truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 30 March 2023

truecoppy
Truecopy Logo
Readers are Thinkers

Thursday, 30 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
stalin

Dravida Politics

സ്​റ്റാലിൻ തിരികെപ്പിടിക്കുന്ന
ദ്രാവിഡ രാഷ്​ട്രീയം, അതിനായുള്ള
പോരാട്ടം

സ്​റ്റാലിൻ തിരികെപ്പിടിക്കുന്ന ദ്രാവിഡ രാഷ്​ട്രീയം, അതിനായുള്ള പോരാട്ടം

അണ്ണാദുരൈയുടെ കാലത്ത് മുന്നോട്ടുവച്ച ദ്രാവിഡ രാഷ്ട്രീയമൂല്യങ്ങളെ അദ്ദേഹത്തിനുശേഷം വന്നവര്‍ കൈയൊഴിഞ്ഞു. തമിഴ്‌നാടിന്റെ സര്‍ക്കാര്‍ മതരഹിതവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിന് മുന്‍ഗണന നല്‍കുന്നതും ആയിരിക്കണം, തമിഴ് ദേശീയതയെ വെളിപ്പെടുത്തുന്നതായിരിക്കണം ഭരണഘടന സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ സ്വയംനിര്‍ണയാധികാരം നേടിയെടുക്കുന്നതായിരിക്കണം- ഇവയാണ് അണ്ണാദുരൈ മുന്നോട്ടുവെച്ച നിലപാടുകള്‍. ശേഷം വന്ന ഡി.എം.കെ, എ.ഡി.എം.കെ സര്‍ക്കാരുകള്‍ ഇവയൊക്കെ പേരിനുമാത്രമായി ഒതുക്കി. അവയില്‍ ചിലതിനെയെങ്കിലും സ്റ്റാലിന്‍ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട് എന്നുവേണം കരുതാന്‍. 

10 Jan 2023, 04:05 PM

എൻ. സുകുമാരൻ

കഴിഞ്ഞ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ദ്രാവിഡ മുന്നേറ്റ കഴകം പത്തുകൊല്ലങ്ങള്‍ക്കിപ്പുറം കേവല ഭൂരിപക്ഷം നേടി അധികാരം പിടിച്ചെടുത്തു. എം.കെ. സ്റ്റാലിന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.  2021 മെയ് ഏഴിനുനടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ‘മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍ എന്ന ഞാന്‍' എന്ന് അദ്ദേഹം സ്വയം അടയാളപ്പെടുത്തി.

ഒരേസമയം പൈതൃകത്തെ മാനിക്കുന്നതും പുതുമയാര്‍ന്നതുമായ ഒരു സംഭവമായി ഞാന്‍ ഇതിനെ കാണുന്നു. താന്‍ കടന്നുവന്ന പാത ഏതാണെന്നതുതന്നെയും തമിഴ് ജനതയെയും ഓര്‍മപ്പെടുത്തും വിധം ഇങ്ങനെ പറഞ്ഞതായിരിക്കാമെന്ന് വ്യാഖ്യാനിക്കാം. സ്വാതന്ത്ര്യാനന്തരം പ്രത്യേക സംസ്ഥാനമായി രൂപപ്പെട്ട തമിഴ്‌നാട്ടില്‍, രാജാജി മുതല്‍ എടപ്പാടി പഴനിസ്വാമി വരെയുള്ള മുഖ്യമന്ത്രിമാരില്‍ ഒരാള്‍ പോലും ഇത്തരത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല എന്നതുകൊണ്ട് ഇതില്‍ പുതുമയുണ്ട്.  ഒരര്‍ത്ഥത്തില്‍, തന്റെ ഭരണം ഏതുരീതിയിലായിരിക്കും മുന്നോട്ടുപോവുക എന്നതിന്റെ ഒരു സൂചന സ്റ്റാലിന്റെ  പ്രവര്‍ത്തനങ്ങളില്‍ നിന്ന് വായിച്ചെടുക്കാന്‍ സാധിക്കുന്നുണ്ട്.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാന നേതാക്കളിലൊരാളായ കലൈഞ്ജര്‍ കരുണാനിധിയുടെ പുത്രന്‍ എന്നതിലുപരി അദ്ദേഹത്തിന് പ്രത്യേക യോഗ്യതകളൊന്നും തന്നെയില്ല എന്ന വിമര്‍ശനം സ്റ്റാലിന്റെ രാഷ്ട്രീയ മുന്നേറ്റത്തിനുപോലും വിലങ്ങുതടിയായി.  തനിക്കുലഭിച്ച അവസരങ്ങളെ അദ്ദേഹവും ഉചിതമായി ഉപയോഗിച്ചില്ല എന്നും അനുമാനിക്കാം.  'ആല്‍മരത്തിന്റെ നിഴലില്‍ മറ്റൊന്നും കിളിര്‍ക്കില്ല' എന്നര്‍ത്ഥം വരുന്ന ഒരു പഴമൊഴിയുണ്ട് തമിഴില്‍.  അത് തികച്ചും യോജിക്കുന്നത് സ്റ്റാലിന്റെ കാര്യത്തിലാണ്.  കരുണാനിധി എന്ന വടവൃക്ഷത്തിന്റെ നിഴലില്‍ അദ്ദേഹത്തിന് വ്യക്തിഗതമായ വളര്‍ച്ച അസാധ്യമായിരുന്നു. 

mk stalin
   എം.കെ. സ്റ്റാലിന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു. / Photo: mkstalin,twitter

സജീവമായിരുന്ന കാലത്ത് പ്രസ്ഥാനത്തിന്റെ നേതൃത്വപദവിയും ഭരണാധികാരവും തന്റെ കൈകളില്‍ ഭദ്രപ്പെടുത്താന്‍ കരുണാനിധി ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പിന്‍ഗാമിയായി കരുത്തപ്പെട്ടിടുന്ന സ്റ്റാലിന്  ഒരു സാധാരണ പ്രവര്‍ത്തകന് അര്‍ഹിക്കുന്ന അംഗീകാരം തന്നെയാണ് കിട്ടിയിരുന്നത്. അധികാരം മറ്റൊരാള്‍ക്ക് വിട്ടുകൊടുക്കാന്‍ കരുണാനിധി കാണിച്ചിരുന്ന വിമുഖത തന്നെയായിരുന്നു അതിന്റെ ഒരു കാരണം. ഇത് അദ്ദേഹത്തിന്റെ അധികാരക്കൊതിയായി വ്യാഖ്യാനിക്കപ്പെട്ടു. ഒരു പരിധിവരെ അത് സത്യവുമാണ്.

ഇതേ അധികാരക്കൊതിതന്നെയാണ്  1977 മുതല്‍ 1987 ല്‍ മരിക്കുന്നതുവരെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ തനിക്ക് വീഴ്ത്താന്‍ സാധിക്കാത്ത എതിരാളിയായിരുന്ന എം.ജി.ആറിനെ അഭിമുഖീകരിക്കാനുള്ള ഊര്‍ജ്ജം അദ്ദേഹത്തിന് നല്‍കിയതും ഡി.എം.കെ എന്ന രാഷ്ട്രീയ പ്രസ്ഥാനം നശിക്കാതെ നിലനിന്നതും.  

ALSO READ

എല്ലാ മലയാളികളും ആ ട്രൂകോപ്പി ലേഖനം വായിക്കണം - സ്റ്റാലിന്‍

തുടര്‍ച്ചയായി അധ്യക്ഷപദവി വഹിച്ചതിനും അതുതന്നെയാണ് കാരണം. പ്രസ്ഥാനത്തെ കരുണാനിധി തന്റെ കുടുംബസ്വത്താക്കി മാറ്റിയെന്ന ആക്ഷേപം വളരെക്കാലമായി നിലനിന്നിരുന്നു. സ്റ്റാലിനെ തന്റെ പിന്‍ഗാമിയായി പ്രഖ്യാപിക്കുന്നത് ആ ആക്ഷേപത്തിന് വളമായി ഭവിക്കുമെന്നും അദ്ദേഹം കരുതി.  അത്തരം വിമര്‍ശനങ്ങള്‍ക്ക്  'പിന്‍തുടര്‍ച്ചക്കാരെ നിയമിക്കാന്‍  ഡി.എം.കെ ശങ്കരമഠമല്ല' എന്ന കര്‍ക്കശമായ മറുപടിയും അദ്ദേഹം നല്‍കിയിരുന്നു.  സ്റ്റാലിനെ നേതൃനിരയിലേക്ക്  കൊണ്ടുവരാന്‍ കരുണാനിധി ശ്രമിക്കാതിരുന്നതിന്റെ ഒരു കാരണവും ഇതുതന്നെയായിരിക്കാം.  

അധികാരത്തോട് അഭിനിവേശം ഉണ്ടായിരുന്നിട്ടുപോലും കുടുംബ രാഷ്ട്രീയം എന്ന വിമര്‍ശനം ചുമക്കാന്‍ താല്പര്യമില്ലാതിരുന്നതിനാലോ അതുമല്ലെങ്കില്‍ പാര്‍ട്ടിയുടെ ഒരു സാധാരണ പ്രവര്‍ത്തകനായി നേതൃത്വത്തിന്റെ ആജ്ഞാനുസരണം പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം കൊണ്ടോ സ്റ്റാലിന്‍ അധികാരമത്സരങ്ങളില്‍നിന്ന് മാറിനിന്നിരുന്നു.  കാലാകാലങ്ങളില്‍ പ്രസ്ഥാനത്തിലും മന്ത്രിസഭയിലും അദ്ദേഹത്തിന് ലഭിച്ച പദവികളൊക്കെയും കരുണാനിധി മനസ്സില്ലാമനസ്സോടെ നല്‍കിയവ തന്നെയാണ്. 2018 ല്‍ കരുണാനിധിയുടെ മരണശേഷം മാത്രമേ പാര്‍ട്ടി അധ്യക്ഷനായി സ്റ്റാലിന്‍ അവരോധിക്കപ്പെട്ടുള്ളൂ.  കരുണാനിധിയുടെ അഭാവം കൊണ്ടുതന്നെയാണ് അദ്ദേഹം മുഖ്യമന്ത്രിയായതും

എം.ജി.ആര്‍
   എം.ജി.ആര്‍

രാഷ്ട്രീയ കുടുംബത്തില്‍ ജനിച്ച് രാഷ്ട്രീയ പശ്ചാത്തലത്തില്‍ വളര്‍ന്നയാളാണ് സ്റ്റാലിന്‍.  സഹപാഠികളോടൊപ്പം ഇലൈഞ്ജര്‍ (യുവ) ഡി.എം.കെ എന്ന സംഘടനയ്ക്ക് രൂപം നല്‍കി.  തുടര്‍ന്ന് രാഷ്ട്രീയ - സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയ പ്രക്ഷോഭങ്ങളിലും പങ്കെടുത്തു.  1975 ല്‍ അടിയന്തരാവസ്ഥക്കാലത്ത് ഡി.എം.കെ പ്രവര്‍ത്തകന്‍ എന്നതിനാലും കരുണാനിധിയുടെ പുത്രന്‍ എന്നതിനാലും ജയിലിലടയ്ക്കപ്പെട്ടു. അന്നത്തെ ജയില്‍വാസമാണ് അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ വ്യക്തമായ മേല്‍വിലാസം നേടിക്കൊടുത്തത്. കക്ഷിയില്‍ യുവജന സംഘടനയ്ക്ക് രൂപം നല്‍കിയതിലൂടെ പാര്‍ട്ടിയില്‍ തന്നെ അനുകൂലിക്കുന്നവരെ കൂട്ടിച്ചേര്‍ത്ത് വ്യക്തമായ അടിത്തറയുണ്ടാക്കി.  അദ്ദേഹത്തിന്റെ അനുകൂലികളില്‍ ഭൂരിഭാഗവും രാഷ്ട്രീയാഭിമുഖ്യം മാത്രം ഉള്ളവരായിരുന്നു. അവര്‍ ദ്രാവിഡ പ്രസ്ഥാനങ്ങളുടെ പിന്നണിയെക്കുറിച്ചോ അവയുടെ അടിസ്ഥാന ലക്ഷ്യങ്ങളെക്കുറിച്ചോ തീര്‍ത്തും അജ്ഞരായിരുന്നു.  അതുകൊണ്ടുതന്നെ സംഘടനയുടെ നേതാവ് എന്നതിലുപരി സ്റ്റാലിന്‍ അടുത്തഘട്ടത്തിലെ ചുമതലകള്‍ വഹിക്കാനുള്ള പ്രാപ്തി നേടിയില്ല.  

ഒരു ഘട്ടത്തില്‍ സ്റ്റാലിനുചുറ്റുമുണ്ടായിരുന്ന യുവജനങ്ങളെക്കാള്‍ ബൃഹത്തായ ഒരു യുവനിരയെ തനിക്കുപിന്നില്‍ അണിനിരത്താന്‍ ഡി.എം.കെ എം.പിയായി ആദരവ് പിടിച്ചുപറ്റിയ വൈ. ഗോപാല്‍സ്വാമിക്ക് (വൈകോ) സാധിച്ചിരുന്നു.  ദ്രാവിഡ പ്രസ്ഥാനങ്ങളുടെ അടിസ്ഥാന തത്വങ്ങളെ മുറുപ്പിടിച്ച സംസാരശൈലി കൊണ്ടും തമിഴ് ദേശീയതാവാദം കൊണ്ടും അന്നാളുകളില്‍ തമിഴ്‌നാട്ടില്‍ ഉയര്‍ന്നുവന്ന വിമോചനപ്പുലി (എല്‍.ടി.ടി.ഇ) കളോടുള്ള ഐക്യദാര്‍ഢ്യം കൊണ്ടും വൈകോ പാര്‍ട്ടിക്കുള്ളില്‍ പിന്തുണ ഉറപ്പിച്ചു. വൈക്കോയ്ക്ക് ലഭിക്കുന്ന പിന്തുണ സ്റ്റാലിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തിയേക്കാം എന്ന കാരണത്താലാണ് കരുണാനിധി അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്ന് പറയപ്പെടുന്നു.

വൈക്കോയുടെ പുറത്താക്കല്‍, സ്റ്റാലിന്റെ ജനപിന്തുണ കൂട്ടുകയല്ല, മറിച്ച് അലോസരമായി മാറുകയാണ് ചെയ്തത്.  പ്രസ്ഥാനത്തിന് അതീതരായി നില്‍ക്കുന്ന പൊതുജനങ്ങള്‍ക്ക് സ്റ്റാലിന്‍ അനഭിമതനായി.  കരുണാനിധി മടിച്ചുമടിച്ച് കൊടുത്ത അവസരങ്ങള്‍ സ്റ്റാലിനെ ഭരണചക്രം തിരിക്കാന്‍ പ്രാപ്തനാക്കിയോ എന്ന ചോദ്യത്തിന് ഇല്ല എന്ന സങ്കടകരമായ മറുപടി തന്നെ പറയേണ്ടിവരും.  തനിക്ക് ലഭിച്ച അവസരങ്ങള്‍ സ്റ്റാലിന്‍ ഫലപ്രദമായി വിനിയോഗിച്ചോ എന്ന ചോദ്യത്തിനും അതേ മറുപടി തന്നെ വേണ്ടിവരും.

ALSO READ

തമിഴ് ദ്രാവിഡത്തിനും കേരള കമ്യൂണിസത്തിനും മുന്നില്‍ തോല്‍ക്കുന്ന ഹിന്ദു മുന്നണി

ഒരു ഉദാഹരണം പറയാം. കരുണാനിധിയുടെ മരുമകനും എം.പി, കേന്ദ്രമന്ത്രി എന്നീ പദവികള്‍ വഹിച്ചയാളുമായ മുരസൊലിമാരന്റെ രണ്ടാമത്തെ മകനാണ് ദയാനിധിമാരന്‍.  രാഷ്ട്രീയ കുടുംബത്തിന്റെ പിന്മുറക്കാരന്‍. എന്നാല്‍ അദ്ദേഹം രാഷ്ട്രീയത്തില്‍ അധിക താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല (അദ്ദേഹത്തിന്റെ ആധിപത്യത്തിലുള്ള കുങ്കുമം വാരികയില്‍ ഈ ലേഖകന്‍ ജോലി ചെയ്തിരുന്നു).  എന്നാല്‍ മുരസൊലിമാരന്റെ മരണശേഷം അദ്ദേഹത്തിന്റെ വിടവ് നികത്താന്‍ ലഭിച്ച അവസരം ദയാനിധി യാഥാര്‍ഥ്യബോധത്തോടെത്തന്നെ വിനിയോഗിച്ചു. രണ്ടുതവണ കേന്ദ്രമന്ത്രിയായി. ഇതൊക്കെയാണെങ്കിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തൊട്ടുമുമ്പുമാത്രമാണ് അദ്ദേഹം പാര്‍ട്ടി അംഗത്വമെടുക്കുന്നതുപോലും. ഇത്തരത്തിലുള്ള സമയോചിതമായ  തീരുമാനങ്ങളെടുക്കുന്നതില്‍ സ്റ്റാലിന്‍  വിജയിച്ചില്ല.  പാര്‍ട്ടിയിലും ഭരണസംവിധാനത്തിലും ഘട്ടംഘട്ടമായി മുന്നേറുകയാണുണ്ടായത്.

vaiko
   വൈക്കോ

1996ല്‍ നിയമസഭാാംഗമായിരുന്നപ്പോള്‍ തന്നെയാണ് അദ്ദേഹം തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും ചെന്നൈ മേയറായി തെരഞ്ഞെടുക്കപ്പെടുന്നതും.  ഈ പദവിക്കാലത്താണ് സ്റ്റാലിന്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പൊതുജനശ്രദ്ധ നേടുന്നത്.  ചെന്നൈ നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ അദ്ദേഹം കൈക്കൊണ്ട നടപടികള്‍ അഭിനന്ദനാര്‍ഹമായിരുന്നു.  ചെന്നൈ നഗരത്തില്‍ ഇന്നുകാണുന്ന ഫ്ളൈ ഓവറുകള്‍, പൊതു ഉദ്യാനങ്ങള്‍ എന്നിവ അദ്ദേഹത്തിന്റെ ഭരണകാലത്ത്  നിര്‍മിച്ചവയാണ്. ചെന്നൈ കോര്‍പ്പറേഷന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മുഖം കൈവന്നതും അദ്ദേഹത്തിന്റെ കാലത്താണ്.   

ALSO READ

തമിഴ് സ്റ്റാലിനിസത്തിന്റെ നൂറുദിനങ്ങള്‍

കരുണാനിധിയുടെ പുത്രന്‍, പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്നിങ്ങനെയുള്ള ലേബലുകളില്‍ നിന്ന് മാറി കാര്യപ്രാപ്തിയുള്ള ഒരു ഭരണാധികാരിയായി സ്റ്റാലിന്‍ അടയാളപ്പെടുത്തപ്പെട്ടത് ഈ കാലയളവിലാണ് (മേയര്‍ ആയിരുന്നപ്പോള്‍ അദ്ദേഹം നടത്തിയ വിദേശയാത്രകളെക്കുറിച്ചെഴുതിയതും ഈ ലേഖകന്‍ തന്നെയാണ്).  കലൈഞ്ജര്‍ക്കുശേഷം പ്രസ്ഥാനത്തെയും ഭരണത്തെയും മുന്നോട്ടുനയിക്കാന്‍ പ്രാപ്തന്‍ സ്റ്റാലിന്‍ മാത്രമാണ് എന്ന വിശ്വാസം അണികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉണ്ടായി.  അന്തരിച്ച പത്രപ്രവര്‍ത്തകന്‍ ജ്ഞാനി ശങ്കരന്‍ ഇതേക്കുറിച്ച് തുറന്നെഴുതിയിരുന്നു: ‘‘കലൈഞ്ജര്‍ വാര്‍ധക്യത്താല്‍ ക്ഷീണിതനാണ്. അതിനാല്‍ പാര്‍ട്ടി നേതൃസ്ഥാനം കൈവശം വച്ചിട്ട് ഭരണസാരഥ്യം സ്റ്റാലിനെ ഏല്‍പ്പിക്കണം. അത് തമിഴ്‌നാട്ടില്‍ മാറ്റം കൊണ്ടുവരും''.  ആ ദിവസത്തിനായി 2021  വരെ സ്റ്റാലിന് കാത്തിരിക്കേണ്ടിവന്നു.

stalin
   കരുണാനിധിക്കൊപ്പം എം.കെ.സ്റ്റാലിന്‍

യുക്തിവാദിയായ സ്റ്റാലിന്,  ദൗര്‍ഭാഗ്യം എന്നുപറയേണ്ടിവന്ന അവസരം 2001-ല്‍ ഉണ്ടായി.  വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റ ജയലളിത പിതാവിനെയും പുത്രനെയും ഒറ്റക്കല്ലുകൊണ്ട് വീഴ്ത്തി.  ഒരാള്‍ക്ക് രണ്ട് സര്‍ക്കാര്‍ പദവികള്‍ വഹിക്കാന്‍ സാധിക്കില്ലെന്ന നിയമം കൊണ്ടുവന്നു. അതിന്റെ ഫലമായി രണ്ടാംതവണ ജയിച്ചുകയറിയ മേയര്‍ സ്ഥാനം സ്റ്റാലിന് രാജിവയ്‌ക്കേണ്ടിവന്നു.  ശേഷം 2016  വരെ വെറും നിയമസഭാ സാമാജികനായി ഒതുങ്ങി.  അക്കാലത്ത് കരുണാനിധി വാര്‍ദ്ധക്യം കൊണ്ട് അവശനായി. രോഗഗ്രസ്തനുമായി. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ പഴയപോലെ തീവ്രമായി മുന്നിട്ടിറങ്ങാന്‍ സാധിക്കാതെ വന്നു.  അക്കൊല്ലം നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.  തെരഞ്ഞെടുപ്പുതന്ത്രങ്ങള്‍ മെനയുന്നതിലും അദ്ദേഹം പരാജയപ്പെട്ടു.  അക്കാലയളവിലാണ് സ്റ്റാലിന്‍ സാരഥ്യം ഏറ്റെടുക്കുന്നത്.  തെരഞ്ഞെടുപ്പില്‍ ഡി.എം.കെ പരാജയപ്പെട്ടു.  കോണ്‍ഗ്രസടക്കം മുന്നണിയില്‍ വോട്ട് ബാങ്കുള്ള ഒരു കക്ഷിയും ഇല്ലായിരുന്നു.  ഉറപ്പായ വോട്ട് ബാങ്കുള്ള രണ്ട് കമ്യൂണിസ്റ്റ്? പാര്‍ട്ടികള്‍, വിടുതലൈ സിറുത്തൈകള്‍, നടന്‍ വിജയകാന്തിന്റെ ഡി.എം.ഡി.കെ, വൈകോയുടെ എം.ഡി.എം.കെ എന്നീ കക്ഷികള്‍ മൂന്നാം മുന്നണിയായി പ്രവര്‍ത്തിച്ചതുമൂലം ഡി.എം.കെയുടെ ജയം അസ്ഥാനത്തായി. 

ഈ പിഴവ് 2021 ലെ തെരഞ്ഞെടുപ്പില്‍ സ്റ്റാലിന്റെ മനസ്സിലുണ്ടായിരുന്നുവെന്നത്  അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലും ആസൂത്രണത്തിലും പ്രകടമായിരുന്നു.  2016 ലെ തെരഞ്ഞെടുപ്പില്‍ ജനക്ഷേമ മുന്നണി എന്ന പേരില്‍ ഒറ്റക്കുമത്സരിച്ച മുന്നണിയിലെ ഡി.എം.ഡി. കെ ഒഴികെയുള്ള കക്ഷികളെ ഡി.എം.കെ നയിക്കുന്ന മുന്നണിയിലേക്ക് കൊണ്ടുവന്നു. ഡി.എം. കെയുടെ മുഖ്യപ്രാസംഗികനായിരുന്ന കരുണാനിധി ഇല്ലാത്ത കുറവ് തന്റെ നിരന്തര പര്യടനങ്ങളിലൂടെ നികത്തി.  കഴിഞ്ഞ അഞ്ചുകൊല്ലം പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ ജയലളിത, എടപ്പാടി സര്‍ക്കാരുകള്‍ക്കെതിരെ നടത്താതിരുന്ന വിമര്‍ശനങ്ങളൊക്കെയും ജനമധ്യത്തില്‍ എണ്ണിപ്പറയുന്നതില്‍ വിജയിച്ചു.  അതിനോടൊപ്പം, കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളെ സധൈര്യം തുറന്നുകാട്ടി.  ഈ തെരഞ്ഞെടുപ്പിന്റെ വിജയരഹസ്യവും അതുതന്നെയായിരുന്നു.

2016 നും 2021 നുമിടയില്‍  സ്റ്റാലിനിലുണ്ടായ മാറ്റം പ്രധാനമാണ്. ആ മാറ്റങ്ങളുടെ തുടര്‍ച്ചയാണ് അദ്ദേഹത്തിന്റെ സര്‍ക്കാരിലും പ്രതിഫലിക്കുന്നത്. തമിഴ്‌നാട്ടില്‍ സ്റ്റാലിനെക്കുറിച്ച് ഇന്നലെ വരെ ഉണ്ടായിരുന്ന ചിത്രം അദ്ദേഹത്തിന് അനുകൂലമായതല്ലായിരുന്നു. കരുണാനിധിയുടെ പുത്രനെന്ന നിലയ്ക്കാണ് അദ്ദേഹത്തെ കണ്ടിരുന്നത്.  അതുമൂലം അദ്ദേഹത്തിന് കിട്ടിയത് ലാഭങ്ങളെക്കാളേറെ നഷ്ടങ്ങള്‍ തന്നെയായിരുന്നു.  പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ നിലപാടുകള്‍ ഊന്നിപ്പറയുന്ന ഒരാളായി അദ്ദേഹം അറിയപ്പെട്ടിരുന്നില്ല.  ജനാധിപത്യ സ്വഭാവമുള്ള പ്രസ്ഥാനമെന്ന് പുറമേ അറിയപ്പെട്ടിരുന്നുവെങ്കിലും കരുണാനിധിയുടെ നിലപാടുകളും തലമൂത്ത നേതാക്കളുടെ നിലപാടുകളും മാത്രമാണ് അവിടെ വിലപ്പോകുമായിരുന്നുള്ളൂ.  കലൈഞ്ജര്‍ക്കുശേഷം തന്റെ വാക്കുകള്‍ പ്രസ്ഥാനത്തെ രക്ഷിക്കും എന്ന വിശ്വാസം അണികള്‍ക്കിടയില്‍ ഇന്ന് രൂപപ്പെടുത്തിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഭരണരംഗത്ത് വിശ്വാസങ്ങള്‍ക്കല്ല, മറിച്ച് ജനസേവനത്തിനുള്ള കഴിവാണ് മാനദണ്ഡം എന്ന വികാരം ഉണ്ടാക്കിയെടുത്തു.  ഒരുതരത്തില്‍ ഇത് പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിന് തലവേദനയുണ്ടാക്കിയേക്കാവുന്ന നടപടിയാണ്. 

ALSO READ

പാലട പ്രഥമൻ കഴിച്ച് പെൺകുട്ടി മരിച്ചു എന്ന് മാധ്യമങ്ങള്‍ പറയുമോ ?

കരുണാനിധിയുടെ പുത്രന്‍ എന്ന പേര് സ്റ്റാലിന്  എത്ര ഗുണം ചെയ്തിട്ടുണ്ടോ അത്രതന്നെ ദോഷവും വരുത്തിയിട്ടുണ്ട്. എല്ലാ തരത്തിലും അദ്ദേഹം അച്ഛനോട് ഉപമിക്കപ്പെട്ടു. കരുണാനിധിയോളം വാക്ചാതുര്യമില്ല, അദ്ദേഹത്തെപ്പോലെ എഴുതാനോ സാഹിത്യപരമായതോ ആയ കഴിവില്ല.  അദ്ദേഹത്തോളം ഭരണപരമായ കഴിവുകളോ പ്രതിസന്ധി ഘട്ടങ്ങളില്‍ തീരുമാനമെടുക്കാനുള്ള ധൈര്യമോ ഇല്ല.  ഇത്തരത്തിലായിരുന്നു സ്റ്റാലിനെക്കുറിച്ചുള്ള വിശകലനങ്ങള്‍.  കലൈഞ്ജര്‍ കരുണാനിധിയെപ്പോലെ മറ്റൊരാള്‍ വിരളമാണെന്നും അദ്ദേഹം ചരിത്രത്തിന്റെയും ചരിത്രസൃഷ്ടിയുടെയും ഭാഗമായും നിലകൊണ്ടയാളാണെന്നും മറ്റാരേക്കാള്‍ നന്നായി സ്റ്റാലിന്‍ അറിഞ്ഞിരുന്നു.  ഇത് അദ്ദേഹം മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത ദിവസം മുതല്‍ക്കുതന്നെ തന്റെ പ്രവൃത്തികളില്‍ പ്രതിഫലിപ്പിക്കുകയും ചെയ്തു.  

anna
  അണ്ണാ ദുരൈ

‘കരുണാനിധിയുടെ മകനാണ്, അദ്ദേഹം തെളിച്ച രാഷ്ട്രീയവഴികളിലൂടെ മുന്നിലേക്ക് എത്തിയതാണ്. എന്നാല്‍ എന്റെ മാര്‍ഗം വേറെയാണ്' എന്നത് അദ്ദേഹം മനസ്സിലാക്കിത്തന്നു.  ഭരണനിര്‍വ്വഹണത്തില്‍ അദ്ദേഹം പ്രത്യക്ഷ ഉദാഹരണമായി കാണുന്നത് അണ്ണാദുരൈയെ ആണ്. പ്രസ്ഥാനത്തിന്റെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ജയലളിതയുടെ മാര്‍ഗം അവലംബിക്കുന്നതായി തോന്നുന്നു. മന്ത്രിസഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ അദ്ദേഹം മുന്‍ഗണന നല്‍കിയത് പാര്‍ട്ടിയോടുള്ള കൂറിനല്ല, മറിച്ച് അതാത് വിഭാഗങ്ങളിലെ പ്രാഗത്ഭ്യത്തിനാണ്.  കക്ഷിരാഷ്ട്രീയത്തില്‍ വേണ്ടത്ര അനുഭവമില്ലാത്ത, എന്നാല്‍ ധനകാര്യത്തില്‍ നിപുണനായ പഴനിവേല്‍ ത്യാഗരാജനെ തമിഴ്‌നാടിന്റെ ധനകാര്യമന്ത്രിയായി അവരോധിച്ചതും ഭരണകാര്യങ്ങളില്‍ ഉപദേഷ്ടാക്കളായി അതാതുരംഗത്ത് നൈപുണ്യം പ്രദര്‍ശിപ്പിച്ചവരെ നിയമിച്ചതും ഇതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. തന്റെ ഭരണത്തിന്റെ പ്രവര്‍ത്തന രൂപരേഖ അദ്ദേഹം തന്നെ തയ്യാറാക്കുന്നു.  ഇതിനൊക്കെയും പാര്‍ട്ടിതലത്തില്‍ മുറുമുറുപ്പ് ശക്തമാണ്. കടല്‍ക്കിഴവന്മാരായ തലമൂത്ത നേതാക്കള്‍ക്ക് ഇതില്‍ അതൃപ്തിയും അമര്‍ഷവുമുണ്ട്.  ജയലളിതയെപ്പോലെ ഏകാധിപത്യസ്വഭാവം കാണിക്കാതെ സമാധാനപരമായി ഇവരെയൊക്കെയും വരുതിയില്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചു. 

കഴിഞ്ഞ പത്തുവര്‍ഷമാമായി തമിഴ്‌നാട് രാഷ്ട്രീയം ഏറ്റവും മോശം അവസ്ഥയിലായിരുന്നു. എം. ജി.ആറിനുശേഷം  തുടര്‍ഭരണത്തിന് അവസരം (2011, 2016) ലഭിച്ചത് ജയലളിതയ്ക്കുമാത്രമാണ്.  അതുകൊണ്ട് സംസ്ഥാനത്തിന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയില്ല. ജയലളിതയുടെ മരണശേഷം ശശികല മുഖ്യമന്ത്രിയായി വാഴിച്ച എടപ്പാടി പഴനിസ്വാമിക്ക്  ‘അമ്മ'യുടെ വത്സലശിഷ്യനായ ഒ. പന്നീര്‍ശെല്‍വത്തിനോട് മല്ലയുദ്ധം നടത്താന്‍ മാത്രമായിരുന്നു സമയമുണ്ടായിരുന്നത്.  ഭരണം നിലനിര്‍ത്താന്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ ദയവ് കൂടിയേ തീരൂ എന്ന അവസ്ഥയായി.  ജയലളിത, കരുണാനിധി എന്നീ രണ്ട് ജനപ്രിയ നേതാക്കള്‍ ഇല്ലാതിരുന്ന 2021-ലെ തെരഞ്ഞെടുപ്പിന്റെ മുഖ്യ ആകര്‍ഷണം സ്റ്റാലിന്‍ തന്നെയായിരുന്നു.  അത് അദ്ദേഹം വിജയകരമായി ഏറ്റെടുക്കുകയും ചെയ്തു. 

തെരഞ്ഞെടുപ്പിനുമുമ്പും അതിനുശേഷവുമായി സ്റ്റാലിന്‍ പ്രകടിപ്പിച്ച നിലപാടുകളും മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം കൈക്കൊണ്ട നടപടികളും അദ്ദേഹത്തെ വിശ്വസ്തനാക്കുന്നു. 1975 നുശേഷം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കൈമോശം വന്ന ചില മൂല്യങ്ങളെ സ്റ്റാലിന്‍ തിരികെക്കൊണ്ടുവന്നു. ഈ മൂല്യങ്ങള്‍ അതാതുകാലത്തെ ആവശ്യങ്ങള്‍ക്കനുസരിച്ച്, ഭരണം നിലനിര്‍ത്താന്‍ കരുണാനിധി, എം.ജി.ആര്‍, ജയലളിത എന്നിവര്‍ തൃണവല്‍ഗണിച്ചവയാണ്. 

ALSO READ

കേരള നവോത്ഥാനത്തിലെ നായരും നമ്പൂതിരിയും

അണ്ണാദുരൈയുടെ കാലത്ത് മുന്നോട്ടുവച്ച ദ്രാവിഡ രാഷ്ട്രീയമൂല്യങ്ങളെ അദ്ദേഹത്തിനുശേഷം വന്നവര്‍ കൈയൊഴിഞ്ഞു. തമിഴ്‌നാടിന്റെ സര്‍ക്കാര്‍ മതരഹിതവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിന് മുന്‍ഗണന നല്‍കുന്നതും ആയിരിക്കണം, തമിഴ് ദേശീയതയെ വെളിപ്പെടുത്തുന്നതായിരിക്കണം ഭരണഘടന സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ സ്വയംനിര്‍ണയാധികാരം നേടിയെടുക്കുന്നതായിരിക്കണം- ഇവയാണ് അണ്ണാദുരൈ മുന്നോട്ടുവെച്ച നിലപാടുകള്‍.  ശേഷം വന്ന ഡി.എം.കെ, എ.ഡി.എം.കെ സര്‍ക്കാരുകള്‍ ഇവയൊക്കെ പേരിനുമാത്രമായി ഒതുക്കി. അവയില്‍ ചിലതിനെയെങ്കിലും സ്റ്റാലിന്‍ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട് എന്നുവേണം കരുതാന്‍. 

stalin
  പൗരത്വ നിയമ ഭേദഗതിക്കെതിരെ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ ചെന്നൈയില്‍ സംഘടിപ്പിച്ച പ്രതിഷേധം.

സ്റ്റാലിന്‍ ഭരണകൂടം അധികാരമേറ്റശേഷം കേന്ദ്രസര്‍ക്കാരിനെ ഒന്റിയ അരസ് (Union Government) എന്ന്​ അഭിസംബോധന ചെയ്യാന്‍ തുടങ്ങി.  ഇത് വെറുമൊരു പേരുമാറ്റമല്ല. അധികാരം പങ്കിടുന്നതിനുള്ള അവകാശ പ്രഖ്യാപനമാണ്.  ഭരണഘടനാ നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ യൂണിയന്‍ സര്‍ക്കാര്‍ എന്നുതന്നെയാണ് പരാമര്‍ശിച്ചിരിക്കുന്നത്.  സ്റ്റാലിന്‍ സര്‍ക്കാരിന്റെ ഈ നിലപാട് ഓര്‍മ്മിപ്പിക്കുന്നതും അതുതന്നെയാണ്.

അണ്ണാദുരൈ ഉന്നയിച്ച   ‘സംസ്ഥാനങ്ങളില്‍ സ്വയംഭരണം, കേന്ദ്രത്തില്‍ കൂട്ടായ ഭരണം' എന്ന ജനാധിപത്യവികാരത്തെ ഇത് ഉണര്‍ത്തുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ഘടന തുടങ്ങി എല്ലാ വകുപ്പുകളിലും സംസ്ഥാനങ്ങള്‍ക്ക് അധികാരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ഇത്തരമൊരു അവകാശപ്രഖ്യാപനത്തിന് അതീവ പ്രാധാന്യമുണ്ട്. 
സ്റ്റാലിന്‍ എതിരിട്ട് ജയിച്ചത് വിപ്ലവത്തെയല്ല; ജനങ്ങള്‍ വോട്ടുചെയ്ത തെരഞ്ഞെടുപ്പിനെയാണ്.  ഇതിന്റെ ഫലമായി അടിമുടി മാറ്റങ്ങളൊന്നും സംഭവിക്കാന്‍ സാധ്യതയില്ല.  എന്നാല്‍ നിലവിലെ സാഹചര്യങ്ങളെ പുതുക്കിയെടുക്കാന്‍  സാധിക്കും.  അതുതന്നെയാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നതും. പരിഷ്‌കാരങ്ങളിലൂടെ ജനാധിപത്യപരമായ ആശയസംവാദങ്ങള്‍ സംഭവിച്ച് അത് ജനങ്ങളുടെ ഉന്നമനത്തിന് വഴിയൊരുക്കും എന്ന വിശ്വാസം.

(ട്രൂ കോപ്പി വെബ്​സീൻ 38ാം പാക്കറ്റിൽ എൻ. സുകുമാരൻ എഴുതിയ ‘സ്​റ്റാലിനിസത്തിന്റെ നൂറുദിനങ്ങൾ’ എന്ന ലേഖനത്തിന്റെ എഡിറ്റഡ്​ വേഷൻ)

packet110
  • Tags
  • #M. K. Stalin
  • #M. Karunanidhi
  • #M. G. Ramachandran
  • #Dravida Politics
  • #anna durai
  • #N. Sukumaran
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
cover

Cultural Studies

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

ദ്രാവിഡ സാഹോദര്യത്തെ സംഘപരിവാര്‍ ലക്ഷ്യം വെക്കുമ്പോള്‍

Feb 17, 2023

8 minutes read

periyar ugc

Dravida Politics

പ്രഭാഹരൻ കെ. മൂന്നാർ

കുലത്തൊഴിൽ മുറക്കെതിരെ പെരിയാർ നടത്തിയ പ്രതിരോധം വീണ്ടെടുക്കേണ്ട ഒരു കാലം

Feb 08, 2023

5 Minutes Read

V.S. Sanoj

OPENER 2023

വി.എസ്. സനോജ്‌

365 അവനവന്‍ കടമ്പകള്‍

Jan 05, 2023

12 Minutes Read

3

Dravida Politics

ഷഫീഖ് താമരശ്ശേരി

തമിഴ് ദ്രാവിഡത്തിനും കേരള കമ്യൂണിസത്തിനും മുന്നില്‍ തോല്‍ക്കുന്ന ഹിന്ദു മുന്നണി

Sep 21, 2022

7 Minutes Read

M. K. Stalin

News

Think

എല്ലാ മലയാളികളും ആ ട്രൂകോപ്പി ലേഖനം വായിക്കണം - സ്റ്റാലിന്‍

Jul 30, 2022

2 Minutes Read

M. K. Stalin

Tamil Nadu politics

Truecopy Webzine

തമിഴ് സ്റ്റാലിനിസത്തിന്റെ നൂറുദിനങ്ങള്‍

Aug 16, 2021

5 Minutes Read

Next Article

രാഹുല്‍ ഗാന്ധി ബി.ജെ.പി. കുതന്ത്രങ്ങളെ തകര്‍ത്ത് ഗോദി മീഡിയയെ നേരിട്ട വിധം 

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster