അഞ്ജലി മേനോന്റെ വണ്ടർ വിമെന് എന്താണ് സംഭവിച്ചത്?

രണ്ടു മനുഷ്യർക്കിടയിൽ രൂപപ്പെടാവുന്ന ഏത് ബന്ധവും എന്ന പോലെ തന്നെ ശക്തവും സുന്ദരവുമാവാം അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം, ഏത് ബന്ധത്തിലുമെന്ന പോലെ സംഘർഷഭരിതവും പരസ്പരം ഉൾക്കൊള്ളാൻ കഴിയാത്തതുമായി തീരാം ഈ ബന്ധവും. അതിനപ്പുറത്തേയ്ക്ക് നീളുന്ന ഏത് മഹത്വവൽക്കരണവും അപകടമാണ്.

സിനിമയ്ക്കും ഡോക്യുമെന്ററിക്കും ഇടയിലെവിടെയോ തട്ടിച്ചിതറി ഇല്ലാതായി എന്ന് ഒറ്റവാചകത്തിൽ നിരൂപണം ഒതുക്കാം. സിനിമയാകാൻ വേണ്ട കലയുടെ അംശമോ ഡോക്യുമെന്ററിക്ക് വേണ്ട വാസ്തവത്തിന്റെ അംശമോ വണ്ടർ വിമെനിൽ ഇല്ലാതെ പോയി. ഏതെങ്കിലുമൊന്നിന്റെ ചട്ടക്കൂട്ടിൽ ഒതുങ്ങണമായിരുന്നു എന്നല്ല, എന്തെന്ന് കൃത്യമായി നിർവചിക്കാനാവാത്തപ്പോഴും കലയ്ക്ക് സാധ്യമാവുന്ന ഒരു ഭംഗിയുണ്ട്. ആ ഭംഗി സിനിമയിൽ നിന്ന് ചോർന്നു പോയി. ഇഷ്ടമില്ലാത്ത ക്ലാസിൽ ഇരുന്നു കൊടുക്കേണ്ടി വന്ന വിദ്യാർഥിയുടേതിന് സമമാണ് സിനിമ സമ്മാനിച്ച കാഴ്ചാനുഭവം. സിനിമാ നിരൂപണം ഇവിടെ നിർത്താമെങ്കിലും സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തെ കുറിച്ച് ഇനിയും പറയേണ്ടതുണ്ട്.

മാതൃത്വത്തിന്റെ മഹത്വവൽക്കരണവും ചില അപകടങ്ങളും

അമ്മയും കുഞ്ഞും, എത്രയോ കാലങ്ങളായി നമ്മൾ പറഞ്ഞുപറഞ്ഞ് ഉറപ്പിച്ചൊരു വൈകാരിക ബിംബമാണിത്. കല്പിച്ചുകൊടുക്കപ്പെട്ട ഈ മാതൃമഹത്വത്തിൽ മതിമറന്ന അമ്മമാരൊക്കെയും സ്വയം ജീവിക്കാൻ മറന്നു പോയിട്ടുമുണ്ട്. വെച്ചുവിളമ്പാനും കൊച്ചിനെ നോക്കാനും അലക്കിയുണക്കാനും വീടിനുള്ളിൽ ഒരാൾ വേണമായിരുന്നു. അമ്മ എന്ന വാക്കിന്റെ അർഥം ഇതുകൂടിയാണെന്ന് കാലാകാലങ്ങളായുള്ള ശീലങ്ങളിൽ നിന്ന് ഓരോ സ്ത്രീയും വിശ്വസിച്ചു. അഥവാ, സമൂഹം അവരെ അങ്ങനെ വിശ്വസിപ്പിച്ചു. ആ വിശ്വാസത്തിൽ തന്നെ പലരും ജീവിച്ചു മരിച്ചു. ഈ സാഹചര്യങ്ങളോട് പൊരുതി തന്നെ സ്വന്തം ഇഷ്ടങ്ങളിലേയ്ക്ക് പെൺകുട്ടികൾ ഇറങ്ങി നടന്നു തുടങ്ങിയ, കുഞ്ഞുങ്ങളുടെയും വീട്ടുജോലികളുടെയും ഉത്തരവാദിത്തങ്ങൾ പങ്കാളിക്കുകൂടി പങ്കുവെച്ചു തുടങ്ങിയ ഒരു സാമൂഹ്യസാഹചര്യത്തിലാണ് മാതൃമഹത്വ വിവരണങ്ങളുമായി വണ്ടർ വിമെൻ എന്ന സിനിമ പുറത്തിറങ്ങുന്നത്.

അമ്മയെന്ന പദത്തെ മഹത്വവൽക്കരിക്കാൻ ശ്രമിക്കുമ്പോഴൊക്കെയും ആ വാക്കിനൊപ്പം സമൂഹം കൊരുത്തിട്ട മുകൾ പറഞ്ഞ അപകടം പ്രവർത്തിച്ചു തുടങ്ങും. ഗർഭത്തോടെ തന്റെ അതുവരെയുള്ള സ്വപ്‌നങ്ങളൊക്കെ ഉപേക്ഷിക്കുകയും, അതിൽ അസ്വസ്ഥനാവുന്ന പങ്കാളിയോട് മാതൃത്വത്തെകുറിച്ച് വാചാലയാവുകയും ചെയ്യുന്ന നിത്യാ മേനോന്റെ കഥാപാത്രം ഇതിന് ഉദാഹരണമാണ്. ഒരു ആൺകുട്ടിയെ പങ്കാളിയുടെ കഴിവുകളെയും കരിയറിനെയും കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കും വിധം കാലം നടന്നു തീർത്ത ദൂരമത്രയും തിരിച്ചു നടത്തുന്നുണ്ട് നിത്യാ മേനോന്റെ മറുപടി.

രണ്ടു മനുഷ്യർക്കിടയിൽ രൂപപ്പെടാവുന്ന ഏത് ബന്ധവും എന്ന പോലെ തന്നെ ശക്തവും സുന്ദരവുമാവാം അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം, ഏത് ബന്ധത്തിലുമെന്ന പോലെ സംഘർഷഭരിതവും പരസ്പരം ഉൾക്കൊള്ളാൻ കഴിയാത്തതുമായി തീരാം ഈ ബന്ധവും. അതിനപ്പുറത്തേയ്ക്ക് നീളുന്ന ഏത് മഹത്വവൽക്കരണവും അപകടമാണ്. അമ്മയെ കുഞ്ഞെന്ന കുറ്റിയിൽ തളച്ചിടുന്നു എന്നതു മാത്രമല്ല പ്രശ്‌നം. കുഞ്ഞ് എത്ര വളർന്നാലും, സ്വയം തീരുമാനം എടുക്കുവാനുള്ള പ്രാപ്തിയിലെത്തിയാലും അമ്മയുള്ളിടത്തോളം അവസാന വാക്ക് അമ്മയാണ് എന്ന തീർപ്പിലെത്താനും ഈ മഹത്വവൽക്കരണം കാരണമാകും. ചിലപ്പോൾ അമ്മയിലിത് അതിസ്വാർഥതയായും, കുഞ്ഞിൽ അമിതാശ്രയത്വമായും പ്രവർത്തിക്കാം.

ഇത്ര വലിയ പ്രശ്‌നമാണോ പ്രസവം ?

എല്ലാ ജീവിവർഗങ്ങളിലും ഏറ്റവും സ്വഭാവികമായി നടന്നു പോകുന്ന ഒന്നാണ് പ്രത്യുല്പാദന പ്രക്രിയ. ഒട്ടുമിക്ക കേസിലും ഗർഭകാലവും പ്രസവവും സ്വഭാവികമായി തന്നെ കടന്നു പോകും. ചില സാഹചര്യങ്ങളിൽ ഈ പ്രക്രീയ സങ്കീർണ്ണവുമാകാം. മെഡിക്കൽ സയൻസിന്റെ സഹായത്തോടെ ഈ സങ്കീർണ്ണതകൾ മറികടക്കാൻ മനുഷ്യന് കഴിഞ്ഞിട്ടുമുണ്ട്.

ആവശ്യത്തിലധികം ഉപദേശങ്ങൾ ഫ്രീയായി കിട്ടുന്ന ഒരു വിഭാഗമാണ് ഗർഭിണികൾ. ചെയ്യേണ്ടത്, ചെയ്യാൻ പാടില്ലാത്തത്... അങ്ങനെയിങ്ങനെ നീളുന്ന ക്ലാസുകൾ. ഗർഭിണികളോട് ചെയ്യാവുന്ന നീതി, ഉപദേശങ്ങൾ കുറച്ച് ഗർഭകാലത്തിന് തൊട്ടുമുൻപു വരെയുള്ള സ്വഭാവിക ജീവിതം തുടർന്നും ജീവിക്കാൻ അവരെ അനുവദിക്കുക എന്നതാണ്. (ഡോക്‌ടേഴ്‌സ് വിശ്രമം നിർദ്ദേശിച്ചിട്ടുള്ളവർ ഒഴിച്ച്) അത് ഗർഭകാലത്തെ മാനസികപിരിമുറക്കം കുറയ്ക്കാനും സഹായകമാകും.

നിത്യവൃത്തിക്ക് തൊഴിൽ ആവശ്യമായ ഒട്ടുമിക്ക സ്ത്രീകളുടെയും ഗർഭകാലം കടന്നു പോകുന്നതും ഇങ്ങനെ തന്നെയാണ്. അങ്ങനെ വരുമ്പോൾ വണ്ടർ വിമെനിലെ ഗർഭിണികൾക്ക് സമൂഹത്തിന്റെ ഒരംശത്തെ പോലും പ്രതിനിധാനം ചെയ്യാൻ കഴിയാതെ പോകുന്നു. പാവയെ പരസ്പരം കൈമാറിയും കൊഞ്ചിച്ചും കുഞ്ഞ് ജനിക്കും മുൻപേ മാതാപിതാക്കൾക്കിടയിൽ കുഞ്ഞിനോട് വൈകാരിക അടുപ്പം സൃഷ്ടിച്ചെടുക്കാനുള്ള സിനിമയിലെ ശ്രമം കാണുമ്പോൾ ഓർമ്മ വന്നത് എൽ.കെ.ജി. പിള്ളേരുടെ അമ്മയും കുഞ്ഞും കളിയാണ്.

സിംഗിൾ പേരന്റിംഗ്

സ്വയം പര്യാപ്തതിയിലെത്താൻ കാലതാമസം എടുക്കുന്ന ജീവിവർഗം എന്ന നിലയിൽ ഒരു മനുഷ്യകുഞ്ഞിന് ജനിച്ചു വീഴുന്ന നിമിഷം മുതൽ പരിചരണം ആവശ്യമാണ്. അത് പക്ഷേ ബയോളജിക്കൽ അമ്മയോ അച്ഛനോ തന്നെ നൽകണമെന്ന് കുഞ്ഞിന് ഒരു നിർബന്ധവും ഇല്ല എന്നതാണ് സത്യം. (സാധ്യമെങ്കിൽ ആറ് മാസം വരെ കുഞ്ഞിന് മുലപ്പാൽ ആണ് നല്ലത് എന്നു മാത്രം) ജോലിക്കോ പഠനത്തിനോ ആയി അമ്മ മാറി നിൽക്കുന്ന സാഹചര്യത്തിൽ കുടുംബത്തിൽ മറ്റാരെങ്കിലും കുഞ്ഞിന്‌റെ പരിചരണം ഏറ്റെടുക്കുന്നത് സർവസാധാരണമാണ്. ആരാണോ കുഞ്ഞിന്റെ ആവശ്യങ്ങൾ നിർവഹിച്ചു കൊടുക്കുന്നത് അവരോട് കുഞ്ഞ് സ്വഭാവികമായും അടുക്കും. ആര് വളർത്തുന്നോ അവരാണ് കുഞ്ഞിന് പേരന്‌റ്. അമ്മ അല്ലെങ്കിൽ അച്ഛൻ ഒറ്റയ്ക്ക് കുഞ്ഞിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതും ഇന്ന് സാധാരണമാണ്. പക്ഷേ ആ സന്ദർഭത്തിലും സിനിമയിൽ പാർവതി നേരിടുന്ന അത്ര സംഘർഷം അവർ അനുഭവിക്കേണ്ടി വരുന്നുണ്ടോ എന്നത് ഒരു ചോദ്യമാണ്. അഥവാ, ഉണ്ടെങ്കിൽ അതിന് പരിഹാരം കണ്ടെത്തിയെ മതിയാകു. സിനിമയിലെ പോലെ ബന്ധത്തിലോ സ്വന്തത്തിലോ പെട്ട ആരെയെങ്കിലും കണ്ടെത്തി ഒപ്പം വിടുക എന്നുള്ളതാവരുത് ആ പരിഹാരം. അച്ഛന്റെ പേര് / അമ്മയുടെ പേര് പൂരിപ്പിക്കാതെ വിട്ടുകളയാവുന്ന ഒരു കോളം മാത്രമാവണം. ഗർഭിണികൾക്ക്, കുഞ്ഞുള്ളവർക്ക്, കുഞ്ഞില്ലാത്തവർക്ക്, സിംഗിൾ പേരന്റിന്, കുഞ്ഞിനെ ദത്തെടുക്കുന്നവർക്ക്, പേരന്റ്‌സ് ഇല്ലാത്ത കുഞ്ഞുങ്ങൾക്ക് മറ്റാരേയും പോലും തന്നെ സ്വഭാവികമായി ജീവിക്കാനുള്ള സാമൂഹ്യസാഹചര്യമാണ് ഉണ്ടാകേണ്ടത്.

വണ്ടർ വിമെൻ എന്ന സിനിമയെകുറിച്ച് ഇത്രയേറെ പറയേണ്ടതുണ്ടോ എന്നു ചോദിച്ചാൽ ആവശ്യമില്ല എന്നു തന്നെയാണ് ഉത്തരം. എന്നാൽ സിനിമ തൊട്ടുവിട്ട ഇത്തരം വിഷയങ്ങളെകുറിച്ച് ഇനിയും കാര്യമായ ചർച്ചകൾ ഉണ്ടാകേണ്ടതുണ്ട്.

Comments