നേരിട്ടെത്താൻ കഴിയാത്തതിൽ എനിക്ക് ദുഃഖമുണ്ട്, പക്ഷെ, നിങ്ങളെ ഓർമ്മിപ്പിക്കാനുള്ളത്...

പുന്നപ്ര- വയലാർ സമരവാർഷികത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതിന്റെ വിഷമം പങ്കിട്ടും ഒരു ജനകീയ രാഷ്ട്രീയ മുന്നേറ്റത്തിനായി സ്വയം സമർപ്പിക്കാൻ ആഹ്വാനം ചെയ്തും വി.എസ്. അച്യുതാനന്ദൻ ഫേസ്ബുക്കിൽ പോസ്റ്റുചെയ്ത കുറിപ്പ്‌

ന്റെ ആരോഗ്യസ്ഥിതിയും കോവിഡും കാരണം ഇവിടെ നേരിട്ടെത്തി നിങ്ങളെ അഭിസംബോധന ചെയ്യാനാവാത്തതിൽ ദുഃഖമുണ്ട്. പക്ഷെ, എനിക്ക് നിങ്ങളെ ഓർമ്മിപ്പിക്കാനുള്ളത്, ജനകീയ സമര മുന്നേറ്റങ്ങളിലെ രോമാഞ്ചജനകമായ പുന്നപ്ര വയലാർസമരത്തിൻറെ രാഷ്ട്രീയ പ്രസക്തിയെക്കുറിച്ചാണ്.

മലബാറിലെ കർഷക സമരങ്ങളോടൊപ്പം, ഇന്ത്യയിലെ തന്നെ എടുത്തുകാട്ടാവുന്ന ജനകീയ മുന്നേറ്റമായിരുന്നു, പുന്നപ്ര-വയലാർ സമരം. രാഷ്ട്രീയ സമരമായിരുന്നു, അത്. അമേരിക്കൻ മോഡലിൽ ഒരു ഭരണഘടനയുണ്ടാക്കി, തിരുവിതാംകൂറിനെ സ്വതന്ത്രരാജ്യമാക്കുകയും അതിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാതെ നിലനിർത്തുകയും ചെയ്യാമെന്ന് ദിവാൻ പദ്ധതിയിട്ടു. അതിനെതിരായി, "അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്ന മുദ്രാവാക്യമുണ്ടായി. ദിവാൻ രാജാവുമായി ആലോചിച്ച് നടത്തുന്ന ഭരണമല്ല, ഉത്തരവാദിത്വ ഭരണം വേണം എന്നതായിരുന്നു, അടുത്ത മുദ്രാവാക്യം. ഉത്തരവാദിത്വ ഭരണം എന്നാൽ ജനായത്ത ഭരണം എന്നർത്ഥം. ഇത്തരം ആവശ്യങ്ങൾ മുൻനിർത്തിയാണ് കയർത്തൊഴിലാളി യൂണിയന്റെ
ഹാളിൽ വെച്ച് തൊഴിലാളികളുടെ ഇതര ഡിമാൻറുകളും കൂട്ടിച്ചേർത്ത് സമരം ആരംഭിക്കുന്നത്. ആദ്യം അത് തൊഴിലാളികളുടെ പണിമുടക്ക് സമരമായും ക്രമേണ രാഷ്ട്രീയ പണിമുടക്കായും സൈനിക സമരമായും വികസിക്കുകയായിരുന്നു. അത്തരമൊരു സമരം ഒരുപക്ഷെ, ഇന്ത്യയിൽ മറ്റൊരിടത്തും നടന്നിട്ടില്ല. പുന്നപ്ര-വയലാർ സമരത്തിൻറെയും, അതിനു മുമ്പ് നടന്ന കയ്യൂർ സമരത്തിന്റെയുമെല്ലാം ഭാഗമായി, അടിയുറച്ച തൊഴിലാളി-കർഷക ഐക്യം ഇവിടെ വേരുറപ്പിച്ചു. ജനാധിപത്യ വിപ്ലവത്തിൻറെ വർഗ സഖ്യ ശക്തിയായി അത് പരിണമിച്ചു. അതുകൊണ്ടാണ് അതിന് തെരഞ്ഞെടുപ്പ് സഖ്യങ്ങളിലും വിജയം നേടാൻ കഴിഞ്ഞത്. അതുകൊണ്ടാണ് കേരളത്തിൽ ഇന്നും കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലിരിക്കുന്നത്. ഇതിനെക്കാൾ രക്തരൂക്ഷിതമായ സമരങ്ങൾ നടന്ന തെലങ്കാനയിൽ പോലും, തെരഞ്ഞെടുപ്പ് സമരങ്ങൾ വന്നപ്പോൾ ബൂർഷ്വാ വിഭാഗങ്ങൾ കർഷകർക്കെതിരായ നിലപാടിലാണ് എത്തിച്ചേർന്നത്. എന്നുവെച്ചാൽ, തൊഴിലാളി കർഷക സഖ്യത്തിന്റെ കൈകളിൽ മുഴുവൻ രാഷ്ട്രീയ സത്തയും വന്നുചേരുന്ന സ്ഥിതിയുണ്ടായില്ല.

അക്കാലത്ത് ആലപ്പുഴ, ചേർത്തല ഭാഗങ്ങളിലെ മഹാഭൂരിപക്ഷം ജനങ്ങളും തൊഴിലാളികളായിരുന്നു. കയർത്തൊഴിലാളികളും കർഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും ചെത്ത് തൊഴിലാളികളും ബീഡിത്തൊഴിലാളികളുമെല്ലാം ഇക്കൂട്ടത്തിൽ പെടും. മുതലാളിമാരുടെയും ജന്മിമാരുടെയും ചൂഷണത്തിനിരയായ ഈ തൊഴിലാളികൾ ഒറ്റക്കെട്ടായി അവകാശങ്ങൾക്കു വേണ്ടി രംഗത്തിറങ്ങി. അവരെ സംഘടിപ്പിച്ചത് കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു. പത്ത് പന്ത്രണ്ട് തൊഴിലാളി യൂണിയനുകളുണ്ടായിരുന്നു. ശക്തമായ എതിർപ്പാണ് മുതലാളിമാരിൽനിന്നും ജന്മിമാരിൽനിന്നും നേരിടേണ്ടിവന്നത്. പക്ഷെ, തൊഴിലാളികൾ സമരരംഗത്ത് ഉറച്ചുനിന്നു. അവരുടെ മുദ്രാവാക്യങ്ങളിലും ഡിമാൻറുകളിലും കേവലം സേവന വേതന വ്യവസ്ഥകൾ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. അതാണ് ഞാൻ നേരത്തെ പറഞ്ഞത്, അതൊരു രാഷ്ട്രീയ സമരമായി വികസിക്കുകയായിരുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തിൽ തൊഴിലാളിവർഗം ഉത്തരവാദിത്വ ഭരണത്തിനും പ്രായപൂർത്തി വോട്ടവകാശത്തിനും ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതിനും വേണ്ടി നടത്തിയ സമരങ്ങൾ വേണ്ടവിധം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്. തൊഴിലാളിവർഗത്തിൻറെ ഈ ഡിമാൻറുകൾക്ക് നേരെ എതിർ ദിശയിൽ, അമേരിക്കൻ മോഡൽ ഭരണം നടപ്പാക്കാൻ ശ്രമിച്ച ദിവാനെതിരെ നടന്ന രാഷ്ട്രീയ പണിമുടക്കും അതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലുമാണ് പുന്നപ്ര-വയലാർ സമരം. അങ്ങനെയൊരു സമരം ഇന്ത്യയിൽ വേറെ എവിടെയും നടന്നിട്ടില്ല. തൊഴിലാളികൾ വെച്ച ഡിമാൻറ് നോട്ടീസിൽ പറഞ്ഞത് ഉത്തരവാദിത്വ ഭരണം വേണമെന്നും, അമേരിക്കൻ മോഡൽ ഭരണം പാടില്ലെന്നും, പ്രായപൂർത്തി വോട്ടവകാശം വേണമെന്നുമെല്ലാമായിരുന്നു. ഈ ആവശ്യങ്ങൾ തൊഴിലാളികളുടെ ഡിമാൻറല്ല എന്നായിരുന്നുവല്ലോ ദിവാൻറെ നിലപാട്. ഈ ഡിമാൻറുകൾ ഒഴിവാക്കി ചർച്ച ചെയ്യാമെന്ന നിർദ്ദേശം പക്ഷെ തൊഴിലാളികൾക്ക് സ്വീകാര്യമായില്ല. ഇതിനിടെ, കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടു.

ജന്മിമാർക്കും മുതലാളിമാർക്കുമെതിരെയുള്ള സമരത്തിൻറെ രാഷ്ട്രീയ മുഖം അതോടെ വ്യക്തമായി. ജന്മിമാരുടെ സംരക്ഷകരായ രാജ ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യാൻ തൊഴിലാളികൾ നിർബ്ബന്ധിതരായി. അവർക്ക് പരിശീലനം നൽകാൻ വിമുക്ത ഭടന്മാർ തയ്യാറായി. 1946 സെപ്തംബറിൽ തൊഴിലാളികൾ ഒരു പൊതു പണിമുടക്ക് പ്രഖ്യാപിച്ചു. അതൊരു കലാപമായി വളർന്നു. ദിവാൻറെ സർക്കാർ പട്ടാളഭരണം പ്രഖ്യാപിച്ചു. യുദ്ധ പരിശീലനം ലഭിച്ച തൊഴിലാളികൾ യന്ത്രത്തോക്കുകളെ വാരിക്കുന്തങ്ങളുമായി എതിരിട്ടു. ഇരുനൂറോളം തൊഴിലാളികളാണ് ആ യുദ്ധഭൂമിയിൽ വെടികൊണ്ട് വീണത്.

ഒരുപക്ഷെ ഇന്ത്യയിൽ തൊഴിലാളികളുടെയും കർഷകരുടെയും സഖ്യം പ്രാവർത്തികമാക്കിയത് കേരളത്തിലാണെന്ന് കാണാം. ആലപ്പുഴയിലെ തൊഴിലാളികളുടെ കൂട്ടത്തിൽ ബീഡിത്തൊഴിലാളിയും ചെത്ത് തൊഴിലാളിയും കയർ തൊഴിലാളിയും മാത്രമല്ല, കർഷകത്തൊഴിലാളിയും ഉണ്ടായിരുന്നു. അതൊരു സാമ്പത്തിക ശാസ്ത്രത്തിൻറെ പ്രായോഗിക പ്രയോഗമായിരുന്നു. തൊഴിലാളി കർഷക സഖ്യത്തിൻറേതായ ലെനിനിസ്റ്റ് കാഴ്ച്ചപ്പാട് പുന്നപ്ര വയലാറിൽ തെളിഞ്ഞു കണ്ടു.

അന്ന് കമ്യൂണിസ്റ്റ് പാർട്ടി മാത്രമായിരുന്നു, മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും പ്രവർത്തിക്കുന്ന ഇന്ത്യൻ പാർട്ടി. അപ്പോൾ കോൺഗ്രസ്സോ എന്ന് ചോദിക്കാം. മലബാറിൽ മാത്രമായിരുന്നു, ഇന്ത്യൻ നാഷണൽ കോൺഗ്രസ്. കൊച്ചിയിൽ അത് പ്രജാമണ്ഡലമായിരുന്നു. തിരുവിതാംകൂറിൽ സ്റ്റേറ്റ് കോൺഗ്രസ്സും.

തൊഴിലാളികളുടെയും കർഷകരുടെയും ഡിമാൻറുകളെയും സ്വാതന്ത്ര്യ താൽപ്പര്യത്തെയും ബന്ധിപ്പിച്ച്, ഇന്ത്യാ രാജ്യം എന്നൊരു രാജ്യമുണ്ടാക്കാനായി പ്രവർത്തിച്ച പാർട്ടിയായതിനാലാണ് കമ്യൂണിസ്റ്റ് പാർട്ടി ഇവിടെ വേരുറപ്പിച്ചത്. മുതലാളിമാർക്കും ജന്മിമാർക്കും ഭരണകൂടത്തിൽനിന്ന് ലഭിച്ചുപോന്ന നിർലോപമായ പിന്തുണയും, നാട്ടിൽ നിലനിന്ന കൊടിയ ദാരിദ്ര്യവുമാണ് അന്ന് കമ്യൂണിസ്റ്റുകാർ നേരിട്ട വെല്ലുവിളി. ഇന്ത്യയുടെ വർത്തമാനകാല രാഷ്ട്രീയ-സാമൂഹ്യ ചരിത്രത്തിൽ പുന്നപ്ര-വയലാർ സമരസന്ദേശം ഏറെ പ്രസക്തമാണ്.

ഇടതു മതേതര പാർട്ടികൾക്ക് നിർണായക സ്വാധീനമുള്ള ഭരണസംവിധാനങ്ങൾക്കേ, ഇന്ത്യയിലെ മതനിരപേക്ഷത നിലനിർത്താനും പാവപ്പെട്ടവരേയും പാർശ്വവൽക്കരിക്കപ്പെടുന്നവരേയും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളേയും ചേർത്തു നിർത്താനും കഴിയൂ. അത്തരത്തിൽ ജനങ്ങളോട് പ്രതിബദ്ധതയുള്ള ഇടതു മതനിരപേക്ഷ പാർട്ടികളുടെ ശക്തി വർധിപ്പിക്കാൻ സഹായകരമായ രാഷ്ട്രീയ മുന്നേറ്റം ശക്തിപ്പെടുത്താൻ സ്വയം സമർപ്പിക്കുക എന്നതാണ്, പുന്നപ്ര-വയലാർ രണധീരന്മാരുടെ വീരസ്മരണ പുതുക്കുന്ന ഈ ഘട്ടത്തിൽ നമുക്ക് ചെയ്യാനുള്ളത്.

ലാൽ സലാം.

Comments