ബോബ് ഡിലൻ വേണുവിന്റെ വിവർത്തനത്തിൽ

പാശ്​ചാത്യ സംഗീതത്തിലെ ‘ഫോർ എവർ യംങ്​’ ബോബ്​ ഡിലന്റെ പ്രശസ്​ത ഗാനമായ ‘ബ്ലോയിങ് ഇൻ ദ് വിൻഡ്’ പ്രമുഖ ക്യാമറാമാനും സംവിധായകനുമായ വേണുവിന്റെ പരിഭാഷയിൽ

വേണു

കാറ്റ് വീശുന്നു

ഴിയെത്ര വഴികളാ മനുഷ്യൻ ചവിട്ടണം,
മനുഷ്യനായവനെ നീ കാണും മുൻപ്?
കടലെത്ര കടലുകൾ താണ്ടണം വെൺ പ്രാവിവൾ,
മണലിൽ മടിയിൽ മയങ്ങും മുൻപ് ?
ഇനിയെത്ര വട്ടം ചിതറണം വെടിയുണ്ട, മതി, മതിയെന്ന് നാം പറയും മുൻപ്?

ഇതിനൊക്കെ ഉത്തരം കാറ്റിലുണ്ട്, ഇവിടൊക്കെ വീശുമീ കാറ്റിലുണ്ട്.

ഇനിയെത്ര കാലമീ മലകൾ നിലകൊള്ളും,
കടലിലേക്കവ മെല്ലെ അലിയും മുൻപ്?
ഇനിയെത്ര കാലമീ മനുഷ്യർ നിലകൊള്ളും,
അവരുടെ ചങ്ങല അഴിയും മുൻപ്?
ഇനിയും ഒരാളെത്രവട്ടം മുഖം തിരിച്ചറിയില്ല, കണ്ടില്ല എന്ന് ചൊല്ലും?

ഇതിനൊക്കെ ഉത്തരം കാറ്റിലുണ്ട്, ഇവിടൊക്കെ വീശുമീ കാറ്റിലുണ്ട്.

ഇനിയെത്ര വട്ടം നാം മേലോട്ട് നോക്കണം,
ആകാശനീലിമയൊന്ന് കാണാൻ?
ഇനിയെത്ര കാതുകൾ വേണം നമുക്കിനി,
മനുഷ്യന്റെ നിലവിളിയൊന്ന് കേൾക്കാൻ?
ഇനിയെത്ര മരണങ്ങൾ വേണം നമുക്കിനി,
ഒരുപാട് മരണങ്ങളെന്ന് തോന്നാൻ?

ഇതിനൊക്കെ ഉത്തരം കാറ്റിലുണ്ട്, ഇവിടൊക്കെ വീശുമീ കാറ്റിലുണ്ട്.

Blowing In The Wind


വേണു

സിനിമാറ്റോഗ്രാഫർ, സംവിധായകൻ, എഴുത്തുകാരൻ. ദയ, മുന്നറിയിപ്പ്, കാർബൺ എന്നീ സിനിമകൾ സംവിധാനം ചെയ്തു. സോളോ സ്റ്റോറീസ്, നഗ്നരും നരഭോജികളും എന്നിവ പുസ്തകങ്ങൾ.

Comments