truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 01 February 2023

truecoppy
Truecopy Logo
Readers are Thinkers

Wednesday, 01 February 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Vijoo Krishnan on Farm Bill 4

Interview

വിജൂ കൃഷ്ണന്‍

കര്‍ഷകദ്രോഹം, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്
ഇനി കര്‍ഷകര്‍ വിതയ്ക്കും
കമ്പനികള്‍ കൊയ്യും

കര്‍ഷകദ്രോഹം, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്; ഇനി കര്‍ഷകര്‍ വിതയ്ക്കും കമ്പനികള്‍ കൊയ്യും

ഒരു വിഷയം ഇതുവരെ മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടാതെ പോയിട്ടുണ്ട്. അവശ്യവസ്തുക്കളുമായി ബന്ധപ്പെട്ട നിയമത്തില്‍ കൊണ്ടുവന്ന മാറ്റം. അത് കരിഞ്ചന്തയ്ക്കും പൂഴ്ത്തിവെപ്പിനും വേണ്ടിയാണ്. അംബാനി, അല്ലെങ്കില്‍ അദാനിയെപ്പോലുള്ളവര്‍ക്ക് വേണ്ടുന്നത്രയും പൂഴ്ത്തിവെക്കാം. അതീവ ഗുരുതര സാഹചര്യത്തില്‍ മാത്രമേ സര്‍ക്കാര്‍ ഇടപെടൂ. അപ്പോള്‍പ്പോലും വന്‍കിട കമ്പനികളുടെ സംഭരണശേഷിക്കനുസരിച്ച് നിയന്ത്രണം കൊണ്ടുവരാന്‍ പോകുന്നില്ല- കാര്‍ഷിക മേഖലയിലെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് ബില്ലുകള്‍ക്കെതിരെ രാജ്യമൊട്ടാകെ കര്‍ഷകരും രാഷ്ട്രീയ പാര്‍ട്ടികളും തൊഴിലാളി സംഘടനകളും സമരരംഗത്തിറങ്ങിയ സാഹചര്യത്തില്‍ അഖിലേന്ത്യ കിസാന്‍ സഭ ജോ. സെക്രട്ടറി വിജു കൃഷ്ണന്‍ സംസാരിക്കുന്നു

22 Sep 2020, 04:39 PM

വിജു കൃഷ്ണന്‍/ മനില സി. മോഹന്‍

മനില സി. മോഹന്‍: 2017-18 വര്‍ഷങ്ങളില്‍ ഉത്തരേന്ത്യയില്‍ മുഴുവന്‍ താങ്കളടക്കമുള്ളവരുടെ നേതൃത്വത്തില്‍ വലിയ കര്‍ഷക സമരങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇന്ന് കോവിഡിന്റെ മറവില്‍, ആ മുദ്രവാക്യങ്ങളെ മുഴുവന്‍ അട്ടിമറിക്കുന്ന രീതിയിലുള്ള, ആ സമരങ്ങളെ പരിഗണിക്കുക പോലും ചെയ്യാത്ത, ഇന്ത്യന്‍ കര്‍ഷകരെ മുഴുവന്‍ വഞ്ചിക്കുന്ന ബില്ലല്ലേ ഇപ്പോള്‍ പാസാക്കിയിരിക്കുന്നത്

വിജു കൃഷ്ണന്‍: 2017-18ലെ കര്‍ഷകസമരങ്ങള്‍ക്കും ലോങ്ങ് മാര്‍ച്ചിനുമൊക്കെ മുമ്പ്, 2014ല്‍ നരേന്ദ്രമോദി തെരഞ്ഞെടുപ്പു സമയത്ത് കര്‍ഷകര്‍ക്ക് നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. ആ വാഗ്ദാനങ്ങളില്‍ ഒന്നും നടപ്പായില്ല. ഉല്‍പാദന ചെലവിനേക്കാള്‍ 50% കൂടുതല്‍ താങ്ങുവില (C2+50%) നിശ്ചയിക്കും, അത് എല്ലാവര്‍ക്കും ലഭിക്കുമെന്ന് ഉറപ്പാക്കും, ആരെങ്കിലും അങ്ങനെ നല്‍കുന്നില്ലെങ്കില്‍ അവര്‍ക്കെതിരെ നടപടി കൊണ്ടുവരും എന്നൊക്കെയായിരുന്നു വാഗ്ദാനം. കൃഷിക്കാരെ വഞ്ചിച്ച് അതില്‍നിന്ന് പിന്നോട്ടു പോയപ്പോഴാണ് 2017-18 ല്‍ ദല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും കര്‍ഷകരുടെ നേതൃത്വത്തില്‍ വലിയ സമരങ്ങള്‍ നടന്നത്. അഖിലേന്ത്യ കിസാന്‍ സഭയുടെയും അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ കമ്മിറ്റിയുടെയും നേതൃത്വത്തിലായിരുന്നു ഈ സമരങ്ങള്‍. ഇന്ന് 200ലധികം കര്‍ഷക സംഘടനകളുണ്ട് അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ കമ്മിറ്റിയില്‍. 

രണ്ട് ഡിമാന്റുകളായിരുന്നു അന്ന് ഈ കൂട്ടായ്മ മുന്നോട്ടുവെച്ചത്. ഒന്ന്, താങ്ങുവില ഉറപ്പാക്കണം (Guaranteed remunerative price), സര്‍ക്കാര്‍ സംഭരണം ഉറപ്പുവരുത്തണം. കൂടാതെ കടം എഴുതിത്തള്ളണം (Freedom from indebtedness). ഈ സമരങ്ങളുടെ അടിസ്ഥാനത്തില്‍ സമരമുഖത്തുനിന്ന് രണ്ട് ബില്ലുകളാണ് തയ്യാറാക്കിയത്. ഈ രണ്ട് വിഷയത്തിന്റെയും അടിസ്ഥാനത്തില്‍ ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ കമ്മിറ്റി കര്‍ഷകര്‍ക്കുവേണ്ടി ‘റൈറ്റ് ടു ഗ്യാരണ്ടീഡ് മിനിമം സപ്പോര്‍ട്ട് പ്രൈസസ് ഫോര്‍ അഗ്രികള്‍ച്ചറല്‍ കമ്മോഡിറ്റീസ്' ബില്ലും ‘ഫാര്‍മേഴ്‌സ് റൈറ്റ് റ്റു ഫ്രീഡം ഫ്രം ഇന്‍ഡെപ്റ്റഡ്‌നെസ്' ബില്ലും കൊണ്ടുവരുന്നു. പാര്‍ലമെന്റില്‍ പ്രൈവറ്റ് മെമ്പര്‍ ബില്ലായി സി.പി.എം എം.പി കെ.കെ. രാഗേഷ് ഇത് അവതരിപ്പിക്കുകയും ചെയ്തിരുന്നു. കര്‍ഷകരില്‍ നിന്നുയര്‍ന്ന ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു ഈ ബില്‍ തയ്യാറാക്കിയത്. എന്നാല്‍ അതിനെപ്പറ്റി ഒന്നും പരാമര്‍ശിക്കാതെ, കര്‍ഷകര്‍ ഉന്നയിച്ചിട്ടില്ലാത്ത ആവശ്യങ്ങളാണ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്.  

കര്‍ഷകരുമായോ, സംസ്ഥാന സര്‍ക്കാറുകളുമായോ ആലോചിക്കുകപോലും ചെയ്തിട്ടില്ല. കര്‍ഷകര്‍ക്ക് അനുകൂലമായ വിധത്തില്‍ മാര്‍ക്കറ്റില്‍ പരിഷ്‌കരണം കൊണ്ടുവരണമെന്നും വ്യാപിപ്പിക്കണമെന്നുമായിരുന്നു കര്‍ഷകരുടെ ആവശ്യം. അല്ലാതെ മാര്‍ക്കറ്റ് എടുത്ത് കളയണമെന്നോ  Essential commodities act ല്‍ മാറ്റം വേണമെന്നോ ഉള്ള ആവശ്യങ്ങള്‍  കര്‍ഷകര്‍ മുന്നോട്ടുവെച്ചിട്ടേയില്ല. ന്യായവില ഉറപ്പുവരുത്തുകയെന്നതായിരുന്നു പ്രധാന ഡിമാന്റ്. അത് നടപ്പിലാക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. മാര്‍ക്കറ്റില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തീരെ ഇടപെടാതിരിക്കുക എന്ന സമീപനത്തിലേക്കാണ് സര്‍ക്കാര്‍ പോകുന്നത്. 

ചോദ്യം: അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റിയുടെ റോള്‍ എന്താണ്? അവര്‍ എന്തൊക്കെയാണ് ശരിക്ക് ചെയ്തിരുന്നത്? 

1960കളിലും 70കളിലുമാണ് മിക്കവാറും സംസ്ഥാനങ്ങളില്‍ അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് കമ്മിറ്റികള്‍ (എ.പി.എം.സി) വരുന്നത്. അതുവരെ വന്‍കിട കച്ചവടക്കാര്‍ സാമ്പത്തിക അധികാരം ഉപയോഗിച്ച് കുറഞ്ഞ വിലയില്‍ കര്‍ഷകരില്‍ നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങുകയായിരുന്നു പതിവ്. അവരുടെ കുത്തക തകര്‍ക്കാനായിരുന്നു എ.പി.എം.സി കൊണ്ടുവന്നത്. ഉല്‍പന്ന വില, ഗുണനിലവാരം, തൂക്കം എന്നിവ നിശ്ചയിക്കുന്നതില്‍ കര്‍ഷകര്‍ ചൂഷണം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുകയായിരുന്നു എ.പി.എം.സി ലക്ഷ്യം. ഈ നിയമം കാര്യക്ഷമമായി നടപ്പിലാക്കിയിട്ടില്ലെങ്കിലും ഇതുവഴിയുണ്ടായ ഓക്ഷന്‍ സമ്പ്രദായം കാര്‍ഷിക ഉല്‍പന്നങ്ങള്‍ വാങ്ങുന്നതില്‍ മത്സരാധിഷ്ഠിതമായ സമീപനം കൊണ്ടുവരാന്‍ സഹായകരമായി. 

 Protest-Against-Farm-Bills-(3).jpg


കര്‍ഷകന്‍ ഉല്‍പന്നങ്ങള്‍ എ.പി.എം.സിയിലേക്ക് കൊണ്ടുവരുന്നു. അവിടെ ഒരു അടിസ്ഥാന വില നിശ്ചയിച്ച്​ ഓക്ഷന്‍ നടക്കും. അതില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങളുണ്ട്. വാള്‍മാര്‍ട്ടോ റിലയന്‍സോ വന്ന് ഞങ്ങളിത്രയേ തരൂ എന്നു പറഞ്ഞുപോകല്‍ നടക്കില്ല. ഇവിടെ ഒരു കമ്മിറ്റിയുടെ ഇടപെടലുണ്ട്. നെല്ല്, ഗോതമ്പ് എന്നിങ്ങനെ സര്‍ക്കാര്‍ സംഭരിക്കുന്ന വിളകളുടെ താങ്ങുവില നിശ്ചിതമാക്കാന്‍ ഇതുകൊണ്ട് പറ്റും. കേരളത്തില്‍ എ.പി.എം.സി പോലുമില്ല, എന്നിട്ടാണ് കേരളത്തിലെ എം.പിമാര്‍ സമരം ചെയ്യുന്നത് എന്നാണ് ബി.ജെ.പി ആരോപണം. എ.പി. എം.സി ഇല്ലെങ്കിലും കേരളത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നുണ്ട് എന്ന വസ്തുത മറച്ചുവെച്ചാണ് ഈ ആരോപണം ഉന്നയിക്കുന്നത്. 

എന്നാല്‍ ഇപ്പോള്‍ ഈ മൂന്ന് ബില്ലുകളിലൂടെ എ.പി.എം.സി സോണിനുപുറത്ത് പുതിയ മാര്‍ക്കറ്റ് കൊണ്ടുവരികയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. തുടക്കത്തില്‍ ഹരിത വിപ്ലവം നടന്ന സ്ഥലങ്ങളില്‍  സംഭരണം എക്സ്പാന്റ് ചെയ്​ത്​ സര്‍ക്കാറും, എഫ്.സി.ഐയും ഉത്തരവിറക്കിയിരുന്നു. എന്നാല്‍ അത്തരം നീക്കങ്ങളില്‍ നിന്ന് പിന്നോട്ടു പോവുന്ന, ഇല്ലാതാക്കുന്ന രീതിയിലാണ് ഇപ്പോള്‍ ഈ ബില്ലുകള്‍ വരുന്നത്. 

ചോദ്യം: താങ്ങുവില ഇത്രയും കാലം കര്‍ഷകര്‍ക്ക് പര്യാപ്തമായിരുന്നില്ലയെന്നുള്ള വാദം ഉണ്ടല്ലോ, ഉല്‍പാദന ചെലവുമായി ഒത്തുപോകുന്നതല്ല നിലവിലുള്ള താങ്ങുവിലയെന്നുള്ളത്? 

അതുകൊണ്ടാണല്ലോ താങ്ങുവില ഉയര്‍ത്തണമെന്ന ആവശ്യം ഉന്നയിച്ചത്. ഉല്‍പാദന ചെലവിനൊപ്പം അതിന്റെ അന്‍പതുശതമാനവും വെച്ചിട്ടുള്ള താങ്ങുവിലയാണ് വേണ്ടതെന്നാണ് പറഞ്ഞിട്ടുള്ളത്. ഉല്‍പാദനത്തില്‍ കൂലി, വിത്ത്, ജലസേചന ചെലവ്, കീടനാശിനി, ഡീസല്‍ ചാര്‍ജ്, ഇന്‍ഷുറന്‍സ് പ്രീമിയം തുടങ്ങിയ ചെലവുണ്ട്. പിന്നെ ഉത്തരേന്ത്യയിലൊക്കെ ഭൂമി പാട്ടത്തിലെടുത്താന്‍ കൃഷി ചെയ്യാന്‍, ഹെക്ടറിന് അന്‍പതിനായിരമൊക്കെ കൊടുക്കേണ്ടിവരും, ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്തിട്ടുവേണം കണക്കാക്കാന്‍. 

WhatsApp-Image-2020-09-22-at-5.12.jpg

കമീഷന്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ കോസ്റ്റ്‌സ് ആന്റ് പ്രൈസസ് (സി.എ.സി.പി) ഇപ്പോള്‍ ഉല്‍പാദന ചെലവ് ഫിക്സ് ചെയ്യുന്ന രീതി കര്‍ഷകരെ സഹായിക്കാന്‍ മതിയായതല്ല. ഇപ്പോള്‍ കേരള സര്‍ക്കാറിലെ അഗ്രിക്കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മെന്റ് കേരളത്തില്‍ നെല്‍കൃഷിക്ക് ഒരു ക്വിന്റലിന് ഉല്‍പാദനച്ചെലവ് 2000 രൂപയെന്ന് നിശ്ചയിച്ചെന്നു കരുതുക, സി.എ.സി.പി പറയും, കേരളത്തിലെ ഉല്‍പാദന ചെലവ് 1200 രൂപയാണെന്ന് അതായത്, കേരളം പറയുന്നതില്‍ നിന്ന് 800 രൂപ ആദ്യം തന്നെ കുറയ്ക്കും. ഈ രീതിയില്‍ സി.എ.സി.പി എല്ലാ സംസ്ഥാനങ്ങളിലും നിശ്ചിത തുക നിശ്ചയിക്കും. അതിന്റെ ശരാശരിയെടുക്കുകയാണ് ചെയ്യുക. ഉത്തരാഖണ്ഡില്‍ 1400 രൂപയാണ് ഉല്‍പാദന ചെലവ് എന്ന് സംസ്ഥാനം പറഞ്ഞാല്‍ സി.എ.സി.പി അത് 800 രൂപയായി നിശ്ചയിക്കും. അപ്പോള്‍ കേരളത്തിന്റെ 1200 രൂപയുടെയും ഈ 800 രൂപയുടെയും ശരാശരിയാണ് ഉല്‍പാദന ചെലവായി മൊത്തത്തില്‍ കണക്കാക്കുക. അപ്പോള്‍ കേരളം പറഞ്ഞത് 2000 രൂപ ആണ്, സി.എ.സി.പി ഒടുക്കം കണക്കുകൂട്ടിവരുമ്പോള്‍ അത് 1000 രൂപ മാത്രമാകും. അപ്പോള്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് എത്ര നഷ്ടം വരുമെന്ന് നോക്കൂ. 
ഈ 1000 രൂപ വരുന്നത് C2 ഉല്‍പാദന ചെലവാണ്. പക്ഷേ, മോദി സര്‍ക്കാര്‍ ഉപയോഗിക്കുന്നത് A2+FL ആണ്, അതായത്, കര്‍ഷകന്റെ ചെലവും  അതിന്റെ കൂടെ ഫാമിലി ലേബറും.  ഭൂമിയുടെ വാടകയും മറ്റ് ചെലവുകളൊന്നും ഇതില്‍ പെടുന്നില്ല. അപ്പോള്‍ അത് ഈ പറഞ്ഞ ആയിരത്തിലും കുറവാകും. അതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ താങ്ങുവില നിശ്ചയിക്കുന്നത്. ആ നിശ്ചയിക്കുന്ന താങ്ങുവില തന്നെ ഓരോ സംസ്ഥാനത്തിലെയും ഉല്‍പാദന ചെലവിലും കുറവാണ്. ചില സംസ്ഥാനങ്ങളില്‍ ഉല്‍പാദന ചെലവ് വളരെ കൂടുതലാണ്. ഉദാഹരണത്തിന് കേരളത്തില്‍ ഉല്‍പാദന ചെലവ് വളരെ കൂടുതലാണ്, അതേസമയം ഉത്തരാഖണ്ഡില്‍ കുറവായിരിക്കും. അപ്പോള്‍ ഉത്തരാഖണ്ഡിന് ഈ താങ്ങുവിലയനുസരിച്ച് കര്‍ഷകന് ഉല്‍പാദന ചെലവിനേക്കാള്‍ പത്തുശതമാനമോ മറ്റോ താങ്ങുവില കിട്ടുമായിരിക്കും. നിലവിലെ സിസ്റ്റത്തില്‍ പോലും ഇതുവരെ സര്‍ക്കാര്‍ സംഭരണം  20% ത്തില്‍ താഴെയാണ്. അതും കൂടുതലും ഗോതമ്പും നെല്ലും മാത്രമാണ്. പരിപ്പ്, പരുത്തി എന്നിവയൊക്കെ ചിലയിടത്ത് സംഭരിക്കുന്നുണ്ട്. സംഭരണം വ്യാപിപ്പിക്കണം എന്നതാണ് നമ്മുടെ ആവശ്യം. 

ചോദ്യം: സര്‍ക്കാരിന്റെ സംഭരണ കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാന്‍ സാധാരണ കര്‍ഷകര്‍ക്ക് സാധിക്കാത്തതുകൊണ്ടുതന്നെ അവര്‍ക്ക് ഈ താങ്ങുവില പോലും ഉപയോഗപ്പെടുന്നില്ലയെന്നും 90% ആളുകളും സ്വകാര്യ മാര്‍ക്കറ്റിലാണ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് എന്നുള്ള വിമര്‍ശനമുയരുന്നുണ്ട്. അതായത്, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഭൂരിപക്ഷം കര്‍ഷകര്‍ക്കും ലഭ്യമാകാതെ പോകുന്നുണ്ടോ? 

സര്‍ക്കാര്‍ സംവിധാനം വ്യാപിപ്പിക്കണം എന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അതിന് ഇതുവരെ നടപടി കൈക്കൊണ്ടിട്ടില്ല. അത് ശരിക്കും വികേന്ദ്രീകൃതവും വ്യാപകവും ആക്കുകയാണ് വേണ്ടത്. കൂടുതല്‍ കച്ചവടക്കാരെ ഈ ശൃംഖലയുടെ ഭാഗമാക്കാന്‍ ലൈസന്‍സ് നടപടി ലഘൂകരിക്കുന്നതുപോലുള്ള കാര്യങ്ങള്‍ ചെയ്യാം. പഞ്ചായത്തുകളേയും സഹകരണ മേഖലയെയും കുടുംബശ്രീ പോലുള്ള സംവിധാനങ്ങളെയും ഉള്‍ക്കൊള്ളിക്കണം. സ്വാമിനാഥന്‍ കമീഷന്‍ പറയുന്നത്, അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ കര്‍ഷകര്‍ക്ക് സംഭരണ കേന്ദ്രം ഉണ്ടാവണം എന്നാണ്. 
ഫാം സബ്സിഡികളും പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സബ്സിഡികളുമൊക്കെ വെട്ടിച്ചുരുക്കാനും, പബ്ലിക് സ്റ്റോക്ക്ഹോള്‍ഡിങ് കുറയ്ക്കാനുമുള്ള വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ ‘ഉത്തരവുകള്‍' ഇന്ത്യയില്‍ എങ്ങനെ നടപ്പിലാക്കാന്‍ പോകുന്നുവെന്ന് ഈ മൂന്ന് ബില്ലുകളും ഒരുമിച്ചു ചേര്‍ത്ത് വായിച്ചാല്‍ നമുക്ക് മനസ്സിലാകും. ഇതിനു മുമ്പ് ബി.ജെ.പി നേതാവും പഴയ ഹിമാചല്‍ മുഖ്യമന്ത്രിയുമായ ശാന്തകുമാര്‍ കമീഷന്‍ മുന്നോട്ടുവെച്ച ശുപാര്‍ശകളും ഡബ്ല്യു.ടി.ഒ പറഞ്ഞതുപോലെ തന്നെയാണ്. കേന്ദ്രത്തിന്റെ വലിയ ഇടപെടലില്ലാതെ സംഭരണവും വിളകള്‍ സൂക്ഷിക്കുന്നതും സ്വകാര്യവല്‍കരിക്കാനായിരുന്നു ശാന്തകുമാര്‍ കമിറ്റി നിര്‍ദേശിച്ചത്. താങ്ങുവിലയ്ക്കു മുകളില്‍ സംസ്ഥാനം എന്തെങ്കിലും ബോണസ് നല്‍കുകയാണെങ്കില്‍ സംസ്ഥാനങ്ങളുടെ പൊതുവിതരണ സംവിധാനത്തിനും മറ്റു ക്ഷേമപദ്ധതികള്‍ക്കും ആവശ്യമായതിനപ്പുറം ഭക്ഷ്യധാനങ്ങള്‍ കേന്ദ്രം സ്വീകരിക്കേണ്ടതില്ലെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. 

 Protest-Against-Farm-Bills-(6).jpg

അതായത്, നെല്ലിന് കേന്ദ്രം നിശ്ചയിച്ച താങ്ങുവില ക്വിന്റലിന് 1840രൂപയാണ്. കേരള സര്‍ക്കാര്‍ 2750 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. അങ്ങനെ ഏതെങ്കിലുമൊരു സംസ്ഥാനം കൂടുതല്‍ ബോണസ് കൊടുത്താല്‍ ആ സംസ്ഥാനത്തില്‍ നിന്ന് സര്‍ക്കാര്‍ സംഭരിച്ചുകൂടായെന്നാണ് ശാന്തകുമാര്‍ കമിറ്റിയുടെ ശുപാര്‍ശ. ആ ദിശയിലേക്കാണ് ഈ നയങ്ങള്‍ കൊണ്ടുപോകുന്നത്. 
ഫെഡറല്‍ സംവിധാനത്തില്‍ കൃഷി സംസ്ഥാന വിഷയമാണ്. കേരളത്തിലെ സര്‍ക്കാര്‍ ബോണസ് കൊടുക്കാന്‍ താല്‍പര്യപ്പെടുന്നു. പക്ഷേ കേന്ദ്രസര്‍ക്കാര്‍ പറയുന്നു, നിങ്ങള്‍ കൊടുത്താല്‍ ഞങ്ങള്‍ വാങ്ങിക്കില്ല എന്ന്. നമ്മളോ കൊടുക്കില്ല, നിങ്ങള് കൊടുത്താല്‍ നമ്മള്‍ വാങ്ങിക്കുകയുമില്ല എന്ന സമീപനം. 

ചോദ്യം: ബില്ലുകള്‍ അവതരിപ്പിച്ച് സര്‍ക്കാര്‍ പറയുന്ന ഒരു വാദം കര്‍ഷകരുടെ ശാക്തീകരണവും, പ്രൈസ് അഷ്വറന്‍സുമാണ്. പക്ഷേ നമുക്കെല്ലാവര്‍ക്കും അറിയാം അതിന്റെ നേര്‍വിപരീതമാണ് സംഭവിക്കുന്നത് എന്ന്. ഇത് എങ്ങനെയൊക്കെയാണ് കര്‍ഷകരെ ബാധിക്കുന്നത്?

നേരത്തെ കര്‍ഷകര്‍ കൊടുത്ത ബില്ലില്‍ കര്‍ഷകരുടെ ശാക്തീകരണം എങ്ങനെയെന്ന് പറഞ്ഞിട്ടുണ്ട്. താങ്ങുവില സി2 പ്ലസ് 50% എന്നതായി നിജപ്പെടുത്തുകയെന്നതൊക്കെയായിരുന്നു പ്രധാന നിര്‍ദേശം. പക്ഷേ ഇതില്‍ പ്രൈസ് ഗ്യാരണ്ടി (വില സുനിശ്ചിതമാക്കല്‍) എന്നവര്‍ പറയുന്നുണ്ട് പേരിന്. മൂന്ന് ബില്ലുകളുടേയും പേര് കണ്ടാല്‍ വളരെ ആകര്‍ഷകമായി തോന്നും. പക്ഷേ പ്രൈസ് ഗ്യാരണ്ടി എവിടെയുമില്ല. അതില്‍ എവിടെയും താങ്ങുവില ഉറപ്പാക്കുമെന്നോ അത് നിയമപരമായിത്തന്നെ കര്‍ഷകരുടെ  അവകാശമാക്കുമെന്നോ പറഞ്ഞിട്ടില്ല. അതിനിടയില്‍ അവര്‍ പറയുന്നതെന്താണ്? പഞ്ചാബിലും ഹരിയാനയിലുമൊക്കെ മാര്‍ക്കറ്റ് ടാക്സ് വളരെയധികമാണെന്നും അത് നിയന്ത്രിക്കാന്‍ പുതിയ ബില്ലുകള്‍ വഴി സാധിക്കുമെന്നുമാണ്. അത് ഓരോ സംസ്ഥാനങ്ങളുടെയും ധനസ്ഥിതിയെ ആശ്രയിച്ചാണിരിക്കുക. പഞ്ചാബും ഹരിയാനയും അടിസ്ഥാന സൗകര്യമേഖലയില്‍ (കാര്‍ഷിക, മാര്‍ക്കറ്റ്)  നിക്ഷേപം കൂടിയ സംസ്ഥാനമാണ് എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. എന്നിരുന്നാലും മാര്‍ക്കറ്റ് ടാക്സ് കുറയ്ക്കണമെന്ന ആവശ്യം അടിസ്ഥാന തലത്തില്‍ നിന്നും ഉയരുകയാണെങ്കില്‍ തന്നെ അതിന്റെ ഭാഗഭാക്കായ എല്ലാവരുമായും ആലോചിച്ചശേഷം നടപ്പിലാക്കേണ്ട കാര്യമാണ്. അവിടുത്തെ സര്‍ക്കാറും, ജനങ്ങളും കച്ചവടക്കാരുമെല്ലാം ഒരു ധാരണയിലെത്തി അത് കുറക്കുന്നെങ്കില്‍ അത് ഞങ്ങള്‍ക്ക് വിരോധമില്ല. 

Protest-Against-Farm-Bills-(12).jpg

ഇപ്പോള്‍ എല്ലാ അധികാരവും കയ്യടക്കിവെച്ച കേന്ദ്രസര്‍ക്കാര്‍ ജി.എസ്.ടിയുടെ വിഹിതം പോലും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കൊടുക്കുന്നില്ല. ഇപ്പോള്‍ പുതിയ നിയമം വഴി മാര്‍ക്കറ്റുകളില്‍ നിന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കിട്ടേണ്ട നികുതിയും എടുത്തുകളയുകയാണ് ചെയ്യുന്നത്. 

ചോദ്യം: നരേന്ദ്രമോദിയുടെ ഒരു പ്രസ്താവന കണ്ടു; താങ്ങുവില തുടരും, എ.പി.എം.സി തുടരും, മറ്റ് പ്രചാരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ് എന്ന തരത്തില്‍. ഇതില്‍ എത്ര വാസ്തവമുണ്ട്? 

രേഖയില്‍ താങ്ങുവില തുടരും. സംഭരണം തുടരും, താല്‍ക്കാലികമായിട്ടാണെങ്കിലും. ഇവരുടെ അഗ്രിക്കള്‍ച്ചറല്‍ അഡൈ്വസര്‍ രമേശ് ചന്ദ്രും പറയുന്നു, പൊതുവിതരണ സംവിധാനം തുടരുമെന്ന്. പൊതുവിതരണ സംവിധാനത്തില്‍ ബഫര്‍ ലിമിറ്റിനേക്കാള്‍, (കരുതല്‍ ശേഖരം) നാലുമടങ്ങാണ് നിലവില്‍ സംഭരിക്കുന്നത്. കരുതല്‍ശേഖരം 2.7 കോടി ടണ്ണാണ്. ഇന്ന് പത്തര കോടി ടണ്ണാണ് സംഭരിക്കുന്നത്. പക്ഷേ ഇതിന്റെ വളരെ ചെറിയൊരു ഭാഗമേ ഡിസ്ട്രിബ്യൂഷന്‍ സമ്പ്രദായത്തില്‍ കൊടുക്കുന്നുള്ളൂ. പൊതുവിതരണ സംവിധാനത്തിനു മാത്രമായി സംഭരണം നിയന്ത്രിക്കുകയാണെങ്കില്‍ അതിനര്‍ത്ഥം സംഭരണം കുത്തനെ കുറയുമെന്നാണ്. അതുതന്നെയാണ് കര്‍ഷകരുടെ ഭയവും. നിലവിലെ അവസ്ഥയില്‍, സംഭരണം കൂടിയത് വിതരണം ചെയ്യാന്‍ സര്‍ക്കാറിനുമേല്‍ ഒരുതരത്തിലുള്ള സമ്മര്‍ദ്ദം സൃഷ്ടിക്കപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ സംഭരണം കുറയുമ്പോള്‍ പൊതുവിതരണ സംവിധാനവും പ്രതിസന്ധിയിലാവും.

രണ്ടാമത്തെ വിഷയം, ട്രേഡര്‍ക്ക് കര്‍ഷകനില്‍ നിന്ന് നേരിട്ട് ഉല്‍പന്നങ്ങള്‍ വാങ്ങിക്കാം എന്നതാണ്. പിന്നെ ഈ ട്രേഡര്‍ എ.പി.എം.സി മാര്‍ക്കറ്റില്‍ പോകില്ലല്ലോ. ട്രേഡര്‍ നേരിട്ട് കര്‍ഷകന്റെയടുത്താണ് പോകുക. എ.പി.എം.സി മാര്‍ക്കറ്റില്‍ പോയാല്‍  ട്രേഡര്‍ ടാക്സ് കൊടുക്കണം. നേരിട്ട് വാങ്ങിക്കുമ്പോള്‍ അതില്ല. സാധാരണ ഗതിയില്‍, നെല്ല്​ അല്ലെങ്കില്‍ ഗോതമ്പ് കൃഷി ചെയ്യുന്ന കര്‍ഷകന് കൊയ്ത്തു കഴിഞ്ഞ് ഉല്പന്നം സംഭരിച്ചുവെക്കാന്‍ പറ്റുന്ന സാഹചര്യമല്ല ഉളളത്. അത് പാടത്തുതന്നെ വെക്കാന്‍ പറ്റില്ല. കാരണം അടുത്ത കൃഷി തുടങ്ങണം. അടുത്ത കൃഷിക്ക്​ നിക്ഷേപമിറക്കണമെങ്കില്‍ പണം വേണം. അതുകൊണ്ടുതന്നെ ഈ കര്‍ഷകന്‍ എത്രയും പെട്ടെന്ന് ഉല്‍പന്നം വില്‍ക്കാനുള്ള താല്‍പര്യത്തിലായിരിക്കും. 

Protest-Against-Farm-Bills-(18).jpg


വ്യാപാരികള്‍ ഒരു നിയന്ത്രണങ്ങളുമില്ലാതെ നേരിട്ടുവരുമ്പോള്‍ അവര്‍ പല ആവശ്യങ്ങളും മുന്നോട്ട് വെക്കും. അവര്‍ പറയും, ഈ ഉരുളക്കിഴങ്ങ്  വട്ടത്തിലല്ല ഉള്ളത് എന്നൊക്കെ. ഇപ്പോള്‍ പെപ്സിയുടെ കോണ്‍ട്രാക്ട് ആണ് ഇതില്‍ നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ ചില കര്‍ഷകര്‍ക്ക് വില കൂടുതല്‍ കിട്ടിയെന്നുംവരാം. പിന്നീട് ഗ്രേഡിങ് കൊണ്ടുവരും. ക്വാളിറ്റി പോര, നെല്ലില്‍ ഈര്‍പ്പം കൂടുതലാണ്, എന്നൊക്കെ പറഞ്ഞ് കര്‍ഷകരെ ദ്രോഹിക്കും.  ഇത് കൂടുതല്‍ വലിയ രീതിയിലാവാന്‍ പോകുകയാണ്. വന്‍കിട കമ്പനികളായിരിക്കും ഇനി ഇടപെടുന്നത്. 

അതിനൊപ്പം, ഒരു വിഷയം ഇതുവരെ മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടാതെ പോയിട്ടുണ്ട്. അവശ്യവസ്തുക്കളുമായി ബന്ധപ്പെട്ട നിയമത്തില്‍ കൊണ്ടുവന്ന മാറ്റം. അത് കരിഞ്ചന്തയ്ക്കും പൂഴ്ത്തിവെപ്പിനും വേണ്ടിയാണ്. അംബാനി, അല്ലെങ്കില്‍ അദാനിയെപ്പോലുള്ളവര്‍ക്ക് വേണ്ടുന്നത്രയും പൂഴ്ത്തിവെക്കാം. വന്‍തോതില്‍ വിലക്കയറ്റം ഉണ്ടാവുന്ന സാഹചര്യത്തില്‍ (100%)- പ്രകൃതിദുരന്തം, ക്ഷാമം പോലുള്ള അതീവ ഗുരുതര സാഹചര്യത്തില്‍- മാത്രമേ സര്‍ക്കാര്‍ ഇടപെടൂ എന്നാണ് പറയുന്നത്. അപ്പോള്‍പ്പോലും വന്‍കിട കമ്പനികളുടെ സംഭരണശേഷിക്കനുസരിച്ച് നിയന്ത്രണം കൊണ്ടുവരാന്‍ പോകുന്നില്ല. അത്തരം കമ്പനികളുടെ വലിയ സംഭരണശേഷിക്കും മുകളില്‍ സംഭരണം വന്നാല്‍ മാത്രമേ ഇടപെടൂ. അദാനിയെപ്പോലുള്ള കമ്പനികള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്യാനും കയറ്റി അയയ്ക്കാനുള്ള അനുമതിയുണ്ട്. അതിലും ഏത് സാഹചര്യത്തിലും  ഒരു നിയന്ത്രണവും ഉണ്ടാവാന്‍ പോകുന്നില്ല. ഇത് ബാധിക്കാന്‍ പോകുന്നത് കര്‍ഷകരെ മാത്രമല്ല; മധ്യ- ഉപരി വര്‍ഗ ഉപഭോക്താക്കള്‍ക്കും വന്‍ വിലക്കയറ്റം നേരിടേണ്ടിവരും. ഇന്ന് അവര്‍ക്ക് നേരിട്ട് അത് അനുഭവിക്കേണ്ടി വരുന്നില്ല. പക്ഷേ ഭാവിയില്‍ അത് വരും. മുമ്പ് എന്തിനായിരുന്നു അവശ്യവസ്തു നിയമം കൊണ്ടുവന്നത് എന്നത് നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. അത് വ്യാപാരികള്‍  പൂഴ്ത്തിവെപ്പും കരിഞ്ചന്തയും നടത്തുന്നതുകൊണ്ടാണ്. കൃത്രിമ ക്ഷാമമുണ്ടാക്കി വിലക്കയറ്റമുണ്ടാക്കുന്നതുകൊണ്ടാണ്. അതില്ലാതാക്കുകയാണിപ്പോള്‍. സാധാരണക്കാര്‍ക്ക് അരിയോ ഗോതമ്പോ മറ്റു വിളകളോ ഉണ്ടോ ഇല്ലയോ എന്നതൊന്നും അവരുടെ പ്രശ്നമല്ല. അവര്‍ക്കുവേണമെങ്കില്‍ ഇത് കയറ്റുമതി ചെയ്യാം. 

ചോദ്യം: കോണ്‍ട്രാക്റ്റ് ഫാമിങ്ങ് വലിയ രീതിയില്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണല്ലോ ഇപ്പോഴത്തെ ഭേദഗതി വന്നിരിക്കുന്നത്. ഉത്തരേന്ത്യന്‍ കാര്‍ഷിക രംഗത്ത് അത് ഇപ്പോള്‍ തന്നെ എത്ര വ്യാപകമാണ്? വലിയ കമ്പനികളില്‍ ഇതിലേക്ക് എത്രത്തോളം വന്നിട്ടുണ്ട്? അതിന്റെ ഗ്രാവിറ്റി എത്രത്തോളമുണ്ട്? 

വലിയ രീതിയില്‍ വ്യാപിച്ചിട്ടില്ല ഇതുവരെ. അതിനൊരു കാരണം കൂടിയുണ്ട്. 2008 മുതല്‍ സാമ്പത്തിക മാന്ദ്യത്തിന് സമാനമായ സാഹചര്യമായതുകൊണ്ട് വലിയ രീതിയില്‍ വ്യാപിച്ചിട്ടില്ല. ഈ മൂന്ന് നിയമങ്ങളും കൊണ്ടുവരുന്നതോടെ അവര്‍ക്കുമേലുള്ള എല്ലാ നിയന്ത്രണങ്ങളും മാറുകയാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ കോണ്‍ട്രാക്റ്റ് കൃഷി എന്ന സമീപനത്തോട് കമ്പനികള്‍ക്ക് താല്‍പര്യമുണ്ടാവും. മൂന്ന് ബില്ലുകളും ഒന്നിച്ചുവായിച്ചാലേ അതിന്റെ പ്രശ്നങ്ങള്‍ മനസിലാവൂ. കോണ്‍ട്രാക്റ്റ് കൃഷിയില്‍ ഏര്‍പ്പെടുന്ന കൃഷിക്കാരും വന്‍കിട കമ്പനികളും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ കോടതിയെ സമീപിക്കാന്‍ കഴിയില്ല. കളക്ടറുടെ അടുത്താണ് തര്‍ക്കം തീര്‍ക്കേണ്ടത്. റിലയന്‍സും  പാവപ്പെട്ട കര്‍ഷകരും തമ്മില്‍ തര്‍ക്കമുണ്ടായി, കളക്ടറുടെ അടുത്ത് ചെന്നാല്‍ ആര്‍ക്കാണ് നേട്ടമുണ്ടാവുക എന്നത് വ്യക്തമാണല്ലോ. അത്തരം അനീതികള്‍ക്കാണ് ഇത് വഴിവെയ്ക്കുക. 

ആന്ധ്രയില്‍ തുടക്കത്തിലുണ്ടായ കോണ്‍ട്രാക്റ്റ് സ്ഥാപനമാണ് ചന്ദ്രബാബു നായിഡുവിന്റെ മണ്ഡലത്തിലെ കുപ്പം എന്ന സ്ഥലത്തെ ഇസ്രയേലി അമേരിക്കന്‍ കമ്പനി. ഗെര്‍കിന്‍  എന്ന ഉല്‍പന്നമായിരുന്നു ഇവര്‍ ശേഖരിച്ചിരുന്നത്. സലാഡിലും മറ്റും ഇടുന്ന, കണ്ടാല്‍ നമ്മുടെ കോവക്കയൊക്കെ പോലെയുള്ള ഒരു പച്ചക്കറി. 2000ത്തില്‍ ഞാന്‍ പി.എച്ച്.ഡി ചെയ്യുമ്പോള്‍ അവിടെപ്പോയി ഒരു സ്റ്റഡി നടത്തിയിരുന്നു. അന്ന് അവര്‍ക്ക് കിലോക്ക് ഏഴുരൂപ കിട്ടിയിരുന്നു. ഒരു വര്‍ഷത്തില്‍ നാലു വിള എടുക്കാന്‍ പറ്റും. കര്‍ഷകന് അതുവരെ വളര്‍ത്തിക്കൊണ്ടിരുന്ന ഉല്‍പന്നത്തേക്കാള്‍ മെച്ചപ്പെട്ട ഒന്നായി ഇത് അനുഭവപ്പെടാന്‍ തുടങ്ങി. പക്ഷേ കുറച്ചു കഴിഞ്ഞപ്പോള്‍ സൈസ് ശരിയല്ല തുടങ്ങിയ കാര്യങ്ങള്‍ പറയാന്‍ തുടങ്ങി. അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും പ്രൊഡക്ഷന്‍ കൂടുമ്പോള്‍ അവിടെ അതിനനുസരിച്ച് വില കുറ്ക്കുക എന്ന രീതിയായി. പിന്നെ ഈ കമ്പനികളാണ് അതിന് ഉപയോഗിക്കേണ്ട കീടനാശിനികളും വളവുമെല്ലാം വില്‍ക്കുന്നത്. വന്‍ വിലയാണ്, കീടനാശിനികള്‍ക്ക്. അതിലും സര്‍ക്കാരിന് ഒരു നിയന്ത്രണവും ഇല്ല. ഒരു സൂപ്പര്‍വൈസറുടെ മേല്‍നോട്ടത്തിലാവും ഇത്. കമ്പനി രാജ് തന്നെയാണ് അവിടെ. അവിടെയത് നടപ്പിലാക്കിയത് തുടക്കത്തില്‍ കര്‍ഷകര്‍ക്ക് 100% സബ്സിഡി കൊടുത്താണ്. പിന്നീടത് 75% ആക്കി. ഇവിടെ ഇപ്പോള്‍ സബ്സിഡി പാക്കേജും ഇല്ല. ഫലത്തില്‍ കര്‍ഷകര്‍ സ്വന്തം ഭൂമിയില്‍ തൊഴിലാളിയായി മാറുന്ന സ്ഥിതി വന്നു. ഒരു സബ്സിഡിയും കേന്ദ്രം നല്‍കാന്‍ പോകുന്നില്ല. 

‘ആത്മനിര്‍ഭര്‍ ഭാരതു'മായി ബന്ധപ്പെട്ട് ഒരുലക്ഷം കോടി രൂപ അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പാക്കേജ് എന്നുപറഞ്ഞ് നല്‍കുന്നുണ്ട്. അതിന്റെ ബെനഫിറ്റ് കിട്ടാന്‍ പോകുന്നത് വലിയ കമ്പനികള്‍ക്കാണ്. ഞങ്ങള്‍ പറയുന്നത് സഹകരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ പോലെയുള്ള സ്വയം സഹായ സംഘങ്ങളെ മാര്‍ക്കറ്റിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരണം എന്നതാണ്.  പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത്, വലിയ തോതില്‍ തൊഴിലില്ലായ്മ രൂക്ഷമായ സമയത്ത് ഈ രീതി കൊണ്ടുവരുന്നത് സാധാരണക്കാര്‍ക്ക് ഗുണകരമായിരിക്കും. എന്നാല്‍ കേന്ദ്രത്തിന്റേത് കോര്‍പ്പറേറ്റുകളില്‍ നയിക്കപ്പെടുന്ന അജണ്ടയാണ്. 

ചോദ്യം: കര്‍ഷകര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ആളാണല്ലോ താങ്കള്‍. എങ്ങനെയായിരുന്നു ഇന്ത്യയിലെ കര്‍ഷകരുടെ കോവിഡ് കാല ജീവിതം? 

ശരിക്കും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. കര്‍ഷകരേയും തൊഴിലാളികളേയും അവരുടെ അവകാശങ്ങളേയുമൊക്കെ പിടിച്ചെടുത്തുകൊണ്ടാണ് ഈ സര്‍ക്കാര്‍ കോവിഡ് ലോക്ക്ഡൗണ്‍ നടപ്പിലാക്കിയത്. ഇവരെ ലോക്ക്ഡൗണില്‍ വെച്ചുകൊണ്ട് കര്‍ഷകദ്രോഹ നയങ്ങള്‍ നടപ്പിലാക്കാനാണ് കേന്ദ്രം ശ്രമിച്ചത്. ഗ്രാമങ്ങളിലൊക്കെ കോവിഡ്-  ലോക്ക്ഡൗണ്‍ ഭീതി ഇപ്പോഴുമുണ്ട്. പക്ഷേ ഈ നയങ്ങള്‍ അവരെ മാത്രമല്ല, ഭാവി തലമുറയേയും പ്രശ്നത്തിലാക്കും എന്നുള്ളതുകൊണ്ടാണ് വലിയ രീതിയില്‍ പ്രതിഷേധം ഉയരുന്നത്. പ്രതിഷേധങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്ന് ഞങ്ങള്‍ എല്ലാ പരിപാടികളിലും പറയുന്നതാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ ഫുഡ് കിറ്റ് കൊടുക്കുന്നുണ്ട്. ക്ഷേമ പെന്‍ഷനുകള്‍ കൊടുത്തിട്ടുണ്ട്. ആറുമാസത്തേക്ക് ഇത് നീട്ടിയിട്ടുമുണ്ട്. എന്നാല്‍ മറ്റിടങ്ങളില്‍ ഇതുപോലുമില്ല. ശാരീരിക  അകലം പാലിക്കുക എന്നൊക്കെ പറയുമ്പോള്‍ അവിടങ്ങളില്‍  അത് സാധ്യമാവില്ല. വീടുകളുടെയൊക്കെ അവസ്ഥ അത്രയും പരിതാപകരവുമാണ്. 

ചോദ്യം: ഇപ്പോഴത്തെ ഈ മൂന്ന് ബില്ലുകളെപ്പറ്റി, അതിന്റെ ഭീകരതയെപ്പറ്റി കര്‍ഷകര്‍ ബോധവാന്മാരാണോ? എന്താണ് തുടര്‍ന്നുള്ള സമരപരിപാടികള്‍?

അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോഡിനേഷഷന്‍ കമ്മിറ്റി നിരവധി ലഘുലേഖകള്‍ വഴി പ്രശ്നങ്ങള്‍ താഴേത്തട്ടുവരെ അറിയിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കിസാന്‍ സഭയും ഇത് വലിയ രീതിയില്‍ ഏറ്റെടുത്തിട്ടുണ്ട്. നമുക്കു കാണാം, മുമ്പൊരിക്കലും ഇല്ലാത്ത രീതിയില്‍ ആളുകള്‍ സമരങ്ങളിലൊക്കെ പങ്കെടുക്കുന്നുണ്ട്. നമുക്കൊന്നും വലിയ സ്വാധീനമില്ലാത്ത സ്ഥലങ്ങള്‍, ബീഹാറിന്റെ ചില ഭാഗങ്ങളില്‍ നിന്നൊക്കെ ആളുകള്‍ കൂടുതലായി വരുന്നുണ്ട്. 25ന് ഞങ്ങള്‍ രാജ്യത്ത് പ്രതിരോധ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലൊക്കെ ഇത് ബന്ദായി നടത്തും. തമിഴ്നാട്ടിലും ബന്ദിനുവേണ്ടി ചര്‍ച്ച നടക്കുന്നുണ്ട്.  ബാംഗ്ലൂരിലെ പ്രതിഷേധം വരുന്ന ഒരാഴ്ചത്തേക്ക് നീട്ടാനും തീരുമാനിച്ചിട്ടുണ്ട്. 
തൊഴിലാളിവര്‍ഗത്തിനെതിരെയും നീക്കങ്ങളുണ്ടല്ലോ. ലേബര്‍ കോഡും മറ്റുമായി. അവരും സര്‍ക്കാറിന്റെ ഈ നയങ്ങള്‍ക്കെതിരെ നിസഹകരണം എന്ന രീതിയില്‍ മുന്നോട്ടുപോകും. കര്‍ഷകന്റെ അനുവാദമില്ലാതെ ഇത് നടപ്പിലാക്കാന്‍ കഴിയില്ല. ആ രീതിയില്‍ ഞങ്ങള്‍ കര്‍ഷകരെ ഒന്നിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകും. 25നുശേഷം സമരം കൂടുതല്‍ ശക്തമാക്കുന്ന രീതിയില്‍ ഭാവി പരിപാടികള്‍ തയ്യാറാക്കും.

2019 ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ എ.പി.എം.എസ് ആക്ടും കയറ്റുമതിക്കും അന്തര്‍ സംസ്ഥാന വ്യാപാരത്തിനുമുള്‍പ്പെടെയുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങളും എടുത്തുകളയുമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. കര്‍ഷക സമരങ്ങളുടെ സമ്മര്‍ദ്ദഫലമായിട്ടാവാം നിലപാട് മാറ്റി സമരങ്ങളില്‍ കോണ്‍ഗ്രസ് പങ്കാളിയാവുന്നതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുകയാണ്.
 

  • Tags
  • #Farm Bills
  • #Vijoo Krishnan
  • #Agriculture
  • #Capitalism
  • #Manila C. Mohan
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

P.A.RAJAN PALUVAI

23 Sep 2020, 01:32 PM

ദുരിതക്കയങ്ങളിൽ ആണ്ടുപോയ ഇന്ത്യൻ കർഷകരെയും സാധാരണക്കാരെയും കൂടുതൽ ദ്രോഹിക്കുന്ന ഈ ബില്ലുകൾക്കെതിരെ എല്ലാവരും ചേർന്ന് എതിർത്ത് തോൽപിക്കണം .അഭിനന്ദനങ്ങൾ മനില മോഹനനും ,വിജു കൃഷ്ണനും

Suresh kumar

23 Sep 2020, 07:46 AM

At any cost, it should not allowance to implementing this bill. In future, it is going to effect, not only farmers, but city living people too. This is to overcome Government 's present financial poverty.

Seshan

22 Sep 2020, 07:35 PM

Realy informative.

modi - adani

Economics

കെ. സഹദേവന്‍

കോർപറേറ്റ്​ മടിശ്ശീല നിറയ്​ക്കുന്ന കാവി രാഷ്​ട്രീയം

Jan 30, 2023

8 minutes read

Nirav Modi

Economy

കെ. സഹദേവന്‍

വൻകിട കമ്പനികൾക്ക്​ വാരിക്കോരി, കർഷകർക്ക്​ ജപ്​തി

Jan 29, 2023

6 Minutes Read

c balagopal

Economy

സി. ബാലഗോപാൽ

വ്യവസായം കേരളത്തില്‍ നടക്കില്ല എന്ന് പറയുന്നവരോട്  ഞാന്‍ 50 കമ്പനികളുടെ ഉദാഹരണം പറയും

Jan 24, 2023

2 Minutes Read

C K Muralidharan, Manila C Mohan Interview

Interview

സി.കെ. മുരളീധരന്‍

ഇന്ത്യൻ സിനിമയുടെ ഭയം, മലയാള സിനിമയുടെ മാർക്കറ്റ്

Jan 19, 2023

29 Minute Watch

john brittas

Interview

ജോണ്‍ ബ്രിട്ടാസ്

മോദി - ഷാ കൂട്ടുകെട്ടിനെ ഏറ്റവും കൂടുതല്‍ പേടിക്കുന്നത് ബി.ജെ.പി. എം.പിമാര്‍

Jan 16, 2023

35 Minutes Watch

pazhayidam Issue

Editorial

കെ. കണ്ണന്‍

പഴയിടത്തിന് സാമ്പാര്‍ ചെമ്പിന് മുന്നില്‍ വെക്കാനുള്ള വാക്കല്ല ഭയം

Jan 08, 2023

15 Minutes Watch

John Brittas

Interview

ജോണ്‍ ബ്രിട്ടാസ്

മുജാഹിദ് സമ്മേളന വിവാദത്തിനുപുറകിലുണ്ട് സംഘ്പരിവാറിന്റെ ‘ഗ്രാൻറ്​ സ്ട്രാറ്റജി’

Jan 05, 2023

5 Minutes Read

 pk-interview-muralidharan-ck.jpg

Interview

സി.കെ. മുരളീധരന്‍

പികെയുടെ കഥ പറയുന്നു, പികെയുടെ ക്യാമറാമാൻ

Jan 05, 2023

27 Minutes Watch

Next Article

കാള്‍ ക്രോസിന്റെ ‘ടോര്‍ച്ചും' മാധ്യമങ്ങളിലെ ഇരുട്ടും

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster