ദുരിതകാലങ്ങളിലെ പ്രതിപക്ഷ ധർമ്മം

നാധിപത്യത്തിൽ ജനം തന്നെയാണ് അധികാരി. ഭരണകൂടം എന്നത് അവർ തിരഞ്ഞെടുക്കുന്ന ഒരു താൽകാലിക പ്രാതിനിധ്യ ഭരണസംവിധാനം മാത്രമാണ്. എന്നുവച്ച് ജനാധിപത്യം ഭരണകൂടത്തെ ജനഹിതത്തിന്റെ ഒരു നേർ പ്രതിനിധാനം എന്ന നിലയിലുമല്ല കാണുന്നത്. ജനം ഒന്നല്ല. അതുകൊണ്ടുതന്നെ അവരുടെ ഹിതവും ഒന്നല്ല. എന്നാൽ ഭരണ നിർവ്വഹണമെന്നത് ആശയഭിന്നതകൾ ഉല്പാദിപ്പിക്കുന്ന അനന്തമായ ചർച്ചകളും സംവാദങ്ങളുമായി മുമ്പോട്ട് പോകാനാവാതെ സ്തംഭിച്ച് നിൽക്കാനും പാടില്ല. അതുകൊണ്ട് ഒരു നിശ്ചിത കാലത്തേക്ക് നാം ഭരണത്തിന്റെ നിർവഹണ ചുമതല ഒരു പാർട്ടിയെയോ, മുന്നണിയെയോ ഏൽപ്പിക്കുന്നു. അത് മാത്രമാണ് ജനാധിപത്യത്തിലെ ഭരണകൂടം.

ഒരിക്കൽ തിരഞ്ഞെടുപ്പ് നടന്നുകഴിഞ്ഞാൽ പിന്നെ ജനഹിതത്തിന്റെ കാവലാളാവുക തിരഞ്ഞെടുക്കപ്പെട്ട ആ സർക്കാർ മാത്രമല്ല, ഒരുപക്ഷേ അതിലുപരി നമ്മുടെ പ്രതിപക്ഷം കൂടിയാണ്

നിർവഹണ ചുമതല ഏൽപ്പിച്ചുകൊടുക്കുന്നു എന്നുവച്ച് അധികാരത്തിന്റെ പൂർണ്ണമായ ഒരു കൈമാറ്റം അവിടെ നടക്കുന്നില്ല. താൽകാലികമായ ഒരു അധികാര കൈമാറ്റം തന്നെയും ജനങ്ങളുടെ കൃത്യവും ജാഗ്രത്തുമായ മേൽനോട്ടത്തിനും വിമർശനാത്മക വിശകലനങ്ങൾക്കും വിധേയമായാണ് നടക്കുന്നത്. പ്രതിനിധി സഭയിൽ അത് നമുക്കായി നിർവഹിക്കാൻ നാം ചുമതലപ്പെടുത്തിയ പക്ഷമാണു പ്രതിപക്ഷം. ഇവിടെ ഒരുകാര്യം വ്യക്തമാകുന്നു. ഒരിക്കൽ തിരഞ്ഞെടുപ്പ് നടന്നുകഴിഞ്ഞാൽ പിന്നെ ജനഹിതത്തിന്റെ കാവലാളാവുക തിരഞ്ഞെടുക്കപ്പെട്ട ആ സർക്കാർ മാത്രമല്ല, ഒരുപക്ഷേ അതിലുപരി നമ്മുടെ പ്രതിപക്ഷം കൂടിയാണ്. അതായത് ഭരണം ലഭിക്കാത്തപ്പൊഴും പ്രതിപക്ഷം ജനകീയ അധികാരത്തിന്റെ പുറത്തല്ല, അതിനകത്ത് തന്നെയാണ്.

ജനാധിപത്യമെന്നത് ഭൂരിപക്ഷമോ, ഭരണകൂടമോ അല്ല, മറിച്ച് ജനപക്ഷത്ത് നിൽക്കുന്ന, അതിനെ മുന്നോട്ട് നയിക്കുന്ന കുറേ മൂല്യങ്ങളാണ്. ഭൂരിപക്ഷമെന്നത് പ്രായോഗികമായ ഒരു തിരഞ്ഞെടുപ്പ് ഉപാധി മാത്രമാണ്. അത് തന്നെയും അക്ഷരാർത്ഥത്തിലല്ല നിലനിൽക്കുന്നതും. ഭൂരിപക്ഷം നേടി അധികാരത്തിൽ വരുന്ന ഒരു പാർട്ടിയ്‌ക്കോ മുന്നണിയ്‌ക്കോ ഭൂരിപക്ഷം എന്നനിലയിൽ സമൂഹത്തിലെ അൻപത് ശതമാനത്തിലധികം ജനങ്ങളുടെ പിന്തുണ ഉണ്ടാവണം എന്നില്ല. അത്തരം സാദ്ധ്യതകൾ സാങ്കേതികമായി നിലനിൽക്കുന്നിടത്തോളം വിയോജിക്കുന്നവരുടെ പ്രാതിനിധ്യം എന്ന ഒരു ധർമ്മം കൂടിയുണ്ട് പ്രതിപക്ഷത്തിന്. വിയോജിപ്പുകൾക്ക് പ്രാതിനിധ്യമില്ലാതെയാവുമ്പോൾ സാമൂഹ്യമായും സാംസ്‌കാരികമായും രാഷ്ട്രീയമായും ജനാധിപത്യം ഫാഷിസമായി പരിണമിക്കാൻ തുടങ്ങുന്നു. അതോടെ സാമൂഹ്യമായി ഭൂരിപക്ഷ വിഭാഗങ്ങൾക്ക് ന്യൂനപക്ഷ വിഭാഗങ്ങളുടെ മുകളിലും രാഷ്ട്രീയമായി ഭരണകൂടത്തിനു ഭരണസംവിധാനങ്ങൾക്ക് മുകളിലും അപരിമിതമായ അധികാരം വന്നുചേരുന്നു. അതുപയോഗിച്ച് വിമതശബ്ദങ്ങൾ സാമൂഹ്യവും സാംസ്‌കാരികവും രാഷ്ട്രീയവുമായി അടിച്ചമർത്തപ്പെടുന്ന അവസ്ഥ സംജാതമാവുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ഇത്തരം ഒരു സാധ്യതയെ മുൻകൂട്ടി കണ്ടുകൊണ്ട് കൂടിയാണ് ജനാധിപത്യത്തിലെ പ്രതിപക്ഷ ധർമ്മം നിർവചിക്കപ്പെട്ടിരിക്കുന്നത്. നിർവഹണ തലത്തിൽ ഭരണകൂട വീഴ്ചകളെ ചൂണ്ടിക്കാണിക്കുക മാത്രമല്ല, പാർശ്വവൽക്കരിക്കപ്പെടുന്ന വിമത സ്വരങ്ങളെ ഉയർത്തിപ്പിടിക്കുകയും അവയെ ജനകീയമായി സംഘടിപ്പിക്കുകയും ചെയ്യുക എന്നതുകൂടി ചേരുന്നതാണത്. ആ നിലയിലാണ് പ്രതിപക്ഷം ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും ഫാഷിസ്റ്റ് പരിണാമത്തെ ഒരുപോലെ ചെറുക്കുന്ന ഒരേജൻസിയായി മാറുന്നത്. ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ധനാത്മകമായ ഒരു പ്രതിപക്ഷം പ്രതിനിധി സഭയിൽ മാത്രമല്ല, സമൂഹത്തിലും പ്രതിപക്ഷമായി പ്രവർത്തിക്കണം എന്ന് ചുരുക്കം.

അധികാരം മാത്രം ലക്ഷ്യമിടുന്ന രാഷ്ട്രീയപ്രവർത്തനത്തിന് ഒരു നല്ല ജനാധിപത്യ ഭരണകൂടത്തെയോ പ്രതിപക്ഷത്തെയോ സംഭാവന ചെയ്യാനാവില്ല. കാരണം ചരിത്രപരമായി ഉരുത്തിരിഞ്ഞ പുരോഗമന മൂല്യങ്ങളെ മുൻനിർത്തി സമഗ്രമായ ജനനന്മയെ ലക്ഷ്യം വച്ച് പ്രവർത്തിക്കാൻ അവർക്കാവില്ല. അത് ആശയപരവും ധൈഷണികവുമായി നിരന്തരം പുതുക്കി കൊണ്ട് അവരവരോടും സമൂഹത്തിനോടും സത്യസന്ധത പുലർത്തി മാത്രം ചെയ്യാവുന്ന ഒന്നാണ്. ഇതൊക്കെ പരിഗണിക്കുമ്പോൾ കേരളത്തിൽ ഇന്നുള്ള പ്രതിപക്ഷം തങ്ങളുടെ പ്രതിപക്ഷ ധർമ്മം നിറവേറ്റുന്നതിൽ ഒരു ദയനീയ പരാജയമാണെന്ന് കാണാം. വർഷങ്ങൾക്ക് മുമ്പ് ശബരിമല വിഷയത്തിൽ വോട്ട് മാത്രം കണ്ടുകൊണ്ട് അറുപിന്തിരിപ്പൻ യാഥാസ്ഥിതിക പക്ഷത്തിനൊപ്പം നിൽക്കുകയും അവരെ സംഘടിപ്പിച്ച് കേരളത്തെ സാംസ്‌കാരികമായി പിന്നാക്കം നടത്തുകയും ചെയ്ത നാൾ മുതൽക്കേ അത് പ്രകടമാണ്.

മുൻ അനുഭവങ്ങളില്ലാത്തവണ്ണം തീവ്രമായ പ്രളയാനുഭവങ്ങളിലൂടെ ഈ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ ഒന്നല്ല, രണ്ടുവട്ടം കടന്നുപോയതാണ് നമ്മുടെ സംസ്ഥാനം. പ്രളയ കെടുതികൾക്കൊപ്പം കേന്ദ്ര സർക്കാരിന്റെ ചിറ്റമ്മ നയവും കാരണം നട്ടം തിരിഞ്ഞ അവസ്ഥയിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം നിൽക്കുന്നതിനുപകരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് അതിനെ തുരങ്കം വയ്ക്കുകയാണ് നമ്മുടെ പ്രതിപക്ഷം ചെയ്തത്. വ്യാജമായ ആരോപണങ്ങൾ അറിഞ്ഞുകൊണ്ടുതന്നെ ഉന്നയിക്കുകവഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യത തകർക്കുകയും അതുവഴി ജനങ്ങളിലേക്ക് എത്തേണ്ടുന്ന ആശ്വാസ പ്രവർത്തനങ്ങളുടെ സാമ്പത്തിക സ്രോതസ് അടയ്ക്കുകയും വഴി ജനങ്ങളെ ദ്രോഹിക്കുകയല്ലാതെ എന്ത് ധർമ്മമാണവർ നിറവേറ്റിയത്?
വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിലും തുടരെ വന്ന രണ്ട് പ്രളയങ്ങൾ വഴി സമ്പൂർണ്ണമായി തകർന്ന് പോകാതെ സംസ്ഥാനത്തെ സംരക്ഷിക്കാനെങ്കിലും സർക്കാരിനു കഴിഞ്ഞു. ഒപ്പം പ്രതിപക്ഷം അന്നെടുത്ത രാഷ്ട്രീയ ദുഷ്ടലാക്ക് മാത്രമുള്ള നിലപാടുകളെ ജനം തിരിച്ചറിയുകയും ചെയ്തു. അങ്ങനെ ആകെ പ്രതിരോധത്തിൽ നിൽക്കുമ്പോഴാണ് നമ്മളെന്നല്ല ലോകം തന്നെയും മുമ്പ് കണ്ടിട്ടില്ലാത്ത ഒരു മഹാമാരിയുടെ വരവ്. ലോകം മുഴുവൻ കൊറോണ എന്ന പുത്തൻ വൈറസിനുമുമ്പിൽ പകച്ച് നിൽക്കേ സംഗതിയുടെ ഗൗരവം നേരത്തെ തിരിച്ചറിയുകയും "നിപ്പ' പ്രതിരോധപ്രവർത്തനങ്ങളുടെ മുൻ അനുഭവത്തെ ഗുണകരമായി ഉപയോഗിക്കുകയും ചെയ്തുകൊണ്ട് കേരളം ആരോഗ്യപ്രവർത്തകർക്കും ആരോഗ്യവകുപ്പിനും കീഴിൽ ഒറ്റക്കെട്ടായി പ്രവർത്തിച്ചു. എന്നാൽ പ്രതിപക്ഷം ചെയ്തതോ? മുപ്പത് ഡിഗ്രിയിലധികം ചൂടുവന്നാൽ താനേ ചത്തൊഴിവാകുന്ന ഒരു അപ്പാവി വൈറസിനെ ഭീകരനായി ചിത്രീകരിച്ച് ജനങ്ങളിൽ അനാവശ്യമായി ഭീതിപരത്തുന്നു എന്നതായിരുന്നു അവരുടെ ആദ്യ നിലപാട്.

വൈറസ് വെയിലത്ത് വാടുന്നതല്ല എന്ന് പിന്നീട് ലോകം മുഴുവൻ അറിഞ്ഞു. അതോടെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ അവലംബിക്കുന്ന കണ്ടെയിൻ‍‍മെന്റ് മെതേഡ് അല്ല, അമേരിക്കയൊക്കെ സ്വീകരിക്കുന്നതുപോലെയുള്ള മിറ്റിഗേഷൻ മെതേഡ് ആണ് വേണ്ടത് എന്നായി വാദം. മാലിന്യങ്ങളുടെ നടുവിൽ ജീവിക്കുന്നതുകൊണ്ട് നമുക്ക് പ്രത്യേക ഇമ്യൂൺ സിസ്റ്റമുണ്ട് എന്നൊക്കെ വാദിച്ച പ്രതിപക്ഷ എം.എൽ.എ ഒരു ഡോക്ടർ കൂടിയായിരുന്നു എന്നും ഓർക്കണം!
അസാധാരണ ഘട്ടങ്ങളിൽ അസാധാരണ തീരുമാനങ്ങൾ എടുക്കേണ്ടിവരും. ലക്ഷക്കണക്കിനു മനുഷ്യരിലേക്ക് പകരാൻ തക്ക അതിവേഗ വ്യാപനശേഷിയുള്ള ഒരു വ്യാധിയെ, അങ്ങനെ സംഭവിച്ചാൽ ചെറുക്കാൻ വളരെവലിയ ഒരു ഡാറ്റാ ശേഖരത്തെ വിശകലനം ചെയ്ത് അതിവേഗം നടപടികൾ എടുക്കേണ്ടിവരും. അത് കായികമായി ചെയ്യുക സാധ്യമല്ലെന്ന് കണ്ട് സാങ്കേതിക വിദ്യയുടെ സഹായം തേടുക എന്ന വഴി സർക്കാർ സ്വീകരിച്ചു. ഇതൊരു സുവർണ്ണാവസരമായി കണ്ട് സ്പ്രിംക്ളർ എന്ന കമ്പനിയുടെ പേരിൽ ഒരു വൻ വിവാദം ഉയർത്തിക്കൊണ്ടുവരാനായി പിന്നെ പ്രതിപക്ഷ ശ്രമം. ഡാറ്റ നൂറുകണക്കിന് കോടികൾക്ക് മറിച്ചു വിറ്റു എന്നൊക്കെയായിരുന്നു ആരോപണങ്ങൾ. മുഖ്യമന്ത്രിയുടെ കുടുംബത്തെ വരെ ഇതിലേക്ക് വലിച്ചിഴച്ചു.

ലോകത്തെമ്പാടുമുള്ള വിദഗ്ധർ ഉൾപ്പെടെ നിരവധിപേർ രാഷ്ട്രീയ അനുഭാവം പോലും വിട്ട് ഈ വിഷയത്തിൽ പ്രതിപക്ഷ നിലപാടിനെ വിമർശിക്കാൻ തുടങ്ങിയതോടെ ഒടുവിൽ അത് തൽക്കാലം വിട്ടു. പക്ഷേ അപ്പോഴേക്കും കോവിഡ് യൂറോപ്പിലുൾപ്പെടെ നിരവധി രാജ്യങ്ങളിൽ പടർന്ന് പിടിക്കുകയും അമേരിക്ക പോലെയുള്ള വികസിത രാഷ്ട്രങ്ങൾ പോലും അതിനുമുന്നിൽ നിസ്സഹായരാവുകയും ചെയ്തു. അതോടെ രോഗത്തെ താരതമ്യേനെ ഫലപ്രദമായി നിയന്ത്രിച്ചു നിർത്തിയ കേരളത്തിന്റെ ആരോഗ്യരംഗത്തിന്റെ പ്രവർത്തന മാതൃക ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ടു. സമനില തെറ്റിയെന്നോണമായി പിന്നീട് പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങൾ.
മാസങ്ങൾ നീണ്ട ലോക്ഡൗൺ സാമ്പത്തികമായി നമ്മുടെ നട്ടെല്ലൊടിക്കുന്നതായിരുന്നു. വരുമാനം നിലച്ചു. ചെലവ് ഇരട്ടിച്ചു. ഈ അവസ്ഥ ഒരു ഭൗതിക യാഥാർത്ഥ്യമാണ്. പരിഹാരമെന്നത് ഭൗതികമായ ഒരു ആവശ്യവും. അതിനു പണം വേണം. ധനാത്മകമായി പ്രവർത്തിക്കുന്ന ഒരു പ്രതിപക്ഷം ഇത്തരം അവസ്ഥയിൽ ചെയ്യേണ്ടുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമെത്തിക്കുന്ന കാര്യത്തിൽ സർക്കാരിനൊത്ത് പ്രവർത്തിക്കുകയും പിന്നീട് ആ ധനത്തിന്റെ വിനിയോഗത്തിൽ വീഴ്ചകൾ വന്നാൽ അത് ജാഗ്രതയോടെ കണ്ടെത്തി ജനങ്ങൾക്ക് മുമ്പിൽ എത്തിക്കുകയുമായിരുന്നു. നമ്മുടെ പ്രതിപക്ഷം ദൗർഭാഗ്യവശാൽ ഇവിടെയും നിഷേധാത്മക സമീപനം സ്വീകരിക്കുകയായിരുന്നു. നട്ടം തിരിയുന്ന സർക്കാരിനെ ധനസഹായത്തിന്റെ ആഭ്യന്തര വഴികളും അടച്ച് കൂടുതൽ ദുരിതത്തിലാക്കിയാൽ അത് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പ്രതിഫലിക്കുമെന്നും അത് രാഷ്ട്രീയമായി തങ്ങൾക്ക് അനുകൂലമായ ജനഹിതരൂപീകരണത്തിനു വഴിവയ്ക്കുമെന്നുമുള്ള ദുഷ്ടലാക്കായിരുന്നു അവരെ നയിച്ചത്.
സാമ്പത്തികമായി വൻ പ്രതിസന്ധിയെ നേരിടുന്ന അവസ്ഥയിൽ സർക്കാർ ജീവനക്കാരുടെ ആറുദിവസത്തെ ശമ്പളം പിന്നീട് തിരിച്ചുതരാം എന്ന വ്യവസ്ഥയിൽ തൽക്കാലം മാറ്റിവയ്ക്കുന്ന നടപടിയെ പോലും പ്രതിപക്ഷം തകർക്കുകയും പ്രതിപക്ഷ സർക്കാർ സംഘടനകൾ ഉത്തരവ് പരസ്യമായി കത്തിക്കുകയും ചെയ്തു. എന്നാൽ ആ സ്‌കൂളിലെ കുട്ടികൾ തങ്ങൾ പിരിവിട്ടെടുത്ത തുക ദുരിതാശ്വാസനിധിയിലെക്ക് കൈമാറിയാണു അതിനോട് പ്രതികരിച്ചത്. വ്യക്തികളും സംഘടനകളും കൂട്ടായ്മകളുമായി നിരവധി മനുഷ്യർ പ്രതിപക്ഷ ആരോപണങ്ങളെ തള്ളി ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനകളുമായി മുമ്പോട്ട് വന്നു.

വ്യാജമായ ആരോപണങ്ങൾ അറിഞ്ഞുകൊണ്ടുതന്നെ ഉന്നയിക്കുകവഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യത തകർക്കുകയും അതുവഴി ജനങ്ങളിലേക്ക് എത്തേണ്ടുന്ന ആശ്വാസ പ്രവർത്തനങ്ങളുടെ സാമ്പത്തിക സ്രോതസ് അടയ്ക്കുകയും വഴി ജനങ്ങളെ ദ്രോഹിക്കുകയല്ലാതെ എന്ത് ധർമ്മമാണവർ നിറവേറ്റിയത്

ഒരു ഘട്ടത്തിൽ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം പൂജ്യത്തിലേക്ക് വരെ എത്തി. ബി.ബി.സി ഉൾപ്പെടെയുള്ള വിദേശ മാധ്യമങ്ങൾ ആരോഗ്യമന്ത്രിയുമായി അഭിമുഖങ്ങൾ നടത്തുകയും നമ്മുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. അതിനോട് നമ്മുടെ പ്രതിപക്ഷം പ്രതികരിച്ചത് ആരോഗ്യരംഗത്ത് നമ്മുടെ ജനാധിപത്യസംവിധാനങ്ങൾ കൈവരിച്ച നേട്ടങ്ങളെ മൊത്തമായി തിരുവിതാംകൂർ രാജവംശത്തിന് ചാർത്തി കൊടുത്തുകൊണ്ടായിരുന്നു. വിദേശത്തുനിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും ഹോട്‌സ്‌പോട്ടുകളിൽ നിന്ന് ഉൾപ്പെടെ പ്രവാസികളുടെ മടങ്ങിവരവ് തുടങ്ങിയതോടെ രോഗ വ്യാപനത്തിന്റെ സാധ്യതകളെ ചെറുക്കാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ചൊല്ലിയായി പിന്നെ രാഷ്ട്രീയ മുതലെടുപ്പ്. വരുന്നവരുടെ വിവരങ്ങൾ കൃത്യമായി ലഭിക്കാനും അതിനനുസരിച്ച് പശ്ചാത്തല സൗകര്യങ്ങൾ ഉറപ്പുവരുത്തുവാനുമായി ഏർപ്പെടുത്തിയ പാസ് സംവിധാനങ്ങളെ എതിർക്കുക മാത്രമല്ല, പാസില്ലാതെ അതിർത്തിയിൽ എത്തിയവരെ ഇളക്കിവിട്ട് പ്രതിരോധ സംവിധാനങ്ങളെ മുഴുവനായി തകർക്കുവാൻ പോലും ശ്രമിച്ചു. എന്തിന്, അന്യസംസ്ഥാനങ്ങളിൽ നിന്നും രഹസ്യമായും പരസ്യമായും ആളെ കടത്തിയെന്നുവരെ ആരോപണങ്ങൾ നിലനിൽക്കുന്നു.

എങ്ങനെയും കൂടുതൽ ആളുകളിലേയ്ക്ക് രോഗം വ്യാപിക്കുകയും കുറേ പേർ ചത്തൊടുങ്ങുകയും ചെയ്തിട്ടായാലും വേണ്ടില്ല, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വഴി നാടിനുകിട്ടിയ സൽപ്പേരു കളങ്കിതമായാൽ അത് സർക്കാരിന്റെ ജനസമ്മതി കുറയ്ക്കുമല്ലോ എന്നതായിരുന്നു പ്രതിപക്ഷ ചിന്തയെന്ന് ഇവിടെ ന്യായമായും സംശയമുയർന്നു. അതോടെയാണ് മരണത്തിന്റെ വ്യാപാരികൾ എന്ന പ്രയോഗം വരുന്നത്. അതവർ ക്ഷണിച്ച് വരുത്തുകയായിരുന്നു.
കേരളം എന്ന ഒരു ചെറിയ സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷ കക്ഷി മാത്രമല്ല കോൺഗ്രസ്, ഇന്ത്യയിലെ മുഖ്യ പ്രതിപക്ഷകക്ഷിയാണ്. കോവിഡിന്റെ പാൻ ഇന്ത്യൻ ചിത്രമാവട്ടെ അനുദിനം വഷളായിക്കൊണ്ടിരിക്കുന്നതും. ലോക്ഡൗൺ അതിന്റെ മൂന്നാം ഘട്ടവും കഴിഞ്ഞ് ഇളവുകളൊടെ മുമ്പോട്ട് പോകുമ്പോൾ കെർവ് കുത്തനേ ഉയരുകയാണ്. അതായത് ലോക്ഡൗൺ നടപടികൾ കൊണ്ട് പാട്ടയടിയും വിളക്ക് കത്തിക്കലും പൂവെറിയലുമല്ലാതെ രോഗപ്രതിരോധത്തിൽ ക്രിയാത്മകമായി ഒന്നും ചെയ്യാനായില്ല എന്ന്. ഇവിടെ കേന്ദ്രത്തിനു സംഭവിച്ച പ്രകടമായ വീഴ്ചകളൊന്നും പക്ഷേ കേരളത്തിലെ കോൺഗ്രസിനു വിഷയമല്ല. പകരം അത്യാവശ്യം ഭേദപ്പെട്ട നിലയിൽ സംസ്ഥാനത്ത് നടക്കുന്ന പ്രവർത്തനങ്ങളിൽ ഇല്ലാത്ത കുറ്റം കണ്ടുപിടിക്കാനാണ് അവർക്ക് തിടുക്കം. കാരണം മറ്റൊന്നുമല്ല, കേന്ദ്രത്തിൽ ഉടനേ ഒരു തിരിച്ചുവരവ് അവർ പ്രതീക്ഷിക്കുന്നില്ല!

എല്ലാം അധികാരം എന്ന ഒരൊറ്റ ഘടകത്തെ മാത്രം മുൻ നിർത്തി നടക്കുന്നു. അവിടെ ജനവുമില്ല, ജന താല്പര്യങ്ങളുമില്ല

കോവിഡ് പ്രതിരോധത്തിൽ സർക്കാരിന് കാര്യക്ഷമമായി പ്രവർത്തിക്കാനാവാത്ത സംസ്ഥാനങ്ങളിൽ പോലും കടന്ന് പോവുന്ന അടിയന്തിര ഘട്ടം പരിഗണിച്ച് രാഷ്ട്രീയ താല്പര്യങ്ങൾ തൽകാലം മറക്കാൻ പ്രതിപക്ഷ കക്ഷികൾ തയ്യാറാവുമ്പോഴാണ് ഇവിടത്തെ പ്രതിപക്ഷം ഇത്തരം നിലപാടെടുക്കുന്നത്. അപ്പോൾ കാര്യം വ്യക്തമാണ്. എല്ലാം അധികാരം എന്ന ഒരൊറ്റ ഘടകത്തെ മാത്രം മുൻ നിർത്തി നടക്കുന്നു. അവിടെ ജനവുമില്ല, ജന താല്പര്യങ്ങളുമില്ല. ഉള്ളത് ജനം വിഡ്ഢികളാണെന്നും അവർ എന്തും വിശ്വസിച്ചുകൊള്ളും എന്നുമുള്ള ധാർഷ്ട്യം മാത്രമാണ്. അതിന് മുഖ്യധാരാ മാധ്യമങ്ങൾ കൂട്ടുനിൽക്കുകയും കൂടി ചെയ്യുമ്പോൾ നമ്മുടെ ജനാധിപത്യം ദയനീയമമാംവണ്ണം അധപതിക്കുകയാണ്.
ഒരടിയന്തിര ഘട്ടത്തെ നേരിടാൻ അടിസ്ഥാന തലത്തിൽ രാഷ്ട്രീയ വ്യത്യാസങ്ങൾ പോലും മറന്ന് അധ്വാനിച്ച യു.ഡി.എഫിന്റെയും, എൽ.ഡി.എഫിന്റെയുമൊക്കെ അനുഭാവികൾ അടക്കമുള്ള സാധാരണ മനുഷ്യർക്ക് പൊതുവായി അവകാശപ്പെട്ട നേട്ടങ്ങളെ, അത് സർക്കാരിനു ഗുണകരമായേക്കാമെന്ന ഒറ്റ ആശങ്കയിൽ തള്ളി പറഞ്ഞ പ്രതിപക്ഷ നിലപാടുകൾ ഒടുവിൽ അവർക്കുള്ളിൽ നിന്നുതന്നെ ചോദ്യം ചെയ്യപ്പെട്ടത് സ്വാഭാവികം. ഒരു അലവിക്കുട്ടിക്കെതിരേ നടപടി എടുത്തതുകൊണ്ടൊന്നും അത് അവസാനിക്കില്ല. കാരണം ജനാധിപത്യം ഒരു സി.പി.ഐ.എം. കോൺഗ്രസ് തിരഞ്ഞെടുപ്പ് യുദ്ധം മാത്രമല്ല. അടിസ്ഥാനപരമായി അത് ജനങ്ങളുടെ ആധിപത്യമാണ്. നൂറ്റാണ്ടുകൾ നീണ്ട അതിന്റെ ചരിത്രത്തിലൂടെ ഉരുവം കൊണ്ട അവരുടെ ബോധത്തെ ആർക്കും അങ്ങനെ സ്ഥിരമായി പറ്റിക്കാനാവില്ല. അത്തരം ഏത് ശ്രമത്തെയും ജനം ഇത്തിരി വൈകിയാലും തിരിച്ചറിയുകയും പ്രതിരോധിക്കുകയും തന്നെ ചെയ്യും.

Comments