15 Apr 2020, 01:50 PM
“ഓ … വല്യ വൃത്തിക്കാരി.” വീട്ടിലും നാട്ടിലുമടക്കം ഞാൻ കേട്ടിട്ടുള്ള ഒരു പഴിയാണത്. ആൾക്കാർ തൊടുമ്പോൾ അവർ ആരായാലും അവരുടെ കൈകളിലെ നഖങ്ങളിലേക്കു നോക്കുക, വസ്ത്രങ്ങളിലെ വിവിധ മണങ്ങളിലേയ്ക്ക് ഊളിയിടുക, ശരീരങ്ങളും കൈകളും നീണ്ടു വരുമ്പോള്‍ കുറഞ്ഞത് ഒരു കൈപ്പത്തിയുടെയെങ്കിലും അകലം പാലിക്കുക, വലതു കൈകഴുകിയ ടാപ് ഇടതു കൈ കൊണ്ടടച്ചിട്ട് ഇടതുകൈയിൽ പറ്റിയ ബാക്ടീരിയകളെയും അഗോചരമായ അഴുക്കിനെയും എങ്ങനെ കഴുകിക്കളയും എന്നാലോചിച്ചു വ്യസനിക്കുക, പബ്ലിക് ട്രാൻസ്പോർട്ട് ബസിലെ തിരക്കിനിടയിൽ ആൾക്കാരുടെ സാന്നിധ്യം വിസ്മരിക്കാൻ കണ്ണടച്ച് നിന്ന് ഉറങ്ങാൻ ശ്രമിക്കുക. ഇങ്ങനെ ഉണർന്നിരിക്കുമ്പോൾ അനാവശ്യമായി എന്റെ സമയം അപഹരിക്കുന്ന പലകാര്യങ്ങളിൽ ഇവയും പെടുമായിരുന്നു.
മറ്റുള്ളവരുടെ ഊണുപാത്രത്തിൽ നിന്നും ഭക്ഷണം കഴിക്കാൻ കഴിയാതെ മാറിയിരുന്നതിനും സുഹൃത്തുക്കൾ വിടവാങ്ങൽ വേളയിൽ കെട്ടിപ്പിടിക്കാൻ വരുമ്പോൾ പിന്നോട്ട് വലിയുന്നതിനും “മനുഷ്യപ്പറ്റില്ലാത്തവൾ” എന്ന പഴിയും കേട്ടിട്ടുണ്ട്. എന്നേക്കാൾ വൃത്തിക്കാരിയായ മറ്റൊരു സുഹൃത്തിനെ മറ്റു സുഹൃത്തുക്കൾ “അതിനെ സഹിക്കാൻ പറ്റില്ല” എന്ന് പറയുന്നത് കേൾക്കുമ്പോൾ ‘ഞാൻ ഭേദം’ എന്ന് മനസ്സിൽ പറയുകയും ചെയ്തുപോയിട്ടുണ്ട്. ഞാൻ എത്ര ശ്രമിച്ചിട്ടും എനിക്ക് ഈ ശീലങ്ങളിൽ നിന്നും രക്ഷപെടാൻ കഴിഞ്ഞിട്ടില്ല. ശീലങ്ങൾ എന്ന് പറയുമ്പോൾ ഞാൻ ശീലിച്ചു പോയതല്ല. ഞാൻ അങ്ങനെ ഒക്കെ ചെയ്തു പോകുന്നതാണ്. എന്നാൽ ഒരിക്കൽ അല്ല പലതവണ സാധാരണ നിലയിൽ കൈകൊണ്ട് തൊടാൻ പ്രയാസമുള്ള ക്ലോസറ്റ് കെട്ടിപ്പിടിച്ചിരുന്നു അതിനുള്ളിൽ മുഖമിട്ട് ഛർദിച്ചിട്ടുണ്ട്. ശാരീരിക സൗഖ്യം കുറച്ചെങ്കിലും ഉള്ള സമയത്ത് എനിക്ക് ആലോചിക്കാൻ പോലും കഴിയാത്ത ഒരു കാര്യം.
ഒരുപാടു മുതിർന്ന ശേഷമാണ് എനിക്ക് “Obsessive compulsive disorder’ ഉണ്ട് എന്ന് ഞാൻ മനസിലാക്കുന്നത്. ആൾക്കാരുടെ ഇടയിലേയ്ക്ക് ഇറങ്ങുമ്പോഴാണ് എനിക്കിതു കൂടുതലായും അനുഭവപ്പെടുന്നത്. ആൾക്കാരെ എന്നിൽ നിന്നും എങ്ങനെ അകറ്റി നിർത്താം എന്നാണ് ഈ ജീവിതകാലം മുഴുവൻ ശ്രമിച്ചത് എന്ന് ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നും. എന്തൊരു മനുഷ്യത്വ വിരുദ്ധമായ സമീപനം എന്ന് തോന്നിയേക്കാം. നോക്കൂ, ഒരാൾക്ക് തോന്നുന്നതാണ്. അസാധാരണ മനുഷ്യജീവി എന്ന നിലയ്ക്ക് പലരും പെരുമാറുന്നതിൽ ചിലപ്പോഴെങ്കിലും എനിക്ക് സഹായകവും ആയിട്ടുണ്ട്, എന്നാൽ ഇപ്പോൾ നോക്കൂ, ഈ കൊറോണാക്കാലത്ത് ഇന്നത്തെ പുതിയ നോർമൽ ആണ് ഇത്. ആൾക്കാരെ ശാരീരികമായി എത്രത്തോളം അകറ്റി നിർത്താം എന്നതിലേക്ക് ആൾക്കാരെ പരിശീലിപ്പിക്കാൻ ഗവര്‍മെന്റുകൾ കച്ച കെട്ടിയിറങ്ങിയിരിക്കുന്നു. തൊടാതെ എങ്ങനെ പ്രണയിക്കാം, രതിയിൽ ഏർപ്പെടാം എന്ന് ഇണകൾ പുതിയ വഴികൾ തേടിക്കൊണ്ടിരിക്കുന്നു. “തൊടൽ” എന്ന സുപ്രധാന സാമൂഹിക ചിഹ്നം ഇനി ഒരു ടാബൂ ആയെന്നു വരാം.
എന്റെ കാര്യം അവിടെ നിക്കട്ടെ, തൊടാൻ ഭയക്കുന്ന മനുഷ്യരുടെ സമൂഹം എങ്ങനെയിരിക്കും. പ്രണയത്തിന്റെ, സാന്ത്വനത്തിന്റെ, കരുതലിന്റെ സ്പർശം ഒരു ജൈവായുധം ആയേക്കാം എന്ന അവസ്ഥ ഉണ്ടായിക്കൂടെന്നില്ല. ഓരോ മനുഷ്യനും സ്വന്തം ജീവന്റെ നിലനിൽപ്പിനു വേണ്ടി തൊട്ടടുത്തിരിക്കുന്നയാളെ ഭയക്കുന്ന കാലം. ജാതിമത ഭേദമന്യേ വംശവർഗീയ വ്യത്യാസങ്ങൾക്കപ്പുറം വൈറസുകൾ മനുഷ്യരെ പിടികൂടിയാലും അവിടെയും മനുഷ്യർ അനീതിയും ചേരിതിരിവും കാണിക്കാൻ സാധ്യത ഉണ്ട് എന്നാണ് ഞാൻ കരുതുന്നത്. കൊറോണ കഴിഞ്ഞാൽ പുതിയ ഒരു പുലരിയുടെ സാധ്യത കാണുന്ന മനുഷ്യരോട് വിനയത്തോടെ വിയോജിക്കാനേ എനിക്ക് കഴിയുകയുള്ളൂ. ത്യാഗത്തിന്റെയും ബലിയുടേയും സ്വഭാവങ്ങളെ നിർണ്ണയിക്കുന്ന ജീനുകളെക്കാൾ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും ജീനുകളുടെ വയലൻസ് അത്രത്തോളം നമ്മെ ഭരിക്കുന്നു. മറ്റേതു ജീവിയേയും പോലെത്തന്നെ. മരണത്തെ ഒരു സത്യമായി അംഗീകരിക്കാൻ മനുഷ്യ മനസിന് കഴിയാത്തതു പോലെത്തന്നെ മനുഷ്യർ ഒന്നടങ്കം നശിക്കാനുള്ള ഒരുസാധ്യതയെ നമ്മൾ ഇപ്പോഴും തള്ളിക്കളയാൻ ആഗ്രഹിക്കുന്നു ഭൂമി നശിച്ചാൽ കൂടി നിലനിൽക്കാനുള്ള ആഗ്രഹം പേറി മറ്റ് ഗ്രഹങ്ങൾ തേടുന്നു. ജീവിക്കാൻ ഇത്രയും അത്യാഗ്രഹമുള്ള മറ്റൊരു ജന്തുവർഗ്ഗമില്ല.
ഈ കൊറോണക്കാലത്ത് തലതിരിഞ്ഞു പോയ ധാർമിക സാമൂഹിക സൗന്ദര്യ മൂല്യങ്ങളെക്കുറിച്ച് ആലോചിച്ച് ചിരിവരുകയാണ്. എത്ര ക്രൂരമെന്ന് മറ്റുള്ളവർ ആക്ഷേപിച്ചാലും അത് പൊടിപ്പും തൊങ്ങലും പിടിപ്പിച്ച് റൊമാന്റിക് ആയി അവതരിപ്പിക്കാൻ ഞാൻ ഒരുക്കമല്ല. മനുഷ്യസമൂഹത്തിന്റെ ഏറ്റവും വിഷമം പിടിച്ച കാലഘട്ടങ്ങളിൽ ഒക്കെത്തന്നെ സാമൂഹ്യകല എന്നനിലയ്ക്ക് ലൈവ് പെർഫോമൻസുകൾക്ക് പ്രത്യേകിച്ച് തിയേറ്ററിന് പ്രാധാന്യം ഉണ്ടായിരുന്നിട്ടുണ്ട്. പുരോഗമനാത്മകമായ പല സാമൂഹ്യമുന്നേറ്റങ്ങളിലും നാടകത്തിന്റെയും പലതരം തിയേറ്റർ പെർഫോമൻസുകളുടെയും പ്രകടനങ്ങളുടെയും പ്രാധാന്യം ഞാൻ പറയാതെ തന്നെ എല്ലാവര്‍ക്കും അറിവുള്ളതാണ്. കുറേക്കാലം നാടകപ്രവർത്തക ആയിരുന്നു എന്നതുകൊണ്ട് തന്നെ ഇന്നത്തെ അതിന്റെ സാധ്യതയെക്കുറിച്ച് സംശയത്തോടെ ചിന്തിച്ചു പോകുകയാണ്. എന്തൊക്കെ പറഞ്ഞാലും സ്റ്റേജിൽ ജീവനുള്ള ഒരു നടനോ നടിയോ നിന്ന് അഭിനയിക്കുമ്പോഴുള്ള അനുഭവം ഒരു സിനിമ കണ്ടിട്ടും എനിക്കുണ്ടായിട്ടില്ല. സിനിമ മറ്റൊരു വ്യത്യസ്ത അനുഭവം ആണെന്നതിൽ എനിക്ക് തർക്കമില്ല താനും.
കലയും സിനിമയും പെർഫോമൻസുകളുംഎല്ലാം തന്നെ ഏകാന്തതയിലോ പ്രത്യേക ഗ്രൂപ്പുകളിലോ മാത്രം ആസ്വദിക്കാനുള്ള അവസ്ഥ വരുന്നത് ആലോചിച്ചുനോക്കൂ പ്രതിഷേധങ്ങൾ കൂടി ഓൺലൈൻ ആക്കേണ്ടി വരുമോ? എങ്കിൽ അതിന്റെ സാധ്യത എന്താണ്? ഇക്കഴിഞ്ഞ ദിവസങ്ങളിൽ അതിഥിതൊഴിലാളികൾ നടത്തിയ പ്രതിഷേധത്തിന്റെ ആത്മഹത്യാപരത ഉൾക്കൊണ്ട് കൊണ്ട് ഭയത്തിന്റെ താഴവരയിൽ മനുഷ്യർ ജീവിക്കുമോ? വീടില്ലാത്ത മാനുഷർ ഇപ്പോൾ എവിടെയായിരിക്കും എന്നറിയാൻ ഒന്നിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ അതിലും ഭീകരമാണ്. തെരുവുകൾ കൂടി അന്യമായ അവരൊക്കെ ഇപ്പോൾ ശരിക്കും എവിടെയാണ്? ഇന്ന് ഒറ്റയാകാൻ മനുഷ്യരെ ശീലിപ്പിക്കാൻ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന കൊറോണാബോധവൽക്കരണത്തിന്റെ മറ്റേ അറ്റത്തെക്കുറിച്ച് ചിന്തിച്ചു പോകുന്നതാണ്. കാരണം നമുക്കും മുന്നേ ഒറ്റയാവാൻ സ്വയം പരിശീലിച്ചവരാണവർ. നമ്മുടെ ഏഴയലത്തു പോലും വരാൻ നമ്മൾ അനുവദിക്കാത്തവർ. വീടുകളിൽ കയറാൻ അനുവാദം ഇല്ലാത്തവർ. ലോകത്തിന്റെ സകല വ്യാധികളും ഉള്ളടക്കം ചെയ്യപ്പെട്ടവർ. അതുകൊണ്ടു തന്നെ ഒരു രോഗത്തിനും കീഴേപ്പെടുത്താൻ കഴിയാത്തവർ. ലോകത്തെ മുഴുവൻ ഒരു തമാശയായി കാണുന്നവർ. ആസന്നമായ മരണം ഒരു പക്ഷെ നമ്മളെ വിദൂഷകരോ കോമാളിയോ ഒക്കെ ആക്കി എന്നും വരാം. എയ്ഡ്സ് നമ്മുടെ സമൂഹത്തിൽ ഭീതി പടർത്തിയിരുന്ന സമയത്ത് തിരുവന്തപുരത്ത് വിളയാടിയിരുന്ന ഒരു ഗുണ്ടയുണ്ട്. അദ്ദേഹത്തെപ്പിടിക്കാൻ പോലീസ് ഒരുപാടു ശ്രമങ്ങൾ നടത്തി. അതൊക്കെയും പാളിപ്പോയി. കാരണം അദ്ദേഹത്തിന് എയ്ഡ്സ് ഉണ്ടെന്നായിരുന്നു ശ്രുതി. ഉള്ളതാണോ എന്ന് എനിക്കിപ്പോഴും അറിയില്ല. എന്തായാലും പോലീസ് അദ്ദേഹത്തെ വട്ടമിട്ട് പിടിക്കാൻ നിൽക്കുമ്പോൾ ഇദ്ദേഹം കാർക്കിച്ചു തുപ്പാനും കൈത്തണ്ട മുറിച്ച് രക്തം ചീറ്റാനും ശ്രമിക്കും. അപ്പോഴെന്താ? എയ്ഡ്സ് എങ്ങനെയാ വന്നു കൂടുക എന്നറിയില്ലല്ലോ? പോലീസ് അസ്തപ്രജ്ഞരായി നിൽക്കുമ്പോൾ കക്ഷി ഓടി രക്ഷപെടും. രോഗത്തിനും മരണത്തിനും മുന്നിൽ പോലീസും ഗവര്‍മെന്റും ഒരു ലോകക്രമവും വിലപ്പോവില്ല. എങ്ങനെയെങ്കിലും അകാലചരമം പ്രാപിക്കാതെ ജീവൻ നീട്ടിക്കൊണ്ടു പോവുക എന്നല്ലാതെ ആർക്കുംഒന്നുംചെയ്യാനില്ല. പി പദ്മരാജൻ ഒരു കഥയിൽ പറഞ്ഞത് പോലെ “എത്ര വയസിലാണ് കാലത്തിലുള്ള ചരമമാകുന്നത്? അറുപത്? എഴുപത് ?.
കാലമില്ലാത്ത ഈ കാലത്ത് എന്ത് അകാലം !
ഡോ. ജയകൃഷ്ണന്‍ എ.വി.
Jan 13, 2021
5 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jan 12, 2021
10 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
എസ്. അനിലാൽ
Dec 11, 2020
12 Minutes Read
Truecopy Webzine
Dec 10, 2020
1 Minute Read
Gopikrishnan r
23 Apr 2020, 04:44 PM
നന്ദി യമ. കാഴ്ച്ചപ്പാടുകളോട് യോജിക്കുന്നു