്രമല്ല, പരമതത്തിന്റെ ദോഷങ്ങൾ തുറന്നു കാട്ടുകയും ചെയ്യുന്നു. എന്നു മാത്രമല്ല, പരമതം ആരാധിക്കുന്ന ദൈവം സത്യമായ ദൈവമല്ല, വ്യാജദൈവമാണ് എന്നു സ്ഥാപിക്കാനും അവർ ഒരുങ്ങുന്നു. ഈ ഘട്ടത്തിൽ വ്യാജദൈവമെങ്കിൽ വ്യാജദൈവം, ‘പരമതക്കാരൻ ഏതിലെങ്കിലും വിശ്വസിച്ചുകൊള്ളട്ടെ, അത് എന്നെ ബാധിക്കുന്ന കാര്യമല്ല' എന്നുവെച്ച് അനങ്ങാതിരുന്നാൽ അതാവും ഏറ്റവും വലിയ മതസഹിഷ്ണുത. പകരം, ‘പരമതക്കാരൻ അവന്റെ മതം ഉപേക്ഷിച്ച് എന്റെ മതം സ്വീകരിക്കട്ടെ, എന്റെ മതമാണല്ലോ സത്യമായ മതം' എന്നു ശഠിക്കുകയും അതിനൊത്ത് പ്രവർത്തിക്കുകയും ചെയ്താൽ മതതീവ്രവാദമായി.

ഓരോ മതത്തെയും ഖണ്ഡിക്കുകയും നിഷേധിക്കുകയും ചെയ്യുന്നത് യുക്തിവാദികൾ അല്ല, അന്യമതത്തിലെ വിശ്വാസികളാണ്. ക-മതത്തിന്റെ യുക്തിവാദികൾ ഖ-മതത്തിലെ വിശ്വാസികളാവും. ഗ-മതത്തിലെ വിശ്വാസികൾ ക-ഖ മതങ്ങളുടെ യുക്തിവാദികളും. നാലഞ്ചു വ്യത്യസ്തമതങ്ങൾ നാട്ടിലുണ്ടെങ്കിൽ ഓരോന്നും യുക്തിവാദികളെക്കാൾ വീറോടെ അപരമതങ്ങളെ സൈദ്ധാന്തികമായി നിരാകരിച്ചുകൊണ്ടിരിക്കും. ക-മതം സത്യമാണെങ്കിൽ ഖ-ഗ മതങ്ങൾ സത്യമാകാൻ പാടില്ല, മറിച്ചും. ‘എല്ലാ മതങ്ങളും സത്യം, എല്ലാ ദൈവങ്ങളും ഒന്ന്' എന്നു പറയുന്നതിൽ കാര്യമില്ല. ‘തത്കാലം പിരിഞ്ഞു പോകണം, ദയവായി അടിയുണ്ടാക്കരുത്' എന്ന ദീനമായ അപേക്ഷയായി അതിനെ എടുത്താൽ മതിയാവും.

സൂക്ഷ്മമായ വിചിന്തനവും ധീരമായ നിഗമനങ്ങളുമാണ് ഭാഷയുടെ ഉത്പത്തിയെയും പരസ്പരബന്ധത്തെയും സംബന്ധിച്ച് സ്വാമികൾ അവതരിപ്പിക്കുന്നത്. തമിഴിന്റെ ആദിരൂപങ്ങളിൽ ഒന്നിന്റെ പരിണിതരൂപമാണ് സംസ്‌കൃതം എന്നും എല്ലാ ഭാഷകളുടെയും ആദിപ്രഭവം ഒന്നാണെന്നും ശിശുവിന്റെ ജന്മസിദ്ധമായ ശബ്ദങ്ങളുടെ പരിണാമമാണ് ഭാഷയിലെ അക്ഷരമാലയെന്നും അതിൽനിന്നാണ് ഭാഷ ഉണ്ടായതെന്നും സ്വാമികൾ പറയുന്നത് പിറകെ വന്ന ഒരു നൂറ്റാണ്ടിനകം രൂപപ്പെട്ട ഭാഷാശാസ്ത്രതത്ത്വങ്ങൾക്ക് സമ്മതമാകുവാൻ ഇടയില്ല.

സംസ്‌കൃതം കൃത്രിമമായ ഭാഷയാണെന്ന സ്വാമികളുടെ നിരീക്ഷണം അതിശയിപ്പിക്കുന്നതാണ്. എല്ലാ പ്രാകൃതികഭാഷകളിലും ആദ്യം ഭാഷ ശീലിച്ചതിനു ശേഷമാണ് പഠിതാക്കൾ അതിന്റെ വ്യാകരണം പഠിക്കുക. എന്നാൽ സംസ്‌കൃതമാവുമ്പോൾ ആദ്യം വ്യാകരണം പഠിക്കുകയും പിന്നീട് ഭാഷ പഠിക്കുകയും ചെയ്യുന്നു. സ്വാമികളുടെ നിരീക്ഷണം ശരിയാണെന്നതിന്റെ തെളിവാണിത്. മൗലികമായ ഏതാനും പ്രാഥമികശബ്ദങ്ങളുടെ മേലെ അസംഖ്യം പരിവർത്തനങ്ങൾ വന്നുവന്ന് ഇന്നത്തെ ഭാഷയായി മാറുകയായിരുന്നു എന്ന സങ്കൽപമാണ് സംസ്‌കൃതത്തിലെ വൈയാകരണികൾക്ക്. സ്വാമികൾക്കും ഇതേ സങ്കൽപമാണ്. ഓങ്കാരത്തിൽനിന്ന് ഇക്കാണായതെല്ലാം ആവിർഭവിച്ചു എന്ന ആശയത്തിന്റെ മറ്റൊരു രൂപം തന്നെ അതും.

(സൂചന: ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രവും പ്രധാനകൃതികളും. തീർത്ഥപാദാശ്രമം, വാഴൂർ, തിരുവനന്തപുരം: 2011. പഴയ പുസ്തകങ്ങൾക്ക് Internet Archiveനോട് കടപ്പാട്)

Comments