ശാസ്ത്രമല്ല,
മുതലാളിത്തത്തിന്റെ
അഹങ്കാരമാണ് തോല്‍ക്കുന്നത്
ശാസ്ത്രമല്ല, മുതലാളിത്തത്തിന്റെ അഹങ്കാരമാണ് തോല്‍ക്കുന്നത്
കൊറോണ പോലൊരു വ്യാധിയെ ആധുനികതയുടെ അഹന്തകള്‍ക്ക് കിട്ടിയ അടിയായി വ്യാഖ്യാനിക്കുന്നത് അറിവില്ലായ്മയല്ല, ധൈഷണികമായ സത്യസന്ധതയില്ലായ്മയാണ്. കോവിഡ് ആധുനിക ശാസ്ത്രത്തിന്റെ അഹങ്കാരങ്ങള്‍ക്ക് ഏറ്റ അടിയല്ല, മുതലാളിത്ത ധാര്‍ഷ്ട്യങ്ങള്‍ക്കേറ്റ പ്രഹരമാണ്.
28 Apr 2020, 03:58 PM
ദശലക്ഷക്കണക്കിന് മനുഷ്യരിലേക്ക് വ്യാപിക്കുകയും ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്തുകഴിഞ്ഞ ഒരു മഹാമാരി. അതിനെ ചെറുക്കാന്‍ മറ്റുവഴിയില്ലാതെ ലോകം മുഴുവന്‍ അടഞ്ഞുകിടക്കുന്നതുവഴി ഉണ്ടാവുന്ന മറ്റ് പല പ്രതിസന്ധികള്‍. ഇതിങ്ങനെ നീണ്ടാല്‍ വൈറസ് ബാധ കൂടാതെ പട്ടിണിയും ക്ഷാമവും കൂടി പടര്‍ന്ന് പിടിച്ചേക്കാമെന്ന അവസ്ഥ. ഇത്തരമൊരു ആഗോള പ്രതിസന്ധിയിലും നമ്മള്‍ ചില ആശ്വാസങ്ങള്‍ കണ്ടെത്തുന്നുണ്ട്. ജലാശയങ്ങള്‍ ശുദ്ധമാകുന്നു, അതിലേക്ക് അരയന്നങ്ങളും ഡോള്‍ഫിനുകളും മടങ്ങിയെത്തുന്നു, ശലഭങ്ങളും തുമ്പികളും പറക്കുന്നു, പ്രഭാതങ്ങളും പ്രദോഷങ്ങളും പൂര്‍വ്വാധികം മനോഹരമാകുന്നു എന്നിങ്ങനെ പോകുന്നു അവ. മനുഷ്യനൊന്ന് വഴിമാറിക്കൊടുത്തതോടെ പ്രകൃതി ഭൂമിയെന്ന ആവാസവ്യവസ്ഥയെ വീണ്ടും അതിന്റെ സ്വാഭാവിക മനോഹാരിതയിലേയ്ക്ക് തിരികേ ആനയിക്കുന്നു എന്നതാണു ധ്വനി.
അന്തരീക്ഷമലിനീകരണത്തിന്റെ തോതില്‍ ചെറിയ കുറവ് വന്നിട്ടുണ്ട് എന്നത് മാറ്റിവച്ചാല്‍ ഇവയ്ക്ക് സാക്ഷ്യമായി പ്രചരിക്കുന്ന ഫോട്ടോകളും വീഡിയോകളും മിക്കവാറും ഫോട്ടോഷോപ്പോ, മറ്റ് സ്ഥല, കാലങ്ങളില്‍നിന്നും, കോണ്ടക്സ്റ്റുകളില്‍നിന്നും എടുത്ത് ഇവിടെ പതിപ്പിച്ചവയോ ആണെന്ന കാര്യം പോട്ടെ. ഇതൊക്കെ ശരിയാണെന്ന് തന്നെ വയ്ക്കുക. അങ്ങനെയെങ്കില്‍ ലോക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ അരയന്നങ്ങളും ഡോള്‍ഫിനും തുമ്പിയുമൊക്കെ മടങ്ങിപോവില്ലേ?
വാഹനങ്ങള്‍ ഓടിത്തുടങ്ങുകയും വ്യവസായ ശാലകള്‍ പ്രവര്‍ത്തിച്ച് തുടങ്ങുകയും കടകമ്പോളങ്ങളും കൃഷി, കന്നുകാലി വളര്‍ത്തലാദികളും പുനരാരംഭിക്കുകയും ചെയ്യുന്നതോടെ കാര്‍ബണ്‍ എമിഷന്‍, മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രശ്‌നങ്ങള്‍, രാസവളപ്രയോഗം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഒക്കെയും മടങ്ങിവരും. തുടര്‍ന്ന് മലിനമായ പ്രഭാതങ്ങളാവും നമ്മെ വീണ്ടും വരവേല്‍ക്കുക. അപ്പോള്‍ എന്താണൊരു പോംവഴി?
പരിസ്ഥിതിയും അതിജീവനവും ഒത്തുപോകാത്ത ഒരവസ്ഥയില്‍ എത്തിപ്പെട്ടിരിക്കുകയാണ് മനുഷ്യന്‍ എന്ന തോന്നല്‍ ഇന്ന് വ്യാപകമാണ്. അത് സ്വാഭാവികമായ ഒരവസ്ഥയല്ല, മറിച്ച് മനുഷ്യ നിര്‍മ്മിതമായ ഒന്നാണെന്നും. മനുഷ്യന്റെ അതിജീവന ചരിത്രത്തെ പരിസ്ഥിതി വിരുദ്ധമായ ഒന്നാക്കിത്തീര്‍ത്തത് ആധുനികതയും ശാസ്ത്രവുമാണ് എന്ന ധാരണയും ഇതിനോടൊപ്പം പരക്കുകയാണ്. എന്നാല്‍ ഇവ എത്രത്തോളം സാധുവാണ്? ആ ചോദ്യത്തിന്റെ ഉത്തരം കിട്ടാതെ നമുക്ക് മേല്‍പറഞ്ഞ പ്രതിസന്ധിയിലേക്കും അതിന്റെ പോംവഴിയിലേക്കും കടക്കാനാവില്ല.
മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍
മനുഷ്യന്‍ പ്രകൃതിയില്‍ നടത്തിയ അതിക്രമങ്ങളുടെ സ്വാഭാവിക പരിണതി എന്ന നിലയില്‍ സകല പ്രകൃതി ദുരന്തങ്ങളെയും കാണുക ഇന്നത്തെ പരിസ്ഥിതിവാദത്തിലെ പ്രബലമായ ഒരു ജനപ്രിയ യുക്തിയാണ്. മനുഷ്യന്റെ, കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ ആധുനിക മനുഷ്യന്റെ നെറികെട്ട ഇടപെടലുകള്‍ക്ക് ശേഷമാണ് ഇക്കണ്ട പ്രകൃതിക്ഷോഭങ്ങളൊക്കെയും ഉണ്ടാകാന്‍ തുടങ്ങിയത് എന്ന നിലയിലാണ് പലപ്പോഴും അതിന്റെ യുക്തി സഞ്ചാരം തന്നെ.
മനുഷ്യന്റെ ഇടപെടലുകള്‍ ഇല്ലായിരുന്നുവെങ്കില്‍ പ്രകൃതി ഒരു ക്ഷോഭവും കൂടാതെ മാറ്റമില്ലാത്തതായി തുടര്‍ന്നേനെ എന്ന തോന്നല്‍ വാസ്തവത്തില്‍ സൃഷ്ടിവാദത്തെ പിന്‍പറ്റുന്ന ഒന്നാണ്. ദൈവം പ്രകൃതിയെയും ജീവജാലങ്ങളെയും സൃഷ്ടിച്ചു. അവയില്‍ മനുഷ്യന്‍ മാത്രം ദൈവത്തെ അനുസരിക്കാതെ കണ്ടമാനം നടന്നു. ദൈവക്ഷോഭം പ്രകൃതിക്ഷോഭമായി ജീവിതത്തില്‍ പ്രതിഫലിച്ചു. എല്ലാം കൃത്യം. ഇത് വിട്ട് ജീവന്റെ ഉല്പത്തിയെക്കുറിച്ചുള്ള ശാസ്ത്രീയ വിശകലനങ്ങളുടെ പാത അവലംബിച്ചാല്‍ ഭൂമിയില്‍ ജീവന്‍ ഉണ്ടായതുതന്നെ ഒരു മാറ്റത്തിലൂടെ ആയിരുന്നു എന്ന് കാണാം. ഇക്കണ്ട വൃക്ഷലതാദികളും ഏകകോശ, ബഹുകോശ ജീവികളുമൊക്കെയായി ഭൂമി ഒരിക്കല്‍ അവതരിക്കുകയും മനുഷ്യന്റെ ഇടപെടലുകള്‍ ഉണ്ടാവുന്ന നാള്‍ വരെ മാറ്റമില്ലാതെ തുടരുകയുമായിരുന്നില്ല അത്.
മനുഷ്യന്റെ ഇടപെടലുകള്‍ ഇല്ലായിരുന്നുവെങ്കില്‍ പ്രകൃതി ഒരു ക്ഷോഭവും കൂടാതെ മാറ്റമില്ലാത്തതായി തുടര്‍ന്നേനെ എന്ന തോന്നല്‍ വാസ്തവത്തില്‍ സൃഷ്ടിവാദത്തെ പിന്‍പറ്റുന്ന ഒന്നാണ്.
പ്രാചീന നാഗരികതകളുടെ ചരിത്രമെടുത്താല്‍ അതും പ്രളയങ്ങളും, ഭൂചലനവും, അഗ്‌നിപര്‍വ്വത വിസ്‌ഫോടനവും, പകര്‍ച്ച വ്യാധിയും, വരള്‍ചയും, ക്ഷാമവുമൊക്കെയായി നിരവധിയായ പ്രകൃതി ക്ഷോഭങ്ങള്‍ കണ്ട് തന്നെയാണ് മുമ്പോട്ട് പോയത്. എന്നുവച്ചാല്‍ ഇക്കണ്ട പ്രകൃതി ക്ഷോഭങ്ങളും മഹാവ്യാധികളുമൊക്കെ മനുഷ്യനിര്‍മ്മിതമായ, ആധുനിക ശാസ്ത്രനിര്‍മ്മിതമായ ദുരന്തങ്ങളാണെന്ന വാദം യുക്തിക്ക് നിരക്കുന്നതല്ല എന്ന്..
മഹാവ്യാധികളുടെ ചരിത്രം
കോവിഡ് എന്നത് ലോകം കണ്ട ആദ്യത്തെ മഹാമാരിയൊന്നുമല്ല. ഇതിലും വ്യാപ്തിയും പ്രഹരശേഷിയുമുള്ള എത്രയെത്ര മഹാവ്യാധികളെ കണ്ട ഒന്നാണ് നമ്മുടെ ചരിത്രം. അത് പലപ്പോഴും ധ്വനിപ്പിക്കപ്പെടുന്നതുപോലെ ആധുനിക കാലത്തൊന്നും തുടങ്ങുന്നതുമല്ല.
ക്രിസ്തുവിന് മുമ്പേ ഉണ്ട് ഇന്‍ഫ്‌ളുവന്‍സാ പോലെയുള്ള പകര്‍ച്ചവ്യാധികള്‍. അവ എത്രപേരെ ബാധിച്ചു, അതില്‍ എത്രപേര്‍ മരിച്ചു തുടങ്ങിയ കാര്യങ്ങളില്‍ ഇന്നത്തെ പോലെ കൃത്യമായ സ്ഥിതിവിവര കണക്കുകള്‍ ലഭ്യമല്ലെന്ന് മാത്രം. ഈ വൈറസ് ബാധ എന്നതും ഒരു ആധുനികോത്തര പ്രതിഭാസമല്ല. ഇന്നത്തേതുപോലെ വികസിതമായ ഗതാഗത, വാര്‍ത്താവിനിമയ സംവിധാനങ്ങളൊന്നും ഇല്ലാത്ത കാലത്തും വന്‍കരയില്‍നിന്നും വന്‍കരയിലേക്ക് പടര്‍ന്ന വ്യാധികളുണ്ടായിട്ടുണ്ട്. അവയില്‍ കോളറയും പ്ലേഗും പോലെയുള്ളവ പരത്തിയത് ബാക്ടീരിയയാണെങ്കില്‍, മീസില്‍സ്, ഇന്‍ഫ്‌ളുവന്‍സ, വസൂരി, ഫ്‌ളൂ തുടങ്ങിയവയ്ക്ക് കാരണം വൈറസായിരുന്നു.
ആറാം നുറ്റാണ്ടില്‍ യൂറോപ്പിലും ഏഷ്യയിലുമായി പടര്‍ന്നുപിടിച്ച ജസ്റ്റിനിയന്‍ പ്ലേഗ് കൊന്നൊടുക്കിയത് നൂറുമില്യനോളം മന്യുഷ്യരെയാണ്. പതിനാലാം നുറ്റാണ്ടില്‍ യൂറോപ്പ്, ഏഷ്യ, നോര്‍ത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ പടര്‍ന്നുപിടിച്ച, ബ്ലാക്ക് ഡെത്ത് എന്ന് അറിയപ്പെടുന്ന പ്ലേഗുകാലമാവട്ടെ ഇരുനൂറ് മില്ല്യന്‍ മനുഷ്യരെയാണ് കൊന്നുതീര്‍ത്തത്. കോളറ, വസൂരി, മീസില്‍സ്, ഫ്‌ളു ഒക്കെയായി പല ദേശങ്ങളില്‍ പല സംഖ്യകളില്‍ അത് ആവര്‍ത്തിച്ചു. ഒടുവില്‍ ആയിരത്തി തൊള്ളായിരത്തി പതിനെട്ടില്‍ ലോകമെമ്പാടും പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്‌ളു അഞ്ഞൂറുമില്യന്‍ പേരെ ബാധിച്ചു. മരണ സംഖ്യ നൂറുമില്യണോളം വരുമെന്ന് കരുതപ്പെടുന്നു.
ഈ പറഞ്ഞവയില്‍ പല പകര്‍ച്ചവ്യാധികളും ആധുനിക പൂര്‍വകാലത്ത് ഉണ്ടായവയാണ്. അതായത് വ്യവസായ ശാലകളും രാസവളം ഉപയോഗിച്ചുള്ള കൃഷിയും ജനിതക പരിവര്‍ത്തനവും ഫോസില്‍ ഫ്യുവല്‍ ഉപഭോഗവുമൊന്നും ഇമ്മട്ടില്‍ മനുഷ്യന്‍ വഴി പ്രകൃതിയുടെ പാരിസ്ഥിതിക തുലനം തകര്‍ക്കാത്ത കാലത്തും പകര്‍ച്ചവ്യാധികള്‍ ഉണ്ടായിട്ടുണ്ട്. ഈ പറഞ്ഞതിന്റെ അര്‍ത്ഥം നാം ഇന്ന് നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വെറും കല്പിത കഥകള്‍ മാത്രമാണെന്നല്ല. അത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. പക്ഷേ പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ മുഴുവന്‍ കാരണം ആധുനിക മനുഷ്യന്‍, ആധുനികത പ്രകൃതിയില്‍ നടത്തിയ കടന്നുകയറ്റങ്ങളാണെന്ന് പറയുമ്പോള്‍ അത് ഏകപക്ഷീയമായ ഒരു വാദമായി തീരുന്നുവെന്ന് മാത്രം.
ഏത് വൈറസ് വന്നാലും ആധുനികതയ്ക്ക് കിടക്കപ്പൊറുതിയില്ല
ആധുനികതാനന്തര കാലഘട്ടത്തിലുണ്ടാവുന്ന ഏത് പ്രാകൃതിക ദുരന്തത്തിനും ആധുനികതയില്‍ കാരണം തിരയുക എന്നത് നാം ഇന്ന് നിരന്തരം കണ്ടുവരുന്ന ഒരു പ്രവണതയാണ്. വ്യാവസായിക, കാര്‍ഷിക, ധവള വിപ്ലവങ്ങളൊക്കെയും നടക്കുന്നത് ആധുനിക കാലത്താണെന്നത് ശരിയാണ്. അക്കാലം മുതല്‍ക്ക് തന്നെയാണ് ഫോസില്‍ ഫ്യുവലുകളുടെ ഉപയോഗം വ്യാപകമാകുന്നതും. ആ നിലയ്ക്ക് ഇന്ന് നാം അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ആധുനിക ശാസ്ത്ര, സാങ്കേതിക മുന്നേറ്റങ്ങള്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായ പങ്കുണ്ട് എന്ന് വാദിക്കാം. എന്നാല്‍ ആധുനികപൂര്‍വ്വ കാലഘട്ടത്തില്‍ മനുഷ്യന്‍ നേരിട്ട പട്ടിണിയും പകര്‍ച്ചവ്യാധിയും കൂട്ട മരണവുമുള്‍പ്പെറ്റെയുള്ള രൂക്ഷമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടതും ഇവയൊക്കെതന്നെയാണ്.
ലാഭമെന്ന ഏകകത്തില്‍ മാത്രം ഊന്നുന്ന വികസന സങ്കല്‍പം ഇന്നത്തെ മുതലാളിത്തലോകത്ത് ചൂഷണത്തെ ഒരു സാമൂഹ്യ മനോനിലയായി പരിവര്‍ത്തനം ചെയ്യുന്നു. അതോടെ സാധ്യമായ എല്ലാറ്റിനെയും ചൂഷണം ചെയ്ത് ലാഭമുണ്ടാക്കുക എന്നത് സ്വാഭാവികവല്‍ക്കരിക്കപ്പെടുന്നു.
ഇന്ന് നമ്മള്‍ നയിക്കുന്ന ജീവിതത്തിന്റെ വര്‍ദ്ധിതമായ ആയുര്‍ദൈര്‍ഘ്യം മുതല്‍ ഗതാഗത, വാര്‍ത്താവിനിമയ വേഗവും ജീവിതോപാധികളുടെയും ഉപകരണങ്ങളുടെയും സമൃദ്ധിയുമൊക്കെ ആധുനിക കാലഘട്ടത്തില്‍ ശാസ്ത്ര, സാങ്കേതിക രംഗങ്ങളില്‍ ഉണ്ടായ കുതിച്ചുകയറ്റം വഴി സാദ്ധ്യമായതാണ്. എന്നാല്‍ ആധുനിക ശാസ്ത്രത്തിന്റെ നിരാസം മുഖ്യവ്രതമായി എടുക്കുന്ന ഉത്തരാധുനിക പരിസ്ഥിതിവാദം പലപ്പോഴും ഈ വസ്തുതകളെ കണ്ടില്ലെന്ന് നടിക്കുന്നു. പകരം ആധുനിക ശാസ്ത്രമെന്നത് മരുന്ന് മാഫിയയും അവയവ കച്ചവടവും പ്രകൃതി ചൂഷണവും ക്വാറിയും മണലുവാരലുമൊക്കെ ചേര്‍ന്ന ഒരധോലോക വ്യവഹാരമാണെന്ന് വരുത്തി തീര്‍ക്കുകയും ചെയ്യുന്നു.
ആധുനിക സാങ്കേതികവിദ്യ ഒരുക്കിക്കൊടുത്ത ഉപകരണങ്ങളും പ്‌ളാറ്റ്‌ഫോമുകളും ഉപയോഗിച്ചാണ് ഈ ഏകപക്ഷീയമായ കാല്‍പനിക പരിസ്ഥിതിവാദം ഉന്നയിക്കുന്നതും പ്രചരിപ്പിക്കുന്നതും ആധുനിക ശാസ്ത്രത്തെ വിമര്‍ശനങ്ങള്‍ കൊണ്ട് മൂടുന്നതുമൊക്കെയും എന്നതാണ് ഇതിലൊക്കെ വിചിത്രം. സംവാദം ഇവിടെയെത്തുമ്പോള്‍ ഹണ്ടര്‍ ഗാതറര്‍ യുഗത്തിലേക്കുള്ള ഒരു മടങ്ങിപോക്കല്ല ആധുനികതാ വിമര്‍ശനം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാവും പ്രതിവാദം. ഈ താര്‍ക്കികമായ വരാല്‍ സ്വഭാവം ഉത്തരാധുനിക സൈദ്ധാന്തികതയുടെ പ്രാദേശിക രൂപങ്ങളുടെ ഒരു പൊതുസ്വഭാവമായി തീര്‍ന്നിരിക്കുന്നു.
പ്രകൃതിചൂഷകനായ ആധുനിക മനുഷ്യന്‍ എന്ന നിര്‍വചനത്തിന്റെ ചുറ്റുപാടും നിന്നുകൊണ്ട് ആധുനിക ശാസ്ത്രത്തിന്റെ എമ്പെരിക്കല്‍ രീതിശാസ്ത്രമാണോ, ആധുനിക പൂര്‍വ്വ യുക്തിവാദമാണൊ മനുഷ്യനും പരിസ്ഥിതിക്കും ഒരുപോലെ സൗഹാര്‍ദ്ദപരം എന്നതരം ചര്‍ച്ചകള്‍ വീണ്ടും വീണ്ടും നടത്തുന്നതില്‍ കാര്യമില്ല. പകരം അന്വേഷണം കൂടുതല്‍ സമഗ്രമാക്കി മാറ്റേണ്ടിയിരിക്കുന്നു.
ചൂഷക സദാചാരം
മനുഷ്യന്‍ ഈവണ്ണം പ്രകൃതിയില്‍ കടും വെട്ട് നടത്തുന്നത് അവന്‍ അതിനെ ശത്രുതയോടെ കാണുന്നതുകൊണ്ടല്ല. തനിക്ക് ചുറ്റുമുള്ള ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാറ്റിനെയും ചൂഷകന്റെ കണ്ണോടെ നോക്കുന്ന മനുഷ്യര്‍ സ്രഷ്ടാവായ ദൈവം തമ്പുരാനെവരെ ചൂഷണം ചെയ്യുന്ന കൂട്ടത്തില്‍ കുന്നിനെയും കാടിനെയും മണ്ണിനെയും പുഴയെയും ചൂഷണം ചെയ്യുന്നു എന്ന് മാത്രം. അത്തരക്കാരെ സംബന്ധിച്ചിടത്തോളം ചൂഷണം ഒരു സദാചാരമാണ്. അത് അവര്‍ ആര്‍ജ്ജിച്ചതാവട്ടെ ആധുനിക ശാസ്ത്രത്തില്‍ നിന്നോ, എമ്പെരിക്കല്‍ യുക്തിചിന്തയില്‍ നിന്നോ അല്ല, മുതലാളിത്ത വ്യവസ്ഥ മുമ്പോട്ട് വയ്ക്കുന്ന ജീവിത സദാചാരത്തില്‍ നിന്നുമാണ്. ലാഭമെന്ന ഏകകത്തില്‍ മാത്രം ഊന്നുന്ന വികസന സങ്കല്‍പം ഇന്നത്തെ മുതലാളിത്തലോകത്ത് ചൂഷണത്തെ ഒരു സാമൂഹ്യ മനോനിലയായി പരിവര്‍ത്തനം ചെയ്യുന്നു. അതോടെ സാധ്യമായ എല്ലാറ്റിനെയും ചൂഷണം ചെയ്ത് ലാഭമുണ്ടാക്കുക എന്നത് അധമമായി ഒന്നുമില്ലാത്തവണ്ണം സ്വാഭാവികവല്‍ക്കരിക്കപ്പെടുന്നു.
പ്രകൃതിയെ ചൂഷണം ചെയ്യാനും വേണം മൂലധനം. മരം മുറിച്ച് കടത്താനായാലും ഖനനം നടത്തി ധാതു സമ്പത്ത് കൊള്ളയടിക്കാനായാലും ഉപകരണങ്ങള്‍ വേണം. അര്‍ഹമായ മൂല്യം പ്രതിഫലമായി നല്‍കിയേ അവ സ്വന്തമാക്കാന്‍ പറ്റു. എന്നാല്‍ അത് പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട മനുഷ്യവിഭവത്തിന്റെ മൂല്യത്തിന്റെ കാര്യത്തില്‍ അതുവേണ്ട. തൊഴിലാളികളുടെ ഗതികേടുകള്‍ക്കനുസരിച്ച് അധ്വാനശേഷിയെ പേശി വാങ്ങാം. ഉദാരവല്‍ക്കരണനയങ്ങളുടെ ആഗോള വ്യാപനം അതിനായി ലോകത്തെ ഏതാണ്ട് മുഴുവന്‍ മനുഷ്യരെയും തുറന്നുകൊടുക്കുന്നുമുണ്ട്. ഇന്നും ലോകത്ത് ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്നത് മനുഷ്യന്റെ അധ്വാനശേഷി തന്നെയാണ്. തൊഴിലാളി ചൂഷണം വ്യാപകമായ പരിസ്ഥിതിനാശമെന്നൊണം എല്ലാവര്‍ക്കും അനുഭവേദ്യമാകുന്ന പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നില്ല എന്നതിനാല്‍ അത് എല്ലാവരുടെയും കണ്‍സേണ്‍ ആവുന്നില്ലെന്ന് മാത്രം.

പലചൂഷണങ്ങളില്‍ ഒന്ന് മാത്രമായി ഒരു സമ്പൂര്‍ണ്ണ നിര്‍മ്മാര്‍ജ്ജനം സാധ്യമല്ല. അതുകൊണ്ട് തന്നെ പ്രകൃതി ചൂഷണമെന്ന ഭീഷണിയെ അതിജീവിക്കണമെങ്കില്‍ വാഹനം കുറയ്ക്കുക, വ്യാവസായിക ഉല്പാദനം കുറയ്ക്കുക, വന്‍കിട കൃഷിയും കാലിവളര്‍ത്തലും കുറയ്ക്കുക തുടങ്ങിയ ഒറ്റമൂലികള്‍ കൊണ്ട് നടക്കില്ല. കാരണം ചൂഷണം ഒരു സമഗ്ര മനോനിലയാണ്. അതില്‍ ചിലതിനെ മാറ്റിനിര്‍ത്തി ബാക്കിയുള്ളത് എന്ന യുക്തിപോലും പ്രായോഗികമായി നിലനില്‍ക്കില്ല. അതുകൊണ്ട് മുതലാളിത്തം ഇന്ന് പാരിസ്ഥിതിക പ്രശ്‌നമായി നമുക്കുമുമ്പില്‍ അവതരിപ്പിക്കുന്നത് അവരുടെതന്നെ ആന്തരിക പ്രതിസന്ധികളെയാണ് എന്നത് ആദ്യം നാം മനസിലാക്കണം.
മുതലാളിത്ത പദ്ധതി
മനുഷ്യനെ പ്രകൃതിയുടെ മറുപക്ഷത്ത് നിര്‍ത്തിയത് വികസനത്തിന്റെ മുതലാളിത്ത മാതൃകയാണ്. ആ മാതൃകയാവട്ടെ ഏതാനും പതിറ്റാണ്ടുകളായി വന്‍ പ്രതിസന്ധിയെ നേരിട്ടുവരികയാണ്. അതിനെ നേരിടാന്‍ പദ്ധതികളൊന്നുമില്ല എന്നതുകൊണ്ടുതന്നെ പ്രശ്‌നത്തെ മറച്ചുവയ്ക്കുകയാണ് അവര്‍ പരിഹാരമായി കൈക്കൊണ്ടുപോരുന്നത്. അതിന്റെ ഭാഗമായാണ് പില്‍ക്കാല മുതലാളിത്തം പരിസ്ഥിതിവാദത്തെ സ്വയം ഏറ്റെടുത്ത് ചാനലൈസ് ചെയ്യാന്‍ ശ്രമിക്കുന്നതും. ഒരുവഴിക്ക് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി എന്നൊക്കെ പറഞ്ഞ് ചില്ലറ കണ്‍കെട്ടുകള്‍ നടത്തുന്നു. മറുവഴിക്ക് അവരുടെ കുത്തകയായ സാംസ്‌കാരിക, അക്കാഡമിക് പ്‌ളാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് തങ്ങള്‍ക്ക് അനുരൂപമായ ഒരു പരിസ്ഥിതിവാദത്തെ രൂപപ്പെടുത്തുകയും ചെയ്യുന്നു. അതിലൂടെ വിമര്‍ശനങ്ങളെ തങ്ങളിലേയ്ക്ക് എത്താതെ മറ്റ് പലതിലേക്കും വഴിതിരിച്ച് വിടുന്നു. അരയന്നവും ഡോള്‍ഫിനും തുമ്പിയും ശലഭവുമൊക്കെയായി തഴയ്ക്കുന്ന കാല്പനിക പരിസ്ഥിതിവാദം അതിന്റെ ശാപങ്ങള്‍ മുഴുവന്‍ ആധുനികതയില്‍ ചൊരിയുമ്പോള്‍ അതിനെയും വിറ്റ് തിന്നുകയാണ് മുതലാളിത്തം, കോവിഡ് പോലെയുള്ള വൈറസുകളുടെ ഉല്‍പത്തിക്ക് പിന്നില്‍ പാരിസ്ഥിതിക വ്യതിയാനങ്ങള്‍ തൊട്ട് വന്‍കിട ഫാമിങ്ങ് വരെയുള്ള ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടുന്ന പഠനങ്ങളുണ്ട്. എന്നാല്‍ പരിസ്ഥിതി പോയിട്ട് മനുഷ്യനെ പോലും പരിഗണിക്കാതെ ആ ഘടകങ്ങളെ മുമ്പോട്ട് കൊണ്ടുപോകണമെന്ന് ശാഠ്യം പിടിക്കുന്നത് ആധുനികതയല്ല, മുതലാളിത്തമാണ്. ട്രംപ് ലോക്ക്ഡൗണ്‍ അനന്തമായി നീട്ടികൊണ്ടുപോയതിനുപിന്നിലും ഒടുവില്‍ ഗതികെട്ട് അത് പ്രഖ്യാപിച്ച ശേഷം അതുകൊണ്ട് ഉദ്ദേശിച്ച ഫലം ഉണ്ടായി എന്ന് ഒരുറപ്പുമില്ലാതെ ധൃതിപ്പെട്ട് പിന്‍ വലിക്കാന്‍ ശ്രമിക്കുന്നതിനുപിന്നിലും ഒരേ മുതലാളിത്ത ശാഠ്യമാണ് പ്രതിഫലിക്കുന്നത്. ഇതാവട്ടെ ഈ കോവിഡ് കാലത്തുണ്ടായ പുതിയൊരു കാഴ്ചപ്പാടുമല്ല. മുതലാളിത്തത്തിന്റെ പ്രപഞ്ച വീക്ഷണവും ജീവിത ദര്‍ശനവും ഒരുപോലെ ലാഭ കേന്ദ്രീകൃതമാണ്. അതിനായി എന്ത് ബലികൊടുക്കാനും ആ വ്യവസ്ഥ തയ്യാറാണ്.
ബൃഹദാഖ്യാനങ്ങളുടെ കാലം കഴിഞ്ഞു, ചരിത്രമേ അവസാനിച്ചു തുടങ്ങിയ ഉത്തരാധുനിക വാദങ്ങള്‍ പറയാതെ പറയുന്നത് മുതലാളിത്ത വിരുദ്ധ ബൃഹദാഖ്യാനങ്ങളുടെ ചരിത്രം അവസാനിച്ചു എന്നാണ്. അതായത് ഇനി ബാക്കി ഒരു ബൃഹദാഖ്യാനവും അതിന്റെ ചരിത്രവും മാത്രം. അത് മുതലാളിത്തമാണ്. അത് ഈ പറയുന്ന സൂക്ഷ്മങ്ങളെയൊക്കെയും വില്‍ക്കാന്‍ പോന്നവണ്ണം സമഗ്രവുമാണ്. മന്ത്രവാദവും, അത്ഭുത പ്രവര്‍ത്തനവും മുതല്‍ ആള്‍ദൈവ വ്യവസായം വരെ കോര്‍പ്പറേറ്റ് ഘടനയാര്‍ജ്ജിച്ച് ഇവിടെ നിലനില്‍പ്പുണ്ട്. അതിനോടൊന്നും ഒരു വിയോജിപ്പും മുതലാളിത്തത്തിനില്ല.
ബൃഹദാഖ്യാനങ്ങളുടെ കാലം കഴിഞ്ഞു, ചരിത്രമേ അവസാനിച്ചു തുടങ്ങിയ ഉത്തരാധുനിക വാദങ്ങള്‍ പറയാതെ പറയുന്നത് മുതലാളിത്ത വിരുദ്ധ ബൃഹദാഖ്യാനങ്ങളുടെ ചരിത്രം അവസാനിച്ചു എന്നാണ്.
ഉള്ളത് തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ ഒരു യുക്തിയും സമഗ്ര ഘടനയാര്‍ജ്ജിച്ച് ഉയര്‍ന്നുവരരുത് എന്ന കരുതല്‍ മാത്രമാണ്. അതിനായുള്ള പദ്ധതിയും അവര്‍ പണ്ടേ ആസൂത്രണം ചെയ്ത് നടപ്പാക്കി പോരുന്നു.
മുതലാളിത്ത ചൂഷണത്തിന്റെ ഈ ബൃഹദാഖ്യാനമാണ് മനുഷ്യനെ പ്രകൃതിക്കും പരിസ്ഥിതിക്കും വിരുദ്ധമായ ഒന്നാക്കിത്തീര്‍ത്തത്. അതുകൊണ്ടുതന്നെ അതിന്റെ ആഗോളവലയത്തില്‍ നിന്നും എങ്ങനെ പുറത്തുകടക്കും എന്നതിലാണിനി വഴി തെളിയേണ്ടത്.
ടു ഈച്ച് അകൊഡിങ്ങ് ടു ഹിസ് നീഡ്‌സ്
പ്രകൃതിക്കുവേണ്ടി മനുഷ്യനോ, മനുഷ്യനുവേണ്ടി പ്രകൃതിയോ തുടങ്ങിയ ചോദ്യങ്ങള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളെയല്ല, ചില വിഭജന യുക്തികളെ മാത്രമാണ് മുമ്പോട്ട് വയ്ക്കുന്നത്. അത് പ്രകൃതിയെയും മനുഷ്യനെയും രണ്ടാക്കി അവതരിപ്പിക്കുന്നു. അവ തമ്മിലുള്ള സൃഷ്ടിപരമായ സഹജീവനത്തിന്റെ സാധ്യതകളില്‍ നിന്ന് ചിന്തയെ വഴിതെറ്റിക്കുന്നു.

'From each according to his ability, to each according to his needs ' എന്നത് മാര്‍ക്‌സ് മുമ്പോട്ട് വച്ച ഒരു മുദ്രാവാക്യമാണ്. 1875ല്‍ ജെര്‍മനിയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് അദ്ദേഹം അയച്ച കത്തിലാണത് പ്രത്യക്ഷപ്പെടുന്നത്. പ്രസ്തുത കത്ത് അദ്ദേഹത്തിന്റെ മരണശേഷം ക്രിട്ടിക് ഓഫ് ദ ഗൊത്ത പ്രൊഗ്രാം എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഓരോ മനുഷ്യനും അയാളുടെ ക്ഷമതയ്ക്കനുസരിച്ച് സമൂഹത്തിന്റെ പൊതുവായ വികാസത്തില്‍ അദ്ധ്വാനം കൊണ്ട് പങ്കാളിയാവുന്നു. ഓരോ മനുഷ്യനും അയാളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള പങ്ക് തിരികെ ലഭിക്കുകയും ചെയ്യുന്നു.
ദാരിദ്ര്യമോ, സന്യാസി തുല്യമായ ലളിത ജീവിതമോ അല്ല ഇതിന്റെ കാതല്‍, മറിച്ച് ആവശ്യമായത് ഉല്പാദിപ്പിക്കുകയും അതില്‍നിന്ന് എല്ലാവര്‍ക്കും അവരവര്‍ക്ക് ആവശ്യമായത് ലഭിക്കുകയും ചെയ്യുന്നു എന്നതാണ്. ആ ആവശ്യം എന്നത് അതാത് കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഇവിടെ ഇല്ലാതാവുന്ന ഘടകം വികസനമല്ല, ലാഭമാത്രകേന്ദ്രീകൃതമായ വികസനമാണ്. ഉല്‍പാദനം ലാഭത്തിന്റെ കുന്നുകൂട്ടലിനെയല്ല, ആവശ്യത്തെയാണു കേന്ദ്രമാക്കുന്നത് എന്നതിനാല്‍ ആ വ്യവസ്ഥയില്‍നിന്നും ചൂഷണം സ്വയം പുറത്താവുന്നു. ഇന്ന ചൂഷണമെന്നല്ല, എല്ലാത്തരം ചൂഷണങ്ങളും ആ മുതലാളിത്ത നിര്‍മ്മിത സാമൂഹ്യ സദാചാരം തന്നെയും. അത്തരം ഒരു ലോകത്ത് വാഹനങ്ങളും വ്യവസായവും കൃഷിയും കാലി വളര്‍ത്തലും ഒക്കെയുണ്ടാവും. പക്ഷേ അത് പ്രകൃതി വിഭവങ്ങളുടെയും മനുഷ്യാദ്ധ്വാനത്തിന്റെയും കടും വെട്ടായി മാറില്ല. മറിച്ച് കരുതലോടുകൂടിയുള്ള സഹജീവനമാവും.
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഒരു ടെക്സ്റ്റിന്റെ യാന്ത്രികമായ നടപ്പിലാക്കല്‍ അല്ല ഉദ്ദേശിക്കുന്നത് എങ്കില്‍ പോലും മാര്‍ക്‌സ് എന്ന പേര്‍ കണ്ടതുകൊണ്ട് കാലഹരണപ്പെട്ട കമ്യൂണിസ്റ്റ് മാതൃക എന്ന് ഈ പറഞ്ഞതിനെ തീര്‍ച്ചയായും പുച്ഛിച്ച് തള്ളാവുന്നതാണ്. അത് അവരവരുടെ തീരുമാനത്തിനു വിടുന്നു.
വാസ്തവത്തില്‍ ഇത് മാര്‍ക്‌സില്‍ തുടങ്ങി അവസാനിക്കുന്ന ഒരാശയമേ അല്ല. അവസാനത്തെ മനുഷ്യന്റെ ആവശ്യങ്ങളെയും അനുഭാവപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തുന്ന മാനവികതയുടെതായ പരിഗണന നമുക്ക് വിവിധ മതങ്ങളിലും യുഗപ്രഭാവന്മാരായ ചിന്തകരിലും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളിലും തുടങ്ങി ഇങ്ങ് പതിനാറാം നൂറ്റാണ്ടില്‍ പ്രസിദ്ധീകരിക്കപ്പെട്ട തോമസ് മോറിന്റെ ''യുട്ടോപിയ'', പത്തൊമ്പതാം നൂറ്റാണ്ടില്‍ പ്രസിദ്ധീകരിക്കപ്പെട്ട റസ്കിന്‍ ''അണ്‍ ടു ദിസ് ലാസ്റ്റ്'' പോലെയുള്ള ഗ്രന്ഥങ്ങളില്‍ വരെ കണ്ടെത്താം. എന്നാല്‍ മനുഷ്യനെ കൈവിടാതെ പ്രകൃതിയെ നിലനിര്‍ത്താനുള്ള പ്രായോഗിക രാഷ്ട്രീയ പദ്ധതികളെക്കുറിച്ചുള്ള ഏത് അന്വേഷണത്തിനും ഏതെങ്കിലും നിലയില്‍ മാര്‍ക്‌സിലേക്കും തിരിഞ്ഞ് നോക്കേണ്ടിവരും എന്ന് മാത്രം. അതില്‍ ആര്‍ക്കും പ്രത്യേകിച്ച് അഭിമാനിക്കാനൊ, ലജ്ജിക്കാനൊ ഒന്നുമില്ലതാനും.

കോവിഡ് വെളിപ്പെടുത്തുന്നത്
ആധുനികതയെന്നത് മറ്റേത് ചരിത്ര ഘട്ടത്തെയും പോലെ സ്വയം സമ്പൂര്‍ണ്ണമായ ഒന്നല്ല. അത് ഒരു തുടര്‍ച്ചയാണ്. എന്നാല്‍ ആധുനിക വിമര്‍ശനങ്ങള്‍ പലപ്പോഴും അതില്‍നിന്നുമുള്ള മുമ്പോട്ടുപോക്കിനു പകരം പുനരുദ്ധാരണോന്മുഖമായി പ്രവര്‍ത്തിക്കുന്നു. ആധുനികതയുടെ സമഗ്രവും സാര്‍വ്വജനീനവുമായ ലോകവീക്ഷണത്തിന്റെ വലിയ കണ്ണുകളില്‍ സൂക്ഷ്മമായ പല ജീവിത വൈരുദ്ധ്യങ്ങളും പെടാതെ പോയി എന്നത് സാധുവായ ഒരു വിമര്‍ശനമാണ്. എന്നാല്‍ അതിന്റെ മറുപടി സമഗ്രത, സാര്‍വ്വജനീനത തുടങ്ങിയ മൂല്യങ്ങളുടെ സമ്പൂര്‍ണ്ണ സൈദ്ധാന്തിക നിരാസമല്ല. അതൊരു വൈജ്ഞാനികമോ, സൈദ്ധാന്തികമോ ആയ വഴിയല്ല, മറിച്ച് പില്‍ക്കാല മുതലാളിത്തത്തിന്റെ താല്പര്യങ്ങളെ ഒളിച്ച് കടത്തുവാനുള്ള ഒരു രഹസ്യമാര്‍ഗ്ഗം മാത്രമാണ്.
കോവിഡ് ഇന്ന് വെളിപ്പെടുത്തുന്നത് മുതലാളിത്തത്തിന്റെ പ്രപഞ്ച, ജീവിത വീക്ഷണങ്ങളിലെ പ്രതിസന്ധിയാണ്. ചരിത്രത്തിന്റെ മരണം പോലും പ്രവചിച്ച വ്യവസ്ഥ ഇന്ന് അതിന്റെ ആന്തരിക പ്രതിസന്ധികള്‍ക്ക് മുമ്പില്‍ പകച്ച് നില്‍ക്കുകയാണ്. അത്യന്താധുനിക സൗകര്യങ്ങളുള്ള കൂറ്റന്‍ ആശുപത്രികളും അതിപ്രഗല്‍ഭരായ ഭിഷഗ്വരന്മാരും ഒക്കെയുണ്ടായിട്ടും വെറുമൊരു ഫ്‌ളൂവിനുമുമ്പില്‍ അവര്‍ക്ക് പകച്ച് നില്‍ക്കേണ്ടിവരുന്നത് ഒരു രാജ്യത്തിന്റെ പ്രശ്‌നമല്ല, ഒരു മാതൃകയുടെ പ്രശ്‌നമാണ്.
കോവിഡ് ഇന്ന് വെളിപ്പെടുത്തുന്നത് മുതലാളിത്തത്തിന്റെ പ്രപഞ്ച, ജീവിത വീക്ഷണങ്ങളിലെ പ്രതിസന്ധിയാണ്. ചരിത്രത്തിന്റെ മരണം പോലും പ്രവചിച്ച വ്യവസ്ഥ ഇന്ന് അതിന്റെ ആന്തരിക പ്രതിസന്ധികള്‍ക്ക് മുമ്പില്‍ പകച്ച് നില്‍ക്കുകയാണ്.
വികേന്ദ്രീകൃതമായ ആരോഗ്യപരിപാലനത്തിന്റെ ചട്ടക്കൂടും ക്ഷേമരാഷ്ട്ര സങ്കല്പത്തിലൂന്നിയ ഭരണ സംവിധാനവുമില്ലാതെ വെറും ക്യാപിറ്റല്‍ കൊണ്ട് മാത്രം കേവലമൊരു ഫ്‌ളൂവിനെ പോലും പ്രതിരോധിക്കാനാവില്ല എന്നാണു കൊറോണ വൈറസ് ഞെളിഞ്ഞുനിന്ന് പറയുന്നത്. ഇത് കാണാതെ കൊറോണ പോലൊരു വ്യാധിയെ ആധുനികതയുടെ അഹന്തകള്‍ക്ക് കിട്ടിയ അടിയായി വ്യാഖ്യാനിക്കുന്നത് അറിവില്ലായ്മയല്ല, ധൈഷണികമായ സത്യസന്ധതയില്ലായ്മയാണ്.
കോവിഡ് ആധുനിക ശാസ്ത്രത്തിന്റെ അഹങ്കാരങ്ങള്‍ക്ക് ഏറ്റ അടിയല്ല, മുതലാളിത്ത ധാര്‍ഷ്ട്യങ്ങള്‍ക്കേറ്റ പ്രഹരമാണ്. എല്ലാം തങ്ങളുടെ കൈപ്പിടിയില്‍ ഭദ്രമായിക്കഴിഞ്ഞു എന്ന മുതലാളിത്ത അഹന്തയുടെ ചുടല പറമ്പാവുന്നു ആ വൈറസ്. എന്നാല്‍ അവിടെ ബലികൊടുക്കപ്പെടുന്നതും നിരപരാധികളായ മനുഷ്യരുടെ ജീവിതങ്ങളാണ്. അതുകൊണ്ട് കോവിഡ് അനന്തര ലോകത്തോട് ആ ആത്മാക്കള്‍ ആവശ്യപ്പെടുന്നത് ആധുനിക പൂര്‍വ്വ മൂല്യങ്ങളുടെ പുനപ്രതിഷ്ഠയല്ല, ഒരു മുതലാളിത്താനന്തര ലോകത്തേക്ക് നയിക്കാന്‍ ഉതകുന്ന രാഷ്ട്രീയവും സാംസ്‌കാരികവുമായ വീണ്ടുവിചാരങ്ങളും ഇടപെടലുകളുമാണ്.
എഴുത്തുകാരന്‍
P. J. Mathew
28 Apr 2020, 08:32 PM
Diagnosis appears sound, now what is the prognosis?
Arun krishnan
28 Apr 2020, 07:56 PM
'From each according to his ability, to each according to his needs ' ഇവിടെ ലേഖകനും കാറൽ മാർക്സും നേരിടുന്ന പൊതുവായ പ്രശ്നം ആവശ്യത്തെ (needs )define ചെയ്യാൻ സാധിക്കുന്നില്ല എന്നതാണ് അല്ലെങ്കിൽ ആവശ്യം എന്നത് എല്ലാ വ്യക്തികൾക്കും ഒരേ അളവിലാണ് എന്ന് തെറ്റായി അനുമാനിക്കുന്നു (ജൈവികമായി അതൊരു തെറ്റായ അനുമാനമാണ് ). അതുകൊണ്ടു തന്നെ ലേഖനം പറഞ്ഞുവരുന്ന യുക്തി ആവശ്യത്തിന്റെ അടിസ്ഥാനത്തിലാകുമ്പോൾ നഷ്ടപ്പെടുന്നു. മുതലായത്തിനു ആപ്രശനമില്ല കൂടുതൽ ആവശ്യമുള്ളവർ കൂടുതൽ ചൂഷണം ചെയ്യുന്നു.
എ. ഹരിശങ്കര്‍ കര്‍ത്ത
Dec 20, 2022
2 Minutes Read
വിശാഖ് ശങ്കര്‍
Dec 02, 2022
5 Minutes Read
താഹ മാടായി
Nov 20, 2022
3 Minutes Read
വിശാഖ് ശങ്കര്‍
Nov 11, 2022
10 Minutes Read
Truecopy Webzine
Jul 09, 2022
2 Minutes Read
PJJ Antony
1 May 2020, 07:24 PM
ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത്. രണ്ടായാലും വസ്തുനിഷ്ടത വേണ്ടേവേണ്ട! സകലത്തിന്റെയും വ്യാജരൂപങ്ങൾക്കാണ് ഇപ്പോൾ ജനപ്രിയത. ഗുഹകളിൽ ജീവിച്ചപ്പോഴും ഇപ്പോഴും പ്രകൃതി നമ്മളെ അനന്തമായി താരാട്ടിയിട്ടൊന്നുമില്ല. വെല്ലുവിളികളെ നേരിട്ടുതന്നെയാണ് മനുഷ്യജീവി ഇവിടംവരെ എത്തിയത്. ഇനിയുള്ള വഴികളും അതൊക്കെ തന്നെ. നല്ല ലേഖനം.