സ്വന്തത്തില്‍നിന്നും സ്വന്തം ഇടങ്ങളില്‍നിന്നുമുള്ള ഓര്‍മക്ഷയത്തിനെതിരെ ഒരു പരദേശവാസി നടത്തുന്ന പൊരുതലിന്റെ അനുഭവമാണിത്. മനുഷ്യരുടെ ഓര്‍മയിലേക്ക് നുഴഞ്ഞുകയറാനുള്ള അശ്രാന്ത പരിശ്രമം.
നാടിന്റെ ഓര്‍മയില്‍ നിന്ന് നീങ്ങിപ്പോകുന്നുവല്ലോ എന്ന ചിന്ത ദേശം മാറി പാര്‍ക്കുന്ന സകലുടെയും മനസിനെ നീറ്റുന്ന രഹസ്യവ്യാകുലമാണ്. നീക്കുപോക്കുകള്‍ ഇതില്‍ ഇല്ലെന്നാകിലും നാട്ടിലെത്തുന്ന ഓരോ അവധിക്കാലവും അറിഞ്ഞും അറിയാതെയും ഈ ഓര്‍മക്ഷയത്തിനെതിരെ പരദേശവാസികള്‍ പൊരുതുന്നുണ്ട്.
ഓര്‍മയെ പുതുക്കാനും അതുവഴി അതിലേക്ക് കയറിപ്പറ്റാനുമുള്ള എന്റെ തത്രപ്പാടായിരുന്നു ആ ഊരുചുറ്റല്‍.
കാരുണ്യമില്ലാതെ ജൂനിയര്‍ തലമുറക്കാര്‍ 'ഇതാരാ' എന്ന് ചോദിക്കുമ്പോള്‍ അകമെ പതറുമെങ്കിലും അതിനെ തമാശയാക്കി പരുവപ്പെടുത്തി അവധി പോക്കി മടങ്ങുന്നു. ഇതിനാലാണ് വീട്ടിലേക്ക് മടങ്ങുക എന്നത് ചിതറിപ്പാര്‍ക്കുന്നവരുടെ ഉള്ളില്‍ അലര്‍ജി രോഗം പോലെ കുടിപാര്‍ക്കുന്നത്. സവിശേഷ തൊഴിലിടങ്ങള്‍ക്ക് സഹജമായ ചില സാഹചര്യബാധകള്‍ പോലെ ഇതും അവര്‍ ചുമലിലേന്തുന്നു. മെല്ലെ അതും ശീലങ്ങളുടെ കൂടെക്കൂട്ടുന്നു.
ഈ കാര്യത്തില്‍ ഞാനും വേറിട്ടൊരുവഴിയിലൂടെ സഞ്ചരിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ കഴിയുന്തോറും എന്നെ പരിചയമുള്ളവരുടെ സംഖ്യ നാട്ടില്‍ കുറഞ്ഞുവരുന്നത് ഞാനും അറിയുന്നുണ്ടായിരുന്നു. തിരിച്ചറിയുകയും പുഞ്ചിരിക്കുകയും ചെയ്തിരുന്ന പെണ്‍കുട്ടികള്‍ ഒന്നൊന്നായി വിവാഹം ചെയ്ത് ഇണയുടെ ദേശത്തേക്ക് പോയി.
പി.ജെ.ജെ ആന്റണിയും കുടുംബവും (പഴയകാല ഫോട്ടോ)
പുരുഷന്മാര്‍ നല്ലൊരുവിഭാഗം തൊഴില്‍ തേടി ഗ്രാമത്തിന് പുറത്തേക്ക് കടന്നു. ചിലര്‍ അകലനഗരങ്ങളിലേക്ക് യാത്രചെയ്തു. ഗള്‍ഫിലും യൂറോപ്പിലൂം അമേരിക്കയിലുമെല്ലാം അവരെത്തി. വിവാഹം വഴി നാട്ടിലെത്തിയ നാരികള്‍ക്ക് ഞാന്‍ അപരിചിതനായിരുന്നു. പരദേശവാസികളെ അവഗണിക്കാന്‍ അവര്‍ക്ക് തിടുക്കമുള്ളതുപോലെ തോന്നി.
പള്ളീലച്ചന്മാര്‍ മൂന്നാംവര്‍ഷം സ്ഥലം മാറിപ്പോയി. ഗുരുമന്ദിരം ഗുരുക്ഷേത്രമായി പരിണാമപ്പെട്ടപ്പോള്‍ പുതിയ പൂജാരിയും ക്ഷേത്രനടത്തിപ്പുകാരും ഉണ്ടായി. അവര്‍ക്ക് പിരിവുപോലും വേണ്ടെന്നായി. ബാക്കിയുണ്ടായിരുന്ന പരിചയക്കാര്‍ വൃദ്ധരായി. ചിലര്‍ സ്മൃതിഭംഗം വന്നവരായി. കണ്ടാലറിയാത്തവരായി.
എന്നിട്ടും ഓരോ അവധിയിലും ഗ്രാമം ചുറ്റിയുള്ള വഴി കാല്‍നടയായി ഞാന്‍ താണ്ടി. മനുഷ്യരുടെ ഓര്‍മയിലേക്ക് നുഴഞ്ഞുകയറാനുള്ള എന്റെ അശ്രാന്ത പരിശ്രമമായിരുന്നു അത്. ഓര്‍മയെ പുതുക്കാനും അതുവഴി അതിലേക്ക് കയറിപ്പറ്റാനുമുള്ള എന്റെ തത്രപ്പാടായിരുന്നു ആ ഊരുചുറ്റല്‍.
കാലാള്‍പ്പടയാളി എന്നൊരു വിളിപ്പേര്‍ ഞാന്‍ അറിയാതെ എന്റെ മേല്‍ ചാര്‍ത്തപ്പെട്ടത് മിച്ചമായി. കൂടുതല്‍ കൂടുതല്‍ അപരിചിതനാകുന്നത് തടയാന്‍ ഇതിനൊന്നും കഴിഞ്ഞില്ല. അത് തികച്ചും വ്യസനകരമായിരുന്നു.
എന്നിട്ടും നാട്ടിലേക്ക് മടങ്ങുക എന്ന തീരുമാനത്തിലെത്തുക അത്ര എളുപ്പമായിരുന്നില്ല. ഒരു തൊഴില്‍ കിട്ടാനുള്ള പ്രായമെല്ലാം കഴിഞ്ഞിരുന്നു. മക്കളാരും സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങിയിരുന്നില്ല.
മൂന്നുമക്കളില്‍ ഒരാള്‍ക്കൊഴികെ മറ്റാര്‍ക്കും ഗള്‍ഫിലേക്ക് വരാന്‍ താല്‍പര്യവും ഉണ്ടായിരുന്നില്ല. മറ്റുള്ളവര്‍ നാട്ടില്‍ത്തന്നെ ജോലിചെയ്യാന്‍ ഇഷ്ടപ്പെട്ടു. സാവധാനം അതെല്ലാം ഒത്തുവന്നു. വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ പെട്രോകെമിക്‌സില്‍ കരാര്‍ എംപ്ലോയിയായി ജോലിചെയ്തിരുന്ന മൂത്തമകന്‍ എഞ്ചിനിയറായി ഇവിടെ ജോലിയില്‍ പ്രവേശിച്ചു. മകളുടെ വിവാഹം കഴിഞ്ഞു. ഇളയയാളുടെ പ്ലേസ്‌മെന്റ് അവന്‍ മോഹിച്ചപോലെ നാട്ടില്‍ തന്നെ ഉറപ്പായി. അതോടെ ജോലി രാജിവച്ച് നാട്ടിലേക്ക് മടങ്ങാന്‍ ഞാനും ശ്രീമതിയും ഉറപ്പിച്ചു.
അറബി പരദേശത്ത് തൊഴിലും വാസവും തപ്പുന്ന കാലത്താണോ നീ ഗള്‍ഫില്‍ എത്തുന്നത്? എന്ന പരിഹാസമായിരുന്നു ചുറ്റും.
എനിക്ക് ഈ കാര്യത്തില്‍ ഒരു സ്വാര്‍ത്ഥതാല്‍പര്യവും ഉണ്ടായിരുന്നു. എഴുത്തിന്റെ വഴിയില്‍ ഒളിഞ്ഞും തെളിഞ്ഞും രാപാര്‍ക്കുന്ന ഒരാളായിരുന്നു ഞാന്‍. കൗമാരത്തില്‍ വായനയായിരുന്നു ലഹരി. എഴുതിയാലോ എന്ന ചിന്തക്ക് കാറ്റുപിടിച്ചിരുന്നില്ല.
എട്ടുമക്കളില്‍ മൂത്തയാള്‍ എന്ന ഇടം അധികാരപ്രയോഗത്തിന്റെ ലേശം സുഖമൊക്കെ അനുവദിച്ചിരുന്നെങ്കിലും പതിന്മടങ്ങായിരുന്നു ഉത്തരവാദത്തിന്റെ ഭാരം. ബിരുദമെന്ന കടമ്പയും താണ്ടി ഞാന്‍ തൊഴില്‍ക്കമ്പോളത്തിലേക്ക് മൂക്കുംകുത്തി വീണു. ബാംഗ്ലൂരും ബോംബെയും ഭോപ്പാലും ദല്‍ഹിയുമെല്ലാം ഫലരഹിതമായി താണ്ടി ദുബൈയിലെത്തി.
പി.ജെ.ജെ ആന്റണിയുടെ മാതാപിതാക്കള്‍
അറബി പരദേശത്ത് തൊഴിലും വാസവും തപ്പുന്ന കാലത്താണോ നീ ഗള്‍ഫില്‍ എത്തുന്നത്? എന്ന പരിഹാസമായിരുന്നു ചുറ്റും. എഴുത്തും വായനയുമെല്ലാം എവിടേക്കോ ചിതറിപ്പോയി. പുതിയ തിരിച്ചറിവുകളുടെ കാലം. അതുവരെ വായനയിലൂടെ മാത്രം കണ്ടുമുട്ടിയ അപരദേശങ്ങളില്‍ നിന്നുമുള്ള മാനവരെ കാണാനും ഇടപഴകാനുമായി എന്നതായിരുന്നു ആ വറുതികാലത്തിന്റെ ആശ്ചര്യവസന്തം.
അവരെ അറിയാന്‍ എനിക്ക് പതിവുകവിഞ്ഞ ജാഗ്രത ഉണ്ടായിരുന്നു. അതുവരെ വായിച്ച അന്യദേശക്കാരുടെ എഴുത്ത് ഞാന്‍ മനസ്സില്‍ പുനര്‍വായിക്കുകയായിരുന്നു. അത് വേറിട്ട വായനയും സാഹിത്യവിദ്യാഭ്യാസവുമായിരുന്നു. എന്റെ അകങ്ങളെ അത് പുതുക്കുകയും കൂടുതല്‍ തുറവിയും പ്രകാശവുമുള്ള ഇടങ്ങളാക്കി പരിണാമപ്പെടുത്തുകയും ചെയ്തു.സൈമണ്‍ എഡ്രിച്ച് എന്ന ബ്രിട്ടീഷുകാരനായ എഞ്ചിനിയറെ ഞാനോര്‍ക്കുന്നു. പുസ്തകവായനയില്‍ താല്‍പര്യമുള്ള ഒരാളായിരുന്നു സൈമണ്‍. ദേശീയതകളിലും ആദ്ധ്യാത്മികതകളിലുമെല്ലാം കൗതുകം പൂണ്ടിരുന്ന ഒരാള്‍.
വലിയൊരു പവര്‍ പ്ലാന്റിന്റെ നിര്‍മാണമായിരുന്നു അവിടെ നടന്നിരുന്നത്. സൈമണ്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍, ഞാന്‍ അയാളുടെ കീഴില്‍ ഫോര്‍മാനും. (അതിന്റെ കഥയൊന്നു വേറെ) തീരെ ചെറിയൊരു മുടന്ത് അയാള്‍ക്ക് അലങ്കാരമായുണ്ടായിരുന്നു.
സോമര്‍സെറ്റ് മോമിന്റെ ഓഫ് ഹുമന്‍ ബൊണ്ടേജ് (Of Human Bondage) എന്ന നോവലിലെ അംഗവൈകല്യമുള്ള നായകനെ സൈമനിലൂടെ കുറച്ചുകൂടി അറിയാനാകുമെന്ന് ഞാന്‍ വെറുതേ നിനച്ചിരുന്നു. അതൊന്നും അയാളോട് പറഞ്ഞില്ല. ഫിക്ഷന്‍ അയാള്‍ പ്രിയപ്പെട്ടിരുന്നുമില്ല. പലവിധ വിഷയങ്ങള്‍ ഞങ്ങള്‍ സംസാരിച്ചിരുന്നു.
സോമര്‍സെറ്റ് മോമിന്റെ ഓഫ് ഹുമന്‍ ബൊണ്ടേജ് (Of Human Bondage) എന്ന നോവലിലെ അംഗവൈകല്യമുള്ള നായകനെ സൈമനിലൂടെ കുറച്ചുകൂടി അറിയാനാകുമെന്ന് ഞാന്‍ വെറുതേ നിനച്ചിരുന്നു. അതൊന്നും അയാളോട് പറഞ്ഞില്ല. ഫിക്ഷന്‍ അയാള്‍ പ്രിയപ്പെട്ടിരുന്നുമില്ല. പലവിധ വിഷയങ്ങള്‍ ഞങ്ങള്‍ സംസാരിച്ചിരുന്നു.
മദ്യനിരോധനമൊക്കെ നിലവിലുണ്ടായിരുന്നെങ്കിലും വെള്ളക്കാര്‍ക്ക് അവ ലഭ്യമായിരുന്നു. സൈമണ്‍ രഹസ്യമായി ചിലപ്പോള്‍ അത് ഞാനുമായും പങ്കുവച്ചു. ആദ്യമായി അലൂമിനിയം കാനില്‍ ബിയറും കോളയുമെല്ലാം ഞാന്‍ കുടിച്ചത് ഈ പങ്കുവയ്ക്കലിലൂടെയായിരുന്നു. അയാള്‍ ഒരിക്കല്‍ എന്നോട് പറഞ്ഞു: 'നിന്റെ ജീവിതം ഇവിടെ തുലയും. നാട്ടില്‍ പോയി അദ്ധ്യാപകനോ പത്രക്കാരനോ ആകാന്‍ നോക്ക്. അത് നിന്നെ രക്ഷിച്ചേക്കും'.
ഇടത്തരക്കാരുടെ ഇന്ത്യന്‍ കുടുംബങ്ങളില്‍ രക്ഷകര്‍ അവര്‍ തന്നെയാണെന്ന് ഞാന്‍ സൈമനോട് പറഞ്ഞില്ല. ഇന്ത്യ എല്ലാവിധത്തിലും വളര്‍ന്നുകൊണ്ടിരിക്കുന്ന മഹത്തായ ദേശീയതയാണെന്ന അയാളുടെ ധാരണയെ എന്തിന് ഉലയ്ക്കണം. അവിടെ ഉണ്ടായിരുന്ന കാലമെല്ലാം സൈമണ്‍ എന്റെ അഭ്യുദയകാംക്ഷിയായിരുന്നു.
പ്ലാന്റിന്റെ പണി പൂര്‍ത്തിയാകാറായി. ആ ബ്രിട്ടീഷ് നിര്‍മാണ കമ്പനിക്ക് ചൈനയില്‍ വലിയൊരു കരാര്‍ കിട്ടി. സൈമണ്‍ എഡ്രിച്ച് അങ്ങോട്ട് പോയി. വൈകാതെ ഞങ്ങള്‍ തൊഴില്‍രഹിതരായി പുതിയ ജോലി തേടി ഇറങ്ങി.
അതെല്ലാം പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള കാര്യങ്ങള്‍. പല തൊഴിലുടമകളെ കടന്നുകയറി പിന്നീട് ഞാന്‍ സൗദി അറേബ്യയിലെ വ്യവസായ നഗരമായ ജുബൈലില്‍ എത്തി. ദുബൈയിലെ ജബലാലിയില്‍ ഇടത്തരം ഫാബ്രിക്കേഷന്‍ കമ്പനിയുടെ ഓഫീസ് മാനേജരായിരിക്കെയാണ് സൗദിയില്‍ നിന്ന് മെച്ചപ്പെട്ട ഓഫര്‍ ലഭിക്കുന്നത്.
പി.ജെ.ജെ ആന്റണി ഭാര്യ ജെസി ആന്റണിയ്‌ക്കൊപ്പം
അപ്പോഴേക്കും സാമ്പത്തിക ക്ലേശം ഒട്ടൊക്കെ ഒതുങ്ങി ഞാന്‍ വിവാഹിതനായിരുന്നു. ദീര്‍ഘകാല പ്രണയത്തിന്റെ തുടര്‍ച്ച. സൗദി അറേബ്യ വായിക്കാനും എഴുതാനുമുള്ള അന്തരീക്ഷം നല്‍കി. ദുബൈയുടെ തിരക്കില്‍ നിന്ന് ഗ്രാമംപോലെയുള്ള ജുബൈലിലേക്കുള്ള മാറ്റം ഗുണകരമായി. വായന കരുത്തോടെ മടങ്ങിവന്നു, പിന്നാലെ എഴുത്തും.
എങ്കിലും എഴുത്തിന് അധികസമയം നല്‍കാനാവുന്നില്ലെന്ന ഉള്‍നോവ് ഉണ്ടായിരുന്നു. കഥാകാരന്‍ എന്ന നിലയില്‍ ഭേദപ്പെട്ട അംഗീകാരം കണ്ടെത്തിയെങ്കിലും നോവല്‍ എഴുതണം എന്ന ചിന്തയെ പ്രയോഗത്തില്‍ കൊണ്ടുവരാനായില്ല. ജോലി രാജിവച്ച് നാട്ടിലേക്ക് മടങ്ങിയാല്‍ വായനയ്ക്കും എഴുത്തിനും കൂടുതല്‍ സമയം കണ്ടെത്താനാവുമെന്നും നോവല്‍ രചനയിലേക്ക് കടക്കാനാവുമെന്നും ഞാന്‍ മോഹിതനായി. മക്കളും എന്റെ തീരുമാനത്തെ പിന്തുണച്ചു.
ആറായിരത്തിലേറെപ്പേര്‍ തൊഴിലെടുത്തിരുന്ന വലിയ പെട്രോകെമിക്കല്‍ കണ്‍സ്ട്രക്ഷന്‍ ആന്റ് മെയിന്റനൻസ് കമ്പനിയായിരുന്നു എന്റെ തൊഴിലുടമ. ആയിരത്തോളം തൊഴിലാളികള്‍ മാത്രം ഉണ്ടായിരുന്നപ്പോഴാണ് ഞാന്‍ അതില്‍ ചേര്‍ന്നത്. അമേരിക്കന്‍ മാനേജ്‌മെന്റ്. ലിഖിതമായ പോളിസിയും പ്രൊസീജിയറുമെല്ലാം ഉള്ള സ്ഥാപനമായിരുന്നതിനാല്‍ കമ്പനിക്കൊപ്പം ഞങ്ങളും വളര്‍ന്നു.
ഇന്ത്യക്കാരോട് അറബ് ബുദ്ധിജീവികള്‍ക്ക് സോഫ്റ്റ് കോര്‍ണര്‍ ഉണ്ടെന്നത് എനിക്കും പലപ്പോഴായി അനുഭവപ്പെട്ട യാഥാര്‍ത്ഥ്യമായിരുന്നു.
തൊഴിലാളികള്‍ പാര്‍ക്കുന്ന ക്യാമ്പിലെ അഡ്മിനിസ്‌ട്രേറ്ററായി ജോലിക്ക് കയറിയ ഞാന്‍ അപ്പോള്‍ ഹ്യൂമന്‍ റിസോഴ്‌സ് ഡിവിഷനില്‍ മാനേജര്‍ ലവല്‍ ഉദ്യോഗസ്ഥനായിരുന്നു. രണ്ട് ഡസനോളം രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ അവിടെ ഉണ്ടായിരുന്നു. ഇംഗ്ലീഷും ഉറുദുവും ഹിന്ദിയും തമിഴും മലയാളവും മറ്റുപല ഇന്ത്യന്‍ ഭാഷകളുടെ പൊട്ടും പൊടിയുമെല്ലാം കൈകാര്യം ചെയ്യാന്‍ എനിക്കായത് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റില്‍ തിളങ്ങാന്‍ സഹായകമായി.
പോളിസികളും പ്രോസീജിയറുകളും രൂപപ്പെടുത്തുന്നതിലും അവ പുതിയ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പരിഷ്‌കരിക്കുന്നതിലും ആശ്രയിക്കാവുന്ന ഒരാളായി മാറിവന്ന മാനേജ്‌മെന്റുകള്‍ എന്നെ പരിഗണിച്ചതും തൊഴില്‍ മേഖലയില്‍ എനിക്ക് തുണയായി. നിര്‍ഭാഗ്യവശാല്‍ ജോലി രാജിവച്ചപ്പോള്‍ അത് വിനയായി. പകരം മറ്റൊരാളെ തൃപ്തികരമായി പരിശീലിപ്പിക്കാതെ എനിക്ക് പോകാനാവുകയില്ല എന്നതായിരുന്നു മാനേജ്‌മെന്റിന്റെ ആദ്യ പ്രതികരണം.
ഹ്യൂമന്‍ റിസോഴ്‌സസ് ഡിവിഷന്‍ ഡയറക്ടറായ ആദില്‍ അല്‍ അഹ്മദ് എന്നോട് സൗഹൃദം പുലര്‍ത്തിയിരുന്നയാള്‍ ആയിരുന്നെങ്കിലും വിട്ടുപോരുമെന്നായപ്പോള്‍ ചുവട് മാറ്റി. തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ദോഷമല്ലെങ്കില്‍ ആരെ സഹായിക്കാനും അവര്‍ തയ്യാറാകും. ദോഷമായേക്കുമെന്ന് കണ്ടാല്‍ അവര്‍ സഹകരിക്കില്ല. തനിക്ക് താനും പുരയ്ക്ക് തൂണും എന്ന നമ്മുടെ പഴമൊഴി അറബിയിലും കാണുമായിരിക്കും.
എങ്കിലും പൊതുവേ തുറന്ന മനസ്സുള്ളവരാണ് സൗദി അറേബ്യന്‍ പൗരന്മാര്‍. കാല്‍ നൂറ്റാണ്ട് അവിടെ ജീവിച്ച എനിക്ക് മിക്കപ്പോഴും തോന്നിയിട്ടുണ്ട്, അറബികളെക്കുറിച്ച് വിശിഷ്യ സൗദി അറേബ്യയിലെ പൗരസമൂഹത്തെക്കുറിച്ച് തികച്ചും തെറ്റായ ധാരണകളാണ് നമുക്കിടയില്‍ ഇപ്പോഴും നിലനില്‍ക്കുന്നതെന്ന്.
നല്ലവരും സാമൂഹ്യദ്രോഹികളും എല്ലാ സമൂഹങ്ങളിലുമുണ്ട്. സൗദിയും ഭിന്നമല്ല. അപ്പോഴും അപരന്റെ നന്മ ആഗ്രഹിക്കുന്നവരുടെ എണ്ണം അവിടെ കൂടുതലാണെന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്.
അറബ് ലോകത്തെ പ്രഗല്‍ഭനും പ്രശസ്തനുമായ പത്രപ്രവര്‍ത്തകന്‍ ഖാലിദ് അല്‍ മയ്‌നിയെ നേരില്‍ കണ്ടത് ഇന്‍ഡോ അറബ് ലിറ്റററി ഫോറത്തിന്റെ യോഗത്തിലായിരുന്നു. സാംസ്‌കാരിക പ്രവര്‍ത്തകനായ അബ്രാഹം വലിയകാലായായിരുന്നു ഫോറത്തിന്റെ സംഘാടകന്‍. ആ യോഗം ഫോറം അധ്യക്ഷനായി അദ്ദേഹത്തെയും സെക്രട്ടറിയായി എന്നെയും തെരഞ്ഞെടുത്തു.
പത്രപ്രവര്‍ത്തകന്‍ ഖാലിദ് അല്‍ മയ്‌നി
സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്നുള്ള ഇന്ത്യക്കാരും അറബികളുമായി പല എഴുത്തുകാരും പത്രപ്രവര്‍ത്തകരും അവിടെ ഉണ്ടായിരുന്നു. ഇംഗ്ലീഷില്‍ കഥ എഴുതിയിരുന്ന യുവ സൗദി കഥാകാരന്‍ അബ്ദുല്‍ റഹ്മാന്‍ ഒത്തെയ്ബാന്‍ അവരില്‍ ഒരാളായിരുന്നു.
പിന്നീട് പല വേദികളിലും ഞങ്ങള്‍ കണ്ടുമുട്ടി.
അന്ന് അദ്ദേഹം ഗള്‍ഫിലെ മുന്‍നിര ഇംഗ്ലീഷ് ദിനപത്രമായ അറബ് ന്യൂസിന്റെ ചീഫ് എഡിറ്ററായിരുന്നു. ഗണനീയമായ ഒരുപറ്റം ഇന്ത്യക്കാര്‍ അറബ് ന്യൂസിന്റെ വായനക്കാരായി ഉണ്ടായിരുന്നു. എല്ലാവിഭാഗം വായനക്കാരെയും പരിഗണിച്ചിരുന്ന അദ്ദേഹം അറബ് ന്യൂസ് മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആലോചന സദാ സ്വാഗതം ചെയ്തിരുന്നു. ആ വിധമൊരു ചര്‍ച്ചാവേളയില്‍ പത്രത്തില്‍ ഹ്യൂമര്‍ കോളം ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന് ഞാന്‍ അഭിപ്രായപ്പെട്ടു.
പത്രത്തിന്റെ വായനക്കാരില്‍ ഭൂരിപക്ഷം ഏഷ്യക്കാരായതിനാല്‍ അവരെ രസിപ്പിക്കുന്ന രീതിയില്‍ നര്‍മം എഴുതാനാവുന്ന ഒരാളെ താന്‍ തേടിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു. തുടര്‍ന്ന് എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് 'താങ്കളുടെ പ്രസംഗങ്ങളിലെ നര്‍മം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. വിചാരിച്ചാല്‍ താങ്കള്‍ക്ക് അത് എഴുതാവുന്നതേയുള്ളു' എന്ന് കൂട്ടിച്ചേര്‍ത്തു. എനിക്കത് വലിയൊരു ക്ഷണമായിരുന്നു; അംഗീകാരവും.
പല ഡ്രാഫ്റ്റുകള്‍ എഴുതി സ്വീകാര്യമായ ഒരു മാതൃക ഞങ്ങള്‍ കണ്ടെത്തി. കുറച്ചുകാലം ആഴ്ചയില്‍ ഒന്ന് എന്ന രീതിയില്‍ ആ കോളം ഞാന്‍ എഴുതിപ്പോന്നു. മാന്യമായ പ്രതിഫലം നല്‍കുന്ന കാര്യത്തിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു.
അതൊരു തുടക്കമായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്രോത്സാഹനത്തില്‍ രാഷ്ട്രീയ വിശകലനങ്ങളും ബുക് റിവ്യൂവും സാഹിത്യവിമര്‍ശനവുമെല്ലാം ഞാന്‍ അറബ് ന്യൂസില്‍ എഴുതി. കെ.പി അപ്പനും മാധവിക്കുട്ടിയും അന്തരിച്ചപ്പോള്‍ അവരെക്കുറിച്ചെഴുതിയ ലേഖനം തക്ക പ്രാധാന്യത്തോടെ അറബ് ന്യൂസ് ഉള്‍പ്പെടുത്തി.
ഖാലിദ് അല്‍ മയ്‌നിയുടെ പ്രോത്സാഹനം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ എഴുതുമായിരുന്നോ എന്ന കാര്യം സംശയമായിരുന്നു. ഇന്ത്യക്കാരോട് അറബ് ബുദ്ധിജീവികള്‍ക്ക് സോഫ്റ്റ് കോര്‍ണര്‍ ഉണ്ടെന്നത് എനിക്കും പലപ്പോഴായി അനുഭവപ്പെട്ട യാഥാര്‍ത്ഥ്യമായിരുന്നു. മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയുമെല്ലാം അവര്‍ക്കിടയിലും സുപരിചിതര്‍ ആയിരുന്നുവല്ലോ.
തികച്ചും യദ്രിചികമായിട്ടാണു ഒരു ഫേസ്‌ബുക് പോസ്റ്റിൽ നിന്ന് ഈ ഒരു ലിങ്ക് കിട്ടുന്നത്. PJJ ആന്റണിയെ ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ടിരുന്നെകിലും അദ്ദേഹം വന്ന വഴികളോ അനുഭവങ്ങളോ എനിക്ക് അറിയില്ലായിരുന്നു.
പക്വതയാർന്ന എഴുത്തു. നല്ല അനുഭവങ്ങൾ. ബോംബെയും സൗദിയും ദുബൈയും ഒക്കെ എനിക്കും പരിചിതമായതുകൊണ്ടുകൂടിയാകാം, എഴുത്തു വളരെ ഹൃദ്യമായി.
All the best PJJ
Subier Shams
4 Jul 2020, 10:10 PM
വളരെ യദ്രിചികമായിട്ടാണു ഇതു എനിക്കു ഒരു വട്ട്സാപ്പ് ലിങ്ക് ആയി കിട്ടുന്നത് . വെറുതെ ഒരു കൗതുകത്തിനു തുറന്നു. PJJ ആണെന്നു വായിച്ചു തുടങ്ങിയപ്പോൾ തന്നെ മനസ്സിലായെങ്കിലും ഫോട്ടോസ് കണ്ടുറപ്പിച്ചു.
പ്രവാസ ജീവിതത്തിന്റെ നേർക്കാഴ്ച മാത്രമല്ല
ജീവിതകാലചക്രതിന്റെ അനുഭവപകർച്ച ഓരോ സെഗ്മെന്റിലും വ്യക്തമായി കാണാം.
ആഭിനന്ദനങ്ങൾ PJJ 🌹
Anith P Kumar
13 May 2020, 10:39 AM
Dear Antony uncle,
രണ്ടാമത്തെ ഭാഗം വായിച്ചിട്ടാണ് ഞാൻ ആദ്യത്തിലേക്കു പോയത്. Nostlagia എപ്പോഴും നമ്മൾ പ്രവാസികൾക്കു ഒരു weakness ആണ്.
ആദ്യത്തെ ഭാഗം വളരെ അധികം ഉൾകൊള്ളാൻ കഴിഞ്ഞതും അതു കൊണ്ട് തന്നെ...
*Truly Inspiring*
ഇതുപോലെ എന്നെങ്കിലും എഴുതാൻ പറ്റും എന്ന പ്രത്യാശയോടെ....
Best Wishes & Regards
Anith
ജോസഫ് അതിരുങ്കല്‍
19 Apr 2020, 12:19 AM
പ്രസിദ്ധ വാഗ്മിയും (മലയാളം& ഇംഗ്ലീഷ്), മലയാള കഥയിലെ യുവത്വവുമായ (പ്രായത്തിന്റെ കാര്യത്തില്‍ അല്ല) പി ജെ ജെയുടെ ഓര്‍മ്മ കുറിപ്പ് ഹൃദ്യം. പാരായണ ക്ഷമതയേറിയത്.
ഗള്‍ഫിലെ സാഹിത്യ കൂട്ടായ്മകള്‍ക്ക് രണ്ടു പതിറ്റാണ്ട് കാലത്തോളം അഭിനന്ദനീയമായ നേതൃത്വം വഹിച്ച ഒരാളുടെ ഓര്‍മ്മകള്‍ തീരച്ചയായും മലയാള സാഹിത്യത്തിനു പ്രയോജനപ്പെടും.
അതിരാണിപ്പാടാത്തെ പുതിയ തലമുറയുടെ കാവൽക്കാരാ, അതിക്രമിച്ചു കടന്നതു പൊറുക്കൂ. പഴയ പഴയ കൗതുക തേടി നടക്കുന്ന ഒരു പരദേശിയാണ് ഞാൻ എന്ന ഒരു ദേശത്തിന്റെ കഥയിലെ ശ്രീധരന്റെ സങ്കടം ഓരോ പരദേശിയുടെതുമാണല്ലോ എന്ന് ഈ വരികള്‍ വായിക്കുമ്പോള്‍ ഓര്‍ത്തു. ഒരു കാലത്ത് നാട്ടില്‍ കലാ-സാംസ്കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞു നിന്ന പലരും ജീവിതത്തിന്‍റെ ബാധ്യതകള്‍ വര്‍ദ്ധിച്ചുവന്ന കാലത്ത് ഇങ്ങനെ പുറപ്പെട്ടു പോയവരാണ്. ഓരോത്തര്‍ക്കും പരദേശിയായി മാറാന്‍ ഓരോ കാരണങ്ങളുണ്ടായിരുന്നു. ദാരിദ്രം മുതല്‍ സാമുഹ്യ ഉച്ചനീചത്വം വരെ നീളുന്നത്.
പുറപ്പെട്ടുപോയ മനുഷ്യര്‍ ഓരോ അവധിയിലും ഗ്രാമം ചുറ്റിയുള്ള വഴി കാല്‍നടയായി താണ്ടുന്നുണ്ടാവും. മനുഷ്യരുടെ ഓര്‍മയിലേക്ക് നുഴഞ്ഞുകയറാനുള്ള അശ്രാന്ത പരിശ്രമമായി. സുന്ദരം. വരും ലക്കത്തിനായി കാത്തിരിക്കുന്നു.
ബഷീർ മേച്ചേരി
15 Apr 2020, 01:32 PM
നല്ല വായനാ സുഖമുള്ള രചന, കുടിയേറ്റ ജീവിതത്തിന്റെ ഉഷ്ണതലങ്ങളെ തൊട്ടുരുമ്മി നീങ്ങുന്നു...... വരും ലക്കങ്ങൾക്കായി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.....
സജുകുമാർ നായർ
12 Apr 2020, 10:21 PM
അനുഭവങ്ങളുടെ കടലിന്റ്റ ഓരത്തെന്ന തോന്നൽ. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. സ്വന്തം നാട്ടിൽ അനൃനാകുന്ന അവസ്ഥയിലൂടെ ഞാനും കടന്നു പോവുന്നു.
Manoj Nair
9 Apr 2020, 11:51 PM
Antony chettan was the epitome of inspiration for all of us in Jubail. The way he present things will have something special. We used to say it as a PJJ touch. Eagerly waiting for the next part....
Vinny Joseph Aricat
9 Apr 2020, 06:55 PM
തീർത്തും ലളിതം.അടുത്ത അദ്ധ്യായത്തിനായി കാത്തിരിക്കുന്നു .
Cheriachen Eapen
8 Apr 2020, 11:23 PM
തന്റെ ജീവിതാനുഭങ്ങളെ ലളിതവും ആസ്വാദ്യവും ആയ തന്റെ സ്വൊതസിദ്ധമായ ശൈലിയിൽ വായനക്കാരിലേയ്ക്ക് എത്തിക്കുന്നതിൽ പീജെജെ യ്ക്കുള്ള സാമർദ്ധ്യം ഇവിടെയും പ്രകടം തന്നെ.
James Mathew
13 Oct 2020, 09:06 PM
തികച്ചും യദ്രിചികമായിട്ടാണു ഒരു ഫേസ്‌ബുക് പോസ്റ്റിൽ നിന്ന് ഈ ഒരു ലിങ്ക് കിട്ടുന്നത്. PJJ ആന്റണിയെ ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ടിരുന്നെകിലും അദ്ദേഹം വന്ന വഴികളോ അനുഭവങ്ങളോ എനിക്ക് അറിയില്ലായിരുന്നു. പക്വതയാർന്ന എഴുത്തു. നല്ല അനുഭവങ്ങൾ. ബോംബെയും സൗദിയും ദുബൈയും ഒക്കെ എനിക്കും പരിചിതമായതുകൊണ്ടുകൂടിയാകാം, എഴുത്തു വളരെ ഹൃദ്യമായി. All the best PJJ