തോറ്റ തേജസ്വിയാണ്
ബിഹാറില്‍
ശരിക്കും ജയിച്ചത്
തോറ്റ തേജസ്വിയാണ് ബിഹാറില്‍ ശരിക്കും ജയിച്ചത്
നേതൃത്വം എന്നത് അധ്വാനപുരോഗതിയാണ്. തേജസ്വിയും കൂട്ടുകാരും അത് ആര്‍ജിക്കാനുള്ള അധ്വാനത്തിലാണ്. ഈ ഘട്ടത്തിലെ പരാജയങ്ങള്‍ ശുഭോദര്‍ക്കമാണ്. സിലിക്കണ്‍വാലിയിലെ ഉത്തേജനച്ചൊല്ല് ഇവിടെയും അന്വര്‍ഥം: Failure is good, make better failure. സര്‍വം തികഞ്ഞ മാച്ചോ ബിംബം വഹിക്കുന്ന സ്ഥിരം വിജയശ്രീലാളിതരെയല്ല, മെച്ചപ്പെട്ട പരാജയങ്ങളിലൂടെ മെച്ചപ്പെടുന്ന മനുഷ്യരെയാണ് നാടിനാവശ്യം. അതു കാട്ടിത്തരികയാണ് പഴയ പാടലീപുത്രം
12 Nov 2020, 10:54 AM
അഭിശപ്തമായ പരമ്പരാഗത ഗതികേടുകളില്‍നിന്ന് അനിവാര്യമായ ചില നവീന ഗതികേടുകളിലേക്ക് പുരോഗമിക്കുകയാണ്, ബിഹാര്‍. ഇപ്പോഴത്തെ നിയമസഭ തെരഞ്ഞെടുപ്പ് നല്‍കുന്ന ചില മര്‍മ സൂചനകള്‍ നോക്കുക:
ജാതിമതങ്ങളും ജന്മി മാടമ്പിത്തങ്ങളും നൂറ്റാണ്ടുകളായി ചവുട്ടിമെതിച്ചിട്ടിരിക്കുന്ന തദ്ദേശ ജനത ഇക്കുറി ആരോടെങ്കിലും മുഖം കറുപ്പിച്ചിട്ടുണ്ടെങ്കില്‍ അത് ഒരോളോടുമാത്രം- നിതീഷ് കുമാര്‍. പോളിങ് തീരുംമുമ്പേ തോറ്റിരുന്നു ടിയാന്റെ പാര്‍ട്ടി. അതുകൊണ്ടല്ലേ ഇതെന്റെ ഒടുക്കത്തെ പടവെട്ടലാണെന്ന് പടനടുവില്‍ വച്ച് നമ്പറിട്ടുനോക്കിയതും.
പട കഴിഞ്ഞപ്പോള്‍ കൂട്ടുകക്ഷികള്‍ പുഷ്ടിപ്പെട്ടു, നിതീഷിന്റെ കക്ഷി നന്നേ മെലിഞ്ഞു. എന്നിട്ടും പിടിച്ച് തൊഴുത്തില്‍ കെട്ടാത്തത് ആളിപ്പോഴും ആനയായതുകൊണ്ടല്ല, മറിച്ച് സഖ്യകക്ഷികളോട് ബി.ജെ.പിക്കുള്ള മഹാമനസ്‌കതയും രാഷ്ട്രീയ മര്യാദയുമാണ് പോലും. ഇവിടെയാണ് മര്‍മം നമ്പര്‍ വണ്‍.
ലാലു, നിതീഷ്, സുശീല്‍
നിതീഷിന്റെ ചരിത്രമറിയുന്ന ആരും ടിയാനെ കുടിച്ച വിഷത്തില്‍ പോലും വിശ്വസിക്കില്ല. 1965ല്‍ ജയപ്രകാശ് നാരായണിന്റെ ലോക് സംഘര്‍
ഷ് പ്രസ്ഥാനം ബിഹാറില്‍ പെറ്റിട്ടത് മൂന്ന് യുവ ശിങ്കങ്ങളെയാണ്- ലാലു പ്രസാദ് യാദവ്, നിതീഷ് കുമാര്‍, സുശീല്‍ മോദി. വിദ്യാര്‍ഥിലോകത്തുനിന്ന് ജെ.പി

തൊട്ടെടുത്ത നവീന വിത്തിനം. ലോക് സംഘര്‍ഷും നവനിര്‍മാണ്‍ പ്രസ്ഥാനവും കേന്ദ്രത്തിലെ ഇന്ദിര ഭരണത്തെ വിറപ്പിക്കുകയും അങ്ങനെ അടിയന്തരാവസ്ഥ ഉടലെടുക്കുകയും ചെയ്തപ്പോള്‍ ഈ വിത്തുകള്‍ മുളച്ചുപൊന്തി. അടിയന്തരാവസ്ഥക്കുശേഷം അവര്‍ ജനതാപാര്‍ട്ടിക്കാരായി.
ശേഷം ഭിന്നതകളും പലതരം ഗ്രൂപ്പിങ്ങും- ലാലു ആര്‍.ജെ.ഡിയുണ്ടാക്കി, നിതീഷ് സമത പാര്‍ട്ടിയും. ജന്മനാ സംഘഞരമ്പുള്ള സുശീല്‍ ഒടുവില്‍ യോജിച്ച ലാവണത്തിലും- ബി.ജെ.പി. ഏതായാലും 1990കള്‍ തൊട്ടിങ്ങോട്ട് ഈ വിത്തിനങ്ങളാണ് ബിഹാറിനെ അക്ഷരാര്‍ഥത്തില്‍ ഭരിച്ചുപോന്നത്.
ലാലുവിന്റെ കക്ഷി യു.പി.എക്ക് ഒപ്പം പോയപ്പോള്‍ നിതീഷിന്റെ കക്ഷി (ആദ്യം സമതയായും പിന്നെ ജനതാദളുമായും) എന്‍.ഡി.എയുടെ കൂട്ടാളിയായി. അങ്ങനെ 2005ലും 2010ലും നിതീഷ് എന്‍.ഡി.എ കുടക്കീഴില്‍ മുഖ്യമന്ത്രിയായി. 2015ലാകട്ടെ ആര്‍.ജെ.ഡിയുടെ ചെലവില്‍ കസേര പിടിച്ചു. ഏറെ വൈകിയില്ല, മറുകണ്ടം ചാടി ആത്മമിത്രം സുശീല്‍ മോദി വഴി കേസര കാത്തു.
ഈ ചരിത്രമറിയുന്ന ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ ഇക്കുറി ആ കസേര നിഷേധിച്ചാല്‍ നിതീഷ് കളിക്കുന്നൊരു കളി. ബി.ജെ.പി സര്‍ക്കാറിന്റെ ഹബ്ബിളക്കാന്‍ വെറും പത്ത് ജെ.ഡി എം.എല്‍.എമാരെ കൂട്ടി മറുകണ്ടം ചാടുകയേ വേണ്ടൂ. മഹാസഖ്യത്തില്‍ ചേരാന്‍ നിതീഷിനോ ചേര്‍ക്കാന്‍ അവര്‍ക്കോ വൈക്ലബ്യങ്ങളേതുമില്ലതാനും. ഇതാണ് ബി.ജെ.പിയുടെ ‘മഹാമനസ്‌കത'യുടെ നിജസ്ഥിതി. അഥവാ, ബിഹാറിയുടെ നവീന ഗതികേട്: ജനത എന്തു മനോവിധി ബാലറ്റില്‍ രേഖപ്പെടുത്തിയാലും നാട്ടുനടപ്പ് രാഷ്ട്രീയ ജന്മികള്‍ തീരുമാനിക്കും. വെറും നാലുകൊല്ലം മുമ്പ് അവരത് അനുഭവിച്ചു- നരേന്ദ്രമോദിയുടെ ‘വിരാട്' ശകടത്തെ പുറങ്കാലിനടിച്ച് ലാലു- നിതീഷ് സഖ്യത്തെ ഭരണമേല്‍പ്പിച്ച ജനവിധിയുടെ തലേവര.
തേജസ്വി എന്ന പുതിയ നേതാവിന്റെ ഗ്രാജ്വേഷന്‍
ഇനി, മര്‍മം നമ്പര്‍ ടു. തോല്‍വി മണക്കുവോളം രാഷ്ട്രീയവാദം, വികസന പ്രഘോഷം. മണത്താലോ, ജൗളിയൂരി തലയില്‍ക്കെട്ടും. അതാണ്, പ്രഫഷനല്‍ രാഷ്ട്രീയക്കാരുടെ നിലവാര ശൈലി. വികസന ബഡായികളും ദേശാഭിമാന വെടികളും കൊണ്ട് രക്ഷയില്ലെന്നായപ്പോള്‍ ബിഹാര്‍ ജനതക്ക് മുന്നില്‍

നരേന്ദ്രമോദി ആ പഴയ അമര്‍ചിത്രകഥ വീണ്ടും വായിച്ചു: ജംഗ്ള്‍ രാജ്.
ആധുനിക ചരിത്രത്തിലാദ്യമായി അധഃകൃത ജാതിക്കാരുടെ ഭരണം ബിഹാറില്‍ ഏര്‍പ്പാടാക്കിയ ലാലു പ്രസാദിനെ തറപറ്റിക്കാന്‍ മേല്‍ജാതികളും മധ്യവര്‍ഗ മാധ്യമങ്ങളും ചേര്‍ന്നു രചിച്ച സൃഗാലന്യായം. (ദോഷം പറയരുതല്ലോ, ആയതിലേക്ക് വേണ്ടുവോളം സംഭാവന ലാലു തന്നെ ചെയ്യുകയുമുണ്ടായി).
ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ ജാതിമത തമ്പ്രാക്കളും മാധ്യമങ്ങളും ചേര്‍ന്ന് പണ്ട് കേരളത്തില്‍ ഒട്ടിച്ച ‘സെല്‍ ഭരണ' പോസ്റ്ററുണ്ടല്ലോ, അതുമാതിരി ഒന്ന്. ഇക്കുറി മുഖ്യപ്രതിയോഗിയായ ലാലുപുത്രനെതിരെ ബിഹാറില്‍ അതെടുത്ത് പ്രയോഗിച്ചതാരെന്നോര്‍ക്കുക: ഗുജറാത്തില്‍ തുടരെ ഒരു വ്യാഴവട്ടവും കേന്ദ്രത്തില്‍ കഴിഞ്ഞ ആറു കൊല്ലവും സാമൂഹ്യ- സാമ്പത്തിക- നൈയാമക തലങ്ങളില്‍ കിരാതശൈലി വികസിപ്പിച്ചെടുത്ത കൂട്ടര്‍!
ഏതായാലും പരിശുദ്ധ മോദി ‘ജംഗ്ള്‍ രാജ്' വിളിച്ചപ്പോള്‍ ലാലുപുത്രന്‍ കേട്ടഭാവം വച്ചില്ല. ജനതയുടെ പ്രതികരണത്തിനും അതേ ഭാവമായിരുന്നു എന്നതിന്റെ തെളിവാണ് ആര്‍.ജെ.ഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നത്. ജംഗ്ള്‍ രാജ് വിളിച്ച മോദിയുടെ കക്ഷി പോലും ലാലുപുത്രന്റെ ജനപിന്തുണക്കുപിന്നില്‍ മാത്രം.
മുന്നണി രൂപമൊരുക്കലിലെ പിശകുകളും ജാതിരാഷ്ട്രീയത്തിലെ പരമ്പരാഗത നീക്കുപോക്കുകളുമൊക്കെ പരിഗണിച്ചാലും ഒന്നുറപ്പ്: തേജസ്വി യാദവ് എന്ന പുതിയ രാഷ്ട്രീയനേതാവിന്റെ ഗ്രാജ്വേഷനാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.

ജാതിക്കും അതിന്റെ ഉള്‍പ്പിരിവുകള്‍ക്കുമപ്പുറം ബിഹാര്‍ പോയേ തീരൂ എന്ന ബോധ്യം ലാലുവിന്റെ മകനിലൂടെ ആ മണ്ണില്‍ പന്തലിക്കുകയാണ്. വര്‍ഗീയതക്കപ്പുറം വര്‍ഗപരമാണ് നാടിന്റെ പ്രശ്‌നങ്ങളെന്ന ബോധ്യം.
സഖ്യകക്ഷികളായ കമ്യൂണിസ്റ്റുകള്‍ 16 സീറ്റ് നേടിയത് അതിന്റെ ലഘുവായ ഒരു തെളിവുമാത്രം. പ്രമുഖ സഖ്യകക്ഷിയായ കോണ്‍ഗ്രസിനെ ജനത നിരാകരിക്കുന്നത് മറ്റൊരു തെളിവ്. (പരമ്പരാഗതമായി വര്‍ണഹിന്ദു കൂടാരമായ ആ പാര്‍ട്ടി എന്തിന്, അതേ കൂറ് കൂടുതല്‍ പച്ചക്ക് തെളിയിക്കുന്ന ബി.ജെ.പി കണ്‍മുന്നിലുള്ളപ്പോള്‍?) മര്‍മം കിടക്കുന്നത് ഈ തെളിവുകള്‍ക്കുള്ളിലാണ്.
ഈ ഡെമോഗ്രാഫിക് ഡിവിഡന്റിലാണ് ബിഹാറിന്റെ ഭാവി
ജെ.എന്‍.യുവില്‍നിന്ന് ഡോക്ടറേറ്റ് നേടി അസിസ്റ്റന്റ് പ്രഫസറായ യുവരക്തം സന്ദീപ് സൗരവ് ആ വരേണ്യപ്പണി കളഞ്ഞ് പാലിഗഞ്ചിലെ പരുക്കന്‍ യാഥാര്‍ഥ്യങ്ങളിലേക്ക് ജീവിതം പറിച്ചുനട്ടതെന്തിന്? മറ്റൊരു യുവധിഷണ, മനോജ് മന്‍സില്‍ ജാതിയുദ്ധങ്ങളുടെ പടനിലമായ ഭോജിപ്പുരിലേക്ക് ഇതേവിധം സുരഭില യൗവനം വലിച്ചെറിഞ്ഞ് എത്തിപ്പെട്ടതെന്തിന്? അജിത് കുശ്‌വാഹ തൊട്ട് കനയ്യ കുമാര്‍ വരെ പുറത്തുപോയി പഠിച്ചവര്‍ സ്വന്തം കുഗ്രാമങ്ങളിലേക്ക് വീണ്ടും വീണ്ടും മടങ്ങിപ്പോകുന്നതെന്തുകൊണ്ട്?
ദേശീയ വികസനത്തിന്റെ ഹൈ- ഡെസിബല്‍ വായ്ത്താരികളുടെ കാലത്തും ഏറ്റവും വലിയ ബീമാരി ദേശമായി കഴിയുന്ന ഇന്നത്തെ ബിഹാര്‍ അതിനുത്തരം നല്‍കുന്നു, നിശ്ശബ്ദം. ഒന്ന്; ജനസംഖ്യയില്‍ 56 ശതമാനം വരുന്നത് യുവജനതയാണ്. ഈ ഡെമോഗ്രാഫിക് ഡിവിഡന്റിലാണ് സംസ്ഥാനത്തിന്റെ ഭാവി. കുടിയേറ്റ തൊഴിലാളികളായി രാജ്യമെങ്ങും അലയുന്ന വിഭാഗമാണ് ആ ഡിവിഡന്റിലെ മഹാഭൂരിപക്ഷം. അവര്‍ അയക്കുന്ന കൂലിക്കാശാണ് ബിഹാറിനെ പുലര്‍ത്തുന്നത്- 15 കൊല്ലമായി വാഴുന്ന നിതീഷ്‌കുമാറോ ടിയാന്റെ സഖ്യകക്ഷിയായ കേന്ദ്ര വിരാട് പുരുഷനോ അവകാശപ്പെടുന്ന വികസനനയങ്ങളല്ല.
എന്തിനേറെ, അട്ടക്കാടികളില്‍ അട്ടക്കാടികളായവരെ ‘മഹാദളിത്' എന്നൊരു വിശേഷമായ ചാപ്പ കുത്തി ഉദ്ധരിക്കാന്‍ നിതീഷ് തുനിഞ്ഞത് ജിതന്‍ റാം മാഞ്ചി എന്ന അച്ചുതണ്ടില്‍ മറ്റൊരു വോട്ടുബാങ്ക് കൈപ്പിടിയില്‍ വെക്കാന്‍ മാത്രമാണെന്ന് സാക്ഷാല്‍ മഹാദളിതുകള്‍ക്കറിയാം. എല്ലാത്തരം പുത്തന്‍ സംവരണങ്ങള്‍ക്കും ആനുകൂല്യ പാക്കേജുകള്‍ക്കും ഒടുവില്‍ അവര്‍ ഇന്നും പഴയ അട്ടക്കാടികള്‍ തന്നെ.
ചുരുക്കിയാല്‍ ബിഹാറിന്റെ ഭൂരിപക്ഷ യുവജനത മറ്റു സംസ്ഥാനങ്ങളില്‍ കുറഞ്ഞ കൂലിക്ക് പണിയെടുത്ത് സംസ്ഥാനത്തെ പോറ്റുന്നു. അവരെയാണ് ലോക്ക്ഡൗണ്‍ കാലത്ത് തിരിഞ്ഞുനോക്കാതെ കേന്ദ്രവും രോഗവാഹകര്‍ എന്ന ലേബലൊട്ടിന്ന് മുഖം തിരിച്ച മുഖ്യമന്ത്രിയും ചേര്‍ന്ന് ജീവച്ഛവങ്ങളാക്കിയത്, പലരെയും ശവങ്ങള്‍ തന്നെയാക്കിയത്. ഇത് സമീപയാഥാര്‍ഥ്യം. പഠിപ്പിന്റെയും അവകാശങ്ങളുടെയും വിലയറിഞ്ഞ ഒരു ന്യൂനപക്ഷമാണ് ഈ യുവതയില്‍ ഇനി വരുന്നത്. അവരാണ് പുറംപഠിപ്പുകഴിഞ്ഞ് നാട്ടിലേക്ക് എത്തുന്നത്.
മുന്‍കാലങ്ങളിലെ അഭ്യസ്ത ബിഹാറികളെപ്പോലെ, എക്കാലത്തെയും അഭ്യസ്ത മലയാളികളെപ്പോലെ, ഈ ന്യൂനപക്ഷം അക്കരപ്പച്ചയില്‍ പൗരത്വമെടുത്ത് തടി കാക്കുന്നില്ല. അവര്‍ സ്വന്തം മണ്ണിന്റെ ഭാവിരക്ഷക്ക് മടങ്ങിയെത്തുകയാണ്.
‘ഡെമോഗ്രാഫിക് ഡിവിഡന്റ്' ഈ ന്യൂനപക്ഷം മുഖേനയാണ് പഴയ പാടലീപുത്രത്തെ വീണ്ടെടുക്കുന്നത്. അതാണ് നവയൗവനങ്ങളുടെ പുതിയ ബോധ്യത്തിന്റെ ഉള്ളടക്കം. 31 വയസ്സു മാത്രമുള്ള തേജസ്വി യാദവ് ഈ നവയാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നു. 10 ലക്ഷം തൊഴില്‍ എന്ന ഈ ചെറുപ്പക്കാരന്റെ വാഗ്ദാനത്തെ പുരികം വരെ നരച്ചുകഴിഞ്ഞ ഒരു പ്രധാനമന്ത്രി ‘പൊയ്‌വാക്ക്' എന്ന് പരിഹസിക്കുന്നിടത്താണ് രാഷ്ട്രീയത്തിന്റെ പുതിയ ശക്തിചേരികള്‍ ഉരുത്തിരിയുന്നത്.
മുസ്‌ലിം- യാദവ് അല്ല, ഇനി മസ്ദൂര്‍-യുവ പാര്‍ട്ടി
‘സാമൂഹ്യനീതി' മുദ്രാവാക്യമാക്കി അധികാരം കവര്‍ന്ന പഴയ സോഷ്യലിസ്റ്റുകള്‍ പിന്നീട് വികസനത്തിന്റെ മറക്കുടയില്‍ ജാതിവര്‍ഗീയതയുടെ ‘നമ്പറു'കളിറക്കിയപ്പോള്‍ നീതിയും വികസനവും അവര്‍ക്കു മാത്രമായി, അവരുടെ കക്ഷികള്‍ക്കും. അതിലേക്ക് മതരാഷ്ട്രീയത്തിന്റെ ബുള്‍ഡോസര്‍ കൂടി വന്നതോടെ ചിത്രം പൂര്‍ണമായി- ബിഹാര്‍ പതിവുപോലെ ബ്ലാക്ക്‌ഹോളിലൊതുങ്ങിക്കിടന്നു.

വര്‍ത്തുളമായ ഈ കാലക്കെണിയില്‍നിന്ന് പുറത്തുവരാനാണ് 56 ശതമാനം വരുന്ന യുവജനത കലശലായി ശ്രമിക്കുന്നത്. അതിന്റെ പ്രാരംഭസൂചനയാണ് തേജസ്വിയും കൂട്ടുകാരും. പഴകിപ്പതിഞ്ഞ ജാതി രാഷ്ട്രീയവും മതവിഭാഗീയതയും ഒറ്റയടിക്കങ്ങ് ആവിയായെന്നല്ല. അത്തരം ആധാര്‍ കാര്‍ഡുകള്‍ക്കപ്പുറത്തേക്ക് ആയുകയാണ് ശരാശരി ബിഹാറി എന്നുമാത്രം. അതിന്റെ ലാക്ഷണിക സൂചനയാണ് എം-വൈ പാര്‍ട്ടി (മുസ്‌ലിം- യാദവ്) എന്ന ആര്‍.ജെ.ഡിയുടെ വിശേഷത്തിന് തേജസ്വി വരുത്തിയിരിക്കുന്ന ലീനമായ മൊഴിമാറ്റം: ‘മസ്ദൂര്‍, യുവ പാര്‍ട്ടി'.
നേതൃത്വം എന്നത് ഒരു അധ്വാനപുരോഗതിയാണ്. തേജസ്വിയും കൂട്ടുകാരും അത് ആര്‍ജിക്കാനുള്ള അധ്വാനത്തിലാണ്. ഈ ഘട്ടത്തിലെ പരാജയങ്ങള്‍ ശുഭോദര്‍ക്കമാണ്. സിലിക്കണ്‍വാലിയിലെ ഉത്തേജനച്ചൊല്ല് ഇവിടെയും അന്വര്‍ഥം: Failure is good, make better failure. സര്‍വം തികഞ്ഞ മാച്ചോ ബിംബം വഹിക്കുന്ന സ്ഥിരം വിജയശ്രീലാളിതരെയല്ല, മെച്ചപ്പെട്ട പരാജയങ്ങളിലൂടെ മെച്ചപ്പെടുന്ന മനുഷ്യരെയാണ് നാടിനാവശ്യം. അതു കാട്ടിത്തരികയാണ് പഴയ പാടലീപുത്രം.
ഒന്നോര്‍ക്കുക, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ആര്യത്തേര്‍വാഴ്ച ആരംഭിക്കുന്ന ആ പ്രാചീനകാലത്തുതന്നെ ജനായത്തത്തിന്റെ പ്രാഗ്‌റിപ്പബ്ലിക്കുകള്‍ നിലകൊണ്ടിരുന്ന മണ്ണാണ് ബിഹാര്‍. ശാക്യരെ ഓര്‍ക്കുക, അക്കൂട്ടരുടെ റിപ്പബ്ലിക്കനിസം കേന്ദ്രതന്തുവാക്കിയ ബദല്‍മതമോതിയ ശാക്യമുനിയെയും. ടിയാന് ബോധം പകര്‍ന്ന തണല്‍മരം നിന്നതും ഇതേ മണ്ണിലാണ്. നളന്ദ വീണ്ടും നമ്മെ ഓരോന്നു പഠിപ്പിച്ചുതുടങ്ങുകയാണ്, നവീന ഗതികേടുകള്‍ക്കിടയിലും.
കോണ്‍ഗ്രസ്, ഇടതുപക്ഷം, സോഷ്യലിസ്റ്റ് ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഒരു ബിഹാര്‍ ടെസ്റ്റ്
വിജു വി. നായര്‍
Jun 23, 2022
40 Minutes Read
Truecopy Webzine
May 17, 2022
8 minutes read
Truecopy Webzine
Mar 13, 2022
3 Minutes Read
Truecopy Webzine
Dec 09, 2020
3 Minutes Read
ഡോ. സനില്‍ എം. നീലകണ്ഠന്‍
Nov 18, 2020
7 Minutes Read
കെ.എം. വേണുഗോപാലന്‍/നന്ദലാല്‍ ആര്‍.
Nov 14, 2020
15 minute read
കെ.കണ്ണന്‍
Nov 09, 2020
10 Minutes Read
Vinayakumar N
14 Nov 2020, 07:58 AM
മിണ്ടാ പ്രാണികളുടെ 950 കോടി രൂപ തിന്ന തടിയെ കുറിച്ച് പറഞ്ഞാലും തീരുനില്ലല്ലോ ലേഖകന്.