കോവിഡ് പ്രതിരോധം സമാനതകളില്ലാത്ത രീതിയില്‍ കേരളം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഡാറ്റ കൈമാറ്റം സംബന്ധിച്ച ആരോപണം പ്രതിപക്ഷം ഉന്നയിക്കുന്നത്. ഒരു മഹാമാരിയെ ലോകം നേരിടുമ്പോള്‍ കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരും കേരളത്തിലെ പ്രതിപക്ഷവും തീരുമാനിക്കുന്ന മുന്‍ഗണനകള്‍ രോഗത്തിന്റെ ഗൗരവത്തെയോ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആവശ്യകതയെയോ വേണ്ടവിധത്തില്‍ ഉള്‍ക്കൊള്ളാതെയുള്ളതാണ് എന്ന് ആശങ്കപ്പെടുകയാണ് മാധ്യമ പ്രവര്‍ത്തകനായ വിജു വി.നായര്‍.
18 Apr 2020, 11:27 AM
കോവിഡോ പ്രശ്നം, സ്പ്രിംഗ്ളറോ? ഒരു നൂറ്റാണ്ടിനിടെ ഭൂഗോളം കണ്ട ഏറ്റവും വലിയ പകര്‍ച്ചവ്യാധിയും അതു സൃഷ്ടിക്കുന്ന സര്‍വതോന്മുഖമായ സാമ്പത്തികത്തകര്‍ച്ചയുമാണ് ലോകത്തിനും കേരളത്തിനും പ്രശ്നം. എന്നാല്‍, കോവിഡ് പ്രതിരോധത്തിന് നാട്ടിലെ രോഗവിവരം ശേഖരിക്കാന്‍ സര്‍ക്കാരിന് ശിങ്കിടിപ്പണിയെടുക്കുന്ന ഒരു ഐ.ടി കമ്പനിയാണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെ മുഖ്യപ്രശ്നം. പൗരാവലിയുടെ 'സ്വകാര്യത'യാണ് ചേതോവികാരം. സംഗതി മൗലികാവശപ്പട്ടികയില്‍ സുപ്രീംകോടതി വകവച്ചിരിക്കുന്നതിനാല്‍ ഭരണകൂടമല്ലാതെ മറ്റാരും അതിന്മേല്‍ കൈവച്ചു കൂടാ പോലും. ഇതാണ് ആദര്‍ശാത്മക ലൈന്‍.
മുഖ്യമന്ത്രിക്കുപ്പായം തുന്നിവെച്ച് കാത്തുകാത്തിരിക്കുന്ന ചെന്നിത്തലയുടെ ജാതകമോഹത്തിനേറ്റ കനത്ത ആഘാതമായിപ്പോയി പിണറായി സര്‍ക്കാറിന്റെ കോവിഡ് പ്രതിരോധയജ്ഞം. തിരഞ്ഞെടുപ്പിന്റെ തൊട്ടു തലേക്കൊല്ലം വന്നുഭവിച്ച ഈ എടങ്ങേറ് തുടക്കം തൊട്ടേ ആളിന്റെ സമനില തെറ്റിച്ചിരുന്നു. പായസത്തിന് ഉപ്പില്ല, ഉപ്പേരിക്ക് പുളി പോരാ തുടങ്ങിയ പ്രബുദ്ധ പ്രതികരണങ്ങള്‍ കൊണ്ടൊന്നും ക്ലച്ചുപിടിക്കാതിരിക്കെ ശബരീനാഥന്‍ സമര്‍പ്പിച്ച തുറുപ്പായി സ്പ്രിംഗ്ളര്‍.

സംഗതി സരളം. പകര്‍ച്ചവ്യാധി തടയാന്‍ ആരോഗ്യവകുപ്പിലേക്ക് തൃണമൂല വിവരങ്ങള്‍ അപ്പപ്പോള്‍ കിട്ടണം. എങ്കിലേ അപഗ്രഥിച്ച് സത്വര പ്രയോഗപദ്ധതി ആവിഷ്‌കരിക്കാനാവൂ. അതിനൊക്കെ വേണ്ട യന്ത്രസാമഗ്രികള്‍ വിപണിയില്‍ ആരും ഉണ്ടാക്കിവെച്ചിട്ടില്ല. ഏറ്റവുമാദ്യം സംഗതി തരമാക്കുന്നവര്‍ക്ക് ഈ കളിയില്‍ കക്ഷിചേരാം. അതാണ് സ്പ്രിംഗ്ളര്‍ കമ്പനി ചെയ്തത്. സത്യത്തില്‍ സി-ഡിറ്റ് പോലെ സര്‍ക്കാറിന്റെ സ്വന്തം സ്ഥാപനങ്ങളോട് ഈ സാമഗ്രിയുണ്ടാക്കാന്‍ ആവശ്യപ്പെടാമായിരുന്നു. അങ്ങനെ ചെയ്താലോ? ടിയാന്മാര്‍ ഉടനേ പണി ഔട്ട്സോഴ്സ് ചെയ്യും. അവ്വിധമാണ് ദീര്‍ഘകാലമായി നമ്മുടെ ടെക് പാരമ്പര്യം. ആ വകയില്‍, രാജ്യത്തെ പ്രഥമ ഇലക്ട്രോണിക് ഭീമനായിരുന്ന കെല്‍ട്രോണ്‍ ഇന്ന് സര്‍ക്കാര്‍ പര്‍ച്ചേസുകളുടെ മൂകദല്ലാളായി നില്‍ക്കുന്നു. സി-ഡിറ്റ്, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, ഐ.ടി വകുപ്പ് ഇത്യാദിയൊക്കെ ഘനഗംഭീരമായി വിലസുന്ന ഡിജിറ്റല്‍ സംസ്ഥാനമാണ് ഇന്ന് പുരോഗമന ചരിത്രത്തില്‍ അനലോഗായിരിക്കുന്നത്! എന്നിരിക്കെ, ഐ.ടി സെക്രട്ടറി ശിവശങ്കരനെയോ, ചീഫ് സെക്രട്ടറി ടോം ജോസിനെയോ ചാക്കിടാന്‍ അത്യാവശ്യക്കാരായ പുറംകമ്പനികള്‍ക്ക് വലിയ പാടൊന്നുമില്ല.
ആനയായാലും അണ്ണാറക്കണ്ണനായാലും. പുരകത്തുമ്പോള്‍ അവരവരുടെ വെട്ടു നിര്‍വഹിക്കുന്നതില്‍ ആരും മോശമല്ല. ആയതിനാല്‍ ചെന്നിത്തലയും നടത്തിക്കോട്ടെ, തന്നാലായത്.
അങ്ങനെ ഡിജിറ്റല്‍ പ്രാഗല്‍ഭ്യത്തിന്മേല്‍ അടയിരിക്കുന്ന കേരളീയ പൊങ്ങച്ചത്തിന് സ്ഥിരമായി പറ്റുന്ന പറ്റേ ഇക്കാര്യത്തിലും പറ്റിയിട്ടുള്ളൂ. സ്പ്രിംഗ്ളറല്ല പറ്റിച്ചത്, നമ്മള്‍ സ്വയമേവയാണ്.
ഒരു സെല്‍ഫ് ഗോള്‍
ഈ സെല്‍ഫ് ഗോളിന്റെ തെളിവ് സ്പ്രിംഗ്ളര്‍ കഥ വിളമ്പി സര്‍ക്കാറിനെ ഘോരഘോരം വിമര്‍ശിക്കുന്ന ആത്മാരാമന്മാര്‍ തന്നെ യഥേഷ്ടം തരുന്നുണ്ട്. ഉദാഹരണമായി, യുദ്ധകാലത്ത് ഇങ്ങനെ പുറംകമ്പോളത്തെ അവലംബിക്കേണ്ടി വന്നേയ്ക്കാം എന്ന് സമ്മതിക്കുന്ന ഒരു മുന്‍ ഐ.ടി ഉപദേഷ്ടാവ് നല്‍കുന്ന വിദഗ്ധോപദേശം കേട്ടാലും: 'വിവരം പുറം കമ്പനിക്കു കൊടുക്കുമ്പോള്‍ വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ 'മാസ്‌ക്' ചെയ്തിട്ടുവേണം കൊടുക്കാന്‍'. ഐ.ടി രംഗത്ത് ഊരിനോക്കാന്‍ പറ്റാത്തതായി ഒരു മുഖംമൂടിയുമില്ലെന്ന് അറിയാത്ത ശുദ്ധാത്മാവൊന്നുമല്ല ഈ വിദ്വാന്‍. ആദര്‍ശപരിവേഷം നിലനിര്‍ത്താന്‍ കിട്ടുന്ന ഒരവസരവും പാഴാക്കിക്കൂടാ. അതിധാര്‍മ്മികതയുടെ അധികപ്രസംഗം നടത്തുന്നവരെ സംശയിക്കേണ്ടി വരുന്നതിവിടെയാണ്. കാപട്യത്തിന്റെ ആള്‍രൂപങ്ങളായ കക്ഷിരാഷ്ട്രീയക്കാരുടെ കോടാലിക്കൈയായിക്കൊടുക്കുകയാണ് സംവാദവിരുതരും ഈ രസക്കുളത്തില്‍ മത്സ്യബന്ധനത്തിനു ശ്രമിക്കുന്ന മാധ്യമങ്ങളും.
ധാര്‍മ്മിക മുതലാളിമാരായിക്കൊണ്ട് നമ്മള്‍ സ്വയം കബളിപ്പിക്കുന്നതിന്റെ മറുപുറ യഥാര്‍ത്ഥ്യമാണ് ഇനി അറിയേണ്ടത്. 'ഇന്‍ഫോംഡ് കണ്‍സെന്റ്' വെച്ചുവേണം പൗരന്റെ വ്യക്തിഗതവിവരം തരപ്പെടുത്തേണ്ടത് എന്നാണ് മേപ്പടി ധാര്‍മ്മിക വെടിവട്ടത്തിലെ ഒരു കുറിപ്പടി. ചോദിച്ചിട്ടേ ചോര്‍ത്താവൂ എന്ന് വരേണ്യപരിഭാഷ. അതു നില്‍ക്കട്ടെ, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സമസ്ത വിനിമയങ്ങളും (ടെക്സ്റ്റ്, വോയ്സ്, മെയ്ല്‍, ഫോണ്‍ ഇത്യാദി) ഒറ്റയടിക്ക് കിട്ടുന്ന ഒരു സ്വകാര്യപീടികയുണ്ട്, ചെന്നൈയില്‍. എയര്‍ടെല്‍ ആസ്ഥാന കാര്യാലയം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കും പുറത്തേക്കുമുള്ള സകല വിനിമയപാതയും ഈ സ്വകാര്യ കമ്പനിയുടെ പരിപൂര്‍ണ ബന്തവസിലാണ്. എത്രയോ കൊല്ലമായി. റോയും ഐബിയും തൊട്ട് വിവിധ സംസ്ഥാനങ്ങളിലെ സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസുകാര്‍ വരെയുള്ള ചാരപ്പട ഇവിടെ നിന്നാണ് ആവശ്യമുള്ള കാലയളവുകളിലെ വിനിമയമത്രയും വാങ്ങിക്കൊണ്ടുപോകാറ്. ഇവ്വിധം രാജ്യത്തിന്റെ വിനിമയപ്പെട്ടി അപ്പാടെ തുറന്നുവെയ്ക്കുകയും അതിന്റെ ചാവി ഒരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചിരിക്കുകയും ചെയ്തിട്ടുള്ള ഒരിടത്തിരുന്നാണ് നാം 'സ്വകാര്യത'യ്ക്കുമേല്‍ ഗിരിപ്രഭാഷണം നടത്തുന്നത്. അതുംപോകട്ടെ, ഫേസ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റര്‍, തൊട്ട് ഗൂഗിള്‍ വരെ ഏത് വിനിമയ ഭൂതലത്തിലാണ് പൗരന്‍ തീര്‍ത്തും 'സ്വകാര്യനാ'യി സുരക്ഷിതത്വം അനുഭവിക്കുന്നത്? ബയോമെട്രിക്സ് അടക്കം അവന്റെ/ അവളുടെ അംഗോപാംഗവിശേഷം ഒപ്പിയെടുത്ത് ആര്‍ക്കും തുറന്നു കാണാവുന്ന വിധത്തില്‍ ഭരണകൂടം സജ്ജമാക്കിയ കാര്‍ഡല്ലേ നമ്മുടെ നിത്യജീവിതത്തിന്റെ തന്നെ ഇന്നത്തെ 'ആധാരം'? ഉള്ളതെല്ലാം തുറന്നുകാട്ടാന്‍ വെമ്പുന്ന ശരാശരി പൗരാവലിക്ക് സത്യത്തില്‍ സ്വകാര്യതയ്ക്കുമേല്‍ എത്രകണ്ടുണ്ട് അവകാശബോധം, താല്‍പര്യം- വാട്സ്ആപ്പ് സര്‍വകലാശാലകള്‍ സാക്ഷി, എഫ്.ബി കാഴ്ചബംഗ്ലാവുകള്‍ സാക്ഷി. സ്വയം വിപണനം ചെയ്യാന്‍ സര്‍വരും മത്സരിക്കുന്ന കാലത്തിരുന്ന് തത്വജ്ഞാന ജാടയിറക്കുമ്പോള്‍ യഥാര്‍ത്ഥ ഭീഷണി ഓടുപൊളിക്കാതെ ഉമ്മറം വഴിയിങ്ങുകയറിപ്പോരുന്നുണ്ട്.
ഫോസ്റ്റിയന്‍ വിലപേശല്‍
നേരാണ്, കോവിഡ് 19 ഒരാഗോള പ്രതിഭാസം തന്നെ. എന്നാല്‍, അതിന്റെ പ്രത്യാഘാതത്തെ രൂപപ്പെടുത്തുന്നത് ഒറ്റയൊറ്റ ഭരണകൂടങ്ങള്‍ കൈക്കൊള്ളുന്ന നിശ്ചയങ്ങളാണ്. അവിടെയാണ് കോവിഡിനെ മുന്‍നിര്‍ത്തിയുള്ള ശരിയായ രാഷ്ട്രീയം. രോഗപ്പടര്‍ച്ചയുടെയും മരണത്തിന്റെയും ആരോഹണകാലമായതിനാല്‍ തല്‍ക്കാലം അത് അത്രകണ്ട് വിചാരവിധേയമായിട്ടില്ല. എങ്കിലും രോഗകാലത്ത് ലോകത്തിന്റെ നടപ്പുരീതി ഒരേകദേശ സൂചനനല്‍കുന്നുണ്ട്: ചിലര്‍ക്ക് കല്പിക്കാം, മറ്റുള്ളവര്‍ എന്തു ചെയ്യണം, ചെയ്യരുത് എന്ന്. എല്ലാത്തരം ആധുനിക രാഷ്ട്രീയ രൂപങ്ങളുടെയും ഹൃദയമര്‍മ്മം തന്നെ വ്യക്തിസ്വാതന്ത്ര്യവും സംഘടിത നിശ്ചയവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലാണ്. പണ്ട് തോമസ് ഹോബ്സ് വകതിരിച്ചു പറഞ്ഞ ആ ഫോസ്റ്റിയന്‍ വിലപേശല്‍.
രാജ്യത്തിന്റെ വിനിമയപ്പെട്ടി അപ്പാടെ തുറന്നുവെയ്ക്കുകയും അതിന്റെ ചാവി ഒരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചിരിക്കുകയും ചെയ്തിട്ടുള്ള ഒരിടത്തിരുന്നാണ് നാം 'സ്വകാര്യത'യ്ക്കുമേല്‍ ഗിരിപ്രഭാഷണം നടത്തുന്നത്.
രാഷ്ട്രീയ ഭരണം നടത്തുക എന്നാല്‍ പൗരാവലിക്കുമേല്‍ ജീവന്മരണാധികാരം കൈവശം വയ്ക്കുക എന്നതാണ്. മറ്റുവല്ലവര്‍ക്കും മനുഷ്യര്‍ അങ്ങനെ അധികാരം ഏല്‍പ്പിച്ചുകൊടുക്കുന്നതിന് ഒറ്റക്കാരണമേയുള്ളൂ- നമ്മുടെ സംഘടിത രക്ഷയ്ക്കായി കൊടുക്കേണ്ടി വരുന്ന വിലയാണതെന്ന് നാം വിശ്വസിക്കുന്നു.
ഇതിന് മറ്റൊരുവശം കൂടിയുണ്ട്. ഈ അധികാരം ഏല്‍പ്പിച്ചുകൊടുക്കുന്നത്, ആത്യന്തികമായി നമുക്ക് നിയന്ത്രിക്കാനൊന്നുമാവാത്ത ആളുകള്‍ക്കാണ്!
ജനാധിപത്യത്തില്‍, അധികാരികളെ ശിക്ഷിക്കാന്‍ അടുത്ത തിരഞ്ഞെടുപ്പുവരെ കാത്തിരിക്കാനുള്ള ക്ഷമമതി, അവസരം നമുക്കുണ്ട് എന്നൊക്കെ പറയും. എന്നാല്‍, കേവലമായ നിലനില്പുപോലും അപായപ്പെടുന്ന പ്രമേയങ്ങളും നിശ്ചയങ്ങളും വരുമ്പോള്‍ ഈ 'അവസരം' സമാശ്വാസത്തിന്റെ കപ്പലണ്ടിമിഠായി പോലുമാകുന്നില്ല. ആപേക്ഷികമായി പറഞ്ഞാല്‍, അതൊരു ശിക്ഷപോലുമാകുന്നില്ല. ജനം 'ശിക്ഷിക്കുന്ന'വര്‍ക്ക് അധികാരം നഷ്ടമായെന്നിരിക്കും. നഷ്ടപ്പെട്ടവരൊന്നും രാഷ്ട്രീയം വിടുന്നില്ല. 1977ല്‍ ഇന്ത്യ പുറങ്കാലിനടിച്ച ഇന്ദിര തിരിച്ചുവരവിനെടുത്തത് വെറും മൂന്ന് കൊല്ലം! പക്ഷേ അടിയന്തരാവസ്ഥയില്‍ നഷ്ടപ്പെട്ട ജീവനും സ്വാതന്ത്ര്യസത്തകളും തിരിച്ചുകിട്ടിയോ?
നിഷ്ഠൂരസൗമ്യത
സമവായമുണ്ടാക്കാനുള്ള ജനാധിപത്യത്തിന്റെ 'സ്വാഭാവിക' പ്രകൃതംകൊണ്ടാണ് ഇപ്പറഞ്ഞ ചോയ്സുകളുടെ നിഷ്ഠൂരതയെ മറയ്ക്കാറ്. ആ സൂത്രം എങ്ങും പോയ് പോയിട്ടില്ല. ഇന്ന് ഇന്ത്യന്‍ ഭരണകൂടം സ്വന്തം നിശ്ചയങ്ങളെ സാമാന്യബുദ്ധിയുടെ ഭംഗിയുള്ള കുപ്പായമിടുവിച്ചാണ് അവതരിപ്പിക്കുന്നത്. തൊട്ടുമുമ്പ് പൗരത്വനിയമത്തിന്റെ കാര്യത്തില്‍ സാമാന്യ ബുദ്ധിയുമില്ല, ഭംഗിയുമില്ല, കുപ്പായവുമില്ല, പച്ചയ്ക്കാണ് പേശിയത്. കോവിഡ് വന്നതും ഒടുക്കത്തെ സൗമ്യതയാണ് നാവിന്, പൗരാവലിയുടെ വിവേകബുദ്ധിയില്‍ ഭരണകൂടത്തിന് വല്ലാത്ത വിശ്വാസമാണെന്ന് മന്‍ കീ ബാത്. പ്രധാനമന്ത്രിയുടെ മുഖത്ത് എന്താ ഒരു സുകുമാരകളേബര ഭാവം!
പ്രതിസന്ധി രൂക്ഷമാവുമ്പോള്‍ കഠിനയാഥാര്‍ത്ഥ്യവും ദൃശ്യമായിത്തുടങ്ങും. സൂററ്റിലും മുംബൈയിലും ജയ്സാല്‍മീറിലും ഹൈദരാബാദിലും ഇതരസംസ്ഥാന തൊഴിലാളികള്‍ ഗത്യന്തരമില്ലാതെ തെരുവിലിറങ്ങിയപ്പോള്‍ നാളിതുവരെ കമാന്നു മിണ്ടാതെ ഉള്ളില്‍ സ്വയം ഭദ്രമായിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി മുരണ്ടു- സംസ്ഥാന ഭരണക്കാര്‍ അടിച്ചമര്‍ത്തണമെന്ന്. ആദിത്യനാഥനിലെ യഥാര്‍ത്ഥ യോഗിമുഖം ഉത്തരപ്രദേശത്ത് പത്തിവിരിക്കുന്നു. ഇറ്റലിയില്‍ മേയര്‍മാര്‍ തന്‍നാട്ടുപ്രജകളോട് മുക്കറയിടുന്ന ദൃശ്യങ്ങള്‍ നാം കാണുന്നു. വെടിവെക്കുമെന്ന ഭീഷണി മുഴക്കുന്ന ഭരണാധിപന്മാര്‍ വേറെ.
'എനിക്കു വോട്ടുതരിക, അല്ലെങ്കില്‍ മറ്റേ കൂട്ടര്‍ കയറിപ്പറ്റും' എന്നതാണല്ലോ ജനാധിപത്യ രാഷ്ട്രീയത്തിലെ സ്ഥിരം വായ്ത്താരി. ലളിതപരിഭാഷയിങ്ങനെ: 'ഇതു ചെയ്യുക, അല്ലെങ്കില്‍...' അതാണ്. പച്ചയായ രാഷ്ട്രീയഭാഷ- ജനായത്തമായാലും അല്ലെങ്കിലും. ആ ബിന്ദുവില്‍വച്ച് ജനാധിപത്യം അതിന്റെ സകല ഭംഗിവാക്കുകള്‍ക്കുമപ്പുറം മറ്റെല്ലാതരം രാഷ്ട്രീയ രൂപങ്ങളെയും പോലെയാകുന്നു.
മോദിയുടെ മന്ത്രവാദലൈന്‍

മോദി ഭരണകൂടം ചെയ്തതു നോക്കുക, കേരളസര്‍ക്കാര്‍ ജനുവരിയില്‍ കൊണ്ടുപിടിച്ച് അധ്വാനിക്കുമ്പോള്‍ കേന്ദ്രം കണ്ടഭാവം വച്ചില്ല. ചൈനയില്‍ നിന്ന് ആളെ കൊല്‍ക്കത്തയിലിറക്കിയതാണ് നാം കണ്ട ദേശീയകര്‍ത്തവ്യം. ചൈനയില്‍ നിന്ന് കേരളത്തില്‍ കോവിഡ് കൊണ്ടുവന്നത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികളായത് ഭാഗ്യം- ഭവിഷ്യത്തറിയുന്ന അവര്‍ സ്വയം സര്‍ക്കാറുമായി സഹകരിച്ച് നാടിനെ രക്ഷിച്ചു. പിന്നെയും ഗോളം തിരിയാതെ മൂന്നരമാസം കളഞ്ഞുകുളിച്ച കേന്ദ്രസര്‍ക്കാര്‍ ഒടുവില്‍ കേരളത്തിലെ രണ്ടാംറൗണ്ട് പ്രകടനം ഉച്ചസ്ഥായിയിലെത്തിയപ്പോഴാണ് മറ്റു സംസ്ഥാനങ്ങളിലേക്ക് നോക്കുന്നത് തന്നെ.
അത്രഹീനമായ രാഷ്ട്രീയക്കളി കേന്ദ്രം കളിച്ചു എന്നു കരുതരുത്. കേന്ദ്രം ഭരിക്കുന്നവര്‍ക്ക് ഈ മഹാമാരിയെപ്പറ്റി അത്രകണ്ട് ബോധമേ ഉണ്ടായിരുന്നുള്ളൂ എന്നാണറിയേണ്ടത്.
ലോക്ഡൗണ്‍ പ്രഖ്യാപിക്കാതെ തരമില്ലെന്ന് ബന്ധപ്പെട്ടവരെല്ലാം പറഞ്ഞപ്പോഴും പ്രഖ്യാപനം നീട്ടിവച്ചു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിച്ചത് ഫലപൂര്‍ണിമയടയാന്‍ ചില്ലറ പണികൂടി വേണ്ടിയിരുന്നു. ഒടുവില്‍ സ്വന്തം സര്‍ക്കാര്‍ അധികാരമേറ്റതിന്റെ പിറ്റേന്നു മാത്രമേ ദേശീയ ലോക്ഡൗണ്‍ പ്രഖ്യാപിച്ചുള്ളൂ. അത്രഹീനമായ രാഷ്ട്രീയക്കളി കേന്ദ്രം കളിച്ചു എന്നു കരുതരുത്. കേന്ദ്രം ഭരിക്കുന്നവര്‍ക്ക് ഈ മഹാമാരിയെപ്പറ്റി അത്രകണ്ട് ബോധമേ ഉണ്ടായിരുന്നുള്ളൂ എന്നാണറിയേണ്ടത്.
ഇനി ടി ബോധത്തിന്റെ ശരിയായ നിലവാരം നോക്കുക: ആരോഗ്യപ്രവര്‍ത്തകര്‍ക്കായി പാട്ടകൊട്ടുക, ലൈറ്റണച്ച് ടോര്‍ച്ചടിക്കുക ഇത്യാദി മന്ത്രവാദലൈനുമായി പ്രധാനമന്ത്രി അവതരിക്കുന്നു. മതിയായ തയ്യാറെടുപ്പില്ലാതെ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നു. ജനത എവിടെ നില്‍ക്കുന്നോ അവിടെത്തന്നെ കഴിയാന്‍ കല്‍പന. അതനുസരിക്കാന്‍ വേണ്ട ഭക്ഷണവും പാര്‍പ്പിടവും (കൈയകലം കര്‍ശനമാക്കിയ സ്ഥിതിക്ക് വിശാല പാര്‍പ്പിടം) മരുന്നും മറ്റും ആരു കൊടുക്കും? കേന്ദ്രമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് ഓര്‍ക്കുക- ജി.ഡി.പിയുടെ വെറും 0.6%. 2008ലെ മാന്ദ്യകാലത്ത് മന്‍മോഹന്‍ സര്‍ക്കാര്‍ ഇറക്കിയത് 4% എന്ന ഭീമന്‍പാക്കേജ്. അതിന്റെ പതിന്മടങ്ങ് പ്രശ്നഭരിതമായ ഇന്ന് കേന്ദ്രത്തിന്റെ വിഷയബോധം എത്രയുണ്ടെന്ന് ഊഹിക്കുക.
പച്ചയായ 'അണ്ടര്‍ റിപ്പോര്‍ട്ടിംഗ്'
ഇനി, ലോക്ഡൗണ്‍ എന്നത് ഒരു പരിഹാരമല്ലെന്നും, മറ്റു പരിഹാരമാര്‍ഗങ്ങള്‍ സര്‍ക്കാര്‍ തരപ്പെടുത്തുന്ന ശ്വാസനേരമാണെന്നും സകലര്‍ക്കുമറിയാം. 21 ദിവസത്തെ ശ്വാസനേരത്തില്‍ കേന്ദ്രം എന്തു ചെയ്തു? റാപ്പിഡ് ടെസ്റ്റ് പോയിട്ട് സാധാരണ പരീക്ഷണങ്ങള്‍ക്കുള്ള വകപോലും സംസ്ഥാനങ്ങളില്‍ എത്തിച്ചില്ല എന്നതാണ് നേര്. ഒരു വശത്തൂടെ വൈറസ് രാജ്യത്തെ വിഴുങ്ങിക്കൊണ്ടിരുന്നു. ടെസ്റ്റില്ലാത്ത വകയില്‍ ആളപായത്തിന്റെയും രോഗികളുടെയും കണക്ക് എവിടെയും പൊന്തിയില്ല. പച്ചയായ 'അണ്ടര്‍ റിപ്പോര്‍ട്ടിംഗ്'. ഈ മറക്കുട തന്നെയാണ് കൊടികെട്ടിയ ദേശീയമാധ്യമങ്ങളും ഉയര്‍ത്തിപ്പിടിച്ചത്. ചങ്ങാത്ത ജേണലിസത്തിന് എന്തുകൊണ്ടും ഉപയുക്തമായ നിലപാട്.
ചുരുക്കിയാല്‍, 21 ദിവസത്തെ ദേശീയ ലോക്ഡൗണ്‍ മുതലാക്കിയ ഒരൊറ്റ ദേശമേ ഇന്ത്യയിലുണ്ടായുള്ളൂ- കേരളം. ബാക്കിയുള്ളിടത്തെല്ലാം കോവിഡ് വ്യാപിച്ചുകൊണ്ടിരുന്നു. മെല്ലെ മെല്ലെ മരണനിരക്ക് പുറത്തായിക്കൊണ്ടും. അതോടെ വരുന്നു കേന്ദ്രത്തിന്റെ പുതിയ വെടി- ലോക്ഡൗണ്‍ 19 ദിവസം കൂടി നീട്ടുന്നു. അഥവാ ആദ്യ ലോക്ഡൗണ്‍ സമ്പൂര്‍ണ പരാജയം. രണ്ടാം ഗഡു എന്തായിത്തീരുമെന്ന് യാതൊരു വ്യക്തതയുമില്ലതാനും. എന്തായാലും ജനത അനുസരിച്ചുകൊണ്ടേയിരിക്കണം. നോട്ടുനിരോധനം തൊട്ട് പൗരത്വനിയമം വരെ ഓരോ ഘട്ടത്തിലും ഇന്ത്യന്‍ ജനതയ്ക്ക് മേല്‍ പതിച്ച അതേവിധി. ഭരണകൂട ചെയ്തികള്‍ ലോകോത്തര പരാജയങ്ങളായാലും പ്രതിലോമകരമായാലും ശരി, ജനം സഹിച്ചോളണം. ജനാധിപത്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകള്‍ ആ പ്രക്രിയയുടെ മറയില്‍ അനുവര്‍ത്തിക്കുന്ന ജനവിരുദ്ധത. ഇതാണ് നേരത്തെ പറഞ്ഞത്, ആത്യന്തികമായി ജനങ്ങള്‍ക്ക് അവര്‍ തിരഞ്ഞെടുത്തുവിടുന്നവര്‍ക്കുമേല്‍ അധികാരമില്ലെന്ന്.
ചെന്നിത്തലയും നടത്തിക്കോട്ടെ, തന്നാലായത്
കോവിഡ് പ്രതിസന്ധി മറ്റു ചില കഠിനയാഥാര്‍ത്ഥ്യങ്ങള്‍ കൂടി വെളിവാക്കുന്നുണ്ട്. സൂക്കേട് ലോകവ്യാപകമാണെങ്കിലും അതിന്റെ പ്രത്യാഘാതങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ദേശീയ ഭരണകൂടങ്ങളുടെ ചെയ്തികള്‍ നിര്‍ണായകമാണ്. പലര്‍ക്കും പല ധാരണകളും പല സമീപനങ്ങളുമാണ്.

'ഹേര്‍ഡ് ഇമ്യൂണിറ്റി' യോ ലോക്ഡൗണോ ഏതാണു മെച്ചമെന്ന് കലാശം കഴിഞ്ഞേ പറയാനാവൂ. തല്‍ക്കാലം നമ്മുടെ ഭരണാധികാരിയുടെ ദാക്ഷിണ്യത്തിലാണ്, നാം. ലോക്-ഡൗണിലാണ് ഇതര രാഷ്ട്രീയ രൂപങ്ങളുമായി ജനാധിപത്യത്തിനുള്ള സമാനത വെളിപ്പെടുന്നത്. ഇവിടെയും രാഷ്ട്രീയം എന്നത് ആത്യന്തികമായി അധികാരശക്തിയുടെയും ടി ശക്തിയുള്ളവര്‍ നിശ്ചയിക്കുന്ന ക്രമത്തിന്റെയും കളി തന്നെയാണ്. മറ്റു രാഷ്ട്രീയ രൂപങ്ങളേക്കാള്‍ മൃദുലമോ അനുതാപഗ്രസ്തമോ കരുണാമയമോ ആയ ഇടമൊന്നും ജനാധിപത്യത്തിലില്ലെന്ന് ലോക്ഡൗണ്‍ കാലത്ത് നാമറിയുന്നു. അങ്ങനെയാണെന്നു ഭാവിക്കും, പക്ഷേ ആ ഭാവം ശാശ്വതമല്ല.
ഒരു പ്രശ്നം പ്രശ്നഭരിതമാകും മുമ്പേ അതിനെ ഒഴിപ്പിച്ചെടുക്കുക എന്ന ശേഷി ജനാധിപത്യത്തിന്റെ കരുത്തുപട്ടികയില്‍പ്പെട്ടതല്ല. മറ്റൊരു പോംവഴിയുമില്ലാതാവുംവരെ നാം കാക്കും. പിന്നീടാണ് പ്രശ്നത്തോടു പൊരുത്തപ്പെടുക. കോവിഡ് പകര്‍ച്ചവ്യാധിയുടെ ആ കുപ്രസിദ്ധ കര്‍വുണ്ടല്ലോ (curve), അതിനു പിന്നിലായേ നാം പ്രവര്‍ത്തിച്ചു തുടങ്ങാറുള്ളൂ. ചിലര്‍ അതിനെ ഓടിപ്പിടിച്ചു മയപ്പെടുത്തും- കേരളം ചെയ്തമാതിരി. ചിലര്‍ക്ക് ആ വിരുതില്ല, പിടിക്കാനുള്ള ചുറ്റുവട്ടവും- തമിഴരെപ്പോലെ. ചൈന പോലെ സര്‍വാധിപത്യ ഭരണകൂടമുള്ളിടത്താകട്ടെ നേരിനെ കുറേക്കാലം മൂടിവെയ്ക്കും. മൂത്തുപോയാല്‍പ്പിനെ മുഖമടച്ചു നേരിടും. നിഷ്ഠൂരമായ ലോക്ഡൗണ്‍. ജനാധിപത്യത്തിന് അത്ര നിഷ്ഠൂരമാകാന്‍ ആവില്ലെന്ന് പറയാറുണ്ട്. നേര് നേരെ മറിച്ചാണ്. നിഷ്ഠൂരതയ്ക്ക് ഒരു മടിയുമില്ല, പ്രശ്നം നിഷ്ഠയുടേതാണ്. യുദ്ധകാലത്തായാലും സമാധാനത്തിലായാലും സര്‍വാധിപത്യ സംവിധാനങ്ങള്‍ക്കുള്ള നിഷ്ഠ മറ്റുള്ളിടത്ത് അത്ര പോരാ.
യുദ്ധത്തില്‍ ശത്രു നേര്‍മുന്നിലുണ്ടാവും. കോവിഡ് പോലുള്ള മാരിക്കാലത്ത് ശത്രു മുഖംകാട്ടുന്നത് രോഗികളുടെയും മരണത്തിന്റെയും നിത്യക്കണക്കില്‍ മാത്രമാണ്. ജനാധിപത്യ രാഷ്ട്രീയം ഈ കളരിയില്‍ ഒരു നിഴല്‍യുദ്ധമായിപ്പോവുന്നു. ഭരണകൂടങ്ങള്‍ക്കു തന്നെ ശരിക്കറിയില്ല ഏതേതു ദേഹങ്ങളാണ് ശരിക്കും അപായകരമെന്ന്. ഈ സങ്കീര്‍ണതയും സന്ദേഹവുമാണ് ഭരണകൂടത്തിന്റെയും ആയുധം. നിയതവും ലിഖിതവുമായ ജനായത്ത രീതികളെ തൃണവത്ഗണിക്കയാല്‍ ഈ തുറുങ്കനവസ്ഥ അവരെ സഹായിക്കുകയാണ്. 'അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണ പോംവഴികള്‍' എന്ന പ്രയോഗം ഇപ്പോള്‍ ലോകപ്രഭുക്കള്‍ മാത്രമല്ല നമ്മുടെ അന്തിക്കാട്ടുകാരന്‍ കൃഷിമന്ത്രിവരെ തട്ടിവിടുന്നു. പൗരാവലിയുടെമേല്‍ സ്വേച്ഛാപരമായി പ്രവര്‍ത്തിക്കാന്‍ കളമൊരുങ്ങിയാല്‍ മെതിക്കുക തന്നെ ചെയ്യും. ആനയായാലും അണ്ണാറക്കണ്ണനായാലും. പുരകത്തുമ്പോള്‍ അവരവരുടെ വെട്ടു നിര്‍വഹിക്കുന്നതില്‍ ആരും മോശമല്ല. ആയതിനാല്‍ ചെന്നിത്തലയും നടത്തിക്കോട്ടെ, തന്നാലായത്.
Joshi U L
20 Apr 2020, 10:00 PM
കലാകൗമുദിക്കാലം മുതൽ വായിച്ചു തുടങ്ങിയതാണ്. തുടെരെഴുത്തുകൾ പ്രതീക്ഷിക്കുന്നു
ഖലീലുറഹ്മാൻ.എ.പി
18 Apr 2020, 09:18 PM
വിജു വി നായർ എവിടെയാണ്. എഴുത്തുകൾ കാണേറേ ഇല്ല. ഈ എഴുത്തു കണ്ടപ്പോൾ സന്തോഷം.
Ivar
18 Apr 2020, 08:30 PM
ശ്രീ വിജു താങ്കൾ കുറച്ചുകൂടി ഏകാഗ്രമായി രാഷ്ട്രീയം പറയുക ഒറ്റഘണ്ഡികയിൽ എല്ലാം പറയുന്ന പഴയ വാചാല ശൈലി ശരിയല്ല പ്രധാനപോയിന്റ് സമർഥമായി പറയുക .പഞ്ച് ഉണ്ടാക്കുക ഇടുക്കി ഡാമിന് സമീപം ഫോട്ടോ എടുക്കുന്നത് ശിഷാർഹം എന്ന ബോർഡുണ്ട് , സന്ദർശകരുടെ കൈയിലുള്ള മൊബൈൽ ഫോൺ വരെ പോലീസ് കണ്ണുരുട്ടി വാങ്ങി വയ്ക്കും ഈ പദ്ധതി ആരംഭിക്കുന്നതിനു മുൻപുതന്നെ മുഴുവൻ രേഖകളും കനേഡിയൻ ഗവർമെന്റിന്റെ കൈയിൽ ഉണ്ട് സംയോജിത പദ്ധതി ആയിരുന്നു ഇന്ന് എല്ലാവിവരവും ഗൂഗിളിൽ ലഭ്യമായിരിക്കെ പോലീസിന്റെ നെഗളിപ്പ് പോലെയാണ് പ്രതിപക്ഷത്തിന്റെ ഭാവം , കഴിഞ്ഞകാലം മുഴുവൻ ഈ കോൺഗ്രസ്സമ്മാർ നമ്മുടെ എല്ലാം കാക്കാൻ പെട്ട പെടാപ്പാട്
പ്രമോദ് എം.സി. വടകര
18 Apr 2020, 08:26 PM
പുര കത്തുമ്പോൾ വാഴവെട്ടുന്നവരുടെ കൂട്ടത്തിൽ ഡാറ്റ കച്ചവടം നടത്തിയവർ മാത്രം ഇല്ലെന്നറിയുമ്പോൾ ഇതൊരു സ്തുതിപാഠക രചന മാത്രമായിപ്പോയില്ലേ?
Santhosh Kottayi
18 Apr 2020, 03:33 PM
Timely article.
കെ.ആർ. ഷിയാസ്
Jan 04, 2021
10 Minutes Read
നിസാമുദ്ദീന്‍ ചേന്ദമംഗലൂര്‍
Jan 02, 2021
15 Minutes Read
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
പ്രമോദ് പുഴങ്കര
Dec 20, 2020
23 Minutes Read
കെ. എസ്. ഇന്ദുലേഖ
Dec 18, 2020
6 Minutes Read
സെബിൻ എ ജേക്കബ്
Dec 17, 2020
19 Minutes Read
ആർ. രാജഗോപാല്‍
Dec 14, 2020
10 Minutes Read
പി.ടി. കുഞ്ഞുമുഹമ്മദ് / അലി ഹൈദര്‍
Dec 13, 2020
15 Minutes Read
CK Muhammed
24 Apr 2020, 11:15 PM
അന്നം കൊടുക്കാതെ വീട്ടിലൊതുങ്ങാൻ കേന്ദ്ര സർക്കാർ ,ഇത്രയ്ക്ക് മനുഷ്യ വിരുദ്ധമായിപ്പോയി.