ആക്രമിക്കപ്പെടുന്ന
ഡോക്ടര്‍മാര്‍,
കണ്ണടയ്ക്കുന്ന പൊതുസമൂഹം
ആക്രമിക്കപ്പെടുന്ന ഡോക്ടര്‍മാര്‍, കണ്ണടയ്ക്കുന്ന പൊതുസമൂഹം
1 Jul 2021, 09:37 AM
കോവിഡ് ഡ്യൂട്ടിക്കിടയില്‍ മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യുവിന്, മരിച്ച രോഗിയുടെ മകനായ പൊലീസുകാരന്റെ മര്‍ദ്ദനമേറ്റ സംഭവത്തെതുടർന്ന്, ഡോക്ടര്‍മാര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണം ചര്‍ച്ചാവിഷയമായിരിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥനായ അഭിലാഷ് ചന്ദ്രന്റെ അമ്മ കോവിഡ് ബാധിച്ച് മരിച്ചതിനെതുടര്‍ന്നാണ് ഡോ. രാഹുല്‍ മാത്യു മര്‍ദ്ദനത്തിനിരയായത്. ഡോക്ടര്‍മാര്‍ സമരം ചെയ്ത് പ്രതിഷേധിച്ചുവെങ്കിലും സര്‍വീസില്‍നിന്ന് രാജിവെക്കുന്നുവെന്ന് രാഹുല്‍ മാത്യു ഫേസ്ബുക്ക് പോസ്റ്റിട്ടതിനെതുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിനുവിട്ടത്.
കോവിഡ് ബാധിച്ച് വീട്ടില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീയാണ് മരിച്ചത്. ആശുപത്രിയിലെത്തുന്നതിനുമുമ്പ് മരണം സംഭവിച്ചതായി, പരിശോധനക്കുശേഷം സ്ഥിരീകരിച്ചു. ഇക്കാര്യം കൂടെയുള്ളവരെ അറിയിച്ചപ്പോള്‍ അവര്‍ ഡോ. രാഹുലിനെ ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ്, മരിച്ച സ്ത്രീയുടെ മകന്‍ അഭിലാഷ് ഡ്യൂട്ടി റൂമിലേക്ക് കയറിവന്ന് ഡോക്ടറെ മര്‍ദ്ദിച്ചത്. ഡോക്ടര്‍മാര്‍ ദിവസങ്ങളോളം പ്രതിഷേധിച്ചിട്ടും നടപടിയുണ്ടായില്ല. ഇതിനിടെ പ്രതിക്ക് ഹൈകോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിക്കുകയും ചെയ്തു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എസ്.എഫ്.ഐ നേതൃത്വനിരയില്‍ ഉണ്ടായിരുന്ന ആളാണ് രാഹുല്‍ മാത്യു. നാലുതവണ യു.യു.സി ആയിരുന്നു. കേരള മെഡിക്കോസ് പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷന്‍ (KMPGA) സെക്രട്ടറിയുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഡോക്ടര്‍മാര്‍ക്കുനേരെയുള്ള അതിക്രമങ്ങളില്‍ പൊതുസമൂഹവും അധികാരികളും പുലര്‍ത്തുന്ന നിസ്സംഗതക്കെതിരെ ഡോക്‌ടേഴ്‌സ് ദിനത്തില്‍ ഒരു ഓര്‍മപ്പെടുത്തല്‍.
ജൂലൈ ഒന്ന് ദേശീയതലത്തില്‍ ഡോക്ടര്‍മാരുടെ ദിനമായി ആചരിക്കുകയാണ്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ സ്ഥാപക പ്രസിഡന്റും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രി ഡോ. ബി.സി. റോയിയുടെ ജന്മദിനവും ചരമദിനവുമാണ് ജൂലൈ ഒന്ന്. മികച്ച ഡോക്ടര്‍ എന്ന നിലയില്‍ മാത്രമല്ല ഡോ. ബിധന്‍ ചന്ദ്രറോയ് നമ്മുടെ ഹൃദയത്തിലുള്ളത്, മറിച്ച് ബംഗാളിന്റെ മുന്‍ മുഖ്യമന്ത്രി, സാമൂഹ്യ പരിഷ്‌കര്‍ത്താവ് എന്ന നിലകളിലും വഹിച്ച സ്തുത്യര്‍ഹമായ സേവനങ്ങള്‍ ഇന്ത്യയാകെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പൊതുസമൂഹത്തിന് ഡോക്ടര്‍മാര്‍ ചെയ്യുന്ന സേവനങ്ങളെയും സംഭാവനകളേയും ഓര്‍മിക്കുന്നതിനും അവരെ ആദരിക്കുന്നതിനുമാണ് ഈ ദിനാചരണം.

കോവിഡ്- 19 മഹാമാരിയുടെ കെടുതികളില്‍ രാജ്യം പകച്ചുനില്‍ക്കുകയും ആരോഗ്യപ്രവര്‍ത്തകര്‍ നീണ്ട 18 മാസത്തെ അക്ഷീണ പരിശ്രമത്തില്‍ മുഴുകി നില്‍ക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ഈ വര്‍ഷത്തെ ഡോക്ടേഴ്സ് ദിനം ആചരിക്കപ്പെടുന്നത്. അതിലേറെ ആശ്ചര്യജനകവും പ്രതിഷേധാര്‍ഹവുമായ കാര്യം ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും നേരെയുള്ള ആക്രമണങ്ങളുടെ വര്‍ദ്ധനയും അതിനുനേരെയുള്ള പൊതുസമൂഹത്തിന്റെ കണ്ണടയ്ക്കലുമാണ്.
ഡോക്ടര്‍മാര്‍ ആശുപത്രി ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിനിന്ന് ചികിത്സ നടത്തേണ്ടവര്‍ മാത്രമാണെന്ന ധാരണയാണ് പൊതുസമൂഹത്തില്‍ കണ്ടുവരുന്നത്. ദൈവത്തിനുശേഷമുള്ള രക്ഷകന്‍ എന്ന പരിവേഷത്തില്‍ നിന്ന് ജോലിസ്ഥലങ്ങളില്‍ ആക്രമിക്കപ്പെടുന്നവരെന്ന സ്ഥിതിവിശേഷത്തിലേയ്ക്കുള്ള പരിണാമം ഡോക്ടര്‍ - രോഗി ബന്ധങ്ങളിലും ചികിത്സാരംഗത്തും വളരെ കലുഷിതമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്.
രോഗനിര്‍ണയം, ചികിത്സ എന്നിവ നിമിഷങ്ങള്‍ മുതല്‍ ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ ചെയ്യുന്ന ഡോക്ടര്‍മാര്‍ ഏര്‍പ്പെട്ടിരിക്കുന്നത് സങ്കീര്‍ണമായ ധൈഷണിക - പ്രായോഗിക തലങ്ങളിലുള്ള പ്രക്രിയയിലാണെന്ന് സമൂഹം തിരിച്ചറിഞ്ഞേ മതിയാകൂ. ഡോക്ടര്‍മാരും മനുഷ്യരാണെന്നും മറ്റേതു തൊഴില്‍ മേഖലകളിലുള്ളവരെപ്പോലെ അവര്‍ക്കും പരിമിതികളുണ്ടെന്നും, പരിഗണന നല്‍കേണ്ടതുണ്ടെന്നും അറിയേണ്ടതുണ്ട്.
സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഡോക്ടര്‍മാരുടെ പങ്കിനെക്കുറിച്ചുള്ള നേതൃത്വപരമായ സംഭാവനകളെക്കുറിച്ച് പലപ്പോഴും വിസ്മരിക്കപ്പെടുന്നു. കേരളത്തിന്റെ ആരോഗ്യരംഗത്തെ പുരോഗതിയും കുതിച്ചുചാട്ടവും ചര്‍ച്ച ചെയ്യുമ്പോള്‍ പോലും സാമൂഹ്യ-സാക്ഷരത-അവകാശ ബോധങ്ങള്‍ക്കൊപ്പം മെഡിക്കല്‍ സമൂഹത്തിന്റെ നിസ്സീമവും നിസ്തുലവുമായ സേവനം വേണ്ടത്ര എടുത്തു കാണിക്കുന്നതില്‍ സാമൂഹ്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വിമുഖത കാണിക്കുകയാണ്. മൂന്നുവര്‍ഷം മുമ്പുണ്ടായ നിപ്പ പകര്‍ച്ചപ്പനിയും, രണ്ടു വര്‍ഷമായി വെല്ലുവിളിയുയര്‍ത്തുന്ന കോവിഡ് മഹാമാരിയും വേണ്ടി വന്നു വൈദ്യസമൂഹത്തിന്റെ സേവനം പൊതുജന ശ്രദ്ധയില്‍പ്പെടാന്‍. ആശുപത്രികളുടേയും, ക്ലിനിക്കുകളുടേയും ചുമരുകള്‍ക്കുള്ളില്‍ ജീവിതം ഹോമിക്കപ്പെടുവാന്‍ വിധിക്കപ്പെട്ടവരായി മെഡിക്കല്‍ സമൂഹം മാറ്റപ്പെടുകയും ചെയ്തു.
ഒരുപാട് പരിമിതികളിലൂന്നി പ്രവര്‍ത്തിക്കുമ്പോള്‍പ്പോലും രോഗികളുടെയും, രോഗീബന്ധുക്കളുടെയും ഭീഷണി, കയ്യേറ്റം എന്നിവയ്ക്ക് ഡോക്ടര്‍മാര്‍ വിധേയരാകുന്നത് ഈയടുത്ത കാലത്ത് വളരെ വര്‍ദ്ധിച്ചതായി കാണാം. രോഗിയുടെ ആരോഗ്യസ്ഥിതി വഷളായാലോ, ജീവഹാനി സംഭവിച്ചാലോ ഡോക്ടര്‍മാരെ ആക്രമിക്കുന്ന പ്രവണത പൊതുസമൂഹത്തില്‍ കൂടി വരുന്നത് ആരോഗ്യ ചികിത്സാ രംഗത്തെ കലുഷിതമാക്കുന്നുണ്ട്. രോഗനിര്‍ണയ സംവിധാനങ്ങള്‍ കൂടുതല്‍ ഉപയോഗിച്ച് ചികിത്സ കുറ്റമറ്റതാക്കി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ പോലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, മാനുഷിക വിഭവശേഷിയുടെ കുറവ്, നൈപുണ്യ വികസനത്തിനുവേണ്ട പരിശീലനത്തിന്റെ അപര്യാപ്തത എന്നിവയെല്ലാം പലപ്പോഴും രോഗീ- ഡോക്ടര്‍ ബന്ധം വഷളാക്കുന്നുണ്ട്. എന്നാല്‍ മെഡിക്കല്‍രംഗത്തുള്ളവര്‍ക്കും മറ്റു തൊഴില്‍ മേഖലയിലുള്ളവര്‍ക്കു ലഭിക്കുന്നതുപോലെ നിര്‍ഭയരായി ജോലി ചെയ്യുവാനുള്ള സാഹചര്യം ഒരുക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.
പലപ്പോഴും രോഗനിര്‍ണയവും ചികിത്സയും പഴുതടച്ചതാക്കുന്നതിനുവേണ്ട സാഹചര്യമൊരുക്കേണ്ട ഭരണകൂടങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്തം ഡോക്ടര്‍മാരുടെയും മറ്റാരോഗ്യ പ്രവര്‍ത്തകരുടെയും തലയില്‍ കെട്ടിവെച്ച് നിഷ്‌ക്കളങ്കരായി കൈകെട്ടി നില്‍ക്കുന്ന കാഴ്ചയാണ് നമ്മുടെ മുന്‍പില്‍.
ആശുപത്രികളെ സുരക്ഷിത മേഖലകളാക്കി മാറ്റുകയും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കും നേരെയുള്ള അക്രമികള്‍ക്കെതിരെ 24 മണിക്കുറിനുള്ളില്‍ കേസെടുത്ത് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യണം. ഇതിന് ക്രമസമാധാനപാലകര്‍ തയ്യാറാകുന്നില്ലെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ആശുപത്രി സംരക്ഷണ നിയമപ്രകാരം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത 52 ഓളം കേസുകളില്‍ രണ്ടു കേസുകളില്‍ മാത്രമാണ് പ്രതികള്‍ക്ക് ശിക്ഷ അനുഭവിക്കേണ്ടി വന്നത്.
ചികിത്സകന്റെ കഴുത്തിന് വാളോങ്ങി ആരോഗ്യരംഗം മുന്നോട്ടു കൊണ്ടുപോകാനാകില്ല. സങ്കീര്‍ണമായ രോഗങ്ങള്‍ക്കുപോലും നിമിഷങ്ങള്‍ക്കുള്ളില്‍ രോഗനിര്‍ണയം നടത്തി ചികിത്സാ തീരുമാനത്തിലെത്തുന്ന ഡോക്ടര്‍മാര്‍ ചെയ്യുന്നത് ധൈഷണിക തലത്തിലെ ഉന്നതമായ പ്രവര്‍ത്തിയാണെന്ന തിരിച്ചറിവ് പൊതുസമൂഹത്തിനില്ലാതെ പോകുന്നത്, പ്രതിരോധതല ചികിത്സ (Defensive Medicine) പ്രാക്ടീസ് ചെയ്യുന്നതിലേയ്ക്ക് വൈദ്യസമൂഹത്തെ കൊണ്ടെത്തിക്കുമെന്നതില്‍ സംശയമില്ല. മെഡിക്കല്‍ രംഗത്തെ പ്രൊഫഷന്‍ എന്നതില്‍ നിന്നുമാറി തൊഴിലായി കണക്കാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇതര തൊഴില്‍ മേഖലകളില്‍ നടപ്പാക്കുന്ന രീതികള്‍- ജോലി സമയക്രമം, ജോലി സ്ഥിരത, വിശ്രമം, ലീവ് ആനുകൂല്യങ്ങള്‍, അധിക ജോലി വേതനം എന്നിവയ്ക്കു പുറമേ ഖനി, ഫയര്‍ഫോഴ്സ് തുടങ്ങിയ അധിക അപകടമേഖലയിലുള്ളവരോടൊപ്പം ഡോക്ടര്‍മാരെയും മറ്റാരോഗ്യ പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തി അപകട ജോലി അലവന്‍സ്, സമ്പൂര്‍ണ സൗജന്യ ചികിത്സ, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍- ഇവിടെയും നടപ്പാക്കേണ്ടതുണ്ട്. ആശുപത്രിയില്‍ ജോലി ചെയ്ത് രോഗിയില്‍ നിന്ന് ഡോക്ടര്‍ക്ക് രോഗം പകര്‍ന്നാല്‍പ്പോലും സ്വന്തം ചെലവില്‍ ചികിത്സ നടത്തേണ്ട സ്ഥിതിയാണ് ഡോക്ടര്‍മാര്‍ക്കിപ്പോഴുള്ളത്. ഇതിനായി പ്രത്യേക ആരോഗ്യ പ്രവര്‍ത്തക ചികിത്സാ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കണം. ഡോക്ടര്‍ ജോലിയിലിരിക്കെ രോഗം മൂലം വൈകല്യമനുഭവിക്കേണ്ടി വന്നാല്‍ സാമ്പത്തിക സഹായം, പെന്‍ഷന്‍ എന്നിവ ഉറപ്പുവരുത്തേണ്ടതുണ്ട്.
ആശുപത്രി സംരക്ഷണനിയമം ദേശീയതലത്തില്‍ കൊണ്ടുവരികയും ആശുപത്രികള്‍ക്കും, ഡോക്ടര്‍മാര്‍ക്കും നേരെയുള്ള അക്രമങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രാഥമിക അമ്പേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ആശുപത്രികളെ പ്രത്യേക സംരക്ഷണ മേഖലകളാക്കുകയും ചെയ്യുന്നതിനുവേണ്ട ഭേദഗതി ആശുപത്രി സംരക്ഷണ നിയമത്തില്‍ കൊണ്ടുവരണം. മാത്രമല്ല, എപ്പിഡമിക് ഡിസീസ് കണ്‍ട്രോള്‍ ആക്റ്റിലെ വകുപ്പുകള്‍കൂടി ചേര്‍ത്ത് ആശുപത്രി സംരക്ഷണനിയമം ശക്തിപ്പെടുത്തണം.
ആരോഗ്യ സൂചികകളില്‍ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ നാം മുന്നേറിയെന്നഭിമാനിക്കുമ്പോള്‍ത്തന്നെ ഡോക്ടര്‍മാര്‍, മറ്റാരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള പിന്തുണയുടെ കാര്യത്തില്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വളരെ പുറകിലാണ്. ജീവിക്കാനും സ്വതന്ത്രവും ഭയരഹിതവുമായി ജോലി ചെയ്യാനുമുള്ള അവകാശം നമ്മുടെ ഭരണഘടന ഉറപ്പു നല്‍കുമ്പോള്‍ത്തന്നെയാണ് രാപ്പകല്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍ക്കു നേരെ ആക്രമണങ്ങളും മറ്റു നീതി നിഷേധങ്ങളും വര്‍ധിക്കുന്നത്.

തുല്യതയ്ക്കുവേണ്ടി ആധുനിക സമൂഹത്തില്‍ ഒട്ടനവധി നയങ്ങളും പദ്ധതികളും പരിപാടികളും നടപ്പാക്കപ്പെടുമ്പോഴാണ് തികച്ചും പ്രാകൃതമായ ആക്രമണങ്ങള്‍ ജനനത്തിന്റേയും മരണത്തിന്റെയും സാക്ഷിയാകുന്ന ആശുപത്രികളില്‍ അരങ്ങേറുന്നത്. പൊതുസമൂഹത്തിന്റേയും രാഷട്രീയ പ്രസ്ഥാനങ്ങളുടെയും ഇതിനോടുള്ള അയഞ്ഞ സമീപനം അക്ഷന്തവ്യമായ അപരാധമാണ്. മെഡിക്കല്‍രംഗത്തെ മറ്റൊരു തൊഴില്‍രംഗമായും ഡോക്ടര്‍മാരെ ആരോഗ്യ ചികിത്സാ തൊഴിലാളികളായും കാണാന്‍ പൊതുസമൂഹം തയ്യാറാകേണ്ടതുണ്ട്. ഭയരഹിതരായും, നിഷ്പക്ഷമായും, നൈതികമായും ചികിത്സ നല്‍കാന്‍ വേണ്ട സാഹചര്യം സമൂഹം ഒരുക്കേണ്ടതുണ്ട്.
ഏതൊരു പൗരനും ഭരണഘടന ഉറപ്പു നല്‍കുന്ന നിര്‍ഭയമായും, പക്ഷപാതപരമായും, നീതിപൂവ്വകമായും ജോലി ചെയ്യുവാനുള്ള അവകാശം ഡോക്ടര്‍മാര്‍ക്കും ഉറപ്പു വരുത്തുന്നതിന് സര്‍ക്കാര്‍ നിയമ സംരക്ഷണം ഉറപ്പു വരുത്തേണ്ടതുണ്ട്. ഡോക്ടര്‍മാര്‍ മാത്രമല്ല എല്ലാ ആരോഗ്യപ്രവര്‍ത്തകരും പൊതുസമൂഹം ഒറ്റക്കെട്ടായും ഇതിനായി ശബ്ദമുയര്‍ത്തണം. കോവിഡ് മഹാമാരിയില്‍ ജീവന്‍ ത്യജിച്ചും ജോലി ചെയ്യുന്ന മെഡിക്കല്‍ സമൂഹത്തിന് നല്‍കാവുന്ന ഏറ്റവും വലിയ ആദരവും ഇതു തന്നെയാണ്. അങ്ങനെയാണ് ഈ ഡോക്ടേഴ്സ് ദിനം ആചരിക്കപ്പെടേണ്ടതും.
Think
Mar 22, 2023
4 Minutes Read
ഡോ. പി. എം. മധു
Feb 25, 2023
9 Minutes Read
ലീനാ തോമസ് കാപ്പന്‍
Feb 16, 2023
8 minutes read
ഡോ. ജയകൃഷ്ണന്‍ ടി.
Feb 05, 2023
8 minutes read
ഷഫീഖ് താമരശ്ശേരി
Jan 26, 2023
12 Minutes Watch
ഡോ: ബി. ഇക്ബാല്‍
Dec 25, 2022
6 Minutes Read