ചരിത്രത്തിലാദ്യമായി
മുജാഹിദ് സമ്മേളനവേദിയില്‍
ദേശീയഗാനം മുഴങ്ങിയത് യാദൃച്ഛികമല്ല
ചരിത്രത്തിലാദ്യമായി മുജാഹിദ് സമ്മേളനവേദിയില്‍ ദേശീയഗാനം മുഴങ്ങിയത് യാദൃച്ഛികമല്ല
ഞങ്ങളെ യാഥാസ്ഥിതിക സലഫികള്‍ എന്നോ വഹാബി തീവ്രവാദികള്‍ എന്നൊന്നും വിളിക്കരുതേ, ഞങ്ങള്‍ നല്ലവരായ മതേതര മുസ്ലിംകൾ ആണേ എന്ന പ്രാര്‍ത്ഥനയാണ് ജനം ടിവിയില്‍ മുജാഹിദ് നേതാവ് നടത്തിയത്. കൈകൂപ്പി കൊണ്ടുള്ള ആ അഭ്യര്‍ത്ഥന കാണുമ്പോള്‍ ശരിക്കും സഹതാപം തോന്നുന്നില്ലേ?.
31 Dec 2022, 11:45 AM
മുജാഹിദ് സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അരങ്ങ് തകര്‍ക്കുകയാണ്. ബി.ജെ.പി നേതാക്കളായ കേന്ദ്രമന്ത്രി വി. മുരളീധരനേയും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയെയും സമ്മേളനത്തിലെ അതിഥികളാക്കിയതും സംസ്ഥാന സെക്രട്ടറി അബ്ദുല്‍ മജീദ് സലാഹി ജനം ടി വിക്ക് അഭിമുഖം നല്‍കിയതും അതില്‍, ഭയപ്പെടുത്തുന്ന പോലെ ഇന്ത്യന്‍ മുസ്ലിംകൾ ആശങ്കിക്കേണ്ടതില്ല എന്ന് തുറന്നടിച്ചതുമുള്‍പ്പെടെയുള്ള വിഷയങ്ങളാണ് വിവാദങ്ങള്‍.
ഇത് വാക്കുപിഴയോ ഓര്‍ക്കാതെ സംഭവിച്ചതോ ആയ കാര്യങ്ങളല്ലെന്ന്
സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി വ്യക്തത വരുത്തുകയും ചെയ്തിട്ടുണ്ട്. ഇത് മുജാഹിദ് സംഘടനയുടെ നിലപാട് തന്നെയാണെന്നും ഒരാളുടെ ഒറ്റപ്പെട്ട അഭിപ്രായമല്ലെന്നുമാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

ബി.ജെ.പിയും മുജാഹിദും
മുജാഹിദ് പ്രസ്ഥാനത്തിന്റെ ചരിത്രമറിയുന്നവര്‍ പ്രസിഡൻറ് പറഞ്ഞതാണ് ശരി എന്ന് അംഗീകരിക്കേണ്ടി വരും. മുജാഹിദ് സംഘടന അഞ്ചുവര്‍ഷം തോറും നടത്തി വരുന്ന സംസ്ഥാന സമ്മേളനങ്ങളിലും മറ്റ് നിരവധി പരിപാടികളിലും ശ്രീധരന്‍ പിള്ള ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കളെ പങ്കെടുപ്പിക്കാറുണ്ട്. വല്ല സെമിനാറിലോ ചര്‍ച്ചയിലോ അവരുടെ ഭാഗം പറയാന്‍ വിളിക്കുന്നതുപോലെയാണോ ഉദ്ഘാടകനോ മുഖ്യാതിഥിയോ ഒക്കെയായി ക്ഷണിക്കുന്നത് എന്നാണ് ചോദ്യമെങ്കില്‍, സെമിനാറില്‍ മാത്രമല്ല, കെ.എന്‍.എം സംഘടിപ്പിച്ച ഇഫ്താര്‍ പാര്‍ട്ടിയിലും ഉദ്ഘാടന വേദികളിലുമെല്ലാം മുമ്പും സംഘ് അനുകൂലികള്‍ ക്ഷണിക്കപ്പെട്ടിട്ടുണ്ട്. മുജാഹിദ് സമ്മേളന വേദിയില്‍ ശ്രീധരന്‍ പിള്ള തന്നെ അത് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ബി.ജെ. പി കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയാണ്, കേരളത്തിലടക്കം സാന്നിധ്യമുള്ള ദേശീയ രാഷ്ട്രീയ പാര്‍ട്ടിയാണ്. അതുകൊണ്ട് ഗവര്‍ണര്‍, കേന്ദ്രമന്ത്രി പദവിയിലുള്ള ബി. ജെ. പി നേതാക്കളെ സുപ്രധാന വേദികളിലേക്കുതന്നെ ക്ഷണിച്ചു. ബി. ജെ. പി യെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാമെങ്കില്‍ അത് ഏതുവേദിയില്‍ ആയാലെന്താ?.
ഹിറാ സെന്ററില്‍ തരിക്കഞ്ഞി കാച്ചിയാല്‍
ആദ്യം ക്ഷണിക്കപ്പെടുക ശ്രീധരന്‍ പിള്ള
മുജാഹിദ് വേദിയില്‍ ബി.ജെ.പി നേതാക്കളെ ക്ഷണിച്ചതില്‍ ആക്ഷേപമുന്നയിക്കുന്നവര്‍ അത്ര നിഷ്‌കളങ്കരല്ല എന്നുകൂടി ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുന്നത് നന്ന്. മുമ്പ്, ബി. ജെ. പി നേതാവായ ഒ. രാജഗോപാല്‍
വാജ്‌പേയ് സര്‍ക്കാറില്‍ കേന്ദ്ര റയില്‍വെ സഹമന്ത്രിയായിരിക്കവെ, അദ്ദേഹം കാന്തപുരം വിഭാഗത്തിന്റെ ആസ്ഥാനം സന്ദര്‍ശിച്ചത് വലിയ വാര്‍ത്തയായിരുന്നു. ചേകന്നൂര്‍ മൗലവിയെ തട്ടിക്കൊണ്ടുപോയി വധിച്ച
കേസില്‍ കാന്തപുരം വിഭാഗം പ്രതി ചേര്‍ക്കപ്പെട്ട സാഹചര്യത്തില്‍ കൂടിയായിരുന്നു അദ്ദേഹത്തെ തങ്ങളുടെ ആസ്ഥാനത്ത് ക്ഷണിച്ചുവരുത്തി കാന്തപുരം ആദരിച്ചത്. ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നതാണ്. അതുമാത്രമല്ല, കാന്തപുരം സുന്നികള്‍ ബി.ജെ.പി യുമായുംകേന്ദ്രഭരണവുമായും നല്ല ബന്ധം സൂക്ഷിച്ചുപോരുന്നുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം.

ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുകയും വിദേശഫണ്ട് ലഭിക്കുകയുമൊക്കെ ചെയ്യുന്ന ഏതുസംഘടനക്കും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയെ തൃപ്തിപ്പെടുത്തേണ്ടിവരും. കാന്തപുരം വിഭാഗം മാത്രമല്ല, ജമാഅത്തെ ഇസ്ലാമി പോലും തരംപോലെ ബി. ജെ. പി നേതാക്കളെ തങ്ങളുടെ പരിപാടികളില്‍ ക്ഷണിച്ചുവരുത്താറുണ്ട്. ഹിറാ സെന്ററില്‍ തരിക്കഞ്ഞി കാച്ചിയാല്‍ ആദ്യം ക്ഷണിക്കപ്പെടുന്ന ആള്‍ ശ്രീധരന്‍ പിള്ളയായിരുന്നു എന്നും. അത് ആ സംഘടനക്കകത്തുതന്നെ ഒരു തമാശയായി പറയാറുമുണ്ട്. മാത്രമല്ല, മീഡിയ വണ്‍ ഉദ്ഘാടന വേദിയായാലും ഏറ്റവും ഒടുവില്‍ സിദ്ദീഖ് ഹസന്‍ അനുസ്മരണമായാലും അതിലൊക്കെ ശ്രീധരന്‍ പിള്ളയുണ്ടായിരുന്നു. ബി.ജെ. പി നേതാക്കളെ പരിപാടികളില്‍ ക്ഷണിക്കാത്ത മുസ്ലിം സംഘടനകള്‍ കേരളത്തില്‍ കുറവാണ്.
മുജാഹിദ് നയംമാറ്റം - വാസ്തവം എന്താണ്?
അടുത്ത വിഷയം, ജനം ടിവിക്ക് കൊടുത്ത അഭിമുഖത്തില്‍ മുസ്ലിം ന്യൂനപക്ഷങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍, മുസ്ലിം തീവ്രവാദത്തെ രൂക്ഷമായി കുറ്റപ്പെടുത്തുകയും ഹിന്ദുത്വ തീവ്രവാദത്തെ മയപ്പെടുത്തുകയും ചെയ്തു എന്നതാണ്. ആ ആരോപണത്തില്‍ കഴമ്പുണ്ട്. ഇന്നത്തേതുപോലെ രാജ്യത്ത് മുസ്ലിംകള് നിലനില്‍പ്പ് ഭീഷണി നേരിടുമ്പോള്‍, മുസ്ലിം തീവ്രവാദികളാണ് ലോകത്ത് പ്രശ്‌നക്കാര്‍ എന്ന വാദത്തില്‍ അനൗചിത്യവും രാഷ്ട്രീയ ശരികേടുമുണ്ട്. ഇത് അംഗീകരിച്ചുതന്നെ പറയട്ടെ, മുജാഹിദ് സംഘടന ഇതപര്യന്തം കൈക്കൊണ്ട നിലപാട് അനുരജ്ഞനത്തിന്റേതായിരുന്നു എക്കാലവും.

ബാബരി മസ്ജിദ് തകര്‍ന്ന 1992 ഡിസംബറില്‍ പാലക്കാട്ട് ഒരു മുജാഹിദ് സമ്മേളനം നടന്നിരുന്നു. അതിന്റെ ഭാഗമായി നടന്ന ഒരു പത്രസമ്മേളനത്തില്‍ സംഘടനയുടെ അന്നത്തെ ജനറല്‍ സെക്രട്ടറി എ.പി. അബ്ദുല്‍ ഖാദര്‍ മൗലവിയുടെ ഒരു പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഇന്ത്യന്‍ മുസ്ലിംകൾ പീഡിപ്പിക്കപ്പെടുന്നില്ല എന്നദ്ദേഹം പ്രസ്താവിച്ചതായാണ് പത്രങ്ങള്‍ വാര്‍ത്ത എഴുതിയത്. എന്നാല്‍ തന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് മാറ്റിയാണ്മാധ്യമങ്ങള് റിപ്പോര്‍ട് ചെയ്തത് എന്നദ്ദേഹം വിശദീകരിക്കുകയും ചെയ്തു.
ബാബരി ധ്വംസനത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് കോണ്‍ഗ്രസ് മുന്നണിയും ഭരണവും വിടണമെന്ന് മുസ്ലിംകൾ ഒരു പൊതുവികാരമായി ഉന്നയിച്ചപ്പോള്‍, ലീഗ് മുന്നണി ബന്ധം അവസാനിപ്പിക്കുകയോ ഭരണം ഉപേക്ഷിക്കുകയോ ചെയ്യുന്നത് ആത്മഹത്യാപരമാണെന്ന നിലപാടാണ് അന്ന് മുജാഹിദ് നേതൃത്വം സ്വീകരിച്ചത്. ലീഗ് നിലപാടില്‍ പ്രതിഷേധിച്ച് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തില്‍ ഒരു പറ്റം ലീഗ് വിട്ട് ഐ. എന്‍. എല്‍ ഉണ്ടാക്കിയപ്പോള്‍ ലീഗിനൊപ്പം നില്‍ക്കുകയായിരുന്നു മുജാഹിദ് സംഘടന. മാത്രമല്ല, ആ സന്ദര്‍ഭത്തില്‍ മുസ്ലിം വികാരം രാഷ്ട്രീയമായി മുതലെടുത്ത് രൂപീകൃതമായ സംഘടനകളെ മുജാഹിദ് സംഘടന നേരിട്ട് എതിര്‍ക്കുകയും ‘സമുദായത്തെ താരാട്ടുപാടി ഉറക്കുന്ന സംഘം' എന്ന് ആ സംഘടനകള്‍ മുജാഹിദ് നേതൃത്വത്തെ ആക്ഷേപിക്കുകയും ചെയ്തിരുന്നു. പിന്നീട് കേരള രാഷ്ട്രീയത്തില്‍ എന്തൊക്കെയുണ്ടായി എന്നത് ചരിത്രം. ഇപ്പോള്‍ മുജാഹിദ് സംഘടന എടുക്കുന്ന നിലപാടിനെ ന്യായീകരിക്കാനല്ല ഇത്രയും എഴുതിയത്. തെറ്റായാലും ശരിയായാലും അതായിരുന്നു എന്നും മുജാഹിദ് നിലപാട് എന്ന ചരിത്ര വസ്തുത വ്യക്തമാക്കാനാണ്.

സംഘടന ആദ്യം, ന്യൂനപക്ഷം പിന്നീട്
അതൊക്കെ പഴയ കഥയല്ലേ, ഇന്ന് മുസ്ലിംകൾ പൗരത്വ ഭീഷണി പോലും നേരിടുന്ന സങ്കീര്‍ണ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ നിലപാട് മാറ്റേണ്ടതല്ലേ എന്ന് ചോദിക്കുന്നവരുണ്ടാകാം. അതിനുത്തരം, കെ. എന്‍. എം എന്ന സംഘടനയെ സംബന്ധിച്ച് അതിന്റെ നിലനില്‍പ്പാണ് ഇപ്പോള്‍ പ്രഥമ മുന്‍ഗണന എന്നതാണ്. മുസ്ലിം ന്യൂനപക്ഷം എന്ന നിലയിലുള്ള വെല്ലുവിളി അവരെ സംബന്ധിച്ച് അതിനുശേഷമേ വരുന്നുള്ളൂ. അത്രമാത്രം കലുഷമാണ്അതിന്റെ ആഭ്യന്തര രംഗം.
സംഘപരിവാര്‍ കേന്ദ്രം ഭരിക്കുമ്പോള്‍ ഒരു മുസ്ലിം സംഘടനക്ക് പ്രവര്‍ത്തിച്ചുപോകുക പഴയ പോലെ എളുപ്പമല്ല. അത് കേരളത്തിലായാല്‍ പോലും. ഇവിടെ മത പ്രബോധന പരിപാടികള്‍ നടത്താനും പള്ളികളും മദ്രസകളും കോളജുകളും സ്ഥാപിച്ച് പരിപാലിക്കാനും കോടികളുടെ ചെലവുണ്ട്. അതിന് വിദേശ ഫണ്ട് വേണ്ടിവരും. ലക്ഷങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ പണം മാത്രം പോരാ, പല കാര്യങ്ങള്‍ക്കും കേന്ദ്ര ഭരണകൂടത്തിന്റെ സഹകരണം വേണം. മുജാഹിദ് സംഘടനക്ക് നേരത്തെയുണ്ടായിരുന്ന പൊതുസമ്മതി ഇല്ലാതായ സന്ദര്‍ഭത്തില്‍ കൈവിട്ട ഒരു കളിക്കും അവര്‍ നില്‍ക്കില്ല.

ഫാസിസ്റ്റ് രാഷ്ട്രീയത്തെ എതിര്‍ക്കുന്ന ശക്തമായ ഒരു പരിപാടിയോ ന്യൂനപക്ഷ ഐക്യം പ്രഖ്യാപിക്കുന്ന മുസ്ലിം സൗഹൃദ സമ്മേളനം പോലുമോ മുജാഹിദ് സമ്മേളനത്തില്‍നിന്ന് ഒഴിവാക്കിയതിന് വേറെ വിശദീകരണമില്ല. ‘പ്രാര്‍ത്ഥന അല്ലാഹുവോട് മാത്രം', ‘മതം മനുഷ്യസൗഹാര്‍ദ്ദത്തിന്', ‘വിശ്വാസത്തിലൂടെ വിമോചനം' തുടങ്ങിയ പതിവ് പ്രമേയങ്ങളില്‍ നിന്ന് ഭിന്നമായി ‘അഭിമാനമാണ് മതേതരത്വം' എന്ന പ്രമേയത്തിലേക്ക് സംഘടന എത്തിച്ചേര്‍ന്നത് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടായിരുന്നു. ചരിത്രത്തിലാദ്യമായി മുജാഹിദ് സമ്മേളനവേദിയില്‍ ദേശീയഗാനം ഉയര്‍ന്നതും യാദൃച്ഛികമല്ല.
മുജാഹിദ് സമ്മേളന വേദികളുടെ പ്രധാനപ്പെട്ട ഒരു അലങ്കാരം അറേബ്യന്‍ ശൈഖുമാരുടെ നിറസാന്നിധ്യമായിരുന്നു. സംഘടനയുടെ ജനശക്തി അവര്‍ക്ക് ബോധ്യപ്പെട്ടാലല്ലേ കാര്യങ്ങള്‍ ഭംഗിയായി നടക്കൂ. ഈ നാടിന്റെ സാമൂഹികമോ രാഷ്ട്രീയമോ ആയ പ്രത്യേകതകള്‍ ഒന്നുമറിയാതെ എന്തെങ്കിലും ദൈവശാസ്ത്ര പ്രശ്‌നങ്ങള്‍ അവര്‍ പറഞ്ഞിട്ട് പോകും. അവരെ തൃപ്തിപ്പെടുത്താന്‍ സ്ത്രീകളെ സ്റ്റേജിന്റെ ഏഴയലത്ത് നിന്ന് മാറ്റിനിര്‍ത്തും. കാരണം സലഫി കാഴ്ചപ്പാടില്‍ പുരുഷന്മാര്‍ സദസ്സിലിരിക്കെ സ്ത്രീകളെ സ്റ്റേജില്‍ കയറ്റുന്നത് തെറ്റാണ്. വനിതാ സമ്മേളനം നടക്കുമ്പോള്‍ ശൈഖന്മാരെ ഹോട്ടല്‍ മുറികളില്‍ വിശ്രമിപ്പിക്കും. അപ്പോള്‍ സദസ്സില്‍ നിന്ന് പുരുഷന്മാരെ പുറത്താക്കി കപ്പലണ്ടി കൊറിച്ച് നടക്കാന്‍ വിടും. പുരുഷന്മാര്‍ പ്രസംഗിക്കുന്ന മെയിന്‍വേദികളില്‍ കര്‍ട്ടന്‍ കൊണ്ട് മറച്ച ഇരിപ്പിടങ്ങളാകും സ്ത്രീകള്‍ക്ക്.

മുജാഹിദ് സമ്മേളനങ്ങളില്‍ കഴിഞ്ഞ കുറച്ചുകാലമായി താരമൂല്യമുള്ള ഒരിനമായിരുന്നു, സ്‌നേഹ സംവാദം എന്നോ മറ്റോ പേരിട്ടുള്ള മോണോലോഗ് വേദികള്‍. ഡോ. സാകിര്‍ നായികാണ് ഈ പരിപാടി ആദ്യമായി കേരളത്തില്‍ തുടങ്ങിയത്. മുജാഹിദ് സംഘടനയുടെ തണലില്‍ പ്രവര്‍ത്തിക്കുന്ന ‘നിച്ച് ഓഫ് ട്രൂത്തും’ അതിന്റെ ഡയറക്ടർ എം. എം. അക്ബറുമായിരുന്നു ഈ പരിപാടി നടത്തിപ്പോന്നത്. എന്നാല്‍ ഇപ്പോള്‍ സമ്മേളനത്തില്‍ ഇങ്ങനെയൊരു പരിപാടി ഒഴിവാക്കിയതായി കാണുന്നു. ബി. ജെ. പി ആഭിമുഖ്യം ചര്‍ച്ച ചെയ്യുന്നവര്‍ ഈ മാറ്റങ്ങള്‍ കൂടി കാണേണ്ടതുണ്ട്.
ഇത്തരത്തിലുള്ള നിര്‍ണായക ചുവടുമാറ്റത്തിലേക്ക് ഈ സംഘടന എത്തിച്ചേര്‍ന്നത് എങ്ങനെയെന്നാണ് ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യേണ്ടത്. ആ ചര്‍ച്ച, 2002 ലെ മുജാഹിദ് പിളര്‍പ്പിലേക്കാണ് നമ്മെ നയിക്കുക.
മുജാഹിദിന് എത്ര ഗ്രൂപ്പ്, എത്ര ലക്ഷ്യങ്ങൾ?
ആഗോള സലഫി പ്രസ്ഥാനം യാഥാസ്ഥിതിക, തീവ്രവാദ നിലപാടുകളിലേക്ക് അതിവേഗം സഞ്ചരിച്ച തൊണ്ണൂറുകളുടെ ഒടുവില്‍, ഭാഗികമായി അതിന്റെ ഭാഗമായിരിക്കുമ്പോഴും കേരളത്തിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യം ഉള്‍ക്കൊണ്ട് നയനിലപാടുകളും പരിപാടികളും സ്വീകരിക്കണമെന്ന് മുജാഹിദ് യുവജന വിഭാഗം ശക്തമായി ആവശ്യപ്പെട്ട കാലമായിരുന്നു അത്. ആ രീതിയില്‍ യുവജന വിഭാഗം പുതുമയുള്ള പല പരിപാടികളും സംഘടിപ്പിക്കുന്നു. ഒരു ബഹുസ്വര, സെക്യുലര്‍ സാമൂഹിക പരിസരത്താണ് തങ്ങള്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് എന്ന ലളിതമായ തിരിച്ചറിവ് അത്തരംപരിപാടികളില്‍ ദൃശ്യമായിരുന്നു. അതേസമയം അവര്‍ പാരമ്പര്യ രീതികള്‍ ഉപേക്ഷിച്ചുമില്ല.

പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ ബോധവത്കരണം, മെഡിക്കല്‍ സഹായം, രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുന്ന സിമ്പോസിയങ്ങള്‍, സെമിനാറുകള്‍, സാംസ്‌കാരിക ഇടപെടലുകള്‍, ആശയ സമന്വയം മാസിക മുതല്‍ വാര്‍ത്താ പത്രങ്ങള്‍ വരെ അതില്‍ പെട്ടിരുന്നു. എന്നാല്‍ സംഘടനക്കകത്ത് ആധിപത്യമുറപ്പിച്ച ഹാര്‍ഡ്കോര്‍ സലഫിസ്റ്റ് ധാര യുവജന സംഘടനക്കെതിരെ കലാപം തുടങ്ങി. ആഗോള സലഫി വേരുകളുണ്ടായിരുന്നു ഹാര്‍ഡ്കോര്‍ സലഫികള്‍ക്ക്. അവിടെ നിന്നായിരുന്നു പ്രധാന ഫണ്ടിംഗ്. അതുകൊണ്ട് മുജാഹിദ് നേതൃത്വം അവര്‍ക്കുവേണ്ട സകല ഒത്താശകളും ചെയ്തുകൊടുത്തു. അങ്ങനെ ആദര്‍ശവ്യതിയാനം നിരത്തി യുവജന സംഘടനയെ പുറത്താക്കി. സലഫിസ്റ്റ് മേധാവിത്വത്തെ ചോദ്യം ചെയ്തവരെ വെട്ടിനിരത്തി. സംഘടന രണ്ടായി പിളര്‍ന്നു.
പിളര്‍പ്പിനുശേഷം മുജാഹിദ് ഔദ്യോഗിക നേതൃത്വത്തെ ലക്ഷണമൊത്ത പ്യൂരിസ്റ്റ് മൂവ്മെൻറ് ആക്കുകയായിരുന്നു സലഫിസ്റ്റ് ഹാര്‍ഡ്കോറിന്റെ ലക്ഷ്യം. മനുഷ്യരുടെ ഭൗതിക ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നും അവരുടെ കണ്‍വെട്ടത്തുണ്ടായിരുന്നില്ല. എന്നാല്‍ അങ്ങനെയൊരു തീവ്ര യാഥാസ്ഥിതിക സലഫിസം, കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ തന്നെ ചരിത്രത്തെ തള്ളിപ്പറയുന്നതിനു തുല്യമാണെന്ന് മുതിര്‍ന്ന നേതൃത്വം പതുക്കെ തിരിച്ചറിഞ്ഞു. പൊതുവില്‍ മിതവാദികളായ മുജാഹിദ് സംഘടന അനുഷ്ഠാന തീവ്രതയുടെ കൊടുമുടിയിലേക്കായിരുന്നു പയ്യെപ്പയ്യെ സഞ്ചരിച്ചത്. സലഫിസ്റ്റ് ഫണ്ടമെന്റലിസം സംഘടനയുടെ മണ്ടക്ക് പിടിച്ചുകഴിഞ്ഞു. ചെറുപ്പക്കാരിലധികവും അതിന്റെ ഉന്മാദാവസ്ഥയിലെത്തി.

സംഗതി കൈവിട്ടുപോയി എന്ന് മനസ്സിലാക്കുമ്പോഴേക്കും നവസലഫികള്‍ കരുത്തരായി മാറി. അവര്‍ക്ക് മുജാഹിദുകളുടെ മധ്യമ, മൃദു, സെക്യുലര്‍, ബഹുസ്വര നിലപാട് അംഗീകരിക്കാന്‍ പറ്റിയില്ല. അഴകൊഴമ്പന്‍ നിലപാട് എന്ന് അവര്‍ അതിന്ന് പേരിട്ടു. എന്തിനധികം അവരെ അസ്വസ്ഥമാക്കുന്ന വിഷയങ്ങള്‍ ഭൂമിയും ആകാശവും കടന്നു. മാലാഖമാരുടെ കഴിവുകളും ജിന്നുകളുമായുള്ള ഇടപാടുകളുമൊക്കെയായി അവരുടെ ചിന്തകള്‍. പെയിന്‍ ആൻറ് പാലിയേറ്റീവ് മതപ്രബോധനമാണോ എന്നു ചോദിച്ച സലഫിസ്റ്റുകള്‍ കേരളത്തില്‍ ജിന്ന് ചികില്‍സാ കേന്ദ്രങ്ങള്‍ തുടങ്ങിയപ്പോള്‍ പഴയ തലമുറയിലെ മുജാഹിദ് പണ്ഡിതന്മാര്‍ ലജ്ജ കൊണ്ട് തല താഴ്ത്തി.
ഗത്യന്തരമില്ലാതെ, മുജാഹിദ് നേതൃത്വം വീണ്ടും കൊടുവാളെടുത്തു. 2014 ലായിരുന്നു അടുത്ത വെട്ട്. ഈ പിളര്‍പ്പില്‍ പല കഷ്ണങ്ങളായാണ് മുജാഹിദ് സംഘടന ചിതറിപ്പോയത്. ഇപ്പോള്‍ എത്ര ഗ്രൂപ്പുണ്ട്, ഓരോ ഗ്രൂപ്പിന്റെയും ആശയങ്ങളും ലക്ഷ്യവും പരിപാടികളും എന്തൊക്കെ എന്ന്,
ഖോജ രാജാവായ തമ്പുരാന് പോലും നിശ്ചയമില്ല എന്നതാണ് സത്യം.
ലയിച്ചിട്ടും ലയിക്കാതെ
പടലപ്പിളര്‍പ്പുകളോടെ എല്ലും തോലുമായ, ശൗര്യവും വീര്യവും പോയ ഔദ്യോഗിക മുജാഹിദ് അതോടെ ഒന്നയഞ്ഞു. ഇപ്പോള്‍ പിളര്‍ന്നുണ്ടായ സലഫിസ്റ്റ് കുഞ്ഞുങ്ങളേക്കാള്‍ ഭേദം ഒന്നാം പിളര്‍പ്പിലുണ്ടായ ‘മടവൂര്‍ വിഭാഗം' എന്നറിയപ്പെട്ട ‘സാംസ്‌കാരിക മുജാഹിദുകള്‍' തന്നെയെന്ന് നേതൃത്വം വിലയിരുത്തി. മറുവശത്താകട്ടെ, ജരാനര ബാധിച്ച പഴയ യുവതുര്‍ക്കികള്‍ എങ്ങനെയെങ്കിലും തറവാട് പിടിച്ചാല്‍ മതിയായിരുന്നു എന്ന ചിന്തയിലുമെത്തിയിരുന്നു. അതോടെ ചര്‍ച്ചയായി, മധ്യസ്ഥന്മാരായി. ഒടുവില്‍
2016-ല്‍ ഐതിഹാസികമായ ലയനവും നടന്നു.

ആഘോഷാരവങ്ങളോടെ കോഴിക്കോട് കടപ്പുറത്ത് ലയന സമ്മേളനം നടത്തി, പിളര്‍ന്ന് അകന്നവര്‍ കെട്ടിപ്പിടിച്ച് ഐക്യ കാഹളം മുഴക്കി. സ്ഥാനമാനങ്ങളും പദവികളും അവര്‍ പങ്കിട്ടെടുത്തു. ഏറെ വൈകാതെ സംസ്ഥാന സമ്മേളനവും നടത്തി. അതിനിടെ, ഐക്യപ്പെട്ട വിഭാഗത്തിലെ വലിയ ശതമാനം പഴയ കൂടാരത്തിലേക്കുതന്നെ മടങ്ങിപ്പോയിരുന്നു. ജിന്നുസേവയും മന്ത്ര മാരണങ്ങളും ഇപ്പോഴും ഔദ്യോഗിക മുജാഹിദിനെ വിട്ടുപോയിട്ടില്ല എന്നാണവര്‍ അതിന് കാരണം പറഞ്ഞത്. എന്നാല്‍ വീതംവെപ്പിലെ ന്യായക്കേടാണ് ഐക്യം വിടാന്‍ പ്രധാന കാരണം എന്നതും വസ്തുത തന്നെ. കാരണമെന്തായാലും ഗ്രൂപ്പ് ഒന്നു കൂടി ഉണ്ടായി എന്നത് മെച്ചം.
പലായനവും കേസുകെട്ടുകളും
ഇതിനിടെയാണ്, കേരളത്തില്‍ നിന്ന് സിറിയയില്‍ പോയി ഐസിസില്‍ ചേര്‍ന്ന ചിലര്‍ക്ക് എം. എം. അക്ബര്‍ നടത്തുന്ന പീസ് സ്‌കൂളുമായുള്ള ബന്ധത്തെ കുറിച്ച് പൊലീസ്അന്വേഷിക്കുകയും കേരള സര്‍ക്കാര്‍ 2018 ജനുവരിയില്‍ പീസ് സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിടുകയും ചെയ്തത്. അക്ബര്‍ അറസ്റ്റിലായി. പിന്നീട് കോടതി ജാമ്യം അനുവദിച്ച് അക്ബര്‍ പുറത്തു വന്നെങ്കിലും ഈ സംഭവം മുജാഹിദ് പ്രസ്ഥാനത്തെ പ്രതിക്കൂട്ടിലാക്കി.
മുജാഹിദ് സമ്മേളനങ്ങളില്‍ പല തവണ പങ്കെടുക്കുകയും സഹകരിക്കുകയും ചെയ്ത സലഫി പ്രബോധകന്‍ ഡോ. സാകിര്‍ നായികിനെ പല കേസുകളില്‍
രാജ്യം പിടി കിട്ടാപുള്ളിയായി പ്രഖ്യാപിച്ചതും പരോക്ഷമായി മുജാഹിദ് സംഘടനക്കുമേല്‍ കരിനിഴല്‍ വീഴ്ത്തി. രാജ്യസുരക്ഷാ ഏജന്‍സികളും മുജാഹിദ് സംഘടനയെ നോട്ടമിട്ട് തുടങ്ങി.

അതീവ യാഥാസ്ഥിതികരായ കടുത്ത ചില സലഫിസ്റ്റ് ഗ്രൂപ്പുകളും ഇതിനിടെ തലപൊക്കി. ആടുവളര്‍ത്തിയും കച്ചവടം നടത്തിയും ഒരു കമ്യൂണ്‍ പോലെ ജീവിതം തുടങ്ങിയ ഈ വിഭാഗം ആടുസലഫികള്‍ എന്ന് പരിഹസിക്കപ്പെട്ടു. അതില്‍ ചിലരാണ് യമനിലെ ദമ്മാജിലേക്ക് ഹിജ്റ പോയത്. ആ വിഭാഗത്തിന്റെയും ബീജാവാപം മുജാഹിദ് സംഘടനയില്‍ നിന്നായിരുന്നു. അതിനാല്‍ അതിന്റെ ചീത്തപ്പേരും മുജാഹിദില്‍ വന്നുചേര്‍ന്നു.
ഇതിനൊക്കെ പുറമെയാണ് വാ തുറന്നാല്‍ വിവരക്കേടും അസഹിഷ്ണുതയും ഹറാം ഫത്വകളും വിളമ്പി പരിസര മലിനീകരണം സൃഷ്ടിക്കുന്ന കുറേ യുവ സലഫി പ്രസംഗകര്‍. സോഷ്യല്‍ മീഡിയ വഴി അവര്‍ മുജാഹിദ് പ്രസ്ഥാനത്തിന്ന് മാത്രമല്ല, കേരളത്തിലെ മുസ്ലിം സമൂഹത്തിനുണ്ടാക്കിയ ഡാമേജും മാനക്കേടും ചെറുതല്ല.
ഈ ഏടാകൂടങ്ങളെല്ലാം കൂടി കേറിവന്നതോടെ, പുരോഗമന പ്രസ്ഥാനം, നവോത്ഥാന പ്രസ്ഥാനം എന്നൊക്കെയുള്ള മുജാഹിദ് പ്രസ്ഥാനത്തിന്റെ അവകാശവാദങ്ങള്‍ ആളുകളെ ചിരിപ്പിച്ചു. ഏത് ഗ്രൂപ്പ് ചെയ്തു എന്നതിനപ്പുറം ഇവരെല്ലാം മുജാഹിദ് വേരുകളില്‍ നിന്ന് പൊട്ടി മുളച്ചതായതുകൊണ്ട് അതിന്റെ ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്ന് ഔദ്യോഗിക ഗ്രൂപ്പായ കെ.എന്‍.എമ്മിന് ഒഴിഞ്ഞുമാറാനും പറ്റില്ല.

ചുരുക്കത്തില്‍, ഇന്ത്യന്‍ ദേശീയതയ്ക്കും സെക്യുലര്‍ ആശയങ്ങള്‍ക്കും ബഹുസ്വര സംസ്‌കാരത്തിനും കൊള്ളാത്ത, അസഹിഷ്ണുക്കളും തീവ്രാശയക്കാരും യാഥാസ്ഥിതികരുമായ ഒരു വിഭാഗം എന്ന പരിവേഷമാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കൊണ്ട് മുജാഹിദ് പ്രസ്ഥാനത്തിന്റെ സമ്പാദ്യം. അത് പ്രസ്ഥാനത്തിനുണ്ടാക്കിയ കളങ്കം ചെറുതല്ല. ഈ കളങ്കം മാച്ചുകളയാനും മുഖം മിനുക്കാനുമുള്ള ബോധപൂര്‍വ നീക്കങ്ങളാണ് ഇപ്പോള്‍ അവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. അല്ലാതെ അതില്‍ മഹത്തായ സിദ്ധാന്തങ്ങളോ രാഷ്ട്രീയ മോഹങ്ങളോ ഒന്നുമില്ല.
ഞങ്ങളെ യാഥാസ്ഥിതിക സലഫികള്‍ എന്നോ വഹാബി തീവ്രവാദികള്‍ എന്നൊന്നും വിളിക്കരുതേ, ഞങ്ങള്‍ നല്ലവരായ മതേതര മുസ്ലിംകൾ ആണേ എന്ന പ്രാര്‍ത്ഥനയാണ് ജനം ടിവിയില്‍ മുജാഹിദ് നേതാവ് നടത്തിയത്. കൈകൂപ്പി കൊണ്ടുള്ള ആ അഭ്യര്‍ത്ഥന കാണുമ്പോള്‍ ശരിക്കും സഹതാപം തോന്നുന്നില്ലേ?.
ഡോ: കെ.ടി. ജലീല്‍
Mar 27, 2023
7 Minutes Read
കെ.ടി. കുഞ്ഞിക്കണ്ണൻ
Mar 26, 2023
11 Minutes Read
ജോജോ ആന്‍റണി
Mar 25, 2023
2 Minutes Read
അബിന്‍ ജോസഫ്
Mar 24, 2023
5 Minutes Read
പിണറായി വിജയൻ
Mar 24, 2023
3 Minutes Read
കെ. സഹദേവന്‍
Mar 24, 2023
5 Minutes Read
ജോണ്‍ ബ്രിട്ടാസ്
Mar 24, 2023
3 Minutes Read