യു.പി: ബി.ജെ.പിക്ക് മോശം കാലം,
എങ്കിലും തന്ത്രങ്ങള്‍ ഒരുങ്ങുന്നു
അണിയറയില്‍
യു.പി: ബി.ജെ.പിക്ക് മോശം കാലം, എങ്കിലും തന്ത്രങ്ങള്‍ ഒരുങ്ങുന്നു അണിയറയില്‍
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.പിയില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന സവിശേഷവും അഭൂതപൂര്‍വവുമായ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്റെ റിപ്പോര്‍ട്ട്
4 Dec 2021, 10:58 AM
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം ഘട്ടമാണ് ബി.ജെ.പിയെ സംബന്ധിച്ച് ഇത്തവണ യു.പി നിയമസഭാ തെരഞ്ഞെടുപ്പെന്ന് സംഘ്പരിവാറില്‍ തന്നെ വിലയിരുത്തല്‍. അതേസമയം, പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഇതില്‍ നിന്ന് മുതലെടുക്കാന്‍ കഴിയുന്നില്ല എന്നത് ബി.ജെ.പി.യുടെ പ്ലസ് പോയിന്റുകളിലൊന്നായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ‘‘നിയമസഭാ തിരഞ്ഞെടുപ്പുകളിലും ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളിലും പ്രാദേശികമായി പ്രതിപക്ഷ പാര്‍ട്ടികള്‍ നേട്ടമുണ്ടാക്കുന്നുണ്ടെന്നത് ശരിയാണ്. എന്നാല്‍ അവര്‍ക്ക് ഒരുമിച്ച് ചേര്‍ന്ന് ഒരു ദേശീയ ബദലാകാന്‍ കഴിയുന്നില്ല. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പകരക്കാരാനാകാന്‍ പാകത്തിലുള്ള ഒരു നേതാവും മറുഭാഗത്തില്ല''- സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ പറയുന്നു.
ട്രൂ കോപ്പി വെബ്‌സീനില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതുന്ന ലേഖനത്തിലാണ് യു.പി നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘ്പരിവാര്‍ തന്ത്രങ്ങളെയും പുതിയ രാഷ്ട്രീയ സമവാക്യങ്ങളെയും വിശകലനം ചെയ്യുന്നത്.
പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയ്‌ക്കേറ്റ പരാജയങ്ങളുടെ പശ്ചാത്തലത്തില്‍, നിര്‍ണായകമായ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് ഷാ വളരെ നേരത്തെ കളത്തിലിറങ്ങി. അടച്ചിട്ട വാതിലുകള്‍ക്കപ്പുറം നടന്ന യോഗങ്ങളിലൊന്നില്‍ പങ്കെടുത്ത ഒരാള്‍ അമിത് ഷായുടെ പ്രസംഗം ഓര്‍ത്തെടുത്തത് ഇങ്ങനെയാണ്: ‘‘2024-ലെ ലോക്?സഭാ തിരഞ്ഞെടുപ്പ് മോദിജിയുടെ നേതൃത്വത്തില്‍ നമുക്ക് വിജയിക്കണം, 2022-ലെ ഉത്തര്‍പ്രദേശ് അസംബ്ലി തിരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടി അതിന് ശക്തമായ അടിത്തറയിടണം. നമുക്കെല്ലാം അറിയുന്നതുപോലെ മോദി പ്രധാനമന്ത്രിയും ആദിത്യനാഥ് മുഖ്യമന്ത്രിയുമായാല്‍ മാത്രമെ രാജ്യത്തിന് പുരോഗതിയുണ്ടാവൂ. അത് ഉറപ്പുവരുത്താന്‍, നമ്മള്‍ കഴിയാവുന്നതെല്ലാം ചെയ്യണം. കൂടുതല്‍ സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചെത്താന്‍ വേണ്ടതെന്തും നമ്മള്‍ ചെയ്യണം.''

ഈ യോഗങ്ങള്‍ കഴിഞ്ഞ് ഏതാണ്ട് ഒരാഴ്ച കഴിഞ്ഞപ്പോള്‍, നവംബര്‍ 19-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊടുന്നനെ രാജ്യത്തോട് ഒരു പ്രഖ്യാപനം നടത്തുന്നതാണ് കണ്ടത്. വിവാദമായ മൂന്ന് കൃഷി നിയമങ്ങളും കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുമെന്നായിരുന്നു ആ പ്രഖ്യാപനം. നവംബര്‍ രണ്ടാം വാരത്തിലെ ഷായുടെ വാരാണസി സന്ദര്‍ശനവുമായി ബന്ധപ്പെട്ട്, ജനങ്ങളുടെ വികാരം ബി.ജെ.പി. നേതൃത്വത്തെ തുറിച്ചുനോക്കാന്‍ തുടങ്ങി എന്ന യാഥാര്‍ഥ്യമാണ് ഈ പ്രഖ്യാപനത്തില്‍ പ്രതിഫലിച്ചത്.
മോദി സര്‍ക്കാരിനും യു.പി. സര്‍ക്കാരിനുമെതിരെ ഓരോ ദിവസവും എന്തെങ്കിലുമൊക്കെ വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഉയര്‍ന്നുകൊണ്ടിരിക്കുന്ന പെട്രോള്‍, ഡീസല്‍ വിലയും അവശ്യസാധാനങ്ങളുടെ വിലക്കയറ്റവും, അടുത്തിടെയുണ്ടായ സംഭവങ്ങളുടെ ആഘാതം വര്‍ധിപ്പിക്കുന്നതിന് കാരണമാവുകയും ചെയ്തു. ആഭ്യന്തര പ്രശ്‌നങ്ങള്‍ താരതമ്യേന ഗൗരവം കുറഞ്ഞവയാണ്, കാരണം ഇത് രാജ്യത്തെ ഉന്നത നേതാക്കളായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി. മുഖ്യമന്ത്രി ആദിത്യനാഥും തമ്മിലുള്ള വ്യക്തിപരവും സംഘടനാതലത്തിലുള്ളതുമായ പിണക്കങ്ങളാണ്. അത് പരിഹരിക്കാന്‍ ആര്‍.എസ്.എസ്. ഉന്നത നേതൃത്വം ഇരുവര്‍ക്കുമിടയില്‍ സന്ധി സംഭാഷണങ്ങള്‍ നടത്തുന്നുമുണ്ട്. എങ്കിലും ‘ബിഗ് ടു' തമ്മിലുള്ള ശീതയുദ്ധത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ സംഘടനാ യോഗങ്ങളില്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇത് സംഘടനാ പ്രവര്‍ത്തകരുടെ മനോവീര്യത്തെ ബാധിക്കാനിടയുണ്ട്.- ലഖ്‌നോയിലെ മുതിര്‍ന്ന ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ പറയുന്നു.
ഈ ആര്‍.എസ്.എസ്. നേതാവും വിവിധ സംഘപരിവാര്‍ സംഘടനകളിലെ അദ്ദേഹത്തിന്റെ കൂട്ടാളികളും സ്ഥിതിഗതികള്‍ ലളിതമായി ഇങ്ങനെ സംഗ്രഹിച്ചു: 2022 ആദ്യം തിരഞ്ഞെടുപ്പിലേക്ക് പോകുന്ന അഞ്ച് സംസ്ഥാനങ്ങളില്‍, കര്‍ഷകരുടെ പ്രക്ഷോഭവും ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എ.യില്‍ നിന്നുള്ള ശിരോമണി അകാലിദളിന്റെ പിന്‍മാറ്റവും പഞ്ചാബില്‍ ബി.ജെ.പി.യ്ക്ക് മരണമണിയാകും. അതേസമയം, ഉത്തരാഖണ്ഡിലും ഗോവയിലും അത്ര എളുപ്പമാവുകയുമില്ല. സാധാരണ സാഹചര്യങ്ങളില്‍ ഉത്തര്‍ പ്രദേശില്‍ അനായാസം വിജയിക്കാവുന്നതാണ്. എന്നാല്‍ അടുത്തകാലത്തുണ്ടായ സംഭവങ്ങളുടെ പരമ്പര അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്. സമീപ കാലത്തുണ്ടായ സംഭവങ്ങള്‍ ബി.ജെ.പി.യെയും കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളെ ആശങ്കയിലാക്കിയിട്ടുണ്ടെന്നാണ് ലഖ്‌നോയിലെ ആര്‍.എസ്.എസ്. പ്രവര്‍ത്തകനും സംഘവും പറയുന്നത്.
‘‘തീര്‍ച്ചയായും, പല കാലങ്ങളില്‍ പരീക്ഷിച്ച ഹിന്ദുത്വ വര്‍ഗീയ ധ്രുവീകരണ കാര്‍ഡ് ഇനിയും ഇറക്കാനാവും. എന്നാല്‍ ഇത്തവണ ശ്രദ്ധാപൂര്‍വം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്, കാരണം കുതിച്ചുയരുന്ന വിലയുടെ പേരില്‍ ജനങ്ങള്‍ ആകെ നിരാശരും പ്രകോപിതരുമാണ്, ഇത് വര്‍ഗീയ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തടസ്സമാകുന്നു.''
ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പിലേക്ക് വരുന്ന പുതിയ ധ്രുവീകരണമാണ് മറ്റൊരു പ്രശ്‌നമെന്നും ലഖ്‌നോയില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ സംഘം ചൂണ്ടിക്കാട്ടുന്നു. സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി എന്നീ രണ്ട് പ്രാദേശിക പാര്‍ട്ടികളും കേന്ദ്രത്തിലെ പ്രതിപക്ഷമായ കോണ്‍ഗ്രസുമാണ് പ്രധാനമായും എതിര്‍ വോട്ടുകളെ ഭിന്നിപ്പിക്കാന്‍ പോകുന്നത്. ബി.ജെ.പി.യും എസ്.പിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തലേക്കാണ് സംസ്ഥാനത്തെ സാഹചര്യം വിരല്‍ചൂണ്ടുന്നത്. മുന്‍ മുഖ്യമന്ത്രിയും എസ്.പി. പ്രസിഡന്റുമായ അഖിലേഷ് യാദവ്, പ്രാദേശിക, സാമൂഹിക അടിസ്ഥാനത്തില്‍ നിര്‍ണായക മേഖലകളില്‍ സ്വാധീനമുള്ള ചെറു പാര്‍ട്ടികളെ കൂട്ടിച്ചേര്‍ത്ത് തന്റെ രാഷ്ട്രീയ കളികള്‍ നടത്തുന്നതും പുതിയ സാഹചര്യങ്ങളിലേക്ക് ചേര്‍ക്കണം. ഇതെല്ലാം പ്രതികൂല രാഷ്ട്രീയാന്തരീക്ഷമാണുണ്ടാക്കുന്നതെന്ന് സംഘ് പരിവാര്‍ സംഘടനയിലെ അംഗങ്ങള്‍ പറയുന്നു.
ഒക്ടോബര്‍ 30-ന് വിവിധ സംസ്ഥാനങ്ങളിലായി മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും 30 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഉയര്‍ന്നുവരുന്ന ബി.ജെ.പി. വിരുദ്ധ, മോദി സര്‍ക്കാര്‍ വിരുദ്ധ സാമൂഹിക-രാഷ്ട്രീയ-ജുഡീഷ്യല്‍ പശ്ചാത്തലത്തിന് അടിവരയിടുന്നു. ബി.ജെ.പി. വിരുദ്ധ, കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ മനോഭാവം വടക്ക്, പടിഞ്ഞാറ് ഇന്ത്യയില്‍ രൂപപ്പെടുകയാണ്.
ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ നവംബര്‍ 12-നും 19-നും ഇടയില്‍ പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശ് ഘടകത്തിന്റെ വിവിധ തലങ്ങളില്‍ നിന്നും സംഘപരിവാറിലെ മറ്റു ഘടകങ്ങളില്‍ നിന്നും ലഭിച്ച ഫീഡ്ബാക്ക് രാഷ്ട്രീയമായ നഷ്ടം നികത്താനോ നഷ്ടം കുറയ്ക്കാനോ ഉള്ള തീരുമാനം വേണമെന്ന് തന്നെയായിരുന്നു. തുടര്‍ന്ന് മോദി 'വിനയാന്വിത'ന്റെ കോട്ടണിഞ്ഞ് ദേശീയ ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുകയും കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിക്കുകയും രാജ്യത്തോട് മാപ്പ് പറയുകയും ചെയ്തു. പതിവുപോലെ, ഈ പ്രഖ്യാപനത്തെയും ബി.ജെ.പി.യും സംഘപരിവാര്‍ പ്രൊപ്പഗാന്‍ഡാ മെഷിനറിയും തങ്ങള്‍ക്കു വേണ്ട രീതിയില്‍ തന്നെ ഉപയോഗിച്ചു.
‘ഗ്രാന്‍ഡ് മാസ്റ്റര്‍ സ്‌ട്രോക്ക്'- വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് ശേഷം നവംബര്‍ 19, 20 തീയതികളില്‍ പ്രൊപഗന്‍ഡ മെഷിനറികളുടെ പ്രധാന പ്രയോഗം ഇതായിരുന്നു. പാര്‍ട്ടിയുടെയും ഹിന്ദുത്വയുടെയും സോഷ്യല്‍ മീഡിയ ഫാക്ടറിയിലെ നിരവധി അക്കൗണ്ടുകള്‍ ഈ വരിയില്‍ നിരന്നു. പരമോന്നത നേതാവിന്റെ അഭൂതപൂര്‍വമായ കയറ്റിറക്കങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങളും ഈ പദപ്രയോഗത്തിന് അനുബന്ധമായി വന്നു. ഒരുവര്‍ഷം നീണ്ട കര്‍ഷക സമരം സൃഷ്ടിച്ച രാഷ്ട്രീയ-സാമൂഹിക സാഹചര്യം പാകിസ്ഥാനും ചൈനയും ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ശത്രുക്കള്‍ ഉപയോഗിക്കാനിടയുള്ളപ്പോള്‍, ദേശീയ താല്‍പര്യത്തിന്റെ ഉന്നതമായ ആശയങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ടാണ് ഇന്ത്യയുടെ ഭരണാധികാരിയായുള്ള ഏഴ് വര്‍ഷത്തെ കാലയളവിനുള്ളില്‍ എടുത്തിട്ടില്ലാത്ത വലിയ തീരുമാനം പ്രധാനമന്ത്രി എടുത്തതെന്നാണ് പ്രൊപഗന്‍ഡ മെഷിനറികളുടെ വാദം.
ബി.ജെ.പിയുടെ ഉന്നത വൃത്തങ്ങള്‍ക്കുള്ളില്‍ അഭൂതപൂര്‍വമായ തുടര്‍ രാഷ്ട്രീയനീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത് പ്രതിപക്ഷത്തെ ഞെട്ടിക്കുന്നതായിരിക്കുമെന്നും ഒരു ആര്‍.എസ്.എസ്. നേതാവ് സൂചിപ്പിച്ചു.
എന്നാല്‍ ഈ നീക്കങ്ങള്‍ എന്താണെന്ന് വിശദീകരിക്കാന്‍ നേതാവ് തയ്യാറായില്ല. നവംബര്‍ 22-ന് വൈകുന്നേരം മുതല്‍ സംഘ് പരിവാര്‍ സര്‍ക്കിളുകളില്‍ തുടര്‍നീക്കങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു കൊണ്ടേയിരുന്നു. മൂന്ന് ഭാഗങ്ങളാണ് ഈ നീക്കങ്ങളിലുള്ളത്. ഒന്ന്, നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, ആര്‍.എല്‍.ഡി. പ്രസിഡന്റ് ജയന്ത് സിങ് ചൗധരി, ഹരിയാന ഡെപ്യൂട്ടി മുഖ്യമന്ത്രിയും ജനയാക് ജനതാ പാര്‍ട്ടി നേതാവുമായ ദുഷ്യന്ത് സിങ് ചൗത്താല എന്നിവരുള്‍പ്പെടെ ജാട്ട് സമുദായത്തിലെ പ്രധാന നേതാക്കളെ ഉള്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യോഗം വിളിക്കും.
ജാട്ട് സമുദായത്തിന്റെ സമുന്നതനായ നേതാവും ലോകദള്‍ സ്ഥാപകനുമായ മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങ്ങിന് ഭാരത് രത്‌ന നല്‍കുക എന്നതായിരുന്നു രണ്ടാമത്തെ നിര്‍ദിഷ്ട രാഷ്ട്രീയനീക്കം. ഇതെല്ലാം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജാട്ട് വോട്ടുകള്‍ ബി.ജെ.പി.യ്ക്ക് അനുകൂലമാക്കുന്നതിനുള്ള പുതിയ പദ്ധതി മുന്നോട്ടു നീക്കാനും സഹായിക്കും എന്നും ഈ ചര്‍ച്ചകളില്‍ പറഞ്ഞു കേട്ടു. ഈ പദ്ധതി മുന്നോട്ടു നീക്കലായിരുന്നു മൂന്നാമത്തെ രാഷ്ട്രീയനീക്കം. ഇത്തരമൊരു നീക്കത്തിന് ഉത്തര്‍ പ്രദേശിലും പഞ്ചാബിലും കൂടുതല്‍ സ്വാധീനമുണ്ടാകുമെനന്നായിരുന്നു വിലയിരുത്തല്‍.
പക്ഷെ, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ജയന്ത് ചൗധരിയും 23-ന് ഉച്ചതിരിഞ്ഞ് ലഖ്‌നോയില്‍ കണ്ടുമുട്ടിയപ്പോള്‍ ഈ സംഘപരിവാര്‍ പ്രചാരണത്തെ തച്ചു തകര്‍ക്കുക തന്നെ ചെയ്തു. അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്.പി.- ആര്‍.എല്‍.ഡി. സഖ്യം പ്രഖ്യാപിക്കാന്‍ ഉറപ്പാക്കിക്കൊണ്ട് രണ്ടു യുവനേതാക്കളും സമാന ഫോട്ടോകള്‍ ട്വീറ്റ് ചെയ്തു.
കര്‍ഷകരുടെ സമരവീര്യം കൃത്യമായും കൂട്ടായും ഉപയോഗപ്പെടുത്തനായാല്‍, 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അന്നാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. സര്‍ക്കാരിനെ തകര്‍ത്തതുപോലെ പ്രതിപക്ഷ കക്ഷികള്‍ക്ക് ബി.ജെ.പി.യെ പരാജയപ്പെടുത്താനാകുമെന്നാണ് ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയ നിരീക്ഷകരില്‍ പലരുടെയും അഭിപ്രായം. എന്നാല്‍ സമരോര്‍ജത്തിന്റെ ഇത്തരത്തിലുള്ള ഉപയോഗം ഇതുവരെ നടന്നിട്ടില്ല എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതിയ
യു.പിയിലെ നവ ചാണക്യ തന്ത്രങ്ങള്‍
വായിക്കാം, കേള്‍ക്കാം
ട്രൂ കോപ്പി വെബ്‌സീന്‍, പാക്കറ്റ് 54.
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
കമൽ കെ.എം.
Jan 25, 2023
3 Minutes Read
സൈനുൽ ആബിദ്
Jan 13, 2023
3 Minutes Read
ഇ.എ. സലീം
Jan 12, 2023
9 Minutes Watch
ഷാജഹാന്‍ മാടമ്പാട്ട്
Jan 12, 2023
6 Minutes Read
K RAJAN
7 Feb 2022, 11:41 AM
ഇങ്ങനെ ഒക്കെ ആണെങ്കിലും പ്രതിപഷം ഇപ്പോഴും ദുർബലമാണെന്ന് തന്നെ പറയാം. അതല്ലായിരുന്നെങ്കിൽ 2014ൽ തന്നെ മോഡി തിരിച്ചു വരില്ലായിരുന്നു.