പത്രങ്ങൾ
സ്ത്രീ രാഷ്ട്രീയപ്രവര്‍ത്തകരെ
‘പ്രതിഷ്ഠിക്കുന്ന’ വിധം
പത്രങ്ങൾ സ്ത്രീ രാഷ്ട്രീയപ്രവര്‍ത്തകരെ ‘പ്രതിഷ്ഠിക്കുന്ന’ വിധം
രാഷ്ട്രീയരംഗത്തുള്ള സ്ത്രീകളെക്കുറിച്ച് മാധ്യമങ്ങൾ ഒളിച്ചുകടക്കുന്ന സ്ത്രീവിരുദ്ധത, പൊതുവേ ഈ രംഗത്ത് അനുഭവപ്പെടുന്ന വനിതാ ദാരിദ്ര്യത്തെ തീവ്രമാക്കുക തന്നെ ചെയ്യും. ഇക്കാര്യത്തില്‍ കാര്യമായ എഡിറ്റിങ്ങിന് വിധേയമാകാത്ത നവമാധ്യമങ്ങള്‍ മാത്രമല്ല എല്ലാവിധ മേല്‍നോട്ട സംവിധാനങ്ങളിലൂടെയും വാര്‍ത്തകള്‍ കടന്നുപോകുന്ന മുഖ്യധാരാ മാധ്യമങ്ങളും ഒട്ടും പുറകിലല്ല. മലയാള മനോരമ, മാതൃഭൂമി എന്നീ മലയാള പത്രങ്ങളിലും ദ ഹിന്ദു, ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് എന്നീ ഇംഗ്ലീഷ് പത്രങ്ങളിലും 2017 ജൂലൈ മുതല്‍ ഡിസംബര്‍ വരെ സ്ത്രീകളുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച രാഷ്ട്രീയ വാര്‍ത്തകളുടെ അടിസ്ഥാനത്തിൽ ചില നിഗമനങ്ങൾ.
1 Jul 2022, 10:26 AM
കഴിഞ്ഞ ഏതാനും ദിവസങ്ങളായി നവമാധ്യമങ്ങള്‍ നിറഞ്ഞാടുന്ന ചില വിഷ്വലുകളുണ്ട്. അതിലൊന്ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റേതാണ്. അടുത്തതാകട്ടെ അഗ്‌നിവീര്‍ പദ്ധതിക്കെതിരെ ഡല്‍ഹിയില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച സമരത്തിന്റേതും. യൂത്ത് കോണ്‍ഗ്രസ് സമരത്തില്‍ ബാരിക്കേഡിനപ്പുറം കടക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയെ പിന്‍ഭാഗത്ത് കൈകൊണ്ട് തള്ളിക്കൊടുത്ത് സഹായിക്കുന്നത് നാം കാണുന്നു. ഡല്‍ഹിയിലാകട്ടെ എ.എ. റഹീമിനെ പോലീസ് മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അദ്ദേഹത്തിന്റെ പുറത്ത് കമിഴ്ന്നുകിടക്കുന്ന മറ്റൊരു പെണ്‍കുട്ടിയേയും. ഈ രണ്ടു സംഭവങ്ങളും സ്വാഭാവികമായി നടന്നതും കാഴ്ചക്കാര്‍ക്ക് പ്രത്യേകമായി ഒന്നും തോന്നാത്തതുമാണ്. എന്നാല്‍ ട്രോളര്‍മാരുടെ വിരുതിലൂടെ ഈ സംഭവങ്ങള്‍ ഒരു പ്രത്യേക ആംഗിളില്‍ ചിത്രീകരിക്കപ്പെടുകയും വളരെ പെട്ടെന്ന് പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന കാഴ്ചയാണ് പിന്നീട് നമ്മള്‍ കണ്ടത്.

2. യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില് നിന്ന്.
ഒന്നാമത്തെ സംഭവം ഇടതുപക്ഷ ക്യാമ്പും രണ്ടാമത്തേത് വലതുപക്ഷ ക്യാമ്പും ആവോളം ട്രോളിയും പ്രചരിപ്പിച്ചും ആസ്വദിച്ചു. രാഷ്ട്രീയകക്ഷികള്‍ അന്യോന്യം എതിരാളികളെ തറപറ്റിക്കാനാണ് ഇവ പ്രയോജനപ്പെടുത്തിയത് എങ്കിലും അതിലൂടെ ഒളിച്ചുകടക്കുന്ന സ്ത്രീവിരുദ്ധത എന്താണെന്ന് തിരിച്ചറിയാന്‍ ട്രോളുകള്‍ നിര്‍മ്മിക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും കഴിയുന്നുണ്ടോ എന്ന കാര്യം സംശയമാണ്.
പ്രധാന നേതാക്കള്‍ നേരിട്ടോ അല്ലെങ്കില്‍ അവരുടെ പ്രൊഫൈലില്‍ നിന്നോ ഇത്തരം കമന്റുകള്‍ നടത്താറില്ലാത്തതുകൊണ്ട് തങ്ങള്‍ സ്ത്രീവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നവര്‍ക്ക് വാദത്തിനുവേണ്ടി പറയാം. എങ്കിലും അണികളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ അവര്‍ ബോധപൂര്‍വ്വം ശ്രമിക്കാറില്ല എന്നതാണ് പച്ചപ്പരമാര്‍ത്ഥം. ഇത്തരം പ്രചാരണങ്ങള്‍ രാഷ്ട്രീയരംഗത്ത് നില്‍ക്കുന്ന സ്ത്രീകളുടെ ഇമേജിനെ പ്രതികൂലമായി ബാധിക്കുമെന്നു മാത്രമല്ല കഴിവും പ്രാപ്തിയും ഉള്ളവര്‍ ഈ രംഗത്തേക്ക് കടന്നുവരാന്‍ മടികാണിക്കുക കൂടി ചെയ്യുമെന്ന് തിരിച്ചറിയേണ്ടതുണ്ട്.
വാര്‍ത്തകളും മാധ്യമങ്ങളും
വാര്‍ത്തകളോടുള്ള താല്പര്യം കുറഞ്ഞുവരുന്നു എന്നത് ഈ കാലഘട്ടത്തില്‍ ഒരു പുതുവാര്‍ത്തയല്ലാതായി മാറിയിരിക്കുന്നു. റോയിട്ടേഴ്‌സ് നടത്തിയ പഠന പ്രകാരം 2017 ല്‍ 63% ജനങ്ങള്‍ ന്യൂസിനോട് താല്പര്യം കാണിച്ചിരുന്നത് 2022 ല്‍ 51% ആയി കുറഞ്ഞു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബഹുജനമാധ്യമങ്ങളില്‍ ഉണ്ടായിരിക്കുന്ന ഈ കുറവ് നവമാധ്യമങ്ങളുടെ കാര്യത്തില്‍ കൂടിയിട്ടും ഇല്ല. ഇതൊക്കെയാണ് വാര്‍ത്തകളെക്കുറിച്ചുള്ള വാസ്തവമെങ്കിലും ആശയപ്രചാരണത്തിലും അതുവഴി സമൂഹത്തെ സ്വാധീനിക്കുന്നതിലും മാധ്യമങ്ങളോളം പങ്കുവഹിക്കാന്‍ കഴിയുന്ന മറ്റൊരു സംവിധാനവും ഉരുത്തിരിഞ്ഞുവന്നിട്ടില്ല.
അതുകൊണ്ടുതന്നെ ഇത്തരത്തില്‍ ഒളിച്ചുകടക്കുന്ന സ്ത്രീവിരുദ്ധത രാഷ്ട്രീയരംഗത്തെക്കുറിച്ചുള്ളതു കൂടിയാകുമ്പോള്‍, പൊതുവേ ഈ രംഗത്ത് അനുഭവപ്പെടുന്ന വനിതാ ദാരിദ്ര്യത്തെ അത് തീവ്രമാക്കുക തന്നെ ചെയ്യും. ഇക്കാര്യത്തില്‍ കാര്യമായ എഡിറ്റിങ്ങിന് വിധേയമാകാത്ത നവമാധ്യമങ്ങള്‍ മാത്രമല്ല എല്ലാവിധ മേല്‍നോട്ട സംവിധാനങ്ങളിലൂടെയും വാര്‍ത്തകള്‍ കടന്നുപോകുന്ന മുഖ്യധാരാ മാധ്യമങ്ങളും ഒട്ടും പുറകിലല്ല.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായതുകൊണ്ടു തന്നെ രാഷ്ട്രീയ വാര്‍ത്തകളുടെ റിപ്പോര്‍ട്ടിംഗിന് വളരെ പ്രാധാന്യമുണ്ട്. ജനങ്ങളേയും ഗവണ്‍മെന്റിനേയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. അതുകൊണ്ടുതന്നെ രാഷ്ട്രീയവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഉന്നതമായ ഉത്തരവാദിത്വവും ധാര്‍മികതയും അവര്‍ പുലര്‍ത്തണം. നോട്ടക്കുറവുമൂലമുണ്ടാകുന്ന ചെറിയ അബദ്ധദ്ധം പോലും വലിയ മാറ്റങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകാന്‍ ഇടയാകുമെന്നത് എല്ലായ്‌പ്പോഴും ഓര്‍മയില്‍ സൂക്ഷിക്കേണ്ടതുമാണ്. നോട്ടപ്പിശക് കൊണ്ടാണോ അതോ ബോധപൂര്‍വ്വമാണോ എന്ന് ഉറപ്പില്ലെങ്കിലും സ്ത്രീകളുമായി ബന്ധപ്പെട്ട രാഷ്ട്രീയവാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നത് താരതമ്യേന കുറഞ്ഞ അളവിലാണ്. കേരളത്തെ സംബന്ധിച്ച് ജനസംഖ്യയുടെ പകുതിയിലധികം സ്ത്രീകളായിരുന്നിട്ടും സാക്ഷരതയിലും പത്രവായനയിലും മുന്നിലായിരുന്നിട്ടും കൂടി ഇതിനൊരു മാറ്റമില്ല എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട രാഷ്ട്രീയവാര്‍ത്തകളില്‍ മുഖ്യധാരാമാധ്യമങ്ങളിലെ ഒരു പ്രധാന വിഭാഗമായ പത്രങ്ങളുടെ സമീപനം എന്താണെന്ന് ഒന്ന് പരിശോധിച്ചു നോക്കാം.
പത്രങ്ങളിൽ ഇടം കിട്ടുന്ന, കിട്ടാത്ത സ്ത്രീകൾ
മലയാള മനോരമ, മാതൃഭൂമി എന്നീ മലയാള പത്രങ്ങളിലും ദ ഹിന്ദു, ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് എന്നീ ഇംഗ്ലീഷ് പത്രങ്ങളിലും 2017 ജൂലൈ മുതല്‍ ഡിസംബര്‍ വരെ സ്ത്രീകളുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച രാഷ്ട്രീയ വാര്‍ത്തകളാണ് പഠനത്തിന് വിധേയമാക്കിയത്. ഈ വിശകലനത്തിന്റെ ഫലം തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതാണ്. പ്രസ്തുത കാലയളവില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചവയില്‍ 13 ശതമാനം മാത്രമാണ് രാഷ്ട്രീയ വാര്‍ത്തകള്‍. ഈ പത്രങ്ങളുടെയെല്ലാം തിരുവനന്തപുരം എഡിഷനാണ് പരിശോധനയ്ക്ക് വിധേയമാക്കിയത് എങ്കിലും സംസ്ഥാന വാര്‍ത്തകളുടെ ഇരട്ടിയിലധികം അന്തര്‍ദേശീയ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു എന്ന് കാണാം.
ദേശീയ ദിനപത്രങ്ങള്‍ ദേശീയവും അന്തര്‍ദേശീയവുമായ വനിതാ രാഷ്ട്രീയവാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ മലയാളം ദിനപത്രങ്ങളും അതേവഴി പിന്തുടരുന്നതാണ് കാണാന്‍ കഴിഞ്ഞത്. അതായത്, സംസ്ഥാനത്ത് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന വനിതകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം വാര്‍ത്തകളില്‍ നല്‍കാന്‍ പ്രാദേശിക ദിനപത്രങ്ങള്‍ പോലും തയ്യാറാകുന്നില്ല. കേരള നിയമസഭയില്‍ വനിതാ അംഗങ്ങളായി 12 പേര്‍ മാത്രമേയുള്ളൂ എങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകരായ ധാരാളം വനിതകള്‍ കേരളത്തിലങ്ങോളമിങ്ങോളം ഉണ്ട്. വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെയും നേരിട്ട് പാര്‍ട്ടി പ്രവര്‍ത്തനത്തിലൂടെയും ധാരാളം വനിതകള്‍ ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ട്.
കൂടാതെ, 25 വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീശാക്തീകരണ പ്രസ്ഥാനമായ കുടുംബശ്രീ സംവിധാനത്തിലൂടെ വളര്‍ന്നുവന്ന വനിതാരാഷ്ട്രീയപ്രവര്‍ത്തകരുടെ എണ്ണവും കുറവല്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ക്രിയാത്മകമായി മുന്നോട്ടു നയിക്കുന്നവരില്‍ 50 ശതമാനവും ഇവരാണല്ലോ. ഈ സാഹചര്യങ്ങളൊക്കെ നിലനില്‍ക്കുമ്പോള്‍ത്തന്നെയാണ് ഇത്ര കുറച്ച് രാഷ്ട്രീയവാര്‍ത്തകള്‍ വനിതകളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ചില ഉദാഹരണങ്ങള്‍ മാത്രം പരിശോധിച്ചു നോക്കാം. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് പ്രതിരോധ മന്ത്രിയായിരുന്ന നിര്‍മലാ സീതാരാമന്റെ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ വിയോജിപ്പുകള്‍ പാര്‍ട്ടികള്‍ക്കുണ്ടായിരിക്കും. എന്നാല്‍, ചൈനീസ് പട്ടാളക്കാരെ നമസ്‌തേ എന്ന് പറയാന്‍ പഠിപ്പിച്ചെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഒരു പ്രതിരോധമന്ത്രി എന്ന നിലയില്‍ ഇതാണോ ഇവര്‍ ചെയ്യേണ്ടതെന്ന ചിന്ത വായനക്കാരിലുണ്ടായാല്‍ തെറ്റ് പറയാന്‍ കഴിയില്ല.
കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ കേസില്‍ വനിതാ രാഷ്ട്രീയപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നില്ല എങ്കിലും പ്രധാനമായും ഒരു സ്ത്രീ കൂടി ഉള്‍പ്പെട്ട ഈ കേസ് പലദിവസങ്ങളിലും പത്രങ്ങളുടെ മുന്‍പേജില്‍ ഇടംനേടിയത് മറക്കാനായിട്ടില്ല. സോളാറും സ്വര്‍ണവുമൊക്കെ ആഘോഷമാക്കുന്ന മാധ്യമങ്ങള്‍ രണ്ടര പതിറ്റാണ്ടിനിപ്പുറം ചാരക്കേസ് ചാരമായി മാറിയ അനുഭവത്തില്‍ നിന്നുകൂടി പാഠം ഉള്‍ക്കൊള്ളണം. രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ സ്ത്രീകള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ മാധ്യമങ്ങള്‍ അത് ആഘോഷമാക്കുന്നു എന്ന് തന്നെയാണ് ഈ സംഭവങ്ങളെല്ലാം തെളിയിക്കുന്നത്.
മാതൃഭൂമി പത്രത്തില്‍ കണ്ട പ്രകടമായ മറ്റൊരു വസ്തുത, വനിതാ രാഷ്ട്രീയപ്രവര്‍ത്തകരുടെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് നല്‍കുന്ന പ്രാധാന്യമാണ്. കേരളത്തിന് പുറമേ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അഴിമതി വാര്‍ത്തകള്‍ (ഉദാ:- തമിഴ്‌നാട് രാഷ്ട്രീയത്തിലെ ശശികലയെക്കുറിച്ചുള്ള അഴിമതി വാര്‍ത്തകള്‍) മാത്രമല്ല വിദേശങ്ങളില്‍ നിന്നുള്ളവ പോലും (ഉദാ:-തായ്ലാൻറിന്റെ മുന്‍ വനിതാ പ്രധാനമന്ത്രിയുടെ അഴിമതി) മാതൃഭൂമിക്ക് വാര്‍ത്തയായി. രാഷ്ട്രീയക്കാരുടെ അഴിമതി മൂടി വയ്ക്കണമെന്നല്ല പറഞ്ഞതിന്റെ അര്‍ത്ഥം. മറിച്ച് കൂടുതല്‍ സ്ത്രീകള്‍ ഈ രംഗത്തേക്ക് വരാന്‍ പ്രചോദകമേകുന്ന വാര്‍ത്തകള്‍ക്കും കൂടി പ്രാധാന്യം നല്‍കണം. അത് വനിതാ ശാക്തീകരണത്തിന് മാത്രമല്ല സമൂഹത്തെ ലിംഗസമത്വത്തിലേക്ക് നയിക്കാനും സഹായിക്കും.
ചിത്രങ്ങളിലെ രാഷ്ട്രീയം

വാര്‍ത്തകളില്‍ മാത്രമല്ല പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളിലുമുണ്ട് ഇത്തരം വിവേചനം. 2000 ആഗസ്റ്റില്‍ നടന്ന എ.ഐ.സി.സി സമ്മേളനത്തില്‍ പങ്കെടുത്ത സോണിയാഗാന്ധി ധരിച്ചിരുന്ന സാരിയുടെ ചന്തം നോക്കുന്ന നജ്മാ ഹെപ്ത്തുള്ളയുടെ ചിത്രം പ്രസിദ്ധീകരിച്ചത് മലയാള മനോരമയാണ്. എന്നാല്‍ 2017 ല്‍ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കുന്ന സ്മൃതി ഇറാനിയുടെയും നിര്‍മലാ സീതാരാമന്റെയും ചിത്രം പങ്കുവെച്ചത് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസും. 2000 ല്‍ നിന്നും 2017 ല്‍ എത്തുമ്പോഴും ഈ പ്രവണതകള്‍ മാറ്റമില്ലാതെ തുടരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. 2017 ഡിസംബറില്‍ രാഹുല്‍ഗാന്ധി എ.ഐ.സി.സി പ്രസിഡണ്ടായി ചുമതലയേറ്റപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നാടുനീളെ പായസം വിതരണം ചെയ്തിരുന്നു. ഇതില്‍ പലയിടത്തും പുരുഷന്മാരും സ്ത്രീകളും പങ്കെടുത്തിരിക്കാം. എങ്കിലും സ്ത്രീകള്‍ പായസം ഉണ്ടാക്കുന്ന ചിത്രമാണ് ദ ഹിന്ദു പ്രസിദ്ധീകരിച്ചത്. എന്തുവന്നാലും പാചകം സ്ത്രീകളുടെ കുത്തകയാണെന്ന ഇമേജ് സൃഷ്ടിക്കാനായിരിക്കും ഈ ചിത്രം സഹായകമാകുന്നത്. ഈ ചിത്രങ്ങളെല്ലാം അസംബന്ധങ്ങളാണ് എന്നല്ല; മറിച്ച് വനിതകളുടെ രാഷ്ട്രീയ രംഗത്തെയും ഭരണരംഗത്തെയും കഴിവ് തുറന്നുകാട്ടുന്നവയല്ല എന്നത് വാസ്തവമാണ്.മാത്രവുമല്ല പുരുഷ രാഷ്ട്രീയപ്രവര്‍ത്തകരുടെയോ ഭരണകര്‍ത്താക്കളുടെയോ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ വിരളവുമാണ്.

വാര്‍ത്തയുടെ പ്രാധാന്യത്തിനപ്പുറം ദൃശ്യപ്രഭാവത്തിനു മുന്‍ഗണന വന്നാല്‍ വനിതാരാഷ്ട്രീയപ്രവര്‍ത്തകര്‍ സ്ത്രീകളുടെ വാര്‍പ്പച്ചടിപ്പതിപ്പിനപ്പുറം കടക്കാന്‍ കഴിയാത്തവരാണെന്നും രാഷ്ട്രീയം അവര്‍ക്ക് വഴങ്ങില്ലെന്നുമുള്ള അഭിപ്രായം ബലപ്പെടും. ഇതിനെയൊക്കെ മറികടന്ന് രാഷ്ട്രീയ രംഗത്ത് ശോഭിക്കാന്‍ സ്ത്രീകള്‍ ഏറെ പണിപ്പെടേണ്ടിയും വരും. അങ്ങനെ മുന്നോട്ടുവന്ന കെ കെ ശൈലജ ടീച്ചറിനെപ്പോലും ടീച്ചറമ്മ എന്ന പതിവ് പ്രതിച്ഛായയിലൊതുക്കാന്‍ മാധ്യമങ്ങള്‍ മടി കാണിക്കുന്നില്ല എന്ന് നമുക്കറിയാം.
മാറ്റം അനിവാര്യമാണ്
സാക്ഷരതയിലും പത്രവായനയിലും മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ പത്രങ്ങള്‍ പോലും ഇങ്ങനെയാണ് വാര്‍ത്തകള്‍ നല്‍കുന്നതെങ്കില്‍ സാമൂഹിക മാധ്യമങ്ങളുടെ സ്ഥിതിയെക്കുറിച്ച് പരിതപിക്കേണ്ടതില്ലല്ലോ. ലിംഗസമത്വവുമായും സ്ത്രീ ശാക്തീകരണവുമായും ബന്ധപ്പെട്ട് മുഖ്യധാരാ മാധ്യമങ്ങളിലൂടെ സമൂഹത്തില്‍ രൂപീകൃതമാകുന്ന ചിന്തകള്‍ തന്നെയാകും സാമൂഹ്യമാധ്യമങ്ങളിലും പ്രതിഫലിക്കുക. വാര്‍ത്തകളെ സെന്‍സേഷണലൈസ് ചെയ്തതുകൊണ്ട് മാത്രം എത്ര വമ്പനാണെങ്കിലും അധികകാലം പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരും. ശരിയായ ചിന്തയും വീക്ഷണവുമുള്ള നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയുന്ന തരത്തില്‍ തങ്ങളുടെ രീതി മാറ്റിയില്ലെങ്കില്‍ ‘മാറ്റുമതുകളീ നിങ്ങളെത്താന്‍’ എന്ന് അനുഭവിച്ചറിയേണ്ടി വരുന്ന കാലം വിദൂരത്താകില്ല.
എം.സുല്‍ഫത്ത്
Jan 12, 2023
10 Minutes Read
ഷാജഹാന്‍ മാടമ്പാട്ട്
Jan 10, 2023
3 Minutes Read
സെബിൻ എ ജേക്കബ്
Jan 09, 2023
3 Minutes Read
അനുപമ മോഹന്‍
Jan 03, 2023
5 Minutes Read
ലക്ഷ്മി പദ്മ
Dec 30, 2022
8 Minutes Read
എസ്.കെ. മിനി
Dec 24, 2022
6 Minutes Read
റിദാ നാസര്‍
Dec 01, 2022
4 minutes read
Think
Nov 24, 2022
6 Minutes Read