തൃക്കാക്കരയിലെ LDF ന്റെ തോൽവി എന്തുകൊണ്ട് ഇത്ര കടുത്തതായി ? ടി.എം. ഹർഷൻ എഴുതുന്നു

1) ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവർത്തനമാണ് യു ഡി എഫ് നടത്തിയത്.
ഓരോ ബൂത്തിലും ഓരോ വോട്ടും എണ്ണി കണക്കെടുത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സ്ക്വാഡ് പ്രവർത്തനം മറ്റ് പല മണ്ഡലങ്ങളിലും LDF നടത്തുന്ന തെരഞ്ഞെടുപ്പ് പ്രവർത്തനത്തോട് താരതമ്യം ചെയ്യാവുന്നതായിരുന്നു.
അതിന്റെ ക്രെഡിറ്റ് മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർക്കും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അവകാശപ്പെട്ടതാണ്.

2)LDF നേതാക്കൾ മണ്ഡലത്തിൽ കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയെങ്കിലും പ്രാദേശികമായി സംഘടനാ സംവിധാനം ദുർബലമായതുകൊണ്ട് LDF നേതൃത്വത്തിന്റെ സ്ക്വാഡ് പ്രവർത്തനം പരാജയമായിരുന്നു.പ്രാദേശിക നേതാക്കൾ സംസ്ഥാന നേതൃത്വത്തിന് കൊടുത്ത കണക്കുകൾ പതിവുപോലെ തെറ്റായിരുന്നു.

3) ഇടതു വിരുദ്ധ വോട്ടുകൾ ഏകീകരിക്കപ്പെട്ടു. ലളിതമായി പറഞ്ഞാൽ കഴിഞ്ഞ തവണ ട്വന്റി ട്വന്റി ക്കുകിട്ടിയ വോട്ടുകളും BJP ക്ക് ഇത്തവണ നഷ്ടപ്പെട്ട വോട്ടുകളും കൂട്ടിയാൽ UDF ന് കഴിഞ്ഞ തവണത്തേതിനേക്കാൾ അധികം കിട്ടിയ വോട്ടുകളായി.LDF ന്റെ വോട്ടെണ്ണത്തിലും വളർച്ച തന്നെയാണ് ഉണ്ടായത് എന്ന് ഇടതുമുന്നണിക്ക് ആശ്വസിക്കാം.എങ്കിലും അരാഷ്ട്രീയ വോട്ടുകളെ സ്വാധീനിക്കാൻ ജോ ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തിന് കഴിഞ്ഞില്ല. ട്വന്റി ട്വന്റി വോട്ടുകൾ കേഡർ സ്വഭാവമുള്ളതല്ല എന്നതു കൊണ്ടുതന്നെ ഇങ്ങനെ ഒറ്റ ചതുരത്തിൽ ഒതുക്കാവുന്നതല്ല LDF ന്റെ പരാജയ കാരണങ്ങളും ഉമാ തോമസിന്റെ ഭൂരിപക്ഷവും.

4)മണ്ഡലത്തിലെ വികസന വിഷയങ്ങളോ രാഷ്രീയ വിഷയങ്ങളോ UDF സ്ഥാനാർത്ഥി സംസാരിക്കേണ്ടതില്ല എന്ന കോൺഗ്രസ് തീരുമാനം കൃത്യമായി നടപ്പായി.' താൻ പി ടി തോമസിനോളം മികച്ച ആളല്ല, എങ്കിലും പി ടി തോമസിന്റെ സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ ശ്രമിക്കും ' എന്ന് മാത്രമായിരുന്നു പ്രചാരണ പരിപാടികളിൽ ഉമാ തോമസ് ആവർത്തിച്ച് പറഞ്ഞത്.(മുൻപേ തയ്യാറാക്കി കൊടുത്ത ചോദ്യങ്ങൾക്ക് പോലും മറുപടി നൽകാതെ മാധ്യമ അഭിമുഖങ്ങളെ ഉമ തോമസ് ഒഴിവാക്കി). അഗ്രസീവായി രാഷ്ട്രീയം പറയാനുള്ള ചുമതല മറ്റ് നേതാക്കൾക്കായിരുന്നു , അവരത് പറഞ്ഞു. പ്രകടമായ ഇടതു വിരുദ്ധതയുള്ള മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലായി ഇളകിത്തുടങ്ങിയ അനുഭാവി വോട്ടുകളെ ഉറപ്പിച്ചു നിർത്തുന്നതിൽ ആ തന്ത്രം വിജയിച്ചു. കോൺഗ്രസ് തകരരുത് എന്ന ചിന്ത അവരെ ഒരുമിപ്പിച്ചു.

Photo : Dr. Jo Joseph, Fb Page

5) പോസിറ്റീവ് പൊളിറ്റിക്സ് എന്ന് പേരിൽ വികസന വിഷയങ്ങൾ മാത്രം ഉയർത്തി ആയിരുന്നു ഇടതുമുന്നണിയുടെ പരസ്യവും രഹസ്യവുമായ പ്രചാരണം. രാഷ്ട്രീയ വിഷയങ്ങൾ പരിമിതമായി മാത്രം ഉയർത്തിയുള്ള പ്രചാരണം ഇടത് സംഘടനാ ശരീരത്തിന് പരിചയമുള്ളതായിരുന്നില്ല.
കേന്ദ്ര സർക്കാരിന്റ നയങ്ങൾക്കെതിരായ നിലപാടടക്കം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഉയർന്നില്ല എന്നത് കനത്ത വീഴ്ചയായി. പാർലമന്റിലെ UDF MP മാരുടെ ദുർബല പ്രകടനം അടക്കമുള്ള രാഷ്ട്രീയ വിഷയങ്ങൾ പ്രചാരണ വേദികളിൽ ഉയർന്നതേയില്ല.

6)LDF സ്ഥാനാർത്ഥി Dr ജോ ജോസഫ് സഭ പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥിയാണ് എന്ന പ്രചാരണം തിരിച്ചടിയായി. സുറിയാനി ക്രിസ്ത്യാനികൾക്കിടയിൽ ഭൂരിപക്ഷം വരുന്ന എറണാകുളം - അങ്കമാലി അതിരൂപതക്കാർക്ക് ഉമയ്ക്ക് വോട്ട് ചെയ്യാൻ രണ്ടാമതൊരു കാരണം വേണ്ടിയിരുന്നില്ല. ആചാരക്രമം മുതൽ ഭൂമി കച്ചവടം വരെ മാർപാപ്പാ പറഞ്ഞിട്ടും ഒത്തുതീർപ്പാകാത്ത കേസുകൾ നിരവധിയുള്ള തൃക്കാക്കരയിൽ Dr ജോ ജോസഫ് കർദിനാൾ പക്ഷത്തിന് പ്രിയൻ എന്ന പ്രതീതിയാണ് ഉണ്ടായത്. കർദിനാൾ പക്ഷം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പക്ഷമാവട്ടെ പരമ്പരാഗതമായി ഉറച്ച UDF പ്രവർത്തകരും.

Photo : Shafeeq Thamarassery

7) കെ റെയിൽ അടക്കമുള്ള വികസന വിഷയങ്ങൾ ഇടതുമുന്നണി ആത്മവിശ്വാസത്തോടെ അവതരിപ്പിച്ചപ്പോൾ കരച്ചിലും കല്ലിടലും ആണ് വോട്ടർമാരുടെ മനസ്സിൽ എത്തിയത്. കെ റെയിൽ വിരുദ്ധ വികാരം ഉള്ള പ്രദേശമല്ല തൃക്കാക്കര , പക്ഷേ സിൽവർ ലൈനിലെ സുഖയാത്രയേക്കുറിച്ചുള്ള സ്വപ്നങ്ങളേക്കാൾ സർവ്വേ നടപടികളിലെ സംഘർഷം സ്വതന്ത്ര ചിന്താഗതിയുള്ള വോട്ടർമാരെ ആശങ്കയിലാഴ്ത്തി. മറ്റെല്ലാ വികസന വിഷയങ്ങളും കെ റെയിലിന് അടിയിലായിപ്പോയി. ഒന്നാം പിണറായി സർക്കാർ അല്ല രണ്ടാം പിണറായി സർക്കാർ എന്ന പ്രചാരണം ഭരണ വിരുദ്ധ വികാരത്തെ ഉണർത്താൻ പോന്നതായി.

8) ഇടതുമുന്നണി സ്ഥാനാർത്ഥി പാർട്ടി അംഗമാണെന്നതിനും മുകളിൽ സഭാ പ്രതിനിധിയാണ് എന്ന തോന്നൽ ആദ്യന്തം നിറഞ്ഞു . അതിന് പുറമേ ചങ്ങനാശേരിയിലും കണിച്ചുകുളങ്ങരയിലുമെല്ലാം ഇടതുമുന്നണി സ്ഥാനാർത്ഥി പിന്തുണ തേടിയെത്തിയതും പുതുമയായി. ഇടതുമുന്നണിക്ക് പതിവായി വോട്ട് ചെയ്തു വന്ന സ്വന്തന്ത്ര സെകുലർ വോട്ടുകൾ കുറെയെങ്കിലും ചോരാൻ ഈ നീക്കങ്ങൾ കാരണമായി

9) കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഗണ്യമായ വോട്ട് നേടിയ ട്വന്റി ട്വന്റി ഇത്തവണ സ്ഥാനാർത്ഥിയെ നിറുത്തിയില്ല , ഉമാ തോമസിന് വേണ്ടി വോട്ടും തേടിയില്ല. പക്ഷേ ഇടതുമുന്നണിക്ക് വോട്ട് ചെയ്യരുത് എന്ന പ്രചാരണം പോളിങ്ങിന് മുമ്പുള്ള നാല് ദിവസങ്ങളിൽ ശക്തമായി നടത്തി. ട്വന്റി ട്വന്റി അണികൾ അവരുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടേയും വീടുകളിൽ സകുടുംബം സൗഹൃദ സന്ദർശനം നടത്തിയാണ് ഈ ആവശ്യം ഉന്നയിച്ചത്. അതോടെ അരാഷ്ട്രീയ സ്വഭാവമുള്ള വോട്ടുകളുടെ സ്വാഭാവിക ചോയ്സ് ഉമാ തോമസ് ആയി.

പി. സി ജോർജ്, കെ. വി തോമസ്

10) പി. സി ജോർജിന്റെ വർഗ്ഗീയ വിഷപ്രയോഗവും ബി ജെ പി കുന്തിരിക്കം പുകച്ച് നടത്തിയ പ്രചാരണവും മതന്യൂനപക്ഷങ്ങളിൽ ഭീതി ഉയർത്തി. പക്ഷേ അവർ ഒരു പോലെ ആശ്രയിച്ചത് മത ഭാരമില്ലെന്ന പ്രതീതി സൃഷ്ടിച്ച ഉമാ തോമസിനെ ആണ്.കേരളീയ സമൂഹത്തിൽ മുസ്ലീം - ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ പരസ്പര വിദ്വേഷം സൃഷ്ടിക്കാനുള്ള വർഗീയ ശക്തികളുടെ ശ്രമം മുമ്പെങ്ങും ഇല്ലാത്ത വിധം സജീവമായ കാലമാണ്. Dr ജോ സഭയുടെ പ്രതിനിധിയാണെന്ന പ്രചാരണം ആ നിലയ്ക്കും LDF ന് തിരിച്ചടിയായി.

11) LDF വേദിയിലെ കെ വി തോമസിന്റെ സാന്നിധ്യവും എറണാകുളത്തെ DCC ജനറൽ സെക്രട്ടറി എം ബി മുരളീധരന്റെ LDF പ്രവേശവും അർബൻ വോട്ടർമാരിൽ അതൃപ്തി ഉണ്ടാക്കി. സ്ഥാനമോഹികൾക്കും ആരോപണ വിധേയർക്കും ചെന്നടിയാനുള്ള ഇടമായി CPIM മാറി എന്ന പ്രചാരണം കോൺഗ്രസ് വിജയകരമായി നടത്തി.

12) തെരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ ഉച്ചച്ചൂടിൽ നിൽക്കെ ബലാത്സംഗ ക്വട്ടേഷൻ കേസിൽ അതിജീവിത സമർപ്പിച്ച ഹർജിയേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി രാജീവും ഒഴിച്ചുള്ള മുതിർന്ന നേതാക്കൾ നടത്തിയ പ്രതികരണങ്ങൾ അബദ്ധമായി.അത് ഒരു വിഭാഗം സ്ത്രീ വോട്ടർമാരെ ഉമയ്ക്കൊപ്പം ഉറപ്പിച്ച് നിർത്തുന്നതായി. പി ടി തോമസും താനും ആദ്യന്തം അതിജീവിതയ്ക്കൊപ്പം നിന്നു എന്നത് ഒരു പ്രചാരണ വിഷയമായിത്തന്നെ ഉമാ തോമസ് അവതരിപ്പിച്ചിരുന്നു

Photo : Uma Thomas, Fb Page

13)മുഖ്യധാരാ മാധ്യമങ്ങളുടെ പ്രകടവും നിർലോഭവുമായ പിന്തുണ ആദ്യന്തം ഉമാ തോമസിന് ഉണ്ടായിരുന്നു.സഹതാപ തരംഗം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് മികച്ച പിന്തുണയും പ്രചാരവും മാധ്യമങ്ങൾ നൽകി.

14) കോൺഗ്രസിന്റെ 'ധർമ്മടമാണ്' തൃക്കാക്കര എന്നാണ് മണ്ഡലത്തിലെ കോൺഗ്രസുകാർ ആവർത്തിച്ചത് , ആ ആത്മവിശ്വാസം UDFന്റെ ചോരാത്ത ഊർജ്ജമായി.

Comments