ശരീരം വിൽക്കുന്നവരല്ല;
സമരമാക്കിയവർ
എന്ന് തിരുത്തി വായിക്കാം
ശരീരം വിൽക്കുന്നവരല്ല; സമരമാക്കിയവർ എന്ന് തിരുത്തി വായിക്കാം
ശരീരവും മനസ്സും കൊണ്ട് വ്യത്യസ്തരായ മനുഷ്യജീവന്റെ ഒരോ ദിവസവും തുടങ്ങുന്നത് ഇങ്ങനെയാണ്. ഇരുട്ടിന്റ മറവില്‍ തെറിവിളിച്ചും, വൈകൃതങ്ങള്‍ക്ക് ഉപയോഗിച്ചും കീറിയെറിയാന്‍ ചുറ്റുമുണ്ട് മുഖംമൂടിയവര്‍. പിന്നി പറഞ്ഞ പഴംതുണി കെട്ടിന് സമാനമാണ് ഇവിടെ മനുഷ്യര്‍. അവരുടെ ദൈന്യതയിലേയ്ക്ക് നടത്തിയ യാത്രയാണിത്. 'ഡല്‍ഹി ലെന്‍സ്' പരമ്പര തുടരുന്നു.
7 Aug 2022, 01:37 PM
രാത്രി എട്ടുമണിയോടെയാണ് ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനിലെത്തിയത്. ലക്ഷ്യത്തിലേക്കുള്ള യാത്രകള്‍ക്കായി മനുഷ്യര്‍ പലവഴിക്ക് ഒഴുകുന്നു. അവ്യക്തമായി അവരുടെയൊക്കെ ശബ്ദം കാതില്‍ ഇരമ്പുന്നുണ്ട്. റിക്ഷക്കാര്‍ യാത്രികരുമായി വിലപേശുന്നു. തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഒരു തുകയ്ക്ക് ഇരുവരും ധാരണയിലെത്തി യാത്ര തുടങ്ങുന്നു. അവര്‍ക്കിടയില്‍ ഭിക്ഷയാചിക്കുന്ന ചെറുബാല്യങ്ങളുണ്ട്. വിശന്ന് ഒട്ടിയ വയറിലേയ്ക്ക് കുഞ്ഞു കൈകൊണ്ട് തടവി ദയനീയമായാണ് യാചന. മറ്റു ചില കുട്ടികള്‍ ബലൂണുകള്‍ വില്‍ക്കാനുള്ള ശ്രമത്തിലാണ്. കാണുന്ന ആളുകള്‍ക്ക് മുന്നിലേക്കൊക്കെ അവര്‍ ബലൂണുകള്‍ നീട്ടുന്നുണ്ട്.
വലതുവശത്തെ ആളൊഴിഞ്ഞ നടവഴിയിലൂടെ മുന്നോട്ടു നടന്നു. പുറകിലെ തിരക്കിന്റെ ഇരമ്പം കുറഞ്ഞു. ഫോണില്‍ പറഞ്ഞ സ്ട്രീറ്റ് ലൈറ്റിന് താഴെത്തന്നെ സജ്ന (യഥാര്‍ത്ഥപേരല്ല) ഉണ്ട്. വെളിച്ചത്തില്‍ നിന്ന് അല്‍പ്പം മാറിയാണ് നില്‍പ്പ്. പാതി വെളിച്ചത്തില്‍ ശരീരം കാണാം. ബാക്കി പാതി ഇരുട്ടാണ്. ആ ഇരുട്ട് ഓരോ ട്രാന്‍സ്‌ജെന്‍ഡറിന്റെയും ജീവിതത്തില്‍ സമൂഹം നിര്‍മ്മിച്ചു കൊടുത്തതാണ്.

ചുവന്ന സാരിയിലെ ഗില്‍റ്റുകള്‍ തിളങ്ങുന്നുണ്ട്. മുഖത്ത് തേച്ച ചായം വിയര്‍പ്പില്‍ പടര്‍ന്ന് കിടക്കുന്നു. ഇരുകയ്യിലും നിറയെ വളകള്‍. ഇടതു തോളില്‍ ഒരു ചെറിയ ബാഗ്. ഞങ്ങളെ കണ്ടതും ചുണ്ടിലെ റോസ് കളര്‍ ലിപ്സ്റ്റിക്കിനുള്ളില്‍ ചിരി വിടര്‍ന്നു. ചേര്‍ത്തു പിടിച്ചു കൊണ്ട് നേരില്‍ കണ്ടതിന്റെ സ്‌നേഹം പങ്കുവച്ചു.
"വെളിച്ചത്തു നിന്നാല്‍ ആളുകള്‍ വന്നു ശല്യം ചെയ്യും അതാ ഇങ്ങോട്ട് മാറിനിന്നെ'. കണ്‍മഷിയെഴുതിയ കണ്ണുകള്‍ പ്രത്യേക രീതിയില്‍ വെട്ടിച്ചുകൊണ്ട് സജ്‌ന പറഞ്ഞു. വളരെ സാധാരണമായി. ആ ജീവിതത്തോട് ഏറെ പൊരുത്തപ്പെട്ടു കഴിഞ്ഞിട്ടുണ്ടവര്‍. ജീവിതം പറയാന്‍ തുടങ്ങിയപ്പോള്‍ കണ്ണു കലങ്ങി. രോഷവും വേദനയും കണ്ണില്‍ നിന്ന് ഇറ്റിവീണു. മുഖത്തുതേച്ച ചായം കണ്ണീരിനൊപ്പം പടര്‍ന്നു. പൊടി മീശയും താടിയിലെ കുറ്റിരോമവും ചെറിയ വെളിച്ചത്തില്‍ കാണാം.
തലതാഴ്ത്തി കയ്യില്‍ ചുരുട്ടിവച്ച തൂവാലകൊണ്ട് മുഖം തുടച്ചു. ബാഗില്‍ നിന്നെടുത്ത ചെറിയ പൗഡര്‍ പാക്കറ്റ് പൊട്ടിച്ചു മുഖത്തിട്ടു. ""ഞങ്ങളുടെ ജീവിതം ഇനി കണ്ടറിഞ്ഞോ'', യാന്ത്രികമായി ചിരിച്ചുകൊണ്ട് റോഡിലേക്കിറങ്ങി. വാഹനകളിലേക്ക് നോക്കി വശ്യമായി ചിരിച്ചുകൊണ്ട് നിന്നു. പൊടുന്നനെ അവള്‍ക്കു നേരെ ഒരു ബൈക്ക് വന്നു നിര്‍ത്തി. കീശയില്‍ നിന്നു അന്‍പത് രൂപ എടുത്ത് നീട്ടിക്കൊണ്ട് ബൈക്കില്‍ കയറാന്‍ പറഞ്ഞു. ആ പൈസ പോരെന്ന് പറഞ്ഞപ്പോള്‍ തെറി പറഞ്ഞുകൊണ്ട് അയാള്‍ പോയി. സജ്ന തിരിച്ചു വന്നു.
ശരീരവും മനസ്സും കൊണ്ട് വ്യത്യസ്തരായ മനുഷ്യജീവന്റെ ഒരോ ദിവസവും തുടങ്ങുന്നത് ഇങ്ങനെയാണ്. ഇരുട്ടിന്റ മറവില്‍ തെറിവിളിച്ചും, വൈകൃതങ്ങള്‍ക്ക് ഉപയോഗിച്ചും കീറിയെറിയാന്‍ ചുറ്റുമുണ്ട് മുഖംമൂടിയവര്‍. പിന്നി പറഞ്ഞ പഴംതുണി കെട്ടിന് സമാനമാണ് ഇവിടെ മനുഷ്യര്‍. അവരുടെ ദൈന്യതയിലേയ്ക്ക് നടത്തിയ യാത്രയാണിത്.
ചോരമണക്കുന്ന ഓര്‍മ്മകള്‍
ഹരിയാന പഞ്ചാബ് അതിര്‍ത്തി ഗ്രാമത്തിലാണ് സജ്ന ജനിച്ചത്. മൂന്നു മക്കളില്‍ മൂത്ത കുട്ടിയാണ്. പരമ്പരാഗതമായി കൃഷിയാണ് കുടുംബത്തിന്റെ വരുമാന മാര്‍ഗ്ഗം. വീട്ടിലെ ഒഴിഞ്ഞ അരിപ്പാത്രം ആമാശയത്തെ എന്നും വെല്ലുവിളിച്ച കാലമാണത്. പാടത്ത് പണിയില്ലാത്ത സമയം മാത്രമാണ് പഠനം. ആണ്‍കുട്ടികളുടെ വസ്ത്രങ്ങളോടും കളിപ്പാട്ടങ്ങളോടും അന്നേ വിരക്തിയാണ്. അമ്മയുടെ സിന്ദൂരമെടുത്ത് പൊട്ടുകുത്തികളിക്കുമ്പോള്‍ എല്ലാവരും ചിരിക്കും. കാലത്തിനൊപ്പം മനസ്സിനുള്ളിലെ സ്‌ത്രൈണതയും വളര്‍ന്നു. പിന്നീട് പൊട്ടുകുത്തുമ്പോഴും വളയിടുമ്പോഴും ആരും ചിരിച്ചില്ല. പകരം അടിയും ശകാരവുമായി.
ആണ്‍ ശരീരത്തിലെ സ്ത്രീ മനസ്സ് ആരും തിരിച്ചറിഞ്ഞില്ല. എല്ലായിടത്തും ഒറ്റയായി ഗത്യന്തരമില്ലാതെയാണ് ഗ്രാമം വിട്ടോടിയത്. അന്നെത്ര വയസ്സായെന്നുപോലും അറിയില്ല. പക്ഷെ ഒന്നറിയാം, തന്റെ ഉള്ളിലെ സ്ത്രീ വളര്‍ന്ന് പൂര്‍ണ്ണതയെത്തിയിരുന്നു. സ്ത്രീകളുടേതായ വേഷവിധാനങ്ങളും ശീലമായി. മനസ്സുപറഞ്ഞ അവളിലേക്ക് ഓടിയടുത്തു എന്നതാണ് യാഥാര്‍ഥ്യം. ഡെല്‍ഹിയിലേക്കുള്ള യാത്ര മുതല്‍ സജ്ന തിരിച്ചറിഞ്ഞതാണ് നേരിടാന്‍ പോകുന്ന പ്രതിസന്ധികളുടെ ആഴം. അറപ്പോടെ തന്റെ ശരീരത്തിലേക്ക് നോക്കുന്നവരേയും മോശമായി സംസാരിക്കുന്നവരേയും ആ യാത്രയില്‍ അനുഭവിച്ചു.

മഹാനഗരത്തിലേക്ക് നിരങ്ങി നിന്ന ട്രെയിനില്‍ നിന്ന് ഇറങ്ങുമ്പോഴെ മനസ്സില്‍ ആധിനിറഞ്ഞു. നിസാമുദ്ധീന്‍ സ്റ്റേഷനില്‍ നിന്ന് എങ്ങോട്ടെന്നില്ലാതെ നടന്നു. കയ്യില്‍ കരുതിയ ഒരു കുപ്പി വെള്ളമാണ് ആകെയുള്ള അന്നത്തെ അന്നം. ഇരുട്ടിയപ്പോള്‍ ആളൊഴിഞ്ഞ കടത്തിണ്ണയില്‍ തലചായ്ച്ചു. എന്നാല്‍ ശരീരം തിരഞ്ഞെത്തിയവര്‍ അവിടെ ഉറക്കിയില്ല.
ഭ്രാന്തമായ മനസ്സുമായി എങ്ങോട്ടെന്നില്ലാതെ നടന്നു. ആ വഴികളിലാണ് തന്നെപോലുള്ള ചിലരെ സജ്ന കണ്ടുമുട്ടുന്നത്. അവര്‍ക്കൊപ്പം കൂടാന്‍ മറ്റൊന്ന് ചിന്തിച്ചില്ല. പുതിയ ലോകമായിരുന്നു അത്. ശരീരവും മനസ്സും സമൂഹത്തിന്റെ വാര്‍പ്പ് മാതൃകള്‍ക്ക് പുറത്തായിപ്പോയ പത്തോളം മനുഷ്യര്‍. എല്ലാവരും ലൈംഗിക തൊഴിലാളികള്‍. "അന്നത്തിന് മറ്റ് മാര്‍ഗ്ഗമില്ലാത്ത ഞങ്ങളെ പോലുള്ളവര്‍ വേറെന്തു ചെയ്യാനാണ്' സജ്ന സ്വയം തെറി വിളിച്ചുകൊണ്ട് പറഞ്ഞു നിര്‍ത്തി.
അന്നത്തിനയുള്ള പോരാട്ടങ്ങള്‍
കൂടെയുള്ള പത്തുപേരും തീര്‍ത്തും വ്യത്യസ്തരാണ്. അവരില്‍ ഒരാളാകാന്‍ ഏറെ പ്രയാസപ്പെട്ടു. വിശപ്പ് തീര്‍ക്കാന്‍ മുന്നിലെ വഴി ലൈംഗിക തൊഴില്‍ മാത്രമായിരുന്നു. അതിനായി ബാക്കിയുള്ളവരും നിര്‍ബന്ധിച്ചു. ഒരിക്കലും അതിനോട് പൊരുത്തപ്പെടാന്‍ മനസ്സു വന്നില്ല. ദിവസങ്ങളോളം ഹോട്ടലിലും ചെറിയ കടകളിലും തൊഴില്‍ തേടി ഇറങ്ങി. പരിഹാസത്തിനപ്പുറം ഒന്നും ലഭിച്ചില്ല.
മുഖത്ത് ചായം തേച്ച് വച്ചു കെട്ടിയ മാറിടവുമായി സജ്‌നയും ഒടുവില്‍ ഇരുട്ടിലേക്കിറങ്ങി. ആദ്യ ദിവസംതന്നെ കീറിയെറിഞ്ഞ പഴംതുണി പോലായി. പിന്നീടങ്ങോട്ട് മരവിച്ച മനസ്സുമായി അതിന്റെ തുടര്‍ച്ചകള്‍. രാവിലെ കണ്ടാല്‍ കാര്‍ക്കിച്ചു തുപ്പുന്നവര്‍ ഇരുട്ടില്‍ തേടിവന്നു. പലര്‍ക്കും കാമുകിയാണ്. വൈകൃത ചിന്തകളുടെ രതി നടത്താനുള്ള ശരീരം. എന്തിനോടും പൊരുത്തപ്പെടാമെന്ന മനസ്സ് തന്നത് രാത്രികളാണ്. എന്തിനെയും വെല്ലുവിളിക്കാനുള്ള കരുത്തും. പിന്നീട് ഇന്നുവരെ ഇരുട്ടില്‍ നിന്ന് ജീവിതത്തെ പറിച്ചുനടാന്‍ സാധിച്ചില്ല.

ഒരിക്കല്‍ ശരീരം തിരഞ്ഞു വന്ന മനുഷ്യന്‍ ആവശ്യം കഴിഞ്ഞപ്പോള്‍ ക്രൂരമായി മര്‍ദിച്ചു. അവശനിലയിലാക്കിയ ശേഷം അര്‍ദ്ധരാത്രി റോഡില്‍ ഉപേക്ഷിച്ചു. ""ചിലര്‍ കാമം തീര്‍ക്കുന്നത് അങ്ങനെയാണ്'' സജ്ന രോഷത്തോടെ പറഞ്ഞു. ദിവസങ്ങളോളം നുറുങ്ങിയ എല്ലുമായി ആശുപത്രി വരാന്തയില്‍ തള്ളിനീക്കി. കൈവിടാതെ ചേര്‍ത്തു പിടിക്കാന്‍ ശരീരം വിറ്റ കാശുമായി കൂട്ടുകാര്‍ വരും. അവരാണ് അമ്മയുടെ സ്‌നേഹവും കുടുംബത്തിന്റെ കരുതലും തന്നത്. ജീവിതം അവസാനിപ്പിക്കാതിരിക്കുന്നത് ആ സ്നേഹത്തിന് മുന്നിലാണ്.
പ്രാണനെടുക്കുന്ന അവഗണന
നിയന്ത്രണം നഷ്ടമായ പായ്ക്കപ്പലുപോലെയാണ് ജീവിതം. ദിക്കും ദിശയുമറിയാതെ ഇരുട്ടിവെളുക്കുന്നു. സമൂഹത്തെക്കാള്‍ ക്രൂരമായ അവഗണനയാണ് ഭരണകൂടങ്ങള്‍ ചെയ്യുന്നത്. യാതൊരു പരിരക്ഷയും ലഭിക്കാത്തതുകൊണ്ടാണ് തെരുവില്‍ തുണിയഴിക്കേണ്ടിവരുന്നത്. വര്‍ഷങ്ങളായി ശേഖരിച്ചിരുന്ന സെന്‍സസ് ഡാറ്റയില്‍ പോലും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ അടയാളപ്പെടുത്തിയിരുന്നില്ല. അത്തരം കുറച്ചു മനുഷ്യര്‍ ഉണ്ടെന്ന് ചിന്തിക്കാന്‍ 2011 വരെ ഭരണകൂടങ്ങള്‍ക്ക് സമയമെടുത്തു. തൊഴില്‍, സാക്ഷരത, ജാതി എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് 2011 ഇല്‍ ശേഖരിച്ചത്. അതുപ്രകാരം 4.88 ലക്ഷം ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യര്‍ ഇന്ത്യയിലുണ്ട്.

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ പേരും ലിംഗഭേദവും മാറ്റുന്നതിനും ക്ഷേമത്തിന് അപേക്ഷിക്കാനുമായി പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകളുണ്ട്. ഇത് നല്‍കാനുള്ള ഉത്തരവാദിത്തം ഭരണഘടനാ സ്ഥാപനങ്ങള്‍ക്കാണ്. അപേക്ഷകള്‍ സ്വീകരിച്ച് 30 ദിവസത്തിനുള്ളില്‍ ജില്ലാ അധികാരികള്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കണമെന്നാണ്. എന്നാല്‍ ദേശീയ പോര്‍ട്ടലിലെ വിവരങ്ങള്‍ പ്രകാരം നൂറു കണക്കിന് അപേക്ഷകളാണ് മാസങ്ങളായി കെട്ടിക്കിടക്കുന്നത്. അധികാര വര്‍ഗത്തിന്റെ താല്‍പ്പര്യം വ്യക്തമാക്കുന്ന ചെറിയ ഉദാഹരണം മാത്രമാണത്.
പരിഗണന കാത്തുനില്‍ക്കുന്ന ഒരുപാട് ജീവനുകളില്‍ ഒന്നുമാത്രമാണ് സജ്ന. അര്‍ദ്ധരാത്രിയും തെരുവില്‍ അലയുന്നത് വിശന്ന വയറിന് ഉത്തരം നല്‍കാനാണ്. വെളിച്ചം വീഴും മുന്‍പേ അന്നത്തിനുള്ള വഴികണ്ടെത്തണം. ഇനിയും സജ്നയെ ബുദ്ധിമുട്ടിക്കാന്‍ ഞങ്ങളും തയ്യാറായില്ല. കലങ്ങിയ കണ്ണുകള്‍ തുടച്ചു വൃത്തിയാക്കി അവര്‍ വീണ്ടും ചുണ്ടുകളില്‍ ചിരി വരുത്തി. തലതാഴ്ത്തി വച്ചുകെട്ടിയ മാറിടം ശരിയാണെന്ന് ഉറപ്പാക്കി. അഗ്‌നി ഗോളമായ മനസ്സുമായി കുണുങ്ങിക്കൊണ്ട് റോഡിലേക്കു നടന്നു. കാലമവിടെ കരയാന്‍ സാധിക്കാതെ നിശബ്ദമായി....
ആദം ഹാരി
Jan 04, 2023
2 Minutes Read
അക്ഷയ പി.
Nov 04, 2022
5 Minutes Read
ഷഫീഖ് താമരശ്ശേരി
Oct 05, 2022
35 Minutes Watch
റിദാ നാസര്‍
Sep 27, 2022
5 Minutes Watch
റിദാ നാസര്‍
Aug 31, 2022
10 Minutes Read
റിദാ നാസര്‍
Aug 29, 2022
8 Minutes Watch
Delhi Lens
Aug 28, 2022
6 Minutes Read