‘ഈ അവാർഡ് എഴുത്തിന്റെ സ്വാതന്ത്ര്യത്തിനുള്ളത്'

2014 മുതലാണ് ഞാൻ കഥയും നോവലുമൊക്കെ ഗൗരവമായി എഴുതിത്തുടങ്ങുന്നത്. ശരിക്കും പറഞ്ഞാൽ, എന്റെ നാട്ടിലെ ജീവിതങ്ങളെ നോക്കിക്കണ്ട് എഴുതുകയായിരുന്നു. അതിനുകാരണം, നാട്ടിലുള്ള വായനശാല തന്നെയാണ്. സഹൃദയ ഗ്രന്ഥാലയം നെല്ലിക്കാംപൊയിൽ എന്ന വായനശാലയിൽ പോയി പുസ്തകങ്ങൾ വായിച്ച്, അതിലൂടെ കടന്നുപോയതാണ് ജീവിതത്തിലെ വലിയ വഴിത്തിരിവ്. എന്റെ പഠനവും എഴുത്തും മറ്റു കാര്യങ്ങളുമൊക്കെ വരുന്നത് ആ വായനശാലയിൽ നിന്നാണ്. എനിക്ക് അധ്യാപകനമായി ജോലി കിട്ടാനുള്ള കാരണവും ആ വായനശാല തന്നെയാണ്. ആ വായനശാലയിൽ നിന്ന് ഞാൻ പരിചയപ്പെട്ട എഴുത്തുകാർ, അവരുടെ കൃതികൾ ഒക്കെയാണ് എന്നെ പ്രേരിപ്പിച്ചിട്ടുള്ളത്.

എസ്. ഹരീഷിന്റെ എഴുത്ത്, അദ്ദേഹത്തിന്റെ നാടിനെപ്പറ്റിയും നാട്ടുകാരെപ്പറ്റിയും അവിടെയുള്ള അസാധാരണ മനുഷ്യരെയും കുറിച്ചാണ്. ഞാൻ എന്റെ നാട്ടിലേക്ക് നോക്കുമ്പോൾ, ഹരീഷിന്റെ കഥകളിലുള്ളതുപോലെ ധാരാളം കഥാപാത്രങ്ങളെ, പുതുമയുള്ള കഥാപാത്രങ്ങളെ കാണാൻ പറ്റി. എന്റെ കുടുംബത്തിലുള്ളവരും വീട്ടിലുള്ളവരും ഞാനുമൊക്കെ അടങ്ങുന്ന കഥാപാത്രങ്ങൾ വളരെ വിചിത്രമാണെന്ന് എനിക്ക് തോന്നിയതിൽ നിന്നാണ് ഈ കഥാപാത്രങ്ങളെ അടയാളപ്പെടുത്തുക എന്ന ഒരു കാര്യത്തിലേക്ക് വന്നത്. അപ്പോഴാണ് എനിക്കൊരു കാര്യം മനസിലായത്. മലയാള സാഹിത്യത്തിൽ വലിയ കാര്യമായിട്ടൊന്നും ഞങ്ങളുടെ ഏരിയയെയും അവിടുത്തെ ആളുകളെയും ആരും മുമ്പ് ചിത്രീകരിച്ചിട്ടില്ല. അത് എനിക്ക് വലിയ സൗകര്യമായി തോന്നി. അങ്ങനെയുള്ള കഥകൾ പറയുക, ആ പറയുന്ന ശൈലിക്ക് തന്നെ ഒരു പ്രത്യേകതയുണ്ട്.

കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കഥാസമാഹാരം 'രാമച്ചി' യുടെ കവർ

എന്റെ നാട്ടിലൊക്കെ ചെറിയൊരു കാര്യം നമുക്കൊരാളോട് കമ്യൂണിക്കേറ്റ് ചെയ്യാനുണ്ടെങ്കിൽ പോലും അതിനൊരു കഥയുടെ പശ്ചാത്തലം കൊടുത്തിട്ട് പറയുകയെന്നതാണ് സംസാരരീതി. പ്രായമായ ആളുകൾക്ക് ഒരു കാര്യം നമ്മളോട് പറയാനുണ്ടെങ്കിൽ കഥയുടെ പിൻബലത്തോടുകൂടിയായിരിക്കും പറയുക. ആ ഒരു പറച്ചിലിന്റെ ശൈലിയാണ് എനിക്ക് ഒത്തിരി സന്തോഷം. അങ്ങനെ സംസാരിക്കുന്ന ആളുകൾക്കിടയിൽ ജീവിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി ഞാൻ കരുതുന്നു.

അതുകൊണ്ട് ഈ അംഗീകാരം എന്റെ നാടിനും നാട്ടുകാർക്കും ഞാൻ കണ്ട ജീവിതങ്ങൾക്കുമൊക്കെ സമർപ്പിക്കുകയാണ്. അതൊക്കെ എന്റെ ചുറ്റുമുണ്ടായിരുന്നതുകൊണ്ടാണ് എനിക്ക് ഇത്തരം കഥകൾ എഴുതാൻ കഴിഞ്ഞതെന്ന് ഞാൻ മനസിലാക്കുന്നു. എന്തായാലും വളരെ സന്തോഷമുണ്ട്. അതോടൊപ്പം, എന്റെ കൂട്ടത്തിൽ സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ എസ്. ഹരീഷ്, എം.ആർ. രേണുകുമാർ, പി. രാമൻ തുടങ്ങിയ ആളുകളൊക്കെ എഴുത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലപാടെടുക്കുന്നവരാണ്. അതുകൊണ്ട് ഈ അവാർഡ് എഴുത്തിന്റെ സ്വാതന്ത്ര്യത്തിനുള്ള അവാർഡായി ഞാൻ കാണുകയാണ്.

21ാം നൂറ്റാണ്ടിലാണ് നമ്മൾ എഴുതുന്നത്. 21ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം കഴിഞ്ഞു, മൂന്നാം ദശകത്തിലേക്ക് കടക്കുന്ന സമയത്ത് എഴുത്തിന് നിയന്ത്രണങ്ങൾ ഉണ്ടാവുന്നുണ്ട്. പണ്ട് ഇല്ലായിരുന്ന അത്രയോ അതിൽ കൂടുതലോ നിയന്ത്രണങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതിനെ മറികടക്കാനുള്ള ഒരു അംഗീകാരമാണ് ഈ അവാർഡെന്ന് ഞാൻ കരുതുന്നു. മീശ എന്ന നോവലിന്റെ വിവാദവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിൽ എഴുത്തുകാരന് എന്തും എഴുതാമെന്ന വിധി നമുക്കുണ്ട്. ആ ഒരു സ്വാതന്ത്ര്യത്തെ എങ്ങനെ ഉപയോഗിക്കാം എന്നാണ് ഞാൻ ആലോചിച്ചുകൊണ്ടിരിക്കുന്നത്.

അതുകൊണ്ട് ഈ അവാർഡ് ലഭിക്കുമ്പോൾ പോലും എന്റെയൊരു ആഗ്രഹം കൂടുതൽ കൂടുതൽ സ്വാതന്ത്ര്യത്തോടുകൂടി എഴുത്തിൽ ഇടപെടാൻ കഴിയട്ടെയെന്നാണ്. കൂടുതൽ കൂടുതൽ എഴുതാൻ കഴിയട്ടെ. എഴുതുകയെന്നത് ജോലിയാണെങ്കിൽ ആ ജോലി ഭംഗിയായി കൂടുതൽ ചെയ്യുകയെന്നുള്ളതാണ്. മറ്റുകാര്യങ്ങളെപ്പറ്റി ഞാൻ ചിന്തിക്കാറില്ല.

വിനോയ് തോമസിന് സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചപ്പോൾ 'ചതുര'ത്തിന്റെ സെറ്റിൽ കേക്ക് മുറിച്ച് ആഘോഷിക്കുന്നു.

അവാർഡ് വരുന്നുണ്ടോ, അംഗീകാരം ലഭിക്കുമോ തുടങ്ങിയ കാര്യങ്ങളല്ല ചിന്തിക്കുന്നത്, മറിച്ച് ഓരോ പ്രാവശ്യവും ഇനിയെഴുതേണ്ട ഒരു സാധനം എങ്ങനെ നമുക്ക് ഏറ്റവും മെച്ചപ്പെട്ടതാക്കാമെന്നതാണ് എന്റെ ഉള്ളിലെ ആലോചന. അവാർഡും മറ്റും ബാഹ്യമായ ഒരു കാര്യമാണ്, മറ്റൊരു വശത്തേക്കു പോകുന്ന കാര്യമാണ്. എഴുത്തിന്റെ വഴിയിലൂടെയുള്ള പോക്കാണ് ഏറ്റവും പ്രധാനം. ആ പോക്ക് സത്യസന്ധമായിരിക്കണം. അത് നമുക്ക് സ്വാതന്ത്ര്യത്തോടെ ചെയ്യാൻ കഴിയണം. ആ സ്വാതന്ത്ര്യം പരമാവധി ഉപയോഗിക്കാൻ കഴിയണം.

കാരണം, ഈ കാലം അങ്ങനത്തേതാണ്. ഒത്തിരി നിയന്ത്രണങ്ങൾ നമ്മളെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്ന സമയത്ത് നമുക്ക് സ്വാതന്ത്ര്യം വേണം, എഴുത്തിന്റെ സ്വാതന്ത്ര്യം എന്നു പറയുന്ന പ്രധാനപ്പെട്ട കാര്യത്തിലേക്കെത്താനാണ് ശ്രമിക്കുന്നത്. അതിന് ഒരു പ്രോത്സാഹനമായി ഈ അവാർഡ് വരുന്നു. സ്വതന്ത്രമായി ചിന്തിക്കുന്ന മറ്റ് ബാധ്യതകളൊന്നുമില്ലാത്ത, എഴുത്തിൽ കടപ്പാട് സൂക്ഷിക്കുന്നില്ലാത്ത ആളുകൾക്കാണ് അവാർഡ് ലഭിച്ചിട്ടുളളത്. ആ ഒരു സന്തോഷം അതിന്റെയൊപ്പം ചേർന്നുനിൽക്കുന്നതിൽ എനിക്കുമുണ്ട്. അതുകൊണ്ട് ഈ അവാർഡിനെ മലയാളത്തിലെ പുതിയ കാലഘട്ടത്തിന്റെ എഴുത്തിലേക്ക് പോകാനുള്ള പ്രോത്സാഹനമായി കാണുന്നു.


Comments