അധ്യാപക നിയമനം പി.എസ്.സിക്ക് വിടാൻ എസ്.എൻ.ഡി.പി. എന്ത് കൊണ്ട് തയ്യാറാണ്

മനുഷ്യത്വവും മര്യാദയും വിശാലമനസ്സുമുണ്ടെങ്കിൽ മറ്റു സമുദായങ്ങൾ എന്റെ ഈ ആശയത്തോട് യോജിക്കും. സ്വാർത്ഥതയും സ്വകാര്യതാൽപ്പര്യവും ഉണ്ടായാൽ ഇതിനോട് യോജിക്കുകയില്ല. രാജ്യത്ത് സാമൂഹിക നീതി എല്ലാ വിഭാഗങ്ങൾക്കും ലഭിക്കണമെന്ന സോഷ്യലിസ്റ്റ് ചിന്താഗതി അവർക്ക് ഉണ്ടെങ്കിൽ, ഇതിനോട് സഹകരിക്കും. സ്വാർത്ഥത ഇല്ല എന്ന് പറഞ്ഞാൽ പോരാ. അത് പ്രായോഗികതലത്തിൽ കൊണ്ടുവരാൻ പറ്റണം.

മനില സി. മോഹൻ: എസ്.എൻ.ഡി.പി. യോഗത്തിന്റെയും എസ്.എൻ. ട്രസ്റ്റിന്റെയും കീഴിലുള്ള സ്‌കൂളുകളിലെയും കോളേജുകളിലേയും നിയമനങ്ങൾ സർക്കാരിനു വിട്ടുകൊടുക്കാം എന്ന് താങ്കൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുവല്ലോ. അങ്ങനെ പറയാനുള്ള സാഹചര്യം എന്താണ്? അങ്ങനൊരു സാധ്യത വരികയാണെങ്കിൽ വിട്ടുകൊടുക്കാൻ യഥാർത്ഥത്തിൽ തയ്യാറാകുമോ?

വെള്ളാപ്പള്ളി നടേശൻ: തീർച്ചയായും. കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് ചില പ്രത്യേക വിഭാഗങ്ങളുടെ കൈയിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ രാജ്യത്ത് വിദ്യാഭ്യാസരംഗത്ത് സാമൂഹിക നീതി നടപ്പിലാകുന്നില്ല. വിദ്യാഭ്യാസ സ്ഥാപനം എയ്ഡഡ് മേഖലയിൽ എന്ന് പറയുമ്പോൾ അതിനു ഒരു വലിയ വികസനത്തിന്റെ അല്ലെങ്കിൽ സാമൂഹികമായ പശ്ചാത്തലമുണ്ട്. ഏതെല്ലാം സമുദായത്തിനു വിദ്യാഭ്യാസ സ്ഥാപനം കൂടുതലായുണ്ടോ അവർക്ക് വിദ്യാഭ്യാസപരമായി ഉയരാൻ സാധിക്കുന്നതിനോടൊപ്പം തന്നെ സാമ്പത്തികമായും വളരാൻ സാധിക്കുന്നുണ്ട്. കാരണം എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എല്ലാം തന്നെ ശമ്പളം കൊടുക്കുന്നത് സർക്കാർ ആണ്. പൊതുമുതലിൽ നിന്നാണ് കൊടുക്കുന്നത്. എന്നാൽ നിയമനം നടത്തുന്നത് മാനേജ്മെന്റും. മാനേജ്മെന്റ് ഏതു സമുദായത്തിൽ നിൽക്കുന്നുവോ ആ സമുദായത്തിൽപ്പെട്ടവരെയാണ് എയ്ഡഡ് മേഖലയിൽ അവരുടെ സ്ഥാപനങ്ങളിൽ അധ്യാപകരായി നിയമിക്കുന്നത്. അതോടൊപ്പം തന്നെ പഠിപ്പിക്കുന്ന കുട്ടികളിൽ ഭൂരിപക്ഷവും അതത് സമുദായത്തിൽപ്പെട്ടവർ ആയിരിക്കും. ഇങ്ങനെ വരുമ്പോൾ ഇവിടുത്തെ സാമ്പത്തികരംഗത്തും വിദ്യാഭ്യാസരംഗത്തും ഒരു സന്തുലിതാവസ്ഥ ഇല്ലാതാകുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതൽ ഏതു സമുദായത്തിനു ലഭിക്കുന്നുവോ ആ സമുദായത്തിൽപെട്ടവർക്ക് ഉദ്യോഗം ലഭിക്കുന്നു, സമ്പത്ത് ലഭിക്കുന്നു. അതോടൊപ്പം തന്നെ സാമൂഹികപരമായി അവർ വളരുന്നു. വിദ്യാഭ്യാസ മേഖലയിലും വളരെ ഉന്നതിയിലേക്ക് പോകുവാനുള്ള അവസരം ലഭിക്കുന്നു.

ഈയൊരു സംവിധാനം ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് ഉള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ ഉണ്ടെങ്കിൽ തന്നെ നാമമാത്രമാണ്. സ്വകാര്യമേഖലയിൽ ഇത്രയധികം വിദ്യാഭ്യാസസ്ഥാപനങ്ങൾ എയ്ഡഡ് ആയിട്ട് നടത്തുന്നതു മൂലം കേരളത്തിൽ സംഭവിക്കുന്നത് ഖജനാവിലെ വികസനത്തിനു ഉപയോഗിക്കേണ്ട നല്ലൊരു ശതമാനം സമ്പത്തും ഒരു മേഖലയിലേക്ക് മാത്രം ഒതുങ്ങി പോകുന്നു എന്നതാണ്. ലോകത്ത് എങ്ങും ഇല്ലാത്ത സംവിധാനമാണ് ഇത്. സ്വകാര്യമേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാർവത്രികമായി കൊടുക്കുകയും അത് ചില പ്രത്യേക വിഭാഗങ്ങൾക്ക് ഏറെ സമ്പാദിക്കാൻ സാധിക്കുകയും ചെയ്തപ്പോൾ ഇവിടുത്തെ സാമൂഹ്യമായും സാമ്പത്തികമായുള്ള സന്തുലിതാവസ്ഥ തകർന്നു പോയി. ചില വിഭാഗങ്ങൾക്ക് കോളജും സ്‌ക്കൂളുകളും എയ്ഡഡ് മേഖലയിൽ വാങ്ങുവാൻ അധികാരത്തിലുള്ളവർക്ക് ഒപ്പിട്ടു കൊടുക്കാൻ സാധിച്ചതോടു കൂടി സമ്പത്ത് ഖജനാവിൽ നിന്നും ചോർത്തിയെടുക്കാൻ സാധിച്ചു. അതിനുള്ള നിയമവും ചട്ടവും അവർ ഉണ്ടാക്കിയെടുത്തു. പക്ഷേ, അങ്ങനെ സംഭവിച്ചപ്പോൾ സാമൂഹികനീതി വിദ്യാഭ്യാസ മേഖലയിൽ ഇല്ലാതെ പോയി. അതു കൊണ്ടു തന്നെ സാമ്പത്തിക നീതിയും ഇല്ലാതെ പോയി.

ഇതിനെല്ലാം മാറ്റം വരണമെങ്കിൽ എയ്ഡഡ് മേഖലയിൽ എല്ലായിടത്തും തന്നെ പി.എസ്.സി. വഴി അധ്യാപക നിയമനം നടത്തണം. അങ്ങനെ വരുമ്പോൾ സംവരണ നയം കൃത്യമായി പാലിക്കപ്പെടും. ഖജനാവിൽ നിന്നുള്ള സമ്പത്തുകൾ നിയമപ്രകാരം കൊടുക്കുമ്പോൾ ഈ രാജ്യത്ത് പിന്നോക്ക വിഭാഗക്കാർക്കും മുന്നോക്ക വിഭാഗക്കാർക്കും എല്ലാവർക്കും തൊഴിലവസരവും അതിലൂടെ സമ്പത്തും ലഭിക്കും. ഇപ്പോൾ സംഭവിക്കുന്നത് ഒരു കൂട്ടർ വിദ്യാഭ്യാസ സ്ഥാപനം ഉണ്ടാക്കുന്നു, അത് എയ്ഡഡ് ആക്കി സർക്കാരിനു കൊടുക്കുന്നു, മാനേജ്മെന്റ് നിയമനം നടത്തുന്നു, സർക്കാർ ശമ്പളം കൊടുക്കുന്നു. ഇതിൽ എന്തു ന്യായവും നീതിയുമാണുള്ളത്. ഇത് അവസാനിപ്പിക്കാൻ എസ്എൻഡിപി ഞങ്ങളുടെ കീഴിലുള്ള സ്ഥാപനങ്ങളെല്ലാം തന്നെ സർക്കാരിനു വിട്ടു കൊടുക്കാം. അതിനനുസരിച്ച് ബാക്കിയുള്ളവരെല്ലാം വിട്ടു കൊടുക്കുമെങ്കിൽ സർക്കാർ തന്നെ ഇത് നടത്തട്ടെ.

മറ്റു സമുദായങ്ങൾ വിട്ട് കൊടുക്കുകയാണെങ്കിൽ നമ്മൾ വിട്ടു കൊടുക്കാം എന്ന് പറയുന്നതിനേക്കാൾ നമ്മൾ ആദ്യം വിട്ടുകൊടുത്ത് മാതൃകയാകാം എന്ന് ആലോചിച്ചുകൂടേ?

അങ്ങനെ ആത്മാഹുതി ചെയ്യേണ്ടുന്ന കാര്യമുണ്ടോ. അത് വലിയ പോഴൻ പണിയല്ലേ. ഇന്ന് നമ്മുടെ സ്ഥാപനങ്ങളിൽ നാമമാത്രമായി ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തുകയല്ലേ.

മറ്റ് സമുദായങ്ങളായോ മാനേജുമെന്റുകളായോ ഇത്തരം ഈ വിഷയത്തിൽ ഒരു ചർച്ചയ്ക്ക് മുൻകൈയെടുക്കുമോ?

സ്വാഭാവികമായി ഗവൺമെന്റാണ് ഇത്തരം ചർച്ചകൾക്ക് വിളിക്കേണ്ടത്. ഇങ്ങനൊരു ആശയം ഉണ്ട്. ആ ആശയം ഗവൺമെന്റ് മുൻകൈയെടുത്ത് ചർച്ചയ്ക്കിരിക്കണം. അല്ലാതെ മറ്റു മാനേജ്മെന്റുകളോട് ഞാൻ ചർച്ച ചെയ്യേണ്ടുന്ന കാര്യമില്ല. ഗവൺമെന്റ് അല്ലേ ശമ്പളം കൊടുക്കുന്നത്. ഗവൺമെന്റ് ശമ്പളവും പെൻഷനും എല്ലാം കൊടുക്കുകയുല്ലേ? എന്തൊരു കഷ്ടമാണിത് കാണിക്കുന്നത്. ഗവൺമെന്റ് ചർച്ച വെക്കട്ടേ.

മാനേജുമെന്റുകൾ സ്‌കൂളുകളിൽ അധ്യാപക നിയമനം നടത്തുമ്പോൾ അതിലെ ക്വാളിറ്റി കുറഞ്ഞു പോകുന്നുവെന്ന ആരോപണം ഉണ്ട്. അതായത് കൃത്യമായ വിദ്യാഭ്യാസ യോഗ്യതയോ മൂല്യമോ ഇല്ലാത്ത അധ്യാപകർ അവിടെ പഠിപ്പിക്കുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തെ അങ്ങനൊരു പ്രശ്നം നിരീക്ഷിച്ചിട്ടുണ്ടോ?

പി.എസ്.സി. നിയമനം വരിയാണെങ്കിൽ യോഗ്യതയുള്ള അധ്യാപകർ അല്ലേ ഉണ്ടാവുകയുള്ളൂ. അങ്ങനെയാണെങ്കിൽ ആ ആരോപണത്തിനും ഒരു പരിഹാരം ഉണ്ടാവുകയും ചെയ്യും.

ഈയൊരു ആശയം മുന്നോട്ടു വെക്കുകയാണെങ്കിൽ ക്രിസ്ത്യൻ മാനേജുമെന്റുകൾ, എൻ.എസ്.എസ്. മുസ്‌ലിം മാനേജ്മെന്റുകൾ, ഒക്കെ എങ്ങനെ പ്രതികരിക്കും എന്നാണ് തോന്നുന്നത്?

അവരുടെ മനസ്സിലിരിപ്പ് എന്താണ് എന്ന് എനിക്ക് അറിയില്ല. അവർക്കൊക്കെ മനുഷ്യത്വവും മര്യാദയും വിശാലമനസ്സുമുണ്ടെങ്കിൽ എന്റെ ഈ ആശയത്തോട് യോജിക്കും. സ്വാർത്ഥതയും സ്വകാര്യതാൽപ്പര്യവും ഉണ്ടായാൽ ഇതിനോട് യോജിക്കുകയില്ല. രാജ്യത്ത് സാമൂഹിക നീതി എല്ലാ വിഭാഗങ്ങൾക്കും ലഭിക്കണമെന്ന സോഷ്യലിസ്റ്റ് ചിന്താഗതി അവർക്ക് ഉണ്ടെങ്കിൽ, ഇതിനോട് സഹകരിക്കും. സ്വാർത്ഥത ഇല്ല എന്ന് പറഞ്ഞാൽ പോരാ. അത് പ്രായോഗികതലത്തിൽ കൊണ്ടുവരാൻ പറ്റണം. ഒരു കുത്തകാവകാശം കൈവശം വെച്ചുകൊണ്ട് അതിന്റെ എല്ലാ ഗുണങ്ങളും ഒരു വിഭാഗം മാത്രം അനുഭവിക്കാതെ, ഇത് അനുഭവിക്കാൻ അവസരം കിട്ടാതെപോയ വിഭാഗങ്ങൾക്ക് കിട്ടണമെന്നുള്ള സോദരചിന്ത ഉണ്ടെങ്കിൽ അവർ സഹകരിക്കേണ്ടതാണ്.

ഈഴവ സമുദായത്തിൽ പ്രാധിനിത്യം കുറയുന്നുണ്ട് എന്നുള്ളൊരു കാര്യം കൂടെ സൂചിപ്പിച്ചിരുന്നല്ലോ, അതിന്റെ അടിസ്ഥാനം എന്താണ്

ആർ. ശങ്കറിനു ശേഷം ഞങ്ങൾക്ക് എന്ത് കിട്ടിയിട്ടുണ്ട്? പത്തൻപത് കൊല്ലമായില്ലേ? ന്യൂനപക്ഷങ്ങളാണ് കുറെ വർഷങ്ങളായി വിദ്യാഭ്യാസവകുപ്പ് കൈവശം വെച്ചിരിക്കുന്നത്. ചെറിയ കാലയളവിൽ മാത്രമേ മറ്റുള്ളവർ കൈകാര്യം ചെയ്തിട്ടുള്ളൂ. ആ ന്യൂനപക്ഷങ്ങൾ അധികാരത്തിനകത്ത് സമ്മർദ്ദം ചെലുത്തികൊണ്ട് ആവശ്യമുള്ളത് ചെയ്തു. അതിനു തെളിവ് ഉണ്ട്. ഡാറ്റ ഉണ്ട്. മഹാഭൂരിപക്ഷം വരുന്ന പിന്നോക്ക വിഭാഗത്തിൽ പെട്ട ഈഴവ സമുദായത്തിന് വിദ്യാഭ്യാസമേഖലയിൽ കടന്നു കയറാനുള്ള എല്ലാ അവസരങ്ങളും വെട്ടിയെടുത്തില്ലേ? എവിടെ തന്നു? പറ. ജനസംഖ്യാനുപാതികമായി നോക്കിയാൽ ഞങ്ങളുടെ ജനസംഖ്യയുടെ നേരെ പകുതിയുള്ള ആളുകൾക്ക് പോലും ഞങ്ങളേക്കാൾ ഇരട്ടി ആനുകൂല്യമാണുള്ളത്.

സർക്കാരിനുള്ളതിനേക്കാൾ ഇരട്ടി സ്‌കൂളുകളും ഹൈസ്‌ക്കൂളുകളും സമുദായങ്ങളുടെ കൈയിലുണ്ട്. പണ്ട് ഇത് സേവനമായി പറഞ്ഞിരുന്നെങ്കിൽ ഇന്നത് സേവനമല്ല. കനത്ത ശമ്പളമാണ് വാങ്ങിക്കുന്നത്. സർക്കാരാണ് ശമ്പളം കൊടുക്കുന്നത്. പ്രീഡിഗ്രി കളഞ്ഞ് ഹയർസെക്കണ്ടറി ഉണ്ടാക്കിയപ്പോഴും ആർക്കാണ് ഗുണം കിട്ടിയത്. ഹൈസ്‌ക്കൂളിന്റെ കൂടെ പ്ലസ് ടു കൊടുത്തപ്പോൾ ഞങ്ങളെ പോലുള്ളവർ വഴിയാധാരമായില്ലേ. ഒരു പ്രത്യേക വിഭാഗങ്ങൾക്ക് ഗുണം കിട്ടാവുന്ന തരത്തിൽ അവർ നിയമവും ചട്ടവും ഉണ്ടാക്കി. എത്രയോ ബാച്ചുകളാണ് കൊടുത്തത്. ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കാനുള്ള എത്രയോ അവസരം നഷ്ടപ്പെട്ടു പോയി.

മറ്റൊരു കാര്യം കൂടി ചോദിക്കട്ടെ. ഉത്തരമലബാറിൽ പൂരക്കളിയുമായി ബന്ധപ്പെട്ട് ഈഴവസമുദായത്തിന് അകത്ത് തന്നെ ഭ്രഷ്ട് കൽപ്പിച്ച ഒരു സംഭവമുണ്ടായി. വിനോദ് പണിക്കർ എന്ന കലാകാരന്റെ മകൻ മറ്റൊരു മതത്തിൽപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്തതിന്റെ പേരിലാണ് പൂരക്കളിയിൽ നിന്ന് മാറ്റി നിർത്തിയത്. അത് ശ്രദ്ധിച്ചിരുന്നോ?

ഒരു പെണ്ണും ചെറുക്കനും കൂടെ അവർക്ക് ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചെങ്കിൽ അതിന് ഭ്രഷ്ട് കൽപ്പിക്കുന്നത് ഒരിക്കലും ശരിയല്ല. ലൗ ജിഹാദ് വേറെ, പ്രേമിച്ച് വിവാഹം കഴിക്കുന്നത് വേറെ. ഇത് രണ്ടും രണ്ടാണ്. മതപരിവർത്തനം വേറെ. വെവ്വേറെ കാണണം. അല്ലാതെ രണ്ട് പേർ ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചാൽ, തിയ്യ സമുദായത്തിൽപ്പെട്ടവരും മുസ്‌ലിം സമുദായത്തിൽപ്പെട്ടവരും സ്‌നേഹിച്ചു എന്നതിന്റെ പേരിൽ എന്ത് ഭ്രഷ്ട് കൽപിക്കാനാണ്. അവരെ സുഖമായി ജീവിക്കാൻ അനുവദിക്കണം. അതിനു അനുവദിക്കാതെ ഭ്രഷ്ട് കൽപ്പിക്കുന്നവർ മാനസികമായി രോഗം പിടിച്ചവരാണ്. കഴിഞ്ഞ ദിവസം ഒരു ക്രിസ്ത്യാനി ഒരു മുസ്‌ലിമിനെ കല്യാണം കഴിച്ചു. ലൗ ജിഹാദ് അല്ല അത്. അതിനെ നമ്മൾ എന്തിന് എതിർക്കണം? അവർ സന്തോഷമായി കഴിയട്ടെ എന്ന് കരുതണ്ടേ?
പിണറായി വിജയന്റെ മകൾ ഒരു മുസ്‌ലിമിനെ ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചു. അവർ സന്തോഷമായി ജീവിക്കുന്നു. അതിനെയൊന്നും മറ്റു രീതിയിൽ വ്യാഖ്യാനിക്കുന്നത് ശരിയല്ല. അതിനെ ലൗ ജിഹാദായി കണക്കാക്കരുത്.

ഇതൊക്കെയും വ്യത്യസ്തമായി തന്നെ കാണണം. ഭ്രഷ്ട് കൽപ്പിക്കുന്നതൊക്കെയും കാലത്തിനു പുറകിലേക്ക് ചിന്തിക്കുന്ന രീതിയാണ്. അത് പ്രാകൃത രീതിയാണ്. വലിയ വിപ്ലവം പറയുന്ന മലബാറിൽ, ബ്രിട്ടീഷുകാരുടെ ഭരണത്തിൽ വളരെയേറെ പരിഷ്‌കാരം നേടിയ ആ പ്രദേശത്ത് അങ്ങനെയുണ്ടായി എന്ന് കേൾക്കുമ്പോൾ ഞങ്ങൾ തിരുവിതാംകൂറുകാർക്ക് വൻ ലജ്ജ തോന്നുന്നു. കാരണം മലബാറുകാർ വലിയ പരിഷ്‌കരികളാണല്ലോ. ഞങ്ങൾ രാജാവിന്റെ കീഴിലും നിങ്ങൾ ബ്രിട്ടീഷുകാരുടെ കീഴിലുമായിരുന്നല്ലോ? നിങ്ങൾക്ക് അയിത്തമില്ലാ എന്നാണല്ലോ പറഞ്ഞിരുന്നത്? ഇപ്പോ നിങ്ങളു കാണിക്കുന്ന പ്രാകൃതമായ സ്വഭാവം തിരുവിതാംകൂറുകാരുപോലും കാണിക്കുകേല.

Comments