മാധ്യമപ്രവർത്തനത്തിന്റെ
പുതിയ കാലത്ത് എങ്ങനെ
വി.പി.ആറിനെ രേഖപ്പെടുത്തും?
മാധ്യമപ്രവർത്തനത്തിന്റെ പുതിയ കാലത്ത് എങ്ങനെ വി.പി.ആറിനെ രേഖപ്പെടുത്തും?
‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന ഗാന്ധിയന്‍ വചനം സ്വന്തം ജീവിതത്തതില്‍ പകര്‍ത്തിയ പത്രപ്രവര്‍ത്തകനാണ് വി.പി.ആര്‍. ഒരു റിപ്പോര്‍ട്ടര്‍ എങ്ങനെയായിരിക്കണം എന്നും ഒരു എഡിറ്റര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നും സ്വന്തം ജീവിതത്തിലൂടെ മറ്റുള്ളവര്‍ക്ക് മാതൃകയാക്കി കൊണ്ടാണ് വി.പി.ആര്‍. കളമൊഴിയുന്നത്. ഒരു പത്രപ്രവര്‍ത്തകന്റെ പേര്‍സണല്‍ ലൈഫും പ്രൊഫഷണല്‍ ലൈഫും ഒന്നാണെന്ന് അദ്ദേഹം തെളിയിച്ചു.
12 May 2022, 12:19 PM
മലയാള പത്രപ്രവര്‍ത്തന ചരിത്രത്തില്‍ വി.പി.ആര്‍. എന്ന വി.പി. രാമചന്ദ്രന്റെ സ്ഥാനം എന്തായിരിക്കും? അമ്പത് വര്‍ഷത്തോളം ഇന്ദ്രപ്രസ്ഥത്തിലും കേരളത്തിലും നിറഞ്ഞാടിയ പത്രപ്രവര്‍ത്തകനാണെങ്കിലും, ഒരു വിവാദത്തിനു പോലും ഇടപിടിക്കാതെ, ഒരു വിവാദത്തിനു പോലും തിരികൊളുത്താതെ നിശബ്ദമായി വി.പി.ആര്‍. വിടവാങ്ങി. അഞ്ച് W-വിലും ഒരു H-ലും അതിര്‍വരമ്പ് സൃഷ്ടിക്കപ്പെട്ട പ്രൊഫഷണല്‍ പത്രപ്രവര്‍ത്തന രംഗത്തെ അതികായനെയാണ് മലയാളിക്ക് നഷ്ടപ്പെട്ടത്.
വാര്‍ത്ത എഴുതാനറിയാത്തവർ പോലും പത്രാധിപരായും നിരീക്ഷകന്മാരായും അരങ്ങുവാഴുന്ന മലയാള മാധ്യമമേഖലയിൽ വി.പി.ആര്‍. എന്നും വ്യത്യസ്തനായിരുന്നു. ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന ഗാന്ധിയന്‍ വചനം സ്വന്തം ജീവിതത്തതില്‍ പകര്‍ത്തിയ പത്രപ്രവര്‍ത്തകനാണ് വി.പി.ആര്‍. ഒരു റിപ്പോര്‍ട്ടര്‍ എങ്ങനെയായിരിക്കണം എന്നും ഒരു എഡിറ്റര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നും സ്വന്തം ജീവിതത്തിലൂടെ മറ്റുള്ളവര്‍ക്ക് മാതൃകയാക്കി കൊണ്ടാണ് വി.പി.ആര്‍. കളമൊഴിയുന്നത്. ഒരു പത്രപ്രവര്‍ത്തകന്റെ പേര്‍സണല്‍ ലൈഫും പ്രൊഫഷണല്‍ ലൈഫും ഒന്നാണെന്ന് അദ്ദേഹം തെളിയിച്ചു. Missionary values of Professional Journalism എന്താണെന്ന് അദ്ദേഹം പുതുതലമുറയെ പഠിപ്പിച്ചു. A good journalist should be a good human being എന്ന വാക്യമോതി നല്ലൊരു ഭര്‍ത്താവായും അച്ഛനായും സുഹൃത്തായും കാരണവരായും അദ്ദേഹം ജീവിച്ചു.
അച്ഛന്റെ മരണവാര്‍ത്ത ലേഖയാണ് അറിയിച്ചത്. കഴിഞ്ഞ ഏപ്രില്‍ 21നായിരുന്നു 98-ാം പിറന്നാള്‍. അതിനു ശേഷമുള്ള വീഴ്ചയും മുറിവും മരണത്തിലവസാനിച്ചു. കുറേ മാസങ്ങളായി വി.പി.ആര്‍. ക്ഷീണിതനായിരുന്നു. മരണസമയത്ത് ലേഖയും, മരുമകന്‍ ചന്ദ്രശേഖറും പേരക്കുട്ടികളായ വേദയും മേഘയും അടുത്തുണ്ടായിരുന്നു, കൂടാതെ 40 വര്‍ഷത്തെ സന്തതസഹചാരി നന്ദകുമാറും.
എനിക്ക് ആരായിരുന്നു വി.പി.ആര്‍?. 34 വര്‍ഷക്കാലമായി അദ്ദേഹം എന്നോടൊപ്പമുണ്ട്. പ്രസ് അക്കാദമിയില്‍ തുടങ്ങിയ സൗഹൃദം മൂന്നുപതിറ്റാണ്ട് കഴിഞ്ഞിട്ടും ഞങ്ങള്‍ തുടര്‍ന്നു. എന്റെ ഡല്‍ഹി- ബോംബെ- നാഗ്പൂര്‍- ഷാര്‍ജ-ദുബൈ- ലണ്ടന്‍- മാഞ്ചസ്റ്റര്‍ കാലങ്ങളിലെല്ലാം ഒരു വിളിപ്പാടകലെ കരുതലായി വി.പി.ആര്‍. നിന്നു. 2007ല്‍ ഏഷ്യന്‍ ലൈറ്റ് തുടങ്ങിയപ്പോള്‍ ഒരു മടിയും കൂടാതെ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ എന്ന ഹോണററി പോസ്റ്റില്‍ പിന്തുണ നല്‍കി. വര്‍ഷംതോറുമുള്ള എന്റെ പ്രസ്സ് അക്കാദമി ക്ലാസുകളില്‍ അച്ചടക്കമുള്ള വിദ്യാര്‍ത്ഥിയായി മുന്‍നിരയില്‍ സ്ഥാനം പിടിച്ചു. അടുത്ത ബന്ധുക്കളുടെ അകാല നിര്യാണത്തില്‍ മനംനൊന്ത് ഞാന്‍ വിറങ്ങലിച്ചപ്പോള്‍ വീട്ടില്‍ വന്ന് ആശ്വസിപ്പിച്ചു. പ്രസ് അക്കാദമിയിലെ പല പഴയ സുഹൃത്തുക്കള്‍ക്കും സമാനമായ നിരവധി സംഭവങ്ങള്‍ പറയുവാന്‍ കാണണം.

ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം എല്ലാവരുടെയും പ്രിയങ്കരനായാണ് വി.പി.ആര്‍. പടിയിറങ്ങാറ്. ഡ്രൈവറായാലും ലൈബ്രേറിയനായാലും തൂപ്പുകാരനായാലും വി.പി.ആറിന് എല്ലാവരും സ്‌നേഹിതരാണ്. എല്ലാവരെയും അഭിവാദ്യം ചെയ്ത്, എല്ലാവരോടും കുശലം പറഞ്ഞ് മാത്രമേ വി.പി.ആര്‍. പ്രസ് അക്കാദമിയിലെ അദ്ദേഹത്തിന്റെ മുറിയിലേക്ക് പോകാറുണ്ടായിരുന്നുള്ളൂ.
ഒരു എഡിറ്റര്‍ എങ്ങനെയൊരു ടീം ലീഡര്‍ ആകണമെന്ന് അദ്ദേഹം കാണിച്ചു തന്നു. വ്യത്യസ്ത രംഗങ്ങളുള്ള, വ്യത്യസ്ത ആശയക്കാരായ പ്രഗത്ഭര്‍ ഒരു മടിയും കൂടാതെ അദ്ദേഹത്തിന്റെ ആതിഥേയത്വം സ്വീകരിച്ച് പ്രസ് അക്കാദമിയിലെത്തി. ലീലാവതി ടീച്ചറും, പ്രൊഫ. ബാലകൃഷ്ണനും, സി. രാധാകൃഷ്ണനും, പെരുന്ന കെ.എന്‍. നായറും, സെബാസ്റ്റ്യന്‍ പോളും, സത്യവ്രതനും, ചൊവ്വല്ലൂര്‍ കൃഷ്ണൻകുട്ടിയും, റോസ്‌ക്കോട് കൃഷ്ണപ്പിള്ളയും പോലുള്ള പ്രമുഖര്‍ അവരുടെ വിജ്ഞാനം ഞങ്ങള്‍ക്ക് പകുത്ത് നല്‍കി. ഓരോ ക്ലാസിനു മുമ്പും അവരുടെ പത്രപ്രവര്‍ത്തന പ്രാഗത്ഭ്യത്തെക്കുറിച്ച് വി.പി.ആര്‍. ആമുഖക്കുറിപ്പുകള്‍ നല്‍കി.
പത്രപ്രവര്‍ത്തനം പഠിക്കേണ്ടത് ക്ലാസുമുറിയിൽ മാത്രമല്ല, ഫീല്‍ഡില്‍ ആണെന്ന വാദത്തിലുറച്ച് ആഴ്ച തോറും റിപ്പോര്‍ട്ടിങ്ങിന് പറഞ്ഞയക്കുന്ന പതിവും വി.പി.ആറിനുണ്ടായിരുന്നു. ഈ കോപ്പികളൊക്കെ എഡിറ്റ് ചെയ്ത് അക്കാദമി മാഗസിനില്‍ പ്രസിദ്ധീകരിക്കുവാന്‍ അദ്ദേഹം ആവേശം കാണിച്ചു. സാധാരണ വാര്‍ത്തകള്‍ എഡിറ്റ് ചെയ്ത് പുതിയൊരു ആങ്കിളില്‍ പുനഃസൃഷ്ടിക്കുവാന്‍ വി.പി.ആറിന് സാധിക്കുമായിരുന്നു. ഇടമലയാറിനടുത്തുള്ള ഇടമലക്കുടിയിലെ സാക്ഷരതാ വിജയത്തെ കുറിച്ചുള്ള വാര്‍ത്ത വി.പി.ആര്‍. എഡിറ്റ് ചെയ്തപ്പോള്‍ അത് ഇടമലക്കുടിയിലെ ആദിവാസികള്‍ അനുഭവിക്കുന്ന ദുരിതപര്‍വ്വത്തെ കുറിച്ചുകൂടിയായി. അതായിരുന്നു ശരിയായ വാര്‍ത്തയും. എന്റെ ആദ്യ സ്‌കൂപ്പ്- ആദിവാസി കോളനിയിലെ അഴിമതി.
ഒരു പത്രാധിപര്‍ക്ക് ആവശ്യമായ അച്ചടക്കത്തിന്റെ ചട്ടക്കൂടിലാണ് വി.പി.ആര്‍. ജീവിച്ചതും ജോലി ചെയ്തതും. ജീവിതം ആഘോഷമാക്കിയവര്‍ വി.പി.ആറിനെക്കുറിച്ച് പല കഥകളും പടച്ചിറക്കി. വിഷാദരോഗം ബാധിച്ച ഭാര്യയെ അവസാനകാലം വരെ പരിചരിച്ചതും ശുശ്രൂഷിച്ചതും വി.പി.ആര്‍. ആണ്. വി.പി.ആര്‍. ആദ്യമായും അവസാനമായും കരഞ്ഞുകണ്ടത് ഭാര്യ ഗൗരിയുടെ മരണദിനത്തിലാണ്. "ഗൗരി പോയി '- വി.പി.ആര്‍. ഫോണിലൂടെ പറഞ്ഞു. പിന്നെ കുറെ നേരം കരഞ്ഞു.
മാസത്തിലൊരിക്കലെങ്കിലും ഞാന്‍ വിളിക്കും. വിളിച്ചില്ലെങ്കില്‍ അദ്ദേഹം മൊബൈലില്‍ വിളിക്കും. കിട്ടിയില്ലെങ്കില്‍ എന്റെ ലാന്‍ഡ്‌ലൈന്‍ നമ്പറില്‍ വിളിച്ചിരിക്കും. എന്തുപറ്റി എന്നറിയാനുള്ള വെപ്രാളമാണ് ആ വിളികള്‍ക്കുപിറകില്‍. വാര്‍ത്തക്കുവേണ്ടിയുള്ള ഓട്ടത്തില്‍ ഞാന്‍ എവിടെയെങ്കിലും വീഴുമെന്ന് അദ്ദേഹത്തിനുറപ്പായിരുന്നു. വീണപ്പോഴൊക്കെ ഒരു കൈ സഹായം തന്ന് ഉയിര്‍ത്തെഴുന്നേറ്റ് വിടുന്നതില്‍ അദ്ദേഹമായിരുന്നു മുന്നില്‍.

യഥാര്‍ത്ഥത്തില്‍ അദ്ദേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ സഹായം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് ഇങ്ങനെയൊരു പത്രസ്ഥാപനം നടത്തുന്നുണ്ടാവില്ല. ദേശാഭിമാനിയുടെ പ്രാദേശിക ലേഖകനെ ഡല്‍ഹിയിലെയും ബോംബെയിലെയും അവസരങ്ങള്‍ ചൂണ്ടിക്കാട്ടി വണ്ടി കയറാന്‍ പ്രേരിപ്പിച്ചതില്‍ വി.പി.ആറിന് വലിയൊരു പങ്കുണ്ട്. ഗ്രൂപ്പ് തര്‍ക്കത്തില്‍പ്പെട്ട് എന്തുചെയ്യണമെന്നറിയാതെ അന്ധാളിച്ച എന്നിലെ പത്രപ്രവര്‍ത്തകന് കേരളത്തിനുപുറത്തും പത്രലോകമുണ്ടെന്ന് കാണിച്ചു തന്നത് വി.പി.ആര്‍. ആണ്.
"കെമിസ്ട്രിയിലാണ് ബിരുദം, ഇതൊന്നും ശരിയാകില്ല’ എന്നു പറഞ്ഞ എന്നോട്, ‘ഞാന്‍ എസ്.എസ്.എല്‍.സിയും ഗുസ്തിയുമാണ്’ എന്ന് തിരിച്ചടിച്ച് ആത്മവിശ്വാസം നല്‍കാന്‍ വി.പി.ആറിനായി. പത്താംക്ലാസ് കാരനായ പത്രപ്രവര്‍ത്തകനാണ് ക്ലാസ് മുറികളില്‍ C.P. Scott-ന്റെ "Guardian' ദിനങ്ങളെക്കുറിച്ച് ക്ലാസെടുത്തത്. പ്രസ് അക്കാദമിയുടെ ലെറ്റര്‍ ഹെഡിലെ ആപ്തവാക്യം തന്നെ "Facts are Sacred, Comment is free' എന്നാണ്. മാര്‍ഷല്‍ മക്ലൂഹന്റെ "ഗ്ലോബല്‍ വില്ലേജ്' കോൺസെപ്റ്റും പട്ടിണിയെ ജനസംഖ്യയുമായി ബന്ധപ്പെടുത്തുന്ന മാല്‍ത്യൂസിന്റെ തിയറിയുമെല്ലാം ആദ്യമായി കേട്ടത് വി.പി.ആറില്‍ നിന്നാണ്. ഒരു മാധ്യമപ്രവർത്തകന് ഭൂമിക്കുകീഴിലെ എല്ലാത്തിനെക്കുറിച്ചും അഗാധമായ പരിജ്ഞാനമില്ലെങ്കിലും ഇത്തിരി അറിവെങ്കിലും ഉണ്ടാവണമെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനുവേണ്ടി പ്രയത്‌നിച്ചു. ഇന്റര്‍നെറ്റ് ഇല്ലാത്ത യുഗത്തില്‍ പുസ്തകം മാത്രമായിരുന്നു അന്ന് ആശ്രയം. പത്രപ്രവര്‍ത്തനം പഠിപ്പിക്കലായിരുന്നു അദ്ദേഹത്തിന്റെ ജോലിയെങ്കിലും പ്രസ് അക്കാദമിയില്‍ ഒരു പത്രാധിപർ ആയാണ് വി.പി.ആര്‍. ജീവിച്ചത്. മണിക്കൂറുകള്‍ ഇടവിട്ട് യു.എൻ.ഐയുടെ ടെലിപ്രിന്റില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ അദ്ദേഹം ശ്രദ്ധിക്കുമായിരുന്നു. അവയില്‍ ചിലത് ഞങ്ങള്‍ക്കുവേണ്ടി അദ്ദേഹം മാറ്റിവെയ്ക്കും. പലപ്പോഴും ഉച്ചയൂണ് കഴിക്കാതെയാണ് വി.പി.ആര്‍. ഈ വക ജോലികള്‍ ചെയ്തിരുന്നത്. എല്ലാ പത്രവും വായിക്കും. ഓരോ ദിനത്തിലെ പത്രവും മേശപ്പുറത്ത് നിരത്തി തലക്കെട്ടുകള്‍ താരതമ്യം ചെയ്യാനും വാര്‍ത്തകളിലെ Hits & Misses കണ്ടെത്താനും വി.പി.ആര്‍. ശ്രമിക്കും. പക്ഷേ ഒന്നിനെയും നിശിതമായി വിമര്‍ശിക്കില്ല. ഓരോ ന്യൂസ് റൂമുകളുടെയും പരിമിതികളെക്കുറിച്ച് വിശദമായി അറിയാവുന്ന ആളായിരുന്നു.
അതുകൊണ്ടാണ് പ്രാദേശിക ലേഖകരേയും ചെറുകിട പത്രത്തിലെ എഡിറ്റര്‍മാരെയും ലക്ഷ്യംവെച്ച് പ്രസ് അക്കാദമി പരിശീലന കളരികള്‍ സംഘടിപ്പിച്ചത്. മാധ്യമ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പല പുസ്തകങ്ങളും പുനഃപ്രസിദ്ധീകരിക്കുന്നതിനും വി.പി.ആര്‍. മുന്നിട്ടിറങ്ങി. സ്വദേശാഭിമാനിയുടെ വൃത്താന്ത പത്രപ്രവര്‍ത്തനം തുടങ്ങി നിരവധി പുസ്തകങ്ങള്‍ പ്രസ് അക്കാദമി വിപണിയിലിറക്കി. മാധ്യമപ്രവർത്തന രംഗത്തെ സമകാലിക സംഭവങ്ങള്‍ ഉള്‍കൊള്ളിച്ച് മീഡിയ എന്ന ദ്വൈമാസിക പുറത്തിറക്കാനും വി.പി.ആറിന് സാധിച്ചു. ആരോഗ്യം അനുവദിച്ചിടത്തോളം കാലം പത്ര പ്രവര്‍ത്തകനായി തന്നെ ജീവിച്ചു.
16-ാം വയസ്സില്‍ എസ്.എസ്.എല്‍.സിയും ടൈപ്പിംഗ് പരിശീലനവുമായി പൂനെയിലേക്ക് വണ്ടി കയറിയ പയ്യന്‍ 2010 ല്‍ പേരുകേട്ട പത്രപ്രവര്‍ത്തകനായി പേന താഴെവയ്ക്കുമ്പോള്‍ മാധ്യമമേഖല നന്നേ മാറിക്കഴിഞ്ഞിരുന്നു. "A good journalist is a poor journalist and a rich journalist is a bad journalist' എന്നും അദ്ദേഹം പറഞ്ഞു. മറിയം റഷീദയുടെ കഥകള്‍ മലയാള മാധ്യമരംഗത്തെ കുലുക്കിയപ്പോള്‍ മാധ്യമമേഖലയിലെ വീഴ്ചയായാണ് വി.പി.ആര്‍. അതിനെ കണ്ടത്. മാധ്യമ ഉടമസ്ഥര്‍ക്ക് പത്രം ലാഭമുണ്ടാക്കുവാനുള്ള വെറുമൊരു കച്ചവടമാണ്. ഒരു പത്രാധിപരെങ്കിലും നിവര്‍ന്നുനിന്ന് ഇത് തെറ്റാണ്, ഞാന്‍ രാജിവെക്കുകയാണ് എന്ന് വിളിച്ചുപറയാതിരുന്നത് വലിയൊരു വീഴ്ചയായാണ് വി.പി.ആര്‍ കണ്ടത്. "പത്രം' എന്ന സിനിമയിലൂടെ രഞ്ജി പണിക്കര്‍, മറിയം റഷീദ വിവാദം തിരശ്ശീലയിലാക്കി ‘മാത്തുക്കുട്ടിച്ചായനെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തിയപ്പോള്‍ വി.പി.ആറിന് നൊന്തു. കണ്ണാടി തിരിച്ചുപിടിക്കേണ്ടത് നമ്മിലേക്കാണെന്ന് വി.പി.ആര്‍. ഓര്‍മിപ്പിച്ചു. സുഖമില്ലാത്ത ഭാര്യയെയും ഏക മകളെയും കൂട്ടി, ഗുവാഹത്തിയിലും റാഞ്ചിയിലും പണിഷ്മെൻറ് ട്രാൻസ്ഫറിന് വിധേയനായ പത്രപ്രവര്‍ത്തകന്‍ ഇങ്ങനെയല്ലേ പ്രതികരിക്കൂ.
ചങ്കൂറ്റമുള്ള പത്രാധിപര്‍ എന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞപ്പോഴും വീരേന്ദ്രകുമാറിന്റെ പത്രപ്രവര്‍ത്തന ഇടപെടലുകളെ വിമര്‍ശിക്കുവാനും അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് ആശയങ്ങളെ ചോദ്യം ചെയ്യാനും വി.പി.ആര്‍. മുതിര്‍ന്നു. ആദര്‍ശത്തിന്റെ പേരില്‍ ഒ.വി. വിജയനെ പോലുള്ളവരുമായി പിണങ്ങിയും ഇണങ്ങിയും കഴിയാന്‍ വി.പി.ആറിനായി. സി.പി. രാമചന്ദ്രന്‍, ബി.ജി. വര്‍ഗീസ്, എടത്തട്ട നാരായൺ, കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍, നരേന്ദ്രന്‍ തുടങ്ങിയ പഴയ ഡല്‍ഹി ഗാങിലെ പ്രമുഖരെല്ലാം വിട പറയുകയാണ്. അവരുടെ കാല്‍പ്പാടുകള്‍ പിന്തുടരുവാന്‍ ഒരു പുതിയ തലമുറ വരുമെന്ന് അവര്‍ പ്രതീക്ഷിച്ചിരിക്കണം.
ദിശമാറി മുന്നോട്ടുകുതിക്കുന്നതിനുപകരം പിറകിലേക്ക് സഞ്ചരിക്കാനാണ് ഞാനുള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നത്. മനുഷ്യനോ മനുഷ്യത്വമോ ഇല്ലാത്ത മതമാണ് പലരുടെയും പ്രധാന പ്രശ്‌നം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കാല്‍ഭാഗം പിന്നിടുമ്പോഴും പൊതുവേദിയില്‍ സ്ത്രീത്വം അപമാനിക്കപ്പെടുന്നു. ഒറ്റ സ്വരത്തില്‍ അപലപിക്കുന്നതിനു പകരം മതവും മടിശ്ശീലക്കനവും നോക്കി മിണ്ടാതിരിക്കുന്ന മാന്യരാണ് മാധ്യമ സമൂഹം. മനസിൽ വിഷം നിറയ്ക്കുന്ന ഇടുങ്ങിയ മതാധിഷ്ഠിത ചിന്താധാരകള്‍ക്ക് ചുക്കാന്‍ പിടിക്കാൻ മടിയില്ലാത്തവരാണ് മാധ്യമപ്രവര്‍ത്തകര്‍.
പട്ടിണിയും തൊഴിലില്ലായ്മയും ലിംഗനീതിയും പൗരാവകാശവും വാര്‍ത്തകള്‍ അല്ലാതാകുന്നു. സര്‍ക്കുലേഷനും click button-നുകളും ലാക്കാക്കി സെലിബ്രിറ്റി വാര്‍ത്തയും sponsored content-ഉം കോളം നിറയ്ക്കുമ്പോള്‍ വി.പി.ആറിനെ പോലുള്ളവര്‍ പിന്തുടര്‍ന്ന മാധ്യമ സംസ്‌കാരത്തിനാണ് മുറിവേല്‍ക്കുന്നത്.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Asian Lite Media ഗ്രൂപ്പിന്റെ സ്ഥാപകനും എക്‌സിക്യുട്ടിവ് എഡിറ്ററും. 1989-90 കാലഘട്ടത്തില്‍ കേരള പ്രസ്സ് അക്കാദമിയില്‍ വി.പി. രാമചന്ദ്രന്റെ വിദ്യാര്‍ത്ഥിയായിരുന്നു.
ടി.എം. ഹർഷൻ
Apr 27, 2022
1 Minute Reading
കെ.വി. ദിവ്യശ്രീ
Apr 26, 2022
9 Minutes Read
ബിപിന്‍ ചന്ദ്രന്‍
Apr 26, 2022
7 Minutes Read
ഒ.കെ. ജോണി
Apr 14, 2022
10 Minutes Read
ടി.എം. ഹര്‍ഷന്‍
Apr 07, 2022
44 Minutes Watch
സി. രാധാകൃഷ്ണൻ അമ്പലപ്പുഴ
Apr 04, 2022
2 minutes read