ലൈംഗികവല്‍ക്കരണം, അധികാരം:
'ബ്ലൂ സാരി ടീച്ചര്‍'മാര്‍
ഉണ്ടാകുന്നതെങ്ങനെ?
ലൈംഗികവല്‍ക്കരണം, അധികാരം: 'ബ്ലൂ സാരി ടീച്ചര്‍'മാര്‍ ഉണ്ടാകുന്നതെങ്ങനെ?
അധ്യാപികമാര്‍ക്ക് സാരി നിര്‍ബന്ധമാക്കരുതെന്നും ആവശ്യമുള്ളവര്‍ക്ക് ചുരിദാര്‍ ധരിക്കാന്‍ അനുവാദം കൊടുക്കണമെന്നുമുള്ള കേരള സര്‍ക്കാര്‍ ഉത്തരവുള്ളപ്പോള്‍ നിരവധി സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂള്‍-കോളേജുകളില്‍ വനിതാ അധ്യാപകര്‍ സാരി ധരിച്ചു വരണം എന്നുള്ളത് ഒരലിഖിത നിയമമായി തുടരുന്നു. ഓണ്‍ലൈന്‍ ക്ലാസുകളെടുത്ത അധ്യാപികമാരെ ലൈംഗികവത്കരിച്ച് പ്രചരണം നടത്തിയ സംഭവം ചൂണ്ടിക്കാട്ടിക്കൊണ്ട്, അധ്യാപികമാരെ ലൈംഗികവത്കരിക്കുന്ന പ്രവണതയും സംസ്‌കാരത്തിന്റെയും ജോലിസംബന്ധമായ ലിംഗാധിഷ്ഠിത നിബന്ധനകളുടെയും പേരില്‍ സ്ത്രീ ശരീരങ്ങളുടെ മേല്‍ നടത്തുന്ന അധീശത്വവും എങ്ങനെ സമരസപ്പെട്ടു പോകുന്നു എന്ന് പരിശോധിക്കുകയാണ് ഈ ലേഖനത്തിലൂടെ.
29 Jun 2020, 01:00 PM
കേരള വിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി 2020 ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ അധ്യയനം ആരംഭിച്ചപ്പോള്‍ അതില്‍ മിക്കവാറും ക്ലാസുകളും നയിച്ചത് സര്‍ക്കാര്‍ അധ്യാപികമാരായിരുന്നു. അവര്‍ എല്ലാവരും പ്രായഭേദമെന്യേ കേരളത്തിലെ സ്‌കൂള്‍-കോളജ് അധ്യാപികമാരുടെ തനതു വേഷമായ സാരി ധരിച്ചു ക്ലാസെടുത്തപ്പോള്‍ അത് വാര്‍ത്തയായി. ക്ലാസുകള്‍ പ്രക്ഷേപണം ചെയ്തു വെറും മണിക്കൂറുകള്‍ക്കകം നീല സാരി ഉടുത്തിരുന്ന ഒരു ടീച്ചറുടെ മീമുകളും ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. മിനിറ്റുകള്‍ക്കുള്ളില്‍ "ബ്ലൂ സാരി ടീച്ചര്‍' ആരാധകരും ക്ലബ്ബുകളും പെരുകി എന്ന് മാത്രമല്ല, ആ അദ്ധ്യാപികയുടെ സ്വകാര്യത കാറ്റില്‍ പറത്തിക്കൊണ്ട് അവരുടെ പേരും ഫോട്ടോയുമടക്കമുള്ള വ്യക്തിവിവരങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
ടീച്ചറുടെ സൗന്ദര്യത്തിന്റെ വാഴ്ത്തുകളും പ്രണയാഭ്യര്‍ത്ഥനകളും തുടങ്ങി അവരെ വെറും ഒരു ഉപഭോഗവസ്തു മാത്രമായി ചുരുക്കുന്ന തരത്തില്‍ അനേകമനേകം പോസ്റ്റുകള്‍. ഈ കോലാഹലത്തിനു മാത്രം എന്ത് "പ്രത്യേകത'യാണ് പ്രസ്തുത അധ്യാപികയ്ക്കുള്ളത് എന്നറിയാനുള്ള ആകാംക്ഷയില്‍ ആ ക്ലാസ് ഞാന്‍ യൂ ട്യൂബില്‍ കണ്ടു. ഒരു വൈറ്റ് കോളര്‍ ജീവനക്കാരി ധരിക്കുന്ന തരത്തില്‍ സാരിയുടുത്തു, ഒരു പറ്റം പന്ത്രണ്ടാം ക്ലാസുകാര്‍ക്ക് വളരെ സമര്‍ത്ഥമായി ഇന്ററാക്ടീവ് ക്ലാസുകള്‍ എടുക്കുന്ന ഊര്‍ജസ്വലയായ ഒരു യുവതിയെയാണ് എനിക്ക് ആ ക്ലാസില്‍ കാണാന്‍ കഴിഞ്ഞത്. ആ അധ്യാപികയുടെ പ്രകടമായ ആ സാധാരണത്വത്തിനു മുന്നില്‍ വഷളന്‍ വര്‍ത്തമാനങ്ങളും ആണ്‍ കാമവെറികളും എഴുന്നു നില്‍ക്കുന്നു.
ദോഷം പറയരുതല്ലോ, ഇതിനെതിരെ വലിയ തോതില്‍ പ്രതിഷേധമുണ്ടായി. ഇത്തരം അധമമായ പോസ്റ്റുകളുടെയും സന്ദേശങ്ങളുടെയും പ്രചരണം കേരള പൊലീസ് മാതൃകാപരമായി ഇടപെട്ട് നിര്‍ത്തിച്ചു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ യുവാക്കളായ പുരുഷന്മാര്‍ പൊട്ടിത്തെറിച്ചു. ഈ രോഷപ്രകടനങ്ങള്‍ മിക്കതും ഇത്തരം ചെയ്തികളെ ഒരസാധാരണ സംഭവമായി, ഒരു പറ്റം വികൃത മനസ്സുകളുടെ മാത്രം സൃഷ്ടിയായി ചുരുക്കിയപ്പോള്‍ പുരുഷ വിദ്യാര്‍ത്ഥികളുടെ ഇടയില്‍, പ്രത്യേകിച്ച് മുതിര്‍ന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍, അധ്യാപികമാരെ ലൈംഗികവല്‍ക്കരിക്കുന്ന വ്യാപകമായ പ്രവണതയാണ് കാണാതെ പോയത്. വളരെ കുറച്ചു പേരെ ഇത്തരം ലൈംഗികഭാവനകളെ പറ്റി തുറന്നു സംസാരിക്കാറുള്ളൂ എങ്കിലും "ബോയ്‌സ് ലോക്കര്‍ റൂം' പോലുള്ള സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത് കൗമാര പുരുഷസുഹൃദ് ഇടങ്ങളും, സ്വത്വനിര്‍മ്മിതികളും എത്രമാത്രം സ്ത്രീ ശരീരങ്ങളെകുറിച്ചുള്ള വികൃതലൈംഗിക ഭാവനകളുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നുള്ള വസ്തുതയിലേക്കാണ്.
ഈ പശ്ചാത്തലത്തില്‍ അധ്യാപികമാരെ ലൈംഗികവത്കരിക്കുന്ന പ്രവണതയും, എന്നാല്‍ അതേ സമയം സംസ്‌കാരത്തിന്റെയും ജോലിസംബന്ധമായ ലിംഗാധിഷ്ഠിത നിബന്ധനകളുടെയും പേരില്‍ സ്ത്രീ ശരീരങ്ങളുടെ മേല്‍ നടത്തുന്ന അധീശത്വവും എങ്ങനെ സമരസപ്പെട്ടു പോകുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് സാരി നിര്‍ബന്ധവേഷമാകുന്ന സ്ഥിതിവിശേഷം. അധ്യാപികമാര്‍ക്ക് സാരി നിര്‍ബന്ധമാക്കരുതെന്നും ആവശ്യമുള്ളവര്‍ക്ക് ചുരിദാര്‍ ധരിക്കാന്‍ അനുവാദം കൊടുക്കണമെന്നുമുള്ള കേരള സര്‍ക്കാര്‍ ഉത്തരവുള്ളപ്പോള്‍ നിരവധി സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂള്‍-കോളേജുകളില്‍ വനിതാ അധ്യാപകര്‍ സാരി ധരിച്ചു വരണം എന്നുള്ളത് ഒരലിഖിത നിയമമായി തുടരുന്നു.
ഇന്ത്യന്‍/ മലയാള സംസ്‌കാരം, മാന്യത/ കുലീനത, അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ഭേദം നിലനിര്‍ത്തേണ്ട ആവശ്യകത, അധികാരത്തിന്റെ അടയാളപ്പെടുത്തല്‍ തുടങ്ങി സാരി ഔദ്യോഗിക വേഷമാക്കുന്നതിനു നിരവധി കാരണങ്ങള്‍ നിരത്താറുണ്ട്. സാരി മാതൃ അധികാരത്തിന്റെ ചിഹ്നം ആയിരിക്കുമ്പോള്‍ തന്നെ പുരുഷകേന്ദ്രീകൃത രതിഭാവനകളുമായി വളരെ ഒത്തുപോകുന്ന വേഷമാണ് എന്നുള്ളത് അതിന്റെ വക്താക്കള്‍ അവഗണിക്കുന്നു. പുരുഷനിര്‍മ്മിത പോര്‍ണോഗ്രഫികളിലും സിനിമകളിലും സാരിയുടുത്ത "ഹോട്ട്' ടീച്ചര്‍ ഒരു സ്ഥിരം കല്പനയാണ് എന്നുള്ളത് ഇന്ത്യന്‍ പുരുഷലൈംഗിക ഭാവനയുടെ ഭൂപ്രകൃതി അല്പമെങ്കിലും പരിചയമുള്ളവര്‍ക്കറിയാം. പ്രായം, ഹോര്‍മോണുകള്‍ ഇവയെ പഴിക്കാം; എന്ത് തന്നെ ധരിച്ചാലും കൗമാരക്കാര്‍ പ്രകൃത്യാ തന്നെ സ്ത്രീശരീരങ്ങളെ ലൈംഗികമായി നോക്കിപോകും എന്ന് വേണമെങ്കില്‍ വാദിക്കാം.
ഇത് ഒരു പരിധിവരെ ശരിയായിരിക്കാം. പക്ഷെ ഇന്ത്യയില്‍ സ്ത്രീകള്‍ പൊതുവെ ധരിക്കുന്ന ഔപചാരിക വേഷങ്ങളില്‍ നിന്നും സാരി വ്യത്യസ്തമാണ്. പുരുഷലൈംഗിക ഭാവനകള്‍ക്കനുസൃതമായി സാരി രൂപപ്പെട്ടുവന്നതിനു ഒരു നീണ്ട ചരിത്രമുണ്ട്. സ്ത്രീശരീരത്തെ എടുത്തു കാണിക്കാനും, പുരുഷന്മാരില്‍ രതിഭാവനകള്‍ ഉണര്‍ത്താനുമുള്ള അതിന്റെ കഴിവിനെ മാധ്യമങ്ങള്‍ നന്നായി ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. അതിലുപരി സാരി എന്ന നീളന്‍ തുണിക്കഷ്ണം ദേഹത്ത് ചുറ്റുന്നതിനും, അതിനെ തല്‍സ്ഥാനത്തു നിര്‍ത്തുന്നതിനും വൈദഗ്ധ്യവും പരിശീലനവും വേണ്ടതുണ്ട്. തങ്ങളുടെ മനോധര്‍മ്മത്തിനനുസരിച്ചു സാരിയുടുക്കാനുള്ള കഴിവ് ഓരോ സ്ത്രീയെയും ആശ്രയിച്ചിരിക്കുന്നു.
സാരി അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ സ്ത്രീകളില്‍ ഒരു വിഭാഗത്തിനെങ്കിലും ക്ലാസ് മുറികളില്‍ തങ്ങളുടെ ശരീരം നേരിടുന്ന ലൈംഗികവല്‍ക്കരണത്തെ നേരിടാനോ കൈകാര്യം ചെയ്യാനോ ഉള്ള പ്രാപ്തി നഷ്ടപ്പെട്ട്, ശരീരത്തിനുമേലുള്ള അവരുടെ നിയന്ത്രണം ഭാഗികമായി വിട്ടുകൊടുക്കാന്‍ നിര്‍ബന്ധിതരാവുന്നു. സാരി ധരിച്ചു പരിചയമില്ലാത്തവര്‍ ആണ്‍ നോട്ടങ്ങളെ പേടിച്ചു ഞൊറി നേരെയായിരിക്കുമോ, തങ്ങളുടെ ശരീരഭാഗങ്ങള്‍ കൃത്യമായി മറഞ്ഞിരിക്കുന്നുണ്ടോ എന്നൊക്കെ ആലോചിച്ചു സദാ അസ്വസ്ഥപ്പെടുന്നുണ്ടെങ്കില്‍ അതില്‍ ഒട്ടും അതിശയിക്കാനില്ല. ഇത്തരം പിരിമുറുക്കങ്ങള്‍ അനാവശ്യമായ നോട്ടങ്ങളെ നേരിടാനുള്ള അവളുടെ കാര്യശേഷിയെ പരിമിതപെടുത്തുകയും തന്മൂലം അവളുടെ ആത്മവിശ്വാസത്തെയും, അധ്യാപനമികവിനെ തന്നെയും അട്ടിമറിക്കുകയും ചെയ്യും.
ലൈംഗിക അക്രമങ്ങള്‍ നേരിടുന്ന മറ്റു മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ പോലെ തന്നെ, അധ്യാപികമാര്‍ പുരുഷവിദ്യാര്‍ത്ഥികളുടെ നോട്ടങ്ങളെ പറ്റി പരാതിപ്പെടുമ്പോള്‍ പ്രലോഭനമുണ്ടാകാത്ത തരത്തില്‍ അടക്ക ഒതുക്കത്തോടെ സാരി ഉടുത്തു വരാനായിരിക്കും മറുപടി. സാരിയുടെ മുകളില്‍ ഒരു കോട്ടും കൂടി ധരിപ്പിച്ചാണ് ചില സ്‌കൂളുകള്‍ വഷളനോട്ടങ്ങള്‍ക്ക് പരിഹാരം കണ്ടിരിക്കുന്നത്. ചുരുക്കത്തില്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് പരിഹാരമായി സ്ത്രീശരീരത്തെ കൂടുതല്‍ വരുതിയില്‍ വരുത്തുക എന്നിടത്തേക്കു മാത്രമേ നമ്മുടെ ചിന്ത എത്തുന്നുള്ളൂ.
അതോടൊപ്പം അധ്യാപക-വിദ്യാര്‍ത്ഥി ബന്ധങ്ങളില്‍ ഉരുത്തിരിയാവുന്ന ശാരീരികതയെയും ശാരീരികചോദനകളെയും അദൃശ്യവല്‍ക്കരിച്ചു അവരെ അലൈംഗികജീവികളായി മാത്രം കാണാന്‍ ആണ് നമ്മുടെ സാംസ്‌കാരിക വാര്‍പ്പ് മാതൃകകള്‍ നമ്മെ പരിശീലിപ്പിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ വിദ്യാര്‍ത്ഥികളില്‍ നിന്നും നേരിടേണ്ടി വരുന്ന ലൈംഗിക അക്രമങ്ങളെ അവഗണിക്കാനോ, അവയെ പറ്റി നിശ്ശബ്ദരാകാനോ അധ്യാപികമാര്‍ നിര്‍ബന്ധിതരാകുന്നു. പലപ്പോഴും തന്റെ ആണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ സമയം പരിപാലനയുടെയും അധികാരത്തിന്റെയും ബിംബമായി നിലനിന്ന് തന്റെ ശരീരത്തിന് മേല്‍ വന്നു പതിക്കുന്ന അനാവശ്യ നോട്ടങ്ങളെ കരുതലോടെ, ഒച്ചയും ബഹളവുമില്ലാതെ കൈകാര്യം ചെയ്യുക എന്ന ദൗത്യമാണ് അധ്യാപികയ്ക്ക് മുമ്പിലുള്ളത്. അതിനെ ചെറുത്തു സംസാരിക്കുന്നത് പോയിട്ട് ലൈംഗിക അതിക്രമമായി കാണുന്നത് പോലും അധ്യാപികയുടെ സാമര്‍ത്ഥ്യമില്ലായ്മയായി വ്യാഖ്യാനിക്കപ്പെടും.
തങ്ങള്‍ ഒരു പരാജയമായി മറ്റുള്ളവര്‍ വിലയിരുത്തുന്ന അവസ്ഥ ഒഴിവാക്കാന്‍ മിക്ക അധ്യാപികമാരും ഈ പ്രശ്‌നത്തെ പാടെ അവഗണിക്കുകയോ അല്ലെങ്കില്‍ തങ്ങളുടെ വ്യക്തിത്വ പ്രഭാവം കൊണ്ട് അതിനെ വരുതിയില്‍ വരുത്തുകയോ ചെയ്യുന്നു എന്നാണ് ഫിന്‍ലാന്‍ഡിലെയും ബ്രിട്ടനിലെയും സെക്കന്ററി സ്‌കൂളുകളില്‍ നിന്നുള്ള പഠനങ്ങളും അനുഭവങ്ങളും സൂചിപ്പിക്കുന്നത്. സ്വകാര്യ സംഭാഷണങ്ങളില്‍ ക്ലാസിലെ മുതിര്‍ന്ന ആണ്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ഉണ്ടായ മോശമായ അനുഭവങ്ങള്‍ വൈകാരികാഘാതം ഏല്‍പ്പിച്ചു, അല്ലെങ്കില്‍ അവരെ ഭയപ്പെട്ടു കഴിയുന്നു എന്ന് ചില അധ്യാപികമാര്‍ വെളിപ്പെടുത്തി. ചില അവസരങ്ങളില്‍ എങ്കിലും അധ്യാപികമാര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. 2018ല്‍ ഗുരുഗ്രാമിലെ ഒരു പ്രമുഖ വിദ്യാലയത്തില്‍ ഒരു ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഇന്‍സ്റ്റാഗ്രാമില്‍ ടീച്ചറെയും അവരുടെ മകളെയും ബലാത്സംഗം ചെയ്യും എന്ന് മുഴക്കിയ പരസ്യ ഭീഷണി പുരുഷത്വത്തിന്റെ ഭീകര മുഖത്തിന്റെ ദൃഷ്ടാന്തം അല്ലെങ്കില്‍ മറ്റെന്താണ്? അതേ സ്‌കൂളിലെ ഒരു എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി തന്റെ ടീച്ചറോട് ക്യാന്റില്‍ ലൈറ്റ് ഡിന്നറിനും തുടര്‍ന്ന് ലൈംഗിക വേഴ്ചയ്ക്കും ഇമെയില്‍ വഴി ക്ഷണം നടത്തി. ഈ രണ്ടു ടീച്ചര്‍മാരും പരാതിപ്പെട്ടെങ്കിലും പ്രശ്‌നമാക്കി സ്‌കൂളിന് ചീത്തപ്പേര് ഉണ്ടാക്കരുത് എന്ന സമീപനമായിരുന്നു അധികാരികളില്‍ നിന്നും ലഭിച്ചത്. പൊതുവെ നമ്മുടെ സ്‌കൂളുകളും കോളജുകളും വിദ്യാര്‍ത്ഥികളില്‍ നിന്നും നേരിടേണ്ടി വരുന്ന ലൈംഗിക അതിക്രമങ്ങളെ നേരിടാന്‍ താല്പര്യമോ പ്രാപ്തിയോ കാണിക്കാറില്ല.
അരൂജാ ഡെന്നി എന്ന തുടക്കത്തില്‍ സൂചിപ്പിച്ച "ബ്ലൂ സാരി ടീച്ചര്‍' ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തനിക്കു കിട്ടിയ പുരുഷ ശ്രദ്ധയെ ഗൗരവമായി എടുക്കാന്‍ വൈമുഖ്യം പ്രകടിപ്പിക്കുകയും, അത്തരം പെരുമാറ്റങ്ങള്‍ക്ക് പരിഗണന കൊടുക്കുന്നത് വില കുറഞ്ഞതും, ലജ്ജാവഹവുമായ ഒരു കാര്യമായി അഭിപ്രായപ്പെടുകയും ചെയ്തു. തന്റെ കഠിനാധ്വാനത്തിന്റെ, സര്‍ക്കാരിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ സംരംഭത്തിന്റെ മേന്മ കാഴ്ചക്കാരുടെ വികൃത മനസ്സിനെ പറ്റിയുള്ള ചര്‍ച്ചകളില്‍ മുങ്ങിപ്പോകരുതെന്ന് അവര്‍ക്കു തോന്നുന്നുണ്ടെങ്കില്‍ അത് സ്വാഭാവികം. അതേ സമയം കേരളത്തിലെ അധ്യാപികമാര്‍ തങ്ങളുടെ ശരീരങ്ങള്‍ക്ക് മേല്‍ അധികാരികള്‍ ചെലുത്തുന്ന നിയന്ത്രണം ഒരു വശത്തു നിന്നും സഹിച്ചു, മറുവശത്തു ക്ലാസ് മുറികളില്‍ നേരിടുന്ന ലൈംഗികവല്‍ക്കരണത്തെ തന്റെ ജോലിയുടെ ഭാഗമായി കാണാന്‍ നിര്‍ബന്ധിതരാകുന്ന ഒരു ദുര്‍ഘട അവസ്ഥയിലാണ് എന്ന സത്യം അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല.
ഇനി ടീച്ചര്‍മാര്‍ സാരി ഉപേക്ഷിച്ചാല്‍ ലൈംഗികവല്‍ക്കരണം അവസാനിക്കുമോ?
തീര്‍ച്ചയായും ഇല്ല. പക്ഷെ അധ്യാപികമാരുടെ വസ്ത്രധാരണത്തെപ്പറ്റിയുള്ള (അലിഖിത) നിയമാവലിയില്‍ സ്വല്പം അയവു വരുത്തിയാല്‍ അവര്‍ക്ക് ക്ലാസ് മുറികളില്‍ തന്റെ ശരീരത്തിന് മേല്‍ കൂടുതല്‍ നിയന്ത്രണം ഉണ്ടാവുകയും, ലൈംഗിക അക്രമങ്ങളെ ഫലപ്രദമായി നേരിടാന്‍ പ്രാപ്തരാവുകയും ചെയ്യും. "മാത്രമല്ല കൗമാരവിദ്യാര്‍ത്ഥികളുടെയിടയില്‍ അദ്ധ്യാപികമാരെ ലൈംഗികവല്‍ക്കരിക്കാനും അക്രമിക്കാനുമുള്ള പ്രവണതയെ കുറിച്ച് ഇപ്പോള്‍ നിലനില്‍ക്കുന്ന നിശ്ശബ്ദത ഭഞ്ജിക്കപ്പെടേണ്ടതുണ്ട്. അപ്പോള്‍ ആദരവിനെ പറ്റിയും, ശരീരത്തെ ഉപഭോഗവസ്തുവായി മാത്രം ചുരുക്കുന്ന സംസ്‌കാരത്തെ പറ്റിയും ഒക്കെയുള്ള ചര്‍ച്ചകള്‍ ഉണ്ടാവുകയും, ലിംഗസമത്വത്തിന്റെ പാതയില്‍ അത് കേരളത്തെ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യും.
ഫെമിനിസം ഇന്‍ ഇന്ത്യ വെബ്‌സൈറ്റില്‍ പബ്ലിഷ് ചെയ്ത ലേഖനം അനുമതിയോടെ പുനഃപ്രസിദ്ധീകരിക്കുന്നു. വിവര്‍ത്തനം: ഗ്രീഷ്മ ജസ്റ്റിന്‍ ജോണ്‍.
എൻ സി ഹരിദാസൻ
29 Jun 2020, 03:19 PM
കേരളത്തിലെ ട്രെയിനിംഗ് കോളേജുകളിൽ, പ്രത്യേകിച്ചും എയ്ഡ്സ് സ്ഥാപനങ്ങളിൽ ആഴ്ചയിൽ ഒരു ദിവസമെങ്കിലും നിർബന്ധമായും സാരിയാണ് വിദ്യാർത്ഥിനികൾ ഉടുക്കേണ്ടത് എന്നത് ലഅലിഖിത നിയമമാണ്!! സ്കൂളുകളിലെ ടീച്ചിംഗ് പരിശീലനക്ലാസിൽ ഇത് അലംഘനീയമായ നിയമവും!! ക്രിസ്ത്യൻ സഭകൾ നടത്തുന്ന കോളേജുകളിൽ കന്യാസ്ത്രീകൾക്ക് അവരുടെ സ്ഥിരം വേഷം മതി താനും! പുരുഷന്മാർക്കും സ്ത്രീകൾക്കും ഇടയിൽ നിലനിൽക്കുന്ന ഈ വിവേചനത്തിന് തരിമ്പും പോറലേൽപ്പിക്കാതെയാണ് ജൻഡർ പൊളിറ്റിക്ക്സിന്റെയും ഫെമിനിസത്തിന്റെയും ക്ലാസ്സെടുത്തുകൊണ്ടിരിക്കുന്നത്!!
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
കെ. ടി. ദിനേശ്
Dec 21, 2020
8 Minutes Read
കെ.എം. വേണുഗോപാലൻ
Nov 25, 2020
19 Minutes Read
ഡോ.കെ.പി. അരവിന്ദൻ
Nov 21, 2020
3 Minutes Read
ആദില കബീര്‍
Nov 18, 2020
15 Minutes Read
ഡോ: പി.എം.മുബാറക് പാഷ / മനില സി. മോഹന്‍
Nov 11, 2020
1 Hour Watch
ഡോ. പി. കെ. തിലക്, കെ. ടി. ദിനേശ്
Oct 27, 2020
14 Minutes Read
Manjusha
2 Jul 2020, 07:01 AM
സാരിയോ ചൂരിദാ റോ മറ്റു വസ്ത്രങ്ങളോ അല്ല പ്രശ്നം. കൗമാരപ്രായം മുതൽ ആൺകുട്ടികളിൽ എത്തിപ്പെടുന്ന വികലമായ ലൈംഗിക ധാരണകൾ ആണ്. മനസ്സിലാക്കാൻ കഴിയുന്ന പ്രായം മുതൽ അവൻ കാണുന്ന കാഴ്ചകളിൽ സ്ത്രീ ഒരു വസ്തു ആണ് . അതിനാണ് അടിസ്ഥാന പരമായി മാറ്റം വരേണ്ടത്. മറ്റുള്ളവരുടെ വസ്ത്ര ധാരണതെ മുൻ നിർത്തി അവരുടെ വ്യക്തിത്വം വിശകലനം ചെയ്യുന്ന ഒരു ശീലം മലയാളിക്ക് ഉണ്ട്. ഒരു അധ്യാപിക നന്നായി പഠിപ്പിക്കാനുള്ള സൗകര്യത്തിനായി അവർക്ക് ഇഷ്ടമുള്ള വേഷത്തിലേക്ക് മാറാനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കണം. അത് ട്രൗസർ, shirt പോലുള്ള formal വസ്ത്രങ്ങൾ ആയാലും അതിനെ കുറിച്ച് ചിന്തിച്ചു തല പുകക്കാത്ത സമൂഹമായി ഏറ്റവും കുറഞ്ഞ പക്ഷം പുതു തലമുറ എങ്കിലും ഉയർന്നു വരേണ്ടതാണ്