truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 30 March 2023

truecoppy
Truecopy Logo
Readers are Thinkers

Thursday, 30 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
 Sathnam-Sing-Matha-Amrithanandamayi-Madam.jpg

Crime

സത്നാം സിങ്:
പത്തുവര്‍ഷമായിട്ടും മഠത്തില്‍
തൊടാത്ത അന്വേഷണം

സത്നാം സിങ്: പത്തുവര്‍ഷമായിട്ടും മഠത്തില്‍ തൊടാത്ത അന്വേഷണം

കേരളത്തിലെ ഒരു മാനസികരോഗാശുപത്രിയുടെ സെല്ലിനകത്തെ ടോയ്​ലറ്റില്‍ ചത്തു മലച്ചുകിടന്ന സത്‌നാം സിംഗ്​ എന്ന യുവാവിന്​ വാസ്​തവത്തിൽ എന്താണ്​ സംഭവിച്ചത്​ എന്ന്​, ആ ക്രൂരമായ കൊലപാതകത്തിന്​ പത്തുവർഷം തികയുമ്പോഴും ഉത്തരമായിട്ടില്ല. കേസ്​ വീണ്ടും അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയെങ്കിലും നിയമയുദ്ധം അവസാനിപ്പിക്കാന്‍ സത്‌നാമിന്റെ കുടുംബം തയ്യാറല്ല. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനക്കായി അപ്പീല്‍ നല്‍കിയിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല. നീതിക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്നാണ് സത്‌നാമിന്റെ കുടുംബം പറയുന്നത്. 

5 Aug 2022, 07:37 PM

ഷഫീഖ് താമരശ്ശേരി

ഗൗതമബുദ്ധന്റെ ബോധോദയ സങ്കൽപവുമായി ബന്ധപ്പെട്ട ബോധ്ഗയയുടെ സമീപഗ്രാമങ്ങളിലൊന്നാണ് ദക്ഷിണ ബീഹാറിലെ ഷേര്‍ഘാട്ടി. ഷേര്‍ഘാട്ടിയിലെ നാട്ടുപ്രമാണികളായ ബ്രാഹ്മണ ജന്മി കുടുംബത്തില്‍ 24 വയസ്സുവരെ ജീവിച്ച സത്‌നാം ഒരു രാത്രി എല്ലാമുപേക്ഷിച്ച് വീടുവിട്ടിറങ്ങിയത് ബോധ്ഗയയിലേക്കായിരുന്നു. കാല്‍നടയായായിരുന്നു ആ രാത്രിയാത്ര. അല്ലലില്ലാത്ത വീട്ടുസാഹചര്യങ്ങളുപേക്ഷിച്ച് ഒരു അവധൂതനെപ്പോലെ സത്യാന്വേഷണങ്ങള്‍ക്കായി ഇറങ്ങിപ്പുറപ്പെട്ട സത്നാമിന്റെ അതുവരെയുള്ള ജീവിതത്തിലും കാഴ്ചകളിലും, രാജ്യവും കൊട്ടാരവും കുടുംബവും ഉപേക്ഷിച്ച്​ ലോകത്തിന്റെ ദുഃഖത്തിലേക്കും കണ്ണീരിലേക്കും ഇറങ്ങിപ്പുറപ്പെട്ട ബോധിസത്വന്റെ സൂക്ഷ്മ പകര്‍പ്പുകള്‍ കാണാമായിരുന്നു. ബുദ്ധനില്‍ നിന്ന് യാത്ര തുടങ്ങിയ സത്‌നാം ആ രാത്രി ഗയ റെയില്‍വേ സ്റ്റേഷനിലെത്തിയ ഏതോ ഒരു ട്രെയിനില്‍ എങ്ങോട്ടെന്നില്ലാതെ യാത്ര തിരിച്ചു. ഉടുത്തിരിക്കുന്ന വസ്ത്രമല്ലാതെ മറ്റൊന്നും സത്‌നാമിന്റെ പക്കലുണ്ടായിരുന്നില്ല. 

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

സത്‌നാമിനെ കാത്തിരുന്നത്​ വലിയൊരു ദുരന്തമായിരുന്നു. മാസങ്ങള്‍ക്കുശേഷം സത്‌നാം ഷേര്‍ഘാട്ടിയിലേക്ക് തിരിച്ചെത്തിയത് ചലനമറ്റ ശരീരമായാണ്. ദേഹമാസകലം മുറിവും തലയോട്ടിയിലേറ്റ ക്ഷതവുമായി കേരളത്തിലെ ഒരു മാനസികരോഗാശുപത്രിയുടെ സെല്ലിനകത്തെ ടോയ്​ലറ്റില്‍ ചത്ത് മലച്ചുകിടക്കുകയായിരുന്നു സത്‌നാം. പത്ത് വര്‍ഷം പിന്നിടുമ്പോഴും ആ യുവാവിന് അന്നെന്താണ് സംഭവിച്ചതെന്നത് ദുരൂഹതയായി തുടരുകയാണ്. 

ആരായിരുന്നു സത്‌നാം

സത്യത്തിന്റെ പേര് എന്നര്‍ത്ഥം വരുന്ന  ‘സത്നാം' എന്ന നാമധാരി ജീവിതത്തിന്റെ പൊരുളു തേടി യാത്ര തിരിച്ചത് ബീഹാറിലെ ബോധ്ഗയയില്‍ നിന്നാണ്. ലക്​നോവിലെ റാം മനോഹര്‍ ലോഹിയ യൂണിവേഴ്സിറ്റിയില്‍ നിയമവിദ്യാര്‍ത്ഥിയായിരിക്കെയാണ് സത്നാം ആത്മീയ ചിന്തകളില്‍ ആകൃഷ്ടനാകുന്നത്. ആത്മീയാലോചനകളുടെ മൂര്‍ധന്യതയില്‍ വീടുവിട്ടിറങ്ങിയ സത്‌നാം ബോധ്ഗയയിലെ മഹാബോധി ക്ഷേത്രം, ഝാര്‍ഖണ്ഡിലെ സ്വാമി സച്ചിദാനന്ദ സരസ്വതിയുടെ റിഖി പീത് ആശ്രമം, കൊല്‍ക്കത്തയിലെ വേലൂര്‍ മഠം, വാരണസി എന്നിങ്ങനെ നിരവധി ആത്മീയ കേന്ദ്രങ്ങളിലൂടെയുള്ള സഞ്ചാരങ്ങള്‍ക്കൊടുവിലാണ്  കേരളത്തിലെത്തിയത്. മലയാള നാടിന്റെ ആത്മീയ, നവോത്ഥാന മൂല്യങ്ങളെക്കുറിച്ചുള്ള വാഴ്ത്തുകളും ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, വാഗ്ഭടാനന്ദന്‍, അയ്യങ്കാളി എന്നിവരുടെ ചിന്തകളുമാണ് സത്നാമിനെ കേരളത്തിലേക്ക് ആകര്‍ഷിച്ചത്.

ALSO READ

ഗാംബ്ലിങ്​ എന്ന ആസക്തി, ലഹരി

നാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ തിരുവനന്തപുരം കുന്നുംപുറം ക്ഷേത്രത്തിലാണ് സത്നാം ആദ്യമായെത്തിയത്. അവിടെ നിന്ന്​ വര്‍ക്കലയിലെ ശിവഗിരിമഠത്തിലെത്തി. സ്വാമി മുനി നാരായണപ്രസാദിന്റെ ശിക്ഷണത്തില്‍ നാരായണ ഗുരുഗുലത്തില്‍ രണ്ടാഴ്ചയോളം തങ്ങിയശേഷം വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തിലേക്ക് പോയി. ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നതിനിടയില്‍ അമൃതാനന്ദമയിക്ക് നേരെ വേഗത്തില്‍ പാഞ്ഞടുത്ത സത്‌നാമിനെ അവിടെയുണ്ടായിരുന്നവര്‍ പിടികൂടി മര്‍ദിച്ചു. വര്‍ക്കലയിലെ സര്‍വ്വമതപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുമ്പോഴോ അതിന് മുമ്പോ ഹൃദിസ്ഥമാക്കിയ മുസ്​ലിം പ്രാര്‍ത്ഥനാ മന്ത്രം 'ബിസ്മില്ലാഹി റഹ്മാനി റഹീം' ചൊല്ലിയതിന്റെ പേരില്‍ തീവ്രവാദിയെന്ന് ചിത്രീകരിച്ചായിരുന്നു സത്നാമിനെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലും ജയിലിലും മാനസികാരോഗ്യകേന്ദ്രത്തിലുമായി രണ്ടു ദിവസം. മൂന്നാം നാള്‍, ആഗസ്ത് നാലിന് കൊല്ലപ്പെട്ട രീതിയില്‍ കണ്ടെത്തിയ സത്നാമിന്റെ ശരീരത്തില്‍, തലയ്ക്കേറ്റ മാരക ക്ഷതമടക്കം 77 മുറിവുകളുണ്ടായിരുന്നു. മര്‍ദനത്തിന്റെ നിരവധി പാടുകളും.

satnam singh
സത്നാം സിംഗ്

ഒരു  ‘ഹിന്ദു സ്ഥലത്തേക്ക്' മുസ്​ലിം പ്രാര്‍ത്ഥനാമന്ത്രവുമായി കടന്നു കയറി എന്നതിനാണ് സത്നാമിന് നേരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം വധശ്രമത്തിന് കേസെടുത്തത് എന്നാണ് അന്നത്തെ ഡി.ജി.പി സെന്‍കുമാര്‍ സത്നാമിന്റെ പിതാവുമായി പിന്നീട് നടന്ന കൂടിക്കാഴ്ചയില്‍ പറഞ്ഞത്. അറസ്റ്റ് ചെയ്യപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം സത്നാമിന്റെ മുസ്​ലിം തീവ്രവാദ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്​ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പി. പരമേശ്വരന്‍ വാർത്താസമ്മേളനം വിളിച്ചു ചേര്‍ക്കുകയും ചെയ്തു. താന്‍ ബ്രഹ്മജ്ഞാനം അന്വേഷിക്കുകയാണെന്നായിരുന്നു അമൃതാനന്ദമയി മഠത്തില്‍ പ്രവേശനമാവശ്യപ്പെട്ടെത്തിയ സത്നാം പറഞ്ഞിരുന്നത്.  ‘ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്' ബ്രഹ്മജ്ഞാനം തേടിവന്ന ഒരു പരദേശി യുവാവിന് തന്റെ ജീവനാണ്​ പകരം കൊടുക്കേണ്ടിവന്നത്​. 

സത്‌നാം വന്ന വഴി

ഇരുപത്തിനാല് വയസ്സിനുള്ളില്‍ അത്ഭുതകരമായ ഒരു ജീവിതമായിരുന്നു സത്‌നാം ജീവിച്ചുതീര്‍ത്തത്. അവിശ്വസനീയമായ ജീവിതസന്ദര്‍ഭങ്ങളുടയും ചിന്തകളുടെയും അന്വേഷണങ്ങളുടെയും യാത്രകളുടെയുമെല്ലാം കൂടിച്ചേരലായിരുന്നു സത്‌നാമിന്റെ അവസാന കാല ജീവിതം. സത്‌നാമിന്റെ ജീവിതത്തിലൂടെ കടന്നുപോയ ഓരോരുത്തര്‍ക്കും വിവരിക്കാനുള്ളത്, സത്‌നാമിനെക്കുറിച്ചുള്ള ഒരിക്കലും മറക്കാനാവാത്ത, പലര്‍ക്കും അവിശ്വസനീയമെന്ന് തോന്നുന്ന പലതരം അനുഭവങ്ങളാണ്.    

ALSO READ

പശ്ചാത്താപചിന്തയുടെ ചിദംബരസ്മരണകള്‍ 

2012 ജൂലൈ അവസാനവാരത്തില്‍ വര്‍ക്കലയിലെ താജ് ഹോട്ടലില്‍ ‘മെറ്റഫിസിക്‌സ് ആൻറ്​ പൊളിറ്റിക്‌സ്' എന്ന വിഷയത്തില്‍ ഒരു അന്തര്‍ദേശീയ സെമിനാര്‍ നടന്നു. ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമായിരുന്നു അതില്‍ പങ്കെടുത്തിരുന്നത്. യു.ആര്‍. അനന്തമൂര്‍ത്തി, മുനി നാരായണ പ്രസാദ് തുടങ്ങിയവരായിരുന്നു പ്രബന്ധാവതാരകര്‍. ശേഷം നടന്ന ചര്‍ച്ചയില്‍ വളരെ ക്രിയാത്മകമവും പ്രാധാന്യമര്‍ഹിക്കുന്നതുമായ ചില ചോദ്യങ്ങളുന്നയിച്ച ഒരു ഉത്തരേന്ത്യന്‍ യുവാവ് സദസ്സിലുണ്ടായിരുന്ന എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും അയാള്‍ ആരാണെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ആ യുവാവിന്റെ ഫോട്ടോ പത്രത്തില്‍ വന്നു. ‘മാതാ അമൃതാന്ദമയിയെ വധിക്കാന്‍ ശ്രമിച്ച ബീഹാറി യുവാവ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊല്ലപ്പെട്ട നിലയില്‍' എന്ന തലക്കെട്ടോടെ. സത്‌നാം സിങ് ആയിരുന്നു മുനി നാരായണ പ്രസാദിന്റെ ക്ഷണപ്രകാരം ആ സെമിനാറില്‍ പങ്കെടുത്തിരുന്നത്. 

Muni Narayana Prasad
മുനി നാരായണ പ്രസാദിനെ കാണാന്‍ സത്നാമിന്റെ പിതാവും ബന്ധുക്കളും എത്തിയപ്പോള്‍ / Photo: Chandrika weekly

പ്ലസ്ടു വിദ്യാര്‍ത്ഥിയായിരിക്കെ 2007 ലെ അവധിക്കാലത്ത് വീട്ടിലേക്ക് വരികയായിരുന്ന സത്‌നാം സിങിനെ റെയില്‍വേ സ്റ്റേഷനില്‍ ചെന്ന് സ്വീകരിക്കാന്‍ അച്ഛന്‍ ഹരീന്ദ്രസിംഗ് കാറില്‍ പുറപ്പെട്ടു. 1317 കിലോമീറ്റര്‍ അകലെയുള്ള ചണ്ഡീഗഡില്‍ നിന്ന്​ ഗയയിലേയ്ക്കുള്ള യാത്രയ്ക്കായി ഹരീന്ദ്രസിംഗ്, സത്‌നാമിന് ഫസ്റ്റ് ക്ലാസ് എ.സി കമ്പാര്‍ട്ട്‌മെന്റില്‍ സീറ്റ് റിസര്‍വ് ചെയ്ത് നല്‍കിയിരുന്നു. പക്ഷേ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഹരീന്ദ്രസിംഗ് കണ്ടത് ക്ഷീണിച്ചവശനായി വിയര്‍പ്പില്‍ കുളിച്ച് ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്‌മെന്റില്‍ നിന്നുമിറങ്ങിവരുന്ന സത്‌നാമിനെയാണ്. ഒന്നിരിക്കാന്‍ പോലും കഴിയാതെയും പലപ്പോഴും ഒറ്റക്കാലില്‍ നിന്നായുമായിരുന്നു തിരക്കുള്ള ആ ബോഗിയില്‍ സത്‌നാം യാത്ര ചെയ്തത്. റിസര്‍വ്ഡ് ടിക്കറ്റ് കയ്യിലുണ്ടായിരുന്നിട്ടും തിക്കും തിരക്കുമുള്ള, വിയര്‍പ്പ് നാറ്റമുള്ള കമ്പാര്‍ട്ട്‌മെന്റില്‍ മകന്‍ യാത്ര ചെയ്തതിനെ ഹരീന്ദ്രസിംഗ് ചോദ്യം ചെയ്തു. സത്‌നാമിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘ഇത്രമാത്രം പുരോഗതിയിലേക്ക് കുതിക്കുന്നുവെന്ന് പറയപ്പെടുന്ന ഇന്ത്യയില്‍ സാധാരണക്കാരുടെ ജീവിതവും യാത്രയുമെല്ലാം ഈ സ്ഥിതിയിലാണ്. അതിനാല്‍ ഇതിലപ്പുറം മറ്റൊരു സൗകര്യവും എനിക്കാവശ്യമില്ല'. കുടിയേറ്റക്കാരും തൊഴിലാളികളുമായ സാധാരണക്കാരായ മനുഷ്യര്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ ഈ സ്ഥിതിയില്‍ യാത്ര ചെയ്യേണ്ടി വരുന്നതിലുള്ള അമര്‍ഷം സത്‌നാം പങ്കുവെച്ചു. സത്‌നാമിന്റെ ഈ പ്രവൃത്തിയെക്കുറിച്ച് ചോദിച്ച സഹോദരന്‍ സുധാംശു സിങ് മാനിന് പിന്നീടൊരിക്കല്‍ സത്‌നാം ഇങ്ങനെ മറുപടി നല്‍കി.  ‘actual India travels in general coaches, while travelling in these coaches you will learn that India was a nation of poor farmers and migrants. but todays India treat them as a burden, here people don't want a super power but at least an easy 1000km journey for them'...

satnam singh
സത്നാം കുട്ടിക്കാലത്ത്
​​​​​​

‘ജീവിതത്തില്‍ ഒരിക്കലും അവന്‍ അക്രമസ്വഭാവം കാണിച്ചിട്ടില്ല. ഒരിക്കല്‍ പോലും രോഷാകുലനായി കണ്ടിട്ടില്ല. പലതരം അസ്വസ്ഥതകളും നിസ്സഹായതയും മാത്രമാണ് അവനിലുണ്ടായിരുന്നത്. ആവശ്യത്തിലധികം സ്വത്തും ബിസിനസ്സുമെല്ലാം ഞങ്ങള്‍ക്കുണ്ടായിട്ടും അതിലൊന്നും യാതൊരു താത്പര്യവും അവന്‍ കാണിച്ചില്ല. സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്നു അവന്‍. ഒരിക്കല്‍ അവന്‍ പഠനമുപേക്ഷിക്കുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു, നീ വിഷാദത്തിലാണോ? അവന്‍ മറുപടി പറഞ്ഞു: ജീവിതത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനര്‍ത്ഥം വിഷാദമാണെന്നല്ല.  ‘asking questions in life did not mean depression' -ഹരീന്ദ്രകുമാര്‍ സിങ് (സത്‌നാമിന്റെ പിതാവ്)

‘ഷിയ, സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ചോദിച്ച് ഒരിക്കല്‍ സത്‌നാം മസ്ജിദില്‍ വന്നിരുന്നു. പിന്നീടൊരിക്കല്‍ മുസ്​ലിം ശരീഅത്ത് നിയമത്തെക്കുറിച്ച് ചോദിച്ചുകൊണ്ടും. രണ്ടിനെക്കുറിച്ചും എനിക്ക് കാര്യമായ ധാരണകള്‍ ഇല്ലാതിരുന്നതിനാല്‍ ഗയ നഗരത്തിലെ ഒരു മുസ്​ലിം പണ്ഡിതന്റെയടുത്തേക്ക് ഞാന്‍ അവനെ പറഞ്ഞിവിട്ടു. കുറേ കാലത്തിനുശേഷം ഞങ്ങള്‍ വീണ്ടും സംസാരിക്കുകയുണ്ടായി. അപ്പോഴേക്കും സത്‌നാം ഒരുപാട് ദൂരം മുന്നോട്ട് പോയിരുന്നു. സൂഫിസത്തെക്കുറിച്ച് സത്‌നാം ആഴത്തില്‍ പഠിച്ചിരുന്നു. ഇവിടുത്തെ മുസ്​ലിംകള്‍ യഥാര്‍ത്ഥ ഇസ്​ലാമിനെ മനസ്സിലാക്കണമെന്ന് സത്‌നാം പറയുമായിരുന്നു. ഇന്റര്‍നെറ്റ് വഴി വിദേശസര്‍വകലാശാലകളിലെ ഇസ്​ലാമിക ഗവേഷകരുമായി സത്‌നാം അന്ന് ആശയവിനിമയം നടത്താറുണ്ടായിരുന്നുവെന്നാണ് പിന്നീട് ഞാന്‍ മനസ്സിലാക്കിയത്. ബിസ്മില്ലാ... മന്ത്രമടക്കം നിരവധി അറബ് സൂക്തങ്ങള്‍ സത്‌നാം ഈണത്തില്‍ ചൊല്ലുമായിരുന്നു. അതിന്റെ അര്‍ത്ഥവും പറയുമായിരുന്നു. അക്രമകാരിയെന്ന് പറഞ്ഞ് കേരളത്തില്‍ നിന്നും സത്‌നാമിനെ ആളുകള്‍ പിടികൂടിയപ്പോള്‍ അവന്‍ ചൊല്ലിയത് ബിസ്മില്ലാഹി റഹ്മാനി റഹീം എന്നായിരുന്നുവത്രേ. അതിന്റെ പേരിലായിരുന്നു പോലും അവനെ ഭീകരവാദിയായി ചിത്രീകരിച്ചത്' - തഖീ ഇമാം (സത്‌നാമിന്റെ മുത്തച്ഛന്‍ പണിതു നല്‍കിയ മുസ്​ലിം പള്ളിയിലെ ഇമാം)

Thakee Imam
തഖീ ഇമാം സത്നാമിന്റെ പിതാവിനൊപ്പം / Photo: Shafeeq Thamarassery

‘ദീര്‍ഘകാലത്തെ എന്റെ ആശ്രമജീവിതത്തിനിടയില്‍ ആത്മീയപഠനാവശ്യങ്ങള്‍ക്കായി വന്ന ആയിരക്കണക്കിനാളുകളുമായി ഞാന്‍ ഇടപെട്ടിട്ടുണ്ട്. അതില്‍ എന്നെ അത്ഭുതപ്പെടുത്തിയ അപൂര്‍വം വ്യക്തികളിലൊരാളായിരുന്നു സത്‌നാം. ഭക്തിയല്ല, വൈവിധ്യവും ആഴവുമുള്ള ചിന്തകളായിരുന്നു സത്‌നാമിന്റെ ആത്മീയചോദനകളുടെ ആധാരം. ജീവിച്ചിരുന്നെങ്കില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യം അറിയപ്പെടുന്ന ചിന്തകനായി സത്‌നാം മാറിയേനെ' -സ്വാമി സച്ചിദാനന്ദ സരസ്വതി - (റിഖി പീത് ആശ്രമം, ജാര്‍ഖണ്ഡ്)

ALSO READ

ചൈനക്കും യു.എസിനും ഇടയി​ലെ തായ്​വാൻ

‘സത്‌നാം ഇവിടെ പഠിക്കാനെത്തിയത് ഇവിടുത്തെ അക്കാദമിക അന്തരീക്ഷങ്ങളില്‍ വലിയ മാറ്റമുണ്ടാക്കിയിരുന്നു. സാധാരണ, മുമ്പ് വായിച്ചതും പഠിച്ചതുമായ ഓര്‍മകള്‍ വെച്ച് ക്ലാസെടുത്തിരുന്ന അധ്യാപകര്‍ക്ക് സത്‌നാം ക്ലാസ്സിലെത്തിയതോടുകൂടി അത് സാധ്യമാകാതെയായി. സത്‌നാമിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനായി അവര്‍ക്ക് മണിക്കൂറുകളോളം പുസ്തകങ്ങളും വെബ്‌സൈറ്റുകളുമെല്ലാം റഫര്‍ ചെയ്യേണ്ടി വന്നു' - ബല്‍രാജ് ചൗഹാന്‍ (മുന്‍ വൈസ് ചാന്‍സ്ലര്‍, റാം മനോഹര്‍ ലോഹിയ ലോ യൂണിവേഴ്‌സിറ്റി)

‘മൊര്‍ഹര്‍ നദിയുടെ തീരത്ത് നടന്ന, സത്‌നാമിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയത് പതിനയ്യായിരത്തിലധികം ആളുകളായിരുന്നു. എന്റെ അറിവില്‍ അതിന് മുമ്പോ ശേഷമോ ഷേര്‍ഘാട്ടിയില്‍ അത്തരമൊരു ചടങ്ങ് നടന്നിട്ടില്ല. ഗ്രാമം അക്ഷരാര്‍ത്ഥത്തില്‍ വിതുമ്പിയ ദിവസമായിരുന്നു അത്. ഇവിടുത്തെ ഓരോ കുടുംബത്തിനും തങ്ങളുടെ വീട്ടിലെ ഒരാള്‍ നഷ്ടപ്പെട്ടതുപോലത്തെ അനുഭവമായിരുന്നു അത്. ഷഹീദ് സത്‌നാം സിങ് മാന്‍ മെമ്മോറിയല്‍ എന്ന പേരിലാണ് ഇന്നും ഗ്രാമത്തിലെ മിക്ക പൊതുപരിപാടികളും നടക്കാറുള്ളത്'-  സയിദ് ഖതീബുല്ലാഹ് (ഷേര്‍ഘാട്ടിയിലെ പ്രാദേശിക പത്രപ്രവര്‍ത്തകന്‍)

Syed Khatibullah
സയിദ് ഖത്തീബുല്ലാഹ് / Photo: Shafeeq Thamarassery

My Quote Book എന്ന ഡയറിയില്‍ ഒരിക്കല്‍ സത്‌നാം എഴുതി;  ‘ഇപ്പോള്‍ ഞാനെന്തുകൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നതെന്നോ... സ്വത്വത്തെ കണ്ടെത്താനും ആത്മത്തെക്കുറിച്ച് മനസ്സിലാക്കാനും സ്വന്തം ഉണ്‍മയുടെ യഥാര്‍ത്ഥ ഭാവം തിരയാനും ശ്രമിക്കുന്നയാളുകള്‍ സത്യത്തില്‍ പരാജിതരായ ആത്മാക്കളാണ് എന്നുള്ളത് കൊണ്ടാണ്. പരാജിതമായ ആത്മാവിന് മാത്രമേ സ്വയം കണ്ടെത്താനാകൂ. ലക്ഷ്യമില്ലാതിരിക്കുക എന്ന ലക്ഷ്യമാണ് ഏറ്റവും വിഷമമേറിയ ലക്ഷ്യം'

സ്‌കൂള്‍ വിദ്യാര്‍ത്ഥിയിരുന്ന കാലത്ത് തന്നെ അസാധാരണ പ്രതിഭകൊണ്ടും ചിന്താശേഷി കൊണ്ടും ചുറ്റിലുമുള്ളവരെയെല്ലാം അത്ഭുതപ്പെടുത്തിയാണ് സത്‌നാം വളര്‍ന്നത്. വിവിധ ഭാഷകള്‍ അനായാസം പഠിച്ചു. തത്വചിന്തയില്‍ അളവറ്റ താത്പര്യം പ്രകടിപ്പിച്ചു. വ്യത്യസ്തങ്ങളായ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെക്കുറിച്ച് ഗവേഷണങ്ങള്‍ നടത്തി. മാര്‍ക്‌സിസം, വിമോചന ദൈവശാസ്ത്രം, സൂഫിസം എന്നിവയിലെല്ലാം അന്വേഷണങ്ങള്‍ നടത്തി. കാര്‍ഷിക പ്രതിസന്ധികളെക്കുറിച്ച് പഠിക്കുകയും ഷേര്‍ഘാട്ടിയിലെ കര്‍ഷകര്‍ക്ക് വേണ്ടി ഒരു എന്‍.ജി.ഒ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയും ഇതിന്റെ ഭാഗമായി ഒരു ഡോക്യുമെന്ററി നിര്‍മിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്തു. ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ സന്നദ്ധ സേവനമനുഷ്ഠിച്ചു. ജീവിതത്തില്‍ ഒരിക്കലെങ്കിലും സത്‌നാമുമായി എന്തെങ്കിലും കാര്യങ്ങള്‍ക്ക് വേണ്ടി ഇടപെട്ടിട്ടുള്ളവരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ഓരോ ദിനവും അയാള്‍ പിന്നിട്ടത്. 

Sherghatti Village
ഷേർഘാട്ടി ഗ്രാമം / Photo: Shafeeq Thamarassery

ഒരിക്കല്‍ ഒരു അതിശൈത്യ കാലത്ത് സത്‌നാമിന്റെ വീട്ടിലെ പുതപ്പുകളും ക്യാപ്പുകളും കോട്ടുകളുമടങ്ങുന്ന തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങളെല്ലാം കാണാതായിക്കൊണ്ടിരുന്നു. ധാരാളം അംഗങ്ങളുള്ള, കൂട്ടുകുടുംബമായിരുന്നു സത്‌നാമിന്റേത്. ആ ദിവസങ്ങളില്‍ ഷേര്‍ഘാട്ടിയിലെ കവലകളിലൂടെ നടക്കവേ കിഷോരി സിങ് എന്ന സത്‌നാമിന്റെ മുത്തച്ഛന്‍ വീട്ടില്‍ നിന്ന്​ കാണാതായ വസ്ത്രങ്ങളെല്ലാം തെരുവിലെ കച്ചവടക്കാരും റിക്ഷക്കാരും ഉപയോഗിക്കുന്നതായി കണ്ടു. അവരോടന്വേഷിച്ചപ്പോഴാണ് സത്‌നാമാണ് അതെല്ലാം അവര്‍ക്ക് കൊണ്ടുപോയി കൊടുത്തതെന്ന് അറിഞ്ഞത്. മുത്തച്ഛന്‍ തന്നുവിട്ടതാണ് എന്നുപറഞ്ഞായിരുന്നു സത്‌നാം അതെല്ലാം ഗ്രാമീണര്‍ക്ക് നല്‍കിയത്. തണുപ്പ് കാലത്ത് രാത്രികളിലും മറ്റും ജോലി ചെയ്യുന്നവര്‍ വല്ലാതെ ബുദ്ധിമുട്ടുന്നത് കണ്ടായിരുന്നു സത്‌നാം ഇതെല്ലാം ചെയ്തത്. ഇത്തരം ധാരാളം സംഭവങ്ങള്‍ സത്‌നാമിന്റെ കുട്ടിക്കാല ജീവിത്തിലുടനീളം കാണാം.

റാം മനോഹര്‍ ലോഹ്യ യൂണിവേഴ്‌സിറ്റിയില്‍ നിയമവിദ്യാര്‍ത്ഥിയിരിക്കെയാണ് സത്‌നാം ആത്മീയ ചിന്തകളില്‍ കൂടുതലായി ആകൃഷ്ടനാകുന്നതും പതിയെ അക്കാദമിക വിദ്യാഭ്യാസത്തില്‍ നിന്നും ആത്മീയ ചിന്തകളിലേക്ക് തിരിയുന്നതും. പിന്നീടുള്ള കുറച്ചുകാലം സത്‌നാമിന്റെ പ്രവൃത്തികളിലും സംസാരങ്ങളിലും ചില അസ്വാഭാവികതകള്‍ ഉണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് സത്‌നാം ഒരു രാത്രിയില്‍ വീടുവിട്ടിറങ്ങുന്നതും ഒടുവില്‍ കേരളത്തിലെത്തുന്നതും. 

Satnam Family
സത്നാം അവസാനമായി പങ്കെടുത്ത ഒരു കുടുംബപരിപാടിയില്‍ നിന്ന്
​

സത്നാം സിങ് കേരളത്തില്‍ വെച്ച് കൊല്ലപ്പെട്ടു എന്നറിഞ്ഞ, ലഖ്നൗവിലെ റാം മനോഹര്‍ ലോഹിയ യൂണിവേഴ്സിറ്റിയില്‍ സത്നാമിന്റെ റൂം മേറ്റ് ആയിരുന്ന രോഹിത് പ്രജാപതി ഫേസ്ബുക്കില്‍ അന്ന് ഇങ്ങനെ എഴുതി.  ‘മതം, സാമ്പത്തിക അസമത്വം, എന്നിവയിലധിഷ്ഠിതമായ സമൂഹത്തില്‍ ഔപചാരിക വിദ്യാഭ്യാസം നല്‍കുന്നതിനപ്പുറം സര്‍ക്കാരിന്റെ പങ്ക് എന്താണെന്നതിനെക്കുറിച്ച് സത്നാം സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. നിയമവിദ്യാര്‍ത്ഥിയെന്ന നിലയില്‍ ഭരണഘടനാപരമായ സ്വന്തം അവകാശങ്ങളെ സംബന്ധിച്ച് അവന് ബോധ്യമുണ്ടായിരുന്നു. ഫിലോസഫി, പൊളിറ്റിക്സ്, തിയോളജി എന്നിവ അവന്‍ ഇഷ്ടപ്പെട്ടു. റൂസോയുടെ ദര്‍ശനങ്ങളില്‍ അവന്‍ ആകൃഷ്ടനായിരുന്നു. മതങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങളില്‍ ഉത്കണ്ഠാകുലനായിരുന്നു സത്നാം. അവനത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. പഠനം പൂര്‍ത്തിയാക്കുകയും സമൂഹത്തിന്റെ കാഴ്ച്ചപ്പാടിന് നിരക്കുന്ന ജീവിതക്രമവുമായി മുന്നോട്ടുപോവുകയും ചെയ്യുന്നതാണ് നല്ലതെന്ന് അവനെ പലരും ഉപദേശിച്ചു. പക്ഷേ, വിശ്വസിക്കുന്ന കാര്യങ്ങള്‍ ഇട്ടെറിഞ്ഞുകളയാന്‍ അവന്‍ തയ്യാറായിരുന്നില്ല. വ്യത്യസ്തമായി ചിന്തിക്കുന്നവരെയെല്ലാം ഭ്രാന്തന്‍മാരായി കണക്കാക്കുന്ന സാമൂഹിക സാഹചര്യത്തില്‍ ഈ നിശ്ചയദാര്‍ഡ്യമാവണം അവന് ഈ ദുര്‍വിധി വരുത്തിയത്. കൊല്ലപ്പെടുന്നതിന് മുമ്പുള്ള രണ്ട് മാസങ്ങളില്‍ എന്ത് തരം ജീവിതമാണ് അവന്‍ നയിച്ചിട്ടുണ്ടാവുക എന്നതൊരു പിടിയുമില്ല. മരിക്കുന്നതിന് മുമ്പ് തനിക്കു പറയാനുള്ളത് പറയാന്‍ അവനൊരു അവസരവും കിട്ടിയിട്ടുണ്ടാവില്ല...'

സത്നാമിന് സംഭവിച്ചതെന്ത്?

മാതാ അമൃതാനന്ദമയിയുടെ ദര്‍ശനസമയത്ത് അവിടേക്ക് ഇടിച്ചുകയറി ആക്രമിക്കാന്‍ ശ്രമിച്ചു എന്നതിന്റെ പേരില്‍ 2012 ജൂലൈ 31 നാണ് സത്നാമിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പൊലീസെത്തുന്നതിന് മുമ്പെ തന്നെ ആശ്രമത്തിലെ ആളുകളില്‍ നിന്ന്​ സത്നാമിന് കടുത്ത മര്‍ദനമേറ്റിരുന്നു. ആന്തരികമായി കടുത്ത ക്ഷതങ്ങള്‍ സംഭവിച്ച സത്‌നാമിന് ചികിത്സ നല്‍കണമെന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ പൊലീസിനോട് ശുപാര്‍ശ ചെയ്തിട്ടും പൊലീസുകാര്‍ സത്നാമിനെ കസ്റ്റഡിയില്‍ തന്നെ സൂക്ഷിക്കുകയാണുണ്ടായത്.

ഉച്ചയ്ക്ക് രണ്ടുമണിയോടെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിച്ച സത്നാമിനെ പിറ്റേ ദിവസം വൈകീട്ട് 7 മണിക്ക് മാത്രമാണ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. 24 മണിക്കൂര്‍ എന്ന അനുവദനീയ പരിധിയേക്കാള്‍ കൂടുതല്‍ സമയം സത്നാമിനെ പൊലീസ് കസ്റ്റഡിയില്‍ വെക്കുകയായിരുന്നു. നിരായുധനായി ഒറ്റമുണ്ട് മാത്രം ധരിച്ച് ആശ്രമത്തിനകത്ത് പ്രവേശിച്ച സത്നാം അവിടെ ബഹളം വെച്ചു എന്ന കാരണത്താല്‍ വധശ്രമമടക്കമുള്ള വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. (ഐ.പി.സി സെഷന്‍  307, 332, 452 എന്നിവ).

satnam singh mann
സത്നാം കരുനാഗപ്പള്ളി പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ

അറസ്റ്റ് വാര്‍ത്തയറിഞ്ഞ ഉടന്‍ ദല്‍ഹിയില്‍ നിന്ന്​ വിമാനമാര്‍ഗം സത്നാമിന്റെ അച്ഛന്റെ സഹോദരപുത്രന്‍ വിമല്‍ കിഷോര്‍ സ്റ്റേഷനിലെത്തുകയും സത്നാം മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയില്‍ കഴിയുന്നയാളാണെന്ന് പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. ബീഹാറില്‍ നിന്ന്​ ഫാക്സ് വഴി ലഭിച്ച സത്‌നാമിന്റെ ചികിത്സ സംബന്ധമായ കുറിപ്പുകളും മറ്റു രേഖകളും പൊലീസിന് നല്‍കുകയും ചെയ്തിരുന്നു. പോരാത്തതിന് ബീഹാര്‍ പൊലീസിനെ ഫോണില്‍ കണക്ട് ചെയ്ത്‌കൊടുക്കുകയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും മുഖവിലയ്ക്കെടുക്കാതിരുന്ന പൊലീസ് ഉന്നതതലങ്ങളില്‍ നിന്ന് കനത്ത സമ്മര്‍ദമുണ്ടെന്നും കൊലക്കുറ്റത്തിന് കേസെടുക്കാനാണ് ഉത്തരവ് എന്നുമാണ് വിമല്‍ കിഷോറിനോട് പറഞ്ഞത്.

സത്നാമിന്റെ മരണം വിവാദമായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ ചുമതലക്കാരിയായിരുന്ന ഐ.ജി. ബി.സന്ധ്യ വള്ളിക്കാവിലെ ആശ്രമത്തില്‍ ചെന്ന് അമൃതാനന്ദമയിയെ നേരില്‍ കണ്ട് അനുഗ്രഹം വാങ്ങിയശേഷം അന്വേഷണം ആരംഭിച്ചത് അന്നുതന്നെ വിവാദമായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഒരിക്കല്‍ പോലും ഇവര്‍ സത്നാമിന്റെ കുടുംബത്തെയോ ആ ദിവസങ്ങളില്‍ സ്ഥലത്തുണ്ടായിരുന്ന സഹോദരന്‍ വിമല്‍ കിഷോറിനെയോ ബന്ധപ്പെട്ടിട്ടില്ല. തീര്‍ത്തും ഏകപക്ഷീയമായ ഒരന്വേഷണം നടത്തി കേസ് അവസാനിപ്പിക്കാനുള്ള ശ്രമമാണ് ബി.സന്ധ്യ നടത്തിയത്.

സത്നാമിന്റെ മരണകാരണമായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന തലയുടെ പിന്‍ഭാഗത്തെ ക്ഷതവും കഴുത്തിനടുത്തായി സംഭവിച്ച മാരക മുറിവുമെല്ലാം കൊല്ലപ്പെടുന്നതിനും 24 മണിക്കൂര്‍ മുമ്പ് സംഭവിച്ചതാണ് എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആഗസ്ത് 4 ന് വൈകീട്ട് 7 മണിയ്ക്കാണ് മരണം സ്ഥിരീകരിക്കുന്നത്. സത്നാം കൊല്ലപ്പെടുന്നതിനാസ്പദമായ സംഭവം നടന്നത് വൈകീട്ട് 3 മണിക്കും 4 മണിക്കും ഇടയിലാണെന്നാണ് പൊലീസ് പറയുന്നത്.

മാനസികാരോഗ്യ കേന്ദ്രത്തിലെ അന്ധേവാസികളില്‍ നിന്നേറ്റ മര്‍ദനമാണ് മരണകാരണമെന്ന് വരുത്തിക്കീര്‍ക്കാനായിരുന്നു പൊലീസിന്റെ ശ്രമം. എന്നാല്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളും ജീവനക്കാരും സത്‌നാമുമായി നടന്നുവെന്ന് പറയപ്പെടുന്ന സംഘര്‍ഷമല്ല മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. എന്നിട്ടും ഇവരെ മാത്രം പ്രതികളാക്കിയുള്ള റിപ്പോര്‍ട്ടാണ് പൊലീസ് സര്‍ക്കാറിന് നല്‍കിയത്. കൃത്യമായ ആസൂത്രണത്തോടെ കൊല്ലാനുറപ്പിച്ച് ആയുധങ്ങളുമായെത്തിയ ഒരു സംഘമാണ് സത്‌നാമിനെ വകവരുത്തിയത് എന്നത് സത്‌നാമിന്റെ ശരീരത്തിലുണ്ടായിരുന്ന പരിക്കുകളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ ഉന്നത ബന്ധങ്ങളുള്ള ആര്‍ക്കോ വേണ്ടി കേസ്സിലെ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനുള്ള പൊലീസിന്റെ ബോധപൂര്‍വമായ ശ്രമമായിരുന്നു എന്നാണ് സത്‌നാമിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. 

satnams-father-meets-ommen-chandy
അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ കാണുന്ന സത്നാമിന്റെ പിതാവ് ഹരീന്ദ്ര സിംഗ്

തിരുവന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ നടന്നുവന്ന ഈ കേസില്‍ തങ്ങള്‍ തൃപ്തരല്ല എന്നും, സി.ബി.ഐ അടക്കമുള്ള ഉന്നതതല ഏജന്‍സികളെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സത്നാമിന്റെ അച്ഛന്‍ ഹരീന്ദ്രകുമാര്‍ സിങ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും നേരില്‍ കണ്ടിരുന്നു. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അനുകൂലമായ യാതൊരു നടപടിയും ഉണ്ടാകാതിരുന്നതിനെത്തുടര്‍ന്ന് കേരള ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ നടന്നു വന്ന കേസ്സിന് സ്റ്റേ നല്‍കിയതിന് ശേഷമാണ് ഹൈക്കോടതിയില്‍ കേസ് പരിഗണിക്കുന്നത്. സാധാരണ കീഴ്​ക്കോടതികളില്‍ സ്റ്റേ നല്‍കുന്ന കേസുകള്‍ക്ക് ഹൈക്കോടതിയില്‍ മുഖ്യപരിഗണന ലഭിക്കാറുണ്ട്. എന്നാല്‍ സത്നാമിന്റെ കേസ്സില്‍ ഇങ്ങനെയൊരു പരിഗണനയുണ്ടായില്ല എന്നുമാത്രമല്ല, പതിവിന് വിപരീതമായി തുടര്‍ച്ചയായി കേസ് മാറ്റിവെക്കുകയാണുണ്ടായത്.

ഒടുവില്‍ 2019 ഫെബ്രുവരിയില്‍ ഹരീന്ദ്ര സിംഗിന്റെ അപേക്ഷ നിരുപാധികം തള്ളി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. ഇതിനിടയില്‍ കേസിലെ പ്രതികളായ മാനസികാരോഗ്യ കേന്ദ്രത്തിലെ രണ്ട് ജീവനക്കാര്‍ മരിച്ചു. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സത്നാം സിങ്ങിന്റെ അച്ഛന്‍ ഹരീന്ദ്രകുമാര്‍ സിംഗ് നല്‍കിയ റിട്ട് കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളുകയും ചെയ്തു. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് നടന്ന ഈ  കൊലപാതകവുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങളില്‍ അന്നത്തെ പബ്ലിക് പ്രോസിക്യൂട്ടറും അഡ്വക്കേറ്റ് ജനറലും സാങ്കേതിക പ്രശ്നങ്ങളില്‍ ഉന്നിയ എതിര്‍വാദങ്ങളാണ് നിരന്തരം ഉന്നയിച്ചിരുന്നത്. സത്‌നാമിന്റെ മരണവുമായി ബന്ധപ്പെട്ട് അമൃതാനന്ദമയി മഠത്തിന്റെ പങ്ക് സംബന്ധിച്ച്​, സത്‌നാമിന്റെ കുടുംബവും മനുഷ്യാവകാശ പ്രവര്‍ത്തകരും നിരന്തരം ഉന്നയിച്ച സംശയങ്ങളൊന്നും അന്വേഷണ ഉദ്യോഗസ്ഥരോ കോടതിയോ  മുഖവിലക്കെടുത്തില്ല. 

Hareendra Kumar Singh
ഹരീന്ദ്ര സിംഗ് / Photo: Shafeeq Thamarassery

പുനരന്വേഷണമെന്ന ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയെങ്കിലും നിയമയുദ്ധം അവസാനിപ്പിക്കാന്‍ സത്‌നാമിന്റെ കുടുംബം തയ്യാറല്ല. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനക്കായി അപ്പീല്‍ നല്‍കിയിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല. നീതിക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്നാണ് സത്‌നാമിന്റെ കുടുംബം പറയുന്നത്.  2016-ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ സത്‌നാമിന്റെ പിതാവ് അദ്ദേഹത്തെ കണ്ട് തന്റെ പരാതികള്‍ ബോധിപ്പിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. സത്നാമിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായി എന്നതിനപ്പുറം ഒന്നും സംഭവിച്ചില്ല. 
‘നഷ്ടപരിഹാര തുകയല്ല', നീതിയാണ് തങ്ങള്‍ക്ക് വേണ്ടതെന്നാണ് സത്നാമിന്റെ കുടുംബം അന്ന് അതിനോട് പ്രതികരിച്ചത്. ലഭിച്ച തുക സത്‌നാമിന്റെ പേരില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാറ്റിവെക്കുമെന്നും കുടുംബം പ്രഖ്യാപിച്ചു. 

സത്നാമിന്റെ യഥാര്‍ത്ഥ ഘാതകര്‍ ഇപ്പോഴും തിരശ്ശീലയ്ക്ക് പിറകില്‍ മറഞ്ഞിരിക്കുകയാണ്. കൃത്യമായ ലക്ഷ്യങ്ങളോടെ നിഗൂഢമായ ഒരു താത്പര്യത്തിനുവേണ്ടി ഒരുകൂട്ടം ക്രിമിനലുകള്‍ പണത്തിന്റെയും സ്വാധീനത്തിന്റെയും പിന്‍ബലത്തില്‍ നടത്തിയ ഹീനമായ നരഹത്യയെ മൂടിവയ്ക്കാന്‍, നീതിന്യായ നിയമസംഹിതകളുടെ ധിക്കാരപൂര്‍വമായ വളച്ചൊടിക്കലാണ് ഇവിടുത്തെ നീതിനിര്‍വഹണ-നിയമപാലക സംവിധാനങ്ങള്‍ നടത്തിയിട്ടുള്ളതെന്നാണ് സത്‌നാം സിംഗ് കേസ് പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്. 

ഷഫീഖ് താമരശ്ശേരി  

പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ട്രൂകോപ്പി തിങ്ക്

  • Tags
  • #Crime
  • #Shafeeq Thamarassery
  • #Mata Amritanandamayi Math
  • #Satnam Singh
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
 banner_8.jpg

CITIZEN'S DIARY

ഷഫീഖ് താമരശ്ശേരി

സൂക്ഷിക്കണം, വഴിയില്‍ പൊലീസുണ്ട്

Mar 26, 2023

5 Minutes Watch

senna spectabilis

Environment

ഷഫീഖ് താമരശ്ശേരി

ഒരു മരം വനംവകുപ്പിനെ തിരിഞ്ഞുകൊത്തിയ കഥ

Mar 21, 2023

10 Minutes Watch

joseph pamplany

CITIZEN'S DIARY

ഷഫീഖ് താമരശ്ശേരി

മുന്നൂറ് രൂപയ്ക്ക് ക്രൈസ്തവരെ ഒറ്റുന്ന ബിഷപ്പിനോട്

Mar 20, 2023

5 Minutes Watch

Long March

Farmers' Protest

ഷഫീഖ് താമരശ്ശേരി

വെറും നാല് ദിവസം കൊണ്ട്  മഹാരാഷ്ട്ര സര്‍ക്കാറിനെ  മുട്ടുകുത്തിച്ച കര്‍ഷക പോരാട്ടം

Mar 17, 2023

5 Minutes Read

brahmapuram

Waste Management

ഷഫീഖ് താമരശ്ശേരി

ബ്രഹ്മപുരത്തെ കുറ്റകൃത്യം

Mar 13, 2023

12 Minutes Watch

Renaming places in india

CITIZEN'S DIARY

ഷഫീഖ് താമരശ്ശേരി

ഹിന്ദുത്വ ഹരജിയെ ഭരണഘടനകൊണ്ട് തടുത്ത ആ രണ്ട് ന്യായാധിപര്‍

Mar 02, 2023

4 Minutes Watch

ullekh n p

Kerala Politics

ഉല്ലേഖ് എന്‍.പി.

കണ്ണൂരിലെ പാർട്ടി മറ്റൊന്നായതിന് കരണങ്ങളുണ്ട്

Feb 21, 2023

54 Minutes Watch

citizens diary

CITIZEN'S DIARY

ഷഫീഖ് താമരശ്ശേരി

മുത്തങ്ങയെ കുറിച്ച് ചോദിച്ചാല്‍ ഗൂഗിള്‍ / ചാറ്റ് ജി.പി.ടി എന്ത് പറയും?

Feb 19, 2023

10 Minutes Watch

Next Article

ശരീരം വിൽക്കുന്നവരല്ല; സമരമാക്കിയവർ എന്ന് തിരുത്തി വായിക്കാം

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster