ആക്രമിക്കപ്പെടുന്ന ഡോക്ടർമാരുടെ സ്‌റ്റോറി

ണ്ടു വ്യക്തികൾ തമ്മിലുള്ള പ്രശ്‌നമായി ആരംഭിച്ച് അവസാനിക്കുന്ന തരത്തിലാണ് ആരോഗ്യപ്രവർത്തകർക്കു നേരെയുള്ള അതിക്രമങ്ങൾ പൊതുവെ കൈകാര്യം ചെയ്യപ്പെടുന്നത്. ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങളുള്ള ഇത്തരം അതിക്രമങ്ങൾ കോവിഡ് സാചര്യത്തിൽ അതിന്റെ പാരമ്യത്തിലെത്തി നിൽക്കുന്നു. മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ മാത്രം കേരളത്തിൽ ഇത്തരത്തിൽ പത്തു കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

കൈയേറ്റത്തിൽ കലാശിക്കുന്ന അതിക്രമങ്ങളെക്കാൾ ദൈനംദിന ജോലികൾക്കിടയിലെ നേരിടേണ്ടി വരുന്ന വാക്കുകൾ കൊണ്ടുള്ള അതിക്രമങ്ങൾ തങ്ങളുടെ മാനസികാരോഗ്യത്തേയും ജോലിയേയും ബാധിക്കുന്നതായി ആരോഗ്യപ്രവർത്തകർ പറയുന്നു.

പലപ്പോഴും വ്യക്തികേന്ദ്രിതമായ ചർച്ചകൾക്കൊടുവിൽ ഇത്തരം കേസുകൾ ഒതുക്കിത്തീർക്കുന്നതിനാൽ, ആരോഗ്യപ്രവർത്തകരെ അക്രമിച്ച കേസുകളിൽ അറസ്റ്റ് ചെയ്ത് ശിക്ഷിപ്പെടുന്ന സംഭവങ്ങൾ വിരളമാണ്.

ആരോഗ്യപ്രവർത്തകരെ സംരക്ഷിക്കാൻ നിലവിലുള്ള നിയമങ്ങൾ പര്യാപ്തമാണെന്നും, അതിക്രമങ്ങൾ വർധിക്കുന്നത് തന്റെ ശ്രദ്ധയിൽ പെട്ടില്ലെന്നും നിയമസഭയിൽ പറഞ്ഞത് വിവാദമായതിന് ശേഷമാണ് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് തന്റെ പ്രസ്താവന തിരുത്തിയത്. ആശുപത്രി സംരക്ഷണ നിയമത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവൽകരണം നടത്താനോ, അക്രമികൾക്കെതിരെ കർശന നടപടി എടുക്കാനോ തയ്യാറാവാത്ത സർക്കാർ, ആരോഗ്യപ്രവർത്തകർക്കു നേരെയുള്ള അതിക്രമങ്ങളെ അടിയന്തര ഇടപെടൽ അർഹിക്കുന്ന സാമൂഹിക പ്രശ്‌നമായി കണക്കാക്കുന്നതിൽ പരാജയപ്പെടുകയാണ്.

Comments