ഓരോ ഹൃദയമിടിപ്പും
നമ്മുടെ പാട്ടായിരിക്കണം;
രക്തത്തിന്റെ ചുവപ്പ്
നമ്മുടെ കൊടിക്കൂറയും
ഓരോ ഹൃദയമിടിപ്പും നമ്മുടെ പാട്ടായിരിക്കണം; രക്തത്തിന്റെ ചുവപ്പ് നമ്മുടെ കൊടിക്കൂറയും
"ആരോഗ്യം ഒരു രാഷ്ട്രീയ തെരഞ്ഞെടുപ്പാണ്' എന്ന 2020 ജൂണ്‍ മാസത്തിലെ ഞങ്ങളുടെ ദോസിയറില്‍ ചൂണ്ടിക്കാണിച്ചതുപോലെ, പൊതുജനാരോഗ്യ സംവിധാനങ്ങള്‍ക്കുമേലുള്ള ആക്രമണം ലോകാരോഗ്യ സംഘടന ഒരു സുപ്രധാന മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നതിലേക്ക് നയിച്ചിരുന്നു. ആരോഗ്യസംരക്ഷണ സംവിധാനത്തെ സ്വകാര്യവല്‍ക്കരിക്കുവാനുള്ള നവലിബറല്‍ തീട്ടൂരം സ്വീകരിച്ച രാജ്യങ്ങളില്‍ ഏതെങ്കിലും മഹാമാരി പൊട്ടിപ്പുറപ്പെട്ടാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചായിരുന്നു അത്.''
28 Jul 2020, 01:01 PM
ലാവോസും വിയറ്റ്നാമും പോലെയുള്ള രാജ്യങ്ങള്‍ക്ക് കൊറോണാവൈറസിനെ പ്രതിരോധിക്കുവാന്‍ സാധിച്ചുവെന്ന വസ്തുത വളരെക്കുറച്ചേ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളൂ. ഈ രണ്ട് രാജ്യങ്ങളിലും സ്ഥിരീകരിക്കപ്പെട്ട ഒരു കോവിഡ്-19 മരണം പോലും ഉണ്ടായിട്ടില്ല. 2019 ഡിസംബറില്‍ ഈ വൈറസ് ആദ്യമായി കണ്ടെത്തപ്പെട്ട ചൈനയുമായി ഇപ്പറഞ്ഞ രണ്ട് രാജ്യങ്ങളും അതിര്‍ത്തി പങ്കിടുന്നുണ്ടെന്ന് മാത്രമല്ല സമൃദ്ധമായ വ്യാപാര, വിനോദ സഞ്ചാര ബന്ധം നിലനിര്‍ത്തുന്നുമുണ്ട്.
ഇന്ത്യയും ചൈനയും ഹിമാലയസാനുക്കളാല്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. ബ്രസീലിനും യു.എസിനും ഇടയിലും അവര്‍ക്കും ഏഷ്യയ്ക്കുമിടയിലും രണ്ട് സമുദ്രങ്ങളാണുള്ളത്. എന്നിരുന്നിട്ടുപോലും രോഗബാധയുടെയും മരണത്തിന്റെയും ഏറ്റവും ഞെട്ടിപ്പിക്കുന്ന കണക്കുകളുള്ളത് യു.എസിലും ബ്രസീലിലും ഇന്ത്യയിലുമാണ്. സമ്പന്ന രാജ്യങ്ങള്‍ - വിശേഷിച്ച് അമേരിക്കന്‍ ഐക്യനാടുകള്‍ - പ്രതിസന്ധിയുടെ കയത്തില്‍ പെട്ടിരിക്കുമ്പോള്‍ താരതമ്യേന ദരിദ്രരാജ്യങ്ങളായ ലാവോസും വിയറ്റ്നാമും പോലുള്ളവയ്ക്ക് രോഗബാധയുടെ ശൃംഖല തകര്‍ക്കാന്‍ സാധിച്ചതെങ്ങനെയാണ്?

ട്രൈക്കോണ്ടിനെന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ റിസര്‍ച്ചിലെ ഞങ്ങളുടെ ടീം, ലാവോസ്, വിയറ്റ്നാം തുടങ്ങിയ സ്ഥലങ്ങളിലെ സര്‍ക്കാരുകള്‍ കൊറോണാവൈറസിന്റെ ദ്രുതഗതിയിലുള്ള വ്യാപനത്തെ നേരിടുന്ന രീതിയെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. മൂന്ന് രാജ്യങ്ങളുടെയും (ക്യൂബ, വെനസ്വേല, വിയറ്റ്നാം) ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്റെയും (കേരളം) അനുഭവങ്ങള്‍ ഞങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചു. ഈ അന്വേഷണങ്ങള്‍ കൊറോണ ആഘാതത്തെക്കുറിച്ചുള്ള ഞങ്ങളുടെ മൂന്നാമത്തെ പഠനമായി ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്, "കൊറോണ ആഘാതവും സോഷ്യലിസവും' (Corona Shock and Socialism) എന്ന പേരില്‍. ഈ അന്വേഷണത്തില്‍, സോഷ്യലിസ്റ്റ് സര്‍ക്കാരുകളുള്ള രാജ്യങ്ങളുടെയും മുതലാളിത്ത ക്രമം പിന്തുടരുന്ന രാജ്യങ്ങളുടെയും കോവിഡ്-19നോടുള്ള പ്രതികരണങ്ങള്‍ തമ്മില്‍ പ്രധാനമായും നാല് വ്യത്യാസങ്ങളുണ്ടെന്ന് ഞങ്ങള്‍ക്ക് വ്യക്തമായി.

1. ഭ്രമാത്മകതയ്ക്കു പകരം ശാസ്ത്രത്തിന്റെ കരുത്ത്
2020 ജനുവരി 20-ന് കൊറോണാവൈറസ് മനുഷ്യര്‍ക്കിടയില്‍ പകരാമെന്ന് ചൈനീസ് ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും പ്രഖ്യാപിച്ച ഉടനെ തന്നെ, തങ്ങളുടെ രാജ്യത്തേയ്ക്കുള്ള പ്രവേശനമാര്‍ഗ്ഗങ്ങള്‍ നിരീക്ഷിക്കാനും ജനങ്ങള്‍ക്കിടയില്‍ ഏറ്റവും കൃത്യതയോടെ പരിശോധന നടത്തുവാനും സോഷ്യലിസ്റ്റ് സര്‍ക്കാരുകള്‍ നടപടിയെടുത്തു. തങ്ങളുടെ ജനങ്ങള്‍ക്കിടയില്‍ രോഗബാധ നിയന്ത്രണാതീതമാകില്ലെന്ന് ഉറപ്പാക്കാന്‍ അവര്‍ ടാസ്‌ക് ഫോഴ്‌സുകളും പ്രതിരോധ പ്രവര്‍ത്തനത്തിനുള്ള നടപടിക്രമങ്ങളും തയ്യാറാക്കി. ഇതിനൊന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്ഒ) മാര്‍ച്ച് 11 ന് ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നതുവരെ അവര്‍ കാത്തിരുന്നില്ല.
ചൈനീസ് സര്‍ക്കാരിനോടും ലോകാരോഗ്യ സംഘടനയോടും ഭ്രാന്തുപിടിച്ചതുപോലെ പെരുമാറിയ യുഎസ്, യുകെ, ബ്രസീല്‍, ഇന്ത്യ തുടങ്ങിയ മുതലാളിത്ത രാജ്യങ്ങളിലെ സര്‍ക്കാരുകളുടേതില്‍ നിന്നും തികച്ചും വ്യത്യസ്തമായ രീതിയായിരുന്നു ഇത്. വിയറ്റ്നാമിന്റെ പ്രധാനമന്ത്രി ങുവേന്‍ ഷുവാന്‍ ഫുക്കിന്റെയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെയും നിലപാടുകള്‍ തമ്മില്‍ താരതമ്യത്തിനു പോലും ഇടമില്ല. ആദ്യത്തെയാള്‍ സമചിത്തതയോടുകൂടിയ ശാസ്ത്രീയമായ സമീപനം സ്വീകരിച്ചുവെങ്കില്‍ രണ്ടാമത്തെയാള്‍ ഇക്കഴിഞ്ഞ ജൂണ്‍ 24-ന് പോലും കൊറോണാവൈറസിനെ ഒരു നിസ്സാര പനിയായി ചിരിച്ചുതള്ളുകയായിരുന്നു.
2. യുദ്ധവെറിക്കും വംശീയതയ്ക്കും പകരം സാര്‍വദേശീയത
ട്രമ്പും ബോള്‍സൊനാരോയും വൈറസിനെ നേരിടാന്‍ തയ്യാറെടുക്കുന്നതിനേക്കാള്‍ സമയം ചെലവഴിക്കുന്നത് വൈറസിന്റെ പേരില്‍ ചൈനയെ കുറ്റപ്പെടുത്താനാണെന്ന് തോന്നുന്നു. അതായത് സ്വന്തം ജനങ്ങളെ പരിപാലിക്കുന്നതിനേക്കാള്‍ കൂടുതല്‍ തങ്ങളുടെ കഴിവില്ലായ്മകളെ മറച്ചു പിടിക്കുന്നതിനെക്കുറിച്ചായിരുന്നു അവരുടെ വെപ്രാളം. "ദുഷ്പ്രചാരണമല്ല, ഐക്യദാര്‍ഢ്യമാണ്' വേണ്ടത് എന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. തെദ്രോസ് അധാനോം ഗെബ്രെയേസുസ് ആഹ്വാനം ചെയ്യുവാനുള്ള കാരണം ഇതാണ്. മഹാമാരിയുടെ ആക്രമണത്തില്‍ നിന്നും യു.എസിനെയോ ബ്രസീലിനെയോ രക്ഷിക്കാന്‍ യുദ്ധവെറിക്കോ വംശീയതയ്ക്കോ സാധിച്ചില്ല. രണ്ട് രാജ്യങ്ങളും വളരെപ്പെട്ടെന്നു തന്നെ കനത്ത പ്രതിസന്ധിയുടെ കയത്തിലേയ്ക്കു വീണു.
അതേസമയം, യു.എസ്. തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയിലേക്ക് സുരക്ഷാ ഉപകരണങ്ങള്‍ അയച്ചത്, യു.എസ്. മാരക നശീകരണ ആയുധങ്ങള്‍ വര്‍ഷിച്ചതിന്റെ ഏറെയൊന്നും പഴയതല്ലാത്ത ഓര്‍മകള്‍ പേറുന്ന ഒരു ദരിദ്രരാജ്യമായിരുന്നു - വിയറ്റ്നാം. കോവിഡ്-19നെതിരായ പോരാട്ടത്തില്‍ തങ്ങളുടെ സഹായം ലോകമെമ്പാടുമെത്തിച്ചത് ചൈനയുടെയും ക്യൂബയുടെയും ഡോക്ടര്‍മാരായിരുന്നു. യു.എസില്‍ നിന്നോ യു.കെയില്‍ നിന്നോ ബ്രസീലില്‍ നിന്നോ അല്ലെങ്കില്‍ ഇന്ത്യയില്‍ നിന്നോ ഉള്ള ഒരു ആരോഗ്യപ്രവര്‍ത്തകരുടെ സംഘത്തെയും എവിടെയും കാണുവാന്‍ സാധിച്ചില്ല. ഈ രാജ്യങ്ങളിലെ അപകടകരമാം വിധം കഴിവുകെട്ട നേതാക്കന്മാര്‍ അവരുടെ ജനതയെ വംശീയതയില്‍ പൊതിഞ്ഞ് മറ്റൊന്നിനെക്കുറിച്ചും ആശങ്കയില്ലാത്തവരാക്കി മയക്കിയെടുക്കുവാന്‍ ശ്രമിക്കുകയായിരുന്നു. ജനങ്ങള്‍ ഇതിന് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതാണ്. ഇതുകൊണ്ടാണ് "മാനവികതയ്ക്കെതിരായ കുറ്റകൃത്യ'ത്തിന് തുല്യമായ ഈ പ്രവൃത്തികളുടെ പേരില്‍ ട്രമ്പിന്റെയും മോദിയുടെയും ബോള്‍സൊനാരോയുടെയും സര്‍ക്കാരുകളെക്കുറിച്ച് അന്വേഷിക്കാന്‍ അരുന്ധതി റോയ് ഒരു ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടത്.
3. ലാഭവെറി പൂണ്ട സ്വകാര്യ മേഖലയ്ക്കു പകരം പൊതുമേഖല
ആതുരശുശ്രൂഷയെ സ്വകാര്യവല്‍ക്കരിക്കുകയും തങ്ങളുടെ പൊതു ആരോഗ്യ സംവിധാനങ്ങളെ ചുരുക്കുകയും ചെയ്ത രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ചെയ്യാനുണ്ടായിരുന്നത് യാഥാര്‍ഥ്യത്തിന് കീഴടങ്ങുക എന്നത് മാത്രമായിരുന്നു. "ആരോഗ്യം ഒരു രാഷ്ട്രീയ തെരഞ്ഞെടുപ്പാണ്' എന്ന 2020 ജൂണ്‍ മാസത്തിലെ ഞങ്ങളുടെ ദോസിയറില്‍ ചൂണ്ടിക്കാണിച്ചതുപോലെ, പൊതുജനാരോഗ്യ സംവിധാനങ്ങള്‍ക്കുമേലുള്ള ആക്രമണം ലോകാരോഗ്യ സംഘടന ഒരു സുപ്രധാന മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നതിലേക്ക് നയിച്ചിരുന്നു. ആരോഗ്യസംരക്ഷണ സംവിധാനത്തെ സ്വകാര്യവല്‍ക്കരിക്കുവാനുള്ള നവലിബറല്‍ തീട്ടൂരം സ്വീകരിച്ച രാജ്യങ്ങളില്‍ ഏതെങ്കിലും മഹാമാരി പൊട്ടിപ്പുറപ്പെട്ടാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചായിരുന്നു അത്.
തങ്ങളുടെ പൊതുജനാരോഗ്യ സംവിധാനങ്ങളെയും പൊതുമേഖലയെയും ഉപയോഗിച്ച് സുരക്ഷാ ഉപകരണങ്ങള്‍ മുതല്‍ മരുന്നുകള്‍ വരെ വൈറസിനെ നേരിടാനാവശ്യമായതെല്ലാം ഉല്പാദിപ്പിക്കാന്‍ വിയറ്റ്നാമും ക്യൂബയും പോലുള്ള രാജ്യങ്ങള്‍ക്ക് സാധിച്ചു. എന്തുകൊണ്ട് ഒരു ദരിദ്രരാജ്യമായ വിയറ്റ്നാമിന് സമ്പന്ന രാജ്യമായ യു.എസിലേക്ക് അഞ്ച് ലക്ഷം സുരക്ഷാ ഉപകരണങ്ങള്‍ കയറ്റിയയയ്ക്കാന്‍ സാധിച്ചു എന്നതിന്റെ ഉത്തരം ഇതു തന്നെയാണ്.
4. ജനങ്ങളെ ഒറ്റപ്പെട്ട തുരുത്തുകളാക്കി ദുര്‍ബലരാക്കുന്ന മാതൃകയ്ക്കു പകരം പൊതു ഇടപെടലിന്റെ മാതൃക
35 ദശലക്ഷം ജനങ്ങളുള്ള നാടാണ് കേരളം. അവിടെ യുവാക്കളുടെയും സ്ത്രീകളുടെയും തൊഴിലാളികളുടെയും കൃഷിക്കാരുടെയുമെല്ലാം ബഹുജന സംഘടനകളും സഹകരണ സ്ഥാപനങ്ങളുമൊക്കെ രോഗവ്യാപനത്തിന്റെ ചങ്ങല പൊട്ടിക്കുന്ന പ്രക്രിയയിലേയ്ക്ക് നേരിട്ട് പ്രവേശിക്കുന്നതും പ്രയാസമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കുന്നതും കണ്ടു. 45 ലക്ഷം സ്ത്രീകള്‍ ഉള്‍പ്പെടുന്ന കുടുംബശ്രീ വ്യാപകമായി മാസ്‌കുകളും ഹാന്റ് സാനിറ്റൈസറുകളും ഉല്പാദിപ്പിച്ചു. തൊഴിലാളി സംഘടനകളും മറ്റും പലയിടങ്ങളിലും കൈകഴുകല്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ഇത്തരത്തില്‍ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടു കൂടിയ പ്രവര്‍ത്തനങ്ങള്‍ സോഷ്യലിസ്റ്റ് ലോകത്താകെ പ്രകടമായിരുന്നു. മാസ്‌ക് നിര്‍മാണത്തിനും ആരോഗ്യത്തെപ്പറ്റിയുള്ള പ്രചാരണങ്ങള്‍ക്കുമായി ആളുകളെ സംഘടിപ്പിച്ച ക്യൂബയുടെ "Committees for the Defence of the Revolution' മുതല്‍ ജനങ്ങള്‍ക്ക് പോഷകാഹാരം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ ഭക്ഷണ വിതരണം വിപുലമാക്കിയ വെനസ്വേലയിലെ സാമൂഹ്യ അടുക്കളകളും "Local Committees for Supply and Production'-ഉം വരെ ഈ ഗണത്തില്‍ പെടുന്നു.
ബഹുജന സംഘടനകള്‍ കെട്ടിയിടപ്പെടുകയും സന്നദ്ധ പ്രവര്‍ത്തനം പ്രൊഫഷണലൈസ്ഡ് ആവുകയും ചെയ്തിരിക്കുന്ന വികസിത മുതലാളിത്ത രാജ്യങ്ങളില്‍ ഈ നിലയിലുള്ള പൊതുജനങ്ങളുടെ പങ്കാളിത്തത്തോടു കൂടിയ പ്രവര്‍ത്തനം കണ്ടുകിട്ടുക പോലുമില്ല. ഇവിടെയുള്ള ഒരു വൈരുദ്ധ്യം എന്തെന്നു വച്ചാല്‍, ഈ വലിയ ജനാധിപത്യ രാജ്യങ്ങളില്‍ ജനങ്ങള്‍ ഒരേ സമയം ഒറ്റപ്പെട്ട തുരുത്തുകളാക്കപ്പെട്ടിരിക്കുമ്പോഴും പ്രതീക്ഷകള്‍ക്ക് പോലും സാധ്യതയില്ലാത്ത വിധം അപ്രത്യക്ഷമായിരിക്കുന്ന ഭരണകൂട ഇടപെടലില്‍ അവര്‍ ആശ വച്ചിരിക്കുന്നുവെന്നതാണ്.

മേല്‍ സൂചിപ്പിച്ച കാരണങ്ങളാല്‍, ലാവോസിലും വിയറ്റ്നാമിലും മരണമൊന്നും സംഭവിച്ചിട്ടില്ല, ക്യൂബയ്ക്കും കേരളത്തിനും അണുബാധയുടെ തോത് കുറയ്ക്കാനും കഴിഞ്ഞു. നവലിബറല്‍ നയങ്ങളില്‍ മുങ്ങിയിരിക്കുന്ന അയല്‍ രാജ്യങ്ങളായ ബ്രസീല്‍, കൊളംബിയ എന്നിവിടങ്ങളില്‍ യഥാക്രമം 72,151 പേരും 5,307 പേരും കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചപ്പോള്‍ വെനസ്വേലയിലെ മരണ സംഖ്യ 89 മാത്രമാണ്. യുഎസിലേത് ഒരുലക്ഷത്തി മുപ്പത്തിയേഴായിരവും! ഈ വലിയ വ്യത്യാസങ്ങള്‍ക്കിടയിലും, വെനസ്വേലയുടെ പ്രസിഡന്റ് മദൂരോ ഇപ്പോഴും രോഗത്തിന്റെ തീവ്രതയെക്കുറിച്ച് മാത്രമല്ല, നഷ്ടപ്പെട്ട 89 ജീവനുകളില്‍ ഓരോന്നിന്റെയും ഉയര്‍ന്ന മൂല്യത്തെക്കുറിച്ചും ഊന്നിപ്പറയുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.
എന്നാല്‍ ലാവോസ്, വിയറ്റ്നാം, ക്യൂബ, വെനസ്വേല തുടങ്ങിയ രാജ്യങ്ങള്‍ കനത്ത വെല്ലുവിളികളാണ് നേരിടുന്നത്. ക്യൂബയും വെനസ്വേലയും അമേരിക്ക ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധ ഭീഷണി നേരിടുന്നു. മെഡിക്കല്‍ ഉല്പന്നങ്ങള്‍ വാങ്ങാനും അവയ്ക്ക് പണമടയ്ക്കാനുമെല്ലാമുള്ള അവരുടെ മാര്‍ഗം ദുര്‍ഘടമായിരിക്കുന്നു.
ലാവോസില്‍ നിന്നുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞു, "ഞങ്ങള്‍ വൈറസ് പ്രതിസന്ധിയെ പരാജയപ്പെടുത്തി. ഇനി കടക്കെണി ഞങ്ങളെ കീഴ്പ്പെടുത്താന്‍ പോവുകയാണ്. അതാണെങ്കില്‍ ഞങ്ങള്‍ സൃഷ്ടിച്ചതുമല്ല'. ഈ വര്‍ഷം തന്നെ ലാവോസിന് അതിന്റെ വിദേശ കടം വീട്ടുന്നതിന് 900 മില്യണ്‍ ഡോളര്‍ നല്‍കേണ്ടതായിട്ടുണ്ട്. അവരുടെ മൊത്തം വിദേശനാണ്യ ശേഖരം ഒരു ബില്യണ്‍ ഡോളറില്‍ താഴെയാണ്. മഹാമാരിയെ ധീരമായി പിടിച്ചുകെട്ടാന്‍ സാധിച്ചിട്ടും സാര്‍വത്രികമായ വായ്പ റദ്ദാക്കലിന്റെ അഭാവത്തില്‍ കൊറോണക്കാലം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി സോഷ്യലിസ്റ്റ് സര്‍ക്കാരുകള്‍ക്കു മുന്നില്‍ ഗുരുതരമായൊരു വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കടം റദ്ദാക്കാനുള്ള ആഹ്വാനം ഒരു ജീവന്മരണ വിഷയമാണ്. അതുകൊണ്ടാണ് കടം റദ്ദാക്കല്‍ കോവിഡ്-19നു ശേഷം ഗ്ലോബല്‍ സൗത്തി നു വേണ്ടിയുള്ള പത്തിന അജണ്ടയുടെ ഒരു പ്രധാന ഘടകമായിരിക്കുന്നത്.

ലോകത്ത് മാനവികത ഉല്‍പാദിപ്പിക്കാന്‍ പോരാടിയ മുന്‍ കാലഘട്ടത്തിലെ കവികളിലേയ്ക്കും പോരാളികളിലേയ്ക്കും എന്റെ മനസ്സ് അലഞ്ഞു ചെന്നു. രണ്ട് ഇറാനിയന്‍ കവികള്‍ ഓര്‍മ്മയിലേക്ക് വന്നു, രണ്ടുപേരും ഷായുടെ സ്വേച്ഛാധിപത്യത്താല്‍ വ്യത്യസ്ത രീതികളില്‍ കൊല്ലപ്പെട്ടവര്‍: ഫറോ ഫറോഖ്‌സാദ് (1934-1967), ഖോസ്‌റോ ഗോല്‍സോര്‍ഖി (1944-1974). "മറ്റൊരാളെയും പോലെയല്ലാത്ത ആരോ ഒരാള്‍' എന്ന ഫറോഖ്‌സാദിന്റെ മനോഹരമായ കവിത, റൊട്ടി വിതരണം ചെയ്യുന്നതിനായും വില്ലന്‍ ചുമയ്ക്കുള്ള മരുന്ന് വിതരണം ചെയ്യുന്നതിനായും ആശുപത്രിയിലേയ്ക്കുള്ള പ്രവേശന നമ്പറുകള്‍ വിതരണം ചെയ്യുന്നതിനായുമൊക്കെ ഏതോ ഒരാള്‍ വരുന്നതിനായി വ്യഗ്രത കാട്ടുന്നുണ്ട്. ദുരൂഹമായ സാഹചര്യത്തില്‍ ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നു ഫറോഖ്സാദ്.
ഷായുടെ മകനെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്ന് ഗോല്‍സോര്‍ഖിക്കെതിരെ ആരോപണമുയര്‍ന്നു. വിചാരണയില്‍ അദ്ദേഹം പ്രഖ്യാപിച്ചു, "ഒരു മാര്‍ക്സിസ്റ്റ് എന്ന നിലയില്‍ ഞാന്‍ അഭിസംബോധന ചെയ്യുന്നത് ജനങ്ങളെയും ചരിത്രത്തെയും ആണ്. നിങ്ങള്‍ എന്നെ കൂടുതല്‍ ആക്രമിക്കുന്തോറും ഞാന്‍ നിങ്ങളില്‍ നിന്ന് കൂടുതല്‍ അകലുകയും ജനങ്ങളോട് കൂടുതല്‍ അടുക്കുകയും ചെയ്യും. നിങ്ങള്‍ എന്നെ അടക്കം ചെയ്താലും - നിങ്ങള്‍ അത് തീര്‍ച്ചയായും ചെയ്യും - ആളുകള്‍ എന്റെ മൃതദേഹത്തില്‍ നിന്ന് പതാകകളും പാട്ടുകളും ഉണ്ടാക്കും'. നമ്മുടെ കാലത്തെ അനിശ്ചിതത്വത്തിനെതിരായ ഉദ്‌ബോധനമായി നിരവധി ഹൃദ്യമായ പാട്ടുകള്‍ അദ്ദേഹം അവശേഷിപ്പിച്ചു. അതിലൊന്നില്‍ നിന്നാണ് ഈ കുറിപ്പിന്റെ തലക്കെട്ട് നമ്മള്‍ കണ്ടെത്തുന്നത്.
നാം പരസ്പരം സ്നേഹിക്കണം!
നാം കാസ്പിയന്‍ കടലിനെപ്പോലെ അലറണം
നമ്മുടെ നിലവിളി കേള്‍ക്കപ്പെടുന്നില്ലെങ്കിലും
നാം അവരെ ഒരുമിച്ച് കൊണ്ടുവരണം.
ഓരോ ഹൃദയമിടിപ്പും നമ്മുടെ പാട്ടായിരിക്കണം
രക്തത്തിന്റെ ചുവപ്പ്, നമ്മുടെ കൊടിക്കൂറ
നമ്മുടെ ഹൃദയങ്ങള്‍, ആ കൊടിക്കൂറ, പിന്നെയാ പാട്ടും.
(Tricontinental: Institute for Social Research ന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ചരിത്രകാരനും പത്രപ്രവര്‍ത്തകനുമായ വിജയ് പ്രഷാദ്. ട്രൈക്കോണ്ടിനെന്റലിന്റെ 2020 ലെ ഇരുപത്തിയൊന്‍പതാമത് ന്യൂസ് ലെറ്ററിന്റെ പരിഭാഷയാണിത്.)
ഡോ. ജയകൃഷ്ണന്‍ എ.വി.
Jan 13, 2021
5 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jan 12, 2021
10 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
ഡോ. സ്മിത പി. കുമാര്‍
Dec 21, 2020
10 Minutes Read
എസ്. അനിലാൽ
Dec 11, 2020
12 Minutes Read
Truecopy Webzine
Dec 10, 2020
1 Minute Read
എ.കെ. രമേശ്
Dec 06, 2020
6 Minutes Read