പ്രവേശനോത്സവത്തിന് സ്‌കൂളുകൾ റെഡി;
പക്ഷെ, കുട്ടികള്‍ക്ക് വരാനുള്ള
വാഹനങ്ങൾ റെഡിയാണോ?
പ്രവേശനോത്സവത്തിന് സ്‌കൂളുകൾ റെഡി; പക്ഷെ, കുട്ടികള്‍ക്ക് വരാനുള്ള വാഹനങ്ങൾ റെഡിയാണോ?
കോവിഡ് ഭീതി അവസാനിച്ചിട്ടില്ലാത്തതിനാല്‍ പൊതുവാഹനങ്ങളില്‍ വിദ്യാര്‍ഥികളെ സ്‌കൂളിലയക്കുന്നത് സുരക്ഷിതമല്ല. സ്‌കൂള്‍ ബസുകളില്‍ കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോകാനുമാകില്ല. സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ യാത്ര വലിയൊരു പ്രശ്‌നം തന്നെയാണെന്ന് അധ്യാപകരും രക്ഷിതാക്കളും പറയുന്നു.
18 Oct 2021, 03:04 PM
ഒന്നര വര്‍ഷത്തോളമായി മുമ്പുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള ഭീതിദമായ സാഹചര്യങ്ങളിലൂടെയാണ് ലോകത്തോടൊപ്പം കേരളവും കടന്നുപോകുന്നത്. കോവിഡ്-19 എന്ന മഹാവ്യാധി ലോകത്തെയാകെ നിശ്ചലമാക്കി. അനിവാര്യമായ അതിജീവനം ഏത് കാര്യത്തിലുമുണ്ടാകുമെന്ന പ്രതീക്ഷയില്‍ മനുഷ്യർ മഹാമാരിയെ കരുതലോടെ നേരിട്ടു. മുഖാവരണം അണിഞ്ഞും, വാക്സിനെടുത്തും വൈറസിനെതിരെ നമ്മൾ പ്രതിരോധം തീര്‍ത്തു. അങ്ങനെ നാം പതിയെ പുറത്തിറങ്ങി തുടങ്ങി. ഇപ്പോള്‍ മിക്ക രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് കോവിഡ് പ്രതിരോധ വാക്സീന്‍ കൂടി ലഭിക്കാന്‍ തുടങ്ങിയതോടെ രോഗവ്യാപനം നിയന്ത്രണത്തിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയായി.
ലോകമാകെ സാധാരണ നിലയിലേക്ക് മടങ്ങുമ്പോള്‍ കേരളത്തിലെ സ്‌കൂളുകളും അടുത്ത മാസം തുറക്കുകയാണ്. ഒന്നര വര്‍ഷത്തെ അടച്ചുപൂട്ടലിനു ശേഷമാണ് നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.

മുതിര്‍ന്നവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെങ്കിലും, രാജ്യത്ത് കുട്ടികളുടെ വാക്‌സിനേഷന് നടപടിയായിട്ടില്ല. അതുകൊണ്ടുതന്നെ ചെറിയ കുട്ടികള്‍ ഉള്‍പ്പെടെ സ്‌കൂളിലേക്ക് പോകുമ്പോള്‍, രക്ഷിതാക്കള്‍ക്ക് കടുത്ത ആശങ്കയായിരിക്കും. കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുവാഹനങ്ങളില്‍ കുട്ടികളെ സ്‌കൂളിലയക്കുക എന്നത് സുരക്ഷിതമല്ലെന്നാണ് രക്ഷിതാക്കളും അധ്യാപകരും കരുതുന്നത്. സ്‌കൂള്‍ ബസുകളില്‍ പഴയ പോലെ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നതും എത്രത്തോളം സുരക്ഷിതമാകുമെന്ന ആശങ്കയാണ് രക്ഷിതാക്കളും അധ്യാപകരും പങ്കുവെക്കുന്നത്.
ഷെഡ്ഡിലായ ബസ്സുകള്‍
ഒന്നര വര്‍ഷത്തിലേറെയായി ഷെഡുകളില്‍ കിടക്കുന്ന ബസുകള്‍ നന്നാക്കിയെടുക്കാന്നുള്ള ബദ്ധപ്പാടിലാണ് സ്‌കൂള്‍ അധികൃതര്‍. സ്‌കൂള്‍ വാഹനങ്ങളും കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന മറ്റു വാഹനങ്ങളും 20-ന് മുമ്പ് ഫിറ്റ്‌നസ് പരിശോധന നടത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഏറെനാള്‍ ഓടിക്കാതിരുന്നതിനാല്‍ മിക്ക വാഹനങ്ങള്‍ക്കും വലിയതോതില്‍ അറ്റകുറ്റപ്പണി വേണ്ടിവരുന്ന സ്ഥിതിയാണ്. അതുകൊണ്ടുതന്നെ പല സ്‌കൂളുകളുടെയും വാഹനങ്ങള്‍ വര്‍ക്ക്‌ഷോപ്പുകളിലാണ്. മോട്ടോര്‍ വാഹന വകുപ്പ് സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന തുടങ്ങിയിട്ടുണ്ടെങ്കിലും വളരെ കുറച്ച് വാഹനങ്ങള്‍ മാത്രമാണ് ഇതുവരെ പരിശോധനയ്ക്ക് എത്തിയിട്ടുള്ളത്. വര്‍ക്ക്‌ഷോപ്പുകളിലെ തിരക്കുകാരണം വാഹനങ്ങള്‍ നന്നാക്കി കിട്ടാന്‍ വൈകുന്നതാണ് ഫിറ്റ്‌നസ് പരിശോധനയ്‌ക്കെത്തുന്ന വാഹനങ്ങളുടെ എണ്ണം കുറയാന്‍ കാരണം. സാമ്പത്തിക പ്രതിസന്ധി കാരണം ചില സ്‌കൂളുടമകള്‍ക്ക് വാഹനം സര്‍വീസ് ചെയ്യാന്‍ കഴിയാത്തതും ഫിറ്റ്‌നസ് പരിശോധനയ്‌ക്കെത്തുന്ന വാഹനങ്ങളുടെ എണ്ണം കുറയുന്നതിനിടയാക്കുന്നുണ്ട്.

കഴിഞ്ഞ ശനിയാഴ്ച സ്‌കൂള്‍ വാഹനങ്ങള്‍ക്കുവേണ്ടി പ്രത്യേകമായി ഫിറ്റ്‌നസ് പരിശോധന വച്ചെങ്കിലും ആകെ ഏഴ് വാഹനങ്ങളാണ് എത്തിയതെന്ന് കോഴിക്കോട് ആര്‍.ടി.ഒ. ഇ. മോഹന്‍ദാസ് പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എപ്പോള്‍ പരിശോധനയ്ക്ക് കൊണ്ടുവന്നാലും സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് കൊടുക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടാല്‍ ഏത് ദിവസം വേണമെങ്കിലും അതത് സ്‌കൂളുകളിലെത്തി വാഹനങ്ങള്‍ പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയ്യാണെന്ന് വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും ആര്‍.ടി.ഒ. പറഞ്ഞു.
കോവിഡ് സാഹചര്യത്തില്‍ വാഹനങ്ങളില്‍ കുട്ടികളെ കൊണ്ടുപോകുന്നതിനും നിയന്ത്രണങ്ങളുണ്ടാകും. ഓരോ വാഹനത്തിലും കയറ്റാവുന്ന കുട്ടികളുടെ എണ്ണം സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനാല്‍ മുഴുവന്‍ കുട്ടികളെയും സ്‌കൂളിലെത്തിക്കണമെങ്കില്‍ നിലവിലുള്ള വാഹനങ്ങള്‍ മതിയാകാതെ വരും. അതേസമയം, കൂടുതല്‍ വാഹനങ്ങള്‍ ലഭ്യമാക്കാനുള്ള സാഹചര്യവും പല സ്‌കൂളുകള്‍ക്കുമില്ല. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി സ്‌കൂള്‍ ഉടമകളെയും ബാധിച്ചിട്ടുണ്ട്. അതിനാല്‍ പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ അനുകൂലമായ സ്ഥിതിയിലല്ല മിക്ക സ്‌കൂളുകളും.
നിലവിലുള്ള സ്‌കൂള്‍ ബസ്സുകളെല്ലാം അറ്റകുറ്റപ്പണി നടത്തിയാലും മുഴുവന്‍ കുട്ടികളെയും സ്‌കൂളിലെത്തിക്കുകയെന്നത് എത്രത്തോളം പ്രായോഗികമാണെന്ന ആശങ്കയാണ് അധ്യാപകര്‍ക്കുള്ളത്. പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലാത്തതും നേരത്തെ കുട്ടികളെ കൊണ്ടുവന്നിരുന്ന സ്വകാര്യ ടാക്‌സികളും ജീപ്പുകളും ഉള്‍പ്പെടെയുള്ള പൂര്‍ണമായും ലഭ്യമല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ കരുതലോടെ
തുടക്കത്തില്‍ പൂര്‍ണതോതില്‍ അധ്യയനം ആരംഭിക്കാത്തതിനാല്‍ സ്‌കൂള്‍ തുറന്നതിനുശേഷം കുട്ടികളുടെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സംബന്ധിച്ച് പുതിയ തീരുമാനങ്ങളെടുക്കാനാണ് സ്‌കൂളുകള്‍ ആലോചിക്കുന്നത്. ഇപ്പോള്‍ സ്‌കൂളുകളില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശമനുസരിച്ചുള്ള ക്ലാസ് പി.ടി.എ.കളുടെ യോഗങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ യോഗങ്ങള്‍ പൂര്‍ത്തിയായതിനുശേഷം മാത്രമെ എത്ര രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളിലേക്ക് അയക്കാന്‍ തയ്യാറാകൂ എന്ന് വ്യക്തമാകുകയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ കുട്ടികളെ പൊതുവാഹനത്തിലോ സ്‌കൂള്‍ വാഹനത്തിലോ കയറ്റിവിടാന്‍ ധൈര്യമില്ലെന്നാണ് മിക്ക രക്ഷിതാക്കളും പറയുന്നത്. അതുകൊണ്ടുതന്നെ മിക്ക രക്ഷിതാക്കളും കുട്ടികളെ സ്വന്തം വാഹനങ്ങളില്‍ സ്‌കൂളിലെത്തിക്കാനാണ് സാധ്യത, പ്രത്യേകിച്ച് ചെറിയ ക്ലാസുകളിലെ കുട്ടികളുടെ രക്ഷിതാക്കള്‍. അതുകൊണ്ടുതന്നെ ഉപയോഗിക്കാതെ കേടായിക്കിടക്കുന്ന വാഹനങ്ങള്‍ തിരക്കുപിടിച്ച് നന്നാക്കേണ്ടതില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ കണക്കുകൂട്ടല്‍.
വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് മടങ്ങിയെത്തുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും സുരക്ഷാനടപടികളും സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സ്‌കൂളുകള്‍ കര്‍മപദ്ധതികള്‍ തയ്യാറാക്കിവരികയാണ്. അധ്യാപക-രക്ഷാകര്‍തൃസമിതികള്‍ യോഗം ചേര്‍ന്ന് ഏത് തരത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കേണ്ടതെന്ന് ചര്‍ച്ച ചെയ്ത് ഓരോ അധ്യാപകര്‍ക്കും ചുമതലകള്‍ വീതിച്ചുനല്‍കിയാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുക. ക്ലാസുകളുടെ സമയം, കുട്ടികളെ സ്‌കൂളിലേക്ക് പ്രവേശിപ്പിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് സ്‌കൂള്‍ സജ്ജമാക്കല്‍ (ശുചിത്വം, അണുനശീകരണം ഉള്‍പ്പെടെ) തുടങ്ങി എല്ലാ കാര്യങ്ങളിലും അധ്യാപക-രക്ഷാകര്‍തൃസമിതി തീരുമാനമെടുക്കും.
സ്‌കൂള്‍ തുറന്ന് ഒന്നോ രണ്ടോ ആഴ്ച കഴിയുമ്പോള്‍ എത്ര കുട്ടികള്‍ സ്‌കൂളിലേക്ക് വരുമെന്നും അവരുടെ സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ ഏത് തരത്തിലാണെന്നും മനസ്സിലാക്കാനാകും. അതിനനുസരിച്ച് രക്ഷാകര്‍തൃസമിതികളോട് കൂടിയാലോചിച്ച് പദ്ധതികള്‍ തയ്യാറാക്കാനാണ് തീരുമാനമെന്ന് കോഴിക്കോട് ജില്ലയിലെ പറമ്പില്‍ബസാര്‍ എം.എ.എം. യു.പി. സ്‌കൂളിലെ അധ്യാപകന്‍ പറയുന്നു. പ്രൈമറി ക്ലാസുകളായതിനാല്‍ പൂര്‍ണതോതില്‍ ക്ലാസുകള്‍ ഉടനെ ആരംഭിക്കാന്‍ സാധ്യതയില്ല. രക്ഷിതാക്കളുടെ ഉത്കണ്ഠകള്‍ പരിഗണിച്ചുകൊണ്ടുള്ള നടപടികള്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടാകും. കോവിഡിനുശേഷം സ്‌കൂള്‍ തുറക്കുമ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മാനേജ്‌മെന്റും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് ഫലപ്രദമായ തീരുമാനങ്ങളെടുക്കാനാണ് ശ്രമിക്കുന്നത്.
കുട്ടികളെ പൊതുവാഹനങ്ങളില്‍ അയക്കാന്‍ രക്ഷിതാക്കള്‍ തയ്യാറല്ലെന്നും അവര്‍ തന്നെ കൊണ്ടുവിടാമെന്നുമാണ് ഭൂരിഭാഗം പേരും പറയുന്നതെന്നും മലപ്പുറം ജില്ലയിലെ മങ്കട പള്ളിപ്പുറം ജി.യു.പി. സ്‌കൂളിലെ അധ്യാപകന്‍ കെ.പി. ഷാജി പറഞ്ഞു. "സ്‌കൂളിന് ഒരു ബസ്സാണുള്ളത്. അത് സര്‍വീസ് ചെയ്ത് ഫിറ്റ്‌നസ് പരിശോധനയൊക്കെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ ഓടിക്കണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നടന്നുവരാവുന്ന ദൂരത്തല്ലാത്ത കുട്ടികളെ രക്ഷിതാക്കള്‍ സ്വന്തം വാഹനങ്ങളില്‍ സ്‌കൂളിലെത്തിക്കുമെന്നാണ് പറയുന്നത്. ഒരു സീറ്റില്‍ ഒരു കുട്ടി എന്നാണ് സ്‌കൂള്‍ ബസ് സര്‍വീസിന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ ഇത് പ്രായോഗികതലത്തില്‍ വലിയ പ്രയാസമാകും. മുഴുവന്‍ കുട്ടികളെയും കൃത്യസമയത്ത് സ്‌കൂളിലെത്തിക്കാന്‍ ഒരു ബസ് മാത്രമായാല്‍ സാധിക്കുമെന്ന് തോന്നുന്നില്ല.'-ഷാജി പറയുന്നു.
അധ്യാപകരുടെ യോഗം ചേര്‍ന്ന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തു. ബുധനാഴ്ച മുതല്‍ ക്ലാസ് പി.ടി.എ.കള്‍ ചേര്‍ന്ന് വിശദമായ ആലോചനകള്‍ നടക്കും. അതിനുശേഷം മാത്രമെ എത്ര കുട്ടികള്‍ സ്‌കൂളില്‍ വരുമെന്നും എത്ര കുട്ടികള്‍ക്ക് യാത്രാസൗകര്യം ഒരുക്കണമെന്നും വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു.

നേരെത്തയുണ്ടായിരുന്ന സ്‌കൂള്‍ ബസ്സുകളെല്ലാം അറ്റകുറ്റപ്പണി നടത്തിയാലും പുതിയ സാഹചര്യത്തില്‍ മുഴുവന്‍ കുട്ടികളെയും സ്‌കൂളിലെത്തിക്കാന്‍ അവ പര്യാപ്തമാകില്ലെന്ന് മലപ്പുറം പാലേമാട് ശ്രീ വിവേകാനന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ പറഞ്ഞു. നേരത്തേ സ്‌കൂള്‍ ബസ്സില്‍ വന്നുകൊണ്ടിരുന്നവരുടെയും ഇനി സ്‌കൂള്‍ തുറക്കുമ്പോള്‍ യാത്രാസൗകര്യം ആവശ്യമായി വരുന്നവരുടെയും കണക്കുകള്‍ ശേഖരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്താനുള്ള സാധ്യത കുറവായതിനാല്‍ സ്‌കൂള്‍ തുറന്നതിനുശേഷം സാഹചര്യം വിലയിരുത്തി നടപടികള്‍ സ്വീകരിക്കും. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലാണ് അകലെ നിന്ന് വരുന്ന കുട്ടികള്‍ കൂടുതലുള്ളത്. ആദ്യം ക്ലാസ് പൂര്‍ണതോതിലാകുന്നതും അവര്‍ക്കായിരിക്കും. അതിനാല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ യാത്രാ സൗകര്യത്തിനാണ് ആദ്യ പരിഗണന നല്‍കുക.- അദ്ദേഹം പറഞ്ഞു.
ബസ്സില്‍ വിടാന്‍ പേടിയെന്ന് രക്ഷിതാക്കള്‍
സ്‌കൂള്‍ ബസ്സിലൊക്കെ കുട്ടികളെ വിടാന്‍ ഇപ്പോള്‍ പേടിയുണ്ടെന്നും അതുകൊണ്ട് സ്വന്തം വാഹനത്തില്‍ മക്കളെ കൊണ്ടുവിടാനാണ് ആലോചിക്കുന്നതും മൂന്നാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന കുട്ടികളുടെ അമ്മയായ എറണാകുളം സ്വദേശി രശ്മി പറയുന്നു. തനിക്ക് വാഹനമുള്ളതിനാല്‍ ഇക്കാര്യത്തില്‍ വലിയ ആശങ്കയില്ലെന്നും എന്നാല്‍ മക്കളുടെ സഹപാഠികളായ പല കുട്ടികളുടെയും രക്ഷിതാക്കളുടെ സ്ഥിതി അതല്ലെന്നും അവര്‍ പറഞ്ഞു. പല രക്ഷിതാക്കളും കുട്ടികളെ സ്‌കൂളിലേക്ക് വിടണോ എന്ന കര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ബയോബബിള്‍ സംവിധാനം ഒരുക്കുമെന്നും സുരക്ഷ ഉറപ്പാക്കുമെന്നുമൊക്കെ പറയുന്നുണ്ടെങ്കിലും ചെറിയ കുട്ടികളുടെ കാര്യത്തിലൊക്കെ ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് നാലാം ക്ലാസ് വിദ്യാര്‍ഥിയുടെ അമ്മയായ കണ്ണൂര്‍ സ്വദേശി വിദ്യ പറയുന്നു. കുട്ടികള്‍ സ്‌കൂളില്‍വെച്ച് ഭക്ഷണം കഴിക്കേണ്ടിവരുന്നതും ഒരുമിച്ച് കളിക്കുന്നതുമെല്ലാം ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. അതേസമയം, സ്‌കൂള്‍ തുറക്കുന്നു എന്ന കാര്യം വലിയ സന്തോഷം നല്‍കുന്നതാണെന്നും കുട്ടികള്‍ക്ക് വലിയ മാനസികപ്രയാസങ്ങളാണ് കോവിഡ് കാലം സൃഷ്ടിച്ചതെന്നും വിദ്യ പറഞ്ഞു.
നഷ്ടം ചെറിയ കുട്ടികള്‍ക്കുതന്നെ
സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ യാതൊരുവിധ ആശങ്കയുമില്ലെന്നും കുട്ടിയെ സ്‌കൂളിലേക്ക് വിടാന്‍ പേടിയോ മടിയോ ഇല്ലെന്നും രണ്ടാംക്ലാസ് വിദ്യാര്‍ഥിയുടെ അമ്മയും മാധ്യമപ്രവര്‍ത്തകയുമായ സരിത പറയുന്നു. കോവിഡ് കാലം കുട്ടികളുടെ മാനസികാവസ്ഥയെ വല്ലാതെ ബാധിച്ചിട്ടുണ്ടെന്നും കൂട്ടുകാരെയും അധ്യാപകരെയും കാണാത്ത കാലം കുഞ്ഞുമനസ്സുകളെ വലിയ പ്രതിസന്ധിയിലേക്കാണ് എത്തിച്ചതെന്നും അതുകൊണ്ട് എത്രയും വേഗം ക്ലാസുകള്‍ സാധാരണ നിലയിലേക്കെത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും സരിത വ്യക്തമാക്കുന്നു.
"വീട്ടില്‍ നിന്ന് നടന്നുപോകാവുന്ന ദൂരത്തിലാണ് സ്‌കൂള്‍ എന്നതിനാല്‍ യാത്ര സംബന്ധിച്ച് എനിക്ക് ആശങ്കയില്ല. സ്‌കൂളിലെ മിക്ക കുട്ടികളെയും രക്ഷിതാക്കള്‍ കൊണ്ടുവിടാനാണ് സാധ്യതയെന്നാണ് തോന്നുന്നത്. കുട്ടികളുടെ യാത്രയോ ക്ലാസില്‍ ഒരുമിച്ചിരിക്കുമ്പോഴുണ്ടാകുന്ന സുരക്ഷാപ്രശ്‌നമോ ഒന്നുമല്ല എന്നെ ആശങ്കപ്പെടുത്തുന്നത്. ചെറിയ ക്ലാസിലെ കുട്ടികള്‍ക്ക് അടിത്തറയാണ് കോവിഡ് കാരണം നഷ്ടമായത്. ഓണ്‍ലൈന്‍ ക്ലാസുകളൊന്നും കൊച്ചുകുട്ടികളെ സംബന്ധിച്ച് പ്രായോഗികമല്ല. വീട്ടില്‍ രക്ഷിതാക്കള്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ മാത്രമെ കുട്ടികള്‍ ക്ലാസിലിരിക്കൂ. അതിനുള്ള സമയവും ബോധവുമുള്ള രക്ഷിതാക്കളാണെങ്കില്‍ മാത്രമെ കുട്ടികള്‍ അക്ഷരമെങ്കിലും പഠിക്കൂ. കൂടാതെ ഒന്നിലധികം കുട്ടികളുള്ള വീടുകളാണെങ്കില്‍, രക്ഷിതാക്കളില്‍ ഒരാള്‍ക്ക് മാത്രമാണ് സ്മാര്‍ട്ട് ഫോണുള്ളതെങ്കില്‍ ചെറിയ കുട്ടികളുടെ പഠനമായിരിക്കും മുടങ്ങുക. ഇത്തരത്തില്‍ അടിത്തറ ഇല്ലാതാകുന്നത് കുട്ടികളുടെ ഭാവിയെത്തന്നെ തകരാറിലാക്കും. സാധാരണ കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ഇത്തരത്തില്‍ പ്രയാസമുണ്ടാകുന്നത്.'-സരിത വിശദമാക്കുന്നു.

അലര്‍ജി പോലെയുള്ള രോഗങ്ങളുള്ള കുട്ടികളുടെ കാര്യത്തിലാണ് രക്ഷിതാക്കള്‍ക്ക് വലിയ ആശങ്കയുള്ളതെന്ന് നല്ലളം എ.എല്‍.പി. സ്‌കൂള്‍ പി.ടി.എ. ജോയിന്റ് കണ്‍വീനര്‍ റെയ്‌സ പറയുന്നു. സ്‌കൂളില്‍ ക്ലാസ് മുറികള്‍ ശുചീകരിക്കുകയും മറ്റ് ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കുട്ടികള്‍ സ്‌കൂളിലേക്ക് തിരികെയെത്തുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച ചര്‍ച്ചകളൊക്കെ നടക്കാനിരിക്കുന്നതേയുള്ളൂവെന്നും രണ്ടാം ക്ലാസുകാരന്റെ അമ്മയായ റെയ്‌സ പറഞ്ഞു.
കോവിഡ് ലോക്ക്ഡൗണ്‍ സമൂഹത്തെയാകെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ടെന്നതാണ് വാസ്തവം. തൊഴില്‍നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും പുറത്തിറങ്ങാനാകാത്ത അവസ്ഥയുമെല്ലാം ആളുകളുടെ മാനസികാരോഗ്യത്തെയും ബാധിച്ചിട്ടുണ്ട്. അടച്ചുപൂട്ടലിന്റെ സമ്മര്‍ദം ഏറ്റവും രൂക്ഷമായി ബാധിച്ച വിഭാഗമാണ് വിദ്യാര്‍ഥികള്‍. വീടിന്റെ നിയന്ത്രണങ്ങളും വീര്‍പ്പുട്ടലുകളും ചില കുട്ടികള്‍ക്ക് താങ്ങാനാകാത്തതായിരിക്കും. ഇത് സമൂഹമാധ്യമങ്ങളിലും വീഡിയോ ഗെയിമുകളിലും കൂടുതല്‍ സമയം ചെലവിടുന്നതിന് ഇടയാക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ കൂടിയായതോടെ ദിവസത്തിന്റെ ഏറിയ സമയവും മൊബൈല്‍ ഫോണിലായി കുട്ടികളുടെ ജീവിതം. മൊബൈല്‍ ഫോണിന്റെ അമിതമായ ഉപയോഗവും കുട്ടികളുടെ മാനസികാരോഗ്യം തകരാറിലാക്കുന്നതിന് കാരണമാകുന്നു. വിഡിയോ ഗെയിമുകളിലെ അക്രമണോത്സുകതയും ക്ഷമയില്ലായ്മയും അതിവേഗവുമെല്ലാം മൊബൈല്‍ ഫോണിന് അടിമകളാകുന്ന കുട്ടികളെ സ്വാധീനിക്കുന്നു. അവരുടെ സ്വാഭാവത്തില്‍ മാറ്റമുണ്ടാക്കാനും ഇത് കാരണമാകുന്നു. ഈ സാഹചര്യങ്ങളെല്ലാം സ്‌കൂള്‍ എത്രയും പെട്ടെന്ന് തുറക്കണമെന്ന നിലപാടിലേക്കാണ് രക്ഷിതാക്കളെ എത്തിക്കുന്നത്.
യാത്രാ ബുദ്ധിമുട്ടുകളും കോവിഡ് വരുന്നതുപോലും പ്രശ്‌നമല്ലെന്നാണ് കുട്ടികളുടെ ഭാവി തകരുന്നത് കാണുമ്പോള്‍ തോന്നുന്നതെന്നാണ് ചുറ്റുമുള്ള പല വീടുകളിലെയും സാഹചര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് സരിത പറയുന്നു. "കഴിഞ്ഞ ഒന്നര വര്‍ഷക്കാലം വീട്ടില്‍ തന്നെയായിരുന്നതിനാല്‍ കുട്ടികള്‍ക്ക് നല്ല ഭക്ഷണം നല്‍കി പ്രതിരോധശേഷി ഉറപ്പുവരുത്താനും രോഗങ്ങള്‍ വരാതെ സൂക്ഷിക്കാനും സാധിച്ചിട്ടുണ്ട്. കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും പഠനത്തില്‍ സഹായിക്കാനും രക്ഷിതാക്കള്‍ക്ക് സാധിക്കും. പക്ഷെ കൂട്ടുകാരെയും അധ്യാപകരെയും കാണാതെ, പരസ്പരമുള്ള ഇടപെടലുകള്‍ ഇല്ലാതെ കുട്ടി അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ വളരെ വലുതാണ്. രണ്ടാം ക്ലാസില്‍ പഠിക്കുന്ന എന്റെ മകന്‍, അവന്‍ പഠിക്കുന്ന സ്‌കൂള്‍ ഇതുവരെ കണ്ടിട്ടില്ല. സഹപാഠികളെയോ അധ്യാപകരെയോ കണ്ടിട്ടില്ല. രക്ഷിതാക്കള്‍ക്ക് അധ്യാപകരുമായും മറ്റു രക്ഷിതാക്കളുമായുമെല്ലാം വാട്‌സാപ്പിലൂടെയും ഫോണിലൂടെയുമെല്ലാം നല്ല ബന്ധമുണ്ടാകും. എന്നാല്‍ കുട്ടികള്‍ തമ്മില്‍ അങ്ങനെയൊരു ബന്ധമില്ല. അതുണ്ടാകണമെങ്കില്‍ അവര്‍ പരസ്പരം കണ്ട്, ഒരുമിച്ച് പഠിക്കുകയും കളിക്കുകയും വേണം.'- ഇതാണ് തന്റെയും മകന്റെ സഹപാഠികളുടെ രക്ഷിതാക്കളുടെയും അഭിപ്രായമെന്ന് സരിത പറയുന്നു.
ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും
10, 12 ക്ലാസുകളില്‍ മാത്രമായിരിക്കും അദ്യഘട്ടത്തില്‍ പൂര്‍ണതോതില്‍ അധ്യയനം തുടങ്ങുന്നത്. പുതിയ സാഹചര്യവുമായി പരിചയപ്പെടാനുള്ള സാവകാശം കുട്ടികള്‍ക്ക് നല്‍കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. രക്ഷിതാക്കള്‍ക്ക് പൂര്‍ണ സമ്മതമുണ്ടെങ്കില്‍ മാത്രമെ കുട്ടികളെ സ്‌കൂളിലേക്ക് അയക്കേണ്ടതുള്ളൂ എന്നും ആശങ്കകള്‍ പരിഹരിക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും പറഞ്ഞിട്ടുണ്ട്. സ്‌കൂളില്‍ വരാനാകാത്ത കുട്ടികള്‍ക്ക് തുടര്‍ന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കുമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അറിയിച്ചിട്ടുണ്ട്.
വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ക്ലാസുകള്‍ തുടരും. സ്‌കൂളിലെ അധ്യാപകരുടെ ഓണ്‍ലൈന്‍ ക്ലാസിനായുള്ള ജി-സ്വീറ്റ് സംവിധാനം നവംബര്‍ ഒന്നിന് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി തലത്തില്‍ പൂര്‍ണണമായി നിലവില്‍വരും. ഓണ്‍ലൈന്‍, ഡിജിറ്റല്‍, ക്ലാസ്മുറി പഠനരീതികള്‍ സംയോജിപ്പിച്ചുള്ള ഹൈബ്രിഡ് പഠനമായിരിക്കും ഇനി നല്ലതെന്ന് കൈറ്റ് (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍) വ്യക്തമാക്കുന്നത്.

കുട്ടികളെ ബാച്ചുകളായി തിരിച്ചാണ് അധ്യയനം നടക്കുക. ഒരു ക്ലാസില്‍ 20 കുട്ടികള്‍ മാത്രമാണുണ്ടാകുക. മൂന്ന് ദിവസം തുടര്‍ച്ചയായിട്ടായിരിക്കും ഒരു ബാച്ചിന് ക്ലാസുണ്ടാകുക. രാവിലെ 10 മണി മുതല്‍ ഒരുമണി വരെയായിരിക്കും ക്ലാസ്. അതിനാല്‍ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കേണ്ട സാഹചര്യമുണ്ടാകില്ല. രണ്ടാഴ്ചയ്ക്ക് ശേഷം സ്ഥിതി വിലയിരുത്തി ആവശ്യമെങ്കില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.
പ്രവേശനോത്സവത്തിന് ഒരുങ്ങി സ്‌കൂളുകള്‍
നീണ്ട ഇടവേളയ്ക്കുശേഷം കുട്ടികള്‍ തിരികെ സ്‌കൂളിലേക്കെത്തുമ്പോള്‍, സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. രണ്ട് ബാച്ച് പുതിയ വിദ്യാര്‍ഥികളാണ് ഇത്തവണ ആദ്യമായി സ്‌കൂളിലേക്കെത്തുന്നത്. അതിനാല്‍ എല്ലാ സ്‌കൂളുകളിലും മികച്ച രീതിയില്‍ പ്രവേശനോത്സവം സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് സുരക്ഷിതമായി പ്രവേശനോത്സവം നടത്താനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍.
ഡോ: ബി. ഇക്ബാല്‍
Dec 25, 2022
6 Minutes Read
ഡോ. യു. നന്ദകുമാർ
Oct 22, 2022
3 Minute Read
എന്‍.ഇ. സുധീര്‍
Jul 29, 2022
8 Minutes Read
കെ.വി. ദിവ്യശ്രീ
Jul 21, 2022
17 Minutes Read
ഡോ. ഗായത്രി ഒ.പി.
Jul 01, 2022
6 Minutes Read