വെന്‍ലോ,
അഥവാ കൊതിപ്പിച്ച നഗരത്തിലേക്ക്
തിരിച്ചുപോകുന്ന വിധം
വെന്‍ലോ, അഥവാ കൊതിപ്പിച്ച നഗരത്തിലേക്ക് തിരിച്ചുപോകുന്ന വിധം
20 Apr 2020, 03:02 PM
വെന്‍ലോ1 എന്ന നഗരംതന്നെ മറന്നുതുടങ്ങിയതായിരുന്നു
അപ്പോഴാണ്
മിലോഉ
ചാറ്റ്‌ബോക്‌സില്‍ വരുന്നത്.
എഫ്.ബി.യും മെസെഞ്ചറും ഉപയോഗിക്കാത്തതിന്
അവള്‍ ഡച്ചുശൈലിയില്‍ ക്ഷമാപണം നടത്തി.
പൂക്കളുടെ വീട് എന്നര്‍ത്ഥം വരുന്ന
ഡച്ചുപേരായിരുന്നു
അവളുടെ ഇന്‍സ്റ്റാഗ്രാം ഐഡി.
അവിടെ,
ഭാഷാന്തരങ്ങളുടെ മടുപ്പൊഴിവാക്കാന്‍
ഞങ്ങള്‍ ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും
സംസാരിച്ചുകൊണ്ടേയിരുന്നു.
മിലോഉവിനെ അല്ല,
അവളുടെ കൂട്ടുകാരി എലേനയെ
എനിക്കു തിരിച്ചുകിട്ടേണ്ടിയിരുന്നു.
നെതര്‍ലാന്റ്‌സിലെ
ഉത്രെഷ് സെന്‍ട്രലിനും
ജര്‍മ്മനിയിലെ ഡസ്സല്‍ഡോര്‍ഫിനുമിടയിലെ
വെന്‍ലോ സ്റ്റേഷനില്‍
ഒരു പാതിരാവണ്ടിക്കും
പുലര്‍കാലവണ്ടിക്കുമിടയില്‍ കുടുക്കിയിട്ടവളാണ് എലേന.
അവള്‍ തന്ന ഒരു പാതിരാച്ചുംബനത്തിന്റെ
ഓര്‍മ്മയാണ് വെന്‍ലോ.
മിലോ എലേനയെപ്പറ്റി
ഒന്നും പറഞ്ഞില്ല.
അവള്‍ വെന്‍ലോയെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു.
മിലോ വെന്‍ലോ വെന്‍ലോ എന്നു പറയുമ്പോള്‍
ഞാന്‍ എലേന എലേന എന്നു കേട്ടുകൊണ്ടിരുന്നു.
'സ്റ്റീരിയോസണ്‍ഡേകളിലെയും
സോമര്‍പ്പാര്‍ക്ക് ഫെസ്റ്റിലേയും'2
സംഗീതവിരുന്നുകളില്‍ മിലേഉവിന്റെ കണ്ണുവെട്ടിച്ച്
ഞാന്‍ എലേനയെത്തിരഞ്ഞുകൊണ്ടിരുന്നു.
വേനല്‍ കഴിഞ്ഞ്
ഇളംചൂടുള്ള വെന്‍ലോ
നിനക്കിഷ്ടമാകുമെന്ന്
മിലേഉ.
അങ്ങനെയെന്ന് ഞാനും.
വെന്‍ലോ സ്റ്റേഷനടുത്തുള്ള
ഹോട്ടല്‍ ഡി വോവന്‍സ്റ്റെയില്‍ 3
മിലോഉ എനിക്കൊരു മുറിയെടുത്തു.
വസന്തം വരച്ചിട്ടപോലെ
കാടിനു നടുവില്‍
തടാകത്തിലേക്കു തുറക്കുന്ന ജാലകങ്ങളുള്ള മുറി.
വെന്‍ലോയില്‍ ഇത്രയധികം കാടുണ്ടായിരുന്നോ?
വെയിലുമായാത്ത ടെറസില്‍
വശങ്ങളില്‍ കാടും തടാകവുമായി
ഞങ്ങളിരുന്നു.
മിലോഉ വൈന്‍ പറഞ്ഞു
ലിന്‍ബര്‍ഗ്ഗിലെ4 കുന്നില്‍ചെരുവുകളില്‍
പുതിയ മുന്തിരിത്തോട്ടം
ഹോളണ്ടിന്റെ വീഞ്ഞുഭരണിയാകുമത്രേ.
തടാകത്തിലേക്കു നോക്കിയിരുന്ന
എന്നെനോക്കി അവള്‍ ഇന്ത്യാക്കാരാ എന്നു വിളിച്ചു.
മാസ്‌നദി കാണിക്കാമെന്നു പറഞ്ഞ്
മാസ്ഹൂപ്പര്‍ 5 എന്ന കപ്പലില്‍
രണ്ടു ടിക്കറ്റെടുത്തു.
സ്റ്റാധിസ്6 എന്നു പേരുള്ള ടൗണ്‍ഹാളിനുമുന്നിലെ
മാര്‍ക്കറ്റിലായിരുന്നു രാത്രിഭക്ഷണം.
അങ്ങോട്ടുള്ള വഴിയില്‍
ഹോളണ്ട് കാസിനോയുടെ7 മുന്നില്‍
ഇത്തിരിനേരം കണ്ണടച്ചു നിന്നു.
അപ്പോഴേക്കും
ലിന്‍ബര്‍ഗ് തലയ്ക്കു പിടിച്ചിരുന്നു.
പതിനാറാം നൂറ്റാണ്ടിലെ ഗോഥിക് വാസ്തുവൈഭവം
ദീപാലങ്കാരങ്ങളില്‍ കുളിച്ചുനിന്നു.
മിലോഉ
ലിന്‍ബര്‍ഗിലെ വിഭവങ്ങള്‍ പറഞ്ഞു.
അതുകഴിക്കെ അവള്‍ ലിന്‍ബര്‍ഗിന്റെയും
വെന്‍ലോയുടെയും ചരിത്രം പറഞ്ഞുകൊണ്ടിരുന്നു.
പിറ്റേന്ന്
മിലോഉ മുന്നില്‍ വന്നുനില്‍ക്കും വരെ
ഞാന്‍ വെന്‍ലോയുടെ ഭൂതവും വര്‍ത്തമാനവും കേട്ടുകൊണ്ടിരുന്നു.
മാസ്ഹൂപ്പര്‍, റോമന്‍സാമ്രാജ്യത്തിനും
അപ്പുറത്തുള്ള ജലവാണിജ്യത്തിന്റെ ഓര്‍മ്മയാണ്.
വെന്‍ലോയെ ബ്ലെറിക്കുമായി ബന്ധിപ്പിക്കുന്ന
പാലം കടക്കെ
അതിന്റെ കാവല്‍ക്കാരായ
ചിങ്കിജിതാജിരി8 പ്രതിമകള്‍
അവള്‍ കാണിച്ചു തന്നു.
രണ്ടാം ലോകയുദ്ധത്തില്‍
ഫ്രഞ്ചു ബ്രിട്ടീഷ് ചേരി
നാസികളെ കുടുക്കാനായി
പന്ത്രണ്ടുവട്ടം
തകര്‍ക്കാന്‍ നോക്കിയതാണ്,
ഒടുക്കം പിന്തിരിഞ്ഞുപോക്കില്‍
നാസികള്‍തന്നെ അതു തകര്‍ത്തു.
കപ്പലിന്റെ ഡക്കില്‍
കമിതാക്കള്‍
കഞ്ചാവുതൈലം പുരട്ടിയ ഉന്മാദച്ചുരുട്ടുകള്‍ക്ക്
തീ കൊടുക്കുന്നു,9
ഹിമാലയന്‍ താഴ്‌വരകളുടെ മാദകഗന്ധം.
മിലോഉ എന്റെ കൈപിടിച്ച്
പുല്‍പ്പരപ്പുകളിലേക്കും കാടുകളിലേക്കും ചൂണ്ടി.
വാന്‍ഗോഗ് ചിത്രങ്ങള്‍പോലെ
ഇളംവെയിലില്‍ അവ മഞ്ഞച്ചുകിടന്നു
ഉന്മാദപ്പുക കട്ടുകുടിച്ച്
കണ്ണടച്ചുനിന്ന എന്നെ ചാരി
മിലോഉ
നിന്നെ ഞാന്‍ മാരിജുവാനയില്‍ കുളിപ്പിക്കട്ടേ...,10
എന്നു ചോദിച്ചു.
നഗരപ്രാന്തത്തിലെ
കോഫീഷോപ്പില്‍
കാന്നാബിസില്‍ 11
ആവികുളിക്കെ
വാന്‍ബോമ്മെല്‍ വാന്‍ഡാം12
ആര്‍ട്ടു മ്യൂസിയത്തിലെ
ചിത്രങ്ങളൊന്നാകെ
ഞങ്ങള്‍ക്കരികിലൂടെ വരിവരിയായി നീങ്ങി.
ഞാനവളെ കെട്ടിപ്പിടിച്ച്
എലേനാ, എലേനാ എന്നു തേങ്ങി.
ഓഷ്‌വിറ്റ്‌സിലേക്കു തെളിച്ചുകൊണ്ടുപോയ
സഹോദരന്മാരെക്കുറിച്ചു'13 പറഞ്ഞ് അവളും തേങ്ങി.
പിറ്റേന്ന്
ഉപേക്ഷിക്കപ്പെട്ട ഒരു സിനഗോഗില്‍
ഞങ്ങള്‍ മുട്ടുകുത്തി.
എമ്മാ ക്രിബോള്‍ഡറുടെ14
നൃത്തം ചെയ്യുന്ന കുറുക്കന്‍ എന്ന കവിത
മിലേഉ പതിഞ്ഞ ശബ്ദത്തില്‍ വായിച്ചു.
നിനക്ക് എലേനെയെക്കാണണോ
എന്നു ചോദിച്ചു, അവള്‍.
വിതുമ്പാന്‍ തുടങ്ങിയ എനിക്ക്
ഐന്തോവനിലേക്കുള്ള15 ബസ്ടിക്കറ്റും
എന്തോ എഴുതി മടക്കിയ ഒരു കടലാസും തന്നു, അവള്‍.
ശേഷം വെന്‍ലോ നഗരം
എന്നെ ചേര്‍ത്തുപിടിച്ചു,
പുണര്‍ന്നു,
ചുംബിച്ചു,
ചുംബിച്ചു,
ചുംബിച്ചു...
1 നെതര്‍ലാന്റ് സിന്റ തെക്കു കിഴക്കന്‍ അതിര്‍ത്തിയിലെ ഒരു നഗരം
2 വെന്‍ലോയിലെ മ്യൂസിക് ഫെസ്റ്റുകള്‍
3 പ്രസിദ്ധമായ ഒരു ഹോട്ടല്‍
4 വെന്‍ലോ ഉള്‍പ്പെടുന്ന ഡച്ചു പ്രവിശ്യ
5 ഒരു ഉല്ലാസക്കപ്പല്‍
6 യുദ്ധത്തെ അതിജീവിച്ച ഗോഥിക് ശൈലിയിലുള്ള ഒരു മന്ദിരം
7 ഹോളണ്ടിലെ ചൂതാട്ടകേന്ദ്രം
8 മാസ് ബ്രിഡ്ജിലെ പ്രതിമകള്‍
9 മയക്കുമരുന്നുപയോഗത്തിന് പേരുകേട്ട നഗരമാണ് വെന്‍ ലോ
10 കഞ്ചാവു തിളപ്പിച്ചുള്ള ആവിക്കുളി
11 കഞ്ചാവ്
12 വെന്‍ലോയിലെ പ്രസിദ്ധമായ കലാ മ്യൂസിയം
13 നാസി അധിനിവേശത്താലത്ത് നഗരത്തിലെ ജൂതവംശജര്‍ ഹോളോകോസ്റ്റ് ചെയ്യപ്പെട്ടു.
14 വെല്‍നോയിലെ ആദ്യ സിറ്റി പോയറ്റ്
15 വെന്‍ലോയ്ക്ക് അടുത്തുള്ള കലാനഗരം.
ഗഫൂർ കരുവണ്ണൂർ
26 Apr 2020, 02:07 PM
അനുഭവിപ്പിക്കുന്നുണ്ട് കവിത
ചന്ദ്രബോസ്.
26 Apr 2020, 01:05 PM
കവിത രാഷ്ട്രീയ ചരിത്രത്തിന്റെ വാസ്തുശില്പമാകുന്നതിങ്ങനെ അഭിനന്ദനങ്ങൾ
പി പ്രേമചന്ദ്രന്‍
22 Apr 2020, 09:19 PM
നല്ല കവിത. ലത്തീഫ്.
അഞ്ജുഷ.എന്‍.പി
22 Apr 2020, 01:27 PM
നല്ല കവിത, വ്യത്യസ്തമായ ആഖ്യാന ശെെലി. കവിതയിലൂടെ കന്നു പോവുമ്പോള്‍ വെന്‍ലോ നഗരത്തിലെത്തിയതു പോലെ തോന്നുന്നു. എെന്തോവനിലേക്കുള്ള ബസ്ടിക്കറ്റിനൊപ്പം കൊടുത്ത ആ കടലാസില്‍ എഴുതിയതെന്തെന്നറിയുവാനുള്ള ആകാംക്ഷ ബാക്കി....... അപാരമായ ഭാവനാശക്തി. കവിത ഒരുപാടിഷ്ടമായി മാഷെ
സുധീർ രാജ്
22 Apr 2020, 12:39 PM
ഇഷ്ടമായി.വെൻലോ അനുഭവിപ്പിക്കുന്നുണ്ട്.
ആർ സംഗീത
22 Apr 2020, 11:24 AM
കാഴ്ചകളിലൂടെ കേൾവികളിലൂടെ പഞ്ചേന്ദ്രിയ ങ്ങളെ തൊട്ടു പോകുന്നു. നന്ദി ഈ കവിതയ്ക്കു
ഷിജു. ആർ
22 Apr 2020, 11:15 AM
അടച്ചു പൂട്ടിയിരിക്കുന്ന ഒരു ലോകത്തിരിക്കുമ്പോൾ പുറപ്പെട്ടുപോയ യാത്രകളുടെ സമ്മോഹന ചിത്രങ്ങൾ മനസ്സിൽ തെളിയും. പ്രണയവും സ്വാതന്ത്ര്യവും ലഹരിയുമെല്ലാം വഴിഞ്ഞൊഴുകിയ ഈ നഗര ചത്വരത്തിലും ഇപ്പോൾ മരണത്തിന്റെ നിശബ്ദനൃത്തം . മനോഹര കവിത
Babeesh
22 Apr 2020, 11:02 AM
ഗംഭീരം.. 💓
ബിന്ദു കൃഷ്ണൻ
Dec 23, 2020
5 Minutes Listening
SHYJU RAIN
2 May 2020, 04:16 PM
ഈ കവിത ''എന്നെ എന്തെല്ലാമോ യാത്രകള്‍ക്കിടയില്‍ എത്തിക്കുന്നു.''