ഫ്രാൻസിസ് പാപ്പയും സ്വവർഗാനുരാഗികളുടെ സമൂഹവും

''സ്വവർഗാനുരാഗികളായ വ്യക്തികൾക്ക് ഒരു കുടുംബത്തിൽ ആയിരിക്കാൻ അവകാശമുണ്ട്. അവരും ദൈവമക്കളാണ്. ഇക്കാര്യത്തിൽ ആരും വികാരാധീനരായതുകൊണ്ടോ അസംതൃപ്തരായതുകൊണ്ടോ കാര്യമില്ല. നാം ചെയ്യേണ്ടത് സിവിൽ ഒത്തുവാസത്തിനനുയോജ്യമായ ഒരു നിയമമുണ്ടാക്കുകയാണ്. അങ്ങനെയെങ്കിൽ നിയമപരമായ സംരക്ഷണം അവർക്കുണ്ടാകും. ഞാൻ അതിനുവേണ്ടിയാണ് വാദിക്കുന്നത്''- സ്വവർഗാനുരാഗികളുമായി ബന്ധപ്പെട്ട ഫ്രാൻസിസ് പാപ്പയുടെ പരാമർശം വിശകലനം ചെയ്യപ്പെടുന്നു

റൊസെറ്റ സന്നെല്ലി (Rosetta Sannelli) ഏർപ്പാടാക്കിയിട്ടുള്ള കിനെയെ മൂവി (Kineo Movie) പതിനെട്ടാമത്തെ പുരസ്‌കാരം റഷ്യൻ സംവിധായകൻ എവ്‌ജെനി അഫിനേവ്‌സ്‌കി (Evgeny Afineevsky) യുടെ ഫ്രാൻചെസ്‌കോ (Francesco) എന്ന മുഴുനീള ഡോക്യുമെന്ററിക്കാണ്. പുരസ്‌കാര സ്വീകരണത്തിന് തലേനാൾ (21/10/2020) ആ ഡോക്യുമെന്ററി റോം ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ടു.

റഷ്യക്കാരൻ, യഹൂദൻ, മതവിശ്വാസത്തിൽ താൽപര്യമില്ലാത്തയാൾ എന്നതിലുപരിയായി സ്വവർഗാനുരാഗിയാണ് താൻ എന്ന് പ്രഖ്യാപിച്ചയാളുമാണ് അഫിനേവ്‌സ്‌കി. അതുകൊണ്ടുതന്നെ വത്തിക്കാൻ ഉദ്യാനത്തിൽവെച്ചുനടത്തപ്പെടുന്ന കിനെയൊ മൂവി പാരിതോഷികച്ചടങ്ങിനെത്തിയ അദ്ദേഹത്തിന്റെ സാന്നിധ്യം റോമിലെ എൽ.ജി.ബി.ടി പ്രവർത്തകരെ ഉൽസാഹഭരിതരാക്കി.

ആനുകാലിക പ്രശ്‌നങ്ങളിൽ ഫ്രാൻസിസ് പാപ്പ എപ്രകാരമാണ് ക്രിയാത്മകമായി ഇടപെടുന്നത് എന്ന പ്രമേയമാണ് അഫിനേവ്ക്‌സി അവതരിപ്പിച്ചിരിക്കുന്നത്. വത്തിക്കാൻ മീഡിയ ആർക്കൈവിലും വിവിധ യാത്രകളിലും അഭിമുഖങ്ങളിലുമായി അദ്ദേഹം ഈ ഡോക്യുമെന്ററി രൂപപ്പെടുത്തി. യുദ്ധം, ദാരിദ്ര്യം, മനുഷ്യരുടെ പലായനം, അഭയാർഥികളുടെ പ്രശ്‌നങ്ങൾ, മാനസികവും ശാരീരികവുമായി ഉയർത്തപ്പെടുന്ന പഴയതും പുതിയതുമായ മതിലുകൾ ഒക്കെ ഫ്രാൻസിസ് പാപ്പയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.

എവ്‌ജെനി അഫിനേവ്‌സ്‌കി

ആഫ്രിക്കയിൽനിന്ന് അഭയാർഥികൾ കടൽമാർഗം ഇറ്റലിയിലെത്തുന്ന ലാബദൂസ മുതൽ മാനില വരെയും സിവിദാദ് ഗുവാരസ് മുതൽ സാന്തിയാഗോ വരെയും ആ യാത്രകൾ നീളുന്നു. സിറിയൻ അഭയാർഥികളും റോഹിങ്ക്യൻ അഭയാർഥികളും യു.എസ്- മെക്‌സിക്കൻ അതിർത്തിയിലെ പലായനക്കാരുമെല്ലാം ഈ പരിഗണനയിൽ വരുന്നു.

എന്നാൽ, സവിശേഷമായി വാർത്താമാധ്യമങ്ങളിൽ നിറഞ്ഞുനിന്നത് സ്വവർഗാനുരാഗികളെക്കുറിച്ച് ഫ്രാൻസിസ് പാപ്പ ഡോക്യുമെന്ററിയിൽ നടത്തുന്ന പരാമർശമാണ്. മെക്‌സിക്കൻ പത്രപ്രവർത്തകയായ വലന്തീന അലസ്‌റാക്കിക്ക് (Valentina Alazraki) അനുവദിച്ച അഭിമുഖത്തിൽ ഫ്രാൻസിസ് പാപ്പ പറയുന്നു: സ്വവർഗാനുരാഗികളായ വ്യക്തികൾക്ക് ഒരു കുടുംബത്തിൽ ആയിരിക്കാൻ അവകാശമുണ്ട്. അവരും ദൈവമക്കളാണ്. ഇക്കാര്യത്തിൽ ആരും വികാരാധീനരായതുകൊണ്ടോ അസംതൃപ്തരായതുകൊണ്ടോ കാര്യമില്ല. നാം ചെയ്യേണ്ടത് സിവിൽ ഒത്തുവാസത്തിനനുയോജ്യമായ (Convivencia Civil) ഒരു നിയമമുണ്ടാക്കുകയാണ്. അങ്ങനെയെങ്കിൽ നിയമപരമായ സംരക്ഷണം അവർക്കുണ്ടാകും. ഞാൻ അതിനുവേണ്ടിയാണ് വാദിക്കുന്നത്.

ഡോക്യുമെന്ററിയിൽ സ്പാനിഷ് ഭാഷയിലുള്ള സംഭാഷണത്തിൽ ഇംഗ്ലീഷിൽ നൽകിയ സബ്‌ടൈറ്റിലിലാണ് പ്രശ്‌നം. ഫ്രാൻസിസ് പാപ്പ പറഞ്ഞ Convivencia Civil, Civil Union എന്നാണ് ഇംഗ്ലീഷിൽ. എന്നാലിത് സഹവാസം എന്ന അർത്ഥത്തിലാണ്. വിവാഹിതരല്ലാത്ത സ്ത്രീ- പുരുഷ സഹവാസം പല രാജ്യങ്ങളിലും അനുവദനീയമാണ്. സ്വവർഗാനുരാഗികൾക്കും അപ്രകാരം ജീവിക്കുന്നതിന് നിയമസാധുത നൽകിയിട്ടുണ്ട്. എന്നാൽ, ഈ സഹവാസം വിവാഹത്തിന്റെ തലത്തിൽ കാണുന്നതിനോടാണ് പലർക്കും വിയോജിപ്പുള്ളത്.

കത്തോലിക്ക സഭയിൽ മാത്രമല്ല, വിവിധ സംസ്‌കാരങ്ങളിലും വിവാഹം എന്നത് സ്ത്രീയും പുരുഷനും തമ്മിൽ മാത്രമാണ്. ഇതിനു മാറ്റം വരുത്തുകയാണ് ഫ്രാൻസിസ് പാപ്പ എന്ന ധ്വനി മാധ്യമ വാർത്തകളിൽ പലതിലുമുണ്ടായി. പലരും പിന്നീടത് തിരുത്തുന്നതും കണ്ടു.

സ്വവർഗാനുരാഗികളെക്കുറിച്ചും സ്വവർഗ രതിയെക്കുറിച്ചും നിഷേധാത്മകമായ സമീപനമാണ് കത്തോലിക്ക സഭയിൽ പരമ്പരാഗതമായി ഉണ്ടായിരുന്നത്. വിശുദ്ധ ഗ്രന്ഥത്തെയും സഭാ പിതാക്കന്മാരുടെ പഠനങ്ങളെയും അടിസ്ഥാനമാക്കിയാണ് അപ്രകാരമൊരു പ്രബോധനം സഭ രൂപപ്പെടുത്തിയത്. എങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ക്രിയാത്മകമായ ഇടപെടലുകൾ സഭയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഉദാഹരണമായി ‘കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം' വ്യക്തമാക്കുന്നു: രൂഢമൂലമായ സ്വവർഗഭോഗ പ്രവണതയുള്ള സ്ത്രീപുരുഷന്മാരുടെ എണ്ണം അവഗണിക്കാവുന്നതല്ല. വസ്തുനിഷ്ഠമായി ക്രമരഹിതമായ ഈ പ്രവണത അവരിൽ ഭൂരിഭാഗത്തിനും ഒരു പരീക്ഷണം തന്നെയാണ്. ആദരവോടും സഹാനുഭൂതിയോടും പരിഗണനയോടും കൂടി അവരെ സ്വീകരിക്കണം. അവർക്കെതിരെ അന്യായമായ വിവേചനത്തിന്റെ സൂചനകൾ ഒന്നും ഉണ്ടാകരുത്. (ന. 2358).

ബ്യൂണസ് അയേഴ്‌സിലെ മെത്രാപ്പൊലീത്ത ആയിരിക്കുമ്പോൾ തന്നെ സ്വവർഗാനുരാഗികളോട് ഹോർഹെ മാരിയൊ ബർഗോളിയോ (ഫ്രാൻസിസ് പാപ്പ) സഹാനുഭൂതിയുള്ളവനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതിയിട്ടുള്ള സെർജിയോ റൂബിൻ (Sergio Rubin, Pope Francis: Conversations with Jorge Bergoglio, Penguin, 2013,2020) പറയുന്നു.
ഫ്രാൻസിസ് പാപ്പ അധികാരമേറ്റശേഷം 2014, 2015 വർഷങ്ങളിലായി നടത്തിയ കുടുംബജീവിതത്തെക്കുറിച്ചുള്ള സിനഡിനുശേഷം പ്രസിദ്ധീകരിച്ച ‘അമോരിസ് ലെത്തീസിയ' (Amoris Laetitia- സ്‌നേഹത്തിൽ സന്തോഷം) എന്ന അപ്പസ്‌തോലിക പ്രബോധനത്തിൽ ഈ തുറവി വ്യക്തമാക്കുന്നുണ്ട്: സ്വവർഗാകർഷണം അനുഭവിക്കുന്ന അംഗങ്ങളുള്ള കുടുംബങ്ങളുടെ അവസ്ഥയെക്കുറിച്ച് സിനഡിൽ ഞങ്ങൾ ചർച്ച ചെയ്തു. ആ അവസ്ഥ മാതാപിതാക്കൾക്കോ കുട്ടികൾക്കോ കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതല്ല. ഓരോ വ്യക്തിയും ലൈംഗികലക്ഷ്യം പരിഗണിക്കാതെ, അവന്റെ അല്ലെങ്കിൽ അവളുടെ മഹത്വത്തിൽ ആദരിക്കപ്പെടുകയും പരിഗണനയോടുകൂടി ആ വ്യക്തിയോട് പെരുമാറുകയും വേണമെന്ന് എല്ലാറ്റിനും മുമ്പേ ഊന്നിപ്പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അന്യായമായ വിവേചനത്തിന്റെ ഓരോ അടയാളവും ശ്രദ്ധാപൂർവം ഒഴിവാക്കപ്പെടണം. പ്രത്യേകിച്ച്, ആക്രമണത്തിന്റെയും അക്രമത്തിന്റെയും ഏതുരൂപവും ഒഴിവാക്കപ്പെടണം. അത്തരം കുടുംബങ്ങൾക്ക് ആദരപൂർവകമായ അജപാലന ശുശ്രൂഷ നൽകപ്പെടണം. സ്വവർഗാനുരാഗം പ്രകടിപ്പിക്കുന്നവർ ദൈവത്തിന്റെ ഇഷ്ടം മനസ്സിലാക്കാനും അവരുടെ ജീവിതത്തിൽ ദൈവഹിതം പൂർണമായി നിറവേറ്റാനുമാണത് (നമ്പർ 250).

ക്രമരഹിതമായ സാഹചര്യങ്ങളിൽ ജീവിക്കുന്നവരോട് വെറും ധാർമിക നിയമങ്ങൾ മാത്രം പ്രയോഗിച്ചാൽ മതി; അതും ആളുകളുടെ ജീവിതത്തെ എറിയാനുള്ള കല്ലുകളെന്നപോലെ മതി എന്ന് ഒരു അജപാലകന് വിചാരിക്കാൻ പാടില്ല. (നമ്പർ 305).ഒരു പടി കൂടി മുന്നോട്ടുപോയി, ദൈവത്തിന്റെ സർവശക്തിയെയും പ്രത്യേകിച്ച്, അവിടുത്തെ കരുണയെയും അവസാനം സംശയത്തിലാക്കുന്ന ഏതു ദൈവശാസ്ത്ര സങ്കൽപവും അപര്യാപ്തമായി നാം എപ്പോഴും പരിഗണിക്കണം (നമ്പർ 311).

ഫ്രാൻസിസ് പാപ്പയുടെ പ്രിയപ്പെട്ട എഴുത്തുകാരിലൊരാൾ ഓസ്‌കാർ വൈൽഡ് ആണ്. സ്വവർഗാനുരാഗം പരസ്യമായി പ്രഖ്യപിച്ചതിന്റെ പേരിൽ കഠിനതടവ് അനുഭവിച്ച അദ്ദേഹം A Woman of No Importance എന്ന നാടകത്തിൽ പറയുന്ന ‘ഒരു വിശുദ്ധനും പാപിയും തമ്മിലുള്ള വ്യത്യാസം എന്താണെന്നുവെച്ചാൽ, ഓരോ വിശുദ്ധനും ഒരു ഭൂതമുണ്ട്, ഓരോ പാപിക്കും ഒരു ഭാവിയും' എന്ന വാചകം ഫ്രാൻസിസ് പാപ്പ പലപ്പോഴും ഓർമിപ്പിക്കാറുണ്ട്.

അതേസമയം, സ്വവർഗാനുരാഗവും വിവാഹവും വ്യത്യസ്തമാണെന്നും ഫ്രാൻസിസ് പാപ്പ വ്യക്തമാക്കുന്നു. കത്തോലിക്ക സഭയുടെ പരമ്പരാഗത പ്രബോധനങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു നിലപാട് തനിക്കില്ല എന്നദ്ദേഹം പറയുന്നു: സ്വവർഗാനുരാഗികളുടെ ഐക്യം വിവാഹത്തിന്റെ തലത്തിൽ പ്രതിഷ്ഠിക്കണമെന്ന നിർദേശങ്ങളെ സംബന്ധിച്ച്, സ്വവർഗാനുരാഗികളുടെ ഐക്യങ്ങളെ വിവാഹത്തെയും കുടുംബത്തെയും സംബന്ധിച്ച ദൈവിക പദ്ധതിയോട് സാമ്യമുള്ളവയായോ അകന്ന സാമ്യമെങ്കിലുമുള്ളവയായോ കരുതുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. (നമ്പർ 251).

ഫ്രഞ്ചുചിന്തകൻ ഡൊമിനിക് വോൾട്ടനുമായി (Dominique Wolton) നടത്തിയ അഭിമുഖത്തിൽ (ദൈവം ഒരു കവിയാണ്- Pizzoli, 2018) ഫ്രാൻസിസ് പാപ്പ പറയുന്നുണ്ട്, വിവാഹം എന്ന വാക്കിന് ഒരു ചരിത്രമുണ്ട്. മാനവരാശിയുടെ ചരിത്രത്തിലെല്ലായ്‌പ്പോഴും, സഭയിൽ മാത്രമല്ല, വിവാഹം ഒരു പുരുഷനും സ്ത്രീയും തമ്മിൽ മാത്രമാണ് ആഘോഷിക്കപ്പെടുന്നത്. ഈയൊരു കാര്യം ആർക്കും മാറ്റാനാകില്ല. പ്രകൃതിയിൽ അതങ്ങനെയാണ്. (സ്വവർഗാനുരാഗികളെക്കുറിച്ചാകുമ്പോൾ) നമുക്കവരുടേത് സിവിൽ ഒത്തുവാസം എന്നു വിളിക്കാം. സത്യത്തെ നമുക്ക് പരിഹസിക്കാതിരിക്കാം.

വ്യക്തികളോടുള്ള ബഹുമാനവും പരിഗണനയും സാമൂഹ്യമായ ഭദ്രതയും ഒരുമിച്ചുചേരുമ്പോഴാണ് പ്രപഞ്ചത്തിൽ മാനവികതയുടെ പൂർണത നാം ദർശിക്കുന്നത്.

Comments