202l-ലെ കോവിഡ് ഇന്ത്യ, കേരളം

പകർച്ചാ സാധ്യത ഉള്ള 'ഒമിക്രോൺ' എത്തിയാലും "ബ്രെയ്ക്ക് ത്രൂ ഇൻഫെക്ഷൻ' ആയി ഭേദമായി പോകാനാണ് കൂടുതൽ സാധ്യത. എന്നാലും റിസ്‌ക് വിഭാഗത്തിൽപ്പെട്ടവർ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാലും 2022-ലും നമ്മൾ മാസ്ക് ധരിക്കൽ, ശാരീരിക അകലം പാലിക്കൽ അടച്ചിട്ട മുറികളിൽ കൂട്ടം കൂടാതെ നില്ക്കൽ തുടങ്ങിയ ശീലങ്ങൾ തുടരേണ്ടി വരുമെന്നാണ് 2021 നൽകുന്ന പാഠം.

തുടർച്ചയായി രണ്ടാം വർഷവും പാൻഡമിക്കിന്റെ പാളത്തിൽ തപ്പിയും തടഞ്ഞും വിവിധ വേഗതയിലാണ് ആരോഗ്യ വണ്ടിയും ഓടിയത്. കഴിഞ്ഞ വർഷം ജനുവരിയോടെ കുറഞ്ഞു കൊണ്ടിരുന്ന രോഗവ്യാപനം ഉടനെ തന്നെ അവസാനിക്കുമെന്ന മിഥ്യ ധാരണയോടെ പ്രധാനമന്ത്രി തന്നെ ഇന്ത്യയിൽ ഫെബ്രുവരിയിൽ "എൻഡ് ഗെയിം സ്ട്രാറ്റജികൾ' പ്രഖ്യാപിച്ചു. തുടർന്ന് നിയന്ത്രണങ്ങൾ മിക്കതും അയച്ച് വിട്ടു. കുംഭമേളകളും, ക്രിക്കറ്റ് മത്സരങ്ങളും അഞ്ച് സംസ്ഥാനങ്ങളിൽ പ്രചരണങ്ങളോടെ അസംബ്ലി തെരഞ്ഞെടുപ്പുകളും നടത്തി. തുടർന്ന് മാർച്ച് തൊട്ട് ഡെൽറ്റാ വൈറസിന്റ രണ്ടാം തരംഗം ഇന്ത്യയിൽ കൂടുതൽ ഉയരത്തിൽ വ്യാപകമായി ആഞ്ഞടിച്ചു. മിക്ക സംസ്ഥാനങ്ങളിലും ആശുപത്രികളിൽ കിടക്കകൾ നിറഞ്ഞൊഴുകി, ഐ.സി.യു കളിൽ ബെഡും, പ്രാണവായുവും കിട്ടാതായി. രോഗികൾ ആശുപത്രികക്ക് പുറത്ത് നിരത്തുകളിലായി. ശ്മശാനങ്ങളിൽ മൃതശരീരങ്ങൾ ഊഴം കാത്ത് കിടന്നു. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പുണ്യനദികളിൽ പ്ലവനം ചെയ്ത് ഒഴുക്കപ്പെട്ടത് അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്തു. ജനതയാകെ വലഞ്ഞു. ഒടുവിൽ ഇതൊന്നു കുറഞ്ഞ് വരാൻ ജൂലായ് വരെ സമയമെടുത്തു.

പുതുവർഷം പിറന്നയുടനെ രാജ്യത്ത് ആഭ്യന്തരമായി ഉത്പാദിപ്പിച്ച രണ്ട് വാക്‌സിനുകൾക്ക് ( കോവിഷീൽഡ്, കോവാക്‌സിൻ) അടിയന്തര അംഗീകാരം കിട്ടി. ജനുവരി 16 - ഓടെ തന്നെ ഇന്ത്യയിൽ ആരോഗ്യ പ്രവർത്തകർക്കും, മുൻനിര ജീവനക്കാർക്കും, അറുപത് കഴിഞ്ഞ മുതിർന്നവർക്കും വാക്‌സിൻ നൽകി തുടങ്ങുകയും, ബജറ്റിൽ വാക്‌സിന് വേണ്ടി മുപ്പത്തഞ്ചായി രം കോടി രൂപ വകയിരുത്തുകയും ചെയ്തു. മാർച്ച് മാസത്തോടെ സാധാരണ ജനങ്ങൾക്കും വാക്‌സിൻ നൽകി തുടങ്ങി. ആദ്യം സംശയത്തോടെ മടിച്ച് നിന്നവർ രോഗം തരംഗമായി ആക്രമിച്ചപ്പോൾ വാക്‌സിൻ കേന്ദ്രങ്ങളിൽ ഇരച്ച് കയറി. റേഷൻ കടകക്ക് മുമ്പിലെന്ന പോലെ "കോവിൻ ആപ്പ്'കൾക്ക് മുമ്പിൽ ജനം ഊഴം കാത്ത് നിന്നു. മെയ് മാസത്തോടെ പതിനെട്ട് കഴിഞ്ഞവർക്കടക്കം വാക്‌സിൻ നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. വേണ്ടത്ര ഉത്പാദനം നടക്കാത്തതിനാൽ രൂക്ഷമായ വാക്‌സിൻ ക്ഷാമം ഉണ്ടായി. ആദ്യം രണ്ട് രീതിയിൽ സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യമായും സ്വകാര്യ ആശുപത്രികളിൽ വില നൽകിയുമാണ് വാക്‌സിൻ വിതരണം തുടങ്ങിയതെങ്കിലും പിന്നീട് വാക്‌സിൻ ക്ഷാമമുണ്ടായപ്പോൾ സുപ്രിം കോടതി ഇടപ്പെട്ട് വാക്‌സിൻ "പബ്ലിക്ക് ഗുഡ്' ആയും നൽകൽ പൊതുസേവനത്തിന്റെ ഭാഗമായും മാറ്റി. അതോടെ വാക്‌സിൻ എല്ലാവർക്കും സൗജന്യവുമായി ലഭിക്കുന്ന അവസ്ഥയുണ്ടായി. സാധാരണക്കാർക്ക് ആശുപത്രികളിൽ ചികിത്സ കിട്ടാത്ത അവസ്ഥയായപ്പോൾ മെയ് മാസത്തിൽ കോടതി നിർദ്ദേശമനുസരിച്ച് സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് നിയന്ത്രിക്കുകയും, സർക്കാർ മേഖലകളിൽ ഐസോലേഷൻ വാർഡുകളും ഐ.സി.യു. കിടക്കകളും നാൽപ്പത് ഇരട്ടിയോളം വർദ്ധിപ്പിക്കുകയും ഓക്‌സിജൻ വിതരണം 7 ഇരട്ടിയോളം വർദ്ധിപ്പിക്കുകയും ചെയ്തു. രണ്ടാം തരംഗത്തോടൊപ്പം ഇന്ത്യയിൽ കോവിഡ് രോഗികളിൽ മ്യൂകർ മൈകോസിസ് - ബ്ലാക്ക് ഫങ്കസ് രോഗം വ്യാപിക്കുകയും ചെയ്തു.

ശ്മശാനങ്ങളിൽ മൃതശരീരങ്ങൾ ഊഴം കാത്ത് കിടന്നു. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പുണ്യനദികളിൽ പ്ലവനം ചെയ്ത് ഒഴുക്കപ്പെട്ടത് അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്തു.

കോവിഡ് ക്രൈസിസിനോടനുബന്ധിച്ച് പരാജയം മറച്ച് വെക്കാനായി കേന്ദ്രത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി ഹർഷവർദ്ധനെ മാറ്റി പകരം മാൻ സുഖ് മാണ്ഡവ്യയെ നിയമിച്ചു. സെപ്റ്റംബറിൽ കോവിഡ് മരണങ്ങളുടെ അണ്ടർ കൗണ്ടിങ്ങ് ഫാക്ടർ 8 ലധികമുള്ള ഇന്ത്യയിൽ ദേശിയ ദുരന്ത മാനേജ്‌മെന്റ് അതോറിറ്റി മരണപ്പെട്ടവരുടെ കുടുംബാഗങ്ങൾക്ക് ദുരിതാശ്വസമായി അമ്പതിനായിരം രൂപ നൽകണമെന്ന് നിർദ്ദേശം സർക്കാറിന് നൽകി. സംസ്ഥാനങ്ങൾ അത് നടപ്പിലാക്കി തുടങ്ങി.

കോവിഡ് വ്യാപനത്തിനിടയിൽ ആശുപത്രികൾ പലതും ഇതിന്റെ ചികിത്സക്കായി മാറ്റപ്പെട്ടതിനാൽ മറ്റ് പല രോഗങ്ങളും അവഗണിക്കപ്പെട്ടു. ഉദാ ഹരണമായി കഴിഞ്ഞ വർഷം രാജ്യത്തെ ടി ബി രോഗം പുതുതായി കണ്ട് പിടിക്കുന്നത് 41% കുറയുകയും മരണങ്ങൾ 12% കൂടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ വിശപ്പ് സൂചിക 94 ൽ നിന്ന് 101 ആയി താഴ്ന്ന് പോയിട്ടുമുണ്ട്. ഡോക്ടർമാരും, നേഴ്‌സുമാരും പലരും രോഗികളിൽ നിന്ന് അണുബാധയുണ്ടായി കോവിഡ് രോഗാശയ്യയിലാകുകയും മരണപ്പെടുകയും ചെയ്തിട്ടുണ്ട്. രാപ്പകൽ വിശ്രമമില്ലാതെ ജോലി ചെയ്ത് ആശുപത്രി ജീവനക്കാർ ബേൺ ഔട്ട് ആയി. നീറ്റ് പരീക്ഷ കഴിഞ്ഞ് പുതിയ ജൂനിയർ റസിഡന്റ്മാർ ജോയിൻ ചെയ്യാത്തതിനാൽ മൂന്നിൽ രണ്ട് (2/3) മാനവശേഷി വെച്ചാണ് രാജ്യത്തെ മിക്ക മെഡിക്കൽ കോളേജുകളും തിരക്കിൽ പ്രവർത്തിച്ചുകൊണ്ടിരുന്നത്. അതിനാൽ ഒന്നാം വർഷ പ്രവേശനം ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഈ വർഷാന്ത്യത്തിൽ "ഒമിക്രോൺ' അപകട മണി മുഴങ്ങുമ്പോൾ തലസ്ഥാനത്തടക്കം രാജ്യത്തെ റസിഡന്റ് ഡോക്ടർമാർ സമരത്തിലായിരുന്നു.

സാമ്പത്തിക സ്ഥിതി പരിതാപകരമായതിനിടയിൽ ഔഷധ വ്യാപാരം മുപ്പത് ശതമാനം കൂടിയിട്ടുണ്ട്. ടെലിമെഡിസിൻ രീതികൾക്ക് നേരത്തേ സർക്കാർ മാർഗ്ഗരേഖ തയ്യാറാക്കി അംഗീകാരം കൊടുത്തിട്ടുണ്ട്. സർക്കാർ തലത്തിൽ തന്നെ വ്യാപിപ്പിച്ചിട്ടുണ്ടുമുണ്ട്. ഭാവിയിലെ ഇത്തരം ആരോഗ്യ അടിയന്തിരാവസ്ഥകളെ നേരിടാൻ ക്രിട്ടിക്കൽ കെയർ സംവിധാനങ്ങൾക്കൊപ്പം പബ്ലിക് ഹെൽത്ത് സംവിധാനങ്ങളും ഗവേഷണങ്ങളും വ്യാപകമാക്കാൻ ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്റ്റക്ച്ചർ മിഷൻ - അഭിം AHIM എന്ന പദ്ധതിയും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പുതുവർഷ സമ്മാനമായി കുട്ടികൾക്ക് കോവിഡ് വാക്സിനും, ആരോഗ്യ പ്രവർത്തകർക്കും മുതിർന്നവർക്കം മുൻകരുതൽ വാക്‌സിനും പ്രധാനമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

2021 - കേരളം

ഡിസംബറിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പ്രചരണ കോലാഹലങ്ങളിൽ കോവിഡ് വ്യാപനം ഉയരാതിരുന്നതിന്റെ ശുഭാപ്തി വിശ്വാസത്തിലായിരുന്ന 2021 പുതു വർഷത്തിലേക്ക് കേരളം കടന്നത്.
ആഘാതങ്ങൾ കുറക്കാനായി "ഫ്‌ലാറ്റനിംഗ് ദി കർവ് ' എന്ന നിയന്ത്രണ തന്ത്ര പ്രയോഗത്തിലൂടെ കടന്ന് പോയതിനാൽ ഒന്നാം തരംഗം തന്നെ മറ്റ് സംസ്ഥാന ങ്ങളിലേക്കാളും വൈകിയെത്തി രോഗവ്യാപനം പിന്നേയും കുറച്ച് നാൾ കൂടി ഇവിടെ നീണ്ട് നിന്നു. ഏപ്രിലിൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിന് ശേഷമാണ് കേരളത്തിൽ ഡെൽറ്റാ തരംഗം അതിരൂക്ഷമായത്. രോഗതീവ്രത മൂലം മെയ് മാസത്തിൽ വീണ്ടും ലോക്ക് ഡൗൺപ്രഖ്യാപിച്ചു. ഈ അടച്ചിടൽ ഏതാണ്ട് മൂന്നു മാസത്തോളം വിവിധ രൂപത്തിൽ ഉണ്ടായിരുന്നു.
ഇതു ജനജീവിതത്തെ ദുഃസഹമാക്കി തുടങ്ങിയിരുന്നു. ടി.പി.ആർ വെച്ച് പ്രാദേശിക നിയന്ത്രണങ്ങൾ നടത്തിയത് ചോദ്യം ചെയ്യപ്പെട്ടതിനെ തുടർന്ന് പിൻവലിച്ചത് ജനങ്ങൾക്ക് ഉപകാരമായി. പിന്നീടുള്ള മാസങ്ങളിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കേസുകൾ കുറഞ്ഞ് വന്നപ്പോൾ കേരളവും മഹാരാഷ്ട്രത്തോടൊപ്പം രോഗവ്യാപനതോത് അധികം കുറക്കാനാവാതെ നീണ്ട് പോയി പഴികൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് നവംബറോടെയാണ് വെന്റിലേറ്റററുകൾ ഒഴിഞ്ഞ് തുടങ്ങിയത്.

2021 പൂർത്തിയാകുന്ന അവസരത്തിൽ കേരളത്തിൽ നിന്നും 50 ലക്ഷത്തിലധികം കോവിഡ് കേസുകളും 47000 ത്തോളം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേസ് ഫെറ്റാലിറ്റി റേഷ്യോ മുൻ വർഷത്തേ അപേക്ഷിച്ച് കൂടി 1 % ത്തിന് അടുത്ത് എത്തിയിട്ടുണ്ട്. ജീവിത ശൈലി രോഗങ്ങൾ കൂടുതലുള്ള ഇവിടെ ധാരാളം പ്രമേഹ, കിഡ്‌നി, കാൻസർ രോഗികൾ മരണപ്പെട്ടിട്ടുണ്ട്. ശരാശരി ആയുസ് കൂടുതലുള്ളതിനാൽ പ്രായമുള്ളവരുടെ എണ്ണം കൂടുതൽ ഉള്ളതും മരണങ്ങൾ കൂടാൻ കാരണമായി. കൂടാതെ കോവിഡാനന്തര രോഗമുണ്ടായി ചെറുപ്രായത്തിലുള്ളവർ അടക്കം ധാരാളം പേർ ഹൃദയാഘാതം മൂലം മരണപ്പെട്ടിട്ടുണ്ട്. ചികിത്സ കിട്ടാതെ മരണപ്പെടുന്ന അവസ്ഥകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ഒരാശ്വാസമാണ്.

ഒന്നാം വർഷ പ്രവേശനം ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഈ വർഷാന്ത്യത്തിൽ "ഒമിക്രോൺ ' അപകട മണി മുഴങ്ങുമ്പോൾ തലസ്ഥാനത്തടക്കം രാജ്യത്തെ റസിഡന്റ് ഡോക്ടർമാർ സമരത്തിലായിരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചത് കേരളത്തിലാണ്. മുതിർന്നവരിൽ 77% പേർ രണ്ട് ഡോസും 97% പേർ ഒരു ഡോസ് എടുത്തിട്ടുണ്ട്. (രാജ്യ തലത്തിൽ ഇത് യഥാക്രമം 60%, 90. % മാ ണ് ). സെപ്റ്റംബറോടെ കേരള ജനതയിൽ എൺപതു ശതമാനത്തിലധികം പേരുടെ ശരീരത്തിൽ കോവിഡ് വന്ന് പോയത് മൂലമോ, വാക്‌സിൻ ലഭിച്ചത് മൂലമോ പ്രതിരോധ ആന്റിബോഡികൾ ഉണ്ടായിട്ടുള്ളതായി സംസ്ഥാന സർക്കാർ നടത്തിയ സീറോ സർവ്വേ ഫലം കാണിച്ചിരുന്നു. ഇതിന്റേയും ആശുപത്രി അഡ്മിഷനുകളുടേയും, കേസ് വ്യാപനം കുറയുന്നതിന്റേയും പാശ്ചാത്തലത്തിൽ നവംബർ തൊട്ട് ഒന്നര വർഷമായി അടഞ്ഞ് കിടന്നിരുന്ന വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിച്ച് തുടങ്ങി.
പുറത്തിറങ്ങുന്നതിനും ആളുകൾ കൂടുന്നതിനും നിയന്ത്രണമുള്ളതിനാലും മാസ്‌ക് ഉപയോഗിയ്ക്കുന്നതിനാലും പൊതുവെ പകർച്ചവ്യാധികൾ കുറവായിരുന്നു.

യാത്ര നിയന്ത്രണങ്ങൾ മാറ്റിയതോടെ എണ്ണത്തിൽ കൂടിയ സ്വകാര്യ വാഹനങ്ങളും കൂടി: ഒപ്പം റോഡപകടങ്ങളും കൂടി വന്നിട്ടുണ്ട്. ഹോട്ടലുകളൊക്കെ വീണ്ടും തുറന്ന്, പുറം യാത്രകൾ തുടങ്ങിയതോടെ ഫുഡ് പോയ്സനിംഗ്- വയറിളക്കരോഗങ്ങളും കൂടിയിട്ടുണ്ട്. വിവിധ ജില്ലകളിൽ നിന്ന് "നോറ വൈറസ് ' ബാധകളും കുട്ടികളിൽ ഷിഗെല്ലാ മരണങ്ങളും ഈ വർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്ക ദുരിതങ്ങൾ കുറവായിരുന്നില്ലെങ്കിലും മഴക്കാലം കൂടുതൽ നീണ്ട് നിന്നതിനാൽ ഡെങ്കു പനിയേക്കാളും ഈ വർഷം ലെപ്‌ടോസ് പൈറോസിസ് ബാധകൾ ഉണ്ടായിട്ടുണ്ട്. കോവിഡിന്റെ ആദ്യ പകുതിയിൽ ഭയം മൂലം ആശുപത്രികളിൽ പോകാനുള്ള വിമുഖതയും മരണങ്ങൾക്ക് വഴിവെച്ചിരുന്നു. സംസ്ഥാനത്ത് നിന്ന് ആദ്യമായി ഏഡീസ് കൊതുകുകൾ വഴി പകരുന്ന "സീക്ക ' രോഗബാധ ഈ വർഷം ജൂലായിൽ റിപ്പോർട്ട് ചെയ്തു. ഒപ്പം സെപ്റ്റംബറിൽ ഒരു "നിപ' മരണവും കോഴിക്കോട് നിന്ന് ഉണ്ടായി.

പരിസ്ഥതി - ജന്തുജന്യ രോഗങ്ങൾ നിയന്ത്രിക്കാനായി "ഏകാരോഗ്യ' കാഴ്ചപ്പാടിൽ സംസ്ഥാനം പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്. കോവിഡ് ഉണ്ടാക്കിയ ആഘാതത്തെ തുടർന്ന് കേരളത്തിലും ഈ വർഷം ആത്മഹത്യ പതിനായിരം കടന്നിട്ടുണ്ട്. (ഇന്ത്യ - 1.5 ലക്ഷം). മാനസിക ആരോഗ്യത്തിന്റെ പ്രതിഫലനമായി മയക്ക് മരുന്ന് ഉപയോഗവും, ക്രൈം നിരക്കും കൂടി വരുന്നുണ്ട്. കോവിഡ് മൂലം ഏതെങ്കിലും രക്ഷിതാക്കൾ മരണപ്പെട്ട മൂവായിരത്തോളം അനാഥ കുട്ടികളും ഇവിടെ ഉണ്ടായിട്ടുണ്ട്. (ഇന്ത്യ: 1 ലക്ഷത്തിലധികം ) ആദിവാസി മേഖലകളിലെ കുറയ്ക്കാനാവാത്ത ശിശു മരണങ്ങളും നവംബറിൽ വാർത്തയായിരുന്നു. മുൻ വർഷത്തിലെ കോവിഡ് മാനേജ്‌മെന്റിന്റെ ജനവിധിയായിട്ടാണ് സംസ്ഥാനത്തെ തുടർഭരണത്തെ ചിലർ വിലയിരുത്തുന്നത്. ഇതിനെ തുടർന്ന് മുഖ്യമന്ത്രി തന്നെ നേതൃത്വം വീണ്ടും ഏറ്റെടുത്തപ്പോഴും ആരോഗ്യ മന്ത്രിയെ മാറ്റിയിട്ടുണ്ട്. ലോക് ഡൗണും, വർക്ക് അററ് ഹോമും ഗർഭിണികളുടെ എണ്ണം കൂട്ടുമെന്ന് പഠനങ്ങൾ ഉണ്ടെങ്കിലും അതത്ര ഉണ്ടായിട്ടില്ല. എങ്കിലും പല ജില്ലകളിലും മാതൃമരണനിരക്ക് മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടിയിട്ടുണ്ട് എന്നാണ് സ്ഥിതിവിവരം.

അടുത്ത വർഷം പോസ്റ്റ് കോവിഡ് മാനേജ്‌മെന്റിനായി കൂടുതൽ തയ്യാറെടുപ്പ് നടത്തേണ്ടതുണ്ട്. വർഷങ്ങളായി കാത്ത് നിന്ന സംസ്ഥാനപൊതു ജനാരോഗ്യ ബിൽ അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടതും പ്രധാന കാര്യമാണ്. വർഷമവസാനിക്കുമ്പോൾ നീതി ആയോഗ് നൽകിയ ആരോഗ്യ സ്‌കോറിങ്ങിൽ 82.2 മാർക്കോടെ തുടർച്ചയായി അഞ്ചാം വർഷവും കേരളം മുന്നിലാണ്. ഈ വർഷം ആരോഗ്യ മേഖലയിലെ ആർദ്രം പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ ആരോഗ്യമേഖലയിലും പതിനാലാം പഞ്ചവത്സര പദ്ധതിയുടെ പണിപ്പുരയിലാണ്. ഈ വർഷത്തോടെ മുഴുവൻ സംസ്ഥാന സർക്കാർ ജീവനെക്കാരെയും "മെഡിസെപ്' ആരോഗ്യ ഇൻഷൂറസ് പദ്ധതിക്ക് കീഴിൽ കൊണ്ട് വരുമെന്നതും ശ്രദ്ധേയമായ തീരുമാനമാണ്.

സംസ്ഥാന സർവ്വീസിലെ ഡോക്ടർമാർ ശമ്പള വർധനവിനായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തലസ്ഥാനത്ത് നിൽപ് സമരത്തിലാണ്. തിയറി പ്രകാരം വൈറസ് ബാധയോ, വാക്‌സിനോ മൂലം മഹാഭൂരിപക്ഷ പേർക്കും കോവിഡ് ആർജിത പ്രതിരോധം കിട്ടിയിട്ടുള്ളതിനാൽ അത്ര രോഗ തീവ്രതയില്ലാത്ത, എന്നാൽ പകർച്ചാ സാധ്യത ഉള്ള "ഒമിക്രോൺ' എത്തിയാലും "ബ്രെയ്ക്ക് ത്രൂ ഇൻഫെക്ഷൻ' ആയി ഭേദമായി പോകാനാണ് കൂടുതൽ സാധ്യത. എന്നാലും റിസ്‌ക് വിഭാഗത്തിൽപ്പെട്ടവർ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാലും 2022-ലും നമ്മൾ മാസ്ക് ധരിക്കൽ, ശാരീരിക അകലം പാലിക്കൽ അടച്ചിട്ട മുറികളിൽ കൂട്ടം കൂടാതെ നില്ക്കൽ തുടങ്ങിയ ശീലങ്ങൾ തുടരേണ്ടി വരുമെന്നാണ് 2021 നൽകുന്ന പാഠം.

Comments