ജോര്‍ജ്ജ് ഫ്‌ലോയ്ഡ് എന്ന ആഫ്രിക്കന്‍ അമേരിക്കന്‍ മനുഷ്യന്റെ മരണത്തെ (കൊലപാതകത്തെ) തുടര്‍ന്ന് അമേരിക്കയില്‍ പടര്‍ന്നു പന്തലിക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ നടക്കുന്ന പോലീസ് അതിക്രമങ്ങളുടെ വംശീയ-ചരിത്ര പരിസരങ്ങളും, അതിനെതിരെ ഉയര്‍ന്നു വന്ന ശക്തമായ മുന്നേറ്റത്തെയും കുറിച്ച് എഴുതുകയാണ് ശിൽപ സതീഷ്.
31 May 2020, 12:55 PM
ജോര്‍ജ്ജ് ഫ്‌ലോയ്ഡിന്റെ മരണത്തില്‍ പ്രതിഷേധിച്ച് മിനിയപ്പോളിസ് നഗരത്തിലും അമേരിക്കയില്‍ ഉടനീളവും ഉയര്‍ന്നു വന്ന അതിശക്തമായ സമരങ്ങള്‍ തുറന്നു കാട്ടുന്നത് വംശീയ അടിച്ചമര്‍ത്തലുകള്‍ക്ക് തലമുറകളായി വിധേയരാകുന്ന ആഫ്രിക്കന്‍-അമേരിക്കന്‍ (ഈ കുറിപ്പില്‍ ആഫ്രിക്കന്‍- അമേരിക്കന്‍ എന്നും, കറുത്ത വര്‍ഗം എന്നും ഉപയോഗിച്ചിരിക്കുന്നത് ആ രണ്ടു രീതികളിലും ആന്റി-റേസിസ്റ്റ് പ്രസ്ഥാനത്തില്‍ ഉപയോഗിക്കുന്നത് കൊണ്ടാണ്) സമൂഹത്തിന്റെ വേദനയും അമര്‍ഷവുമാണ്.

ചരിത്രപരമായി ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹം അമേരിക്കയില്‍ നേരിടുന്ന വിവേചനത്തിന്റെ പശ്ചാത്തലത്തില്‍ വേണം സമരത്തെ തുടര്‍ന്ന് വ്യാപകമായ ആക്രമണങ്ങളെ വിലയിരുത്താന്‍. ഒറ്റവാക്കില്‍ അക്രമം ഒന്നിനും പരിഹാരമല്ല എന്നു വിലയിരുത്തുന്ന ചില ലിബറല്‍ അമേരിക്കന്‍ മാധ്യമങ്ങളും വിദഗ്ധരും അവകാശങ്ങള്‍ക്ക് വേണ്ടി ലോകത്ത് അരങ്ങേറിയ സമരങ്ങളുടെ നീണ്ട ചരിത്രമാണ് സൗകര്യപൂര്‍വം വിസ്മരിക്കുന്നത്. വ്യവസ്ഥിതയെ താല്ക്കാലികമായെങ്കിലും തടസ്സപ്പെടുത്താതെ (disrupt) വിജയിച്ച സമരങ്ങള്‍ ചരിത്രത്തില്‍ വിരളം ആണ്(സാമ്പത്തിക നീതിക്കായി 1968 ല്‍ ആരംഭിച്ച ""പാവപ്പെട്ടവരുടെ മുന്നേറ്റത്തെ'' (Poor People's Campaign) മുന്‍ നിരത്തി 1947ല്‍ പുറത്തിറങ്ങിയ Poor People's Movements: Why they Succeed, How they Fail എന്ന പുസ്തകം (Frances Fox Piven & Richard Cloward) അടിവരയിടുന്നത് അമേരിക്കന്‍ സാമൂഹ്യ രാഷ്ട്രീയ സാഹചര്യത്തില്‍ തടസ്സം സൃഷ്ട്ടിക്കുക എന്നത് disruptive tacticsആണ് എന്നാണ്).
"Land of the Free' എന്ന് ഊറ്റം കൊള്ളുന്ന അമേരിക്കയില്‍ സമരം ചെയ്യാന്‍ ഉള്ള സ്വാതന്ത്ര്യം ഒരു പോലെ അല്ല എന്നും ഈ പ്രതിഷേധങ്ങള്‍ കാണിച്ചു തരുന്നു.
അമേരിക്കയുടെ ആന്റി-ബ്ലാക്ക് ചരിത്രം
ഒരു തെറ്റും ചെയ്യാതെ, ആയുധങ്ങള്‍ ഏതും കൈയ്യില്‍ ഇല്ലാതെ, അമേരിക്കയില്‍ ആഫ്രിക്കന്‍-അമേരിക്കന്‍ ആയി ജനിച്ചു എന്ന കാരണം ഒന്നു കൊണ്ട് മാത്രം കൊല്ലപ്പെട്ടവരുടെ പട്ടിക ഒരുപാട് നീണ്ടതാണ്. കാറിന്റെ പൊട്ടിയ ടെയില്‍ ലൈറ്റിന്റെ പേരിലോ, അല്പം വേഗം കൂടി പോയതിന്റെ പേരിലോ പൊലീസ്, വാഹനം നിർത്താന്‍ ആവശ്യപ്പെട്ട ആഫ്രിക്കന്‍ അമേരിക്കന്‍ മനുഷ്യരുടെ യാത്രകള്‍ പലപ്പോഴും അവസാനിച്ചത് മരണത്തിലാണ്. ആയുധധാരിയായ പൊലീസ് ഉദ്യോഗസ്ഥന് അകാരണമായി തോന്നുന്ന ജീവ ഭയം ഈ മരണങ്ങളെ നിയമപരമായി സാധൂകരിക്കാന്‍ ഉപയോഗിക്കുന്നു. എന്ത് കൊണ്ടാകും അമേരിക്കന്‍ പൊലീസിന് കറുത്ത വര്‍ഗക്കാരെ കാണുമ്പോള്‍ മാത്രം ഈ ഭയം ഉണ്ടാകുന്നത്? അകാരണമായ സംശയം ഉണ്ടാകുന്നത്? ആ അന്വേഷണം തുറന്നു കാണിക്കുന്നത് അമേരിക്കന്‍ വ്യവസ്ഥയില്‍, പ്രബല-സംസ്‌കാരത്തില്‍ അന്തര്‍ലീനമായിട്ടുള്ള ആന്റി-ബ്ലാക് വംശീയതയാണ്.

ആഫ്രിക്കന്‍ -അമേരിക്കന്‍ ജനതയെ ക്രിമിനല്‍വല്ക്കരിക്കുകയും അപരവല്ക്കരിക്കുകയും ചെയ്യുന്ന പൊതുബോധം നീണ്ടുചെന്നെത്തുന്നത് അമേരിക്കയുടെ അടിമത്ത ചരിത്രത്തിലും, വെളുത്തവര്‍ കറുത്തവരെക്കാള്‍ വംശീയമായി ഉയര്‍ന്നു നില്‍ക്കുന്നു എന്നു പ്രചരിപ്പിച്ച യുജെനീക്‌സ് മുന്നേറ്റത്തിലും (eugenics), കറുത്തവരെ വെളുത്തവരില്‍ നിന്നു വേര്‍തിരിച്ചു നിര്‍ത്തുന്നതിന് (Segregation) സാധുത നല്കിയ ജിം ക്രോ നിയമങ്ങളിലും (Jim Crow Laws) ഒക്കെ ആണ്. അടിമത്തം നിര്‍ത്തലാക്കിയതിന് ശേഷവും കറുത്ത വര്‍ഗക്കാരെ രണ്ടാം തരം പൗരന്‍മാരായി തരം താഴ്ത്തുന്നതിനും, അടിച്ചമര്‍ത്തുന്നതിനും, അരികുവല്ക്കരിക്കുന്നതിനും, അവരുടെ അവസരങ്ങള്‍ വെട്ടി ചുരുക്കുന്നതിനും വേണ്ടി അമേരിക്ക കണ്ടെത്തിയ വഴിയാണ് സെഗ്രഗേഷന്‍. 1964 ല്‍ പൗരാവകാശ നിയമം പ്രാബല്യത്തില്‍ വരുന്നത് വരെ താമസം, പാര്‍പ്പിടം, വിദ്യാഭ്യാസം എന്നിവയില്‍ തുടങ്ങി പൊതു ശൗചാലയങ്ങളും, വാട്ടര്‍-ഫൗണ്ടനുകളും വരെ കറുത്തവര്‍ക്കും വെളുത്തവര്‍ക്കും വെവ്വേറെ ആയി ഇവിടെ നിലനിന്നു പോന്നു.
കാറിന്റെ പൊട്ടിയ ടെയില്‍ ലൈറ്റിന്റെ പേരിലോ, അല്പം വേഗം കൂടി പോയതിന്റെ പേരിലോ പൊലീസ്, വാഹനം നിർത്താന്‍ ആവശ്യപ്പെട്ട ആഫ്രിക്കന്‍ അമേരിക്കന്‍ മനുഷ്യരുടെ യാത്രകള്‍ പലപ്പോഴും അവസാനിച്ചത് മരണത്തിലാണ്.
വിവേചനം നിയമപരമായി അവസാനിപ്പിച്ചു എങ്കിലും പുതിയ മാനങ്ങളിലൂടെ, നയങ്ങളിലൂടെ പല തലങ്ങളില്‍ അത് തുടരുന്നു. അതുകൊണ്ടാണ്
ഈ ചരിത്രത്തെ മുന്‍നിർത്തി, വംശീയ വേര്‍തിരിവില്‍ അടിയുറച്ച ആ വ്യവസ്ഥിതിയുടെയും മനോഭാവത്തിന്റെയും തുടര്‍ച്ചയായിക്കൂടി വേണം ഇപ്പോള്‍ നടക്കുന്ന ഭരണകൂട ഭീകരതയെ മനസിലാക്കാന്‍ എന്ന് ആഫ്രിക്കന്‍ അമേരിക്കന്‍ മുന്നേറ്റ നേതാക്കള്‍ അവശ്യപ്പെടുന്നത്.
തുടര്‍ക്കഥ ആകുന്ന വംശീയ കൊലപാതകങ്ങള്‍
ഏതാനും ആഴ്ചകളുടെ വ്യത്യാസത്തില്‍ അമേരിക്ക കണ്ടത് നിരപരാധികളായ മൂന്നു കറുത്ത വര്‍ഗക്കാരുടെ കൊലപാതകമാണ്. ജോഗ് ചെയ്യാന്‍ പോകുന്ന വഴി കൊല്ലപ്പെട്ട അഹമൂദ് ആര്‍ബെറി (Ahmud Arbery), സ്വന്തം വീട്ടില്‍ ഇരിക്കുമ്പോള്‍ (വീട് മാറി) പൊലീസ് നടത്തിയ എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ട ബ്രെയോണാ ടെയിലര്‍, ഒരു നിസാര പരാതിയിന്മേല്‍ ഉള്ള അറസ്റ്റിനിടയില്‍ കൊല്ലപ്പെട്ട ജോര്‍ജ്ജ് ഫ്‌ലോയ്ഡ് (പരാതിയുടെ വ്യാപ്തിയോ ചെയ്ത കുറ്റത്തിന്റെ വലുപ്പത്തിനോ ഇവിടെ പ്രാധാന്യം ഇല്ല), അമേരിക്കയില്‍ നടക്കുന്ന വംശീയ കൊലപാതകങ്ങളുടെ നിര അവസാനിക്കുന്നില്ല.

ഓടാന്‍ പോയ അഹമൂദിനെ വെടിവെച്ചു കൊലപ്പെടുത്തിയ വെളുത്ത വര്‍ഗക്കാരായ അച്ഛനും മകനും പറഞ്ഞ "ന്യായം', ""അയാളെ കണ്ടപ്പോള്‍ ഒരു കള്ളനായി തോന്നി എന്നാണ്.'' അതെന്തു കൊണ്ടാണ് കറുത്ത വര്‍ഗക്കാരനായ ഒരു യുവാവിനെ കണ്ടപ്പോള്‍ കള്ളനായി അവര്‍ക്ക് തോന്നുന്നത് എന്ന ചോദ്യം നമ്മെ കൊണ്ടെത്തിക്കുന്നത് വര്‍ണ-വര്‍ഗ ശ്രേണികളെ മുന്‍നിരത്തി ഈ രാജ്യത്ത് (മറ്റ് പല രാജ്യങ്ങളിലും, ജാതി മുന്‍ നിരത്തിയുള്ള വിവേചനവും ആയി ഒട്ടും വിഭിന്നമല്ല) നിലനില്ക്കുന്ന നേരത്തെ സൂചിപ്പിച്ച മുന്‍ധാരണകളിലും സ്ഥിര സങ്കല്‍പ്പങ്ങളിലും (stereotypes) ആണ്.
ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ പട്ടിയെ തുടലില്‍ ഇടാന്‍ ആവശ്യപ്പെട്ട കറുത്ത വര്‍ഗക്കാരനോട് ഏമി കൂപ്പർ എന്ന യുവതി പ്രതികരിച്ചത്, പൊലീസിനെ വിളിച്ച് ""ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ എന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു, എനിക്കു ഭയമാകുന്നു'' എന്നു പരാതിപ്പെട്ടുകൊണ്ടാണ്. പാര്‍ക്കില്‍ നടക്കാന്‍ പോയ, പക്ഷികളെ നിരീക്ഷിക്കാന്‍ പോയ ക്രിസ്റ്റിയന്‍ കൂപ്പര്‍ എന്ന കറുത്ത വര്‍ഗക്കാരനെ അക്രമിയായി ചിത്രീകരിക്കുക വഴി ഏമി ചെയ്യുന്നത് ആഫ്രിക്കന്‍ അമേരിക്കന്‍ ജനതയ്ക്ക് മുകളില്‍ പൊലീസ് നടത്തുന്ന അക്രമം ഓര്‍മിപ്പിച്ചു ക്രിസ്റ്റിയനെ ഭയപ്പെടുത്തുക എന്നതാണ്. തന്നെ ചോദ്യം ചെയ്യാനോ ഉപദേശിക്കാനോ ഒരു കറുത്ത വര്‍ഗക്കാരന്‍ ആയിട്ടില്ല എന്ന വംശീയമായ ""പ്രിവിലെജും'', യോഗ്യതാ ധാരണകളും ഇവിടെ പ്രവര്‍ത്തിക്കുന്നു എന്നും ആന്റി-റേസിസ്റ്റ് മുന്നേറ്റങ്ങള്‍ നിരീക്ഷിക്കുന്നു. വംശീയ വിരുദ്ധ (anti-racist) രാഷ്ട്രീയം പഠിപ്പിക്കുകയും എഴുതുകയും ചെയ്യുന്ന പ്രൊഫ. ഇബ്രാഹിം കെണ്ഡി (Ibrahim X Kendi) അമേരിക്കയിലെ വശീയ ഭീകരതയെക്കുറിച്ച് എഴുതിയ കുറിപ്പില്‍ പറയുന്നു, ""ഏമി കൂപ്പറില്‍ നിന്നു മിനിയപൊളിസിലെ പൊലീസുകാരനിലേക്ക് ഒരു നേര്‍രേഖ വരക്കേണ്ടത് അത്യാവശ്യം ആണ്. പലപ്പോഴും ഏമി ആണ് തുടക്കം, അത് ആ പൊലീസുകാരനില്‍ എത്തി അവസാനിക്കുന്നു.''
ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ മുന്നേറ്റം
Trayvon Martin എന്ന 17 വയസ്സുകാരനെ അതിദാരുണമായി കൊന്നകേസില്‍ ജോര്‍ജ്ജ് സിമ്മെര്‍മന്‍ എന്ന ആളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവിനെതിരെ തുടങ്ങിയ #blacklivesmatter എന്ന ട്വിറ്റര്‍ ഹാഷ്-ടാഗ് (hash-tag) ആണ് പിന്നീട് ""ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍'' എന്ന സംഘടിത മുന്നേറ്റമായി മാറിയത്. (2013 ഫെബ്രുവരി 26-നു ഒരു കൂട് സ്‌കിറ്റില്‍സും - ഒരു തരം മുട്ടായി- ഒരു തണുപ്പിച്ച ചായയും കൈയ്യില്‍ പിടിച്ച് സ്വന്തം വീട്ടിലേക്കു വരികയായിരുന്ന ട്രെവോണ്‍ മാര്‍ട്ടിനെ ജോര്‍ജ്ജ് സിമ്മെര്‍മാന്‍ എന്ന neighborhood watch അംഗം പിന്തുടർന്ന് ചെന്ന്, വെടിയുതിർത്ത് കൊല്ലുകയായിരുന്നു.)

അലീഷിയാ ഗാര്‍സ (Alicia Garza), പട്രീസ് കള്ളേഴ്‌സ് (Patrisse Cullers), ഒപെല്‍ ടൊമെറ്റി (Opal Tometi) എന്നിവർ തുടങ്ങിയ ഈ മുന്നേറ്റം ഇന്ന് അമേരിക്കയില്‍ ശക്തമായ സാന്നിധ്യമാണ്. സിവില്‍ റൈറ്റ്‌സ് മുന്നേറ്റങ്ങളുടെ പിന്തുടര്‍ച്ചയായി കാണാന്‍ കഴിയുമെങ്കിലും, സംഘടനാ രീതിയിലെ പ്രത്യേകതകളും, നേതൃത്വത്തില്‍ ക്വീര്‍ വ്യക്തികളുടെ പ്രാതിനിധ്യവും ഈ മുന്നേറ്റത്തെ വ്യത്യസ്തമാക്കുന്നു. ഈ മുന്നേറ്റം ഉയര്‍ന്നു വന്ന സാഹചര്യത്തെയും, മുന്നേറ്റത്തിന്റെ ഭാവിയെയും കുറിച്ച് ഒരു അഭിമുഖത്തില്‍ പട്രീസ് കള്ളേഴ്‌സ് പറയുന്നത് ഇങ്ങനെയാണ്, ""ഒരു പൊലീസുകാരനാല്‍ കൊല്ലപ്പെടുന്നത് കൊല്ലപ്പെടുന്ന വ്യക്തിയുടെ തെറ്റായിട്ടാണ് പലരും ധരിക്കുന്നത്. അതാണ് ലോകം നമ്മളോട് പറയുന്നത്. എന്റെ കൊലപാതകം എന്റെ തെറ്റാണ് എന്ന്. എന്നാല്‍ അങ്ങനെ അല്ല, മറിച്ചു ഇത് വ്യവസ്ഥാപിതമായ കൊലപാതകം ആണ്, വംശീയ ഭീകരത ആണ്. ഞങ്ങള്‍ അണിനിരക്കുന്നത് ജീവിക്കാന്‍ ഉള്ള അവകാശത്തിന് വേണ്ടി ആണ്.'' ബ്ലാക് ലൈവ്‌സ് മാറ്റര്‍ ഉള്‍പ്പെടെ അനേകം വംശീയ വിരുദ്ധ മുന്നണികള്‍ ചേര്‍ന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന സമരങ്ങളെ സംഘടിപ്പിക്കുന്നത്.
അക്രമം പരിഹാരം ആണോ?
ഈ ചോദ്യത്തിന് ബ്ലാക്ക് ട്വിറ്റര്‍ നല്കിയ മറുപടികള്‍ മുന്നേറ്റങ്ങളെ നേരിടുന്നതില്‍ അമേരിക്ക കാണിക്കുന്ന വംശീയ പക്ഷപാതങ്ങളെ ഉയർത്തി കാട്ടുന്നു. ലോക്-ഡൗണിനെതിരെ തോക്കുകള്‍ ഏന്തി, ഭരണ കേന്ദ്രങ്ങള്‍ ഉപരോധിച്ച വെള്ളക്കാർ നയിച്ച മുന്നേറ്റങ്ങളെ കണ്ടതായി പോലും നടിക്കാതെ ഇരുന്ന അമേരിക്കന്‍ ഭരണകൂടം പക്ഷേ, മിനിയപ്പോലീസില്‍ സൈന്യത്തെ ഇറക്കി, സമരക്കാർക്കുനേരേ റബ്ബർ ബുള്ളറ്റും കണ്ണീര്‍ വാതകവും ഉപയോഗിച്ചു. സമാധാനമായി റിപോര്‍ട്ട് ചെയ്തുകൊണ്ടിരുന്ന ഒമര്‍ ജിമിനെസ് എന്ന ആഫ്രികന്‍ അമേരിക്കന്‍ റിപോര്‍ട്ടറെ ഓണ്‍-എയര്‍ (on-air) അറസ്റ്റ് ചെയ്തു.
ലോക്-ഡൗണ് സമരക്കാര്‍ ""വളരെ നല്ല ആള്‍ക്കാര്‍'' എന്നു പറഞ്ഞ ഡൊണാള്‍ഡ് ട്രംപ്, ഫ്‌ലോയ്ഡിന്റെ മരണത്തില്‍ പ്രതിഷേധിക്കുന്ന ജനങ്ങളെ ""കൊള്ളക്കാര്‍'' (Thugs) എന്നു മുദ്ര കുത്താനും, അവർക്കുനേരെ വെടി ഉതിര്‍ക്കും എന്ന് ഭീഷണിപ്പെടുത്താനും മടിച്ചില്ല. വെളുത്ത സമരക്കാര്‍ ""നല്ലവരും'' കറുത്തവര്‍ അങ്ങനെ അല്ലാതാകുന്നതും എന്തുകൊണ്ടാണ് എന്ന് ഈ സമരം ഉറക്കെ ചോദിക്കുന്നു.

""കലാപം'' (riot) എന്ന പ്രയോഗം പോലും ഈ സാഹചര്യത്തില്‍ സമരത്തിനെ വംശീയമായി തരം തിരിക്കാന്‍ ഉപയോഗിക്കുന്നു എന്നു അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസ്സര്‍ ആയ ഡോ. കേണ്ഡി പറയുന്നു. അക്രമം പരിഹാരം അല്ല എന്ന വാദങ്ങള്‍ക്ക് അദ്ദേഹം നല്കുന്ന മറുപടി ഇതാണ്, ""അക്രമ രഹിതമായ പൊലീസിന് വേണ്ടി നിങ്ങള്‍ ആവശ്യപ്പെടുന്നില്ല എങ്കില്‍, അക്രമ രഹിതമായ സമരങ്ങള്‍ക്ക് വേണ്ടി ആഹ്വാനം ചെയ്യാതെ ഇരിക്കുക.''
സമരങ്ങളില്‍ നുഴഞ്ഞു കയറി അക്രമം അഴിച്ചു വിടുന്ന "agent provocateur' മാരെ സൂക്ഷിക്കണം എന്ന് മുന്നണി പ്രവര്‍ത്തകര്‍ക്കു മുന്നറിയിപ്പ് നല്കുന്നത് എന്ത് വില കൊടുത്തും ഈ സമരത്തിനെ തകർക്കാന്‍ ഭരണകൂടം ശ്രമിക്കും എന്ന് ഉത്തമ ബോധം ഉള്ളത് കൊണ്ടാണ്. ഒന്നിന് പുറകെ ഒന്നായി, വംശീയതയില്‍ പൊലിയുന്ന ആഫ്രിക്കന്‍ അമേരിക്കന്‍ മനുഷ്യരുടെ രോഷം ന്യായമാണ്. ജെയിംസ് ബാള്‍ഡ്വിന്‍ പറഞ്ഞത് പോലെ ആ അവബോധം ഒരു മനുഷ്യനില്‍ ഉണ്ടാക്കുന്ന രോഷം ചെറുതല്ല.
സമരം ഉയര്‍ത്തുന്ന മുഖ്യമായ വിഷയത്തിനോട് പുറം തിരിഞ്ഞ്, പ്രവര്‍ത്തകരുടെ രോഷത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാഹചര്യത്തില്‍ സമാരാഗ്‌നിയില്‍ ഉള്‍പ്പെട്ട ""ഗാന്ധി മഹല്‍'' എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥന്റെ വാക്കുകള്‍ പ്രധാനമാണ്. ""അവര്‍ എന്റെ സ്ഥാപനം കത്തിച്ചോട്ടെ. നീതി നടപ്പിലാകണം, ആ ഉദ്യോഗസ്ഥരെ ജയിലില്‍ ഇടണം.'' തീയില്‍ കത്തി നശിച്ച സ്ഥാപനത്തേക്കാള്‍ ഈ സമരം പ്രധാനമാണ് എന്ന തിരിച്ചറിവും രാഷ്ട്രീയ ബോധവും ആണ് ഈ പ്രതികരണത്തില്‍ കാണാന്‍ കഴിയുക. ഇത് പോലെ അമേരിക്ക ഈ സമരത്തിന് പിന്നില്‍ അണിനിരക്കും എന്നു പ്രതീക്ഷിക്കാം. വളരെ വൈകിയെങ്കിലും നീതി ലഭിക്കും എന്നും, അത് ലഭിക്കും വരെ ഭരണകൂടം അഴിച്ചു വിടുന്ന ആക്രമണത്തെ ചെറുത്തു നില്‍ക്കാന്‍ ഈ മുന്നേറ്റത്തിന് കഴിയും എന്നും പ്രതീക്ഷിക്കാം.
(ആന്റി-ബ്ലാക്ക് വിവേചനം പുറത്തു നിന്നു കണ്ട, വായിച്ച് അറിഞ്ഞ ഒരു വ്യക്തി എന്ന നിലയില്‍ മാത്രമാണ് ഈ കുറിപ്പ് എഴുതുന്നത്. അതുകൊണ്ട് തന്നെ അമേരിക്കയുടെ ആന്റി-ബ്ലാക് വംശീയ ചരിത്രത്തെയും, വിവേചങ്ങളെയും, തീവ്രമായ അനുഭവങ്ങളെയും വരച്ചിടാന്‍ ഉള്ള പരിമിതികള്‍ ഇവിടെ തുറന്നു അംഗീകരിക്കുന്നു. മുന്നേറ്റത്തിന് പൂര്‍ണ പിന്തുണ നല്കുന്നു.)
ശിൽപ സതീഷ്
Oct 23, 2020
10 Minutes Read
അമൃത് ജി. കുമാര്‍
Oct 13, 2020
23 Minutes Read
ബി.രാജീവന്‍
Oct 06, 2020
22 Minutes Read
ദാമോദർ പ്രസാദ്
Sep 29, 2020
27 Minutes Read
ധര്‍മേഷ് ഷാ
Sep 29, 2020
14 Minutes Read
എ. ഹരിശങ്കര്‍ കര്‍ത്ത
Sep 28, 2020
6 Minutes Read
വിജു കൃഷ്ണന്‍/ മനില സി. മോഹന്‍
Sep 22, 2020
12 Minutes Read
അനിൽ ഗോപിനാഥ്
2 Jun 2020, 06:22 AM
വർണ്ണവെറിയും, വംശവെറിയും മാനവരാശിയുടെ ശാപമാണ്.