'വാരിയംകുന്നന്‍';
മതരാഷ്ട്രവാദികള്‍ക്ക് മുന്നില്‍
ചരിത്രവും സംസ്‌കാരവും പറയരുത്
'വാരിയംകുന്നന്‍'; മതരാഷ്ട്രവാദികള്‍ക്ക് മുന്നില്‍ ചരിത്രവും സംസ്‌കാരവും പറയരുത്
''അധികാരം തമസ്‌കരിച്ച വസ്തുതാഖ്യാനങ്ങളെ വീണ്ടെടുക്കുക എന്ന ഒരു ദൗത്യം കൂടി കലയ്ക്കുണ്ട്. അത് പലപ്പൊഴും അധികാരപക്ഷത്തുനിന്നുകൊണ്ട് അതിന്റെ ആഖ്യാനങ്ങളെ ഉറപ്പിക്കാനും ഉപകരണമായിട്ടുണ്ട് എന്ന കുമ്പസാരത്തോടെ തന്നെയാണു ഇത് പറയുന്നത്. അപ്പോള്‍ ഇവിടെ വേണ്ടത് സ്വാതന്ത്ര്യമാണ്. ആവിഷ്‌കാരബന്ധിയായ സ്വാതന്ത്ര്യം. തീര്‍ച്ചയായും അതിനെ വിമര്‍ശിക്കുവാനുള്ള സാംസ്‌കാരിക സ്വാതന്ത്ര്യവും അതില്‍ അന്തര്‍ലീനമാണ്. പ്രശ്‌നം അവിടെയല്ല. മറിച്ച് ഇത് ഞങ്ങള്‍ അനുവദിക്കുകയില്ല എന്ന് പറയുന്നിടത്താണ്. അത് കായികമായ ഒരു വെല്ലുവിളിയാണ്. അതില്‍ മുഴങ്ങുന്നത് സാംസ്‌കാരികമായ സംവാദ സാദ്ധ്യതകളല്ല, അധികാരബന്ധിയായ അടിച്ചമര്‍ത്തല്‍ ആഹ്വാനങ്ങളാണ്. ആഷിക് അബുവിന്റെ വാരിയംകുന്നന്‍ ചരിത്രവുമായി നീതി പുലര്‍ത്തുന്നതാണ്, അല്ല, അത് പാന്‍ ഇസ്‌ലാമിസത്തെ ആശ്ലേഷിക്കുന്ന ആഖ്യാനമാണ്, അല്ല ബ്രാഹ്മണിക് ഹിന്ദുത്വത്തിനെ ആശ്ലേഷിക്കുന്നതാണ് തുടങ്ങിയ ഏതുതരം വിമര്‍ശനവും സാധ്യമാണ്. പക്ഷേ അതിനു അത്തരം ഒരു കലാസൃഷ്ടി നിര്‍മ്മിക്കപ്പെടണം.''
27 Jun 2020, 06:30 PM
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ജീവിച്ചിരുന്ന കാലത്ത് ആ ജീവിതം ഒരു വാര്‍ത്ത തന്നെയായിരുന്നു. മലബാറിന്റെ നാലതിര്‍ത്തികളും കടന്ന്, കേരളവും കടലും കടന്ന് വിദേശങ്ങളില്‍ പോലും പടര്‍ന്ന ഖ്യാതിയുടെ ഉടമയായിരുന്നു ഹാജി. 1922ല്‍ ബ്രിട്ടീഷുകാര്‍ വെടിവച്ച് കൊന്നിട്ടും ആ ജീവിതം, അതിന്റെ വാര്‍ത്താമൂല്യം ഇടിഞ്ഞില്ല. തുടര്‍ന്ന് പല കാലങ്ങളില്‍, പല കാരണങ്ങളാല്‍ അത് വീണ്ടും വീണ്ടും വാര്‍ത്തകളിലേക്ക് ഉയര്‍ന്നുവന്നുകൊണ്ടിരുന്നു. ഇക്കുറി "വാരിയംകുന്നന്‍' എന്ന ഒരു സിനിമയാണു ഹേതു.
ഈ സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ആ പേര്‍ വീണ്ടും വിവാദമാകാനുള്ള കാരണം നമുക്ക് പിന്നീട് ചര്‍ച്ച ചെയ്യാം. പകരം ഇക്കാലമൊക്കെയും ഇടയ്ക്കിടെ ഏതെങ്കിലുമൊക്കെ നിലകളില്‍ ആ ജീവിതം വാര്‍ത്തയായിക്കൊണ്ടിരുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയായിരുന്നു എന്നൊന്ന് ഓടിച്ചു നോക്കാം.
കുഞ്ഞഹമ്മദ് ഹാജി വിവാദപുരുഷനാകാന്‍ കാരണം
കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം വാര്‍ത്തകളില്‍ എന്നും നിറഞ്ഞുനിന്നിരുന്നതിന് രണ്ടു കാരണങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് അദ്ദേഹത്തിന്റെ പ്രവൃത്തികളുമായി ബന്ധപ്പെട്ട കാരണം. രണ്ട്, ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടം അതിനെ എന്തായി വ്യാഖ്യാനിച്ച് പ്രചരിപ്പിച്ചുവോ അതുമായി ബന്ധപ്പെട്ട കാരണം.
വിപ്ലവകാരിയായ ഹാജിയുടെ ഭൗതീക ശരീരത്തെ മാത്രമല്ല, അയാളുടെ സ്മരണയെ, ചരിത്രത്തെ തന്നെയും അവര്‍ ഭയക്കുകയും അതുള്‍പ്പെടെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു എന്നതാണ്.
മലപ്പുറം കേന്ദ്രീകരിച്ച് 1921-22 കാലഘട്ടത്തില്‍ നടന്ന ലഹളയുടെ വ്യാപ്തിയെക്കുറിച്ച് അന്ന് അവിടത്തെ പൊലീസ് മേധാവിയായിരുന്ന വെള്ളക്കാരന്‍ ആര്‍.എച്ച് ഹിച്‌കോക് എഴുതിയ പുസ്തകത്തില്‍ നിന്നു മനസ്സിലാക്കാം. അതിന്റെ കേന്ദ്രസ്ഥാനത്തു നിന്ന മനുഷ്യനായിരുന്നു കുഞ്ഞഹമ്മദ് ഹാജി. അന്നത്തെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരായിരുന്ന ബ്രിട്ടിഷുകാര്‍ക്കെതിരെ അവരുടെ കോളനിയായിരുന്ന ഇന്ത്യയില്‍ "മലയാള രാജ്യം' എന്ന പേരില്‍ ഒരു സ്വതന്ത്ര രാജ്യം കെട്ടിപ്പടുക്കുകയും ചെറിയ ഒരുകാലത്തേക്കാണെങ്കിലും അവിടെ സമാന്തരഭരണം നടത്തുകയും ചെയ്ത മനുഷ്യനായിരുന്നു അയാള്‍.
ഹിച്‌കോക്കിന്റെ പുസ്തകത്തെ ഉദ്ധരിച്ചാല്‍ ""മലബാറിലെ ഒരു വിപ്ലവകാരിയെ പിടിക്കാന്‍ ബ്രിട്ടീഷ് സാമ്രാജ്യം ചെലവഴിച്ച പണവും സമയവും കണക്കെടുത്താല്‍ മാത്രം മതി ഈ ലഹളക്കാരന്‍ എത്രത്തോളം അപകടകാരിയായിരുന്നുവെന്നു മനസ്സിലാക്കാന്‍.'' അവര്‍ ഒടുവില്‍ മുകളില്‍ പറഞ്ഞതുപോലെ ഒരുപാട് ഊര്‍ജ്ജവും ധനവും വ്യയംചെയ്താണെങ്കിലും ഹാജിയെ പിടികൂടി വധിക്കുകയും ആ സമാന്തര രാജ്യത്തിന്റെ അന്ത്യം കുറിക്കുകയും ചെയ്തു. പക്ഷേ അവര്‍ അവിടെയും നിര്‍ത്തിയില്ല.
ഹാജിയുടെ ശരീരം മതാചാരപ്രകാരം സംസ്‌കരിക്കാന്‍ സമ്മതിച്ചാല്‍ അയാളുടെ കുഴിമാടം ഒരു മഖ്ബറയായി തീരുകയും അതിലൂടെ ആ പോരാട്ടത്തിനൊരു ചരിത്രസ്മാരകം ഉയര്‍ന്നുവരികയും ചെയ്യും എന്നു ഭയന്ന ബ്രിട്ടീഷ് ഭരണകൂടം ആ ശരീരം ദഹിപ്പിക്കുകയായിരുന്നു. കുഴിച്ചിട്ടാല്‍ മാത്രമേ ചരിത്രം അവശേഷിക്കുകയുള്ളോ, ദഹിപ്പിച്ചാല്‍ ഒപ്പം ചരിത്രവും മരിക്കുമോ എന്നതൊന്നുല്ല ഇവിടെ പ്രസക്തമായ വിഷയം. അത് വിപ്ലവകാരിയായ ഹാജിയുടെ ഭൗതീക ശരീരത്തെ മാത്രമല്ല, അയാളുടെ സ്മരണയെ, ചരിത്രത്തെ തന്നെയും അവര്‍ ഭയക്കുകയും അതുള്‍പ്പെടെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു എന്നതാണ്.
ഇതുവഴി സംഭവിച്ചത് കുഞ്ഞഹമ്മദ് ഹാജി എന്ന മനുഷ്യനും മലബാര്‍ കലാപം എന്ന സംഭവത്തിനും രണ്ടു ചരിത്രം ഉണ്ടായി എന്നതാണ്. ഒന്ന് വസ്തുതാപരമായ ചരിത്രം. രണ്ട്, ബ്രിട്ടീഷ്, നാടന്‍ ജന്മിത്ത കൂട്ടുകെട്ട് നിറം പിടിപ്പിച്ച വസ്തുതകളും കെട്ടുകഥകളും കലര്‍ത്തി ഉണ്ടാക്കിയ മറ്റൊരു ചരിത്രം. ഇവ തമ്മില്‍ നിരന്തരം വൈരുദ്ധ്യത്തിലേര്‍പ്പെട്ടു പോന്നു. അപ്പൊഴെല്ലാം ഹാജിയുടെ പേരും ഉയര്‍ന്നുവന്നു. ചിലര്‍ക്ക് നായകനായി, ചിലര്‍ക്ക് വില്ലനായി.
എന്തുകൊണ്ട് "മാപ്പിളലഹള' അല്ല?
പ്രചണ്ഡ പ്രചരണങ്ങള്‍ വഴി ബ്രിട്ടിഷ് കോളോണിയല്‍ താല്‍പര്യങ്ങളും നാടന്‍ ജന്മിത്ത താല്‍പര്യങ്ങളും ചേര്‍ന്ന് കുഴിച്ചുമൂടിയ ചരിത്രത്തില്‍ നിന്നുമാണ് മാപ്പിള കലാപം എന്ന പുതിയ ഒരു ചരിത്ര സംഭവം ഉണ്ടായി വരുന്നത്. എന്നാല്‍ ഇന്നോ, ഏറനാട് കലാപമെന്നോ, മലബാര്‍ കലാപമെന്നു പോലുമോ കേട്ടാല്‍ കാര്യം വ്യക്തമാകാത്തവര്‍ക്കും മാപ്പിള ലഹള എന്നു പറഞ്ഞാല്‍ മനസിലാകും.

എന്നാല്‍ അത് ഒരു മാപ്പിള ലഹളയായിരുന്നുവോ?
മലബാര്‍ കേന്ദ്രമാക്കി ഉയര്‍ന്നുവന്ന കര്‍ഷക കലാപത്തെ ഒരു വര്‍ഗ്ഗീയ കലാപമായി വരുത്തി തീര്‍ക്കുക എന്നത് കോളോണിയല്‍ ഭരണകൂടത്തിന്റെയും അതിന്റെ തണല്‍ പറ്റി നിലനില്‍ക്കാന്‍ ശ്രമിച്ച ജന്മിത്തത്തിന്റെയും അധികാര താല്പര്യങ്ങളുടെ ഭാഗമായിരുന്നു. അതുകൊണ്ട് അവര്‍ അന്ന് അങ്ങനെ ശ്രമിച്ചു. അതിന്റെ രാഷ്ട്രീയ തുടര്‍ച്ചയായതുകൊണ്ട് ഏതാണ്ട് ഒരു നൂറ്റാണ്ടിനു ശേഷം ഇന്ന് ബി.ജെ.പിയും അതിനുതന്നെ ശ്രമിക്കുന്നു. മലബാര്‍ ലഹളയില്‍ നിന്നും അതിന്റെ പ്രഭവകേന്ദ്രമായ കര്‍ഷക പ്രശ്‌നങ്ങളെ ഒഴിവാക്കാനും അതിനെ ഒരു വര്‍ഗ്ഗീയ ലഹളമാത്രമായി ചിത്രീകരിക്കാനും.
താല്‍പര്യം അതായിരിക്കുമ്പോഴും ചില വീഴ്ചകള്‍ ചരിത്രത്തിന്റെ അദൃശ്യ കരം എന്നോണം അതില്‍ സംഭവിച്ച് പോയിട്ടുണ്ട്. സാക്ഷാല്‍ റിച്ചാഡ് ഹൊവാഡ് ഹിച്‌കോക് ഇതിനെക്കുറിച്ച് എഴുതിയ ഗ്രന്ഥത്തിന്റെ പേര്‍ "പെസന്റ് റിവോള്‍ട്ട് ഇന്‍ മലബാര്‍, എ ഹിസ്റ്ററി ഓഫ് ദ മലബാര്‍ റിബെല്യന്‍, 1921' എന്നാണ്, കമ്യൂണല്‍ റിവോള്‍ട്ട് ഇന്‍ മലബാര്‍, എ ഹിസ്റ്ററി ഓഫ് ദ മുസ്‌ലിം റിബെല്യണ്‍ എന്നല്ല. ഇന്ന് ബി.ജെ.പി തമസ്‌കരിക്കാന്‍ ശ്രമിക്കുന്ന രണ്ട് ഘടകങ്ങള്‍ "മലബാര്‍', "കര്‍ഷകര്‍' എന്നിവ രണ്ടും സായിപ്പായിട്ടും എങ്ങനെയോ ഹിച്‌കോക്കിന്റെ തലക്കെട്ടില്‍ കടന്നുകൂടി.
ഇന്ന് ബി.ജെ.പി തമസ്‌കരിക്കാന്‍ ശ്രമിക്കുന്ന രണ്ട് ഘടകങ്ങള്‍ "മലബാര്‍'', "കര്‍ഷകര്‍'' എന്നിവ രണ്ടും സായിപ്പായിട്ടും എങ്ങനെയോ ഹിച്‌കോക്കിന്റെ തലക്കെട്ടില്‍ കടന്നുകൂടി.
മുസ്‌ലിം ജനവിഭാഗത്തെ ലക്ഷ്യമിട്ട് ഉപയോഗിക്കുന്ന മാപ്പിള എന്ന പദം മുഖ്യ വിശേഷണമായി വരുമ്പോള്‍ ധ്വനിപ്പിക്കുന്നത് കുറെ മാപ്പിളമാര്‍ അവരുടെ ആവശ്യങ്ങള്‍ക്കായി നടത്തിയ അവരുടെ സമരം എന്നാണ്. അതായത് ഈ ഒരൊറ്റ പ്രയോഗത്തിലൂടെ ആ സമരത്തിന്റെ വര്‍ഗ്ഗപരവും ജാതീയവുമായ സൂക്ഷ്മ ചരിത്രം മുഴുവനായി റദ്ദാവുകയും അതൊരു വിശ്വാസബന്ധിയും മതപരവുമായ കലാപമായി തീരുകയും ചെയ്യുന്നു. അതായിരുന്നോ സത്യം?
മലബാറിന്റെ ചരിത്രം
തിരുവിതാംകൂറും കൊച്ചിയുമൊക്കെയായി താരതമ്യം ചെയ്യുമ്പോള്‍ തെല്ല് വേറിട്ട ഒന്നാണ് മലബാറിന്റെ ചരിത്രം. ജാതീയമായ ഉച്ചനീചത്വ വ്യവസ്ഥയില്‍ നിന്നും രക്ഷപ്പെടാനായി ഇസ്‌ലാം മതം സ്വീകരിച്ച ദളിതരായ കര്‍ഷക തൊഴിലാളികള്‍ സംഘടിച്ച് നായര്‍, നമ്പൂരി സമുദായത്തില്‍ പെട്ട ജന്മിമാരെ ആക്രമിക്കുകയും അവര്‍ തങ്ങളില്‍ നിന്നും അന്യായമായി സംഭരിച്ച് പൂഴ്ത്തി വച്ചിരിക്കുന്ന ധാന്യങ്ങളും മറ്റും ബലം പ്രയോഗിച്ച് തിരിച്ച് പിടിക്കുന്നതുമായ സംഭവങ്ങള്‍ അവിടെ പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ക്കേ ധാരാളമായി കാണാം. അതിനു കാരണം മുസ്‌ലിമല്ല, ജന്മിത്തമാണ്. അത് ചെയ്തത് ഇന്ന് ടെക്‌നിക്കലി ഹിന്ദുവാണെന്ന് ബി.ജെ.പി പോലുള്ള രാഷ്ട്രീയ കക്ഷികള്‍ പ്രചരിപ്പിക്കുന്ന മനുഷ്യര്‍, ഹിന്ദുക്കളാണ്. അതിനു കാരണം ഹിന്ദു വിരോധമല്ല, ജന്മിത്ത വിരോധം തന്നെയാണ്.
ഏറനാടന്‍ ലഹള, മലബാര്‍ കലാപം എന്നിങ്ങനെ പല പേരുകള്‍ കറങ്ങിവന്ന് മാപ്പിള ലഹളയില്‍ ഇന്നവര്‍ ഉറപ്പിക്കുന്ന ആ ചരിത്ര സംഭവത്തിന്റെ മൂലകാരണം തൊഴിലും നിത്യവൃത്തിയും അതിജീവനവുമായി ബന്ധപ്പെട്ടതാണ്. ഭൂവുടമകള്‍ നായര്‍, നമ്പൂരി വിഭാഗങ്ങളില്‍ പെട്ടവരായിരുന്നുവെങ്കിലും തിരുവിതാംകൂറില്‍നിന്നും ഭിന്നമായി ഇവിടെ കര്‍ഷക തൊഴിലാളികളില്‍ മാപ്പിളമാരും ഉണ്ടായിരുന്നു. ഇവര്‍ തമ്മില്‍ പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ക്ക് നടക്കുന്ന വലുതും ചെറുതുമായ നിരവധി സംഘര്‍ഷങ്ങളുടെ ഒരു തുടര്‍ച്ചയായി ആയിരുന്നു 1921ലെ മലബാര്‍ കലാപവും തുടങ്ങിയത്.
ഇതില്‍ പിന്നീട് ഒരു വര്‍ഗ്ഗീയ നിറവും ഉള്ളടക്കവും ഉണ്ടായിവന്നു എന്നത് സത്യമാണ്. ആശാന്റെ "ദുരവസ്ഥ' പോലെയുള്ള കവിതകളിലും പൊറ്റക്കാടിന്റെ "ഒരു ദേശത്തിന്റെ കഥ' പോലെയുള്ള രചനകളിലും ഇതിന്റെ സൂചനകള്‍ കാണാനാകും. എന്നാല്‍ അവയെ അടിസ്ഥാനമാക്കി മലബാര്‍ സമരം മാപ്പിള ലഹളയായൊ, തിരിച്ച് ആശാനെ ഇസ്‌ലാമോഫോബിക്കായോ വായിക്കുന്നത് ചരിത്ര നിഷേധമായിരിക്കും. വാസ്തവം ഇതിനിടയിലാണ്. അതായത് കര്‍ഷക കലാപത്തിന്റെ ദീര്‍ഘമായ മലബാര്‍ ചരിത്രത്തിനും ഖിലാഫത്ത് പ്രസ്ഥാനത്തിനും ഇടയില്‍ സംഭവിച്ച തെറ്റിദ്ധാരണകളില്‍.
ഖിലാഫത്ത് പ്രസ്ഥാനം
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ജെര്‍മനി, ഓസ്ട്രിയ, ഹംഗറി, ബള്‍ഗേറിയ ഒക്കെ അടങ്ങുന്ന "സെന്റ്രല്‍ പവര്‍'ന്റെ പക്ഷത്തായിരുന്ന ഓട്ടോമന്‍ എമ്പയറും പരാജയപക്ഷത്തായി. അതോടെ നിരവധി ഉപരോധങ്ങളുള്‍പ്പെടെ തകര്‍ച്ചയെ നേരിട്ട തുര്‍ക്കി കേന്ദ്രമാക്കിയ ഓട്ടോമന്‍ സാമ്രാജ്യം പ്രതിരോധത്തിനായി മുന്നോട്ട് വച്ച പാന്‍-ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയം സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ഒരു പൊതുപദ്ധതിയായി മാറുകയായിരുന്നു.
1920ല്‍ കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുത്ത മഹാത്മാഗാന്ധി ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നതോടെ അതിന്റെ വ്യാപ്തി വര്‍ദ്ധിക്കുന്നു. അതായത് മുസ്‌ലിം മതവിശ്വാസികളായ ആലി മുസ്‌ളിയാരെയും അഹമ്മദ് ഹാജിയേയും പോലെ, അചഞ്ചല ഹിന്ദു വിശ്വാസിയായിരുന്ന ഗാന്ധിയും ഖിലാഫത്തിനെ പിന്തുണച്ചിരുന്നു. അതിനു കാരണം മൗദുദിസ്റ്റ് പാനിസ്‌ലാമിസത്തിനോടുള്ള യോജിപ്പോ, അതിനായുള്ള ശ്രമമോ ആയിരുന്നില്ല എന്നത് വ്യക്തമാണ്. ഇതൊക്കെ നടക്കുന്ന "21ല്‍ അയാള്‍ 18 വയസുള്ള വെറും പയ്യന്‍.
ലോകം മുഴുവന്‍ വ്യാപിക്കുന്നത് പോയിട്ട് മലബാര്‍ മുഴുവന്‍ വ്യാപിക്കുന്ന ഒരു ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കുക പോലുമായിരുന്നില്ല കുഞ്ഞഹമ്മദ് ഹാജിയുടെ ലക്ഷ്യം, മറിച്ച് ഒരു സ്വാഭിമാന രാജ്യം സ്ഥാപിക്കുകയായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തെ മൗദിദിസ്റ്റ് പാനിസ്‌ലാമിസത്തില്‍ കൊണ്ട് കെട്ടുക, അതുവഴി മലബാര്‍ കലാപത്തെയും കുഞ്ഞഹമ്മദ് ഹാജിയെയും മൗദുദിസ്റ്റ് പാനിസ്‌ലാമിസത്തിന്റെ ആലയില്‍ കൊണ്ടുകെട്ടുക എന്ന അജണ്ട ഇവിടത്തെ അന്‍പത് ശതമാനത്തിലധികം വരുന്ന ഹിന്ദുക്കളിലും മുപ്പത് ശതമാനത്തോളം വരുന്ന മുസ്‌ലീങ്ങളിലും എത്തിക്കുക, അതിലൂടെ കേരളത്തിന്റെ ചരിത്രത്തെ തന്നെ മറ്റൊന്നാക്കിമാറ്റുക എന്ന അജണ്ട ഈ രണ്ട് വിഭാഗങ്ങളുടെയും യഥാര്‍ത്ഥ പ്രതിനിധികള്‍ എന്ന് അവകാശപ്പെടുന്ന, എന്നാല്‍ ഭൂരിപക്ഷം മനുഷ്യരാലും ദയനീയമായി തള്ളപ്പെടുന്ന ചരിത്രമുള്ള ചില സംഘടനകള്‍ക്കുണ്ട്. അവര്‍ സ്വതാല്പര്യങ്ങള്‍ മുന്‍നിര്‍ത്തി പടച്ചുവിടുന്ന ആഖ്യാനങ്ങളാണ് പഴയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ചരിത്രാഖ്യാനങ്ങളോട് നേരിട്ട് യോജിച്ചോ വസ്തുതാവിരുദ്ധമായി അതിനോട് കലഹിച്ചോ ഉണ്ടാക്കിവയ്ക്കുന്ന സന്നിഗ്ധതകള്‍ ഒക്കെയും. അവ ചരിത്രപരമായ സന്നിഗ്ധതകളല്ല, നിര്‍മ്മിതമായവ മാത്രമാണ്.

ഹിന്ദുവിരുദ്ധനായ ഹാജിയും ഹിന്ദു ജിനോസൈഡിന്റെ മാപ്പിളലഹളയും
മാപ്പിള ലഹളയെ ഹിന്ദു വംശഹത്യയുടെ ചരിത്ര സാക്ഷ്യമായും കുഞ്ഞഹമ്മദ് ഹാജിയെ അതിന്റെ നേതാവായും ചിത്രീകരിക്കുന്ന പ്രവണത ഈ ആഷിക് അബു സിനിമ പ്രഖ്യാപനം വഴി ഉണ്ടാവുന്നതൊന്നുമല്ല. അത് എത്രയോ നാളായി നടന്നുവരുന്ന ഒന്നാണ്. വസ്തുതകള്‍ പക്ഷേ അതുമായി യോജിക്കുന്നില്ല.
കുഞ്ഞഹമ്മദിനെ ബ്രിട്ടിഷ് കൊളോണിയല്‍ സര്‍ക്കാര്‍ വിചാരണ നടത്തി വധശിക്ഷയ്ക്ക് അര്‍ഹനായി കണ്ടെത്തുന്നത് അയാള്‍ നിരവധി ഹിന്ദുക്കളുടെ മരണത്തില്‍ കലാശിച്ച കലാപത്തിനു നേതൃത്വം നല്‍കി എന്ന കുറ്റം കൂടി ചുമത്തിയാണ്. എന്നാല്‍ അതു സംഭവിക്കുന്നതിനും ഒരുപാട് മുമ്പേ അയാള്‍ നടത്തിയ മഞ്ചേരി പ്രഖ്യാപനം സര്‍ദാര്‍ ചന്ദ്രോത്ത് വിവരിക്കുന്നത് ഒന്ന് കേള്‍ക്കണം.
""ഞാന്‍ ഇന്നലെ ഒരു വിവരമറിഞ്ഞു; ഇത് ഹിന്ദുക്കളും മുസല്‍മാന്മാരും തമ്മിലുള്ള യുദ്ധമാണെന്ന് പുറം രാജ്യങ്ങളില്‍ പറഞ്ഞുപരത്തുന്നുണ്ടത്രേ. വെള്ളക്കാരും അവരുടെ സില്‍ബന്ധികളായ ആനക്കയം ചേക്കുട്ടിയെപ്പോലുള്ളവരും, പടച്ചവന്റെ സൃഷ്ടികളെ നാലു ജാതിയാക്കിത്തിരിച്ചത് ദൈവം ചെയ്തതാണെന്ന് കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് ഭൂരിപക്ഷം മനുഷ്യരേയും അടിമകളാക്കിയ ജന്മിമാരും ചേര്‍ന്നാണ് ഇങ്ങനെ പറഞ്ഞു പരത്തുന്നത്. നമുക്ക് ഹിന്ദുക്കളോട് പകയില്ല. എന്നാല്‍ ബ്രിട്ടീഷ്ഗവണ്മെന്റിനെ സഹായിക്കുകയോ, ദേശത്തെ ഒറ്റുകൊടുക്കുകയോ ചെയ്യുന്നവര്‍ ആരായിരുന്നാലും നിര്‍ദ്ദയമായി അവരെ ശിക്ഷിക്കും. ഹിന്ദുക്കള്‍ നമ്മുടെ നാട്ടുകാരാണ്. അനാവശ്യമായി ഹിന്ദുക്കളെ ആരെങ്കിലും ദ്രോഹിക്കുകയോ സ്വത്ത് കവരുകയോ ചെയ്താല്‍ ഞാന്‍ അവരെ ശിക്ഷിക്കും. ഇത് മുസല്‍മാന്മാരുടെ രാജ്യമാക്കാന്‍ ഉദ്ദേശ്യമില്ല. എനിക്കു മറ്റൊന്നു പറയാനുണ്ട്. ഹിന്ദുക്കളെ ഭയപ്പെടുത്തരുത്. അവരുടെ അനുവാദമില്ലാതെ അവരെ ദീനില്‍ ചേര്‍ക്കരുത്. അവരുടെ സ്വത്തുക്കള്‍ അന്യായമായി നശിപ്പിക്കരുത്. അവരും നമ്മേപ്പോലെ കഷ്ടപ്പെടുന്നവരാണ്. ഹിന്ദുക്കളെ നമ്മള്‍ ദ്രോഹിച്ചാല്‍ അവര്‍ ഈ ഗവണ്മെന്റിന്റെ ഭാഗം ചേരും അതു നമ്മുടെ തോല്‍വിക്ക് കാരണമാവും. ആരും പട്ടിണി കിടക്കരുത്. പരസ്പരം സഹായിക്കുക. തല്‍ക്കാലം കൈയിലില്ലാത്തവര്‍ ചോദിച്ചാല്‍, ഉള്ളവര്‍ കൊടുക്കണം. കൊടുക്കാതിരുന്നാല്‍ ശിക്ഷിക്കപ്പെടും. കൃഷി നടത്തണം. അതുകൊണ്ട് കുടിയാന്മാരെ ദ്രോഹിക്കരുത്. പണിയെടുക്കുന്നവര്‍ക്ക് ആഹാരം നല്കണം. അവര്‍ വിയര്‍പ്പൊഴുക്കി അധ്വാനിക്കുന്നതിന്റെ ഫലം അവര്‍ക്കും അവരുടെ കുടുംബത്തിനും ലഭിക്കണം. വേണ്ടിവന്നാല്‍ നാടിനുവേണ്ടി യുദ്ധം ചെയ്ത് മരിക്കാന്‍ നാം തയ്യാറാണ്, ഇന്‍ശാ അല്ലാഹ്''
ഈ മനുഷ്യന്‍ എങ്ങനെയാണൊരു ഹിന്ദു വിരുദ്ധനാകുന്നത്? എങ്ങനെയാണൊരു ഹിന്ദു വംശഹത്യയ്ക്ക് നേതൃസ്ഥാനീയനാകുന്നത്? വംശഹത്യകള്‍ക്ക് പ്രചോദനവും പ്രോത്സാഹനവുമാകുന്ന രാഷ്ട്രീയ പ്രസംഗങ്ങള്‍ എങ്ങനെയിരിക്കും എന്നു മനസിലാക്കാന്‍ നാം ചരിത്രത്തിലൂടെ ഇത്രദൂരം പിന്നോട്ടൊന്നും പോകണ്ട, നമ്മുടെ മുമ്പിലുണ്ടവ എന്നിരിക്കെയാണു ഈ തരം പ്രചരണങ്ങള്‍.
അഹിംസാത്മകമായ ഒരു സത്യാഗ്രഹമായിരുന്നോ ഹാജി ചെയ്തത്?
തീര്‍ച്ചയായും മലബാര്‍ കലാപം ഒരു അക്രമരഹിത സമരമാതൃകയായിരുന്നില്ല. ഹാജി ഗാന്ധിയന്‍ അക്രമരാഹിത്യത്തില്‍ വിശ്വസിച്ചിരുന്ന ആളുമായിരുന്നില്ല. വാളെടുത്തവനാണ്. വാളാല്‍ അല്ലെങ്കില്‍ വെടിയാല്‍ ഒടുങ്ങി. അവിടെയെങ്കിലും നില്‍ക്കണ്ടേ വിചാരണ?
ആസൂത്രണം ചെയ്തതുപോലെ അച്ചടക്കത്തോടെ നടന്ന ഒരു സമരമായിരുന്നില്ല മലബാര്‍ കലാപം. എന്നാല്‍ അത് അധികാരത്തില്‍ പൂര്‍ണ്ണ നിയന്ത്രണമുള്ള ഒരു ഭരണകൂടം കൃത്യമായ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് സൈന്യത്തെ വച്ച് നടത്തിയ യുദ്ധവുമായിരുന്നില്ല. അതൊരു പ്രതിഷേധ സമരത്തിന്റെ സായുധ രൂപമായിരുന്നു. ഉദ്ദേശം ശുദ്ധമായിരുന്നുവെങ്കിലും ഫലം ദുരന്തമായി തീര്‍ന്ന ഒരു ചെറുത്തുനില്‍പ്പ് ശ്രമം. അതില്‍ ആദ്യം കുറ്റവാളികളാകേണ്ടത് അത്തരമൊരു അവസ്ഥയിലേക്ക് അവരെ തള്ളിവിടാന്‍, അതായത് ഒരു പ്രതിരോധ സമരത്തെ വൈകാരിക ബിംബങ്ങള്‍ ഉപയോഗിച്ച് വിധ്വംസകമായ ഒരു തമ്മില്‍ തല്ലാക്കി മാറ്റാന്‍ അധികാരം നല്‍കിയ അനന്ത സാധ്യതകളെ നിര്‍ലോഭം ഉപയോഗിച്ച കോളോണിയല്‍-ജന്മിത്ത കൂട്ടുകെട്ടല്ല, അതിന്റെ ഇരകളായി മാറിയ മനുഷ്യരും നീതിക്കായി ഒരു പൊതുജന പ്രക്ഷോഭത്തിനു നേതൃത്വം കൊടുത്ത മനുഷ്യനും ആകുന്നതിലെ വൈരുദ്ധ്യമാണ് വാരിയംകുന്നന്റെ കാര്യത്തില്‍ പ്രസക്തം.
ആവുന്ന പ്രതിരോധങ്ങള്‍
വിശാലമായ ഒരു മാനവിക, നൈതിക ലക്ഷ്യത്തെ മുന്‍നിര്‍ത്തി ആരംഭിച്ച സമരം അതിന്റെ ലക്ഷ്യങ്ങളില്‍ നിന്നും വഴിമാറി കലാപമായി മാറുന്നു എന്നു കണ്ടപ്പോഴൊക്കെ അതില്‍ ഇടപെടുകയും ചെറുക്കാന്‍ ശ്രമിക്കുകയും ചെയ്ത ഒരു ഭരണാധികാരി കൂടിയായിരുന്നു ഹാജി. അത് അദ്ദേഹത്തിന്റെ മഞ്ചേരി പ്രഖ്യാപനത്തില്‍നിന്ന് തന്നെ വ്യക്തമാണ്.
സമരം അതിന്റെ ലക്ഷ്യത്തില്‍ നിന്നും വഴിമാറി അനിയന്ത്രിതമായ കലാപമായി മാറിയെന്ന് അറിയുമ്പോഴൊക്കെയും അതില്‍ ഇടപെടുകയും കര്‍ശനമായ ശിക്ഷാവിധികള്‍ ഉള്‍പ്പെടെ അവലംബിച്ച് അതിനെ നിലയ്ക്ക് നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്ന ഒരു നേതൃത്വത്തിനെതിരേയാണ് കലാപങ്ങളെ തുറന്നുവിട്ട് ഈ പുതിയ നൂറ്റാണ്ടിലും അധികാരം കൊയ്യാന്‍ ഒരു മടിയുമില്ലാത്ത ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം വിമര്‍ശനം ഉന്നയിക്കുന്നത്!
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പോലും സമരം അതിന്റെ ലക്ഷ്യത്തില്‍ നിന്നും വഴിമാറി അനിയന്ത്രിതമായ കലാപമായി മാറിയെന്ന് അറിയുമ്പോഴൊക്കെയും അതില്‍ ഇടപെടുകയും കര്‍ശനമായ ശിക്ഷാവിധികള്‍ ഉള്‍പ്പെടെ അവലംബിച്ച് അതിനെ നിലയ്ക്ക് നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്ന ഒരു നേതൃത്വത്തിനെതിരേയാണ് കലാപങ്ങളെ തുറന്നുവിട്ട് ഈ പുതിയ നൂറ്റാണ്ടിലും അധികാരം കൊയ്യാന്‍ ഒരു മടിയുമില്ലാത്ത ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം വിമര്‍ശനം ഉന്നയിക്കുന്നത്!
കുഞ്ഞഹമ്മദ് ഹാജിക്കൊപ്പം, മലബാര്‍ സമരത്തിനൊപ്പം നിന്നവര്‍ മുസ്‌ലീങ്ങള്‍ മാത്രമായിരുന്നില്ല. സായുധമായിരുന്ന ആ വിപ്ലവ ശ്രമത്തില്‍ ഹാജി വധശിക്ഷയ്ക്ക് വിധേയമാക്കിയതും സംരക്ഷിച്ചതും ഏതെങ്കിലും ഒരു മതത്തില്‍ പെട്ടവരെ മാത്രവുമായിരുന്നില്ല. ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ "ഖിലാഫത്ത് സ്മരണകളി'ലും കെ മാധവന്‍ നായരുടെ നായര്‍ "മലബാര്‍ ലഹള' എന്ന പുസ്തകത്തിലും ഒരുപോലെ വരുന്ന ചില വസ്തുതാ സൂചനകളുണ്ട്. മഞ്ചേരിയിലെ നമ്പൂതിരി ബാങ്ക് കവര്‍ച്ച ചെയ്യാന്‍ നടന്ന ശ്രമത്തെ ചെറുത്തു. പുല്ലൂര്‍ നമ്പൂതിരിയുടെ ബാങ്ക് കവര്‍ച്ച ചെയ്തത് തിരികെ കൊടുപ്പിച്ചു എന്നു മാത്രമല്ല നഷ്ടപരിഹാരവും നല്‍കി. ഈ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കി.
ജന്മിത്ത-കൊളോണിയല്‍ അച്ചുതണ്ട് ഈ സമരത്തെ തകര്‍ക്കാനും അതിന്റെ നൈതികമായ ആത്മവീര്യത്തെ അവമതിക്കാനും ഏതറ്റം വരെയും പോകുമെന്നു കണ്ട് നിലമ്പൂര്‍ കൊവിലകം പോലെയുള്ളവയ്ക്ക് കാവല്‍ ഏര്‍പ്പെടുത്തിയതും ഭരണപരമായ ജാഗ്രതയുടെ തെളിവുകള്‍ തന്നെയാണ്. എന്നാല്‍ അകത്തുനിന്നും പുറത്തുനിന്നും ആക്രമണം നടക്കുമ്പോള്‍ ആ ജാഗ്രതകള്‍ വേണ്ടത്ര ഫലപ്രദമാക്കാന്‍ ആ സംവിധാനത്തിനു കഴിഞ്ഞില്ല. നിരപരാധികളായ ഹിന്ദുക്കളും ആക്രമിക്കപ്പെട്ടു. നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളും നടന്നു. എന്നാല്‍ അതിന്റെ കാരണം ന്യായമായ ഒരു കാരണത്തിനായി സമരം ചെയ്യുന്ന മനുഷ്യരാണൊ, അവരില്‍ കുത്തിത്തിരിപ്പുണ്ടാക്കി അതിനെ മറ്റൊരു വഴിക്ക് തിരിച്ചുവിടാന്‍ അധികാരവും അത് ലഭ്യമാക്കുന്ന ഉപകരണസുഭിക്ഷത മുഴുവനും ഉപയോഗിച്ചവരാണൊ?
ചരിത്രവുമായി നീതിപുലര്‍ത്തണം കല
ഇനി നമ്മള്‍ ആദ്യം പറഞ്ഞ വാരിയംകുന്നന്‍ എന്ന സിനിമയിലേക്ക് വരാം. കല ചരിത്രവുമായി നീതി പുലര്‍ത്തണം എന്നതാണിവിടെ ആവശ്യം. അതിനാദ്യം ചരിത്രം ചരിത്രവുമായി നീതി പുലര്‍ത്തണ്ടേ?
അധികാരം തമസ്‌കരിച്ച വസ്തുതാഖ്യാനങ്ങളെ വീണ്ടെടുക്കുക എന്ന ഒരു ദൗത്യം കൂടി കലയ്ക്കുണ്ട്. അത് പലപ്പൊഴും അധികാരപക്ഷത്തുനിന്നുകൊണ്ട് അതിന്റെ ആഖ്യാനങ്ങളെ ഉറപ്പിക്കാനും ഉപകരണമായിട്ടുണ്ട് എന്ന കുമ്പസാരത്തോടെ തന്നെയാണു ഇത് പറയുന്നത്. അപ്പോള്‍ ഇവിടെ വേണ്ടത് സ്വാതന്ത്ര്യമാണ്. ആവിഷ്‌കാരബന്ധിയായ സ്വാതന്ത്ര്യം.
തീര്‍ച്ചയായും അതിനെ വിമര്‍ശിക്കുവാനുള്ള സാംസ്‌കാരിക സ്വാതന്ത്ര്യവും അതില്‍ അന്തര്‍ലീനമാണ്. പ്രശ്‌നം അവിടെയല്ല. മറിച്ച് ഇത് ഞങ്ങള്‍ അനുവദിക്കുകയില്ല എന്ന് പറയുന്നിടത്താണ്. അത് കായികമായ ഒരു വെല്ലുവിളിയാണ്. അതില്‍ മുഴങ്ങുന്നത് സാംസ്‌കാരികമായ സംവാദ സാദ്ധ്യതകളല്ല, അധികാരബന്ധിയായ അടിച്ചമര്‍ത്തല്‍ ആഹ്വാനങ്ങളാണ്. ആഷിക് അബുവിന്റെ വാരിയംകുന്നന്‍ ചരിത്രവുമായി നീതി പുലര്‍ത്തുന്നതാണ്, അല്ല, അത് പാന്‍ ഇസ്‌ലാമിസത്തെ ആശ്ലേഷിക്കുന്ന ആഖ്യാനമാണ്, അല്ല ബ്രാഹ്മണിക് ഹിന്ദുത്വത്തിനെ ആശ്ലേഷിക്കുന്നതാണ് തുടങ്ങിയ ഏതുതരം വിമര്‍ശനവും സാധ്യമാണ്. പക്ഷേ അതിനു അത്തരം ഒരു കലാസൃഷ്ടി നിര്‍മ്മിക്കപ്പെടണം. അതിനെ കായികമായി ചെറുക്കും എന്ന വാദം ആവിഷ്‌കാര സ്വാതന്ത്ര്യമോ, അഭിപ്രായ സ്വാതന്ത്ര്യമോ അല്ല.
കലയെ പുനര്‍നിര്‍മ്മിക്കുന്നതിനെ, അതായത് സത്യജിത് റായിയുടെ സിനിമയുടെ ചില ഭാഗങ്ങളെ പുതിയ സാങ്കേതിക വിദ്യയില്‍ പുനര്‍നിര്‍മ്മിക്കുന്നതിനെക്കുറിച്ച് പോലും സൃഷ്ടിപരമായ ചര്‍ച്ചകള്‍ നടക്കുന്ന കാലമാണ്. പക്ഷേ അവയ്‌ക്കൊന്നും കലയില്‍ തൊട്ടാല്‍ ആ കൈ വെട്ടും എന്ന തരം വിമര്‍ശനം കലാവിമര്‍ശനമല്ല എന്നതില്‍ ഒരു സംശയവുമില്ല. കലയെ, സാംസ്‌കാരികമായ ഏത് ഈടുവയ്പ്പിനെയും അസാദ്ധ്യമാക്കാത്തവിധത്തില്‍ അതിനെ കുറിച്ചുള്ള സാംസ്‌കാരിക വിയോജിപ്പുകളെ, കഠിനമായ എതിര്‍പ്പുകള്‍ ഉള്‍പ്പെടെ പ്രോല്‍സാഹിപ്പിക്കുകയാണ് ആധുനിക കലാചിന്തകളുടെ സത്ത. അത് പക്ഷേ വൈരുദ്ധ്യാത്മകമാണ്. അത് മതരാഷ്ട്രവാദത്തിന്റെ രേഖീയമായ നായക-വില്ല സങ്കല്പങ്ങള്‍ക്ക് വഴങ്ങുന്നതല്ല.
എന്തുചെയ്യാന്‍! വാരിയംകുന്നത്ത് കുഞ്ഞുമുഹമ്മദ് ഹാജി ഈ പറയുമ്പോലെ ഒരു നായകനുമല്ല, വില്ലനുമല്ല. മലബാര്‍ കലാപം സല്‍സംഗവുമല്ല, ദുര്‍സംഗവുമല്ല. ചരിത്രവും ചരിത്ര പുരുഷന്മാരും കള്ളികളില്‍ ഒതുങ്ങുന്നവരല്ല. അവരെക്കുറിച്ചുള്ള സര്‍ഗ്ഗപരമായ ആഖ്യാനങ്ങള്‍ തീരെയുമല്ല. പക്ഷേ ഇതൊക്കെയിന്ന് ആരോട് പറയാന്‍!
മതരാഷ്ട്രവാദികള്‍ക്ക് മുമ്പില്‍ സംസ്‌കാരം പറയാന്‍ നില്‍ക്കരുത്. ഒരു കാര്യവുമില്ല. ഇതേ വിഷയത്തില്‍ മൂന്നോളം സിനിമകളാണു പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. അവയുടെ നിര്‍മ്മാണം മുടക്കമില്ലാതെ നടക്കും എന്ന് ഉറപ്പുവരുത്തുകയാണു വേണ്ടത്. അത് മാത്രമാണ് ഉറപ്പുവരുത്തേണ്ടത്. ബാക്കി ബഹളമൊക്കെ കോവിഡ് കാലത്ത് ഓരോ കോമിക് റിലീഫുകളായി കണ്ടാല്‍ മതിയാവുമെന്ന് തോന്നുന്നു.
അശോകകുമാർ വി.
Dec 16, 2020
12 Minutes Read
പി.ടി. കുഞ്ഞുമുഹമ്മദ് / അലി ഹൈദര്‍
Dec 13, 2020
15 Minutes Read
അശോകകുമാർ വി.
Oct 08, 2020
13 Minutes Read
വി. മുസഫര്‍ അഹമ്മദ്
Sep 29, 2020
8 Minutes Read
സുനില്‍ പി. ഇളയിടം
Sep 24, 2020
12 Minutes Read
സുനില്‍ പി. ഇളയിടം
Sep 11, 2020
21 Minutes Watch
സജി മാര്‍ക്കോസ്
Jul 18, 2020
22 Minutes Listening
വി. മുസഫര്‍ അഹമ്മദ്
Jul 16, 2020
4 Minutes Read
Fazal kadirur
27 Jun 2020, 08:34 PM
നല്ല പഠനം.