പ്രശ്‌നാധിഷ്ഠിതമായി അകന്നുനില്‍ക്കുമ്പോഴും സത്താപരമായി അടുത്തുനില്‍ക്കുക. തല്‍ക്കാലം കൈകൂപ്പി നില്‍ക്കുമ്പോഴും വിദ്വേഷരാഷ്ട്രീയത്തിന്റെ പ്രചാരവേല തള്ളി ഉള്ളുകൊണ്ട് അപരനെ ചേര്‍ത്തുപിടിക്കുക. ഒരുമയുണ്ടാക്കുന്ന ഊഷ്മളതയുടെ ചൂടില്‍ മാത്രമാണ് ഒരു വൈറസും നിലനില്‍ക്കാത്തത്. അതിനാവട്ടെ ഇത്ര ഡിഗ്രി എന്ന് കണക്കൊന്നുമില്ല.
8 Apr 2020, 12:20 AM
വേനല്‍ കടുത്തതോടെ കൊന്ന പലയിടങ്ങളിലും നേരത്തേ പൂത്തു. മകരകൊയ്ത്ത് കഴിഞ്ഞ് വിരിപ്പുകൃഷിക്ക് തയ്യാറായി നില്‍ക്കുകയാണ് പാടങ്ങള്‍. മാവും, പ്ലാവുമൊക്കെ സമൃദ്ധമായി കായ്ചിട്ടുണ്ട്. വിളവെടുപ്പ് കഴിഞ്ഞ് നെല്ലും, ചേനയും ചേമ്പും കാച്ചിലുമൊക്കെയായി നിറഞ്ഞ് സുഭിക്ഷമായ പത്തായം.
പഴയ കാര്‍ഷിക കേരളമൊന്നുമല്ലെങ്കിലും അടുത്തിടെയായി കൃഷിയില്‍ പുത്തന്‍ ഉണര്‍വുണ്ട് നാട്ടില്‍. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ രാഷ്ട്രീയ, യുവജന സംഘടനകള്‍ വരെ വെറുതെ കിടക്കുന്ന ഭൂമി കണ്ടെത്തി കൂട്ടായി പണിയെടുക്കുകയും ലാഭം നോക്കാതെ വിള വീതിച്ചെടുക്കുകയും ചെയ്യുന്നു.
ആ നിലക്ക് ഒരു പതിറ്റാണ്ട് മുമ്പുള്ള അവസ്ഥയില്‍നിന്ന് വിഭിന്നമായി ഇന്നൊരു വിളവെടുപ്പുല്‍സവം, ഒരു വിഷു നമ്മള്‍ അര്‍ഹിക്കുന്നു എന്ന് പറയാം.
കൊല്ലവര്‍ഷം 1195 മേടം ഒന്ന്, വിഷു. ജോര്‍ജിയന്‍ കലണ്ടറില്‍ അത് ഏപ്രില്‍ 14നാണ്. പക്ഷേ ഇക്കൊല്ലം നാം ആ ദിവസത്തിലേക്ക് ഉറ്റുനോക്കിയിരിക്കുന്നത് ഒരു ഉല്‍സവത്തെ വരവേല്‍ക്കാനായല്ല. അത് നമ്മെ ഗ്രസിച്ച, സമീപകാലത്തെങ്ങും കണ്ടിട്ടില്ലാത്തത്ര വലിയൊരു രോഗഭീതിക്ക് എന്തെങ്കിലും ശമനമുണ്ടാകുമോ എന്ന് അറിയാനാണ്.
ആ അവസ്ഥയില്‍ നാം വേണ്ടെന്ന് വയ്ക്കാന്‍ നിര്‍ബന്ധിതമാകുന്നത് ഒരു വിഷു മാത്രമല്ല, യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ദിനം കൂടിയാണ്, ഈസ്റ്റര്‍. മാത്രമല്ല, അംബേദ്കര്‍ ജയന്തി അടക്കമുള്ള മഹാഘോഷങ്ങളൊക്കെയും ഒരു വൈറസ് കൊണ്ടുപോവുകയാണ്.
കള്‍ചറും അഗ്രികള്‍ചറും
സംസ്‌കാരത്തിന്റെ ഉറവിടം കൃഷിയാണെന്ന് പറയും. പുഴയോ, നദിയോ പോലെയുള്ള ജലാശയങ്ങളുടെ തീരങ്ങളില്‍ മനുഷ്യര്‍ കൂട്ടത്തോടെ താമസമുറപ്പിക്കുകയും കൂട്ടായി കൃഷിയിലും കന്നുകാലി വളര്‍ത്തലിലും മറ്റും ഏര്‍പ്പെടുകയും ചെയ്ത നാള്‍ മുതല്‍ അത് തുടങ്ങുന്നു.
അവിടന്നിങ്ങോട്ട് നമ്മുടെ സാംസ്‌കാരിക പുരോഗതിയുടെ നാള്‍വഴികളിലൊക്കെയും കൂട്ടായ്മയെയും ഐക്യത്തെയും വാഴ്ത്തുന്ന നിരവധി ചൊല്ലുകളും മുദ്യാവാക്യങ്ങളും ശീലുകളും കാണാനാവും.
പരിഷ്‌കൃത മനുഷ്യന്റെ ശീലങ്ങളില്‍ ആഴത്തില്‍ വേരോടിയ ഒന്നാണ് കൂട്ടം ചേരാനുള്ള വാസന. കാരണം, അത് അവരുടെ പരിണാമബന്ധിയായ ഒരു അനുകൂലകം കൂടിയാണ്.
തന്റെ കായികമായ പരിമിതികളെ ഒരു വംശം എന്ന നിലയില്‍ മനുഷ്യന്‍ അതിജീവിച്ചത് കൂട്ടായ്മകൊണ്ടും കായിക ബലവും അറിവിനെ സംഭരിച്ചുവെക്കാനുള്ള ഉപാധികള്‍ വഴി ധൈഷണിക ബലവും പോഷിപ്പിച്ചുകൊണ്ടാണ്. ഓരോ ആഘോഷത്തിലും ഒത്തുചേരുന്ന മനുഷ്യര്‍ തങ്ങളുടെ അത്തരമൊരു ചരിത്രത്തെ തന്നെയാണ് ആഘോഷിക്കുന്നത്.
എന്നാല്‍, ഈ ഏപ്രിലില്‍ ഇനിയിത് സാധ്യമാകില്ല. കാരണം ഈ വൈറസ്; ഉഗ്രമായ വ്യാപന ശേഷിയുള്ള, രോഗലക്ഷണം പ്രകടമാകും മുമ്പേ രോഗിയുടെ ഉടലിനെ രോഗവ്യാപനത്തിന്റെ മാധ്യമമാക്കുന്ന ഒന്ന്.
'യുണൈറ്റഡ് വി സ്റ്റാന്റ്, ഡിവൈഡഡ് വി ഫാള്‍' എന്ന ചൊല്ലിനെ 'ഒരുമിച്ച് നില്‍ക്കാതിരുന്നാല്‍ ഒരുമിച്ച് വീഴാതിരിക്കാം' എന്ന് വിവര്‍ത്തനം ചെയ്യേണ്ട കാലം.
അതിനെ നേരിടാന്‍ ഒറ്റ വഴിയേ ഉള്ളു, സാമൂഹിക അകലം.
'യുണൈറ്റഡ് വി സ്റ്റാന്റ്, ഡിവൈഡഡ് വി ഫാള്‍' എന്ന ചൊല്ലിനെ 'ഒരുമിച്ച് നില്‍ക്കാതിരുന്നാല്‍ ഒരുമിച്ച് വീഴാതിരിക്കാം' എന്ന് വിവര്‍ത്തനം ചെയ്യേണ്ട കാലം. ഇവിടെ ഐകമത്യം ഉണ്ടാവേണ്ടത് ഒരുമിച്ച് നില്‍ക്കില്ല എന്ന തീരുമാനം കൂട്ടായി എടുക്കുന്നതിലാണെന്ന് വന്നിരിക്കുന്നു.
നമ്മുടെ ബോധരൂപീകരണത്തിന്റെ ദീര്‍ഘമായ ചരിത്രത്തില്‍ മുന്‍ മാതൃക ഇല്ലാത്തവണ്ണം വലിയൊരു തിരിച്ചിടലാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. അത് കേവലം പ്രശ്‌നാധിഷ്ഠിതം മാത്രമായി അവസാനിക്കുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
നിര്‍ദ്ധാരണം ചെയ്യേണ്ട വൈരുദ്ധ്യങ്ങള്‍
കോവിഡ്-19 ഒരു വൈറസ് ബാധയുടെ ഉന്മൂലന ബാധ്യത മാത്രമല്ല, നിര്‍ദ്ധാരണം ചെയ്യേണ്ടുന്ന നിരവധി സാംസ്‌കാരിക വൈരുദ്ധ്യങ്ങളെയും മുമ്പോട്ട് വെക്കുന്നുണ്ട്. അതിജീവനമെന്ന ആവശ്യം ഒരുമിച്ച് നേരിട്ട് മുന്നേറിയ ഒരു ചരിത്രത്തിന്റെ ഇങ്ങേയറ്റത്താണു നാം ജീവിക്കുന്നത്.
എന്നാല്‍, ആ ഒരുമിച്ച് നില്‍ക്കല്‍ എന്നത് മനുഷ്യര്‍ എല്ലാം ഒരു ആഗോള ഗ്രാമത്തിനുകീഴില്‍ ഒരുമിച്ച് കഴിഞ്ഞിരുന്ന ഒരവസ്ഥ ആയിരുന്നില്ല താനും.
ഗോത്ര മനുഷ്യര്‍ ഇടുങ്ങിയ അതിര്‍ത്തികള്‍ക്കുള്ളില്‍, അന്യഗോത്രങ്ങളെ സംശയത്തോടെയും ഭയത്തോടെയും കാണുകയും ജലത്തിനും മേച്ചില്‍പുറത്തിനും കന്നുകാലിക്കുമായി പരസ്പരം യുദ്ധം ചെയ്യുകയും ചെയ്ത് ജീവിച്ചിരുന്നവരാണ്.
സ്വാതന്ത്ര്യത്തിലുപരി വിലക്കുകളില്‍ നിലനിന്നിരുന്ന സാമൂഹ്യജീവിതമായിരുന്നു അത്. അന്യമായ എന്തും, അതിര്‍ത്തി വിട്ട് അന്യദേശത്തിലേക്കുള്ള യാത്ര പോലും വിലക്കപ്പെട്ടിരുന്ന കാലം. അതായത്, ഈ ഒരുമിച്ച് നില്‍ക്കലെന്നതില്‍ അന്തര്‍ലീനമായി കടുത്ത വേറിട്ട് നില്‍ക്കലുകളും ഉണ്ടായിരുന്നു. അതാണ് ആദ്യത്തെ വൈരുദ്ധ്യം.
ഗോത്രകാലത്തില്‍നിന്ന് മുമ്പോട്ടുള്ള യാത്രയെന്നത് വികസിക്കുന്ന അതിര്‍ത്തികളുടേതായിരുന്നു. അതിര്‍ത്തികള്‍ നിലനില്‍ക്കുകതന്നെ ചെയ്തിരുന്നുവെങ്കിലും അനുക്രമം വിശാലമായിവന്ന ഒരു മാനവിക ദര്‍ശനം അതിനെ സാംസ്‌കാരികമായി വികസിപ്പിച്ചുകൊണ്ടേയിരുന്നു.
ഗോത്രീയതയുടെ അപരഭയത്തില്‍നിന്നുമുള്ള സമ്പൂര്‍ണ സാംസ്‌കാരിക വിച്ഛേദത്തെ ആധുനിക ദേശരാഷ്ട്ര സങ്കല്‍പം തടഞ്ഞു എന്നതാണ് വസ്തുത
ആധുനിക കാലത്ത് ഉയര്‍ന്നുകേട്ട ഫ്രഞ്ച് വിപ്ലവത്തിന്റെ സമത്വം, തുല്യത, സാഹോദര്യം എന്ന മുദ്രാവാക്യം അതിനെ ഒരാഗോള മനുഷ്യദര്‍ശനത്തിലേക്ക് വലിച്ചുയര്‍ത്താന്‍ ശ്രമിച്ചു. ഇതേസമയം, ആധുനിക ദേശരാഷ്ട്ര സങ്കല്‍പം ദേശീയതയെ ഒരു തീവ്രവികാരമായി ഉണര്‍ത്തിക്കൊണ്ടുവരാനും ശ്രമിച്ചു.
അതിനവര്‍ക്ക് കാരണങ്ങളും ഉണ്ടാവാം. അതെന്തായാലും ഗോത്രീയതയുടെ അപരഭയത്തില്‍നിന്നുമുള്ള സമ്പൂര്‍ണ സാംസ്‌കാരിക വിച്ഛേദത്തെ ആധുനിക ദേശരാഷ്ട്ര സങ്കല്‍പം തടഞ്ഞു എന്നതാണ് വസ്തുത. ഇതാണ് രണ്ടാമത്തെ വൈരുദ്ധ്യം.
ട്രൈബല്‍, ഫ്യൂഡല്‍ ദേശീയതാ സങ്കല്‍പത്തില്‍ നിന്ന് ആഗോള സ്വഭാവമുള്ള മാനവികതാ ദര്‍ശനത്തിലേക്കുള്ള പരിണാമത്തിന്റെ വിത്തുകള്‍ നമുക്ക് ആധുനികതയുടെ സാംസ്‌കാരിക ഉള്ളടക്കത്തില്‍ കാണാം.
എന്നാല്‍ പ്രയോഗതലത്തില്‍ അതില്‍ നിന്ന് ബഹുദൂരം പിന്നോട്ടുപോയി ഗോത്ര, ഫ്യൂഡല്‍ സംസ്‌കൃതിയുടെ പല സ്വഭാവങ്ങളും ബിംബങ്ങളായും പ്രതീകങ്ങളായും നിലനിര്‍ത്തിക്കൊണ്ടാണ് നമ്മുടെ അര്‍ഥഫ്യൂഡല്‍ ദേശരാഷ്ട്രവും ദേശീയതയും ജനാധിപത്യം തന്നെയും രൂപം കൊണ്ടത്. ഇതാണ് മൂന്നാമത്തെ വൈരുദ്ധ്യം.
പുതിയ നൂറ്റാണ്ടിലേക്ക് വരുമ്പോഴും ഈ വൈരുദ്ധ്യങ്ങള്‍ നമ്മുടെ സാമൂഹ്യ പൊതുബോധത്തില്‍ നിര്‍ദ്ധാരണം ചെയ്യപ്പെടാതെ തുടരുകയായിരുന്നു.
അന്താരാഷ്ട്ര മനുഷ്യന്‍
ആധുനിക ദേശീയത മുന്നോട്ടുവച്ച രാഷ്ട്രമനുഷ്യനില്‍നിന്ന് അന്താരാഷ്ട്ര മനുഷ്യനിലേക്കുള്ള പരിണാമം തുടരുന്നത് സാംസ്‌കാരികമെന്നതിലുപരി മുതലാളിത്തത്തിന്റെ വികസന ഘട്ടം ഉയര്‍ത്തിയ പ്രായോഗിക ആവശ്യങ്ങള്‍ വഴിയായിരുന്നു. മാര്‍ക്‌സ് പറഞ്ഞതുപോലെ മിച്ചമൂല്യവും അതുവഴിയുള്ള മൂലധനത്തിന്റെ വികസനവും സാധ്യമാകാന്‍ തൊഴിലാളിയെയല്ലാതെ മറ്റൊന്നിനെയും പിഴിയുവാന്‍ നിവര്‍ത്തിയില്ല.
അങ്ങനെ 'ചീപ്പ് ലേബര്‍' അന്വേഷിച്ച് ലോകത്തെമ്പാടും തിരിഞ്ഞ മുതലാളിത്തത്തിന്റെ കണ്ണുകളാണ് പുതിയ അന്താരാഷ്ട്ര മനുഷ്യനെ ഉണ്ടാക്കിയത് എന്നും പറയാം.
അത്തരം ഒരന്വേഷണം തുറന്നിട്ട സാധ്യത ഉപയോഗിച്ച് സ്വന്തം നാട്ടില്‍ നിന്ന് മറുനാട്ടിലേക്ക് കുടിയേറ്റക്കാരായും കരാര്‍ ജോലിക്കാരായും പോയ മനുഷ്യര്‍ ഉണ്ടാക്കിയ മാതൃകയിലാണിന്നത്തെ അന്താരാഷ്ട്ര മനുഷ്യന്‍ നിലനില്‍ക്കുന്നത്.
'ചീപ്പ് ലേബര്‍' അന്വേഷിച്ച് ലോകത്തെമ്പാടും തിരിഞ്ഞ മുതലാളിത്തത്തിന്റെ കണ്ണുകളാണ് പുതിയ അന്താരാഷ്ട്ര മനുഷ്യനെ ഉണ്ടാക്കിയത് എന്നും പറയാം.
ഇന്ന് ലോകത്ത് കുടിയേറ്റക്കാരായോ കരാര്‍ തൊഴിലാളികളായോ അന്യദേശക്കാര്‍ ഇല്ലാത്ത അപൂര്‍വ്വം രാജ്യങ്ങളേ ഉണ്ടാവാന്‍ ഇടയുള്ളു, അങ്ങനെയൊരു സാധ്യത സ്വന്തം പൗരന്മാര്‍ക്ക് വിലക്കുന്ന രാജ്യങ്ങളും.
അതിജീവനത്തിന് സ്വന്തം ഗോത്രത്തിലേക്കോ, പ്രവിശ്യയിലേക്കോ, രാജ്യത്തേക്ക് പോലുമോ അല്ലാതെ മുഴുവന്‍ ലോകത്തേക്ക് പ്രതീക്ഷയോടെ നോക്കുന്ന മനുഷ്യന്‍ ആഗോളവല്‍ക്കരണത്തെയും ഉദാരവല്‍ക്കരണത്തെയും പ്രതീക്ഷയോടെ നോക്കിക്കണ്ടതില്‍ അതിശമില്ല.
മുതലാളിത്ത പ്രതിസന്ധി
മുതലാളിത്തം അതിന്റെ പ്രവചിതമായ പ്രതിസന്ധികളിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണം കണ്ടുകൊണ്ടാണ് കഴിഞ്ഞ നൂറ്റാണ്ട് അവസാനിച്ചത്. പുതിയ നൂറ്റാണ്ട് പ്രതിസന്ധിയെ ശമിപ്പിക്കുകയല്ല, രൂക്ഷമാക്കുകയായിരുന്നു.
ആഗോള മുതലാളിത്തത്തിന്റെ ബുദ്ധികേന്ദ്രങ്ങള്‍ ഈ പ്രതിസന്ധിയെ പ്രായോഗികമായി നേരിട്ട് അതിജീവിക്കുന്നതില്‍ പരാജയപ്പെട്ടതോടെ അതില്‍ നിന്ന് ജനശ്രദ്ധയെ തിരിച്ചുവിടാനായി ശ്രമം. തങ്ങളുടെ സ്വാഭാവിക സഖ്യകക്ഷികളായ വലത് മുതലാളിത്ത ഭരണകൂടങ്ങളെ ഉപയോഗിച്ചുള്ള ആ ശ്രമത്തില്‍ അവര്‍ക്ക് അവലംബിക്കാനുണ്ടായിരുന്നതോ, അന്താരാഷ്ട്ര മനുഷ്യന്റെ അബോധത്തില്‍ നിര്‍ദ്ധാരണം ചെയ്യപ്പെടാതെ ബാക്കിയുണ്ടായിരുന്ന ഗോത്രീയതയുടെ പ്രാഗ് രൂങ്ങളെയും.
ഒരുമയുടെ രാഷ്ട്രീയമല്ല, വെറുപ്പിന്റെ രാഷ്ട്രീയം പരസ്യമായി പറയുന്ന, ന്യൂനപക്ഷ അപരവല്‍ക്കരണത്തിലൂടെ ഭൂരിപക്ഷ ഏകീകരണം എന്ന മനുഷ്യവിരുദ്ധ രാഷ്ട്രീയ പ്രത്യയശാസ്ത്രം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വ്യക്തികളും സംഘടനകളും ആശങ്ങളും ലോകവ്യാപകമായി ജനപ്രിയമാകുന്ന പ്രവണയായിരുന്നു പിന്നീട് കണ്ടത്.
കഠിന പ്രയത്‌നം വേണ്ടിവരും എങ്കിലും സാമ്പത്തിക പ്രതിസന്ധിയില്‍നിന്നുള്ള അതിജീവനം പ്രതീക്ഷിക്കാനെങ്കിലുമാവും. എന്നാല്‍, പാക്കേജ് പ്രഖ്യാപിച്ച് താങ്ങി നിര്‍ത്താന്‍ കഴിയുന്നവണ്ണം ഭൗതികവും പ്രത്യക്ഷവുമല്ലാത്ത പ്രത്യാഘാതങ്ങളുമുണ്ട്.
ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കൊവിഡ്-19 എന്ന മഹാമാരി വരുന്നത്. അതുകൊണ്ട് തന്നെയാണതിന്റെ പ്രത്യാഘാതങ്ങളെ ഒരു വൈറസ് സൃഷ്ടിച്ച ആരോഗ്യ പ്രശ്‌നങ്ങള്‍ മാത്രമായി എണ്ണാനാവാത്തതും.
വൈറസ് ഒടുങ്ങിയാലും തീരാത്ത ആശങ്കകള്‍
മനുഷ്യര്‍ കര്‍ശന നിബന്ധന പാലിച്ച് വീട്ടിലിരിക്കുന്നതുവഴി സാമൂഹ്യവ്യാപനം എന്ന മഹാഭീഷണിയെ അതിജീവിക്കാന്‍ കഴിഞ്ഞാല്‍ ഇത്ര ദിവസം കൊണ്ടെന്ന് ഉറപ്പിച്ച് പറയാനാവില്ലെങ്കിലും ഈ വൈറസ് ബാധ നമുക്ക് നിയന്ത്രണവിധേയമാക്കാനാവും എന്നാണ് പ്രതീക്ഷ.
എന്നാല്‍ അത് സാധ്യമായാല്‍ തന്നെയും അടിയന്തിര ഭീഷണി ഒഴിഞ്ഞു എന്നുമാത്രം. ദിവസങ്ങള്‍ നീണ്ട പ്രളയത്തിനുശേഷം മഴ ശമിച്ച് ജലമിറങ്ങിയ അവസ്ഥ പോലെ ഒന്ന്. അതുകൊണ്ട് ഒന്നും അവസാനിക്കുന്നില്ല, മറിച്ച് പലതും തുടങ്ങുകയാണ്.
നയപരവും ഭരണപരവുമായ കാരണങ്ങളാല്‍ ഇതിനകം രൂക്ഷമായിക്കഴിഞ്ഞ സാമ്പത്തിക മാന്ദ്യത്തിനും തൊഴിലില്ലായ്മയ്ക്കും വളര്‍ച്ചാനിരക്കിലെ ഇടിവിനും പുറമേയാണ് ലോക്ഡൗണ്‍. ഇത് ഉണ്ടാക്കാന്‍ പോകുന്ന പ്രതിസന്ധി ഭക്ഷ്യ മേഖലയെ ഒഴികെ എല്ലാ രംഗത്തും പ്രതികൂലമായി പ്രത്യക്ഷമാകും.
കഠിന പ്രയത്‌നം തന്നെ വേണ്ടിവരും എങ്കിലും ഈ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നുള്ള അതിജീവനം നമുക്ക് പ്രതീക്ഷിക്കാനെങ്കിലുമാവും. എന്നാല്‍, പാക്കേജ് പ്രഖ്യാപിച്ച് താങ്ങി നിര്‍ത്താന്‍ കഴിയുന്നവണ്ണം ഭൗതികവും പ്രത്യക്ഷവുമല്ലാത്ത പ്രത്യാഘാതങ്ങളുമുണ്ട്. അധികമൊന്നും ആരും ചര്‍ച്ച ചെയ്ത് തുടങ്ങിയിട്ടില്ലാത്തവ.
സാംസ്‌കാരിക പ്രതിസന്ധികള്‍
ഏതൊരു സമൂഹത്തിന്റെയും പൊതുബോധം അത് നേരിടുന്ന ദുരിതകാലങ്ങളെ വിശകലനം ചെയ്യുക അതിന്റെ ഏറ്റവും സമീപവും പ്രകടവുമായ കാരണം വച്ചായിരിക്കും.
അഴിമതിയും സ്വജന പക്ഷപാതവും കെടുകാര്യസ്ഥതയും നിറഞ്ഞ ഒരു സര്‍ക്കാര്‍ വഴി ജനാധിപത്യം എന്ന വ്യവസ്ഥ പരക്കെ അവമതിക്കപ്പെടുന്ന അവസ്ഥ ഉണ്ടായെന്ന് കരുതുക. അപ്പോള്‍ അതിന്റെ പ്രകടമായ കാരണമായി നാം മനസിലാക്കുന്നത്, ജനാധിപത്യം എന്ന വ്യവസ്ഥയായിരിക്കും. സമീപകാല കാരണമായി കാണുന്നത് രാജഭരണത്തില്‍നിന്നുള്ള വ്യവസ്ഥാ മാറ്റത്തെയും.
അത്തരം ഘട്ടങ്ങളിലൊക്കെയും പൊതുബോധത്തിന്റെ തല്‍ക്ഷണ പ്രതികരണം ഏകാധിപത്യത്തിലെക്ക് മടങ്ങി പോവുക, പട്ടാളത്തെ വിളിക്കുക എന്നിങ്ങനെയായിരിക്കും. അതിന് നമുക്ക് നിരവധി അനുഭവസാക്ഷ്യങ്ങളുണ്ട്.
ജനാധിപത്യത്തിന്റെ ന്യൂനതകളല്ലാതെ ഏകാധിപത്യത്തിന്റെ, പട്ടാള ഭരണത്തിന്റെ ഭീഷണമായ അനുഭവങ്ങള്‍ നമ്മുടെ സമീപസ്മരണകളില്‍ ഇല്ല എന്നതുതന്നെ അതിന് കാരണം.
ഇത്തരത്തില്‍, ചരിത്രാവസ്ഥകളോടും സംഭവങ്ങളോടും രേഖീയമായി പ്രതികരിക്കുക നമ്മുടെ ഒരു ശീലമാണെന്നിരിക്കെ ഇതുപോലൊരു മഹാമാരിയും അതുണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളും ആ ശീലത്തില്‍ ഉണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ എന്തൊക്കെയാവും?
അന്യഭയം
'സിനോഫോബിയ' അഥവാ അന്യഭയം എന്നത് ഒരു ഗോത്രകാല സവിശേഷതയാണ്. അതാത് ഗോത്രങ്ങള്‍ക്ക് പുറത്തുള്ള വ്യക്തികളെയും വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും വസ്ത്ര- ആഹാര ശീലങ്ങളെയും ഉള്‍പ്പെടെ എല്ലാറ്റിനെയും ഭയത്തോടും സംശയത്തോടും മാത്രം കാണുക എന്നത് അക്കാലത്ത് സാമാന്യമായ ഒന്നായിരുന്നു.
ഗോത്രങ്ങള്‍ക്ക് പരമാവധി സഹഗോത്രങ്ങളുമായല്ലാതെ പുറത്തുനിന്നുള്ള വിവാഹബന്ധങ്ങളോ, വിശ്വാസവും ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട കൊടുക്കല്‍ വാങ്ങലുകളോ, സഹവാസമോ, ചര്‍ച്ചയോ, സഞ്ചാരം തന്നെയുമോ നിഷിദ്ധമായിരുന്നു.
അന്താരാഷ്ട്ര മനുഷ്യനിലേക്കും സമൂഹത്തിലേക്കും 'സിനോഫോബിയ' എന്ന നാം അതിജീവിച്ചതെന്ന് കരുതിയിരുന്ന രോഗം വീണ്ടും പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നത് കോവിഡ് കാലം മുതല്‍ക്കൊന്നുമല്ല. അതിന്റെ കാരണം രോഗാണുബന്ധിയായ ഒന്നുമല്ല.
സഹഗോത്രങ്ങള്‍ തമ്മിലുള്ള ചാര്‍ച്ചകള്‍ക്കുതന്നെയും കടുത്ത നിബന്ധനകളും ഉണ്ടായിരുന്നു.
അത്തരം ഒരു കാലത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക ശീലങ്ങളെ ഉപേക്ഷിച്ച് നിലവില്‍ വന്നതാണിന്നത്തെ അന്താരാഷ്ട്ര മനുഷ്യന്‍. അന്യഗോത്രത്തില്‍ നിന്നല്ല, അന്യരാഷ്ട്രത്തില്‍ നിന്നല്ല, ഭൂഖണ്ഡങ്ങളില്‍ നിന്ന് വിവാഹം കഴിക്കുകയും കാരാപ്പുഴയല്ല, കടല്‍ തന്നെ കടന്ന് യാത്രചെയ്യുകയും ചെല്ലുന്നിടത്തെ വിശ്വാസത്തെയും, സാമൂഹ്യ ശീലങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയുമൊക്കെ സ്വാംശീകരിക്കുകയും ചെയ്തതാണിന്നത്തെ അന്താരാഷ്ട്ര മനുഷ്യസമൂഹം.
അത്തരം ഒരു അന്താരാഷ്ട്ര മനുഷ്യനിലേക്കും സമൂഹത്തിലേക്കും 'സിനോഫോബിയ' എന്ന നാം അതിജീവിച്ചതെന്ന് കരുതിയിരുന്ന രോഗം വീണ്ടും പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നത് ഈ കോവിഡ് കാലം മുതല്‍ക്കൊന്നുമല്ല. അതിന്റെ കാരണം രോഗാണുബന്ധിയായ ഒന്നുമല്ല.
എന്നാല്‍, അതിന്റെ സാംസ്‌കാരിക കാരണങ്ങളൊട് ആരോഗ്യ ശാസ്ത്രപരമായ ഒരു കാരണം (വ്യാജകാരണം) കൂടി കൂട്ടിവയ്ക്കുന്നു ഈ രോഗകാലം.
പ്രവാസി എന്ന രോഗാണുവാഹകന്‍
അധികൃതവും അനധികൃതവുമായ വഴികളില്‍ ലോകത്തിന്റെ പല കോണുകളില്‍ നിന്നും വന്നെത്തിയ മനുഷ്യരാണ് ആധുനികകാല പ്രവാസത്തിന്റെ മൂന്നു തരംഗങ്ങളിലായി വിതരണം ചെയ്യപ്പെട്ട പ്രവാസികള്‍. അധ്വാനം കൊണ്ട് ആതിഥേയ രാജ്യങ്ങളെയും അതിനു ലഭിച്ച കൂലികൊണ്ട് മാതൃരാജ്യത്തെയും വികസനത്തിന്റെ പാതയില്‍ ഉറപ്പിച്ച് നിര്‍ത്തിയ പ്രവാസികളും പ്രവാസവും വഴി കൈമാറ്റം ചെയ്യപ്പെട്ടത് വെറും സമ്പത്ത് മാത്രമായിരുന്നില്ല, ആധുനികമായ ഒരു മനുഷ്യ സങ്കല്‍പം കൂടിയായിരുന്നു. അതില്‍ 'സിനോഫോബിയ'ക്ക് ഒരു സ്ഥാനവുമില്ലായിരുന്നു. എന്നാല്‍ സമീപ കാലത്ത് അത് മാറാന്‍ തുടങ്ങി. തങ്ങളുടെ ദേശീയ വിഭവങ്ങള്‍ കൊള്ളചെയ്ത് കൊണ്ടുപോകുന്ന വിദേശികള്‍ എന്ന ഒരു വികാരം തദ്ദേശീയരില്‍ രൂക്ഷമാകുന്നത്, അതിന്റെ പ്രകടമായ പ്രതിഫലനം സാമൂഹ്യ ജീവിതത്തില്‍ ഉണ്ടാവുന്നത് പുതിയ നൂറ്റാണ്ടില്‍ നാം കണ്ടു.
ദേശീയവും അന്തര്‍ദേശീയവുമായ തലങ്ങളില്‍ 'സിനൊഫോബിക്കാ'യ ഇത്തരം ഒരു പൊതുബോധം വികസിച്ചുവരുന്ന കാലത്താണ് കോവിഡ്-19 വരുന്നത്. അതോടെ ഏതാണ്ട് ലോകത്തെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുന്ന ആ പൊതുബോധത്തിന് ആരോഗ്യപരവും ശാസ്ത്രീയവുമെന്ന് അവര്‍ക്ക് അവകാശപ്പെടാന്‍ പോന്ന സാധൂകരണവും കിട്ടിയിരിക്കുന്നു.
ലോകത്തുതന്നെ ഏറ്റവും വലിയ പ്രവാസി സമൂഹങ്ങളില്‍ ഒന്നിനെ ഉള്‍ക്കൊള്ളുന്ന ഇന്ത്യയും ഇതിനപവാദമല്ല.
ചന്ദ്രനില്‍ ചെന്നാല്‍ അവിടെയും കാണും ചായക്കടയിട്ട് ഒരു മലയാളി എന്ന തമാശ നമ്മുടെ പ്രവാസ ജീവിതത്തിന്റെ വ്യാപ്തിയെ കാണിക്കുന്നു. എന്നാല്‍ അതേ പ്രവാസത്തിന്റെ മറുതലയ്ക്കല്‍ നിന്നുകൊണ്ട് അവരൊക്കെയും വൃത്തിഹീനരായ കുറ്റവാളികളാണെന്നും അവരെ ഓടിച്ചാലേ നാട് നന്നാവൂ എന്നും പറയുന്ന 'മല്ലു സാംസ്‌കാരിക നായകന്മാര്‍' മുതല്‍ മധ്യവര്‍ഗ ശുചിത്വവാദികള്‍ വരെയുണ്ട് നമ്മുടെ നാട്ടില്‍.
അധ്വാനം കൊണ്ട് ആതിഥേയ രാജ്യങ്ങളെയും അതിനു ലഭിച്ച കൂലികൊണ്ട് മാതൃരാജ്യത്തെയും വികസനത്തിന്റെ പാതയില്‍ ഉറപ്പിച്ച് നിര്‍ത്തിയ പ്രവാസികളും പ്രവാസവും വഴി കൈമാറ്റം ചെയ്യപ്പെട്ടത് വെറും സമ്പത്ത് മാത്രമായിരുന്നില്ല, ആധുനികമായ ഒരു മനുഷ്യ സങ്കല്‍പം കൂടിയായിരുന്നു.
ഇവിടെനിന്ന് പുറത്തേക്ക് നോക്കിയാലോ? കേരള അതിര്‍ത്തി കര്‍ണ്ണാടക മണ്ണിട്ട് അടച്ചത് മാറുന്ന മനോനിലയുടെ സൂചകമാണ്. ഒരു രോഗത്തിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി കൈകൊള്ളുന്ന സാമൂഹിക അകലം മനസിലാക്കാം, ആ അര്‍ത്ഥത്തില്‍ അതിര്‍ത്തിയിലെ നിയന്ത്രണങ്ങളും.
എന്നാല്‍ അതുകൊണ്ട് പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ആരോഗ്യ, ഭക്ഷ്യ സഹകരണങ്ങളുടെ ദേശീയ ശൃംഖല തകരാന്‍ പാടില്ല. അതിന്റെ ഭാഗമായ ചരക്ക്, ആശുപത്രി ഗതാഗതം തടസ്സപ്പെടാന്‍ പാടില്ല. എന്നാല്‍, കോവിഡിനെ സംബന്ധിച്ച് യൂറോപ്പിലെ ഇറ്റലി പോലെയാണ് ഇന്ത്യയിലെ കേരളം എന്നുകണ്ട് കേരളത്തില്‍നിന്ന് അടിയന്തിര ചികില്‍സ തേടിവരുന്ന മലയാളികളെ പോലും അതിര്‍ത്തി കടത്തിവിടണ്ട എന്ന് അവര്‍ തീരുമാനിച്ചപ്പോള്‍ അതുകൊണ്ട് പൊലിഞ്ഞത് വിലപ്പെട്ട ജീവിതങ്ങളാണ്.
ഇതില്‍ രാഷ്ട്രീയവുമുണ്ട്. തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് ഇനിയും വേണ്ടത്ര പാര്‍ലമെന്ററി പ്രാതിനിധ്യം നല്‍കാത്തതെന്ന് അവര്‍ കരുതുന്ന ഒരു സമൂഹത്തോട് ഇതിനകം തന്നെയുള്ള വിദ്വേഷത്തിന്റെ തുറന്ന പ്രകടനമാണ് മടക്കിവിട്ട ആംബുലന്‍സുകളും ചരക്കുലോറിയില്‍ നിന്ന് എടുത്തെറിയപ്പെട്ട പച്ചക്കറികളും, കോടതി പറഞ്ഞാലും കേള്‍ക്കാത്ത കടുംപിടുത്തവും.
മണ്ണുകൊണ്ടും മതിലുകെട്ടാനാവും. അതിലെന്തിനൊരു വൈറസ് കൂടി?
മടങ്ങിപ്പോക്ക് ഏതു പാരമ്പര്യത്തിലേക്ക്?
കോവിഡ്- 19 പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ തെരുവില്‍ നിരന്തരം ഉയര്‍ന്നുകേള്‍ക്കുന്ന വാചകമുണ്ട്; കൈകൊടുക്കുന്നതിനുപകരം കൈ കൂപ്പി നമസ്‌കാരം പറയുകയും ഗൃഹസന്ദര്‍ശനം നടത്തുമ്പോള്‍ കൈയും കാലും കഴുകി അകത്തുകടക്കുകയും ചെയ്യുന്ന നമ്മുടെ പാരമ്പര്യത്തിലേക്ക് മടങ്ങിപ്പോകാം എന്ന്. എന്നാല്‍ നമ്മുടെ പാരമ്പര്യത്തില്‍ ഈ പറയുന്ന ഈ കൈ കൂപ്പലും കൈയും കാലും കഴുകലും പ്രതിഫലിച്ചിരുന്നത് ഒരു മടങ്ങിപ്പോക്കിന് പ്രേരിപ്പിക്കും വിധം സോദ്ദേശ്യപരമായി ആയിരുന്നുവോ?
ബാര്‍ സോപ്പില്ലാതെ വെള്ളം കൊണ്ട് കാര്യമില്ല. വെള്ളമില്ലെങ്കിലും സാനിറ്റൈസര്‍ ഉണ്ടെങ്കില്‍ അത് മതിയാവും. ഇവയൊന്നും കിണ്ടി പാരമ്പര്യത്തില്‍ തെരഞ്ഞാല്‍ കിട്ടില്ല. പിന്നെ എങ്ങോട്ട് മടങ്ങി പോകാന്‍?
നമ്മുടെ 'മഹത്തായ' പാരമ്പര്യത്തിലെ ശുദ്ധിബോധമെന്നത് അപരനെ തൊട്ടാല്‍ കുളിക്കണം, അതും അവന്റെ ജാതിക്കനുസരിച്ച് പലവട്ടം കുളിക്കണം എന്ന നിലയില്‍ ചിട്ടപ്പെട്ട ഒന്നാണ്.
കൈയ്യും കാലും കഴുകാന്‍ വെള്ളം വച്ചിരിക്കുന്ന മൊന്ത, കിണ്ടി തുടങ്ങിയവയില്‍ പോട്ടെ അതില്‍ വെള്ളം കോരി നിറക്കുന്ന കിണറില്‍ പോലും തൊടാന്‍ സമൂഹത്തിലെ നല്ലൊരു വിഭാഗം മനുഷ്യര്‍ക്ക് അനുവാദമില്ലാത്ത ഒരു വ്യവസ്ഥ. അതിന്റെ വിപുലീകരണമാണ് കൈ കൂപ്പലും പ്രസാദം എറിഞ്ഞ് കൊടുക്കലുമെല്ലാം.
അല്ലെങ്കില്‍ത്തന്നെ, പാദരക്ഷകളുടെ ഉപയോഗം വ്യാപക പ്രചാരത്തിലില്ലാത്ത, ടാറിട്ട റോഡുകളും കാറും ബസും പോലെയുള്ള വാഹനങ്ങള്‍ സുലഭമായിരുന്നില്ലാത്ത ഒരു കാലത്ത് പൊടിപുരണ്ട ഉടലും ചെളി നിറഞ്ഞ കാലുമായി വരുന്ന മനുഷ്യര്‍ കൈയും കാലും കഴുകുന്നതില്‍ അതിശയമൊന്നുമില്ല. ഇപ്പോള്‍ അതിന്റെ ആവശ്യമില്ലാത്തതിനാല്‍ ഉമ്മറത്ത് കിണ്ടിയും മൊന്തയുമൊന്നും ഇല്ലാത്തതിലും.
ഇതിലെവിടെയാണ് മടങ്ങിപ്പോകാന്‍ തക്കവണ്ണം നഷ്ടമായ നമ്മുടെ ശുചിത്വ പാരമ്പര്യം? ഇനി കോവിഡിനെ അതിജീവിക്കാനാണെങ്കില്‍ വേണ്ടത് വെള്ളം മാത്രമല്ല. ബാര്‍ സോപ്പില്ലാതെ വെള്ളം കൊണ്ട് കാര്യമില്ല. ഇനി വെള്ളമില്ലെങ്കിലും ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉണ്ടെങ്കില്‍ അത് മതിയാവും. ഇവയൊന്നും കിണ്ടി പാരമ്പര്യത്തില്‍ തെരഞ്ഞാല്‍ കിട്ടില്ല. പിന്നെ എങ്ങോട്ട് മടങ്ങി പോകാന്‍?
മാനവികമായ സംസ്‌കാരവുമായോ, ആധുനിക ശുചിത്വ ബോധവുമായോ ഒരു ബന്ധവുമില്ലാത്ത നമ്മുടെ പാരമ്പര്യത്തിലെ ചില സാംസ്‌കാരിക അശ്‌ളീലങ്ങളെ ഇതുപോലൊരു മഹാവ്യാധിയെ പ്രതിരോധിക്കുന്നു എന്ന വ്യാജേനെ ഒളിച്ചുകടത്തുന്നതാണ് ഇവിടെ കാണുന്നത്. ഇതാവട്ടെ കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രചാരണവുമല്ല.
വ്യക്തമായ അധികാര താല്‍പര്യങ്ങളോടെ പണ്ടേ തുടങ്ങിയ ഒരു പ്രചാരണത്തിന്റെ ഉപകരണമായി സാന്ദര്‍ഭികമായി വീണുകിട്ടിയ ഈ വ്യാധിയും ഉപയോഗിക്കപ്പെടുകയാണ്.
സാമൂഹിക അലകം എന്ന രാഷ്ട്രീയ ഉപകരണം
മനുഷ്യര്‍ പണ്ട് കായികമായും പിന്നെ കായികവും സാമൂഹ്യവും സാംസ്‌കാരികവുമായും ഒരുമിച്ച് നിന്ന് ഉണ്ടാക്കിയതാണ് ഒരു വംശം എന്ന നിലയിലെ നമ്മുടെ സഞ്ചിത പുരോഗതി. എന്നുവച്ച് അതിനെ താല്‍കാലികമായി അസാദ്ധ്യമാക്കുന്ന പകര്‍ച്ചവ്യാധികളെ നാം ആദ്യമായല്ല കാണുന്നതും.
പ്ലേഗും കുഷ്ഠവും വസൂരിയും പോലെയുള്ള വ്യാധികളെ നാം നേരിട്ടത് രോഗിയുമായുള്ള സമ്പര്‍ക്ക സാധ്യത പരമാവധി ഒഴിവാക്കി തന്നെയായിരുന്നു. എന്നാല്‍ അന്ന് നമുക്ക് അവരെ നഗരത്തിന് പുറത്തെ സാനിട്ടോറിയത്തില്‍ കൊണ്ട് തള്ളുക, പായില്‍ കെട്ടി കാട്ടില്‍ ഉപേക്ഷിക്കുക തുടങ്ങിയ പ്രാകൃതവഴികളല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു.
പക്ഷെ, അന്നും നാം കാര്യങ്ങളെ ഇത്രകണ്ട് രേഖീയമായി അല്ല മനസിലാക്കിയത്. അങ്ങനെയായിരുന്നെങ്കില്‍ നാം ഇതുവരെ വികസിച്ചെത്തുമായിരുന്നില്ല.
ഒരു രോഗത്തെ കുറിച്ചുള്ള പരിമിത അറിവുവെച്ച് അന്ന് പ്രായോഗികമായി തോന്നിയത് മനുഷ്യര്‍ ചെയ്യുകയായിരുന്നു. എന്നാല്‍, ഇന്നത്തെ 'സിനൊഫോബിയ' ഒരു രാഷ്ട്രീയ ഉപകരണമാകുന്ന അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങളില്‍ സാമൂഹിക അലകം ആരോഗ്യപരമായി സംഭവിക്കുന്നുമില്ല, എന്നാല്‍ സാംസ്‌കാരികമായി ഉറയ്ക്കുകയും ചെയ്യുന്നു.
ലളിതമായി പറഞ്ഞാല്‍ രോഗവ്യാപനം തടയാന്‍ മനുഷ്യര്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലം പാലിക്കണമെന്നും സാമൂഹ്യമോ, വിശ്വാസബന്ധിയോ ആയി കൂട്ടം കൂടുന്ന അവസരം ഒഴിവാക്കണമെന്നുമുള്ള അഭ്യര്‍ത്ഥന പലരും ചെവിക്കൊള്ളുന്നില്ല.
രോഗവ്യാപനം തടയാന്‍ ആദ്യം അടച്ചിടേണ്ടിവന്നത് തുറമുഖങ്ങളും വിമാന താവളങ്ങളുമായിരുന്നു. കോവിഡ്-19 വഴി മാറ്റിവെക്കേണ്ടിവന്നത് അന്തിച്ചന്തയും കന്നുകാലി കച്ചവടവുമൊന്നുമല്ല, ഒളിമ്പിക്‌സും ലോകകപ്പും പോലുള്ള അന്താരാഷ്ട്ര സംഭവങ്ങളാണ്.
എന്നാല്‍, ഇത് നമ്മുടെ ഗോത്രീയമായ സഹജാവബോധത്തില്‍ നിന്ന് ഉണ്ടാവുന്നതാണൊ? അതുമല്ല.
നമുക്കിന്ന് നമ്മുടെ അയല്‍ക്കാരെ വരെ ഭയമാണ്. വിദേശത്തുനിന്ന് വന്നതാണെന്ന് കേട്ടപാതി ഒരു കുടുംബത്തെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് പുറത്ത് കൊറോണ എന്ന് ബോര്‍ഡ് വെച്ചത് ഓര്‍മയുണ്ടാവുമല്ലോ.
അന്താരാഷ്ട്ര മനുഷ്യര്‍, അന്താരാഷ്ട്ര രോഗം
കോവിഡിന്റെ പശ്ചാത്തലത്തില്‍ ബോധവല്‍ക്കരണങ്ങള്‍ മുഴുവന്‍ ഊന്നുന്നത് വ്യക്തി ശുചിത്വത്തിലാണല്ലോ. ആ വിഷയത്തിലാണെങ്കില്‍ നമ്മുടെ സവര്‍ണ ഉപരിവര്‍ഗത്തിന് പ്രത്യേകിച്ച് പ്രബോധനമൊന്നും വേണ്ട എന്നാണ് വയ്പ്പ്. അപ്പോള്‍ ആരെയാണ് പഠിപ്പിക്കേണ്ടത്?
നാം കണ്ട പല പകര്‍ച്ചവ്യാധികളെയും പോലെ സമൂഹത്തിന്റെ താഴേത്തട്ടിലുള്ള, ദരിദ്രവും വൃത്തിഹീനവുമായ സാഹചര്യങ്ങളില്‍ ജീവിക്കേണ്ടിവരുന്ന മനുഷ്യര്‍ക്കിടയിലല്ല ഈ അസുഖം പടര്‍ന്നുപിടിക്കുന്നത്. ചേരികളും ചന്തകളുമൊന്നുമല്ല ഇതിന്റെ വിതരണ കേന്ദ്രങ്ങള്‍.
കൊറോണ രോഗികളില്‍ നിരവധി രാഷ്ട്രതലവന്മാരും ചലച്ചിത്ര- കായിക താരങ്ങളും ഉണ്ട്. രോഗവ്യാപനം തടയാന്‍ ആദ്യം അടച്ചിടേണ്ടിവന്നത് തുറമുഖങ്ങളും വിമാന താവളങ്ങളുമായിരുന്നു. കോവിഡ്-19 വഴി മാറ്റിവെക്കേണ്ടിവന്നത് അന്തിച്ചന്തയും കന്നുകാലി കച്ചവടവുമൊന്നുമല്ല, ഒളിമ്പിക്‌സും ലോകകപ്പും പോലുള്ള അന്താരാഷ്ട്ര സംഭവങ്ങളാണ്. നിര്‍ത്തിവച്ചത് പല സിനിമകളുടെയും സീരിയലുകളുടെയും ഷൂട്ടിങ്ങാണ്.
ആ നിലയ്ക്ക് അത് ഉപരിവര്‍ഗത്തെ ആദ്യം ബാധിക്കുകയും സാമൂഹികവ്യാപനം തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രം താഴോട്ട് ഇറ്റിറങ്ങുകയും ചെയ്യുന്ന അപൂര്‍വ പകര്‍ച്ച വ്യാധിയാണ്.
ഇതൊക്കെയാണ് വസ്തുതയെങ്കിലും ഈ രോഗത്തെ നാം ഇന്ത്യയിലെങ്കിലും നേരിടുന്നത് വ്യക്തിഗത ശുചിത്വം എന്ന ഘടകത്തെ മുന്‍ നിര്‍ത്തിയാണ് എന്നതില്‍ വൈരുദ്ധ്യമില്ലേ?
ലോക്കല്‍ മനുഷ്യന്‍, ഇന്റര്‍നാഷണല്‍ പൊളിറ്റിക്‌സിന്റെ ഇര
യു.എസ് സെനറ്റര്‍ ടോം കോട്ടണ്‍ മുമ്പോട്ടുവെച്ച ഗൂഢാലോചനാ സിദ്ധാന്തമായിരുന്നു കൊറോണ വൈറസ് ഒരു ചൈനീസ് ജൈവായുധ പരീക്ഷണത്തിന്റെ ഭാഗമായി ഉണ്ടായതാണെന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ അത് ലോകത്തിന്റെ മുക്കിലും മൂലയിലും പടര്‍ന്നു. തെളിവെന്തെന്ന് ചോദിച്ചാല്‍ അതിന്റെ ഉറവിടമായി സംശയിക്കപ്പെടുന്ന മാര്‍ക്കറ്റ് വൂഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനടുത്താണെന്നതുമാത്രം.
പിന്നീട് കോവിഡ്-19 സ്വാഭാവിക വൈറസ് ആണെന്ന് തെളിയിക്കപ്പെട്ടപ്പോള്‍, വൂഹാനിലെ പ്രസ്തുത ഭക്ഷ്യ മാര്‍ക്കറ്റ് ആണ് പ്രഭവകേന്ദ്രം എന്നത് ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ തെളിവിന്റെ ബാധ്യത ആരോപിതരിലായി! ഗതികെട്ടപ്പോള്‍ അമേരിക്ക ഒടുവില്‍ ചൈനയുടെയും കൊറിയയുടെയും വരെ സഹായം തേടി എന്നത് സത്യം.
ഭരണഘടനയില്‍ എഴുതിവെച്ചതുകൊണ്ടോ, പ്രസംഗത്തില്‍ ആവര്‍ത്തിച്ചതുകൊണ്ടോ ഒരു രാജ്യവും ജനാധിപത്യ രാജ്യമാവുന്നില്ല. കാരണം, ജനാധിപത്യം കേവലം സങ്കേതബന്ധമായ ഒന്നല്ല. അത് 'റെട്ടറിക്‌സു'മല്ല, മറിച്ച് കുറെ മൂല്യങ്ങളാണ്.
പക്ഷേ വംശീയ വിദ്വേഷം ഉയര്‍ത്തുന്ന പരാമര്‍ശങ്ങളും സിദ്ധാന്തങ്ങളും അവയുടെ പ്രചരണചക്രം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അവ പൊതുബോധത്തില്‍ നിന്ന് ഒരിക്കലും മടങ്ങിപ്പോകുന്നില്ല.
ചൈനയിലെ ഏകാധിപത്യ സ്വഭാവമുള്ള സര്‍ക്കാരിന്റെ തനത് താല്‍പര്യങ്ങളാണ് രോഗവ്യാപനത്തെ ആദ്യമേ കണ്ടെത്തി തടയുന്നതില്‍ തടസമായത് എന്ന വാദം അംഗീകരിക്കുന്നു. എന്നാല്‍ ഇങ്ങനെയൊരു വൈറസ് സ്ഥിരീകരിക്കപ്പെട്ടിട്ടും യാതൊരു പ്രതിരോധ നടപടിയും കൈകൊള്ളാതെ ഡോണള്‍ഡ് ട്രംപിന്റെ വിചിത്ര യുക്തികളെ പിന്തുടരേണ്ടിവന്ന അമേരിക്ക ഒരു ഏകാധിപത്യ രാഷ്ട്രമാണോ?
ഒരു നിവൃത്തിയുമില്ലാതെ ലോകം മുഴുവന്‍ ലോക്ഡൗണിലേക്ക് പോകുമ്പോള്‍ അതില്‍ നിന്ന് അമേരിക്ക മാറിനിന്നത് അതുണ്ടാക്കാവുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെകുറിച്ചുള്ള ട്രംപിന്റെയും സമാന മനസ്‌കരുടെയും ഭയം പിന്‍പറ്റിയായിരുന്നു. അതാണോ ജനാധിപത്യം?
അതിനെ സാധൂകരിച്ച് ടെക്‌സാസിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഡാന്‍ പാട്രിക് മുമ്പോട്ടുെവച്ച നിര്‍ദ്ദേശമോ? അദ്ദേഹം ഉള്‍പ്പെടെയുള്ള മുത്തച്ഛന്മാര്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ രക്തസാക്ഷിത്വം വഹിക്കാന്‍ തയ്യാറാണെന്ന്!
ഡാന്‍ പാട്രിക്കിനറിയാം തന്നെപ്പോലൊരാള്‍ ഒരിക്കലും അത്തരം ഒരു വിധിയിലേക്ക് എറിഞ്ഞുകൊടുക്കപ്പെടില്ലെന്ന്. അപ്പോള്‍ ആഹ്വാനത്തിന്റെ അര്‍ത്ഥം ഇത്രയേ ഉള്ളൂ; അറുപതുകഴിഞ്ഞ സാധാരണ അമേരിക്കന്‍ പൗരന്മാര്‍ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷക്കായി മരിക്കാന്‍ തയ്യാറാവണം എന്ന്. തയ്യാറാകാത്തവര്‍ വെറുക്കപ്പെട്ടവരാണെന്ന്. ഇതോ ജനാധിപത്യം?
ഭരണഘടനയില്‍ എഴുതിവെച്ചതുകൊണ്ടോ, പ്രസംഗത്തില്‍ ആവര്‍ത്തിച്ചതുകൊണ്ടോ ഒരു രാജ്യവും ജനാധിപത്യ രാജ്യമാവുന്നില്ല. കാരണം, ജനാധിപത്യം കേവലം സങ്കേതബന്ധമായ ഒന്നല്ല. അത് 'റെട്ടറിക്‌സു'മല്ല, മറിച്ച് കുറെ മൂല്യങ്ങളാണ്.
അവസാനത്തെ മനുഷ്യനും തുല്യനീതിയും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന സാഹോദര്യ കല്‍പനയില്‍ നിന്ന് ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്ന മൂല്യങ്ങള്‍. അത്തരം ഒരു ജനാധിപത്യം മുമ്പോട്ടുവെക്കുന്ന സമഗ്രമായ പ്രപഞ്ച വീക്ഷണത്തിന്റെ കേന്ദ്രമായി വരുന്നു ആഗോള മനുഷ്യന്‍. ആ ആഗോള മനുഷ്യന്റെ രാഷ്ട്രീയ പ്രതിനിധിയാണ് അന്താരാഷ്ട്ര മനുഷ്യന്‍. അത്തരമൊരു മനുഷ്യന്‍ ഗോത്രീയതയില്‍നിന്നല്ലാതെ പ്രാദേശിക മനുഷ്യനില്‍ നിന്ന് ഭിന്നനല്ല.
കോവിഡ്-19 തരുന്ന സന്ദേശം മനുഷ്യന്‍ ഒന്നാണെന്നതാണ്. ഒരൊറ്റ വൈറസ് പടര്‍ന്നുപിടിച്ചാല്‍ ഭൂരിപക്ഷവും അതിനിരയായും ശേഷിക്കുന്നവര്‍ ഒറ്റപ്പെടല്‍ താങ്ങാനാവാതെ ആത്മഹത്യചെയ്തും തീരാന്‍ പോന്നതേയുള്ളു ഇക്കണ്ട കോടിക്കണക്കിന് ജനസംഖ്യയൊക്കെ. അതുകൊണ്ട് പ്രശ്‌നാധിഷ്ഠിതമായി അകന്നുനില്‍ക്കുേമ്പാഴും സത്താപരമായി അടുത്തുനില്‍ക്കുക.
തല്‍ക്കാലം കൈ കൂപ്പി നില്‍ക്കുമ്പോഴും വിദ്വേഷരാഷ്ട്രീയത്തിന്റെ പ്രചാരവേല തള്ളി ഉള്ളുകൊണ്ട് അപരനെ ചേര്‍ത്തുപിടിക്കുക. ഒരുമയുണ്ടാക്കുന്ന ഊഷ്മളതയുടെ ചൂടില്‍ മാത്രമാണ് ഒരു വൈറസും നിലനില്‍ക്കാത്തത്. അതിനാവട്ടെ ഇത്ര ഡിഗ്രി എന്ന് കണക്കൊന്നുമില്ല.
അനിവര്‍ അരവിന്ദ് / ജിന്‍സി ബാലകൃഷ്ണന്‍
Jan 26, 2021
38 Minutes Listening
ഡോ. ജയകൃഷ്ണന്‍ എ.വി.
Jan 13, 2021
5 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jan 12, 2021
10 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
എസ്. അനിലാൽ
Dec 11, 2020
12 Minutes Read
Truecopy Webzine
Dec 10, 2020
1 Minute Read
Muneer O K
11 Nov 2020, 08:51 PM
you said it