എന്തുകൊണ്ട് രാഹുൽ ഗാന്ധി
ഒരു ശുഭാപ്തി വിശ്വാസമാകുന്നു?
എന്തുകൊണ്ട് രാഹുൽ ഗാന്ധി ഒരു ശുഭാപ്തി വിശ്വാസമാകുന്നു?
ഒരു രാജ്യം മുഴുവന്‍ അഹോരാത്രം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സംഘർഷത്തിന്റെയും ഭാഷയും വ്യാകരണവും മുഖമുദ്രയായി നശിച്ചുകൊണ്ടിരിക്കുമ്പോള്‍, ഭരിക്കുന്ന സര്‍ക്കാര്‍ എങ്ങനെയൊക്കെ പൗരന്മാരെ കൂടുതല്‍ പരസ്പരം പോരടിപ്പിക്കാന് പറ്റുമെന്ന് പരീക്ഷിച്ചുകൊണ്ടേയിരിക്കുമ്പോള്‍, ഒരു മനുഷ്യന് പോസിറ്റിവായ ഊര്‍ജ്ജവും സ്നേഹത്തിന്റെയും സൗഭ്രാത്രത്തിന്റെയും ലളിതമനോഹരസന്ദേശവുമായി നാട് മുഴുവന്‍ നടന്നുതീര്‍ക്കുന്നത് ചരിത്രനിര്‍ണായകമാണ്
12 Jan 2023, 02:13 PM
ബഹുസ്വര ഭാരതത്തെക്കുറിച്ച് ശുഭാപ്തിവിശ്വാസം പകരുന്ന കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട സംഗതി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയാണെന്ന് ഷാജഹാൻ മാടമ്പാട്ട്. ‘‘വര്‍ഷങ്ങളോളം ആരിലും വലിയ മതിപ്പുളവാക്കാത്ത, പ്രായേണ ദുര്‍ബലനായ ഒരു രാഷ്ട്രീയനേതാവായിരുന്നു രാഹുല്‍. 2022 ല്‍ സംഭവിച്ച ഏറ്റവും വലിയ രാഷ്ട്രീയസംഭവം അദ്ദേഹത്തിന്റെ രൂപാന്തരപ്രാപ്തിയാണ്.’’- ട്രൂ കോപ്പി വെബ്സീനിൽ അദ്ദേഹം എഴുതുന്നു.
‘‘രാജ്യസ്നേഹികളായ ആരിലും ‘എല്ലാം കൈവിട്ടുപോയി’ എന്ന വേപഥു സൃഷ്ടിക്കാന്‍ മതിയായ ഒരവസ്ഥയാണ് ഇന്ത്യയില്‍. ഭീതിയാണ് രാജ്യത്തെ ചൂഴ്ന്നുനില്ക്കുന്ന പ്രബലവികാരമിന്ന്, വെറുപ്പും. ഗാന്ധിയുടെ നാട്ടില്‍ ഗോഡ്സേയുടെ ആശയങ്ങളും വികാരങ്ങളുമാണിന്ന് അധീശത്വം പുലര്‍ത്തുന്നത്. ഇത്രയൊക്കെയായിട്ടും നാടിനെ ഈ പരുവത്തിലാക്കിയ മനുഷ്യന് ജനപ്രിയനും ഹിന്ദുഹൃദയസാമ്രാട്ടുമായി തുടരുകയാണ്. പൗരന്മാര് കൂടുതല്‍ ദാരിദ്യത്തിലേക്ക് വീഴുന്നതും അംബാനിയുടെയും അദാനിയുടെയും സമ്പത്ത് രണ്ടും മൂന്നും ഇരട്ടിയായി വര്‍ഷാവര്‍ഷം വര്‍ധിക്കുന്നതുമൊന്നും വര്‍ഗീയാന്ധത ബാധിച്ച ജനസഞ്ചയത്തിന് ഒരു പുനശ്ചിന്തയ്ക്കും കാരണമാവുന്നില്ല. ജനങ്ങളെ പിരിച്ചുവിട്ട് പുതിയൊരു ജനതയെ തെരഞ്ഞെടുക്കുന്നതല്ലേ കൂടുതല്‍ മെച്ചമെന്ന ബര്‍ടോള്‍ഡ് ബ്രെഹ്റ്റിന്റെ പഴയ ചോദ്യം നമ്മുടെ കാര്യത്തില്‍ വളരെ പ്രസക്തമാകുന്നുണ്ടിന്ന്.’’

‘‘മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണം എളുപ്പത്തില്‍ നന്നാക്കിയെടുക്കാന്‍ പറ്റാത്തത്ര ആഴത്തില്‍ വേരോടിക്കഴിഞ്ഞിട്ടുണ്ട് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും. പരസ്പരം ഭയത്തോടെ നോക്കുന്ന സമുദായങ്ങള്‍ ഒരുമിച്ച് കഴിയുന്ന നഗരങ്ങളും ഗ്രാമങ്ങളുമാണ് നമ്മുടെ സമകാലിക യാഥാര്‍ഥ്യം. അത്രയേറെ വിഷം തീണ്ടിയ മനുഷ്യരാണ് പൊലീസിലും കോടതിയിലും മറ്റു സ്ഥാപനങ്ങളിലുമുള്ളത്. ഭരണം മാറിയാല്‍ പോലും മനോഭാവം മാറുക എളുപ്പമല്ല. അതിനായി ഒരു ഗാന്ധി വരുമെന്ന പ്രതീക്ഷയുമില്ല.’’
‘‘ഒരു രാജ്യം മുഴുവന്‍ അഹോരാത്രം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സംഘർഷത്തിന്റെയും ഭാഷയും വ്യാകരണവും മുഖമുദ്രയായി നശിച്ചുകൊണ്ടിരിക്കുമ്പോള്‍, ഭരിക്കുന്ന സര്‍ക്കാര്‍ എങ്ങനെയൊക്കെ പൗരന്മാരെ കൂടുതല്‍ പരസ്പരം പോരടിപ്പിക്കാന് പറ്റുമെന്ന് പരീക്ഷിച്ചുകൊണ്ടേയിരിക്കുമ്പോള്‍, ഒരു മനുഷ്യന് പോസിറ്റിവായ ഊര്‍ജ്ജവും സ്നേഹത്തിന്റെയും സൗഭ്രാത്രത്തിന്റെയും ലളിതമനോഹരസന്ദേശവുമായി നാട് മുഴുവന്‍ നടന്നുതീര്‍ക്കുന്നത് ചരിത്രനിര്‍ണായകമാണ് - അതിന്റെ ഹ്രസ്വകാലഫലം എന്തായിരുന്നാലും. ‘വെറുപ്പിന്റെ കമ്പോളത്തില്‍ സ്നേഹത്തിന്റെ പീടിക തുറക്കാനാണ്' താന്‍ ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറയുന്നത് ആഴമുള്ള സാരാംശഗംഭീരമായ സന്ദേശമാണ്. സാധാരണകാലത്ത് വെറും വാചാലതയായും കെട്ട കാലത്ത് വലിയ തത്വസാഗരമായും വായിച്ചെടുക്കേണ്ട വാക്കുകളാണത്. ’’
‘‘മതിപ്പുളവാക്കാത്ത, ജനപ്രിയനല്ലാത്ത, ജനകീയനല്ലാത്ത രാഹുല്‍ ഗാന്ധി എല്ലാ അര്‍ത്ഥത്തിലും അത്ഭുതപ്പെടുത്തുന്ന, ആശയവ്യക്തതയും അസാമാന്യമായ ആശയവിനിമയപാടവവുമുള്ള ഒരു രാജ്യതന്ത്രജ്ഞനായി മാറുന്നതാണ് ഭാരത് ജോഡോ യാത്ര കാണിച്ച് തന്നത്. യാത്രയുടെ തുടക്കം മുതല്‍ അതിന്റെ ഗതിവിഗതികളേയും അതുളവാക്കിയ അനുകൂല- പ്രതികൂല പ്രതികരണങ്ങളെയും സൂക്ഷ്മമായി ശ്രദ്ധിച്ച ഒരാളാണ് ഇതെഴുതുന്നത്. കന്യാകുമാരിയില്‍ യാത്ര ആരംഭിക്കുമ്പോള്‍ ഇതൊരു വലിയ സാമൂഹ്യ രാഷ്ട്രീയ സംഭവമായി മാറുമെന്ന് ആരും വിചാരിച്ചിരുന്നില്ല. പരാജയം ഉറപ്പുള്ള, സ്വയം പരിഹാസപാത്രമാക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ ഏറ്റവും പുതിയ സാഹസമെന്നേ മിക്ക ആളുകളും കരുതിയുള്ളൂ. ഈ ലേഖകനും അങ്ങനെതന്നെ. പക്ഷെ നാടകീയമായ, എല്ലാ അശുഭപ്രവചനങ്ങളേയും അസത്യമാക്കുന്ന പരിവര്‍ത്തനമാണ് പതുക്കെ പതുക്കെ നാം കാണാന്‍ തുടങ്ങിയത്.’’
‘‘കക്ഷിരാഷ്ട്രീയത്തിന്റെ സങ്കുചിതത്വങ്ങള്‍ക്കപ്പുറത്തേക്ക് വളരുന്ന, ഒരു രാജ്യതന്ത്രജ്ഞന്റെ പക്വതയോടെയും വിവേകത്തോടെയും, അതോടൊപ്പം മൂര്‍ച്ചയുള്ള രാഷ്ട്രീയബോധ്യത്തോടെയും ജനങ്ങളോടും മാധ്യമങ്ങളോടും സംസാരിക്കുന്ന, അതുവരെ കോണ്‍ഗ്രസില്‍ പലരും സ്വീകരിച്ചിരുന്ന മൃദുഹിന്ദുത്വനാട്യങ്ങളെ പൂര്‍ണമായും ഉപേക്ഷിച്ച് ഉള്ളത് ഉള്ളതുപോലെ പറയുന്ന, അപാരമായ ആത്മവിശ്വാസവും സ്വപ്രത്യയസ്ഥൈര്യവും പ്രദര്‍ശിപ്പിക്കുന്ന ഒരു പുതിയ രാഹുല്‍ഗാന്ധിയുടെ ഉദയവും വികാസ പരിണാമവുമാണ് നാം കണ്ടത്. ഭാരത് ജോഡോ യാത്ര ഡല്‍ഹിയിലെത്തിയപ്പോഴേക്കും ആര്‍ക്കും ‘പപ്പു’ എന്നു വിളിച്ച് കളിയാക്കാനാവാത്ത ഉന്നതമായ വ്യക്തിമേന്മയിലേക്ക് അദ്ദേഹം പരിവര്‍ത്തിച്ചിരുന്നു. അവഗണിക്കുകയോ പരിഹസിക്കുകയോ ചെയ്തിരുന്ന മടിത്തട്ട് മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ ഓരോ നീക്കവും മനസ്സില്ലാമനസ്സോടെയാണെങ്കിലും റിപ്പോര്‍ട്ടു ചെയ്യാന്‍ തുടങ്ങി. അതുവരെ കണ്ട ഭാവം നടിക്കാത്ത പല ചാനലുകളും യാത്ര ലൈവ് ആയിത്തന്നെ കൊടുക്കാന്‍ തുടങ്ങി. യാത്രയെയും രാഹുലിനെയും താറടിക്കാനുള്ള ബി.ജെ.പി കുതന്ത്രങ്ങളോരോന്നും മണിക്കൂറുകള്‍ക്കുള്ളില്‍ ത്തന്നെ പരാജയപ്പെട്ടു. ആക്രമണത്തില്‍നിന്ന് അവര്‍ പ്രതിരോധത്തിലേക്ക് പൊടുന്നനെ മാറാന്‍ തുടങ്ങി. യാത്ര കൊറോണ പടര്‍ത്തുമെന്ന ആരോഗ്യ മന്ത്രിയുടെ കത്ത് സര്‍ക്കാരിനെ പരിഹാസ്യമാക്കി. യാത്രയുടെ ജനപിന്തുണക്ക് കിട്ടിയ ഏറ്റവും വലിയ സാക്ഷ്യപത്രമായി ആ കത്ത് മാറി.’’
‘‘യാത്രയിലെ രാഹുലിന്റെ പ്രസംഗങ്ങളും പത്രസമ്മേളനങ്ങളും ഉള്ളടക്കത്തിന്റെ കാമ്പുകൊണ്ടും പ്രതിപാദനത്തിന്റെ മൂര്‍ച്ച കൊണ്ടും വേറിട്ടുനിന്നു. പലതരം വിവാദങ്ങളിലേക്ക് കൊണ്ടുപോകാന്‍ പത്രക്കാര് ശ്രമിച്ചപ്പോഴൊക്കെ അദ്ദേഹം തന്റെ മൂന്ന് മര്‍മവിഷയങ്ങളില്‍ മാത്രം ഊന്നി - വെറുപ്പിന്റെ രാഷ്ട്രീയം, വിലക്കയറ്റം, തൊഴിലില്ലായ്മ. കൂടുതല്‍ അഭ്യാസം കാണിക്കാന്‍ വന്ന പത്രക്കാര്‍ക്ക് കണക്കിന് കൊടുക്കുകയും ചെയ്തു. എൻ.ഡി.ടി.വിയിലെ ഒരു റിപ്പോര്‍ട്ടര്‍ കോണ്‍ഗ്രസ്സിലെ ആന്തരികപ്രശ്നങ്ങളിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിച്ചപ്പോള്‍ രാഹുലിന്റെ മറുചോദ്യം ഇങ്ങനെ: ‘നിങ്ങള്‍ക്ക് ഇപ്പോള്‍ പുതിയൊരു ഉടമസ്ഥനുണ്ടല്ലോ അല്ലേ.' അതും ചോദ്യവുമായി എന്ത് ബന്ധമെന്ന് അവര്‍ പ്രതിഷേധിച്ചെങ്കിലും അവരുടെ വൈക്ലബ്യം വ്യക്തമായിരുന്നു. മാത്രവുമല്ല, മുഖ്യധാരാമടിത്തട്ട് മാധ്യമങ്ങള്‍ക്കൊന്നും രാഹുല്‍ അഭിമുഖം കൊടുത്തില്ല. അതേസമയം, യൂട്യൂബേര്‍സിനും മറ്റും നീണ്ട സംഭാഷണങ്ങള്‍ അനുവദിക്കുകയും ചെയ്തു. ഇതിന്റെ തന്ത്രജ്ഞത പ്രധാനമാണ്.’’
‘‘എന്താണ് രാഹുല്‍ ഗാന്ധിയുടെ രൂപാന്തരപ്രാപ്തിയുടെ ചേരുവകള്‍?
ഒന്നാമതായി കോണ്‍ഗ്രസുമായി തനിക്കുള്ള ബന്ധം അദ്ദേഹം നേരിട്ട് പറഞ്ഞില്ലെങ്കിലും പുനര്‍നിര്‍വചിച്ചിരിക്കുന്നുവെന്നുവേണം കരുതാന്‍. ഗാന്ധിജിക്ക് കോണ്‍ഗ്രസുമായുണ്ടായിരുന്ന ബന്ധത്തിന് സമാനമായ ഒരു സ്ഥിതിയിലേക്ക് അത് മാറിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ മിക്കവരും തന്റെ ഉല്‍ക്കണ്ഠകള്‍ പങ്കിടുന്നില്ലെന്നും അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്കപ്പുറം ഒന്നിനും വില കല്പിക്കുന്നില്ലെന്നും അദ്ദേഹത്തിന് നന്നായറിയാം. അതിനാല്‍ രാഹുല്‍ തന്റെ തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നു. അതിനോട് താല്പര്യമുള്ളവര്ക്ക് കൂടെ വരാം, അല്ലാത്തവര്‍ക്ക് അവരുടെ വഴി. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളിലൊന്നും ഇടപെട്ട് കളയാന്‍ തനിക്ക് സമയമില്ല. അതിനേക്കാള്‍ എത്രയോ വലിയ ചരിത്രനിയോഗം തന്റെ മുന്നിലുണ്ട്. താനതുമായി മുന്നോട്ടുപോകുകയാണ്. ഇത് പല നിലയ്ക്കും ഒരു ദാര്‍ശനികമാറ്റം കൂടിയാണ്. തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതുകൊണ്ടുമാത്രം തകര്‍ന്നടിഞ്ഞ ഒരു രാഷ്ട്രശരീരത്തെ ആരോഗ്യത്തിലേക്ക് പുനരാനയിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം തിരിച്ചറിയുന്നുണ്ട്. വേണ്ടത് മൗലികമായ മനോഭാവപരിവര്‍ത്തനമാണ്. അത് ജനങ്ങളോടുള്ള നേര്‍ക്കുനേരെയുള്ള സംഭാഷണത്തിലൂടെ മാത്രമേ സാധിക്കൂ. 3500 കിലോമീറ്റര്‍ നടന്നുതീര്‍ക്കുകയെന്നത് ചെറിയ കാര്യമല്ല. അതില്‍ ത്യാഗത്തിന്റെയും പ്രതിബദ്ധതയുടെയും ബൃഹത്തായ മാനങ്ങളുണ്ട്. സംഘടനാകാര്യങ്ങളില്‍ ഗാന്ധിജിയോട് താരതമ്യം ചെയ്തതുപോലെ ഇക്കാര്യത്തിലും ഗാന്ധിമാതൃകയാണ് രാഹുലിന്റെ വഴികാട്ടി. തപസ്യ എന്ന വാക്ക് ആ നിലയ്ക്ക് വളരെ അര്‍ത്ഥപൂര്‍ണമാണ്.’’
‘‘ഇതെല്ലാം പറയുമ്പോള്‍ ഉയര്‍ന്നുവരുന്ന ഒരു ചോദ്യം, 2024 ലെ തിരഞ്ഞെടുപ്പില്‍ ഭാരത് ജോഡോ യാത്രക്ക് എന്തെങ്കിലും സ്വാധീനം ചെലുത്താന്‍ കഴിയുമോ എന്നതാണ്. അതിനുള്ള ഉത്തരം നിഷേധാത്മകമാണ്. കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിയുടെ കഴിവുകേടുകളും ആന്തരികദൗര്‍ബല്യങ്ങളും ഇന്ത്യന്‍ പ്രതിപക്ഷത്തിന്റെ അന്തഃഛിദ്രതകളുമൊക്കെയായി ബന്ധപ്പെട്ട ഒരു ചോദ്യമാണത്. ഇന്ത്യയുടെ ബഹുസ്വര ജനാധിപത്യ സംസ്കാരത്തോടും ഭരണഘടനാ മൂല്യങ്ങളോടും മതമൈത്രീമര്യാദകളോടുമൊക്കെ കൂറു പുലര്‍ത്തുന്ന വൈവിധ്യമാര്‍ന്ന പൗരവിഭാഗങ്ങളില്‍ പ്രതീക്ഷയും പോരാട്ടവീര്യവും സന്നിവേശിപ്പിക്കാന്‍ യാത്രക്ക് കഴിഞ്ഞിട്ടുണ്ട്. എല്ലാം നഷ്ടപ്പെട്ടുവെന്ന് വേപഥു കൊണ്ടവരില്‍ ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന ശുഭാപ്തിവിശ്വാസം ഉദ്ദീപിപ്പിക്കാന്‍ അത് ഹേതുവായിട്ടുണ്ട്. വലിയ മാറ്റങ്ങള്‍ ഒരു പുലര്‍ക്കാലത്ത് പൊടുന്നനെ പൊട്ടിവീഴുന്നതല്ല. സമയമെടുത്തേ അത് സംഭവിക്കൂ. തുടക്കത്തില്‍ പറഞ്ഞതുപോലെ ആശയും പ്രതീക്ഷയുമാണ്, നിരാശയും ഇരുട്ടിനോട് രാജിയാകലുമല്ല, ദീര്‍ഘദൃഷ്ടിയുള്ള യഥാർഥ രാഷ്ട്രീയത്തിന്റെ മര്‍മവും കാമ്പും.’’
ഷാജഹാൻ മാടമ്പാട്ട് എഴുതുന്നു
രാഹുല്‍ ഗാന്ധിയുടെ രൂപാന്തരപ്രാപ്തി
ട്രൂ കോപ്പി വെബ്സീൻ പാക്കറ്റ് 110
വായിക്കാം, കേൾക്കാം

എഴുത്തുകാരന്
പി.പി. ഷാനവാസ്
Mar 29, 2023
6 Minutes Read
മനില സി. മോഹൻ
Mar 25, 2023
7 Minutes Watch
ജോജോ ആന്റണി
Mar 25, 2023
2 Minutes Read
ഇ.കെ. ദിനേശന്
Mar 25, 2023
3 Minutes Read
പി.ബി. ജിജീഷ്
Mar 25, 2023
4 Minutes Read
അബിന്‍ ജോസഫ്
Mar 24, 2023
5 Minutes Read
പിണറായി വിജയൻ
Mar 24, 2023
3 Minutes Read