പക്ഷികളുടെ രാഷ്ട്രത്തിന്
അതിർത്തികളില്ല. ഭരണഘടനയും.
പറക്കുന്നവരെല്ലാം അവിടത്തെ പൗരരാണ്
കവികൾ ഉൾപ്പെടെ.
ചിറകാണ് അതിന്റെ കൊടി.
മൈന കുയിലിനോട് ശബ്ദത്തിന്റെ
കാര്യം പറഞ്ഞു വഴക്കിടുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ?
അഥവാ കൊക്ക് കാക്കയെ
നിറത്തിന്റെ പേരിൽ ആട്ടിയോടിക്കുന്നത്?
കൂമൻ മൂളുന്നത് മയിലിനോടുള്ള
അസൂയ കൊണ്ടല്ല തന്നെ.
ഒട്ടകപ്പക്ഷിയോ പെൻഗ്വിനോ തങ്ങൾക്കു
പറക്കാനാവില്ല എന്ന് എപ്പോഴെങ്കിലും
പരാതി പറഞ്ഞിട്ടുണ്ടോ?
പിറക്കുമ്പോഴേ അവർ ആകാശവുമായി
സംസാരിച്ചു തുടങ്ങുന്നു
മേഘങ്ങളും മഴവില്ലുകളും ഇറങ്ങിവന്ന്
അവരെ തലോടുന്നു; ചിലപ്പോൾ അവർ
തങ്ങളുടെ നിറങ്ങൾ പക്ഷികൾക്ക് കൊടുക്കുന്നു,
മേഘം പ്രാവിനോ മഴവില്ല്
പഞ്ചവർണ്ണക്കിളിക്കോ എന്ന പോലെ.
സൂര്യനും ചന്ദ്രനുമിടയിലിരുന്നാണ്
അവർ സ്വപ്നം കാണുന്നത്. അപ്പോൾ ആകാശം
നക്ഷത്രങ്ങളും മാലാഖമാരും കൊണ്ടു നിറയുന്നു.
അവർ ഇരുട്ടിലും കാണുന്നു, യക്ഷികളോടും
ഗന്ധർവന്മാരോടും സല്ലപിക്കുന്നു.
ഭൂമിയിലേക്ക് അവർ ഇറങ്ങിവരുന്നത്
പുല്ലുകളെ ആശ്വസിപ്പിക്കാനോ പൂവുകളെ
പാടി വിരിയിക്കാനോ മാത്രമാണ്.
അവർ തിന്നുന്ന പഴങ്ങളും പുഴുക്കളും
അവരുടെ മുട്ടയിൽ നിന്ന് കുഞ്ഞിച്ചിറകുകളുമായി
വിരിഞ്ഞിറങ്ങുന്നു.
ഞാൻ ഒരു ദിവസം പക്ഷിയായി ജീവിച്ചു നോക്കി.
എനിക്കു രാഷ്ട്രം നഷ്ടപ്പെട്ടു.
രാഷ്ട്രം ഒരു കൂടാണ്. അത് തീറ്റ തരുന്നു.
ആദ്യം നിങ്ങളുടെ പാട്ടിനുവേണ്ടി;
പാട്ട് അതിന്നു പിടിക്കാതാവുമ്പോൾ
നിങ്ങളുടെ മാംസത്തിനു വേണ്ടി.