ഇലക്ഷനെക്കുറിച്ച് ചില രാഷ്ട്രീയ വർത്തമാനങ്ങൾ

Truecopy Webzine

കേരളത്തിൽ തുടർഭരണത്തെ കുറിച്ചുള്ള ചർച്ചകൾ മുമ്പില്ലാത്ത വിധം സജീവമാകുന്ന പതിനഞ്ചാമത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, പ്രസ്തുത വിഷയം ചർച്ച ചെയ്യുകയാണ് വെബ്‌സീൻ പാക്കറ്റ് 19-ൽ പ്രമുഖ എഴുത്തുകാർ.

കെ. സച്ചിദാനന്ദൻ, ഡോ. എം.കുഞ്ഞാമൻ, സന്തോഷ് ഏച്ചിക്കാനം, കെ.പി. സേതുനാഥ്, എതിരൻ കതിരവൻ, കരുണാകരൻ, കുഞ്ഞുണ്ണി സജീവ്, സാജൻ ജോസ് തുടങ്ങിയവരുടെ ലേഖനങ്ങളിൽ, തുടർഭരണത്തിന്റെ ആവശ്യകത, കേരളം അഭിമുഖീകരിക്കുന്ന രാഷ്ട്രീയ നിശ്ചലത, വിദേശ മലയാളികളുടെ തെരഞ്ഞെടുപ്പ് വീക്ഷണങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നു.

സർക്കാർ പ്രവർത്തനങ്ങളെ വിമർശനബുദ്ധിയോടെ സമീപിക്കുമ്പോൾ തന്നെ, കേരളത്തിൽ തുടർഭരണം ആവശ്യമാണെന്ന് കെ. സച്ചിദാനന്ദൻ ചൂണ്ടിക്കാട്ടുന്നു. ബംഗാളിലേയും കേരളത്തിലേയും ഇടതുപ്രസ്ഥാനങ്ങളുടെ അടിസ്ഥാനസ്വഭാവം വിശദീകരിക്കുന്നതിലൂടെ, ബംഗാളിൽ സംഭവിച്ച അപചയം കേരളത്തിൽ ഇടതുപ്രസ്ഥാനങ്ങൾ അഭിമുഖീകരിക്കേണ്ടി വരില്ലെന്ന്, ഈ തിരഞ്ഞെടുപ്പിൽ മലയാളികൾക്ക് വേറെ ഒരു ചോയ്സും ഞാൻ കാണുന്നില്ല എന്ന ലേഖനത്തിൽ അദ്ദേഹം സമർത്ഥിക്കുന്നു.

നമ്മെ മുതലാളിത്ത സ്വാർത്ഥം തീർത്തും കീഴ്പ്പെടുത്തിയിട്ടില്ലെന്നും പരപരിഗണനയും അയൽസ്നേഹവും ഇല്ലാതായിട്ടില്ലെന്നും പൊതുവേ മന്ദമെന്നു കരുതപ്പെടുന്ന സർക്കാർ വകുപ്പുകൾക്കുപോലും ആവശ്യം വന്നാൽ ജാഗ്രതയും വേഗതയും കാണിക്കാനും വിഭാഗീയതകൾക്ക് അതീതമായി പ്രവർത്തിക്കാനും ഈ അവസ്ഥകളിലും ആരും പട്ടിണി കിടക്കുന്നില്ലെന്നെങ്കിലും ഉറപ്പിക്കാനും ആവശ്യമുള്ള രോഗികൾക്ക് മുഴുവൻ സൗജന്യ ചികിത്സ ലഭ്യമാക്കാനും- ഇന്ത്യയിൽ മറ്റെങ്ങും ഈ സൗകര്യം ഇല്ല- അതിഥിത്തൊഴിലാളികളെ മനുഷ്യരായി കാണാനും - ഡൽഹിയിൽ അവരുടെ ദയനീയാവസ്ഥയ്ക്ക് ഞാൻ സാക്ഷിയാണ്- കഴിയുമെന്ന് ഈ പ്രതിസന്ധി നമ്മെ കാണിച്ചു തന്നു.

സ്‌കൂൾ വിദ്യാഭ്യാസം, പൊതുജനാരോഗ്യം, വൈദ്യുതിലഭ്യത, അടിസ്ഥാന സൗകര്യ വികസനം, സ്ഥല-ജല ഗതാഗതം, സ്ത്രീ ക്ഷേമം, കൃഷി, തൊഴിലാളിക്ഷേമം, ഫെഡറലിസത്തിനു മേലുള്ള ആക്രമണങ്ങളെ ചെറുക്കൽ തുടങ്ങിയ രംഗങ്ങളിൽ ഈ പ്രതിസന്ധികൾക്കിടയിലും കേരളം ഏറെ ചുവടുകൾ മുന്നോട്ടു വെച്ചു. ഈ തിരഞ്ഞെടുപ്പിൽ മലയാളികൾക്ക് വേറെ ഒരു ചോയ്സും ഞാൻ കാണുന്നില്ല.

അതേസമയം, ചരിത്രപരമായ അന്വേഷണങ്ങളിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് പാർട്ടി അടിത്തറപാകിയ രാഷ്ട്രീയ ശീലങ്ങളെയും അതിന്റെ പരിണാമങ്ങളേയും വിശകലനം ചെയ്ത്, രാഷ്ട്രീയ അസ്ഥിരതയാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം എന്ന് സ്ഥാപിക്കുകയാണ് അസ്ഥിരതയിലാണ് പ്രതീക്ഷ, സ്ഥിരതയിലല്ല എന്ന ലേഖനത്തിൽ ഡോ. എം. കുഞ്ഞാമൻ.

സ്റ്റാറ്റസ്‌കോയിസ്റ്റുകളാണ് ഭരണത്തുടർച്ചയും ഭരണസ്ഥിരതയും വേണമെന്ന് ആവശ്യപ്പെടുന്നത്. നേരെ മറിച്ച് സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്നവരെയും അടിച്ചമർത്തപ്പെടുന്നവരെയും സംബന്ധിച്ച് അസ്ഥിരതയാണ് ആവശ്യം. അസ്ഥിരതയാണ് ജനാധിപത്യത്തെ ഇന്ത്യൻ ജനങ്ങൾക്ക് സ്വീകാര്യമാക്കിയത്. ഈ അസ്ഥിരതയിൽനിന്നാണ് പല രാഷ്ട്രീയ പാർട്ടികളും രൂപം കൊണ്ടത്. തീർച്ചയായും മറ്റു ഘടകങ്ങളും സഹായിച്ചിട്ടുണ്ട്. ഭൂപരിഷക്രണം, ഹരിതവിപ്ലവം, ബാങ്ക് ദേശസാൽക്കരണം പോലുള്ളവ. ഇവയുടെ ഫലമായി പ്രാദേശിക പാർട്ടികളും പ്രാദേശിക നേതാക്കളും ഉയർന്നുവന്നു. കോൺഗ്രസിന്റെ ക്ഷയവും അത് സൃഷ്ടിച്ച രാഷ്ട്രീയ- ഭരണ അസ്ഥിരതയും തുടർച്ചയില്ലായ്മയുമാണ് പ്രാദേശിക പാർട്ടികൾക്കും നേതാക്കൾക്കും ഉയർന്നുവരാൻ സന്ദർഭം ഒരുക്കിയത്. ഭരണത്തുടർച്ചയാണ് ഉണ്ടായിരുന്നത് എങ്കിൽ ഇവർക്ക് ഉയർന്നുവരാൻ പറ്റില്ലായിരുന്നു.

ഇലക്ഷൻ എന്നത് രാഷ്ട്രീയത്തിന്റെ പ്രതിഫലനമായി മാറാതെ രാഷ്ട്രീയം നഷ്ടപ്പെട്ട പ്രക്രിയയായി മാറുന്നു. അതുകൊണ്ടുതന്നെ, ഭരണതുടർച്ച എന്നു പറയുന്നത് ജനാധിപത്യത്തിന്റെ സത്തക്ക് വിരുദ്ധമാണ്. മാറ്റങ്ങൾ ആവശ്യപ്പെടുന്നവരുടെ പ്രതീക്ഷക്ക് പ്രതികൂലമാണ് ഭരണത്തുടർച്ച. ഒരു പാർട്ടിയുടെ തുടർച്ചയല്ല, ഒരു വ്യക്തിയുടെ തുടർച്ചയാണ് ഇവിടെ വിഭാവനം ചെയ്യുന്നത്. എന്താണ് തുടരേണ്ടത്?. പല സാമൂഹികവിഭാഗങ്ങളും ആവശ്യപ്പെടുന്നത് മാറ്റമാണ്.

തെരഞ്ഞെടുപ്പ് രാഷ്ട്രീയം ആശയപരമായി നിശ്ചലമാകുമ്പോൾ എന്ന ലേഖനത്തിൽ സമാനമായ ആശങ്കയാണ് കുഞ്ഞുണ്ണി സജീവ് പങ്കു വെക്കുന്നത്. ഭരണത്തുടർച്ചയേക്കാൾ ഇടർച്ചയാണ് ഇപ്പോൾ ആവശ്യം എന്ന് തിരിച്ചറിയണം. കൂടുതൽ ചർച്ചകളാണ് നമുക്ക് ആവശ്യം, അല്ലാതെ മത്സരമല്ല. ഇന്ന് മുഖ്യധാരയിൽ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയപാർട്ടിയോ നേതാവോ സമൂഹത്തിന്റെ മാറ്റത്തിനു വേണ്ടി ചർച്ചകളിൽ ഇടപെടുവാൻ തയ്യാറല്ല എന്ന യാഥാർഥ്യം എന്ന് തിരിച്ചറിയുന്നുവോ അപ്പോൾ ആരംഭിക്കുന്ന ഭയവും അസ്ഥിരതയുമാണ് ഇനി സാമൂഹിക മാറ്റത്തിലേക്ക് നമ്മെ നയിക്കുക, എന്ന് കുഞ്ഞുണ്ണി സജീവ് തന്റെ ലേഖനത്തിൽ പറയുന്നു.

ഇന്ന് കേരളം ഭരിച്ചു കൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് ഗവൺമെന്റ് ഒരു മാതൃകാ സർക്കാർ അല്ലെങ്കിലും അവർ മുന്നോട്ടു വെയ്ക്കുന്ന പ്രത്യയശാസ്ത്രം വർഗീയതയക്ക് എതിരാണെന്നതു കൊണ്ടുതന്നെയാണ് അവർ തരുന്ന മഷിപ്പാത്രം ഞാൻ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുന്നത്. ഇതിൽ നിന്നൊരു തുള്ളി നഖത്തിനുമേൽ വീഴ്ത്തുമ്പോൾ വർഗീയതയുടെ മുഖത്ത് കരിഓയിൽ ഒഴിക്കുന്ന ഒരു സംതൃപ്തി ഞാനനുഭവിക്കുന്നു. വിയോജനാധികാരവും അഭിപ്രായസ്വാതന്ത്ര്യവും നിലനിർത്തിക്കൊണ്ടുതന്നെ ഞാൻ പറയട്ടെ; അന്നും ഇന്നും എന്നും എന്റെ വോട്ട് കമ്യൂണിസ്റ്റ് പാർട്ടിക്കാണ്- എന്ന് ഏച്ചിക്കാനത്തെ "ഒരേയൊരു' കമ്യൂണിസ്റ്റുകാരൻ എന്ന ലേഖനത്തിൽ സന്തോഷ് ഏച്ചിക്കാനം വ്യക്തമാക്കുന്നു.

ഭരണം നിലനിർത്തുന്നതിനുള്ള അച്ചടക്കം മുഖ്യ അജൻഡയാവുന്ന ഇടതുപക്ഷത്തിന്റെ ആവിർഭാവത്തെക്കുറിച്ചുള്ള ആശങ്കകളാണ് കെ.പി. സേതുനാഥ് ഇടതു മുന്നണി തുടർഭരണപക്ഷമാവുമ്പോൾ ആരാവും പ്രതിപക്ഷത്തെ ഇടതുപക്ഷം? എന്ന ലേഖനത്തിൽ പങ്കു വെക്കുന്നത്. ഇടതു സർക്കാറിന്റെ സാമ്പത്തിക പദ്ധതികളിലെ നവലിബറൽ ചായ്‌വും, മധ്യവർഗത്തെ പ്രത്യേകം കേന്ദ്രീരിച്ചു കൊണ്ടുള്ള സാമ്പത്തിക നയങ്ങളിലെ പൊരുത്തക്കേടുകളെക്കുറിച്ചും ചർച്ചകൾ ഉണ്ടാവേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നവലിബറലിസത്തിന്റെ ശക്തരായ വിമർശകരെന്ന സ്ഥാനം സ്വയം അവകാശപ്പെടുമെങ്കിലും കഴിഞ്ഞ 30-വർഷക്കാലയളവിൽ ഈ നയങ്ങൾക്കെതിരെ മൂർത്തമായ ബദൽ എന്നു പറയാവുന്ന മാർഗരേഖകൾ പാർലമെന്ററി ഇടതുപക്ഷം മുന്നോട്ടു വച്ചതായി കരുതാനാവില്ല. അഖിലേന്ത്യ തലത്തിൽ ഒന്നുരണ്ടു ദിവസം നീണ്ടുനിൽക്കുന്ന ചട്ടപ്പടി സമരങ്ങൾ മിക്കവാറും എല്ലാ വർഷങ്ങളിലും ട്രേഡ് യൂണിയനുകൾ നടത്തുന്നതൊഴിച്ചാൽ നവലിബറൽ നയങ്ങളെ പിന്നോട്ടടിപ്പിക്കുന്നതിന് പ്രേരണയാകുന്ന തരത്തിലുള്ള നിരന്തര പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുവാനും അതിനെ രാഷ്ട്രീയ മുന്നേറ്റമായി പരിവർത്തനപ്പെടുത്താനും കഴിയുന്ന സംഘാടനങ്ങളൊന്നും പാർലമെന്ററി ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. കേന്ദ്രസർക്കാർ നവലിബറൽ നയങ്ങളുമായി മുന്നോട്ടു പോവുമ്പോൾ സംസ്ഥാനങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെന്നും ഏറിയാൽ ജനങ്ങൾക്ക് ചില്ലറ ആശ്വാസ നടപടികൾ നൽകുകയെന്ന പരിമിതലക്ഷ്യങ്ങൾ നിറവേറ്റുവാൻ മാത്രമാണ് ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകൾക്ക് സാധ്യമാവുകയെന്നും സി.പി.എം നേതൃത്വം തുറന്നു സമ്മതിക്കുന്ന കാര്യമാണ്.

സംസ്ഥാനത്തിന് പുറത്തു താമസിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് പ്രക്രിയയെ മാറിനിന്നു വീക്ഷിക്കുമ്പോൾ രസകരവും സവിശേഷവുമായ നിരീക്ഷണങ്ങൾ സാധ്യമാവും. എതിരൻ കതിരവൻ, സാജൻ ജോസ് എന്നിവരുടെ ലേഖനങ്ങൾ ശ്രമിക്കുന്നത് ഇത്തരമൊരു വിലയിരുത്തലിനാണ്.

മലയാളിയുടെ തെരഞ്ഞെടുപ്പുകൾ; ഒരു മറുനാടൻ മലയാളിക്കാഴ്ച എന്ന ലേഖനത്തിൽ എതിരൻ കതിരവൻ ഇങ്ങനെ പറയുന്നു, രാഷ്ട്രീയത്തിൽ ഉൽക്കടമായ വികാരങ്ങൾ സമർപ്പിക്കപ്പെടേണ്ടതാണ് എന്നൊരു ധാരണ പൊതുവേ ഇന്ത്യക്കാർക്കിടയിലുണ്ട്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ ആദർശസമ്പൂർത്തിക്ക് വേണ്ടിയുള്ളതല്ലെന്നും പുരാണപ്രോക്തമായ വൈരനിര്യാതനബുദ്ധി പ്രകടിപ്പിക്കേണ്ട അവസരങ്ങളാണ് രാഷ്ട്രീയ സംഘർഷങ്ങൾ എന്നും, ചോരയൊഴുക്കിയാണ് രാഷ്ട്രീയ സിദ്ധാന്തങ്ങളും വിചാരധാരകളും മേൽക്കൈ നേടേണ്ടതെന്നും ധരിച്ചുവശായ ജനതയാണ് കേരളത്തിലേത്. രാഷ്ട്രീയ പ്രബുദ്ധതക്ക് പേരുകേട്ടതെങ്കിലും വികലമായ ഒരു തലമാണത്. കൊലപാതകത്തിനുപയോഗിക്കുന്നത് ഇപ്പൊഴും വാളുകളും വെട്ടു കത്തികളുമാണ്. ആരോമൽ ചേകവരുടേയും അരിങ്ങോടരുടേയും ഉണ്ണിയാർച്ചയുടേയും കാലഘട്ടത്തിൽ നിന്ന് ഏറെ പുരോഗമിച്ചിട്ടില്ല എന്ന് സ്വയം ഘോഷിക്കുന്ന സമൂഹം. തോക്ക് എന്നത് എളുപ്പം കൈകാര്യം ചെയ്യാവുന്നതും കൊലപാതകിയെ പെട്ടെന്ന് തിരിച്ചറിയാതെയിരിക്കാൻ സഹായകമാകുന്നതാണെന്നും ഒക്കെ കേരള സമൂഹം അറിഞ്ഞിട്ടില്ല ഇതുവരെ.

കേരളത്തിലെ മുഖ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പ്രത്യയശാസ്ത്രപരമായി എതിർചേരികളിൽ നിൽക്കുമ്പോഴും, തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ പാർട്ടികൾ ഒരുപോലെ പിന്തുടരുന്ന ശീലങ്ങളെ ചോദ്യം ചെയ്യുകയാണ് സാജൻ തോമസ് അ"രാഷ്ട്രീയ' ചിന്തകൾ എന്ന ലേഖനത്തിലൂടെ .

കാലത്ത് മലയാളം വാർത്താ ചാനലുകളിലൂടെ ഒന്നു കയറിയിറങ്ങിയപ്പോൾ ഏറ്റവും കൂടുതൽ പരസ്യം നൽകാനുള്ള ത്രാണി കാണുന്നത് തൊഴിലാളിവർഗപ്പാർട്ടിയായ സി.പി.എം നേതൃത്വം നൽകുന്ന എൽ.ഡി.എഫിനാണ്. ഉറപ്പാണെന്ന് അവർ പറയുന്നു, മലയാളികൾക്ക് പരിചിതമായ മുകേഷിന്റെ ശബ്ദത്തിൽ. ഇടയ്‌ക്കൊക്കെ സംവിധായകൻ രഞ്ജിത്തും വരുന്നുണ്ട്. ഓർമയില്ലെന്ന് പറയുന്ന മന്ത്രിക്ക് അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി! പേരിൽ മാത്രം ഐക്യമുള്ള യു.ഡി.എഫും പിന്നാലെയുണ്ട്. അഴിമതിയുടെ അഞ്ച് വർഷങ്ങൾ എന്നവർ പറയുന്നു. ശരത്തിന്റെയും കൃപേഷിന്റേയും കൂടെ രാഷ്ട്രീയ കൊലപാതകങ്ങളിൽ മരിച്ച കുറെ യുവാക്കളുടെയും ചിത്രങ്ങൾ ഇടയ്ക്ക് കാണിക്കുന്നുണ്ട്. വാളയാറിൽ പീഡനത്തിനിരകളായ സഹോദരിമാരെ ഓർമിപ്പിക്കുന്ന കയറിൽ തൂങ്ങിയാടുന്ന രണ്ടു കുഞ്ഞു പെറ്റിക്കോട്ടുകളാണ് പിന്നീട് വന്ന പരസ്യത്തിൽ കാണുന്നത്. മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ദുരന്തങ്ങൾ വോട്ടാക്കാൻ ശ്രമിക്കുന്നവർ അതിലും വലിയ ദുരന്തങ്ങളെന്നെ പറയാനുള്ളൂ.

ചാനൽ പരസ്യങ്ങളുടെ കാര്യത്തിൽ ബി.ജെ.പിയും ഒട്ടും പുറകിലല്ല. കെട്ടിക്കൊടുത്ത വീടുകളുടെ പെരുമ പറഞ്ഞവർ തീവണ്ടിയോട്ടുന്നു. മത്സരബുദ്ധ്യാ അനുസ്യൂതം പ്രചരിപ്പിക്കുന്ന ഈ പരസ്യകോലാഹലങ്ങൾക്കുള്ള പണം കണ്ടെത്തുന്നത് സാധാരണക്കാരനിൽ നിന്ന് പിരിച്ച ഫണ്ടുകൾ ഉപയോഗിച്ചാണോ? അതോ കോർപ്പറേറ്റ് മുതലാളിമാരിൽ നിന്ന് ലഭിച്ച കമ്മീഷൻ തുകയോ? ഏതായാലും ചാനൽ മുതലാളിമാർ രാഷ്ട്രീയക്കാരോടുള്ള ഇഷ്ടം കൊണ്ട് സൗജന്യമായി സംപ്രേഷണം ചെയ്യുന്നതാകാൻ തരമില്ല.

ഈ തെരഞ്ഞെടുപ്പും ഈ എഴുത്തുകാരും എന്ന ലേഖനത്തിലൂടെ തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള എഴുത്തുകാരുടെ ഇടപെടലിനെ വിമർശനാത്മകമായി സമീപിക്കുകയാണ് കരുണാകരൻ.

പൊതുസമൂഹത്തിൽ ജനാധിപത്യം രാഷ്ട്രീയ പാർട്ടികൾക്ക് ഒപ്പമായല്ല, മറിച്ച് സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതത്തിലെ സ്വാതന്ത്ര്യത്തിനൊപ്പമായാണ് എഴുത്തുകാർ തിരിച്ചറിയുന്നത്. അതുകൊണ്ടുതന്നെ അവർ ഒരു പാർട്ടിയിലും അംഗമാവുന്നില്ല. ആവരുത്. എന്നാൽ, കേരളത്തിൽ രാഷ്ട്രീയപ്പാർട്ടികളുടെ വോട്ട് ബാങ്കുപോലെ എഴുത്തുകാരുടെ റീഡേഴ്‌സ് ബാങ്ക് ഉണ്ട്. ആ ബാങ്കിൽ കപട ഇടത് ഒരു വലിയ സംഖ്യയാണ്. കെ.ആർ. മീരയും ബെന്യാമിനും എല്ലാം തങ്ങളുടെ പാർട്ടിയുടെ ഏത് അക്രമത്തെയും ഏത് അധീശത്വത്തെയും മറവിയിലേക്ക് കുഴിച്ചു മൂടുന്നത് ഈ റീഡേഴ്‌സ് ബാങ്കിനു വേണ്ടിയാണ്. അതുകൊണ്ടുതന്നെ ഇവർക്ക് ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി നില കൊള്ളാനാവില്ല.

ഈ തെരഞ്ഞെടുപ്പിലും ഇടതോ വലതോ മുന്നണി വരും. കാര്യം അതല്ല, കാര്യം മോദിയുടെ നേതൃത്വത്തിൽ അതിവേഗം ഫാസിസവൽക്കരിക്കപ്പെടുന്ന പാർലമെന്ററി ജനാധിപത്യത്തെ ജനാധിപത്യത്തിനുവേണ്ടി വീണ്ടെടുക്കാൻ ശ്രമിക്കുക എന്നാണ്. എഴുത്തുകാരുടെ ജോലി അതാണ്. വേറെ ഒന്നുമല്ല.


Comments