പള്ളി പൊളിച്ച്​ ക്ഷേത്രം കെട്ടാനിറങ്ങിയ അന്ന്​, അന്നത്തെ പ്രധാനമന്ത്രി ചെയ്​തത്​...

കല്യാൺസിംഗിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് 1992 ജൂലൈയിൽ തന്നെ റാവുവിന് ഉപദേശം കിട്ടിയതാണ്. ചെയ്തില്ല. പകരം, പല ഹിന്ദുഗ്രൂപ്പുകളുമായി രഹസ്യ ചർച്ച. പള്ളി പൊളിക്കാതെ തർക്കഭൂമിയിൽ എന്തുമായിക്കൊള്ളൂ. അങ്ങനെയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിയുടെ കെഞ്ചൽ.

Truecopy Webzine

കെ.കണ്ണൻ : മാർക്കറ്റ് ഇക്കോണമിയുണ്ടാക്കിയ സാമ്പത്തിക അസമത്വത്തോട് ചേർത്തുവെക്കാവുന്ന ഒന്നാണ് ഹിന്ദുത്വ വർഗീയത പൗരസമൂഹത്തിൽ സൃഷ്ടിച്ച ആഘാതം. ഗാന്ധിവധത്തോളമോ അതിനേക്കാളേറെയോ പ്രത്യാഘാതമുണ്ടാക്കിയതെന്ന് വിശേഷിപ്പിക്കപ്പെട്ട ബാബരി മസ്ജിദ് ധ്വംസനത്തിന്റെ കാലത്ത് ഒരു കോൺഗ്രസുകാരനായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി എന്നത് ചരിത്രത്തിന്റെ എന്തുതരം പരിണാമമായിരുന്നു?

വിജു.വി. നായർ: 91-ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഭരണം പിടിക്കാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. ഇടയ്ക്കുവെച്ച് രാജീവ് കൊല്ലപ്പെട്ടതാണ് അതു തടഞ്ഞത്. ലോക്സഭയിൽ അന്നു കിട്ടിയത് 120 സീറ്റ്. പക്ഷെ ഹിന്ദി ഹൃദയഭൂമി അവർ നേരത്തെ പിടിച്ചുകഴിഞ്ഞിരുന്നു- യു.പി, ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ്, ഹരിയാന, പിന്നെ ഹിമാചലും. അയോധ്യാ ഹിസ്റ്റീരിയ തന്നെ കാരണം. 1991ലെ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ ചരിത്രത്തിലാദ്യമായി കേന്ദ്രം ഒരു കക്ഷിയും യു.പി വേറൊരു കക്ഷിയും ഭരിക്കുന്ന നിലയുണ്ടായി. യു.പി കയ്യിലായതോടെ ആർ.എസ്.എസിനു തിടുക്കമായി. അങ്ങനെയാണ് വീണ്ടും കർസേവയും രഥയാത്രയും ഏർപ്പാടാക്കുന്നത്. രഥത്തിൽ അദ്വാനി തന്നെ. സാരഥി നരേന്ദ്രമോദി. ഒരു കാര്യം ഉറപ്പായിരുന്നു- തടയുന്നെങ്കിൽ അത് കേന്ദ്രത്തിലുള്ള റാവു സർക്കാറായിരിക്കും, രഥം പോകുന്ന സംസ്ഥാനങ്ങളൊക്കെ ബി.ജെ.പിയുടെ കസ്റ്റഡിയിലാണ്. വി.പി സിംഗ് ചെയ്ത മാതിരി റാവു ചെയ്യുമോ?

കല്യാൺസിംഗിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് 1992 ജൂലൈയിൽ തന്നെ റാവുവിന് ഉപദേശം കിട്ടിയതാണ്. ചെയ്തില്ല. പകരം, പല ഹിന്ദുഗ്രൂപ്പുകളുമായി രഹസ്യ ചർച്ച. പള്ളി പൊളിക്കാതെ തർക്കഭൂമിയിൽ എന്തുമായിക്കൊള്ളൂ. അങ്ങനെയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിയുടെ കെഞ്ചൽ. ഒക്ടോബർ 30ന് വി.എച്ച്.പി ഒരു വെടിപൊട്ടിച്ചു: ഡിസംബർ ആറിന് കർസേവ. എവിടെ? തർക്കഭൂമിയോട് തൊട്ടുചേർന്ന് യു.പി സർക്കാർ ഏറ്റെടുത്ത മണ്ണിൽ. പള്ളി തൊടില്ല. അതിനു തൊട്ടുമുമ്പിൽ പ്രതീകാത്മക പൂജ മാത്രം. എന്നുവെച്ചാൽ, ആയിരക്കണക്കിന് കർസേവകർ പള്ളിമുറ്റത്തു കയറിയിരിക്കുമെന്നർത്ഥം. പൂജാവേദിക്ക് ചുറ്റും തിരയുമ്പോൾ പള്ളിമുറ്റം ഒഴിവാക്കാനാവില്ലല്ലോ.

നരസിംഹ റാവു / Photo: Wikimedia Commons

അതോടെ റാവു ഹോം സെക്രട്ടറി മാധവ് ഗോഡ്‌ബോലെയെ വിളിക്കുന്നു. പള്ളി ഏറ്റെടുക്കാൻ ഒരു കണ്ടിജൻസി പ്ലാനുണ്ടാക്കാൻ കൽപന. വൈകാതെ പ്ലാൻ തയ്യാറാവുന്നു. കേന്ദ്രസേനയെ വിന്യസിച്ച് പണി ഏറ്റെടുക്കാം. പക്ഷെ അതിനു മുമ്പായി യു.പിയിൽ കേന്ദ്രഭരണം പ്രഖ്യാപിക്കണം. ഇതിനു രണ്ടിനുമിടക്ക് ഒരു ചെറിയ വൾനറബിൾ ഘട്ടമുണ്ട്. അന്നേരത്തും പള്ളി സംരക്ഷിക്കാൻ മറ്റൊരു ഓപ്പറേഷനും പ്ലാനിലുണ്ട്. നവംബർ നാലിനാണ് ഗോഡ്‌ബോലെ ഈ പ്ലാൻ കൊടുക്കുന്നത്. നവംബർ 24നകം കേന്ദ്രഭരണം ഏർപ്പെടുത്തിയിരിക്കണം എന്നാണ് അതിനെ നിർദ്ദേശം. എന്നുവെച്ചാൽ റാവുവിന് ശേഷിച്ചത് 20 ദിവസം മാത്രം.

റാവു ഉടനെ സൂപ്പർകാബിനറ്റ് വിളിച്ചു- സി.സി.പി.എ. (കാബിനറ്റ് കമ്മിറ്റി ഓൺ പൊളിറ്റിക്കൽ അഫേയേഴ്‌സ്). ആർട്ടിക്കിൾ 356 വച്ച് യു.പി സർക്കാറിനെ പിരിച്ചുവിടുന്നത് ലെജിറ്റിമേറ്റായിരിക്കുമോ? യോഗത്തിൽ റാവു ആവർത്തിച്ചു ചോദിച്ചു. കാരണം, സർക്കാറിനെ പുറത്താക്കാൻ പറ്റിയ സാഹചര്യമുണ്ടായിക്കഴിഞ്ഞിട്ടുവേണം ഈ വകുപ്പെടുത്തു പ്രയോഗിക്കാൻ. അല്ലാതെ, അങ്ങനെയൊരു സാഹചര്യമുണ്ടാകാനിടയുണ്ട് എന്നു പറഞ്ഞ് പ്രീ എംപ്റ്റീവ് സൂത്രമായി പ്രയോഗിക്കാൻ പറ്റില്ല. അതുതന്നെ യോഗത്തിൽ പങ്കെടുത്ത മന്ത്രിമാരും പറഞ്ഞു. ലോ സെക്രട്ടറി പി.സി. റാവുവും പറഞ്ഞു. അർജുൻസിങ് പിൽക്കാലത്ത് നുണ അടിച്ചിറക്കിയിട്ടുണ്ട്- ശക്തമായ നടപടി ഉടനെടുക്കണമെന്ന് താനാവശ്യപ്പെട്ടെന്നും റാവു അതു കേട്ടില്ലെന്നും.

സി.സി.പി.എ മിനുട്‌സിൽ അങ്ങനെയൊന്നുമില്ല. അർജുൻ സിംഗിനെക്കൂടാതെ പവാറും എസ്.ബി ചവാനും മൻമോഹൻ സിംഗും യോഗത്തിൽ പങ്കെടുത്തു. പള്ളിക്ക് കുഴപ്പം വരാതെ നോക്കണമെന്നല്ലാതെ കല്ല്യാൺസിംഗിനെ പുറത്താക്കണമെന്ന് ആരും ആവശ്യപ്പെട്ടിരുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ, 356 പ്രയോഗിക്കുന്നതിന് റാവു മന്ത്രിസഭ തയ്യാറല്ലായിരുന്നു. നവംബർ ഒടുവിൽ, വീണ്ടും സി.സി.പി.എ യോഗം ചേർന്നു. റാവു അപ്പോൾ സെനെഗൽ ടൂറിലാണ്. തന്റെ അസാന്നിധ്യത്തിലും മന്ത്രിമാർക്ക് വേണമെങ്കിൽ രാഷ്ട്രപതിഭരണം തീരുമാനിക്കാമെന്നു പറഞ്ഞിട്ടാണ് പോയത്. കൂട്ടുത്തരവാദിത്തം ഉണ്ടാക്കാനുള്ള ആ ടെക്‌നിക്കും ഏശിയില്ല. പ്രത്യേകിച്ചൊരു തീരുമാനവുമില്ലാതെ സി.സി.പി.എ. പിരിഞ്ഞു. ആരേയും കൂട്ടുകിട്ടില്ലെന്നു വ്യക്തമായതോടെ റാവു സുപ്രീം കോടതിയെ സമീപിച്ചു- റിസീവറെ വയ്ക്കാൻ. കോടതി കേസ് വിളിച്ചപ്പോഴേക്കും നവംബർ അവസാനമായി. പള്ളി സംരക്ഷിക്കും എന്ന ഉറപ്പ് കല്ല്യാൺ സിംഗിന്റെ വക്കീൽ കോടതിയിൽ വച്ചു. കോടതി അതങ്ങ് കണ്ണുംപൂട്ടി വിശ്വസിക്കുന്നു, പ്രധാനമന്ത്രിയുടെ അപേക്ഷ തള്ളുന്നു. എങ്ങനെയുണ്ട് പരമോന്നത കോടതിയുടെ സെൻസിറ്റിവിറ്റി?

റാവു വെട്ടിലാവുകയായിരുന്നു. രാഷ്ട്രപതിഭരണം റാവു ഒറ്റയ്ക്ക് തീരുമാനിക്കട്ടെ എന്ന് കാബിനറ്റിലെ ഘടാഘടിയന്മാരായ പ്രതിയോഗികൾ ലൈനെടുത്തു. അതവരുടെ സ്വകാര്യ രാഷ്ട്രീയം. ശിഷ്ടം മൻമോഹൻ സിംഗ്. സർദാർജി പതിവുപോലെ മൗനിബാബ. സുപ്രീംകോടതിക്കാകട്ടെ, പ്രധാനമന്ത്രിയെയല്ല യു.പി മുഖ്യമന്ത്രിയെയാണ് വിശ്വാസം. ശരി, രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിരുന്നുവെന്നിരിക്കട്ടെ, ക്രമസമാധാനം തകർന്നിട്ടില്ല എന്നു പറഞ്ഞു അതേ കോടതി അത് ഭരണഘടനാലംഘനമായി പ്രഖ്യാപിക്കും. നടപടി റദ്ദാക്കും. അതുംപറഞ്ഞ് പാർലമെന്റിൽ ബി.ജെ.പി അവിശ്വാസം കൊണ്ടുവരും. ന്യൂനപക്ഷ സർക്കാറാണ്. താങ്ങിനിർത്തുന്ന ചെറുകക്ഷികൾ എന്തു ചെയ്യുമെന്ന് ആരു കണ്ടു? ഇനി രാഷ്ട്രപതി ഭരണം വേണ്ടെന്നുവെച്ചാൽ, വലിയ റിസ്‌കാണെടുക്കുക. പള്ളി പൊളിക്കാനുള്ള സാധ്യത വളരെ കൂടുതൽ. നമ്പാൻ കൊള്ളില്ലെന്ന് കല്ല്യാൺ സിംഗ് മുമ്പും തെളിയിച്ചതാണ്. പള്ളി വീണാൽ റാവു സർക്കാർ വെള്ളത്തിലാവും, അതിലുപരി നാട്ടിലെന്താ നടക്കുകാന്ന് പ്രവചിക്കാൻ പറ്റില്ല.

കല്യാൺ സിംഗ്

ഈ കെണിയിൽപ്പെട്ട് റാവു ഒരു കാര്യം മാത്രമുറപ്പിച്ചു- തന്റെ ചെലവിൽ രാഷ്ട്രപതി ഭരണം വേണ്ട. അങ്ങനെ ഗോഡ്‌ബോലെയുടെ പ്ലാൻ ഔട്ട്. പള്ളി രക്ഷിക്കാൻ വേറൊരു പദ്ധതിക്കായി നീക്കം തുടങ്ങി. നവംബർ പാതിയോടെ രഹസ്യ ചർച്ചകൾ തകൃതിയായെന്നു പറഞ്ഞല്ലോ. റാവു നല്ലൊരു ഹിന്ദുമത പണ്ഡിതനാണ്. നന്നായി സംസ്‌കൃതം പേശും. മതഭ്രാന്തരായ ഹിന്ദുഗ്രൂപ്പുകളെ ഈ ലൈനിൽ വേദമോദി പാട്ടിലാക്കാനാണ് നോക്കിയത്. ഗജഫ്രോഡുകളാണ് ഈ ഓത്തു കേൾക്കുന്നതെന്നോർക്കണം. ഒടുവിലായി അദ്വാനി, വാജ്‌പേയി, കല്ല്യാൺ സിംഗ് എന്നീ പ്രധാനികളായും രഹസ്യചർച്ച നടത്തി. പള്ളിക്ക് കുഴപ്പമൊന്നും വരില്ലെന്ന് സകലമാന്യന്മാരും വാക്കു കൊടുത്തു.

ഇതിനിടെ, ഗോഡ്‌ബോലെ പറഞ്ഞ ഡെഡ്ലൈൻ കടന്നുപോയി- നവംബർ 24. അതോടെ മറുപക്ഷം കൂടുതൽ ഉഷാറായി. കാരണം, രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനും കേന്ദ്രസേനയെ ഇറക്കാനുമുള്ള നടപടിക്രമങ്ങൾക്ക് ഇനി സമയമില്ല. വേറൊരു തമാശ കൂടി കേൾക്കണം. ഇന്റലിജൻസ് ബ്യൂറോയുടെ രണ്ടു രഹസ്യ റിപ്പോർട്ടുകൾ. അയോധ്യയിൽ ബലിദാനി കർസേവകർ കറഞ്ഞി നടക്കുന്നുണ്ടെന്നാണ് ആദ്യത്തേത്. പരസ്യമായി പറയുന്നതിനു വിരുദ്ധമായി ജോഷിയും അദ്വാനിയും ആളെക്കൂട്ടുന്നു, കർസേവകരുടെ എണ്ണം ഒന്നരലക്ഷമായിരിക്കുന്നു. അതാണ് അടുത്ത റിപ്പോർട്ട്. അപ്പോൾ, പള്ളി പൊളിക്കുമോ? ചാരപ്പടക്ക് മിണ്ടാട്ടമില്ല. ഏക് ധക്കാ ദോ, മസ്ജിദ് തോട് ദോ- ആ മുദ്രാവാക്യവും മുഴക്കി കർസേവകർ അയോധ്യ നിറക്കുമ്പോഴാണ് ഈ സൂത്രപ്പണി. എല്ലാതരം ഇന്റലിജൻസ് റിപ്പോർട്ടിന്റെയും സ്ഥിരം ശൈലിയാണ് ഈ ഉഡായിപ്പ്. പിന്നീട് പള്ളി പൊളിച്ചാൽ പറയാം ഞങ്ങൾ അന്നേ പറഞ്ഞതല്ലേ? പൊളിച്ചില്ലെങ്കിലും പറയാം, ഞങ്ങൾ അന്നേ പറഞ്ഞില്ലേ?

റാവുവിന് പോംവഴികൾ അടയുകയായിരുന്നു. ഡിസംബർ അഞ്ചിന് ഇന്ത്യൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയ പ്രമുഖന്റെ പേര് എൻ.എ ശർമ്മ. പേഴ്‌സനൽ ജ്യോത്സ്യൻ. പള്ളിക്കാര്യത്തിൽ ഗണകശ്രീ എന്താണ് പ്രവചിച്ചതെന്നറിയില്ല. എന്തായാലും അത്താഴം കഴിച്ച് ലാപ്‌ടോപ്പ് അടുക്കിപ്പിടിച്ച് റാവു ബെഡ്‌റൂമിൽ ഉറങ്ങാൻ പോയെന്നാണ് സെക്രട്ടറി പറഞ്ഞത്. രാജ്യത്തിന് ഇത്ര ക്രിട്ടിക്കലായ നേരത്ത് പള്ളിയുറങ്ങാൻ ഏതു ഭരണാധിപനാണ് തോന്നുക? അങ്ങനെയൊന്നും ചിന്തിച്ചുപോകരുത്. യമുനാതടം രാജ്യത്തിനിട്ടുവയ്ക്കുന്ന കെണിയായി കരുതിയാൽ മതി.

പിറ്റേന്നുച്ചയ്ക്ക് രാജ്യം ടെലിവിഷനിൽ ലൈവായി കണ്ടു, പള്ളി പൊളിക്കുന്നത്. പ്രധാനമന്ത്രിയും സംഗതി കണ്ടത് ടെലിവിഷനിൽ തന്നെ. ഉച്ചയ്ക്ക് 12 മണിതൊട്ട് നാലുമണിക്കൂർ സംപ്രേഷണം. ഈ നേരമൊക്കെയും റാവു മുറിക്കുള്ളിൽ അടച്ചിരിക്കുകയായിരുന്നു. പല ദേശീയ നേതാക്കളും പഞ്ഞത് ഫോൺ ചെയ്തിട്ട് പ്രധാനമന്ത്രി എടുത്തില്ലെന്നാണ്. ടി.വി ഷോ ആസ്വദിക്കുമ്പോൾ ശല്യപ്പെടുത്താമോ? ഒടുവിൽ ഉദ്യോഗസ്ഥ മേധാവികളെല്ലാം അടുത്തൂകൂടി. നരേഷ് ചന്ദ്രയും യു.ജി വൈദ്യവും ഗോഡ്‌ബോലെയുമെല്ലാം... പേഴ്‌സണൽ ഡോക്ടർ റെഡ്ഡി വരുന്നു. രക്തപരിശോധന, നാഡി നോക്കി... ബി.പി ലേശം കൂടുതലുണ്ട്. രാജ്യത്തിന്റെ രണ്ടാം വിഭജനത്തിന് കാണിയായി ചുമ്മാ ഇരുന്നുകൊടുത്ത ഭരണാധിപന് വേറൊരു ഏനക്കേടുമില്ല. ഫിറ്റ്, നോർമൽ.

പള്ളി പൊളിച്ച് അമ്പലം കെട്ടാനിറങ്ങിയവർ രഹസ്യ ചർച്ചകളിൽ കൊടുത്ത വാക്ക് കണ്ണുംപൂട്ടി വിശ്വസിക്കുക. അത്തരക്കാരുടെ ദാക്ഷിണ്യത്തിന് പള്ളി വിട്ടുകൊടുക്കുക. വരുംവരായ്ക അറിയാൻ ജ്യോത്സ്യനെ കാണുക. ഒരു സാദാ തഹസിൽദാറുപോലും കാണിക്കാത്ത ഈ ശുംഭത്വം ഒരു പ്രധാനമന്ത്രി കാണിക്കുമോ? ആർട്ട് ഒഫ് ദ പോസിബിളല്ലേ, കാണിച്ചെന്നിരിക്കും. റാവു ഇതിനെ രാഷ്ട്രീയ പ്രശ്‌നമായോ ഭരണഘടനാവിരുദ്ധതയായോ ഒന്നും കണ്ടില്ല, മതപ്രശ്‌നമായാണു കണ്ടത്. ഹിന്ദു ഗ്രൂപ്പുകളുമായുള്ള രഹസ്യ ചർച്ചകൾ എടുക്കുക. പ്രധാനമന്ത്രിയുടെ അപ്പോയ്ൻമെന്റ് രജിസ്റ്ററിൽ ഈ ചർച്ചയ്ക്കുവന്ന ഒരുത്തന്റെയും പേരില്ല. ഇനി, ആരൊക്കെയായിരുന്നു ചർച്ചകളിൽ റാവുവിന്റെ മധ്യസ്ഥർ? സാന്ത്, സാധു, മഠാധിപതികൾ.. പിന്നീട് കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ ഇതിന് റാവു നടത്തിയ ന്യായീകരണം നോക്കൂ- പണ്ടത്തെ രാജാക്കന്മാർ സന്യാസിമാരെ കൺസെൽറ്റ് ചെയ്ത പാരമ്പര്യമൊന്ന് ഈ രാജ്യത്തിന്റേതെന്ന്. അവിടെയാണ് ക്യാച്ച്. കോൺഗ്രസിന്റെ ഒരു പരമ്പരാഗത ഹിന്ദു സമീപനമുണ്ട്. ഹിന്ദുത്വ രാഷ്ട്രീയം അശ്വമേധത്തിനിറങ്ങിയപ്പോൾ അത് പൂത്തുലയുന്നത് നമ്മൾ കണ്ടു, രാജീവ് ഗാന്ധിയിൽ. ശരിയ്ക്കു പറഞ്ഞാൽ, രാജീവല്ലേ ആദ്യത്തെ കർസേവകൻ? ആ സമീപനത്തിന്റെ സ്വാഭാവിക തുടർച്ചയാണ് റാവുവിൽ കണ്ടത്.

ഭരണഘടനാപരമായ നിശ്ചയങ്ങളല്ല, ഭരണഘടനാബാഹ്യമായ ഒത്തുതീർപ്പുകൾ നടത്തുക, അതൊരു കോൺഗ്രസ് സ്വഭാവമാണ്. ബാക്‌ഡോർ ഡിപ്ലോമസി. എന്നിട്ട് പ്രശ്‌നം പരിഹരിച്ചതായി ഭാവിക്കുക. പ്രശ്‌നം കാർപ്പറ്റിനടിയിലൊളിപ്പിക്കുകയോ മാറ്റിവെയ്ക്കുകയോ മാത്രമാണ്. ഗാന്ധിയുടെ പൂന പാക്ട് തൊട്ട് രാജീവിന്റെ ശിലാന്യാസ പൂജവരെ അതു പ്രകടമാണ്. ആ ജനുസ്സിന്റെ തുടർച്ചയാണ് റാവുവിൽ കണ്ടത്. സത്യത്തിൽ, അതൊരു ഇൻഡിസിഷനായിരുന്നില്ല. പൊളിറ്റിക്കൽ ഹിന്ദുയിസത്തിന് കീഴടങ്ങിക്കൊടുത്തതാണ്, ഹിന്ദുക്കളെ പ്രതി.

അഭിമുഖത്തിന്റെപൂർണ രൂപം ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 03 ൽ വായിക്കാം

Comments