ഒരു വൈറസിന്റെ പരസ്യ ജീവിതം

കൊറോണ ഒരുപക്ഷേ മനുഷ്യവംശത്തിന്റെ പരിണാമപാതയിലെ ഒരു വഴിമാറ്റത്തിന്റെ കാര്യദർശിയായിരിക്കുമോ? അതായിരിക്കുമോ അതിന്റെ ഇഹലോകജീവിത ദൗത്യം? ആയിരിക്കാം. കൊറോണ പോലെയുള്ള ഒരു അതിസൂക്ഷ്മ ജീവിയിൽ നിന്നാണ് ഒരിക്കൽ ജീവൻ രൂപം പ്രാപിച്ചത്. അതിൽ നിന്ന് പരിണമിച്ച ജീവികളിലൊന്നാണ് മനുഷ്യൻ.

70,000ത്തോളം വർഷം പഴക്കമുള്ള മനുഷ്യ ചരിത്രത്തിലാദ്യമായാണ് ഒരു പ്രത്യേക ഭയം ഒരു തത്സമയസർവ്വലോകാനുഭവമായി മാറുന്നത്. ഭീതിയെ കൊറോണ ആഗോളവത്കരിച്ചു. രണ്ടാം ലോകമഹായുദ്ധം ഒരുപക്ഷേ ഭാഗികമായി അങ്ങനെ ചെയ്തു എന്നു പറയാം.

സയൻസ് ഫിക്ഷൻ ചലച്ചിത്രങ്ങളിൽ പരഗ്രഹ ഭീകരരുടെ ആക്രമണം ഭൂഗോളവാസികളെ ഒന്നടങ്കം ഒരേഭയത്തിൽ വിറപ്പിക്കുന്നത് കാണിക്കാറുണ്ട്. ഏതാണ്ട് അതുപോലെയാണ് നമ്മുടെ സ്വന്തം ഗ്രഹവാസിയായ ഒരദൃശ്യ നിർജീവസൂക്ഷ്മകണിക ഒരൊറ്റ ഭീതിയിൽ ഒരേസമയം മനുഷ്യവംശത്തെ കിടിലംകൊള്ളിക്കുന്നത്.

കൊറോണയുടെ പരസ്യജീവിതം ഒരു ഹൊറർ മൂവിയായി മാറിയിരിക്കുന്നു.
ഭീതിയെപ്പോഴും മനുഷ്യനോടൊപ്പമുള്ള വികാരമാണ്. ആദിമമനുഷ്യനിൽ മുതൽ അതൊരു അതിജീവനവികാരമാണ്. അത് മുഴുവൻ സമൂഹങ്ങളെ ഒരേസമയം വിഴുങ്ങാറുമുണ്ട്.

സക്കറിയ / ചിത്രം: കമൽറാം സജീവ്‌

പക്ഷെ അങ്ങനെ സംഭവിക്കുന്നത് പ്രത്യേക ഇടങ്ങളിൽ പ്രത്യേകസാഹചര്യങ്ങളിലാണ്: യുദ്ധം, സ്വേച്ഛാധിപത്യം, പ്രകൃതിക്ഷോഭം എന്നിങ്ങനെ.

കൊറോണയെന്ന അദൃശ്യ പ്രോട്ടീൻ സൂക്ഷ്മരൂപി അത് സൃഷ്ടിക്കുന്ന രോഗാവസ്ഥകൊണ്ട് ലോകജനതകളെ ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ഭയത്തിൽ പൊതിയുന്നു.
മരണഭയം മനുഷ്യന്റെ അടിസ്ഥാന ഭീതികളിലൊന്നാണ്. ഒരുപക്ഷെ ഏറ്റവും അടിസ്ഥാന ഭീതിയാണത്. താൻ ഇല്ലാതായിത്തീരുന്ന അവസ്ഥ. തന്നെക്കൂടാതെ ചരിത്രം മുന്നോട്ടുപോയിക്കൊണ്ടേയിരിക്കും എന്ന അറിവ്.

ഓരോ മനുഷ്യ വ്യക്തിയും തന്റേതായ കാരണങ്ങളാൽ മരണഭയത്തെ അനുഭവിക്കുകയും തന്റേതായ രീതികളിൽ അതിനെ നേരിടുകയും ചെയ്യുന്നു.

പലമതങ്ങളും അവയുടെ അടിത്തറ പണിതിരിക്കുന്നത് മനുഷ്യന്റെ മരണഭയത്തിന്മേലാണ്.

നിയതവും യാന്ത്രികവുമായ ഒരു സാമൂഹിക പ്രതിഭാസമായി അവർ മരണത്തെ കൈകാര്യം ചെയ്തു. മരണഭീതിയെ ഒരു കരുവായും ഉപയോഗിച്ചു. പക്ഷെ കൊറോണയുടെ പ്രഹരശേഷി അവരെ പതറിച്ചിട്ടുണ്ട്.

പലമതങ്ങളും അവയുടെ അടിത്തറ പണിതിരിക്കുന്നത് മനുഷ്യന്റെ മരണഭയത്തിന്മേലാണ്.

മരണഭീതിയെ ഒരു കരുവായും ഉപയോഗിച്ചു. പക്ഷെ കൊറോണയുടെ പ്രഹരശേഷി അവരെ പതറിച്ചിട്ടുണ്ട്.

കൊറോണയ്ക്കു സമാനമായ വൈറസുകൾ, ഉദാഹരണമായി 1918ലെ സ്പാനിഷ് ഫ്ളു, ഇതിനു മുമ്പും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആഗോളമായി അവ പരക്കാതിരുന്നത് ഇന്നത്തെപ്പോലെയുള്ള അതിവേഗ ആഗോള സഞ്ചാര സൗകര്യങ്ങൾ അന്നില്ലാതിരുന്നതുകൊണ്ടായിരുന്നു. അവ ആഗോളമായ ഭീതിപരത്താതിരുന്നത് ഇന്നത്തെപ്പോലെയുള്ള തത്സമയ വാർത്താ കൈമാറ്റ സാങ്കേതിക വിദ്യകൾ ഇല്ലാതിരുന്നതുകൊണ്ടായിരുന്നു.
കൊറോണ ഏതെങ്കിലും സാങ്കേതിക വിദ്യയുടെ കുഞ്ഞാണോയെന്നുപോലും ആർക്കറിയാം? അതേതോ പരീക്ഷണശാലയിൽ നിന്നും ചാടിപ്പോന്നതാണെന്ന കഥ പ്രബലമാണ്. ഒരുകാര്യത്തിൽ സംശയമില്ല, കൊറോണ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കുഞ്ഞാണ്.

അത് വിമാനങ്ങളിലേറി പറക്കുന്നു. അങ്ങനെ ലോകത്തിന്റെ വിദൂരകോണുകളിൽ പോലും മണിക്കൂറുകൾക്കുള്ളിൽ സ്ഥാനം പിടിയ്ക്കുന്നു. അത് നിർമ്മിക്കുന്ന ഭീതി ഇന്റർനെറ്റിലൂടെ അക്ഷരമായും വീഡിയോയായും ശബ്ദരേഖയായും ലോകമെങ്ങും ചീറിപ്പായുന്നു.

കൊറോണ നിർമ്മിച്ച ഭീതിയായിരുന്നോ രോഗം തന്നെയായിരുന്നോ കൂടുതൽ അപകടകരം എന്ന് ഇനി വരാൻ പോകുന്ന വിവിധതരം കണക്കെടുപ്പുകൾ ഒരുപക്ഷെ കണ്ടുപിടിച്ചേക്കാം.

അടച്ചുപൂട്ടലാണ് ആ ഭീതിയുടെ പ്രധാന ഉല്പന്നം. അത് സമ്പദ് വ്യവസ്ഥകൾക്കേല്പിച്ച പ്രഹരത്തോളം മാരകമായിരുന്നോ കൊറോണ മരണങ്ങളെന്ന് സാമ്പത്തിക ശാസ്ത്രജ്ഞർ ചോദിക്കട്ടെ. അതെന്തായാലും ഭീതി മനുഷ്യന്റെ അതിജീവന തന്ത്രങ്ങളിലൊന്നാണെന്നത് വാസ്തവമെങ്കിൽ നാമിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന മുൻകൂർ ഭീതിയിൽ നിന്ന് ജനിക്കുന്ന പ്രതിരോധപ്രവർത്തനങ്ങളിലൂടെയായിരിക്കും ഒരുപക്ഷേ കൊറോണയെ അതിജീവിക്കുക.
ആദ്യമായാണ് ഒരുരോഗം ഒരേസമയം മനുഷ്യവംശത്തോട് ഒന്നടങ്കം സംവദിക്കുന്നത്. എല്ലാരോഗാണുക്കളേയും പോലെ കൊറോണയും അദൃശ്യവും നിശബ്ദവും നിർവികാരവും സൂക്ഷ്മദർശനിയിലൂടെയൊഴികെ നിരാകാരവുമാണ്.

അത് നിർജ്ജീവമാകയാൽ എന്താണതിന്റെ മനസ്സിൽ നടക്കുന്നത് എന്ന് ചിന്തിച്ചിട്ടാവശ്യമില്ല. നരേന്ദ്രമോദി മെഴുകുതിരി കത്തിച്ചതും കിണ്ണംകൊട്ടിയതും അത് അറിഞ്ഞിട്ടുണ്ടാവുമോ? വഴിയില്ല.

ഉടൻ പകരാനുള്ള ശേഷിയാണ് അതിന്റെ അതിജീവനതന്ത്രം. അത് നിർജ്ജീവമാകയാൽ എന്താണതിന്റെ മനസ്സിൽ നടക്കുന്നത് എന്ന് ചിന്തിച്ചിട്ടാവശ്യമില്ല. നരേന്ദ്രമോദി മെഴുകുതിരി കത്തിച്ചതും കിണ്ണംകൊട്ടിയതും അത് അറിഞ്ഞിട്ടുണ്ടാവുമോ? വഴിയില്ല.

പക്ഷേ ഈസൂക്ഷ്മ മാംസ്യശകലം കുതിച്ചുപായുന്ന നഗരങ്ങളെ നിശ്ചലമാക്കുന്നു, ദൈവങ്ങൾക്ക് അവധികൊടുക്കുന്നു, ആൾദൈവങ്ങളെ ഒളിപ്പിക്കുന്നു, പ്രധാനമന്ത്രിമാരെ അടച്ചുപൂട്ടുന്നു. ലോകമെങ്ങും വിമാനങ്ങൾ ഉറക്കത്തിലാണ്. തീവണ്ടികൾ സ്വപ്നം കാണുകയാണ്. ബസുക്കൾ കൂട്ടംകൂട്ടമായി വിശ്രമിക്കുകയാണ്.

സമ്പദ് വ്യവസ്ഥകൾ ഛിന്നഭിന്നമാകുന്നു. അമേരിക്കപോലെയുള്ള ഒരു വൈശ്രവണ രാഷ്ട്രം അതിന്നുവരെ- 2001 സെപ്റ്റംബർ 11ന് പോലും- അറിഞ്ഞിട്ടില്ലാത്ത നഗ്‌നസത്യങ്ങൾക്കു മുമ്പിൽ പകച്ചുനിൽക്കുന്നു.
മലയാളികളായ നമുക്ക് അടച്ചുപൂട്ടൽ അപരിചിതമല്ല. അതിന്റെ പ്രഹസനരൂപങ്ങൾ വർഷത്തിൽ പലയാവർത്തി അനുഭവിക്കുന്നവരാണ് നമ്മൾ- ഹർത്താലുകളും ബന്ദുകളും. അവ നമുക്ക് പൗരത്വ നിരുത്തരവാദിത്തത്തിന്റെ ഉല്ലാസവേളകളാണ്. പക്ഷേ കൊറോണ കൊണ്ടുവന്നിരിക്കുന്ന അടച്ചുപൂട്ടൽ മലയാളിയുടെ സുഭിഷ, സുരക്ഷിത, പൊങ്ങച്ചാധിഷ്ഠിത സർവ്വ സ്വാതന്ത്ര്യ പ്രപഞ്ചത്തിന് അന്യമാണ്. യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും ഗുണ്ടകളല്ല നമ്മെ ഇന്ന് വീട്ടിലിരുത്തുന്നത്. സർക്കാറിന്റെ ഉത്തരവ് മാത്രമല്ല. നമ്മുടെ മരണഭയം തന്നെയാണ്. നാം യഥാർഥ വീട്ടുതടങ്കൽ എന്തെന്ന് ഇന്ന് മനസിലാക്കുന്നു.

കോവിഡ് ലോക്ക്ഡൗൺ

സഞ്ചാരങ്ങൾ ചോദ്യം ചെയ്യപ്പെടുന്നത് എങ്ങനെയെന്ന് മനസിലാക്കുന്നു. അവശ്യസാധനങ്ങൾ ലഭിക്കാതായേക്കാം എന്ന സാധ്യത അറിയുന്നു. വരുമാനമാർഗങ്ങൾ അപ്രത്യക്ഷമാകാം എന്നറിയുന്നു. ആരാധനാലയങ്ങളുടെ തലോടലില്ലാതെ ജീവിക്കുന്നതെങ്ങനെയെന്ന് ചിലരെങ്കിലും മനസിലാക്കുന്നു.

സർക്കാറിന്റെ ഉത്തരവ് മാത്രമല്ല. നമ്മുടെ മരണഭയം തന്നെയാണ്. നാം യഥാർഥ വീട്ടുതടങ്കൽ എന്തെന്ന് ഇന്ന് മനസിലാക്കുന്നു.

വിദ്യാലയങ്ങൾ നിശബ്ദമാകുന്നത് കാണുന്നു. തീവണ്ടിയും ബസ്സുമില്ലാത്ത ഒരു ലോകം മറനീക്കുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ അവസാനം കാണാത്ത ഹൃദയഭേദകങ്ങളായ അടച്ചുപൂട്ടലുകളിൽ ദശകങ്ങളായി കഴിഞ്ഞുകൂടുന്ന ഇന്ത്യയിലേയും ലോകത്തിലേയും ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതങ്ങളുടെ ഒരു ചെറു രുചിനോട്ടം മലയാളിയ്ക്ക് ലഭിച്ചു.

ഉദാഹരണമായി കശ്മീർ ജനതയുടെ 70 ഓളം വർഷങ്ങളായി അടച്ചുപൂട്ടിയ നരകജീവിതം എടുക്കുക. തീരാത്ത ലോക്ക് ഡൗണുകളിലാണ് പട്ടാളവും ഭീകരരും മാറിമാറി അവരെ മുക്കിത്താഴ്ത്തുന്നത്. അടഞ്ഞ കടകളും തുറക്കാത്ത സ്‌കൂളുകളും വിജനങ്ങളായ തെരുവുകളും പാൽവാങ്ങാൻ അരക്കിലോമീറ്റർ പോകുന്നതിനിടെ രണ്ടുതവണ ചോദ്യം ചെയ്യപ്പെടുന്നതും അവരുടെ നിത്യജീവിതാനുഭവങ്ങളാണ്.

നാം മാർച്ച് 24ാം തിയ്യതിവരെ അഭംഗുരം ഭരണവും സമരവും ചേർത്ത് ആഘോഷിച്ചു പോന്ന ആ അഹന്താ ജീവിതം അവർക്ക് ഒരു വിദൂരസ്വപ്നംപോലുമല്ല.
കൊറോണ ഒരുപക്ഷേ മനുഷ്യവംശത്തിന്റെ പരിണാമപാതയിലെ ഒരു വഴിമാറ്റത്തിന്റെ കാര്യദർശിയായിരിക്കുമോ? അതായിരിക്കുമോ അതിന്റെ ഇഹലോകജീവിത ദൗത്യം? ആയിരിക്കാം. കൊറോണ പോലെയുള്ള ഒരു അതിസൂക്ഷ്മ ജീവിയിൽ നിന്നാണ് ഒരിക്കൽ ജീവൻ രൂപം പ്രാപിച്ചത്. അതിൽ നിന്ന് പരിണമിച്ച ജീവികളിലൊന്നാണ് മനുഷ്യൻ.

ഒരുപക്ഷേ കൊറോണയായിരിക്കാം മനുഷ്യന്റെ പരിണാമ ചരിത്രത്തിലെ പുതിയ ഘട്ടത്തിന്റെ ആസൂത്രകൻ. അത് ദീർഘകാലയളവിലെ കാര്യമാണ്. ഹ്രസ്വകാലയളവിൽ കൊറോണ കൊണ്ടുവന്ന ഭീതിയും അടച്ചുപൂട്ടലും മനുഷ്യനിൽ എന്തെങ്കിലും പരിവർത്തനം സൃഷ്ടിക്കുമോ? സംശയമാണ്.

സമൂഹങ്ങളെ എങ്ങനെ സമഗ്രമായി അടച്ചുപൂട്ടാം എന്നതിലുള്ള ഉന്നത പരിശീലനം ഫാസിസ്റ്റുകൾക്കും മറ്റു സ്വേച്ഛാധിപതികൾക്കും ഈ കൊറോണകാലത്ത് നിന്ന് ലഭിയ്ക്കും.

സമൂഹങ്ങളെ എങ്ങനെ സമഗ്രമായി അടച്ചുപൂട്ടാം എന്നതിലുള്ള ഉന്നത പരിശീലനം ഫാസിസ്റ്റുകൾക്കും മറ്റു സ്വേച്ഛാധിപതികൾക്കും ഈ കൊറോണകാലത്ത് നിന്ന് ലഭിയ്ക്കും. ഒരു രോഗത്തെ എങ്ങനെ വർഗീയ വിഷം പ്രചരിപ്പിക്കാനുള്ള ആയുധമാക്കിമാറ്റാം എന്നവർ നിഷ്പ്രയാസം തെളിയിച്ചുകഴിഞ്ഞു.

മതങ്ങൾ ഇതുകൊണ്ട് അവസാനിക്കുമോ? ആൾദൈവങ്ങൾ അപ്രത്യക്ഷരാകുമോ? ഇല്ല. മറിച്ച് അവരിലേക്കുള്ള ആളൊഴുക്ക് വർധിക്കാനാണ് വഴി. അവർ ഒരു പുതിയ വളർച്ചയ്ക്ക് പുതിയ കളങ്ങൾ ഒരുക്കുകയും അങ്ങോട്ട് മലയാളികൾ പാഞ്ഞടുക്കുകയും ചെയ്യും. (താൻ കൊറോണയെ മൂന്ന് വർഷം മുമ്പ് മുൻകൂട്ടി കണ്ടതാണെന്ന് കേരളത്തിലെ ഒരു ആൾദൈവം പറയുന്നതുകേട്ടു.).

കിണ്ണംകൊട്ടിയും തിരികത്തിച്ചും നിർവൃതിയടയുന്ന ആയിരക്കണക്കിന് മലയാളികളെ കണ്ടു. അടഞ്ഞുകിടക്കുന്ന ആരാധനാലയങ്ങളുടെ തുറക്കൽ മലയാള പത്രങ്ങളും ചാനലുകളും ദിവസങ്ങളോളം ആഘോഷിക്കും. ആഗോള ഔഷധവ്യവസായം ഒരു പുതിയ സുവർണ യുഗത്തിലേക്ക് പ്രവേശിക്കും. കൊറോണയായിരിക്കും അതിന്റെ ഈശ്വരൻ.

അടഞ്ഞുകിടക്കുന്ന ആരാധനാലയങ്ങളുടെ തുറക്കൽ മലയാള പത്രങ്ങളും ചാനലുകളും ദിവസങ്ങളോളം ആഘോഷിക്കും.

പാശ്ചാത്യ മുതലാളിത്ത വ്യവസ്ഥിതി- പ്രത്യേകിച്ച് അമേരിക്ക- അതിന്റെ നെടുംതൂണെന്ന അഭിമാനിച്ചിരുന്ന പൊതുജനാരോഗ്യ സംവിധാനം ഒരു ചീട്ടുകൊട്ടാരംപോലെ തകർന്നുവീഴുന്നത് നാം കണ്ടു. പക്ഷെ പാശ്ചാത്യ മുതലാളിത്തത്തിന്റെ മറ്റൊരു നെടുംതൂൺ ഔഷധ വ്യവസായവും രോഗശ്രുശ്രൂഷാ വ്യവസായവും ഇൻഷുറൻസ് കമ്പനികളും ചേർന്ന് സൃഷ്ടിച്ച ഭീകരസത്വമാണ്. അതിന്റെ കരാളഹസ്തത്തിൽ നിന്ന് ഇനിയും പൊതുജന ആരോഗ്യസംവിധാനങ്ങൾക്ക് മോചനമുണ്ടാവില്ല.

ലോകപ്രമാണിത്തങ്ങൾ മാറിമറിഞ്ഞേക്കാം. സ്വേച്ഛാധിപത്യങ്ങൾ കൂടുതൽ ശക്തിപ്രാപിച്ചേക്കാം. അടച്ചുപൂട്ടലുകൾ അവർക്ക് അനന്ത സാധ്യതകൾ കാണിച്ചുകൊടുത്തേക്കാം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉയരുന്ന ചോദ്യമിതാണ്: നാം കൂടുതൽ ഭയപ്പെടേണ്ടത് കൊറോണയുടെ പരസ്യജീവിതത്തേയോ അതോ അതിനെ പ്രയോജനപ്പെടുത്തുന്നവരുടെ പൈശാചികതയെയോ?

Comments