13 Jun 2020, 04:44 PM
മലയാളികള്‍ക്ക് ബംഗാളികളുമായി വലിയ ബന്ധമുണ്ട്. ബംഗാളികളുമായുള്ള കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് ഏറ്റവും കൂടുതല്‍ നടന്നിട്ടുള്ളത് മലയാളികളുമായിട്ടായിരിക്കും. എല്ലാ അര്‍ത്ഥത്തിലും. രാഷ്ട്രീയമായ കൊടുക്കല്‍ വാങ്ങലുകളായാലും കള്‍ച്ചറലി അവരുടെ ഭക്ഷണ രീതികളിലും ആചാരങ്ങളിലുമൊക്കെയുള്ള സാമ്യം, അനുഭാവം ഇതിലെല്ലാം മലയാളി വളരെ കണക്ടഡാണ്. നവോത്ഥാനവും വലിയ രൂപത്തിലുള്ള സാംസ്‌കാരിക വിപ്ലവങ്ങളും നടന്ന ലോകം കൂടിയാണ് ബംഗാള്‍.
ബംഗാളില്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ പോകുന്ന സമയത്ത് ഒരു വലിയ വിഭാഗം മലയാളികളുടെ നൊസ്റ്റാള്‍ജിയയെ ഉദ്ദീപിപ്പിക്കുന്ന ചിന്തകളായിരിക്കും എല്ലാവര്‍ക്കും ഉണ്ടാവുക. സോഷ്യല്‍ എഡ്യുക്കേഷന്‍ ആയാലും പൊളിറ്റിക്കല്‍ എഡ്യുക്കേഷന്‍ ആയാലും ഒരു ഘട്ടത്തിനുശേഷം ബംഗാളി സമൂഹത്തില്‍ നടന്നതായിട്ട് എനിക്കു തോന്നിയിട്ടില്ല. ഉദാഹരണത്തിന് ഭൂപരിഷ്‌കരണ പ്രവര്‍ത്തനങ്ങളെല്ലാം ഒരുപരിധിവരെയേ ബംഗാളില്‍ നടന്നിട്ടുള്ളൂ. ഭൂപരിഷ്‌കരണം കൊണ്ടുവരാന്‍ ശ്രമിച്ച ജ്യോതിബസുവിന്റെ ആദ്യ സര്‍ക്കാറിന്റെ കാലത്തിനുശേഷം ഒരുഘട്ടം കഴിഞ്ഞപ്പോള്‍ ഇല്ലാതായിപ്പോയ സോഷ്യല്‍ എഡ്യുക്കേഷനും ഇല്ലാതായിപ്പോയ ലേണിങ് പ്രോസസും ഇടതുപക്ഷത്തിനു തന്നെ തിരിച്ചടിയായിട്ടുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം മമതായുഗം എന്നുപറയുന്ന സമയത്തിലേക്ക് ബംഗാള്‍ രാഷ്ട്രീയം മാറിക്കഴിയുമ്പോള്‍ പൊളിറ്റിക്കലി വളരെ വേഗത്തിലുള്ള തകിടം മറിച്ചില്‍ ആ സമൂഹത്തില്‍ സംഭവിക്കുന്നുണ്ട്. ഉദാഹരണമായി, മമത വന്നതിനുശേഷം രാഷ്ട്രീയ സഖ്യങ്ങളുണ്ടാക്കുന്ന സമയത്ത് അവിടുത്തെ തീവ്ര ഇടതുപക്ഷ സംഘടനകളുമായി ആലോചിച്ചുകൊണ്ടാണ് മമത വരുന്നത്. അതായത്, സി.പി.ഐ.എം വിരുദ്ധ ഗ്രൂപ്പുകളായിട്ടുള്ള മറ്റ് ലിബറല്‍ ലിബറേഷന്‍ ഫോഴ്‌സുകള്‍ ആയിട്ടുള്ള കമ്മ്യൂണിസ്റ്റ് അവാന്തര ഗ്രൂപ്പുകളൊക്കെ വന്ന് അവരുമായി വലിയ ബന്ധത്തോടു കൂടിയാണ് ആദ്യത്തെ തവണ മമത വരുന്നത്. പിന്നീട് അതേവിഭാഗത്തില്‍ തന്നെയുള്ള കിഷന്‍ജിയുടെ കൊലപാതകം പോലുള്ള സംഗതികള്‍ വരുമ്പോഴേക്ക്, അധികാരത്തിന്റെ ഒരു ഘട്ടം കഴിയുമ്പോഴേക്കും മമത ഇതേ മാവോയിസ്റ്റുകള്‍ക്കും തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകള്‍ക്കും എതിരായിട്ട് മാറുകയും ചെയ്തു. അധികാരാന്തരം സംഭവിക്കുന്ന മാറ്റങ്ങളാണിത്.
കെന്‍ലോച്ചിന്റെ സിനിമ പോലെയാണിത്. The Wind That Shakes the Barley യില്‍ കാണിക്കുന്നതുപോലെ വിപ്ലവ പ്രവര്‍ത്തനം നടത്താന്‍ ഒരുമിച്ച് നില്‍ക്കും. പക്ഷേ ഭരണകൂടം ആയിക്കഴിയുമ്പോള്‍ പിന്നീടുള്ള എല്ലാ അഭിപ്രായ പ്രകടനങ്ങളെയും ചെറുത്തുനില്‍പ്പുകളെയും ഭരണകൂടം കാണുക തങ്ങളെ എതിര്‍ക്കുന്ന ആളുകളായിട്ടാണ്. കൂടെ പ്രവര്‍ത്തിച്ചവരെ തന്നെയാണ് പിന്നീട് പൊലീസ് പിടിച്ചുകൊണ്ടുപോകുന്നത്. ഇത് എല്ലാ ഭരണകൂടങ്ങളിലും സംഭവിക്കുന്നതാണ്. അതുപോലെ തന്നെയാണ് ബംഗാളിലും പിന്നീട് സംഭവിച്ചത്.
സി.പി.ഐ.എമ്മിന്റെ വലിയൊരു പവര്‍ ബെല്‍റ്റില്‍, റെഡ്‌കോറിഡോര്‍ എന്ന് നമ്മള്‍ വിളിച്ചിരുന്ന, മാവോയിസ്റ്റ് സ്വാധീനമുള്ള ഒരു ഇടതുപക്ഷ ലോകം വളരെ പെട്ടെന്നുള്ള ഒരു തകിടം മറിച്ചിലിനു വിധേയരായതല്ല. അത് പെട്ടെന്നുള്ള തകിടം മറിച്ചിലായിട്ട് നമുക്ക് തോന്നിയതാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ആ മാറ്റം മനസിലാക്കുന്നതില്‍ മുഖ്യധാരാ ഇടതുപക്ഷ പാര്‍ട്ടികള്‍ പരാജയപ്പെടുകയാണ് സത്യത്തില്‍ ചെയ്തത്. അവിടുത്തെ ഗ്രാമങ്ങളിലൊക്കെ പോയപ്പോള്‍ അത് മനസിലായിട്ടുണ്ട്.
പല മേഖലകളിലും പോകുന്ന സമയത്ത് അവിടെയെല്ലാം ഒരു കാലഘട്ടത്തിനുശേഷം വലിയ സാമൂഹ്യമാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല. എന്നാലതിലൊരു വൈരുദ്ധ്യവുമുണ്ട്. കാരണം ധാരാളം പ്രാദേശികമായ വായനശാലകളും ലൈബ്രറികളുമൊക്കെയുള്ള സമൂഹം തന്നെയാണ് ബംഗാള്‍. അതേസമയം, കേരളവുമായി താരതമ്യപ്പെടുത്താവുന്ന തരത്തിലുള്ള സാമൂഹ്യമാറ്റം ബംഗാളില്‍ ഉണ്ടായില്ല എന്നതാണ് അതിന്റെ ഏറ്റവും വലിയ പരാജയം. 33 വര്‍ഷം ഇടതുപക്ഷം ഭരിച്ചിട്ടുപോലും എത്രനല്ല ആശുപത്രികള്‍ ബംഗാളില്‍ കാണിച്ചുതരാന്‍ പറ്റും എന്ന ചോദ്യമുണ്ട്. അത് തന്നെയാണ് അവരുടെയൊരു പിന്നാക്കാവസ്ഥയെ സൂചിപ്പിക്കുന്നത്. അതിനുകാരണമായിട്ട് ജ്യോതിബസുവിന്റെയൊക്കെ കാലത്ത് പറഞ്ഞിരുന്നത്, ബംഗ്ലാദേശില്‍ നിന്നൊക്കെയുള്ള ധാരാളം ആളുകള്‍ വരുന്നതിനാല്‍ ബംഗാളിന് പട്ടികപ്പെടുത്താവുന്ന ജനസംഖ്യ നിലനിര്‍ത്താന്‍ കഴിയുന്നില്ല എന്നുള്ള ചില വാദങ്ങളായിരുന്നു. എങ്കില്‍പോലും അടിത്തട്ടിലുള്ള സാമൂഹ്യവളര്‍ച്ചയ്ക്ക് സഹായകരമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ പുറകോട്ടു പോകുകയാണ് ചെയ്തത്. പ്രധാനമായും കൊല്‍ക്കത്തയെ കേന്ദ്രീകരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളിലേക്കാണ് ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സി.പി.ഐ.എം പോയിട്ടുള്ളത്.
എന്തുകൊണ്ടാണ് ബംഗാളികള്‍ ഏറ്റവും കൂടുതല്‍ വരുന്നത്, എന്തുകൊണ്ടാണ് അവിടെ വരുമാനമില്ലാത്തത്? എന്തുകൊണ്ടാണ് അവരിത്രയും ദരിദ്രരാക്കപ്പെട്ടത്? ഇതൊരു അടിസ്ഥാനപരമായ ചോദ്യമാണ്.
പ്രാദേശികമായിട്ടുള്ള പല ജില്ലകളിലും പോകുമ്പോള്‍ ബാങ്ക്‌റയില്‍, അല്ലെങ്കില്‍ വീര്‍ഭൂവില്‍, സിംഗൂരില്‍, നന്ദിഗ്രാമില്‍ അല്ലെങ്കില്‍ അത്തരത്തിലുള്ള മേഖലകളില്‍ പോയാല്‍ ഈ പിന്നാക്കാവസ്ഥ കാണാന്‍ പറ്റും. അങ്ങനെയുള്ള സമൂഹത്തിലേക്കാണ്, വോട്ടര്‍മാരിലേക്കാണ് ഒരു ആള്‍ട്ടര്‍നേറ്റീവ് ഫോഴ്‌സായിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് വരുന്നത്. വളരെ പെട്ടെന്നു തന്നെ ആളുകള്‍ അതിലേക്ക് അബ്‌സോര്‍ബ് ചെയ്യപ്പെടുകയാണ് ചെയ്തത്. അതിനൊരു ഉദാഹരണമായിട്ട് പറഞ്ഞാല്‍ പല മേഖലകളിലുമുള്ള പാര്‍ട്ടി ഓഫീസുകള്‍ തൃണമൂല്‍ പിടിച്ചെടുക്കുകയാണുണ്ടായത്. അല്ലെങ്കില്‍ ഒരു പുതിയമാറ്റത്തിന് അവര്‍ തയ്യാറാകുമ്പോള്‍ പാര്‍ട്ടി ഓഫീസുകളെല്ലാം ഒഴിഞ്ഞുകൊടുക്കപ്പെടേണ്ടതാണെന്ന ധാരണപോലും ആളുകള്‍ക്ക് തെറ്റായി വന്നതുപോലെയാണ് പലമേഖലകളിലും പോയപ്പോള്‍ കണ്ടത്. കാരണം വീര്‍ഭൂമിലെ സി.പി.ഐ.എമ്മിന്റെ മേഖലാ കമ്മിറ്റി ഓഫീസ് അന്വേഷിച്ച് പോകുമ്പോള്‍ അവ തൃണമൂലിന്റെ കയ്യിലാണ്. എനിക്കു തോന്നുന്നത് നക്‌സല്‍ സംഘടനകളൊക്കെ പ്രവര്‍ത്തിക്കുന്നതുപോലെ രഹസ്യമായി ചില മേഖലകളില്‍ സി.പി.ഐ.എമ്മിന് പ്രവര്‍ത്തിക്കേണ്ട സാഹചര്യം വന്നിട്ടുണ്ട്. മുസ്‌ലിം വോട്ടുകളുടെ വലിയ ധ്രുവീകരണം തൃണമൂലിന് അനുകൂലമായി സംഭവിക്കുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിലാണ് ബംഗാളില്‍ രാഷ്ട്രീയം മാറിക്കൊണ്ടിരുന്നത്.
എനിക്കു തോന്നുന്നത്, നമ്മള്‍ മലയാളികള്‍ അല്ലെങ്കില്‍ കേരളത്തിലെ വോട്ടര്‍മാര്‍ നമ്മുടെ കേരളീയ ശീലത്തിന്റെ ഭാഗമായി മാത്രം ബംഗാളിനെ കാണുമ്പോള്‍ മാത്രമാണ് ത്രിപുരയിലെ അല്ലെങ്കില്‍ ബംഗാളിലെ മാറ്റങ്ങള്‍ ഡ്രാസ്റ്റിക് ചെയ്ഞ്ചാണെന്ന് മനസിലാക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതല്ലയെന്നാണ് എനിക്കു തോന്നുന്നത്. കുറേക്കാലമായി അതിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്ന സമൂഹത്തില്‍, ആ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതില്‍ ഇടതുപക്ഷം പരാജയപ്പെട്ടതായിട്ടാണ് ബംഗാളിലെ മമത വരുന്നതിനു തൊട്ടുമുമ്പുള്ള കാലഘട്ടത്തെ ഞാന്‍ വിലയിരുത്തുന്നത്.
സിംഗൂരിലും നന്ദിഗ്രാമിലുമൊക്കെ പോയിക്കഴിഞ്ഞപ്പോള്‍ ഒരു കാര്യം മനസിലായത് നന്ദിഗ്രാമില്‍ മുഖ്യധാരാ ഇടതുപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് കൂട്ടത്തോടെ അവിടെ നിന്നും പലായനം ചെയ്യേണ്ട സാഹചര്യമുണ്ടായി. ആളുകള്‍ അത്രമേല്‍ വെറുപ്പോ വിദ്വേഷമോ അവരോട് പ്രകടിപ്പിച്ചത് എന്തുകൊണ്ടാണ് എന്നുള്ളത് പരിശോധിക്കപ്പെടേണ്ട വസ്തുതയാണ്. കാരണം പല മേഖലകളിലും രാഷ്ട്രീയമാറ്റം സംഭവിച്ചപ്പോള്‍ ആദ്യം അവിടുത്തെ പ്രാദേശിക നേതാവിനെ ജനങ്ങള്‍ കയ്യേറ്റം ചെയ്തു എന്നുള്ള വാര്‍ത്തകള്‍ കണ്ടിട്ടുണ്ട്. അതുതന്നെയാണ് അതിന്റെ ലക്ഷണം എന്നു പറയുന്നത്. അതായത് വികസനമാണെങ്കിലും കൃഷിഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളാണെങ്കിലും അടിസ്ഥാന വികസനത്തിനുവേണ്ടിയുള്ള ഒരു പാര്‍ട്ടി പരിപാടി തന്നെ നടപ്പിലാക്കുന്നതില്‍ ബംഗാളിലെ ഇടതുപക്ഷ മുഖ്യധാരാ പാര്‍ട്ടി പരാജയപ്പെട്ടിട്ടുണ്ട്. എനിക്കു തോന്നുന്നത് അവര്‍ ഇപ്പോള്‍ അത് തിരിച്ചറിയുന്നുണ്ടായിരിക്കണം. അശോക് മിത്രയെ കണ്ട് സംസാരിച്ച സമയത്ത് അദ്ദേഹമൊക്കെ അവസാനം സംഭവിച്ച പിഴവുകള്‍ എടുത്തു പറഞ്ഞിട്ടുണ്ട്.
രണ്ട് കൗതുകകരമായ അനുബന്ധങ്ങള്‍ പരിശോധിച്ചാല്‍ നമുക്ക് കാര്യങ്ങള്‍ മനസിലാവും. കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ വരുന്നത് ബംഗാളില്‍ നിന്നാണ്. ഇന്ത്യയിലെ തന്നെ ദരിദ്രവത്കരിക്കപ്പെട്ട ജില്ലകളിലൊന്നാണ് മൂര്‍ഷിദാബാദ്. എന്തുകൊണ്ടാണ് ബംഗാളികള്‍ ഏറ്റവും കൂടുതല്‍ വരുന്നത്, എന്തുകൊണ്ടാണ് അവിടെ വരുമാനമില്ലാത്തത്? എന്തുകൊണ്ടാണ് അവരിത്രയും ദരിദ്രരാക്കപ്പെട്ടത്? ഇതൊരു അടിസ്ഥാനപരമായ ചോദ്യമാണ്. മറ്റൊന്ന് ഹൗറാ റയില്‍വേ സ്‌റ്റേഷനില്‍ നിന്നും കേരളത്തിലേക്കോ ചെന്നൈയിലേക്കോ വരുന്ന ട്രെയിനുകളില്‍ ധാരാളം രോഗികള്‍ വരുന്നത് കാണാം. ഞാന്‍ പറയുന്നത് സൂക്ഷ്മാര്‍ത്ഥത്തില്‍ നോക്കിയാല്‍ അവിടുത്തെ ഇന്‍ഫ്രാസ്ട്രക്ചര്‍ എത്രമാത്രം പെരിഫെറല്‍ ആണെന്നാണ്. ആദ്യഘട്ടത്തില്‍ ജ്യോതിബസുവിന്റെ കാലത്ത് കണ്‍സ്ട്രക്ടീവായ പല കാര്യങ്ങളും നടന്നിട്ടുണ്ട്. മറ്റൊന്ന് സോഷ്യല്‍ മൂല്യങ്ങളിലൊക്കെ അവര്‍ കുറേ മുന്നോട്ടു പോയിട്ടുണ്ട്. അത്ര കമ്മ്യൂണല്‍ ആയ ഒരു സംസ്ഥാനമല്ല ബംഗാള്‍ ഇപ്പോഴും. അത് വലിയൊരു കാര്യമാണ്. അത് നിഷേധിച്ചുകൊണ്ടല്ല ഞാന്‍ പറയുന്നത്.
അവിടുത്തെ മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ നേതാവിനെ ഇന്റര്‍വ്യൂ ചെയ്ത സമയത്ത് അദ്ദേഹം പറഞ്ഞൊരു പോയിന്റ് നിങ്ങള്‍ കേരളത്തിലെ മുസ്‌ലിം ലീഗുമായി ബംഗാളിലെ മുസ്‌ലിം ലീഗിനെ താരതമ്യം ചെയ്യരുത് എന്നാണ്.
അതേസമയം, നല്ല വൈദ്യ സംവിധാനങ്ങളുടെ അഭാവം ഭയങ്കരമായിട്ട് ബംഗാളിനെ ബാധിച്ചിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ട്. ട്രെയിനില്‍ ചെന്നൈയിലേക്ക്, അല്ലെങ്കില്‍ കേരളത്തിലേക്ക് വരുമ്പോള്‍ ധാരാളം രോഗികള്‍ തെക്കേ ഇന്ത്യയിലേക്ക് ചികിത്സയ്ക്കായി വരുന്നത് കണ്ടിട്ടുണ്ട്. അതുതന്നെ അവിടുത്തെ പാവപ്പെട്ടവര്‍ക്ക് ഒതുങ്ങുന്ന ഒരു ചികിത്സാ സൗകര്യമോ സംവിധാനമോ പല മേഖലകളിലും ഇല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്. ചികിത്സയ്ക്കായി ഒരു ബംഗാളിക്ക് ട്രെയിന്‍ ടിക്കറ്റെടുത്ത് തെക്കേ ഇന്ത്യയിലേക്ക് വരേണ്ടി വരുന്നു, മറ്റൊന്ന് ജോലിയ്ക്കായി കേരളത്തിലേക്ക് വരേണ്ടി വരുന്നു, ഇത് രണ്ടും കൂടി എടുത്തുവേണം നമ്മള്‍ അവരുടെ സാമൂഹ്യ പിന്നോക്കാവസ്ഥയെ പരിശോധിക്കാന്‍. ആ സമൂഹത്തിലേക്ക്, അല്ലെങ്കില്‍ അവരുടെ അസ്വസ്ഥതകളെ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സാന്ത്വനിപ്പിക്കുന്ന ഒരു രാഷ്ട്രീയവുമായിട്ടാണ് മമതാ ബാനര്‍ജി വരുന്നത്. അത് നടന്നോ ഇല്ലയോ എന്നുള്ളത് രണ്ടാമത്തെ കാര്യം. സി.പി.ഐ.എം അവരുടെ അധികാര സ്വരൂപം ചില മേഖലകളില്‍ എങ്ങനെ കാണിച്ചോ അതൊക്കെ തന്നെയാണ് തൃണമൂലും കാണിക്കുന്നത്. എങ്കിലും ജനത്തിനതൊരു ആള്‍ട്ടര്‍നേറ്റീവ് ഫോഴ്‌സായിട്ട് തോന്നി. അങ്ങനെയാണ് മമത വരുന്നത്. അടിത്തട്ടില്‍, സാധാരണ മനുഷ്യര്‍ക്കിടയില്‍ ഇത്തരം നിരാശകളുണ്ട്, അവരും പലതരത്തിലുള്ള കെടുതികള്‍ അനുഭവിക്കുന്ന സമൂഹമാണ്, അവിടെ അടിയന്തരമായി ഇടപെടല്‍ വേണം എന്നുള്ള തിരിച്ചറിവ് ബംഗാളിലെ ഇടതുപക്ഷത്തിനുണ്ടായില്ല.
ബംഗാളില്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ പോയപ്പോള്‍ അവിടുത്തെ മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ നേതാവിനെ ഇന്റര്‍വ്യൂ ചെയ്ത സമയത്ത് അദ്ദേഹം പറഞ്ഞൊരു പോയിന്റ് നിങ്ങള്‍ കേരളത്തിലെ മുസ്‌ലിം ലീഗുമായി ബംഗാളിലെ മുസ്‌ലിം ലീഗിനെ താരതമ്യം ചെയ്യരുത് എന്നാണ്. കാരണം ഞങ്ങള്‍ വര്‍ക്കിങ് ക്ലാസാണ്. പക്ഷേ നിങ്ങളുടെ നാട്ടില്‍ അങ്ങനെയല്ല എന്നാണ് പറഞ്ഞത്. അദ്ദേഹം സൂചിപ്പിക്കുന്ന കാര്യം ബംഗാളിലെ മുസ്‌ലീങ്ങളുടെ ജീവിതാവസ്ഥയാണ്. ബംഗാളില്‍ എവിടെയുള്ളവരായാലും അവിടുത്തെ മുസ്‌ലീം സമൂഹം അല്ലെങ്കില്‍ ദളിത് സമൂഹത്തിന്റെ സാമൂഹ്യാവസ്ഥ വളരെ പിന്നാക്കമായിരുന്നു. അതിനൊരു പരഹാരമുണ്ടാക്കുന്ന രീതിയിലാണ് മമത വളര്‍ന്നുവന്നത്.
ബംഗാളിലെ മൂര്‍ഷിദാബാദ് ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണ്. ഇവിടെ നിന്നും ബംഗ്ലാദേശിലേക്കുള്ള പോക്കുവരവുകള്‍ നിരന്തരം നടക്കുന്ന കാര്യമാണ്. കാരണം അവരുടെ ജീവിതം അതിര്‍ത്തികളില്‍ തന്നെയാണ്. ഈ
അതിര്‍ത്തികളെ ഭരണകൂടത്തിന്റെ കാഴ്ചയില്‍ അല്ലാതെ കണ്ടിരുന്ന ഒരു ജനവിഭാഗമാണ് അവിടെയുണ്ടായിരുന്നത്. ഇതൊരു ഗ്രാമമാണ്. ഗ്രാമത്തിന്റെ അതിര്‍ത്തി പുഴയാണ്. പുഴയ്ക്കപ്പുറം ബംഗ്ലാദേശാണ്. ബംഗ്ലാദേശിലെ പത്മാനദിയുടെ കൈവഴിയായ പുഴകളാണ് ഇത്. അവിടെയുള്ള മനുഷ്യരെ സംബന്ധിച്ച് അവര്‍ ഇന്ത്യ ബംഗ്ലാദേശ് എന്നുപറയുന്ന വിഭജനത്തെക്കുറിച്ച് ബോധവാന്മാരല്ല. പുഴയ്ക്കപ്പുറം പോകുക, എന്തെങ്കിലും വാങ്ങുക, തിരിച്ചുവരിക എന്നൊക്കെ പറയുന്ന കൊടുക്കല്‍ വാങ്ങലുകളില്‍ ഏര്‍പ്പെടുന്നവരുമാണ് ഇവര്‍. അവര്‍ക്ക് മൂര്‍ഷിദാബാദ് ടൗണില്‍ പോയി സാധനം വാങ്ങിക്കൊണ്ടുവരുന്നതിലും എളുപ്പമാണ് ബംഗ്ലാദേശിലേക്ക് പുഴകടന്നുപോയി സാധനവും വാങ്ങി വരുന്നത്. ഇങ്ങനെയുള്ള ജീവിത നൈരന്തര്യമുള്ള സമൂഹമായിട്ട് അവരവിടെ നിലനിന്നു പോകുന്നതാണ്. അവിടെയൊക്കെയാണ് പൗരത്വവും ഐഡിയും രേഖകളുമൊക്കെ കടന്നുവരുന്നത്. ആ അരക്ഷിത ബോധത്തെ ആശ്വസിപ്പിക്കുന്ന തരത്തില്‍ അവരോട് സംസാരിക്കാനും പെരുമാറാനുമുള്ള സ്ട്രാറ്റജി മമതയ്ക്ക് ഉണ്ടായി എന്നുള്ളതാണ്. അത് സി.എ.എ വന്നപ്പോള്‍ ഉണ്ടായതല്ല, മമത കുറേക്കാലമായി അങ്ങനെ തന്നെയാണ്.
മമതയ്‌ക്കെതിരെയുള്ള ബംഗാള്‍ ബി.ജെ.പിയുടെ ആരോപണം തന്നെ മമത മുസ്‌ലീങ്ങളുടെ പ്രതിനിധിയാണ്, മുസ്‌ലിം വോട്ടുബാങ്കിനെ വളരെ കൃത്യമായി നിലനിര്‍ത്തുന്ന ഒരു രാഷ്ട്രീയ നേതാവാണ് എന്നതാണ്. ഇപ്പോള്‍ കൂടുതല്‍ മമത പ്രസക്തയാവുന്ന ഒരു സാഹചര്യത്തിലേക്കാണ് ബംഗാള്‍ രാഷ്ട്രീയം വരുന്നത്.
സിംഗൂര്‍, നന്ദിഗ്രാം പ്രക്ഷോഭമാണ് വലിയൊരു രാഷ്ട്രീയ മാറ്റത്തിനോ പ്രതിസന്ധിക്കോ കാരണമായിട്ട് നമ്മള്‍ പലപ്പോഴും വിലയിരുത്തി കാണുന്നത്. അതിനുശേഷം ബംഗാളില്‍ സംഭവിച്ചിട്ടുള്ള മാറ്റങ്ങള്‍ നമുക്കറിയാം. പ്രധാനമായിട്ടും കര്‍ഷക പ്രക്ഷോഭങ്ങളും കര്‍ഷക ഭൂമിയേറ്റെടുക്കലുകളും തുടര്‍ന്നുള്ള സംഘര്‍ഷങ്ങളുമാണ് ബംഗാളില്‍ ഉണ്ടായിട്ടുള്ളത്. ഇടതുപക്ഷം ഇത് കൈകാര്യം ചെയ്ത രീതിയില്‍ വന്നിട്ടുള്ള പിഴവുകള്‍ അവരെ നിരാകരിക്കുന്ന രീതിയിലേക്ക് എത്തിച്ചിട്ടുണ്ട്.
വളരെ റിച്ചായിട്ടുള്ള നെല്‍പ്പാടങ്ങളുള്ള മേഖലകളാണ് സിംഗൂരും നന്ദിഗ്രാമും. ഈ പച്ചപ്പാടങ്ങളുടെ നടുവിലൂടെയാണ് ഇവിടേക്ക് പോകുന്നത്. ഇങ്ങനെയുള്ള സ്ഥലത്ത് സലിം ഗ്രൂപ്പിന്റെ കെമിക്കല്‍ ഫാക്ടറിക്ക് ഭൂമികൊടുക്കാന്‍ തീരുമാനിക്കുന്നസമയത്താണ് നന്ദിഗ്രാമില്‍ ആ പ്രശ്‌നമുണ്ടാവുന്നത്. ഇപ്പുറത്ത് ടാറ്റയുടെ നാനോ കാറിന്റെ ഫാക്ടറി വരുന്നു. ഈ സംഗതികളെല്ലാം പൊതുവെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഈ സംഗതികളെ പിന്നീട് എങ്ങനെയാണ് മമത രാഷ്ട്രീയമായ നേട്ടത്തിന് ഉപയോഗിച്ചത് എന്നത് വളരെ കൃത്യമായിട്ട് മനസിലാവും. സിംഗൂരില്‍ ഈ ഫാക്ടറി വന്നതിന്റെ പരിസരത്തുള്ള ജനങ്ങളെ കുടിയൊഴിപ്പിച്ചിരുന്നു. അതില്‍ മാറ്റമൊന്നും വന്നില്ല. കമ്പനി നല്‍കിയ പ്രദേശത്തേക്ക് അവരെ മാറ്റി. അവിടേക്ക് പോയിരുന്നു. അവിടെ ചെല്ലുമ്പോള്‍ അവിടെയും ഇതേ അവസ്ഥ തന്നെയാണ്. അവര്‍ കുടിയൊഴിപ്പിക്കപ്പെട്ടു. യാതൊരുവിധ വികസനവുമില്ല. അടിസ്ഥാന സൗകര്യങ്ങളുമില്ല. വെള്ളത്തിന് ബുദ്ധിമുട്ട്. മഴക്കാലം വന്നാല്‍ ആ കുടിലുകള്‍ മുഴുവന്‍ വെള്ളത്തിലാവും. രണ്ട് കുഴല്‍ക്കിണറുകള്‍ അവര്‍ക്കുണ്ട്. അന്ന് കേന്ദ്രസര്‍ക്കാറിന്റെ ബി.പി.എല്‍ റേഷന്‍ സമ്പ്രദായത്തില്‍ സൗജന്യമായിട്ട് അരിയെന്നൊരു പദ്ധതിയുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ പ്രോജക്ടാണത്. ആ അരി അവര്‍ക്ക് കിട്ടിക്കൊണ്ടിരുന്നതാണ്. അത് മമത കൊടുത്തിരുന്നതാണെന്നാണ് അവിടുത്തെ ഗ്രാമത്തിലുളളവര്‍ വിശ്വസിച്ചിരുന്നത്. അവര് നമ്മളോട് പറയുന്നത്, മമതാജി ഞങ്ങള്‍ക്ക് അഞ്ച് കിലോ അരിയെങ്കിലും തരുന്നുണ്ട്, മറ്റവര്‍ അതും തന്നില്ലയെന്നതാണ്.
വികസന അനന്തരം സംഭവിക്കുന്ന കുടിയൊഴിപ്പിക്കലുകള്‍, തുടരുമ്പോഴും അതിന്റെ രാഷ്ട്രീയാധികാരം മാറുന്നതില്‍, അതിന്റെയൊരു ബെനിഫിഷറിയായിട്ട് തൃണമൂലിന് മാറാന്‍ പറ്റി. നന്ദിഗ്രാമില്‍ അന്നുണ്ടായിട്ടുള്ള വെടിവെപ്പിനെ തുടര്‍ന്ന് അവിടെ നിന്നും പലായനം ചെയ്യപ്പെട്ട, അന്നത്തെ ഭരണ നേതൃത്വത്തിലുണ്ടായിരുന്ന പാര്‍ട്ടി അണികള്‍ക്കൊക്കെ പിന്നീട് അവിടേക്ക് തിരിച്ചുവരാന്‍ പോലും പറ്റാത്ത സാഹചര്യമുണ്ടായിരുന്നു. അവിടെ നിന്നും ഏറെ അകലെയായാണ് സി.പി.ഐ.എമ്മിനൊക്കെ കൊടിപോലും വെക്കാന്‍ പറ്റിയത്. ഹാല്‍ദിയ പോര്‍ട്ടുകള്‍ പോലുള്ള പോര്‍ട്ടുകളില്‍ ട്രേഡ് യൂണിയനുകള്‍ കാണിച്ച ഗുണ്ടായിസം ഒരുപരിധിവരെ പാര്‍ട്ടിക്ക് തിരിച്ചടിയായിട്ടുണ്ട്. അതിന് കൃത്യമായ ഉദാഹരണങ്ങള്‍ അവിടെ പോയാല്‍ നമുക്ക് കാണാന്‍ പറ്റും. അവിടെ എന്താണോ സി.പി.ഐ.എമ്മിന്റെ ട്രേഡ് യൂണിയനുകള്‍ ചെയ്തത് അതേ രീതിയില്‍ തന്നെയാണ് തൃണമൂലം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഡോക്കില്‍ കപ്പലുകള്‍ ചരക്ക് കയറ്റി ഇറക്കുന്ന സമയത്ത് അതിന്റെ ഇത്ര വിഹിതം കമ്മീഷനായി പിടിച്ചുവാങ്ങുന്ന സമ്പ്രദായം അവിടെയുണ്ടായിരുന്നു. ആ പിടിച്ചുവാങ്ങുന്ന സമ്പ്രദായം വീണ്ടും തൃണമൂല്‍ തുടര്‍ന്നു. അത് തുടര്‍ന്നപ്പോള്‍ കൗതുകകരമായ ഒരു സമരം അവിടെ നടന്നു. തൃണമൂലിന്റെ തന്നെ തൊഴിലാളി യൂണിയന്‍ തൃണമൂല്‍ നേതാക്കള്‍ക്കെതിരെ അവിടെയൊരു സമരം നടത്തി. കാരണം ഇവര്‍ ഈ സിസ്റ്റം തുടരുകയാണ്. പാര്‍ട്ടി മാത്രമേ അവിടെ മാറിയിട്ടുള്ളൂ. സിലുഗിരി കഴിഞ്ഞിട്ടുള്ള മേഖലകള്‍ ഒഴിച്ചാല്‍ ബാക്കി മേഖലകളിലെല്ലാം തന്നെ ജില്ലാ നേതൃത്വങ്ങള്‍ പ്രാദേശിക നേതൃത്വങ്ങള്‍ അവരുടെ അഴിമതി, ആളുകളോടുള്ള അവരുടെ പെരുമാറ്റം, സമീപനങ്ങള്‍, അഹന്ത എന്നിവ ഒരു പരിധിവരെ ആളുകള്‍ക്ക് പാര്‍ട്ടിയോട് വിയോജനം ഒക്കെ ഉണ്ടാക്കാന്‍ കാരണമായിട്ടുണ്ട്. അത് വലിയ എതിര്‍പ്പായി മാറുകയും അതിനൊരു ആള്‍ട്ടര്‍നേറ്റീവായിട്ട് തൃണമൂല്‍ വരികയും അത് സ്വീകാര്യമാണ് എന്ന് ജനങ്ങള്‍ക്ക് തോന്നാന്‍ തുടങ്ങുകയും ചെയ്തു.
ഇങ്ങനെയൊരു ഷിഫ്റ്റ് സംഭവിക്കുന്നത് പാര്‍ട്ടിക്ക് മനസിലായില്ല. മറ്റൊന്ന് ആ ഒരു ഷിഫ്റ്റ് വളരെ പെട്ടെന്ന് നടന്ന കാര്യമല്ല. അങ്ങനെ ചിന്തിക്കുന്നത് അതിന്റെയൊരു സാമൂഹ്യസാഹചര്യം പരിശോധിക്കാത്തതുകൊണ്ടാണെന്ന് എനിക്കു തോന്നുന്നു. ഈ മാറ്റം മനസിലാക്കിയില്ലയെന്നു മാത്രമല്ല, ഇത്തരത്തിലുള്ള നേതൃത്വത്തിന്റെ പിടിപ്പുകേടുകള്‍ക്കപ്പുറമുള്ള വലിയ രാഷ്ട്രീയ കാഴ്ചപ്പാട് ഇടതുപക്ഷം മുന്നോട്ടുവെക്കുന്നുണ്ട് എന്നുള്ള ഒരു ബോധം ഉണ്ടല്ലോ, ഉദാഹരണത്തിന് കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കൊക്കെയുള്ള പൊതുബോധമുണ്ടല്ലോ, ആ തരത്തിലുള്ള രാഷ്ട്രീയ സാക്ഷരത അവിടെ ഇടതുപക്ഷത്തെ തന്നെ പിന്തുണച്ചിരുന്ന വോട്ടര്‍മാര്‍ക്കുണ്ടായിരുന്നില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ നേതൃത്വമാണ് പ്രശ്‌നം, അല്ലാതെ ഐഡിയോളജിയല്ല എന്നുള്ള കണ്‍ക്ലൂഷനിലേക്ക് അവര്‍ എത്തുമായിരുന്നു. അത് എത്താതെ നേതൃത്വമെന്നാല്‍ ഐഡിയോളജിയും പാര്‍ട്ടിയും എന്നു വിശ്വസിച്ചത് കാരണം കൂടിയാണ് ബംഗാളില്‍ ഉണ്ടായിട്ടുള്ള രാഷ്ട്രീയ അട്ടിമറി.
33 വര്‍ഷത്തെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ചരിത്രം അവിടെ നില്‍ക്കുമ്പോഴും ബംഗാളില്‍ മമതയ്ക്ക് മുമ്പും ശേഷവും എന്ന് പരിശോധിക്കുന്നത് വളരെ കൗതുകകരമായിരിക്കും. കാരണം, മമതയ്ക്കുശേഷം മമത വേറെ തരത്തിലുള്ള കള്‍ട്ടായി മാറുന്നു. എങ്ങനെയാണ് ന്യൂനപക്ഷ വോട്ടിനെ ഗ്രാബ് ചെയ്യുന്നത് എന്നുള്ള ഒരു സ്ട്രാറ്റജി അവര്‍ വര്‍ക്കൗട്ട് ചെയ്യുന്നു. ഒരര്‍ത്ഥത്തില്‍ ബംഗാളില്‍ ഇപ്പോള്‍ സംഘപരിവാര്‍ ശക്തമായതിന്റെ കാരണം മമതയാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം, ഇടതുപക്ഷത്തെക്കുറിച്ചുള്ള വളരെ കണ്‍സ്ട്രക്ടീവായ വിമര്‍ശനങ്ങള്‍ നമ്മള്‍ ബംഗാളില്‍ ഉന്നയിച്ചാലും ശരി, മമതയ്ക്കു മുമ്പുവരെ ബംഗാള്‍ എന്നു പറയുന്നത്, യു.പി പോലെയോ ബീഹാര്‍ പോലെയോ ഹരിയാന പോലെയോ ജാതീയമായ ഒരു വിഘടിതരൂപത്തിലായിരുന്നില്ല. അത്തരത്തിലുള്ള ജാതി ചിന്ത അവിടെ വികസിച്ചിരുന്നില്ല. കുറച്ചൊരു ബ്രാഹ്മണിക്കല്‍ സ്വഭാവമുള്ള ആള്‍ക്കാരും അത്തരം സമീപനങ്ങളുമൊക്കെയുണ്ടെങ്കിലും പൊതുവില്‍ ബംഗാളി സമൂഹം യു.പി പോലെയൊന്നും ജാതീയമായി വിഘടിക്കപ്പെട്ടിരുന്നില്ല. ആ വിഘടനത്തിലേക്കു കൂടി ഇപ്പോള്‍ ബംഗാള്‍ എത്തുന്നത്, സംഘപരിവാര്‍ അവിടെ ശക്തിപ്പെടുന്നത് മമത മുസ്‌ലിം വോട്ടുബാങ്കുകളെ പ്രീണിപ്പിക്കുന്നുവെന്ന വാദമുയര്‍ത്തിക്കൊണ്ടാണ്. ഈ വാദം ഉയര്‍ത്തുന്തോറും ബംഗാള്‍ കൂടുതല്‍ വിഘടിപ്പിക്കപ്പെടുകയും വോട്ടുകള്‍ ധ്രുവീകരിക്കുന്നതിലേക്ക് ബി.ജെ.പി വളരെ വിജയകരമായി കടന്നുവരികയും ചെയ്തു. അപ്പുറം മുസ്‌ലിം വോട്ടുബാങ്കിന്റെ കേന്ദ്രീകൃത രൂപമായിട്ട് മമതാ ബാനര്‍ജി മാറി.
സി.എ.എ പോലുള്ള പ്രതിഷേധം വരുന്ന സമയത്ത് മമത ശക്തമായ നിലപാടുമായി നിലനില്‍ക്കുകയും ചെയ്യുന്നത് വളരെയധികം പൊളിറ്റിക്കല്‍ സിഗ്നിഫിക്കന്‍സ് ഉള്ള കാര്യം തന്നെയാണ്. അതേ സമയം അതിനെ മറ്റൊരു രാഷ്ട്രീയ ആയുധമാക്കാനുള്ള തന്ത്രം സംഘപരിവാര്‍ നടത്തുകയും അതിലവര്‍ കുറേയൊക്കെ വിജയിച്ചുവരുന്നു എന്നുള്ളതാണ് 2010നുശേഷമുള്ള ബംഗാളിന്റെ രാഷ്ട്രീയം.
25-30 വര്‍ഷങ്ങള്‍കൊണ്ട് സംഭവിച്ചിട്ടുള്ള ഒരു രാഷ്ട്രീയ സാമൂഹിക മാറ്റം, അതിന്റെ സൂക്ഷ്മാര്‍ത്ഥത്തിലേക്കുള്ള വിശകലനത്തിലേക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വേണ്ടത്ര കടന്നുവരുന്നില്ലെങ്കില്‍ സംഭവിക്കാവുന്ന ഒരു സ്ട്രക്ചറല്‍ ചെയ്ഞ്ചാണ് ഇപ്പോള്‍ ബംഗാളില്‍ നടന്നിട്ടുള്ളത്. അത് ഇടതുപക്ഷത്തിന്റെ വീഴ്ച തന്നെയാണ്. ആ വീഴ്ചയുടെ ഏറ്റവും വലിയ അപകടം കമ്മ്യൂണല്‍ ആയിട്ടുള്ള ഫോഴ്‌സസാണ്.
ഇതിനു രണ്ടിനുമിടയില്‍ സത്യത്തില്‍ നിഷ്‌കാസിതമായി പോയത് നമ്മള്‍ എത്രയോ കണ്ടിട്ടുള്ള ബംഗാളിലെ ഇടതുപക്ഷമാണ്. ഇടതുപക്ഷത്തെയാണ് അവിടെ കാണാതാവുന്നത്.
വിദ്യാഭ്യാസപരമായി കുറേക്കൂടി മെച്ചപ്പെട്ട സമൂഹമാണ് ബംഗാള്‍. ജാതിഘടനയും ജാതി ചിന്തയും ശക്തമായ രീതിയില്‍ നിര്‍ണയിച്ചുള്ള ഘടനയല്ലെങ്കില്‍ പോലും രണ്ടു ക്ലാസുകള്‍ തമ്മിലുള്ള വിഭജനമോ മാറ്റമോ അവിടെ പണ്ടുമുതലേയുണ്ട്. അപ്പര്‍കാസ്റ്റ് വിഭാഗങ്ങളുടെ പ്രതിനിധികളോ മക്കളോ പരമ്പരകളോ ആണ് ബംഗാളില്‍ വളരെയധികം സംഭാവന നല്‍കിയ എഴുത്തുകാരായാലും സിനിമാ മേഖലയിലുള്ളവരായാലും സാംസ്‌കാരിക പ്രവര്‍ത്തകരായാലും സാമ്പത്തിക വിദഗ്ധരായാലും. ഇന്ത്യയുടെ കള്‍ച്ചറല്‍ സ്പിയറില്‍ വലിയ സംഭാവന നല്‍കിയിട്ടുള്ള സമൂഹമാണ് ബംഗാള്‍. പക്ഷേ അവരുടെ തന്നെ വര്‍ക്കിങ് ക്ലാസിന്റെ ജീവിതം അന്വേഷിച്ച് പോയാല്‍ അതിന്റെയൊന്നും മാറ്റം അവരിലേക്ക് എത്തിയിട്ടില്ലയെന്നു കാണാന്‍ കഴിയും.
കേരളത്തിലെ പോലെ ഓരോ വായനശാലകളിലും മറ്റും വായനയുടെയും സാംസ്‌കാരികതയുടെയുമായിട്ടുള്ള മാറ്റം ബംഗാളിലെ ഗ്രാമത്തിലേക്ക് എത്തിക്കുന്നതില്‍ അവിടുത്തെ പാര്‍ട്ടികളും അവിടുത്തെ മൂവ്‌മെന്റുകളും പരാജയപ്പെട്ടിട്ടുണ്ട്. മറ്റൊരു കാരണം ഭൂപരിഷ്‌കരണം ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അടുത്തൊരു ഘട്ടം നടപ്പാക്കുന്നതില്‍ അവര്‍ക്കു സംഭവിച്ചിട്ടുള്ള പാളിച്ചയാണ്. അത് ജ്യോതിബസുവും അശോക് മിത്രയുമൊക്കെ പറഞ്ഞിട്ടുള്ള കാര്യമാണ്. ഇത്തരത്തിലുള്ള പാളിച്ചകളിലേക്കാണ് കൂടുതല്‍ ഭൂമിയേറ്റെടുക്കലുമായിട്ട് പിന്നീട് ബുദ്ധദേവിന്റെ സര്‍ക്കാര്‍ വരുന്നത്. ആ ഒരു സ്ഥിതി വരുമ്പോഴേക്കും വലിയ തോതിലുള്ള സമരങ്ങള്‍ വരുന്നു, അതിനെ രാഷ്ട്രീയമായിട്ട് മുതലെടുക്കുന്നുവെന്ന് വേണമെങ്കില്‍ പറയാവുന്ന മറ്റ് ഫോഴ്‌സുകള്‍ വരുന്നു. സ്വാഭാവികമായിട്ടും അതിലേക്ക് ആളുകള്‍ തിരിയുകയാണുണ്ടായത്. ഇതാണ് ബംഗാളില്‍ സംഭവിച്ചത്.
ബംഗാളില്‍ സി.എ.എ പ്രതിഷേധം നടക്കുമ്പോള്‍ എനിക്കു തോന്നുന്നത് ഇപ്പോഴും അവിടുത്തെ സാധാരണ ജനങ്ങള്‍, അല്ലെങ്കില്‍ അവിടുത്തെ പാവപ്പെട്ടവര്‍ അവരുടെ ആശ്രയമായിട്ടാണ് തൃണമൂലിനെ കാണുന്നത് എന്നാണ്. പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍. അതിനുള്ള ആള്‍ട്ടര്‍നേറ്റീവ് ഫോഴ്‌സായിട്ട് പുറത്തൊരു ഹിന്ദുത്വ ഫോഴ്‌സ് നിലനില്‍ക്കുകയും ചെയ്യുന്നു. ഇതിനു രണ്ടിനുമിടയില്‍ സത്യത്തില്‍ നിഷ്‌കാസിതമായി പോയത് നമ്മള്‍ എത്രയോ കണ്ടിട്ടുള്ള ബംഗാളിലെ ഇടതുപക്ഷമാണ്. ഇടതുപക്ഷത്തെയാണ് അവിടെ കാണാതാവുന്നത്. പക്ഷേ ചില മേഖലകളില്‍ അനുഭാവികളുടെ വലിയ ലോകം നിലനില്‍ക്കുന്നുണ്ട്. പക്ഷേ അതിനെ കളക്ടീവ് ഫോഴ്‌സും കളക്ടീവ് പ്രൊട്ടസ്റ്റുമായി മാറ്റുന്നതില്‍ പലപ്പോഴും പരാജയപ്പെട്ടു പോകുന്നുവെന്നതാണ് എനിക്കു തോന്നിയിട്ടുള്ള ഒരു അനുഭവം.
ജേണലിസ്റ്റ്, സംവിധായകന്‍
കെ.വി. ദിവ്യശ്രീ
Jun 30, 2022
11 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 29, 2022
60 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 26, 2022
52 Minutes Watch
ദില്‍ഷ ഡി.
Jun 21, 2022
5 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 19, 2022
10 Minutes Watch
അലി ഹൈദര്‍
Jun 17, 2022
9 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 16, 2022
15 Minutes Watch