നരബലിയെക്കുറിച്ചല്ല, ‘വെജിറ്റേറിയൻ മുതല’ക്ക് ക്ഷേത്രം പണിയുന്നതിനെക്കുറിച്ചാണ്​...

നിസ്സഹായരാകുന്ന മനുഷ്യരെ ഒരിരയാക്കി പാട്ടിലാക്കുന്നതിന് ഏറ്റവും എളുപ്പവും ശക്തവുമായ മാർഗ്ഗമാണ് അന്ധവിശ്വാസം. ഇപ്പോൾ നടക്കുന്ന നരബലിയിലൊന്നും ഞെട്ടലോ പുതുമയോ ഒന്നുമില്ല. ഒരാൾ മറ്റൊരാളെ കൊല്ലുന്നത് മാത്രമല്ല നരബലി, അന്ധവിശ്വാസത്തിലൂടെ ലാഭമുണ്ടാക്കുന്നതിനായി പലതരം വിഢിത്തങ്ങളുടെ പ്രചാരകനായി സ്വയം ബലിയാകുന്നതും നരബലി തന്നെ.

കാസർകോട്ടുകാരുടെ മുതലസ്‌നേഹം വലിയ വാർത്തയായിരിക്കുകയാണല്ലോ.
ഒരു ക്ഷേത്രതടാകത്തിലെ ബബിയ എന്ന മുതല ചത്തുപോയത് ഇത്ര വലിയ വാർത്തയാകാൻ മാത്രം എന്താണുള്ളത്? അല്ലെങ്കിൽ ഇതുപോലെ എല്ലാ ജീവികളുടെയും മരണങ്ങൾ വാർത്തയാകേണ്ടതല്ലേ?

കുമ്പള നായ്ക്കാപ്പ് പാറപ്പരപ്പിലെ വിശാലമായ പള്ളത്തിന്റെ ജലതല്പത്തിലാണ് ഈ ഏകാകിയായ മുതല ഇത്രയും കാലം കഴിഞ്ഞത്. മുതലയുടെ നിര്യാണം ഒരവസരമാണല്ലോ. മുതലയ്ക്ക് ദൈവത്തെയും പൂജാരിയെയും തിരിച്ചറിയാനുള്ള വിശേഷബുദ്ധിയൊന്നുമില്ല എന്നെല്ലാവർക്കും അറിയാമല്ലോ. മനുഷ്യർക്ക് അവരുടെ സകല്പങ്ങൾ സ്ഥാപിച്ചെടുക്കാൻ ചില ഉപായങ്ങൾ വേണം. അതിപ്പോ മുതലയായിപ്പോയി എന്നുമാത്രം. ദേവന്റെ തൃപ്പാദം പൂകി മോക്ഷപഥത്തിലെത്തിയത് സാധാരണ മുതലയല്ലല്ലോ. ദേവനെ പൂജിക്കുന്ന, ക്ഷേത്രദർശനം നടത്തുന്ന, സസ്യഭോജിയായ നക്രത്തിന്റെ ഭൗതികശരീരത്തിന് നല്ല വില കിട്ടുമെന്നതിനാൽ പലതരം വിപണികൾ തുറക്കപ്പെടുന്നു.

നല്ല കൗതുകമുള്ള കാഴ്ച. ആച്ചുള്ളപ്പോ തൂറ്റുക.(പഴയ പ്രയോഗമാണ്, ഇപ്പോ ഈട കെടക്കട്ടെ ) ഇതാണിപ്പോ കാണുന്നത്. മുതലയോട് ഒരു വാക്കുപോലും ചോദിക്കാതെ സ്വന്തം സ്വന്തം ഭാവനയ്ക്കനുസരിച്ച് മുതലചരിതം എഴുതിയുണ്ടാക്കുന്നു. എന്തൊരു ഗതികേടാണ്.

ഇങ്ങോട്ട് തിരിച്ചൊന്നും ചെയ്യാനാകാത്ത ഒരു സാധുജീവിയുടെ ജീവിതം വെച്ച് മനുഷ്യൻ എന്തൊക്കെ വിഢിത്തങ്ങളാണ് കാട്ടിക്കൂട്ടുന്നത്.
മനുഷ്യൻ നിശ്ചയിക്കുന്ന ജാതിയോ മതമോ ദൈവമോ എന്തെന്നറിയാത്ത മുതലയെ ഹൈന്ദാവാചാരവിധി പ്രകാരം വേദമന്ത്രങ്ങളുരുവിട്ടുപൂജിച്ച് ശവസംസ്‌കാര ക്രിയകൾ നടത്തുന്ന അതിവിചിത്രമായ കാഴ്ചകളാണ് കണ്ടത്.
ഒരു ജന്തുവിന്റെ ശവം വെച്ചുള്ള കച്ചവടത്തിൽ ലാഭമുണ്ടാക്കാനായി പതിവുപോലെ മാധ്യമങ്ങളും സാംസ്‌കാരിക പ്രവർത്തകരും ഭക്തന്മാരും രാഷ്ട്രീയക്കാരും മത്സരിക്കുകയായിരുന്നു. ജാതിപരമായ കടുത്ത വിവേചനവും അയിത്തവും നിലനില്ക്കുന്ന കാസർകോഡ് തന്നെയാണ് മുതലയുടെ അവതാര ജീവിതം. ഒരു തുണ്ട് ഭൂമിയില്ലാതെ, സ്വന്തമായി വീടില്ലാതെ കാസർകോഡൻ മലയോരങ്ങളിൽ എത്രയോ മനുഷ്യർ നരകതുല്യം ജീവിക്കുമ്പോഴാണ് മുതല ദൈവത്തിന് സ്‍‌മാരകമുയരുന്നത്.

എങ്ങനെയുണ്ട്? കാസർകോട്ടുകാരുടെ മുതലസ്നേഹം കാണുമ്പോൾ മറ്റുള്ളവർ വിചാരിക്കും, ഒരു സാധുജീവിയോട് മനുഷ്യനിത്രയും കാരുണ്യമോ എന്ന്. പാറപ്പരപ്പിലെ പള്ളത്തിൽ ഒറ്റപ്പെട്ടുപോയ മുതലയോട് മനുഷ്യന് സ്‌നേഹവും അനുകമ്പയും തോന്നുന്നതിനെ ഒരു വിധത്തിലും വിമർശിക്കുന്നില്ല. അതിനെ ഒരു നിലയ്ക്കും വില കുറച്ച് കാണുന്നില്ല. പക്ഷെ, ഈ ഒറ്റപ്പെട്ട സ്‌നേഹത്തിനും അനുകമ്പയ്ക്കും പുറമെ ഒരു ക്ഷേത്രാചാരത്തിന്റെ ഭാഗമായി ഒരു ജീവിയോട് ഇത്രയും കരുതലും ആർദ്രതയുമൊക്കെ കാണിക്കുന്നത് ശുദ്ധ തട്ടിപ്പാണ്.
എത്രയെയെത്ര വംശഹത്യയാണ് ഇതേ കാസർകോഡൻ പാറപ്പരപ്പുകളിലും ഉൾക്കാടുകളിലും നടക്കുന്നത്. മുതലക്കുവേണ്ടി കണ്ണീരൊഴുക്കുന്നവർ തന്നെയാണ് വയനാട്ട് കുലവന് ബപ്പിടുന്നതിനുവേണ്ടി എത്രയോ സാധു മൃഗങ്ങളെ കാടുകയറി വെടിവെച്ചിടുന്നത്. നമുക്ക് ഏറ്റവും കൗതുകവും ഇഷ്ടവും തോന്നുന്ന അണ്ണാക്കൊട്ടനെ വരെ ബാക്കി വെക്കില്ല. മുതലക്കുവേണ്ടി കൂപ്പിയ കാസർകോഡൻ കൈകൾ തന്നെയാണ് തോക്കേന്തി ആക്രോശിക്കുന്നത്.

വയനാട്ട് കുലവന് തോക്കിനാണ് മാർക്കറ്റെങ്കിൽ മുതലയുറങ്ങുന്ന തടാക ക്ഷേത്രത്തിൽ മുതലക്കണ്ണീരിനാണ്. എങ്ങനെയുണ്ട് വിപണി ലാഭം.
വയനാട്ട് കുലവന്റെ ഈ വർഷത്തെ കളിയാട്ടക്കലണ്ടർ പുറത്തിറങ്ങി.
വേട്ടക്കാർ തോക്ക് കാച്ചുന്ന തിരക്കിലാണ്. നിയമപാലകർ അവർക്ക് വഴിയൊരുക്കിക്കൊടുക്കുന്ന തിരക്കിലും.

ഉത്തരകേരളത്തിലെ കാവുകളുടെ സ്ഥിതിയൊന്ന് പരിശോധിച്ചാൽ മനസ്സിലാകും, നമ്മുടെ സഹജീവിസ്‌നേഹം. കഴിഞ്ഞ പത്തുമുപ്പത്തിയഞ്ച് വർഷങ്ങൾക്കുള്ളിൽ ഈ ഭക്തന്മാർ ക്ഷേത്രനവീകരണത്തിന്​ എത്രയെത്ര കാവകപ്പടർപ്പുകളെയാണില്ലാതാക്കിയത്. സൂക്ഷ്മസ്ഥൂലങ്ങളായ ജന്തുജാലങ്ങൾ വിഹരിക്കുന്ന എത്രയെത്ര ആവാസവ്യവസ്ഥകളെയാണ് അഗ്‌നിക്കിരയാക്കിയത്. നമുക്ക് സങ്കല്പിക്കാനാകാത്ത അത്രയും ഭീകരമായ ഹോളോകോസ്റ്റിനാണ് നമുടെ ജീവനായ കാവുകളെ വിധേയമാക്കിയത്.

‘വെജിറ്റേറിയൻ മുതല’ക്ക് ക്ഷേത്രം പണിയുമ്പോൾ നിലനില്ക്കുന്ന യാഥാർത്ഥ്യത്തെ നിരാകരിക്കാനാകില്ല. എത്രയോ ജീവിവർഗ്ഗങ്ങളുടെ നിലവിളികളിൽ ചവുട്ടിനിന്നുകൊണ്ടാണ് മുതലക്കുവേണ്ടി വേദമന്ത്രമുരുക്കഴിക്കുന്നത്.

മുതലയോടുള്ള ഇഷ്ടം കാസർകോഡൻ ക്ഷേത്രതടാകത്തിൽ മാത്രമല്ല.
മുതലക്ക് ക്ഷേത്രമുണ്ടാക്കാനിറങ്ങിപ്പുറപ്പെടുന്നവർ കണ്ണൂർ നടുവിൽ പോത്തുകുണ്ടിലെ മുതലയെ ഒന്നുകാണുന്നത് നല്ലതായിരിക്കും.
മാവിലരുടെ മുതലയായതിനാൽ മുന്തിയ ജാതിത്തമ്പുരാക്കന്മാർ വരാൻ മടിക്കും. തൃപ്പണ്ടാറമ്മ ക്ഷേത്രത്തിൽ ബ്രാഹ്‌മണ പൂജാരി പൂജക്കെത്താൻ വൈകിയപ്പോൾ പുഴയിൽ മീൻ പിടിക്കുകയായിരുന്ന ആദി തോയോടനെ ഒരു മുതല പുറത്തിരുത്തി ക്ഷേത്രത്തിലെത്തിച്ചു. ബ്രാഹ്‌മണ തന്ത്രിക്കുപകരം മീൻ പിടിക്കുന്ന തോയോടൻ തൃപ്പാണ്ടറമ്മക്ക് മുതൃച്ച വെച്ചു. ഒരടിമ വർഗ്ഗം ബ്രാഹ്‌മണരുടെ കയ്യിൽ നിന്ന്​ സ്വന്തം ദൈവത്തെയും ചരിത്രത്തെയും സ്വന്തമാക്കുന്നതിനായി അവർ തന്നെ കെട്ടിയുണ്ടാക്കിയ കഥയും ചരിത്രവുമാണിത്.

കൂളത്തിൽ മീൻ പിടിച്ച മാവിലനും പുഴയിലെ മുതലയും അവരുടെ തൃപ്പണ്ടാറമ്മയും ചരിത്രമാകുന്നതങ്ങനെയാണ്. മാവിലന്റെ മുതലത്തെയ്യവും വേദമന്ത്രങ്ങളിൽ കുളിപ്പിച്ചുകിടത്തിയ ബബിയയും തമ്മിൽ ചരിത്രപരമായി വലിയ അന്തരമുണ്ട്.

മുതലത്തെയ്യമെന്നാൽ കേവലം അനുഷ്ഠാനത്തിനും വിശ്വാസത്തിനുമപ്പുറം എത്രയോ കാലം തമ്പുരാക്കന്മാർ അടിമകളാക്കി പീഢിപ്പിച്ച നിസ്വവർഗ്ഗത്തിന്റെ ചരിത്രവും ജീവിതവുമാണ്. ഈ തുലാപ്പത്തിന് വന്നാൽ മണ്ണിലിഴഞ്ഞുകൊണ്ട് തന്റെ ജനതയ്ക്ക് മഞ്ഞക്കുറി കൊടുക്കുന്ന മുതലത്തെയ്യത്തെ കാണാം.
ചരിത്രമറിയാതെ വിശ്വാസത്തിന്റെ വിപണി ലാഭം തേടിപ്പോകുന്നവർ അവരുടെ മൂലധന വർധനയ്ക്കായി പുതിയ പുതിയ തന്ത്രങ്ങൾ പലതും കാണിക്കും.
എല്ലാം അന്ധവിശ്വാസമാകുന്ന പുതുകാലത്ത് വിവേകത്തോടെയിരിക്കുക എന്നത് അത്രയും ദുഷ്‌കരമായ ഒന്നാണ്.

നിസ്സഹായരാകുന്ന മനുഷ്യരെ ഒരിരയാക്കി പാട്ടിലാക്കുന്നതിന് ഏറ്റവും എളുപ്പവും ശക്തവുമായ മാർഗ്ഗമാണ് അന്ധവിശ്വാസം. ഇപ്പോൾ നടക്കുന്ന നരബലിയിലൊന്നും ഞെട്ടലോ പുതുമയോ ഒന്നുമില്ല. ഒരാൾ മറ്റൊരാളെ കൊല്ലുന്നത് മാത്രമല്ല നരബലി, അന്ധവിശ്വാസത്തിലൂടെ ലാഭമുണ്ടാക്കുന്നതിനായി പലതരം വിഢിത്തങ്ങളുടെ പ്രചാരകനായി സ്വയം ബലിയാകുന്നതും നരബലി തന്നെ.

Comments