ഗോർബച്ചേവിൽനിന്ന്​ ഇന്ത്യയിലെയും കേരളത്തിലെയും കമ്യൂണിസ്​റ്റ്​ പാർട്ടികൾക്ക്​ പഠിക്കാനുള്ളത്​

കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് നേതൃത്വം കൊടുക്കുന്ന സി.പി.ഐയും സി.പി.ഐ- എമ്മും ‘എന്തുകൊണ്ട് സോവിയറ്റ്​ യൂണിയൻ തകർന്നു’ എന്ന ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം എഴുതാനാഗ്രഹിക്കുന്നവരാണ്. ആ ഉത്തരം ‘ഗോർബച്ചേവ്’ എന്നാണ്. പക്ഷെ, ആ ഒറ്റവാക്കുത്തരംകൊണ്ട്​ തീരുന്നതല്ല തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള സങ്കീർണ പ്രയാണം എന്ന് അവരിനിയും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കട്ടെ.

മിഖായേൽ ഗോർബച്ചേവ് ഓർമയായി.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും സോവിയറ്റ് യൂണിയന്റെയും ചരിത്രവുമായി ബന്ധപ്പെട്ടുമാത്രമല്ല, ഗോർബച്ചേവിന് നിർണായക സ്ഥാനമുള്ളത്. ലോക രാഷ്ട്രീയ ചരിത്രത്തിൽ സവിശേഷ ഇടം നേടിയ വ്യക്തിയാണ്​ അദ്ദേഹമെന്ന്​ നിസ്സംശയം പറയാം. ലോകത്തെ ഏറ്റവും വലിയ സൈനികശക്തികളിൽ ഒന്നായ, ഏറ്റവും വലിയ ഭൂപ്രദേശം അടക്കിവാണ സോവിയറ്റ് യൂണിയന്റെ സർവാധികാരിയായിരുന്നു അദ്ദേഹം. സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി എന്ന നിലയ്ക്കും സോവിയറ്റ് യൂണിയന്റെ പ്രസിഡൻറ്​ എന്ന നിലക്കും ക്രൈംലിൻ കൊട്ടാരത്തിൽ അദ്ദേഹം കൈയാളിയ അധികാരം അദ്വിതീയമാണ്. ഇത്രയും അധികാരം കൈവശംവച്ച ഗോർബച്ചേവ് എന്തിന് പുതിയ തരത്തിൽ ചിന്തിച്ചു എന്നതാണ് അദ്ദേഹത്തിന്റെ ചരിത്രപരമായ പ്രാധാന്യം.

‘ഗോർബച്ചേവ്​ എന്ന വില്ലൻ’

ലോകത്ത് പലയിടത്തുമെന്നതുപോലെ കേരളത്തിലും, ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് സ്വാധീനമുള്ളതുകൊണ്ട് പ്രത്യേകിച്ചും, ഗോർബച്ചേവിനെ സോവിയറ്റ് യൂണിയനെ തകർത്ത, ഇല്ലായ്മ ചെയ്ത വില്ലനായി അവതരിപ്പിക്കാനാണ് പലർക്കും താൽപര്യം. എന്നാൽ, പാർട്ടികോൺഗ്രസിൽ നടത്തിയ പ്രസംഗത്തിലും സോവിയറ്റ് യൂണിയൻ തകർന്ന്​ കാൽനൂറ്റാണ്ടിനുശേഷം 2016ൽ, എഴുതിയ പുസ്തകത്തിലുമെല്ലാം അദ്ദേഹം പറയുന്നത് മറിച്ചാണ്. സോവിയറ്റ് യൂണിയനെ ഇല്ലാതാക്കാനോ സോഷ്യലിസം ഇല്ലാതാക്കാനോ അല്ല അദ്ദേഹം ശ്രമിച്ചത്​, മറിച്ച്, ലോകത്തെ നാശത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ശീതയുദ്ധത്തിന്റെ സന്തതിയായ ആയുധപ്പന്തയം അവസാനിപ്പിച്ച് മാനവരാശിക്ക് നന്മയുണ്ടാക്കാൻ കഴിയുന്ന തരത്തിലേക്ക് ഈ സമ്പത്തിനെ തിരിച്ചുവിടുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഒപ്പം, ഇരുട്ടമുറിയിലകപ്പെട്ട ഒരു ജനതയെ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ലഭിക്കുന്ന ഒരു സമൂഹമായി മാറ്റണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഈ രണ്ടുതരത്തിലും സോവിയറ്റ് യൂണിയനെ പരിവർത്തനം ചെയ്യാൻ ശ്രമിച്ച കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു ഗോർബച്ചേവ്. പക്ഷെ, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്തും പുറത്തുമുള്ള യാഥാസ്ഥിതികവാദികൾ അതിന് അദ്ദേഹത്തെയും അദ്ദേഹം നയിച്ച പാർട്ടിയെയും അതിന്​ അനുവദിച്ചില്ല എന്നതാണ് യാഥാർഥ്യം. അതിന്റെ ഫലമായി മാനവരാശിയുടെ സ്വപ്‌നമായി മാറിയ സോവിയറ്റ് യൂണിയൻ നിലംപതിച്ചു. ഈ കാരണത്താൽ, സോവിയറ്റ് യൂണിയനെ തകർത്ത വില്ലനായി ആരെങ്കിലും ഗോർബച്ചേവിനെ കാണുന്നുണ്ടെങ്കിൽ, അവരെ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല.

താൻ സെക്രട്ടറിയായ സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അവസാന പാർട്ടികോൺഗ്രസിൽ ഗോർബച്ചേവ് അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നത്, താൻ മുന്നോട്ടുവച്ച പെരിസ്​ട്രോയ്​ക്ക അഥവാ പുനഃസംഘാടനം എന്നത് സോവിയറ്റ് യൂണിയനുവേണ്ടി മാത്രമല്ല, ലോകത്തിനാകെ വേണ്ടിയാണ് എന്നാണ്. സോവിയറ്റ് യൂണിയന്റെ യുദ്ധപരിശ്രമങ്ങൾ നിർത്തണം എന്നല്ല അദ്ദേഹം ഉദ്ദേശിച്ചത്. ആയുധപ്പന്തയം കാലഹരണപ്പെട്ടിരിക്കുന്നു എന്ന് 20ാം നൂറ്റാണ്ടിന്റെ അവസാനകാലഘട്ടത്തിൽ തന്നെ പറഞ്ഞ വലിയ വ്യക്തിത്വമാണദ്ദേഹം.

നികിത ക്രൂഷ്ചേവ്

പുട്ടിന്റെ പഴഞ്ചൻ റഷ്യ

സോവിയറ്റ് യൂണിയന്റെ പതനം കഴിഞ്ഞ്​ 31 വർഷം പിന്നിടുന്ന ഈ സമയത്ത് അദ്ദേഹത്തെ വിലയിരുത്തുമ്പോൾ, ‘അദ്ദേഹം ഉദ്ദേശിച്ചത് നടന്നുവോ’ എന്നതിന് ‘ഇല്ല’ എന്ന ഒറ്റവാക്കിൽ മറുപടി പറയാൻ സാധിക്കും. സോവിയറ്റ് യൂണിയൻ ഇല്ലാതായി 25 വർഷം കഴിഞ്ഞ് അദ്ദേഹം എഴുതിയ ‘ദി ന്യൂ റഷ്യ’ എന്ന പുസ്തകത്തിൽ ഗോർബച്ചേവ് തന്നെ പറയുന്നുണ്ട്, യാഥാസ്ഥിതികവാദം കൊണ്ട് ഒരു പുതിയ സോവിയറ്റ്​ യൂണിയൻ കെട്ടിപ്പടുക്കാൻ സാധ്യമല്ല എന്ന്. മാത്രമല്ല, ഇന്നത്തെ പുട്ടിന്റെ റഷ്യ പഴഞ്ചൻ ആശയങ്ങളുടെ ചുമട്ടുകാരാണെന്നും ഇവാൻ ഇല്ലിനെപ്പോലെ, കോൺസ്​റ്റാൻറിൻ ലിയോൺടീവിനെപ്പോലുള്ള പരമ്പരാഗത റഷ്യൻ നേതാക്കന്മാരെ ഉയർത്തിപ്പിടിച്ച് 21ാം നൂറ്റാണ്ടിൽ പുട്ടിന് മുന്നോട്ടുപോകാൻ കഴിയില്ല എന്നും 2016ൽ ഗോർബച്ചേവ് എഴുതിയത് ഇന്ന് അക്ഷരാർഥത്തിൽ ശരിയായിരിക്കുകയാണ്.

ലോകത്തെവിടെയും യുദ്ധം ആവശ്യമില്ല, ആയുധമത്സരം ആവശ്യമില്ല എന്നു പറഞ്ഞ ഗോർബച്ചേവിന്റെ സോവിയറ്റ് യൂണിയൻ പല കഷണങ്ങളായി പിരിഞ്ഞുവെന്നുമാത്രമല്ല, ആ രാജ്യത്തുണ്ടായിരുന്ന രണ്ട്​ റിപ്പബ്ലിക്കുകളായ റഷ്യയും യുക്രെയ്​നും തമ്മിലുള്ള യുദ്ധമാണ്​ ഇന്ന്​ ലോകത്തെ തുറിച്ചുനോക്കുന്നത്. ലോകത്ത് യുദ്ധം അവസാനിപ്പിക്കാൻ ശ്രമിച്ച സോവിയറ്റ് യൂണിയന്റെ പ്രസിഡൻറ്​ മരിക്കുമ്പോൾ സോവിയറ്റ് യൂണിയന്റെ അകത്തുള്ള റിപ്പബ്ലിക്കുകൾ തന്നെ ലോകത്തെ പിടിച്ചുകുലുക്കുന്ന യുദ്ധം ചെയ്യുന്ന സ്ഥിതി. ആ അർഥത്തിൽ അദ്ദേഹത്തിന്റെ പരീക്ഷണമായ പെരിസ്​ട്രോയ്​ക്ക പരാജയമായിരുന്നുവെന്ന് വേണമെങ്കിൽ വിലയിരുത്താം. പക്ഷെ, ഈ ആശയത്തിലൂടെയല്ലാതെ ലോകത്തിന് മുന്നോട്ടുപോകാൻ സാധ്യമല്ല എന്ന് ഗോർബച്ചേവ് നിശ്ശബ്​ദം നമ്മെ ഓർമിപ്പിക്കുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനവും അതിന്റെ പുതിയ നിർവചനം കണ്ടുപിടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.

ജോസഫ് സ്റ്റാലിൻ

20ാം പാർട്ടി കോൺഗ്രസിൽ ക്രൂഷ്‌ചേവ് നടത്തിയ വെളിപ്പെടുത്തൽ ലോകത്തെമ്പാടുമുള്ള കമ്യൂണിസ്റ്റുകാരെ ഞെട്ടിച്ചു. സെൻട്രൽ കമ്മിറ്റിയിലെ നല്ലൊരു പങ്ക് കമ്യൂണിസ്റ്റ് നോതക്കളെയും പിന്തിരിപ്പൻ മുദ്ര കുത്തി സ്റ്റാലിൻ കൊലപ്പെടുത്തിയിരുന്നു. റഷ്യൻ വിപ്ലവത്തിൽ സ്റ്റാലിനേക്കാൾ പങ്കുവഹിച്ച ട്രോട്‌സ്‌കിയെ ആയിരക്കണക്കിന് കിലോമീറ്റർ അകലെ അക്രമിയെ വിട്ട് അദ്ദേഹം കൊലപ്പെടുത്തി. ലെനിന്റെ സഹപ്രവർത്തകരായിരുന്ന പോളിറ്റ്ബ്യൂറോ മെമ്പർമാരെ കൊന്നു. അവരുടെ നിലവിളി നാം കേട്ടത് സ്റ്റാലിൻ മരിച്ചശേഷമാണന്നുമാത്രം. പക്ഷെ, ക്രൂഷ്‌ചേവിനുശേഷമുള്ള റഷ്യയും അടഞ്ഞുതന്നെ കിടന്നു. ‘ഡീ- സ്റ്റാലിനൈസേഷൻ’ കൊണ്ട് എല്ലാം നടക്കുമെന്നാണ് പിന്നീട്​ അവർ കരുതിയത് എങ്കിൽ അതും തെറ്റാണ് എന്ന് ഗോർബച്ചേവ് പറഞ്ഞു. ഉപേക്ഷിക്കേണ്ടത് സ്റ്റാലിനെ മാത്രമല്ല, സ്റ്റാലിനിസത്തെയാണ്. സ്റ്റാലിന്റെ ഓർമകളോടുപോലും സ്റ്റാലിനിസ്റ്റ് രീതിയിൽ പെരുമാറിയിട്ട് കാര്യവുമില്ല. അതുകൊണ്ട്​ സ്റ്റാലിനിസത്തിൽ അകപ്പെട്ടുപോയ സോവിയറ്റ് യൂണിയൻ, അതിനുശേഷവും വീർപ്പുമുട്ടുകയായിരുന്നു. അത് ഒഴിവാക്കാനാണ് ഗോർബച്ചേവ് ഗ്ലാസ്‌നോസ്ത് എന്ന തുറന്നുപറച്ചിൽ ആരംഭിച്ചത്. പക്ഷെ, ഗ്ലാസ്‌നോസ്തും പെരിസ്​ട്രോയ്​ക്കയും ഒരുമിച്ച് വേണമായിരുന്നുവോ അതോ ആദ്യം ഗ്ലാസ്‌നോസ്റ്റും പിന്നെ പെരിസ്​ട്രോയ്​ക്കയും അല്ലെകിൽ ആദ്യം പെരിസ്​ട്രോയ്​ക്കയും പിന്നെ ഗ്ലാസ്‌നോസ്തും മതിയായിരുന്നില്ലേ എന്നുമുള്ള ചോദ്യങ്ങൾ ഇനിയുമെ​ത്രയോ വർഷങ്ങൾ ലോകരാഷ്ട്രീയത്തിൽ മുഴങ്ങിക്കേൾക്കും. അതിന്റെ കാലഗണന തെറ്റിയിരിക്കാം, പാളിച്ച പറ്റിയിരിക്കാം, പക്ഷെ, ഗ്ലാസ്‌നോസ്ത് എന്ന തറുന്നുപറച്ചിലും പെരിസ്​ട്രോയ്​ക്ക എന്ന പുനഃസംഘാടനവും എന്ന പുതിയ തരം സാമൂഹിക- രാഷ്ട്രീയ സംവിധാനവുമില്ലാതെ സോവിയറ്റ് യൂണിയനു മാത്രമല്ല, കമ്യൂണിസ്​റ്റ്​ പ്രസ്​ ഥാനത്തിനും ഒരു രാജ്യത്തും മുന്നോട്ടുപോകാനാകില്ല എന്ന് വായിച്ചെടുക്കാവുന്നതാണ്.

ഇന്ത്യൻ കമ്യൂണിസ്​റ്റ്​ പാർട്ടികളും ഗോർബച്ചേവും

ഇന്ത്യയിലെ മുഖ്യധാരാ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഗോർബച്ചേവിനെ ഒരു വലിയ വില്ലനായി തന്നെ കണ്ടു. ഗോർബച്ചേവ് സോവിയറ്റ് യൂണിയൻ തകർത്തിട്ടും ബംഗാളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം തകർന്നില്ല എന്ന് 1991 തെരഞ്ഞെടുപ്പിനുശേഷം ജ്യോതിബസുവും സി.പി.എമ്മും പറഞ്ഞു. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ ബംഗാളിലുണ്ടായ തുടർച്ചയായ വിജയം ഗോർബച്ചേവിയൻ മാതൃകയുടെ തിരസ്‌കാരമായി ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം വിലയിരുത്തി. എന്നാൽ, ഇന്ന് പെരിസ്​ട്രോയ്​ക്കയോ ഗ്ലാസ്‌നോസ്‌തോ ഇല്ലാതെ തന്നെ ഒരുപക്ഷെ, അടുത്തൊന്നും തിരിച്ചുവരാനാകാത്തവിധം ബംഗാളിലെ സി.പി.ഐ- എം എന്ന പാർട്ടി തകർന്നിരിക്കുന്നു, അവർ അധികാരത്തിൽനിന്ന് പോയി എന്നതല്ല പ്രധാനപ്പെട്ട വിഷയം.

ജ്യോതി ബസു

കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് നേതൃത്വം കൊടുക്കുന്ന സി.പി.ഐയും സി.പി.ഐ- എമ്മും ‘എന്തുകൊണ്ട് സോവിയറ്റ്​ യൂണിയൻ തകർന്നു’ എന്ന ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം എഴുതാനാഗ്രഹിക്കുന്നവരാണ്. ആ ഉത്തരം ‘ഗോർബച്ചേവ്’ എന്നാണ്. പക്ഷെ, ആ ഒറ്റവാക്കുത്തരംകൊണ്ട്​ തീരുന്നതല്ല തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള സങ്കീർണ പ്രയാണം എന്ന് അവരിനിയും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കട്ടെ.

പ്രസ്​ഥാനത്തെ ഉപേക്ഷിച്ച ഗോർബച്ചേവ്​

സി.എം.പിക്ക്​ അദ്ദേഹവുമായി നല്ല ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഫൗണ്ടേഷനുമായി പാർട്ടി ബന്ധപ്പെട്ടിരുന്നു. 2003 മാർച്ചിൽ ഈ ലേഖകൻ മോസ്​കോ സന്ദർശിച്ചപ്പോൾ ഗോർബച്ചേവിന്റെ പ്രതിനിധികളുമായി സംസാരിച്ചു. അന്ന്​ അദ്ദേഹം മോസ്​കോയിലുണ്ടായിരുന്നില്ല. ബോറിസ് ലാവിൻ എന്ന അടുത്ത അനുയായിയെ സി.എം.പിയുടെ ആറാം പാർട്ടി കോൺഗ്രസിലേക്ക്​ ഗോർബച്ചേവ്​ അയച്ചു. അദ്ദേഹത്തിന് ഇവിടെനിന്ന് എം.വി. രാഘവൻ ഒരു നടരാജവിഗ്രഹമാണ് തിരിച്ച് സമ്മാനിച്ചത്. ​ഗോർബച്ചേവ്​എഴുതിയ ‘ദ റോഡ് വി ട്രാവൽഡ്, ദ ചാലഞ്ചസ് വി ഫേസ്ഡ്’ എന്ന പുസ്തകത്തിൽ, എം.വി.ആറിന് ആശംസ അർപ്പിച്ച് ഒരു കുറിപ്പെഴുതി സി.എം.പിയുമായുള്ള ബന്ധഛം ഗോർബച്ചേവ് നിലനിർത്തുകയുണ്ടായി. തുടർന്നും കമ്യൂണിസ്റ്റ് പാർട്ടികളെന്ന നിലയ്ക്ക് ആ ബന്ധം തുടരാനായില്ല. കാരണം, ഗോർബച്ചേവ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തന്നെ ഉപേക്ഷിച്ചിരുന്നു.

ഗോർബച്ചേവിനെ സി.എം.പി അനിവാര്യനായ ചരിത്രപുരുഷനായി വിലയിരുത്തുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻ ജനറൽ സെക്രട്ടറി എന്ന നിലയിലോ ഒരു നവചിന്താ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവ് എന്ന നിലയിലോ അദ്ദേഹം പുനരവതരിച്ചിരുന്നു എങ്കിൽ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും പുരോഗമന ചിന്താഗതിക്കാർക്കും കൂടുതൽ സംഭാവന നൽകാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു എന്ന് സി.എം.പി കരുതുന്നു. അതിനുപകരം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പാടേ ഉപേക്ഷിച്ചതോടെ അദ്ദേഹത്തിന്റെ ഇടപെടൽശക്തി വലിയതോതിൽ കുറഞ്ഞുപോയതായി സി.എം.പി വിലയിരുത്തി.

അദ്ദേഹം ഉയർത്തിയ നവചിന്ത വലുതാണ്. കാറ്റും വെളിച്ചവും കയറാത്ത ഇരുട്ടുമുറികളിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം വളർന്നുവലുതാവുകയില്ല എന്നുറപ്പാണ്. അത് എങ്ങനെയാണ് വളർന്നുവലുതാകേണ്ടത് എന്ന്, അതിന്റെ അപ്പരാറ്റസ് എങ്ങനെയാണ് മഹനീയമായ അതിന്റെ പ്രത്യയശാസ്ത്രത്തിന്റെ യഥാർഥ വാഹകരായി മാറേണ്ടത് എന്നതിനെ സംബന്ധിച്ച ചർച്ചകൾ നടക്കേണ്ടതുണ്ട്. അത് ഉരുത്തിരിഞ്ഞുവരേണ്ട ഒരു വിഷയമാണ്.

Comments