മുസ്‌ലിം സമുദായത്തിൽ എന്താണ് നടക്കുന്നത്?

''ഇ.എം.എസ്. സ്വതസിദ്ധമായ പുഞ്ചിരിയോടെ സ്വീകരിച്ചു. എന്നോട് ഇ.എം.എസ്. ഒരു കാര്യം ചോദിച്ചു, ""മുസ്‌ലിം ലീഗിന് എത്ര വോട്ട് കിട്ടി?'' എനിക്ക് ഇതിലൊന്നും ഒരു വിവരവുമില്ലല്ലൊ. യു.ഡി.എഫിന് കിട്ടിയ വോട്ട് ഞാൻ പറഞ്ഞു, ""മുപ്പതിനായിരം.'' ഇ.എം.എസിന്റെ ചോദ്യം മനസ്സിലാക്കിയ ബേബി ജോൺ തിരുത്തി, ""പതിനായിരം.'' പിന്നീട് നമ്മൾ കാണുന്നത് പത്രത്തിലൂടെ അതിനുള്ള ഇ.എം.എസിന്റെ വിശദീകരണമാണ്. ഇ.എം.എസിന് ബേബി ജോണിന്റെ മറുപടിയിൽനിന്ന് ഒരു കാര്യം വ്യക്തമായി, നല്ലൊരു ശതമാനം മുസ്‌ലിം ജനവിഭാഗം മുസ്‌ലിം ലീഗിൽ നിന്നു പോയി. അതേസമയം, സി.പി.ഐ.എമ്മിൽ എത്തിയില്ല. പകരം മദനിയുടെ പി.ഡി.പി.യിലേക്കു പോയി.''

ത്യപ്രതിജ്ഞയ്ക്ക് ഞാൻ തിരുവനന്തപുരത്തേക്ക് തിരിച്ചു. ഗുരുവായൂരിലെ വിജയം ഇടതുപക്ഷത്തിന് അപ്രതീക്ഷിതമായിരുന്നു. ഗുരുവായൂർ - ചാവക്കാട് പ്രദേശത്ത് സി.പി.ഐ.എമ്മിന് വിജയത്തിന്റെ ഒരു പുതിയ മുഖം കൈവന്നു. 1977- ലെ മണ്ഡലം പുനർവിഭജനത്തിനുശേഷം ഗുരുവായൂരിൽനിന്ന് ഇടതുപക്ഷക്കാരൻ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ഈ വിജയം പാർട്ടിക്ക് വലിയ ആത്മവിശ്വാസമാണ് ഉളവാക്കിയത്.

ഇക്കാലത്ത് നിരവധി ചെറുപ്പക്കാർ ഇവിടെ പാർടിയുടെ നേതൃസ്ഥാനത്തേക്ക് വന്നു. അതും വ്യത്യസ്ത സാമൂഹ്യ വിഭാഗങ്ങളിൽപ്പെട്ടവർ. കെ.വി. അബ്ദുൽ ഖാദർ, കെ. മണി, എം. കൃഷ്ണദാസ്, എൻ.കെ. അക്ബർ, സി. സുമേഷ്, സുരേന്ദ്രൻ, എം. ആർ. രാധാകൃഷ്ണൻ, ടി. ടി. ശിവദാസൻ, പിന്നീട് കൊല്ലപ്പെട്ട വത്സലൻ - അങ്ങനെയൊരു വലിയ നിര ഈ തെരഞ്ഞെടുപ്പോടുകൂടി ഗുരുവായൂരിൽ ഉയർന്നുവന്നു. ഇവരെയെല്ലാം വളർത്തിക്കൊണ്ടുവന്നത് ബേബിജോൺ മാഷായിരുന്നു. സമാന്തരമായി അനുഭാവികളുടെ നിരയും ഉണ്ടായിരുന്നു. ടി.സി. കോയയും സി.കെ. വേണുവും പി.സി. ഷാഹുവും ആർ.വി. ഷെരീഫും എല്ലാം ആ നിരയിൽപ്പെട്ടവരാണ്. വൈവിധ്യമാർന്ന സ്വഭാവങ്ങളോടുകൂടിയ ഒരു പാർട്ടിയാണ് ഗുരുവായൂരിൽ ബേബി ജോൺ കെട്ടിപ്പടുത്തത്.

തിരുവനന്തപുരത്തെത്തിയപ്പോൾ ഞാനാദ്യം പോയത് ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ കാണാനായിരുന്നു. അദ്ദേഹത്തിന്റെ മക്കൾ ഇ.എം. ശ്രീധരനും രാധയും രാധയുടെ ഭർത്താവ് സി.കെ. ഗുപ്തനുമായെല്ലാം ഞാൻ നേരത്തേ സൗഹൃദത്തിലാണ്. ഇ.എം.എസ്. സ്വതസിദ്ധമായ പുഞ്ചിരിയോടെ സ്വീകരിച്ചു. എന്നോട് ഇ.എം.എസ്. ഒരു കാര്യം ചോദിച്ചു, ""മുസ്‌ലിം ലീഗിന് എത്ര വോട്ട് കിട്ടി?'' എനിക്ക് ഇതിലൊന്നും ഒരു വിവരവുമില്ലല്ലൊ. യു.ഡി.എഫിന് കിട്ടിയ വോട്ട് ഞാൻ പറഞ്ഞു, ""മുപ്പതിനായിരം.'' ഇ.എം.എസിന്റെ ചോദ്യം മനസ്സിലാക്കിയ ബേബി ജോൺ തിരുത്തി, ""പതിനായിരം.'' പിന്നീട് നമ്മൾ കാണുന്നത് പത്രത്തിലൂടെ അതിനുള്ള ഇ.എം.എസിന്റെ വിശദീകരണമാണ്. ഇ.എം.എസിന് ബേബി ജോണിന്റെ മറുപടിയിൽനിന്ന് ഒരു കാര്യം വ്യക്തമായി, നല്ലൊരു ശതമാനം മുസ്‌ലിം ജനവിഭാഗം മുസ്‌ലിം ലീഗിൽ നിന്നു പോയി. അതേസമയം, സി.പി.ഐ.എമ്മിൽ എത്തിയില്ല. പകരം മദനിയുടെ പി.ഡി.പി.യിലേക്കു പോയി. ഈ ഒരു രാഷ്ട്രീയ യാഥാർഥ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം മതമൗലികവാദത്തെക്കുറിച്ചുള്ള ഇ.എം.എസിന്റെ പ്രസിദ്ധമായ ആ ലേഖനം ഉരുത്തിരിഞ്ഞതെന്ന് ഞാൻ ദൃഢമായി വിശ്വസിക്കുന്നു. ഇത്തരത്തിലുള്ള കാര്യങ്ങൾ കാണാനുള്ള അപൂർവമായ രാഷ്ട്രീയവൈഭവം അദ്ദേഹത്തിൽ മാത്രമേ കണ്ടിട്ടുള്ളൂ. ഒരൊറ്റ ചോദ്യത്തോടുള്ള പ്രതികരണത്തിൽനിന്ന് നിരവധി പ്രശ്‌നങ്ങൾ അദ്ദേഹം അനുമാനിക്കുകയും അതിനെക്കുറിച്ച്, വിവാദമായ ആ ലേഖനം എഴുതുകയും ചെയ്തു.

സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യംവഹിക്കാൻ മുഖ്യമന്ത്രി കെ.കരുണാകരൻ, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, പിണറായി വിജയൻ ഇവരൊക്കെ എത്തിയിരുന്നു. പി.പി. തങ്കച്ചനായിരുന്നു സ്പീക്കർ. ആരോ ചോദിച്ചു, ""ദൃഢപ്രതിജ്ഞയല്ലേ?'' അതിനു പിണറായിയുടെ മറുപടി, ""പിന്നേ, സംശയമെന്താ?'' ഞാൻ ഒന്നും മിണ്ടിയില്ല. ചില പത്രക്കാർ അത് കേട്ടിരുന്നു. ഞാൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. ഞാൻ ചെയ്തത് ശരിയായ ഒരു ബോധ്യത്തിലാണ്. ഞാൻ ജയിച്ചുവന്നതിന് വിശ്വാസികളുടെ ഒരു പിൻബലം കൂടിയുണ്ടെന്ന് ഞാൻ വിശ്വസിച്ചു. എന്നെപ്പോലൊരാൾ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുകയാണ് ആ സന്ദർഭത്തിൽ ഉചിതമെന്ന് ഞാൻ സ്വയം തീരുമാനിച്ചു. പത്രങ്ങളൊക്കെ അത് വലിയ വാർത്തയാക്കിയെങ്കിലും പാർട്ടി അതൊന്നും ഗൗനിച്ചില്ല. അവർക്കൊന്നും ഒരു പ്രശ്‌നവും ഉണ്ടായില്ല. ഇതുകൊണ്ടാണ് എനിക്ക് സി.പി.ഐ.എമ്മിനോടിത്ര സ്‌നേഹം. അത് പല അർഥത്തിലും വിശാലമാണ്.

ഇൻസൈറ്റ് പബ്ലിക പ്രസിദ്ധീകരിക്കുന്ന പി.ടി. കുഞ്ഞുമുഹമ്മദിന്റെ ആത്മകഥയുടെ കവർ

എന്നോടൊക്കെ സി.പി.ഐ.എം. കാണിച്ച ഒരു സ്‌നേഹമുണ്ട്. അതിന്റെ നേതാക്കൾ കാണിക്കുന്ന ഒരു ആദരവുണ്ട്. ഞാനൊന്നും മരിച്ചാലും ഈ പാർട്ടി വിട്ടുപോകില്ല. കാരണമെന്തെന്നാൽ, അത്രയും സ്‌നേഹം നമുക്കിനി വേറെ കിട്ടാനില്ല. അത്തരത്തിലൊരു ലോകത്തിലേക്ക് അവർ എന്നെ കൊണ്ടുപോയിട്ടുണ്ട്. എന്റേതായ ആശയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പലതും ഞാൻ നടത്തിയിട്ടുണ്ട്. വിവാദപരമായ പല ഇന്റർവ്യൂകൾ ഉണ്ടായിട്ടുണ്ട്. അപ്പോഴൊന്നും എന്തിനാണ് അങ്ങനെ പ്രസംഗിച്ചത്, എന്തിനാണ് അങ്ങനെ അഭിമുഖം നൽകിയത് എന്നൊന്നും അവർ എന്നോട് ചോദിച്ചിട്ടില്ല. അത് അവരുടെ ഒരു മഹത്വമായിട്ടാണ് ഞാൻ കാണുന്നത്. ഞാൻ ധിക്കരിച്ച സംഭവമുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി എന്റെ കുടുംബം പോലെയാണ്. സ്‌നേഹവും ആദരവും എന്നിൽ അവർ വേണ്ടുവോളം ചൊരിഞ്ഞു.
സത്യപ്രതിജ്ഞ കഴിഞ്ഞ് ഞാൻ വീണ്ടും ഗുരുവായൂരിലെത്തി. ബേബി ജോണിനെ ചെന്നു കണ്ടു. ""മാഷേ, നമ്മൾക്ക് എന്തൊക്കെയാണ് ചെയ്യാനുള്ളത്?'' അദ്ദേഹവുമായി ഗുരുവായൂരിന്റെ പ്രശ്‌നങ്ങൾ ചർച്ചചെയ്തു.

ഗുരുവായൂർ - ചാവക്കാട് പ്രദേശത്തെ ഏറ്റവും വലിയ പ്രശ്‌നം കുടിവെള്ളത്തിന്റേതാണ്. കടലിനോടും പുഴകളോടും തോടുകളോടും കൂടിയ ഈ പ്രദേശത്ത് ബഹുഭൂരിഭാഗത്തും പുളിവെള്ളമാണ്. അതിനൊരു പരിഹാരമുണ്ടാക്കാനാണ് പ്രഥമ പരിഗണന കൊടുക്കേണ്ടതെന്ന് ബേബി ജോൺ പറഞ്ഞു. അതിന് ചേറ്റുവാപ്പുഴയിൽ ബ്രിട്ടീഷുകാരുടെ കാലത്ത് പണിയിച്ച ലോക്ക് പുതുക്കിപ്പണിയണം. രണ്ടാമത്, ഗുരുവായൂർ - ചാവക്കാടിന് ഒരു കളിസ്ഥലം വേണം. അതുപോലെത്തന്നെ, ഗുരുവായൂർ അഴുക്കുചാൽ പദ്ധതി നടപ്പാക്കണം. പിന്നെ മറ്റു കാര്യങ്ങളിലൊക്കെ ഇടപെടുകയും കാര്യങ്ങൾ പഠിക്കുകയും വേണം. കുടിവെള്ളമാണ് ഗുരുവായൂർ മണ്ഡലത്തിലെ പ്രധാനപ്രശ്‌നമെന്നത് എനിക്കൊരു പുതിയ അറിവായിരുന്നു. നമ്മുടെ നാട്ടിലെ ഗ്രാമങ്ങളൊക്കെ എങ്ങനെ കഴിയുന്നുവെന്ന് പലപ്പോഴും നാം നോക്കാറില്ല.

ഇ.എം.എസ്.

1996-ലെ നായനാർ സർക്കാരിന്റെ കാലത്ത് തിരുവനന്തപുരത്ത് രണ്ടുദിവസം വെള്ളമില്ലാതെ വന്നു. ഭയങ്കര ബഹളമായിരുന്നു. നടൻ ഭരത് ഗോപി എന്നെ വിളിച്ച് പറഞ്ഞു, ""തിരുവനന്തപുരത്ത് രണ്ടുദിവസം പൂർണമായി വെള്ളമില്ലാതായെന്നത് കുഞ്ഞിമുഹമ്മദിനറിയുമോ? നിങ്ങളെപ്പോലുള്ള ആളുകൾ (ഞാനും കടമ്മനിട്ടയും അന്ന് നിയമസഭാംഗങ്ങളാണ്) എം.എൽ.എ. പദവിയിൽ ഇരിക്കുമ്പോൾ നടക്കാൻ പാടില്ലാത്തതാണിത്.''
ഞാൻ ഉടനെ ഗോപിയോടു പറഞ്ഞു, ""നിങ്ങൾ പറയുന്നത് രണ്ടു ദിവസത്തെ കഥയാണ്. ആജീവനാന്തം കുടിവെള്ളം കിട്ടാത്ത ഒരു മണ്ഡലത്തിൽനിന്നു വരുന്ന ആളാണ് ഞാൻ. അവിടത്തെ ജനങ്ങൾ ജീവിതത്തിൽ നല്ല വെള്ളം കുടിച്ചിട്ടില്ല. അവരെക്കുറിച്ചൊന്നും നമുക്ക് ഒരു പരിഭവവുമില്ല. പത്രമാസികകൾ എഴുതാനുമില്ല. രണ്ടുദിവസം നിങ്ങൾക്ക് വെള്ളമില്ലാതായപ്പോൾ നിങ്ങൾ വലിയ പ്രശ്‌നമുണ്ടാക്കി.''
ഗോപി പറഞ്ഞു, ""അത് തെറ്റായ സമീപനമാണ്, പി.ടി.''
ഞാൻ പറഞ്ഞു, ""ഒരിക്കലുമല്ല. ഇവിടെ തിരുവനന്തപുരത്തുള്ള മനുഷ്യർക്ക് വെള്ളം കിട്ടണം. അതിൽ തർക്കമില്ല. പക്ഷേ, നിങ്ങളാരും അവർക്കുവേണ്ടി സംസാരിക്കുന്നില്ല എന്നതാണ് പ്രശ്‌നം.''

ഗുരുവായൂർ മണ്ഡലത്തെ കുടിക്കാൻ പറ്റുന്ന വെള്ളം കിട്ടുന്ന അവസ്ഥയിലേക്കു മാറ്റുക എന്നതായിരുന്നു എന്റെ മുന്നിലെ പ്രശ്‌നം. അതിനുതകുന്ന, എന്നെക്കൊണ്ട് പറ്റാവുന്ന ശ്രമങ്ങളൊക്കെ ഞാൻ ചെയ്തിട്ടുണ്ട്. അതിനിടയിൽ എം.എൽ.എ. എന്ന നിലയ്ക്ക് ആദ്യമേ മനസ്സിലായ ചില കാര്യങ്ങളുണ്ട്. ഞാൻ ഈ പണിക്ക് ആദ്യമായി വരുന്ന ഒരാളാണ്. ഉദ്യോഗസ്ഥന്മാരുടെയും മറ്റു പലരുടെയും ഒരു വിചാരം അഡ്മിനിസ്‌ട്രേഷനെക്കുറിച്ചും നിയമങ്ങളെക്കുറിച്ചുമൊന്നും ഒരു വിവരവും ഇല്ലാത്ത ഒരാളാണ് ഞാനെന്നാണ്. അതനുസരിച്ചൊരു സമീപനമാണ് അവരൊക്കെ സ്വീകരിച്ചത്. അതുപോലെ പൊലീസുകാർ. ഞാൻ പൊലീസ് സ്റ്റേഷനിൽ പൊതുവെ ഇടപെടുന്ന ഒരാളല്ല. എനിക്കതത്ര ഇഷ്ടമുള്ള കാര്യമല്ല. ആവശ്യം വരുമ്പോൾ വിളിക്കാറൊക്കെയുണ്ട്. ഞാൻ ആരെയും "സാർ' എന്നു വിളിക്കാറില്ല. എന്തുകൊണ്ടെന്നു ഞാൻ മുമ്പു പറഞ്ഞിട്ടുണ്ട്. എനിക്കു പറയാനുള്ളത് ആരുടെ മുന്നിലും പറയാനെനിക്കു മടിയുമില്ല. അത് കാര്യങ്ങൾ നേടിത്തരാറുമുണ്ട്.

ഗുരുവായൂർ-ചാവക്കാട് പ്രദേശത്തൊരു കളിസ്ഥലത്തിന് നാലേക്കർ സ്ഥലം കിട്ടാൻ ഇടപെട്ട കാര്യമോർക്കുന്നു. പറ്റിയൊരു സ്ഥലം റവന്യൂ വകുപ്പിനു കീഴിലുണ്ട്. മിച്ചഭൂമിയായി വന്നതാണ്. ബേബി ജോണും മറ്റു സി.പി.ഐ.എം. നേതാക്കളും കോൺഗ്രസുകാരും നാട്ടുകാരെല്ലാവരും ആ സ്ഥലം റവന്യു വകുപ്പ് ചാവക്കാട് മുനിസിപ്പാലിറ്റിക്ക് കൈമാറണമെന്നും റവന്യൂ വകുപ്പിനു നാലേക്കർ തത്തുല്യമായ സ്ഥലം മുനിസിപ്പാലിറ്റി നൽകാമെന്നും പറഞ്ഞു.
ഈ പ്രൊപ്പോസലുമായി അന്നത്തെ കലക്ടർ രാജീവ് സദാനന്ദനെ ഞാൻ പോയി കണ്ടു. അദ്ദേഹം പറഞ്ഞു, ""ഓകെ, എം.എൽ.എ. ഞാൻ പോയി രണ്ടുസ്ഥലവും പരിശോധിച്ചിട്ടു പറയാം.'' ഒരാഴ്ച കഴിഞ്ഞ് കലക്ടറേറ്റിൽ ചെന്നപ്പോൾ എന്നോടു പറഞ്ഞു,""ഞാൻ രണ്ടുസ്ഥലവും പോയി നോക്കി, എം.എൽ.എ. അത് രണ്ടും ശരിയാവില്ല. ഒന്ന് ടൗണിലാണ്. നിങ്ങൾ പറഞ്ഞ സ്ഥലം കുറച്ചങ്ങു ചെന്ന് റിമോട്ട് ആയുള്ള ഭാഗത്താണ്. അതുരണ്ടും തുല്യമായ ഭൂമിയല്ല. അതുകൊണ്ട് ഞാൻ കൈമാറാൻ സമ്മതിക്കില്ല.''
ഞാൻ പറഞ്ഞു, ""ഞാൻ നിങ്ങളിൽനിന്ന് വാങ്ങിക്കും. ഒരു സംശയവും വേണ്ട.''
""എന്നാൽ എം.എൽ.എ. നോക്ക്.''
""നോക്കാം'' എന്നു പറഞ്ഞ് പിരിയുകയാണ് അന്നു ചെയ്തത്. പിന്നീട് അതിനുവേണ്ടി ഞാൻ നടത്തിയ പരിശ്രമങ്ങളുടെ കഥ 1996-ലേക്കു വരുമ്പോൾ പറയുന്നുണ്ട്.

എം.എൽ.എ. ഹോസ്റ്റലിൽ ഞാനാദ്യം റൂം 28 എ യിലായിരുന്നു. എം. ഗോവിന്ദൻ കുറെക്കാലം അവിടെ താമസിച്ചിട്ടുണ്ടത്രെ. ഗോവിന്ദൻ തിരുവനന്തപുരത്തുണ്ടാകുമ്പോൾ ആ റൂമിലാണു തങ്ങുക. അടൂർ ഗോപാലകൃഷ്ണനും മറ്റു പല പ്രമുഖരും വന്നിരുന്ന റൂമാണത്. ചെറിയാൻ ഫിലിപ്പ് അവിടെ താമസിച്ചിട്ടുണ്ടെന്നു തോന്നുന്നു. കുറച്ചുകഴിഞ്ഞ് എനിക്ക് റൂം 33 കിട്ടി. തൊട്ടടുത്ത 32-ലാണ് ഇ.പി. ജയരാജൻ. സി.പി.ഐ.എം. പാർലമെന്ററി പാർട്ടി ഓഫീസും അതേ ഫ്ളോറിൽത്തന്നെയാണ്. അന്നും ഇന്നും. സുകുമാരൻ നായർക്കാണ് അന്ന് പാർലമെന്ററി പാർട്ടി ഓഫീസിന്റെ ചുമതല. ചടയൻ സുരേന്ദ്രൻ, സി.എം. രവീന്ദ്രൻ എന്നിങ്ങനെ അവിടെ കുറച്ചു സഖാക്കളുണ്ടായിരുന്നു.

എന്റെ റൂമിലേക്ക് വന്നവരധികവും താടിയും മുടിയും നീട്ടിയവരായിരുന്നു. വി.കെ. ജോസഫ്, ലെനിൻ രാജേന്ദ്രൻ, ടി.വി. ചന്ദ്രൻ, ഹരികുമാർ, കെ.ആർ. മോഹനൻ, സണ്ണി ജോസഫ്, കള്ളിക്കാട് രാമചന്ദ്രൻ ഇങ്ങനെ ഒരുപാടുപേർ അവിടെ വരുമായിരുന്നു. ""ഇതൊരു മനുഷ്യവാസസ്ഥലമാണെന്ന് എനിക്കു തോന്നുന്നില്ല. മനുഷ്യക്കോലമുള്ള ഒരെണ്ണത്തിനെയും ഇവിടെ കണ്ടിട്ടില്ല.'' എന്നാണ് ലോനപ്പൻ നമ്പാടൻ പറയാറ്. നമ്പാടൻ മാഷും ടി.കെ. ഹംസയുമൊക്കെ അവിടെ വന്നിരിക്കും.

മറ്റു റൂമുകളിൽ പോകാത്ത ഒരാൾ പിണറായി വിജയനായിരുന്നെന്നു തോന്നുന്നു. പക്ഷേ പിണറായി എന്റെ റൂമിൽ വരും. ഇ.പി. ജയരാജന്റെ റൂം 32 ലും വരും. പിണറായി വിജയനുമായുള്ള എന്റെ സൗഹൃദം കാര്യമായി വളരുന്നത് ഈ കാലഘട്ടത്തിലാണ്. എങ്ങനെയാണ് പിണറായി എന്നെ സൗഹൃദവലയത്തിൽപ്പെടുത്തിയതെന്ന് എനിക്കറിയില്ല. അദ്ദേഹവുമായുള്ള സൗഹൃദത്തെക്കുറിച്ച്, അദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ച് കുറെ കാര്യങ്ങൾ ഈ കുറിപ്പുകളിൽ പറഞ്ഞുപോകും. അത് പിണറായി വിജയന്റെ ആളാണ് ഞാനെന്ന് കാണിക്കാനല്ല. നമ്മൾ ചരിത്രത്തിന്റെ ഭാഗമായി ചില കാര്യങ്ങൾ പറഞ്ഞു പോകേണ്ടതുണ്ട്, ചില ആളുകൾ നമ്മൾ ധരിച്ചുവെച്ചതിൽനിന്ന് ഭിന്നമായ സ്വഭാവങ്ങളും അല്ലെങ്കിൽ മൂല്യങ്ങളൂം ഉള്ളവരാണെന്ന് കാണിക്കേണ്ടതുള്ളുതുകൊണ്ടാണത്. അദ്ദേഹത്തിന്റെയടുത്ത് എന്റെ വ്യക്തിപരമായ ഒരു കാര്യനേട്ടത്തിനും വേണ്ടി ഞാൻ പോയിട്ടില്ല.
ഒരുപാട് ആളുകളുമായി ആ കാലത്ത് ഞാൻ ബന്ധപ്പെട്ടിരുന്നു.

ഇടയ്ക്കിടയ്ക്ക് കാണുമ്പോൾ ഇ.എം.എസ്. എന്നോട് ചോദിക്കുന്ന ഒരു ചോദ്യം ഉണ്ടായിരുന്നു. ""What is happening in Muslim community?'' മുസ്‌ലിം കമ്യൂണിറ്റിയെക്കുറിച്ച് എനിക്ക് ഇന്നത്തെപ്പോലെ ഒരു ഗ്രാഹ്യം അന്നുണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് അദ്ദേഹം ഈ ചോദ്യം ചോദിക്കുന്നതെന്ന് എനിക്ക് ആദ്യം മനസ്സിലായിരുന്നില്ല. പക്ഷേ വളരെ വേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു സമുദായം അദ്ദേഹത്തിന്റെ ദൃഷ്ടിയിൽപ്പെട്ടു എന്നുള്ളത് തന്നെയായിരുന്നു അതിന്റെ കാരണം. അദ്ദേഹത്തിന് അതിനെക്കുറിച്ച് വ്യക്തമായൊരു ചിത്രം ലഭിച്ചിരുന്നില്ല എന്നുകൂടി എനിക്കു തോന്നിയിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹം പലപ്പോഴും അത് ഇങ്ങനെ നമ്മളോട് ചോദിക്കുന്നത്. എനിക്ക് അത്ര വിവരമില്ല എന്ന് അറിഞ്ഞിട്ടുപോലും എന്നോട് മൂന്നോ നാലോ പ്രാവശ്യം അദ്ദേഹം കാണുമ്പോഴൊക്കെ ചോദിച്ചിട്ടുണ്ട്, ""വാട്ടീസ് ഹാപ്പനിങ് ഇൻ മുസ്‌ലിം കമ്മ്യൂണിറ്റി'' എന്ന്.

കരുണാകരനാണ് നമ്മളെ അത്ഭുതപ്പെടുത്തിയ ഒരാൾ. കുറച്ചുകാലമേ ഞങ്ങളൊന്നിച്ച് സഭയിൽ ഉണ്ടായിരുന്നുള്ളൂ. ഗുരുവായൂർക്ക് തീവണ്ടി വന്ന കാലം. അദ്ദേഹമാണ് അത് കൊണ്ടുവന്നത്, ഒരു സംശയവുമില്ല. ഒരു ദിവസം രാത്രി 9 മണിക്കുള്ള ട്രെയ്‌നിൽ ഞാൻ ഗുരുവായൂർക്ക് പോവുകയാണ്. ഒരു കംപാർട്‌മെന്റിന്റെ പകുതിയേ ഫസ്റ്റ് ക്ലാസ് ഉള്ളൂ. എം.എൽ.എ. എന്ന നിലയിൽ എനിക്കുമൊരു ഫസ്റ്റ് ക്ലാസ് ടിക്കറ്റ് കിട്ടി. അല്പം കഴിഞ്ഞ് കരുണാകരൻ വന്നുകയറി. പൊലീസുകാരുമൊക്കെയായി ഭയങ്കര ബഹളം.
ശരത്ചന്ദ്രപ്രസാദ് എം.എൽ.എ. ചെന്ന് കരുണാകരനോട് പറഞ്ഞു, ""പി.ടി. കുഞ്ഞിമുഹമ്മദുണ്ട് ഈ ട്രെയിനിൽ. മൂപ്പര് ജീൻസൊക്കെ ഇട്ട് സ്‌റ്റൈലിലാണ് ഇരിക്കുന്നത്.''
""വിളിക്കൂ'', കരുണാകരൻ പറഞ്ഞു. ഞാൻ ചെന്നു. ബഹുമാനത്തോടുകൂടി മുന്നിലിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞു, ""നമ്മൾക്ക് രണ്ടാൾക്കുമാണ് ഈ ട്രെയിൻ ഗുണമാവാൻ പോകുന്നത്.''
അദ്ദേഹത്തിന് എല്ലാ മാസവും ഗുരുവായൂരിൽ വരണം. അതിനുവേണ്ടിയാണ് ഈ ട്രെയിൻ കൊണ്ടുവന്നതുതന്നെ. രണ്ടുമൂന്നു മിനിറ്റ് സംസാരിച്ച് ഞാൻ പോന്നു. സത്യത്തിൽ ഗുരുവായൂർ ട്രെയിൻ അദ്ദേഹത്തിന് കൂടുതൽ പ്രയോജനപ്പെട്ടിട്ടില്ല. എനിക്കാണ് കൂടുതൽ പ്രയോജനപ്പെട്ടിട്ടുള്ളത്. കുറച്ചു കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി സ്ഥാനം അദ്ദേഹം രാജിവെച്ചു.

1996-ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ സമയം. ഞാൻ ഗുരുവായൂരിലൂടെ നടക്കുകയാണ്. എം.എൽ.എ. ആയിട്ടും ഞാൻ അമ്പലനടയിൽ പോകും. അതിലെയൊക്കെ നടക്കും. അത് സ്വഭാവത്തിന്റെ ഭാഗമാണ്. ഒരു ദിവസം അവിടെ ഒരു നമ്പൂതിരി എന്നെ വിളിച്ചു, ""ഹാ, വരിക!''
ഞാൻ ചോദിച്ചു. ""എന്താണാവോ?''
അദ്ദേഹം സ്‌നേഹത്തിൽ പറഞ്ഞു, ""ഒരു കാര്യം പറയാൻ വിളിച്ചതാണ്. ഞാൻ തനിക്ക് ഒരു വോട്ടു ചെയ്തു ഈ പ്രാവശ്യം, ഒന്നു കരുണാകരനും.''
ഞാനും കരുണാകരനും ഒരുമിച്ചാണ് 1996-ൽ മത്സരിച്ചത്. ഞാൻ നിയമസഭയിലേക്കും കരുണാകരൻ വി.വി. രാഘവനെതിരെ ലോകസഭയിലേക്കും. എനിക്കും കരുണാകരനും ഏതാണ്ട് തുല്യമായ വോട്ടും കിട്ടി ഗുരുവായൂരിൽ.
""ഞാൻ സാധാരണ താമരക്കാണ് വോട്ടു ചെയ്യാറ്. താനും കരുണാകരനും എനിക്ക് ഇഷ്ടപ്പെട്ട ആളുകളാണ്.'' നമ്പൂതിരി പറഞ്ഞു.
ഞാൻ പറഞ്ഞു, ""വളരെ സന്തോഷം.''
ജാതിക്കും മതത്തിനും അടിമപ്പെട്ട് ഒരു തീരുമാനവും ഒരു കാലത്തും ഞാൻ എടുത്തിട്ടില്ല. അതുപോലെ, വിവിധ ആവശ്യങ്ങളുമായി എത്തുന്ന എല്ലാ പാർട്ടിക്കാർക്കും എം.എൽ.എ. ആയിരുന്നപ്പോഴും അല്ലാത്തപ്പോഴും സഹായങ്ങൾ ചെയ്തുകൊടുക്കാറുണ്ട്. എത്രയോ കോൺഗ്രസുകാർക്ക് പല കാര്യങ്ങളിലും എന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്തു. ഇതൊന്നും വോട്ടുകിട്ടുമെന്നു വിചാരിച്ചിട്ടല്ല.

1994-ൽ തെരഞ്ഞെടുപ്പിൽ ജയിച്ച അന്ന് തുറന്നിട്ടതാണ് എന്റെ വീടിന്റെ ഗേറ്റ്. ഇതുവരെ ഞാനതടച്ചിട്ടില്ല. അവിടെവന്ന് ആരും കച്ചറയുണ്ടാക്കിയിട്ടില്ല. എം.എൽ.എ. ആയിരിക്കുമ്പോൾ പാർട്ടി എന്നോടൊരു കാര്യം നിർദേശിച്ചത് ആരെങ്കിലും ബെല്ലടിച്ചാൽ ആരാണെന്നു നോക്കിയിട്ടുവേണം വാതിൽ തുറക്കാൻ എന്നുമാത്രമാണ്. ഞാൻ പാർട്ടി മെമ്പറൊന്നുമല്ല. പക്ഷേ, പാർട്ടി നേതാക്കന്മാർ പറയുന്നതുപോലെയാണ് നിന്നിരുന്നത്. അവരൊന്നും തന്നെ, ആളുകളെ സഹായിക്കുന്നത് അങ്ങനെ നോക്കിയിട്ടുവേണം ഇങ്ങനെ നോക്കിയിട്ടുവേണം എന്നൊന്നും പറഞ്ഞിട്ടില്ല. പി.ടി.യുടെ അടുത്തുവരുന്ന ആളുകൾക്ക് എന്തുവേണമെങ്കിലും ചെയ്തുകൊടുത്തോളൂ എന്നായിരുന്നു നിലപാട്. എന്ത് പേപ്പർ വേണമെങ്കിലും ഞാനൊപ്പിട്ടു കൊടുക്കും, അതെന്റെ ഭാഗത്തുനിന്ന് അവർക്ക് കിട്ടേണ്ടതാണെങ്കിൽ. പാർട്ടിയൊന്നും ഞാൻ ചോദിക്കാറില്ല. ഒരു പ്രാവശ്യം ഒരു ബി.ജെ.പി.ക്കാരൻ എന്നോടു പറഞ്ഞു, ""ഞാൻ ബി.ജെ.പി.യാണ്.'' ഞാൻ പറഞ്ഞു, ""നിങ്ങളോട് ഞാനത് ചോദിച്ചോ? നിങ്ങൾക്കെന്താണ് വേണ്ടത്?'' പാസ്‌പോർട്ടിനാണ്, മകനോ മറ്റോ. എന്തോ കടലാസ് ഒപ്പിട്ടു കൊടുക്കാനായിരുന്നു. ഞാൻ പറഞ്ഞു, ""തരൂ, ഒപ്പിട്ടുതരാം.'' എന്തൊരു സ്‌നേഹമാണ് ഇപ്പോഴും ആളുകൾക്ക്. ആ സ്‌നേഹത്തിന് എന്താണ് നമ്മൾ തിരിച്ചുകൊടുത്തത്?

പ്ലസ് ടു കോഴ്‌സ് വന്ന 1996-ൽ ഗുരുവായൂരിൽ ഒരൊറ്റ സ്‌കൂളിനേ കോഴ്‌സിന് വകുപ്പുണ്ടായിരുന്നുള്ളു. പി.ജെ. ജോസഫാണ് അന്ന് വിദ്യാഭ്യാസമന്ത്രി. ഞാൻ റക്കമൻഡ് ചെയ്തത് മമ്മിയൂർ ലിറ്റിൽ ഫ്ളവർ കോൺവന്റ് സ്‌കൂളിനാണ്. ബേബി ജോൺ മാഷെ വിളിച്ചുപറഞ്ഞിരുന്നു, ഞാൻ റക്കമൻഡ് ചെയ്യുന്നത് ഇങ്ങനെയാണെന്ന്. മാഷ് പറഞ്ഞു, ""പി.ടി.യുടെ ഇഷ്ടംപോലെ ചെയ്‌തോളൂ.''
ഞാൻ പറഞ്ഞു, ഇവിടെ എല്ലാ വിഭാഗം പെൺകുട്ടികൾക്കും ആശ്വാസമായ ഒരു സ്ഥാപനമാണ് ലിറ്റിൽ ഫ്‌ളവർ കോൺവെന്റ്. കേരളത്തിൽ ഇത്രയും കമ്മിറ്റഡ് ആയി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ഒരു വിഭാഗവും വേറെ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഒന്നോ രണ്ടോ ഉണ്ടാകുമായിരിക്കാം. പക്ഷേ, അവരുടെ ഒരു കമ്മിറ്റ്‌മെന്റ് ഒന്നു വേറെത്തന്നെയാണ്.

ലിറ്റിൽ ഫ്‌ളവർ കോൺവെന്റിന് പ്ലസ് ടു കോഴ്‌സിന് ഞാൻ ഒപ്പിട്ടുകൊടുത്തത് ചെറിയ ചെറിയ വിമർശനങ്ങൾക്കിടയാക്കി. ഞാൻ അവരുടെ വോട്ട് കിട്ടുമെന്നൊന്നും വിചാരിച്ചിട്ടല്ല അതു ചെയ്തത്. അവർ ഒരിക്കലും എനിക്ക് വോട്ട് ചെയ്യില്ലെന്ന് എനിക്കറിയാം. അതാണന്നത്തെ രാഷ്ട്രീയ കാലാവസ്ഥ. സഭകളൊക്കെ എടുത്തിരുന്ന നിലപാട്. ചിലപ്പോൾ അഡ്മിഷനുവേണ്ടി നമ്മൾ റക്കമൻഡേഷൻ നടത്തും. അവർ ചിലപ്പോൾ തരും, ചിലപ്പോൾ തരില്ല. തന്നില്ലെങ്കിലും നമുക്ക് വിരോധമില്ല.

അവിടെയുള്ള പല സിസ്റ്റർമാരെയും പരിചയപ്പെടാനിടയായിരുന്നു. ലിറ്റിൽ ഫ്‌ളവർ എന്ന പേരിൽത്തന്നെ ഒരു സിസ്റ്റർ ഉണ്ടായിരുന്നു. ജോർജ് മാഷാണ് എന്നെ കൊണ്ടുപോയി പരിചയപ്പെടുത്തിയത്. ലിറ്റിൽ ഫ്‌ളവർ കോളേജിലെ പ്രിൻസിപ്പൽ ആയിരുന്ന അവരാണ് എനിക്ക് ബൈബിൾ തന്നത്. എന്റെ പടത്തിന് ഗർഷോം എന്ന് ഞാൻ പേരിട്ടപ്പോൾ ആ വാക്കിന്റെ അർഥം വിവരിച്ചുതന്നത് സിസ്റ്ററായിരുന്നു. അവരാണ് ക്രിസ്ത്യൻ കമ്യൂണിറ്റിയിൽ കന്യാസ്ത്രീകൾ എങ്ങനെയാണ് ജീവിക്കുന്നതെന്ന് എന്നെ പഠിപ്പിച്ചത്.
അവർ ചോദിച്ചു, ""എം.എൽ.എ.യുടെ അഭിപ്രായമെന്താണ് ഞങ്ങളെപ്പറ്റി?''
ഞാൻ പറഞ്ഞു, ""എന്താണ് അങ്ങനെ ചോദിക്കുന്നത്, സിസ്റ്ററേ?''
""എനിക്കെത്ര രൂപ ശമ്പളമുണ്ടെന്നറിയാമോ?'' യു.ജി.സി. സ്‌കെയിൽ ആണ് അവർക്കുണ്ടായിരുന്നത്. 40,000-50,000 അങ്ങനെ എന്തോ ഒരു വലിയ സംഖ്യ പറഞ്ഞു. ""ഞാനെടുക്കുന്നത് 750 രൂപയാണ്, എം.എൽ.എ. അതിനുതന്നെ ഞാൻ വരിനിൽക്കണം.''
അപ്പോഴാണ് നമ്മളിതിന്റെയൊക്കെ ഒരു യഥാർഥമായ മുഖം കാണുന്നത്. വലിയ അടുപ്പമുണ്ടായിരുന്ന സിസ്റ്ററാണ്. പിന്നീട് കാൻസർ വന്നാണ് മരിച്ചത്. ജോർജ് മാഷ് കോട്ടക്കലിൽനിന്ന് മരുന്നു വാങ്ങി കൊടുക്കുമായിരുന്നു. ഒന്നോ രണ്ടോ പ്രാവശ്യം ഞാനും മാഷെ കൂടെ പോയിട്ടുണ്ട്. പിന്നെ മാഷ് പലതവണ പോയി വാങ്ങിക്കൊടുത്തു. ഒരു കലാകാരനെന്ന നിലയിൽ എനിക്ക് ഏറെ അനുഭവങ്ങൾ തന്നത് രാഷ്ട്രീയ പ്രവർത്തനമാണ്.

(ഇൻസൈറ്റ് പബ്ലിക പ്രസിദ്ധീകരിക്കുന്ന പി.ടി. കുഞ്ഞുമുഹമ്മദ് രചിച്ച എന്റെ കലാപ സ്വപ്‌നങ്ങൾ എന്ന പുസ്തകത്തിലെ അധ്യായം.)

Comments