മലയാളിയുടെ ആണ്‍നോട്ടങ്ങളെ
വിചാരണ ചെയ്യുന്നു, യമ
മലയാളിയുടെ ആണ്‍നോട്ടങ്ങളെ വിചാരണ ചെയ്യുന്നു, യമ
കാഴ്ചക്കാരുടെ മുന്നില്‍ വസ്ത്രമുരിയുന്നത്, അല്ലെങ്കില്‍ വളരെ എക്‌സ്പ്ലിസിറ്റായ അംഗചേഷ്ടകള്‍ കാണിക്കുന്നത് ശരിയോ തെറ്റോ എന്ന ഡിബേറ്റില്‍ ഞാന്‍ പോകാത്തതിന്റെ കാരണം, അത് വളരെ വൈയക്തികമായ ഒരു തീരുമാനമാണ് എന്നതുകൊണ്ടാണ്.
9 Apr 2022, 10:02 AM
‘‘പുരോഗമനപരമായി ചിന്തിക്കുന്ന ഒരു സമൂഹം എന്ന നിലയില്‍ പുതിയൊരാശയത്തെക്കുറിച്ച് ആരോഗ്യകരമായ സംവാദത്തിനും ചര്‍ച്ചയ്ക്കെങ്കിലുമുള്ള ഒരിടമുണ്ടാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അല്ലാതെ അവരെ കായികമായി നേരിടുക എന്ന അവസ്ഥ മോശമായിരിക്കും. ഒളിച്ചും പതുങ്ങിയുമിരുന്ന് സില്‍ക്ക് സ്മിതയുടെയും മറ്റും പെര്‍ഫോര്‍മെന്‍സുകള്‍ കണ്ടിരുന്നവര്‍, അവര്‍ മരിച്ചശേഷം ആ ആര്‍ട്ടിസ്റ്റുകള്‍ ദേവതകളായിരുന്നെന്നും തങ്ങളുടെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗമായിരുന്നെന്നും പറഞ്ഞ് നെടുനീളന്‍ അനുശോചനക്കുറിപ്പെഴുതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത് കണ്ടിട്ടുണ്ട്. അത്തരം അനുശോചനക്കുറിപ്പുകള്‍ യഥാര്‍ത്ഥത്തില്‍ മരണശേഷം ആ ആര്‍ട്ടിസ്റ്റുകള്‍ക്ക് കിട്ടുന്ന അവഹേളനങ്ങളാണ്.''- പെണ്‍ശരീരങ്ങളുടെ സ്വയംനിര്‍ണയാവകാശത്തെക്കുറിച്ചും അതിനോടുള്ള ആണ്‍നോട്ടങ്ങളുടെ അശ്ലീലങ്ങളെക്കുറിച്ചും ട്രൂ കോപ്പി വെബ്‌സീനില്‍ യമ എഴുതുന്നു.
‘‘നിങ്ങളുടെ വീടിനടുത്തുള്ളൊരു സ്ത്രീയ്ക്ക് ബാറില്‍ പോയി ഡാന്‍സ് കളിച്ചും അല്ലെങ്കില്‍ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ട് വീട്ടിലേക്ക് തിരിച്ചുവന്ന് സമാധാനമായി ഉറങ്ങാന്‍ പറ്റുന്നൊരവസ്ഥയുണ്ടെങ്കില്‍ അവിടെയാണ് സാംസ്‌ക്കാരികമായി നമ്മള്‍ ഇത്തിരിയെങ്കിലും മുന്നോട്ടുപോയി എന്നുപറയാന്‍ സാധിക്കുന്നത്. ജോലി കഴിഞ്ഞ് തിരിച്ചു വരുന്ന ഒരാള്‍ക്ക് മാന്യമായി സുരക്ഷയോടെയും സമാധാനത്തോടെയും ജീവിക്കാന്‍ കഴിയുന്ന സമൂഹത്തില്‍ മാത്രമാണ് എല്ലാ മനുഷ്യരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്ന് പറയാന്‍ കഴിയുക.''
‘‘കാഴ്ചക്കാരുടെ മുന്നില്‍ വസ്ത്രമുരിയുന്നത്, അല്ലെങ്കില്‍ വളരെ എക്‌സ്പ്ലിസിറ്റായ അംഗചേഷ്ടകള്‍ കാണിക്കുന്നത് ശരിയോ തെറ്റോ എന്ന ഡിബേറ്റില്‍ ഞാന്‍ പോകാത്തതിന്റെ കാരണം, അത് വളരെ വൈയക്തികമായ ഒരു തീരുമാനമാണ് എന്നതുകൊണ്ടാണ്. പുറത്തൊക്കെ സ്ട്രിപ്പ് ക്ലബ്ബുകളുണ്ട്, അതിനെ ചുറ്റിപ്പറ്റി ഒരുപാട് ഡിബേറ്റുകള്‍ നടക്കുന്നുണ്ട്. ഉടയാടയഴിക്കല്‍ എന്നുപറയുന്നതിനെ ഫെമിനിസ്റ്റിക്ക്, ആന്റി ഫെമിനിസ്റ്റിക്ക് ആക്ട് എന്ന രണ്ടുതരത്തിലും വ്യാഖ്യാനിക്കാറുണ്ട്. അതിലേക്ക് പോവുന്നില്ല. അതിനെ ഞാനൊരു കലാരൂപമായി തന്നെ കാണുന്നു. കാരണം പല സമയത്തും കലാരൂപം ഡെവലപ്പ് ചെയ്യുന്നതും അതിന് മറ്റൊരു തരത്തില്‍ സൗന്ദര്യ തലങ്ങള്‍ വരുന്നതും അത് പ്രാക്ടീസ് ചെയ്ത് കുറേനാള്‍ കഴിയുമ്പോഴാണ്. കാരണം, ഏറ്റവും നന്നായി പെര്‍ഫോം ചെയ്യുന്നവര്‍ക്കു മാത്രമേ ഏതുസ്ഥലത്തും നിലനില്‍ക്കാന്‍ പറ്റൂ. ആ ആക്ടിന്റെ ശരി- തെറ്റുകളെപ്പറ്റി ഞാന്‍ പറയാത്തതിന്റെ കാരണം, അതില്‍ പങ്കാളികളാകുന്നവരുടെ അഭിപ്രായം പലതരത്തിലാണ് എന്നതുകൊണ്ടാണ്. കൂടുതലും പോസിറ്റീവാണ്. എംപവറിങ്ങാണ് ഈ ആക്ട് എന്നാണ് അവര്‍ പറയുന്നത്. അവരുടെ കയ്യിലാണ് ഇതിന്റെ കടിഞ്ഞാണ്‍. അതുമൂലം അവര്‍ക്കത് പവര്‍ഫുള്ളായി തോന്നുന്നു എന്നാണ് കൂടുതല്‍ സ്ത്രീകളും പറയുന്നത്. ഞാന്‍ അത് ആക്ട് ചെയ്യാത്ത ഒരാളായതുകൊണ്ട് അതിനെപ്പറ്റി ഞാന്‍ ജഡ്ജ് ചെയ്യില്ല. കാരണം, അത് ചെയ്യുന്നവരുടെ കാര്യം തന്നെയാണ് പ്രധാനം.''
‘‘പ്രധാനമായും ഇതൊരു ഇന്‍ഡസ്ട്രിയായി, അല്ലെങ്കില്‍ ഒരു തൊഴിലായി വരുന്ന സമയത്ത് ഇതിനിടക്കുള്ള ഏജന്‍സികളെ ഇല്ലാതാക്കി അതിനെ ലീഗല്‍ ആക്കുക എന്നതാണ് സാംസ്‌കാരികമായി ഉന്നതിയിലെത്തിയ ഒരു സമൂഹത്തിന് ചെയ്യാന്‍ കഴിയുക. അതിലേക്കാണ് നമ്മള്‍ എത്തിപ്പെടേണ്ടത്. ഡാന്‍സ് ബാറുകളും മറ്റും വരുന്ന സമയത്ത് അതുമായി ചുറ്റിപ്പറ്റി ഇന്നയിന്ന പ്രശ്‌നങ്ങളുണ്ടാവും എന്നുപറയുന്നത് വെറും ഒഴിവുകഴിവാണ്. ഡാന്‍സ് ബാറുമായി ബന്ധപ്പെട്ട് ഡ്രഗ് അബ്യൂസ് ഉണ്ടാവാം, അല്ലെങ്കില്‍ സെക്സ് വര്‍ക്ക് തഴച്ചുവളരും എന്നൊക്കെയുള്ള നിഗമനങ്ങള്‍ മറ്റേത് ജോലിയായും ബന്ധപ്പെട്ട്പറയാം. നമ്മള്‍ അംഗീകരിച്ച, എല്ലാവര്‍ക്കും ഓ.കെയാണെന്ന് തോന്നുന്ന ജോലികള്‍ ചെയ്യുന്നതുകൊണ്ട് അവിടെയൊന്നും ഇതൊന്നും സംഭവിക്കില്ല എന്നില്ല.''
‘‘രാവന്തിയോളം പണിയെടുത്ത് ഒന്നുറങ്ങാന്‍പോലും കഴിയാത്ത വിധം ജീവിക്കുന്ന മനുഷ്യരുണ്ട്. ഒരു പുരുഷന് അല്ലെങ്കില്‍ സ്ത്രീക്ക് നിവര്‍ന്നു നിന്ന്, ഞാനിപ്പോള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് വെളിവോടെ പറയാന്‍ പോലും കഴിയാതിരിക്കുന്ന ജീവിത സാഹചര്യമാണ് എന്നെ സംബന്ധിച്ച് അശ്ലീലം.''
‘‘പുരാതന ഭാരതത്തില്‍ രാഷ്ട്രനിര്‍മാണ സങ്കല്‍പ്പത്തില്‍ നര്‍ത്തകരെയും നടന്മാരെയും കള്ളന്മാരെയും നാടോടികളെയും എല്ലാം അധഃകൃതരായിട്ടാണ് പരിഗണിച്ചിരുന്നത്. നടന്മാര്‍ക്കും കലാകാരന്മാര്‍ക്കും അംഗീകാരം കിട്ടിത്തുടങ്ങിയപ്പോഴും അതേ മേഖലകളിലെ സ്ത്രീകള്‍ ഇക്കാലം വരെയും അധഃകൃതരും തിരസ്‌കരിക്കപ്പെട്ടവരും തന്നെയായിരുന്നു. പണ്ടുണ്ടായിരുന്നതിനേക്കാള്‍ സ്വീകാര്യത ഇപ്പോള്‍ നടിമാര്‍ക്ക് കിട്ടാനുള്ള പ്രധാന കാരണം, അതില്‍ പണം ഇന്‍വോള്‍വ് ആവുന്നൊരു മാര്‍ക്കറ്റ് തുറക്കുന്നു എന്നതു കൊണ്ടാണ്. എടുക്കുന്ന ജോലിക്ക് കൃത്യമായി പണം കിട്ടും എന്നുവന്നാല്‍ അവിടെ എന്തുതരം നിയന്ത്രണങ്ങളുണ്ടായാലും ജീവനോപാധി തേടി ആ മാര്‍ക്കറ്റിലേക്ക് ആളുകള്‍ കടന്നുവരും. ജീവിത സാഹചര്യം മെച്ചപ്പെട്ടതാകാന്‍ ധനമുണ്ടായിരിക്കുക എന്നത് അനിവാര്യമാണ്. അതിന് പലരും പല മാര്‍ഗങ്ങളാണ് തേടുന്നത്, പഠിച്ച് ജോലി നേടുന്നവര്‍, കലാപരമായ കഴിവുകളെ മുന്‍നിര്‍ത്തി ജീവിക്കുന്നവര്‍, ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍...അങ്ങനെ പലതരം ജോലികള്‍.
എനിക്ക് ഇന്ന ജോലി ചെയ്തുകഴിഞ്ഞാല്‍ മറ്റൊരാളെ ആശ്രയിക്കാതെ സ്വന്തം ഇടത്തില്‍ താമസിക്കാന്‍ പറ്റും എന്നു പറയാന്‍ കഴിയുന്ന ഏതൊരു ജോലിയും ഒരു സ്ത്രീയെയോ പുരുഷനെയൊ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. ഒരു ഡാന്‍സ് ബാര്‍ എന്നത് ഏജന്‍സികളില്ലാത്തൊരു ഇടമാണ് എങ്കില്‍ ഒരാളുടെ സ്വന്തം ഇഷ്ടപ്രകാരം വന്നു ജോലി ചെയ്തു പോകാവുന്ന ഒരിടം ആകുമത്. ഡാന്‍സ് ചെയ്യാന്‍ പറ്റുന്നൊരു ബാറില്‍ പോയി ഡാന്‍സ് ചെയ്ത് അതിന്റെ പ്രതിഫലവും വാങ്ങി തിരിച്ചു പോരാന്‍ പറ്റുന്നൊരുവസ്ഥയുണ്ടെങ്കില്‍, അതൊരവസരമായി ഒരാള്‍ കാണുന്നുണ്ടെങ്കില്‍ ആ മാര്‍ക്കറ്റിന് സ്ഥാനമുണ്ട്.''
''സിനിമാ വ്യവസായത്തില്‍ സ്ത്രീകള്‍ക്ക് സ്വീകാര്യത കിട്ടിയതിനുപിന്നിലെ ഘടകം സാമ്പത്തികമാണ്. മെച്ചപ്പെട്ട ജീവിത നിലവാരം ഉണ്ടാകുമെങ്കില്‍ ഏതൊരു തൊഴിലിനും ആളുണ്ടാകും. അതില്‍ ജെന്‍ഡര്‍ വ്യത്യാസമില്ല. ആ സംവിധാനത്തെയോ ആ മാര്‍ക്കറ്റിനെയോ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കില്ല എന്നാണ് പറഞ്ഞു വന്നത്. വിശാല സാധ്യതയുള്ളൊരു വ്യവസായത്തെ, ജീവനോപാധിയെ തടയാന്‍ ശ്രമിച്ചിട്ടൊരു കാര്യവുമില്ല. ഇടനിലക്കാരില്ലാതെ സ്വതന്ത്രമായി ഇടപെടാന്‍ കഴിയുന്ന തൊഴിലിടമായി അത് മാറണം എന്നതാണ് പ്രധാനം. ജെന്‍ഡര്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും അവസരമുള്ള തുറന്ന ഇടമാവുകയും നൃത്തം തന്നെ നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമായി മാറുകയും വേണം. അവിടെ ഫീസ് ഈടാക്കണം, ഫീസ് ഈടാക്കി കാണാന്‍ വരുന്ന കസ്റ്റമറിന് ഏറ്റവും മനോഹരമായി ആസ്വദിച്ച് തിരിച്ചു പോരാന്‍ പറ്റുന്ന തരത്തില്‍ അതിനെ ഡിസൈന്‍ ചെയ്യണം.
വ്യാജ സാംസ്‌ക്കാരികബോധം പേറി നടക്കുന്നവരും രാഷ്ട്രീയ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന ചിലരുമാണ് ഇത്തരം കാര്യങ്ങളെ അന്ധമായി എതിര്‍ക്കുന്നത്. സംസ്‌ക്കാരത്തെ ഇങ്ങനെ സംരക്ഷിച്ച് നിലനിര്‍ത്തേണ്ട ആവശ്യം രാഷ്ട്രീയക്കാര്‍ക്കും മതത്തിനുമാണ്. ഇവര്‍ ഒരേസമയം അത്തരം രീതികളെ എന്ത് വിലകൊടുത്തും എതിര്‍ക്കാന്‍ മുന്നില്‍ നില്‍ക്കുകയും എന്നാല്‍ ആരും അറിയാതെ അതില്‍ പങ്കെടുക്കുകയും ചെയ്യും. ഉത്തരേന്ത്യയിലെ ബീഫ് നിരോധനത്തെ അനുകൂലിക്കുകയും കേരളത്തിലെ സാധരാണ കടയില്‍ കയറി ബീഫ് കഴിക്കുയും ചെയ്യുന്ന ടിപ്പിക്കല്‍ ബി.ജെ.പിക്കാരന്റെ മാനസികാവസ്ഥയാണത്.''
‘‘വളരെ എക്‌സോട്ടിക്കായ ഒരു കാര്യം ജീവിതത്തില്‍ നമ്മള്‍ പ്രാക്ടീസ് ചെയ്യുന്ന സമയത്ത്, അത് ജീവിതത്തിന്റെ ഭാഗമായി മാറുകയാണ് ചെയ്യുന്നത്. പോപ്പുലര്‍ ആര്‍ട്ടില്‍ വളരെ പിന്തിരിപ്പനായി ചിത്രീകരിക്കപ്പെടുന്ന ചില കാര്യങ്ങള്‍ ജീവിതത്തില്‍ ഉപകാരപ്രദമായി വരുന്നത് അങ്ങനെയാണ്. സാധാരണ മനുഷ്യര്‍ ആണ് അത് സാധ്യമാക്കുന്നത്. അതേസമയം, പുരോഗമനപരമായ വലിയ ആശയങ്ങള്‍ പറയുന്നു എന്ന് വരുത്തുന്ന ചില പോപ്പുലര്‍ സിനിമകള്‍ സാധാരണ മനുഷ്യരുടെ മേല്‍ ഒരുതരത്തിലുമുള്ള പ്രകമ്പനവുമുണ്ടാക്കാതെ കടന്നുപോയെന്നും വരും. ഉദാഹരണത്തിന് ജാതി അഡ്രസ് ചെയ്ത സിനിമകള്‍ വരും, അതൊരു ട്രെന്‍ഡ് തന്നെയാണ് ഇപ്പോള്‍. പക്ഷേ നമ്മള്‍ ജീവിതത്തില്‍ അതൊന്നും പ്രാക്ടീസ് ചെയ്യുന്നതേയില്ല. എന്തുകൊണ്ട് ആ അന്തരം നിലനില്‍ക്കുന്നു; ആര്‍ട്ടിലും ജീവിതത്തിലും?. അതാണ് നമ്മുടെ കള്ളത്തരം, പ്രത്യേകിച്ച് കേരളത്തിലുള്ളവരുടെ കള്ളത്തരം. പോപ്പുലര്‍ സിനിമകളുടെ എല്ലാത്തിനും തീര്‍പ്പു കല്‍പ്പിക്കുന്ന, ഉത്തരങ്ങള്‍ മാത്രമുള്ള ഭാഷയാണ് സംവാദങ്ങളെ അടച്ചുകളയുന്നത്. അതേഭാഷയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മിലുള്ള മീഡിയാ അങ്കങ്ങളിലും കാണുന്ന സംവാദസ്വഭാവം. എല്ലാവര്‍ക്കും ഉത്തരങ്ങള്‍ ഉള്ളതുപോലെ. അവിടെ ആദ്യം തമസ്‌കരിക്കപ്പെടുന്നത് വ്യക്തികളാണ്, കൂടെ അവരുടെ വ്യതിരിക്തങ്ങളായ ജീവിത സാഹചര്യങ്ങളും. ഒരു ഡാന്‍സ് ബാര്‍ നാട്ടില്‍ വരുന്നു എന്നുപറഞ്ഞാല്‍ ഹാലിളകും ആള്‍ക്കാര്‍ക്ക്. ഒരു ഡിബേറ്റിനുപോലും സാധ്യതയില്ലാത്ത വിധത്തില്‍ ആള്‍ക്കാര്‍ വയലന്റാകും. എന്തുകൊണ്ടാണ് ആരോഗ്യകരമായ ഒരു സംവാദം പോലും നമുക്ക് സാധ്യമല്ലാത്തത്?
ഒരു ജീവിയുടെ നൃത്തം
പ്രശ്നമാവുന്നത് എപ്പോഴാണ്?
യമ എഴുതിയ ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം, കേൾക്കാം
ട്രൂ കോപ്പി വെബ്‌സീന്‍ പാക്കറ്റ് 72
റിദാ നാസര്‍
Jun 29, 2022
5 Minutes Read
ഷഫീഖ് താമരശ്ശേരി
Jun 26, 2022
52 Minutes Watch
Truecopy Webzine
Jun 25, 2022
2 minutes read
വിജു വി. നായര്‍
Jun 23, 2022
40 Minutes Read