8 May 2020, 06:50 PM
അർധപട്ടിണിക്കാരായ ജനകോടികൾ എങ്ങനെ സാമൂഹിക അകലം പാലിച്ചും കൈകൾ ശുദ്ധമാക്കിയും ജീവിക്കണം, ശമ്പളം വെട്ടിക്കുറക്കപ്പെട്ട നഴ്സുമാർ മാലാഖമാരായി തുടരണം, പണി ഉപേക്ഷിച്ച് തിരിച്ചെത്തുന്ന പ്രവാസികൾ വീടുകളിൽ അടച്ചുപൂട്ടി കഴിയണം- മധ്യ, ഉപരിവർഗ്ഗങ്ങളുടെ സ്വാസ്ഥ്യം സംരക്ഷിക്കുന്ന നിയന്ത്രണങ്ങൾ നമ്മെ എവിടെയെത്തിക്കും?
ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനുമുമ്പ്, മാർച്ച് 22ന് കൈയടിച്ചും പാത്രങ്ങൾ മുട്ടിച്ചും ശബ്ദമുണ്ടാക്കി നമ്മൾ കോവിഡിനെതിരേ പൊരുതുന്ന ആരോഗ്യ പ്രവർത്തകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ശേഷം ഏപ്രിൽ അഞ്ച് ഞായറാഴ്ച രാത്രി ഒൻപത് മുതൽ ഒൻപത് മിനിട്ട് രാജ്യമാകമാനം വൈദ്യുതി വിളക്കണച്ച് ദീപം തെളിച്ചു. ഏതാനും ദിവസം മുമ്പ്, മെയ് മൂന്നിന്, ലോക്ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് നീങ്ങവേ നേവി ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തി രാജ്യമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകരെ ആദരിച്ചു.
ഈ സംഭവം കവർ ചെയ്യാനെത്തിയ ചാനൽ കാമറക്കുമുമ്പിൽ ആനന്ദത്താൽ വിടർന്ന കണ്ണുകളുമായി ഒരു ആശുപത്രി ജീവനക്കാരി പറഞ്ഞത്, ആദ്യമായാണു തങ്ങൾ ഈ വിധത്തിൽ ഒരു ചാനലിലോ, പത്രത്തിലോ വരുന്നതെന്നായിരുന്നു. ശരിക്കും കണ്ണുനനയിക്കുന്ന ദൃശ്യം. ഏത് മഹാമാരി വന്നാലും സ്വന്തം ആരോഗ്യവും ജീവനും വരെ അപകടത്തിലാക്കി പണിയെടുക്കുന്ന നഴ്സ് മുതൽ അടിച്ച്- തുടപ്പ് വേലകൾ ചെയ്യുന്നവർവരെയുള്ള വലിയ വിഭാഗം മനുഷ്യരുടെ സേവനം അദൃശ്യമായി, ആരാലും അംഗീകരിക്കപ്പെടാതെ പോകുന്നുണ്ടോ എന്ന് നമ്മെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു ആ വാക്കുകൾ.
ഇത്തരം നന്ദി പറച്ചിലിന്റെയും അംഗീകാരത്തിന്റെയും പ്രതീകാത്മക പ്രകടനങ്ങള്‍ക്ക് അതിന്റേതായ പ്രസക്തിയുണ്ട്. പക്ഷേ അതിനൊപ്പം മറ്റ് ചില ക്രിയാത്മകമായ ഇടപെടൽകൂടി ഉണ്ടാവണം. ഈ മഹാമാരിയെ നാം അതിജീവിക്കുമ്പോഴാണ് അവരുടെ സേവനം സമഗ്രാർത്ഥത്തിൽ സാർത്ഥകമാവുക. അതിന് ഭരണസംവിധാനങ്ങൾ എത്രത്തോളം അവരെ സഹായിക്കുന്നുണ്ട്?
ലോക്ഡൗൺ മുതൽ ലോക്ഡൗൺ വരെ
രാജ്യത്തിന്റെ വളർച്ചാനിരക്കിനെയും സാമ്പത്തിക ഭദ്രതയെയും ഋണാത്മകമായി ബാധിക്കുകയും തൊഴിലില്ലായ്മ, ദാരിദ്ര്യം പോലെയുള്ള പ്രശ്നങ്ങളെ പൂർവ്വാധികം വഷളാക്കുകയും ചെയ്യുന്ന ഒരു നീക്കം എന്ന് അറിഞ്ഞുകൊണ്ടുതന്നെ ലോകം ലോക്ഡൗണിലേക്ക് പോകുന്നത് വേറെ വഴിയില്ലാത്തതുകൊണ്ടാണ്. സമൂഹവ്യാപനം എന്ന കൈവിട്ട അവസ്ഥ ഒഴിവാക്കുക, പരമാവധി പരിശോധന നടത്തി രോഗികളെ തിരിച്ചറിഞ്ഞ് ക്വാറന്റൈന്‍ ചെയ്യുകയും അവരുടെ സമ്പർക്ക പട്ടികയും റൂട്ട് മാപ്പും തയ്യാറാക്കി രോഗസാധ്യതയുള്ളവരെ കണ്ടെത്തുകയും നിരീക്ഷണത്തിലാക്കുകയും ചെയ്യുക. അങ്ങനെ രോഗവ്യാപനം നിയന്ത്രിക്കുക. ലോക്ഡൗൺ വിജയിക്കുന്നത് ആ കാലഘട്ടത്തിൽ രോഗവ്യാപനത്തിൽ വ്യാപകമായ കുറവുണ്ടാകുന്നു എന്ന് ഉറപ്പുവരുത്തുമ്പോഴാണ്. അതിനു നമുക്ക് ആയിട്ടുണ്ടോ എന്നതാണു പ്രസക്ത ചോദ്യം.
ലോക്ഡൗൺ വിജയിക്കുന്നത് ആ കാലഘട്ടത്തിൽ രോഗവ്യാപനത്തിൽ വ്യാപകമായ കുറവുണ്ടാകുന്നു എന്ന് ഉറപ്പുവരുത്തുമ്പോഴാണ്. അതിനു നമുക്ക് ആയിട്ടുണ്ടോ എന്നതാണു പ്രസക്ത ചോദ്യം.
കണക്ക് പരിശോധിച്ചാൽ കാര്യം അത്ര ആശാസ്യമായല്ല പുരോഗമിക്കുന്നത്. രാജ്യം 21 ദിവസത്തെ ലോക്ഡൗണിലേക്ക് പോകുന്ന മാർച്ച് 25വരെയുള്ള രോഗബാധിതരുടെ എണ്ണം 618. മരണം 13. ഒന്നാം ഘട്ടം അവസാനിക്കുന്ന ഏപ്രിൽ 14 ആകുമ്പോൾ അത് യഥാക്രമം 10815, 353. രണ്ടാം ഘട്ടം ലോക്ഡൗൺ കഴിഞ്ഞ് മെയ് മൂന്ന് ആകുമ്പോൾ കേസുകൾ കുറയുകയല്ല, വർദ്ധിക്കുകയാണ്. മരണം മൂന്നിരട്ടിയിലേറെയായി. രോഗബാധിതരുടെ എണ്ണം 40,000 കവിഞ്ഞു.
മെയ് അഞ്ച് ആവുമ്പോഴേയ്ക്കും, ഒറ്റ ദിവസത്തിൽ 195 പേരാണ് മരിച്ചത്. പുതിയതായി രോഗം ബാധിച്ചത് 3875 പേര്‍ക്കും. കഴിഞ്ഞ 15 ദിവസത്തെ കണക്കെടുത്താല്‍ രോഗബാധിതരുടെ എണ്ണവും മരിച്ചവരുടെ എണ്ണവും ഒരുപോലെ വര്‍ദ്ധിക്കുകയാണ്. രോഗം തകര്‍ത്ത യൂറോപ്പിലും അമേരിക്കയിലും ഉള്‍പ്പെടെ ഗ്രാഫ് താഴോട്ട് വരുമ്പോള്‍ ഇവിടെയത് മുകളിലേക്ക് തന്നെയാണ്. എന്താണ് ഇതൊക്കെ സൂചിപ്പിക്കുന്നത്?
ഒന്നിൽ പിഴച്ചാൽ മൂന്ന്
നാട് മുഴുവന്‍ അടച്ചിട്ട് ഇതുപോലൊരു മഹാമാരിയെ നേരിടുന്നത് ഒന്നിൽ പിഴച്ചാൽ മൂന്ന് എന്ന നിലയിലുള്ള നാട്ടുചൊല്ലുകളുടെ യുക്തിവച്ചിട്ടാണോ എന്ന് ചോദിച്ചാൽ അതിലും ഗൗരവമായ സമീപനം സർക്കാർ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല എന്നാണ് ഉത്തരം. കേസുകളും മരണസംഖ്യയും ഉയര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ എത്രനാള്‍ അടച്ചിടല്‍ തുടരാനാവും?
കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയും പലയിടങ്ങളിലും സമൂഹ വ്യാപനം നടന്നുവെന്ന് സംശയിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ലോക്ഡൗൺ നീട്ടുകയല്ലാതെ വേറെ വഴിയില്ല എന്നത് അംഗീകരിക്കുന്നു. എന്നാല്‍ നാല്‍പത് ദിവസത്തിലേറെ നീണ്ട ലോക്ഡൗണ്‍ കൊണ്ടും താഴോട്ട് വരാത്ത ഗ്രാഫ് എന്താണ് സുചിപ്പിക്കുന്നത്? സർക്കാർ സമൂഹവ്യാപന സാധ്യതയെ ഔദ്യോഗികമായി അംഗീകരിക്കുന്നില്ലെങ്കിലും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധരിൽ പലർക്കും ആ അഭിപ്രായം തന്നെയാണ്. എന്നാൽ വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ, ചെയ്യേണ്ട പണി വൃത്തിയായി ചെയ്യാതെ വെറുതേ രാജ്യം അടച്ചിട്ടാൽ രോഗം മാറുമോ എന്ന ചോദ്യം അവശേഷിക്കുകയാണ്.
കഴിഞ്ഞ മൂന്നുദിവസം തുടർച്ചയായി രണ്ടായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ദിവസേന മരണസംഖ്യ എഴുപതും എൺപതുമെന്ന നിലവിട്ട് ഇരുനൂറിനോടടുക്കുന്നു. അതിനിടെ ലോക്ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് തുടരാൻ തീരുമാനിക്കുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ഘട്ടത്തിലും നടപ്പിലാക്കാത്ത പുതിയ എന്തെങ്കിലും പദ്ധതിയുണ്ടോ, ഇക്കുറി ഈ വ്യാധിയെ വരുതിയിലാക്കാൻ?
പട്ടിണി വേഴ്സസ് പകർച്ച വ്യാധി
രാജ്യത്തെ മാസങ്ങളോളം അടച്ചിടുക എന്നത് ഒരു ഭരണകൂടത്തിന് നിസ്സാരമായി എടുക്കാവുന്ന തീരുമാനമല്ല. പ്രത്യേകിച്ച് അന്നന്ന് കിട്ടുന്നതുകൊണ്ട് അടുപ്പ് പുകയുന്ന അർദ്ധപട്ടിണിക്കാരായ ജനകോടികളുടെകൂടി നാടാണ് ഇന്ത്യ എന്ന് മനസിലാക്കുമ്പോൾ. നാടൊട്ടുക്ക് അടച്ചിടുമ്പോൾ ഇത്തരം മനുഷ്യർ എന്തുചെയ്യും, എങ്ങനെ കഴിയും എന്നതിനെക്കുറിച്ച് ഭരണകൂടം മുൻകൂട്ടി ചിന്തിക്കുകയും അതിന് വഴി കണ്ടെത്തുകയും ചെയ്യണം. ഇല്ലെങ്കിൽ ലോക്ഡൗൺ നാട്ടിലെ ദരിദ്രനാരായണന്മാരായ മനുഷ്യരുടെ മുമ്പിലേക്കെത്തുക പകർച്ച വ്യാധിയെ ചെറുക്കണമെന്ന സന്ദേശമല്ല പകരം ഏത് മരണം വേണമെന്ന ചോദ്യമായിരിക്കും- പട്ടിണിമരണം വേണോ അതോ പകർച്ചവ്യാധി മരണമോ?
ദാരിദ്ര്യവും തൊഴിലില്ലായ്മയും കാർന്നുതിന്നുന്ന ഇന്ത്യൻ ഗ്രാമങ്ങളിൽനിന്ന് തൊഴിലും ഭക്ഷണവും തേടി നഗരങ്ങളിലേക്ക് കുടിയേറിയ മനുഷ്യരെ സംബന്ധിച്ച് ആശങ്ക വ്യാധിയായിരുന്നില്ല, വിശപ്പായിരുന്നു.
രോഗം വന്നാൽ പിന്നെയും നിവൃത്തിയുണ്ട്. ധനികരിലേക്കും പകരും എന്നതുകൊണ്ട് ദരിദ്രരായ രോഗികൾക്കും ഒരുപക്ഷേ ചികിൽസ കിട്ടിയേക്കാം. എന്നാൽ കതകടച്ചിരുന്നാൽ കഞ്ഞിക്ക് വഴി എവിടെനിന്ന് വരും? ദാരിദ്ര്യവും തൊഴിലില്ലായ്മയും കാർന്നുതിന്നുന്ന ഇന്ത്യൻ ഗ്രാമങ്ങളിൽനിന്ന് തൊഴിലും ഭക്ഷണവും തേടി നഗരങ്ങളിലേക്ക് കുടിയേറിയ മനുഷ്യരെ സംബന്ധിച്ച് ആശങ്ക വ്യാധിയായിരുന്നില്ല, വിശപ്പായിരുന്നു. ഡൽഹിയിൽനിന്നും സൂററ്റിൽ നിന്നും മറ്റും കൂട്ടമായി തെരുവിലിറങ്ങി പൊലീസുമായി കൊമ്പുകോർത്ത കുടിയേറ്റ തൊഴിലാളികളുടെ വാക്കുകളിൽ അത് പ്രകടമായിരുന്നു. ഗ്രാമത്തിൽ ചെന്നാൽ കൃഷിയിൽ കുടുംബത്തെ സഹായിക്കുകയെങ്കിലും ചെയ്യാം. ജോലിയും കൂലിയുമില്ലാതെ ഇവിടെ പട്ടിണിയിരുന്നിട്ട് എന്ത് കാര്യം!
നഗരത്തിലായാലും ഗ്രാമത്തിലായാലും അട്ടിയിട്ടപോലെ കിടന്നുറങ്ങി കാലത്ത് എഴുന്നേറ്റ് പണിക്ക് പോകുന്ന മനുഷ്യരോടാണ് ഭരണകൂടം സാമൂഹ്യ അകലം പാലിക്കണം എന്ന വെറും വാക്ക് പറയുന്നത്. വൈദ്യുതിയും വെള്ളവും പോലെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെട്ടവരിലേക്കാണ് ഒരു സുപ്രഭാതത്തിൽ വ്യക്തി ശുചിത്വത്തിന്റെ പാഠമെത്തിക്കാൻ ശ്രമിക്കുന്നത്. അതും മധ്യ, ഉപരിവർഗ്ഗങ്ങളുടെ സ്വാസ്ഥ്യത്തിനു അപകടമായേക്കാം എന്നതുകൊണ്ട് മാത്രം! ഗ്രാമങ്ങളുടെ ശോച്യാവസ്ഥ മുതല്‍ ആരോഗ്യസംവിധാനങ്ങളുടെ അപര്യാപ്തത വരെയുള്ള പ്രശ്നങ്ങളും പട്ടിണിയും ദാരിദ്ര്യവും മാസങ്ങള്‍ കൊണ്ട് മാറ്റാനാവില്ല. പക്ഷെ അത്തരമൊരവസ്ഥയില്‍ നിന്നുകൊണ്ട് ലോക്ഡൗണ്‍ പോലുള്ള നടപടി സ്വീകരിച്ച് ഒരു പകര്‍ച്ചവ്യാധിയെ നേരിടുമ്പോള്‍ ആ പ്രശ്നങ്ങള്‍ക്ക് താല്‍കാലിക പരിഹാരമെങ്കിലും കണ്ടേ മതിയാവു. ഇല്ലെങ്കില്‍ കോവിഡലല്ല, ലഹളയും കലാപവുമാകും മൂന്നാം ഘട്ടത്തിലെ മുഖ്യ ഭീഷണി.
നാടിന്റെ പല ഭാഗങ്ങളിൽ നിന്ന് അന്തർസംസ്ഥാന തൊഴിലാളികൾ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങുകയാണ്. എന്നാൽ തൊഴിലില്ലായ്മയും പട്ടിണിയും ദേശീയ ശരാശരിക്കും പലമടങ്ങ് മുകളിൽ നിൽക്കുന്ന ബിഹാർ പോലെയുള്ള സ്ഥലങ്ങളിലേക്ക് മടങ്ങി ചെല്ലുമ്പോൾ അവരെ കാത്തിരിക്കുന്നത് എന്താണ്?
നാടിന്റെ പല ഭാഗങ്ങളിൽ നിന്ന് അന്തർസംസ്ഥാന തൊഴിലാളികൾ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങുകയാണ്. എന്നാൽ തൊഴിലില്ലായ്മയും പട്ടിണിയും ദേശീയ ശരാശരിക്കും പലമടങ്ങ് മുകളിൽ നിൽക്കുന്ന ബിഹാർ പോലെയുള്ള സ്ഥലങ്ങളിലേക്ക് മടങ്ങി ചെല്ലുമ്പോൾ അവരെ കാത്തിരിക്കുന്നത് എന്താണ്? ഈ പ്രശ്നങ്ങൾക്കൊന്നും പരിഹാരമില്ലാതെ പകർച്ച വ്യാധിക്ക് ലോക്ഡൗൺ കൊണ്ട് മാത്രം പരിഹാരം കണ്ടെത്താനാവില്ല. പിന്നെ ആവുന്നത് നമ്മള്‍ ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നതുപോലെയുള്ള പ്രതീകാതമക കണ്‍കെട്ടലുകള്‍ മാത്രമാണ്!
നഴ്സ് ജീവിതം
ഇനി നമ്മൾ നന്ദിവാക്കും അഭിനന്ദനങ്ങളും കൊണ്ട് വീർപ്പുമുട്ടിച്ച കോവിഡ് പ്രതിരോധ പോരാളികളുടെ കാര്യമെടുക്കാം. നിരവധി ഡോക്ടർമാർക്കും നഴ്സുമാർക്കും ആശുപത്രി ജീവനക്കാർക്കും രോഗം ബാധിച്ചുകഴിഞ്ഞു. നഴ്സുമാരെ മാലാഖയെന്ന് വിളിക്കുകയും ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുമ്പോഴും അവർ നേരിടുന്ന പ്രായോഗിക പ്രശ്നങ്ങൾക്ക് വല്ല പരിഹാരവും ഉണ്ടോ?
ഇന്ത്യയിലെ പല പ്രമുഖ നഗരങ്ങളിലെയും സ്വകാര്യ ആശുപത്രികളിൽ പണിയെടുക്കുന്ന നഴ്സുമാരുടെ ദയനീയ അവസ്ഥ നാം നിത്യേന കേൾക്കുന്നു. ലോക്ഡൗൺ പ്രമാണിച്ച് ആശുപത്രികൾ തൊഴിലാളികളെ പിരിച്ചുവിടുകയും ശമ്പളം വെട്ടികുറയ്ക്കുകയും ചെയ്യുന്നതിനെ കുറിച്ചുള്ള പരാതികൾ വനരോദനം പോലെ മുഴങ്ങുകയാണ്. രോഗം ബാധിച്ചവർക്കുപോലും ക്വാറന്റൈൻ സംവിധാനങ്ങളില്ല. അവരുടെ സമ്പർക്ക പട്ടികയിൽ ആദ്യം വരുന്ന, ഹൈ റിസ്ക് കാറ്റഗറിയിൽ പെട്ട മറ്റ് നഴ്സുമാർക്കാവട്ടെ ക്വാറന്റൈൻ സംവിധാനം പോയിട്ട് ഡ്യൂട്ടിയിൽ ഇളവുപോലും അനുവദിക്കപ്പെടുന്നില്ല.

പലയിടങ്ങളിലായി വാടകയ്ക്ക് താമസിച്ച് പണിയെടുക്കുന്ന നഴ്സുമാരുടെ കാര്യത്തിലോ, ഇതൊന്നും പോരാഞ്ഞ് പിന്നെയുമുണ്ട് പ്രശ്നങ്ങൾ. അവരെ വീടുകളിൽ നിന്ന് ഇറക്കിവിടുന്നു. രോഗം പടർത്തുന്നു എന്നാരോപിച്ച് നാട്ടുകാർ ആക്രമിക്കുന്നു. സ്ഥിതി താരതമ്യേനെ മെച്ചപ്പെട്ട ഇടങ്ങളൊഴിച്ചാൽ ഈ നന്ദി പറച്ചിലും പാട്ടകൊട്ടും പന്തം കൊളുത്തലും പുഷ്പവൃഷ്ടിയുമൊന്നും ആരോഗ്യ പ്രവർത്തകർ പോലും മുഖവിലക്കെടുക്കാനിടയില്ല. കാരണം ഇത്തരം മദ്ധ്യ- ഉപരിവർഗ ആഘോഷങ്ങൾ തങ്ങളുടെ സ്ഥിതി തെല്ലും മെച്ചപ്പെടുത്തുന്നില്ല എന്ന് മാത്രമല്ല പണി കൂടുതൽ ദുഷ്കരമാക്കുന്നു എന്ന് അവർക്കറിയാം. അവർക്ക് വേണ്ടത് സുരക്ഷാ ഉപകരണങ്ങൾ മുതൽ രോഗം വന്നാൽ മികച്ച ചികിൽസയും ക്വാറന്റൈൻ സംവിധാനങ്ങളുമാണ്. പകരം ലഭിക്കുന്നതോ, പൊള്ളയായ വാക്കുകളും പൂവിതളും പാട്ടയടിയും പന്തം കൊളുത്തി പ്രകടനങ്ങളും!
ഔചിത്യമില്ലാത്ത ആഘോഷങ്ങൾ
ഒന്നാം ഘട്ട ലോക്ഡൗണിൽ നടന്ന പാട്ടകൊട്ടൽ ചടങ്ങ് എങ്ങനെ കോവിഡ് പ്രോട്ടൊകോൾ കാറ്റിൽ പറത്തിയുള്ള ആൾക്കൂട്ട ആഘോഷമായി തീർന്നുവെന്ന് നാം കണ്ടു. ജനം കൂട്ടമായി വാദ്യോപകരണങ്ങളേന്തി തെരുവിൽ ആഘോഷം തീർത്തു. മോദിക്കും സർക്കാരിനും ജയ് വിളിച്ചു. അതുകൊണ്ടാവാം ഭരണസംവിധാനങ്ങൾ അത് കണ്ടുനിന്നു.
ദീർഘദർശനത്തൊടെയുള്ള ആസൂത്രണവും ക്രിയാത്മകമായ നടപ്പിലാക്കലും ഇല്ലാതെ, വ്യക്തമായ ഒരു പദ്ധതിതന്നെയും ഇല്ലാതെ ഗിമ്മിക്കുകളും വെർബൽ ഡയേറിയയും കൊണ്ട് നേരിടുകയാണ് വഴിയെങ്കിൽ നമ്മുടെ കോവിഡ് പ്രതിരോധം എന്തായി തീരുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു
ഒരനുഭവം കൊണ്ടും നമ്മൾ പഠിച്ചില്ല. രണ്ടാമത്തെ വിളക്ക് തെളിക്കലും ആൾക്കൂട്ട ആഘോഷമായി മാറി. നേവി നടത്തിയ പുഷ്പ വൃഷ്ടി കാണാനും പുഷ്പങ്ങൾ ശേഖരിക്കാനും കേരളത്തിൽ പോലും ജനം കൂട്ടമായി പുറത്തിറങ്ങി. അതും സാധാരണക്കാരല്ല, ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരും അടങ്ങുന്ന സംഘം. ആവേശം മൂത്തതോടെ സാമൂഹ്യ അകലവും മറ്റ് നിയന്ത്രണങ്ങളുമൊക്കെ ഒരുവഴിക്കാവുന്നത് നാം കണ്ടു. മനുഷ്യർ തോളോടു തോൾ ചേർന്ന് വട്ടം നിന്ന് കൈകൾ ചേർത്തുവച്ച് പുഷ്പവൃഷ്ടി ഏറ്റുവാങ്ങുന്നത് മറ്റൊരു സാഹചര്യത്തിലായിരുന്നുവെങ്കിൽ ഉദാത്തമായ ദൃശ്യമായേനേ. രാജ്യം മുഴുവൻ ദീപങ്ങളാൽ അലങ്കൃതമായ ആ ഏപ്രിൽ രാത്രിയുടെ ആകാശദൃശ്യം പോലെ. പക്ഷേ അതല്ലല്ലോ അവസ്ഥ.
ദീർഘദർശനത്തൊടെയുള്ള ആസൂത്രണവും ക്രിയാത്മകമായ നടപ്പിലാക്കലും ഇല്ലാതെ, വ്യക്തമായ ഒരു പദ്ധതിതന്നെയും ഇല്ലാതെ ഗിമ്മിക്കുകളും വെർബൽ ഡയേറിയയും കൊണ്ട് നേരിടുകയാണ് വഴിയെങ്കിൽ നമ്മുടെ കോവിഡ് പ്രതിരോധം എന്തായി തീരുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു; അടച്ചിടൽ മൂന്നാം ഘട്ടവും പിന്നിടുമ്പോൾ രാജ്യം എവിടെയെത്തുമെന്നും.
ഡോ. ജയകൃഷ്ണന്‍ എ.വി.
Jan 13, 2021
5 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jan 12, 2021
10 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
നിസാമുദ്ദീന്‍ ചേന്ദമംഗലൂര്‍
Jan 02, 2021
15 Minutes Read
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
പ്രമോദ് പുഴങ്കര
Dec 20, 2020
23 Minutes Read
കെ. എസ്. ഇന്ദുലേഖ
Dec 18, 2020
6 Minutes Read