ഹിഗ്വിറ്റയുടെ ജയില്‍ വാസവും
എസ്കോബാറിന്റെ വധവും
ഹിഗ്വിറ്റയുടെ ജയില്‍ വാസവും എസ്കോബാറിന്റെ വധവും
1994 ലോകകപ്പില്‍ അമേരിക്കക്കെതിരെ സെല്‍ഫ് ഗോള്‍ വഴങ്ങിയതിനെ തുടര്‍ന്ന് വാതുവപ്പുമാഫിയ നിര്‍ദ്ദയം വെടിവച്ച് കൊന്ന ഫുട്ബോള്‍ താരം. ഈ സംഭവത്തിലുമുണ്ട് ഒരു എസ്കോബാര്‍. പാബ്ലോ എസ്കോബാര്‍ എന്ന കുപ്രസിദ്ധനായ കൊളംബിയന്‍ മയക്കുമരുന്ന് മാഫിയാ തലവന്‍. പാബ്ലോ എസ്കോബാര്‍ കാര്‍ലോസ് മോലിനാ എന്ന മറ്റൊരു മാഫിയ തലവന്റെ മകളെ തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്ന് മോചന ദ്രവ്യവുമായി പോകാന്‍ നിയോഗിക്കപ്പെട്ടത് ഹിഗ്വിറ്റ ആയിരുന്നു
26 Nov 2022, 11:00 AM
കളിയില്‍ മാത്രമല്ല ജീവിതത്തിലും അതിസാഹസികതയും അതുവഴി ഉണ്ടാകുന്ന അബദ്ധങ്ങളും ഒക്കെ ഹിഗ്വിറ്റയുടെ കൂടപ്പിറപ്പുകളായിരുന്നു. അത്തരം ഒരു അബദ്ധത്തില്‍ പെട്ട് 1993 ല്‍ അയാള്‍ ജയിലിലാവുന്നുണ്ട്. സംഭവത്തിന്റെ ചുരുക്കം ഇതാണ്:
എസ്കോബാര്‍ എന്ന കൊളംബിയന്‍ ഡിഫന്‍ഡറെ ആരും മറക്കാനിടയില്ല. 1994 ലോകകപ്പില്‍ അമേരിക്കക്കെതിരെ സെല്‍ഫ് ഗോള്‍ വഴങ്ങിയതിനെ തുടര്‍ന്ന് വാതുവപ്പുമാഫിയ നിര്‍ദ്ദയം വെടിവച്ച് കൊന്ന ഫുട്ബോള്‍ താരം. ഈ സംഭവത്തിലുമുണ്ട് ഒരു എസ്കോബാര്‍. പാബ്ലോ എസ്കോബാര്‍ എന്ന കുപ്രസിദ്ധനായ കൊളംബിയന്‍ മയക്കുമരുന്ന് മാഫിയാ തലവന്‍. പാബ്ലോ എസ്കോബാര്‍ കാര്‍ലോസ് മോലിനാ എന്ന മറ്റൊരു മാഫിയ തലവന്റെ മകളെ തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്ന് മോചന ദ്രവ്യവുമായി പോകാന്‍ നിയോഗിക്കപ്പെട്ടത് ഹിഗ്വിറ്റ ആയിരുന്നു. അതിനയാള്‍ പ്രതിഫലവും പറ്റിയിരുന്നു. വാര്‍ത്ത പുറത്തായതോടെ ഹിഗ്വിറ്റ അകത്തായി. ഏഴ് മാസത്തെ തടവ് കഴിഞ്ഞ് കുറ്റവിമുക്തനാക്കപ്പെട്ട് പുറത്തിറങ്ങിയ ഹിഗ്വിറ്റ പ്രസ്തുത സംഭവത്തെ കുറിച്ച് പ്രതികരിച്ചത് പച്ച മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്താല്‍ ഏതാണ്ട് ഇങ്ങനെയിരിക്കും: "ഞാന്‍ ഒരു ഫുട്ബോളര് അല്ലിയോ, ഈ കിഡ്നാപ്പിംഗ് നിയമത്തെയും കിട്യുതപ്പിയെയും കുറിച്ചൊക്കെ എങ്ങനെ അറിയാനാ...'!
ഈ വിവാദവും ജയില്‍ ശിക്ഷയും വഴി ഹിഗ്വിറ്റയ്ക്ക് നഷ്ടമായത് 1994 ലെ ലോകകപ്പ് ആയിരുന്നു. ആന്ദ്രേ എസ്കോബാര്‍ കൊല്ലപ്പെടാന്‍ കാരണം എന്ന് കരുതപ്പെടുന്ന അമേരിക്ക- കൊളംബിയന്‍ മത്സരം നടന്ന, അതില്‍ തോറ്റ് കൊളംബിയ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ അതേ ലോകകപ്പ്. ഒരുപക്ഷേ ഇങ്ങനെ ഒരു വിവാദവും ജയില്‍ വാസവുമൊക്കെ നല്ലതിനായിരുന്നു എന്നും കരുതാവുന്നതാണ്. ഇല്ലെങ്കില്‍ ഒരുപക്ഷെ എസ്കോബാറിന് ഒപ്പം സമാനമായ മറ്റൊരു പിഴവിന് അയാളും കൊല്ലപ്പെടുമായിരുന്നില്ല എന്ന് ആര്‍ക്ക് ഉറപ്പിക്കാനാവും
അബദ്ധങ്ങള്‍ അവസാനിക്കുന്നില്ല, മയക്ക് മരുന്നും മാഫിയ സംഘങ്ങളും ഒക്കെയായുള്ള ഹിഗ്വിറ്റയുടെ സഹസഞ്ചാരം 93 ലൊന്നും അവസാനിക്കുന്നില്ല, അത് തുടരുകയാണ്. ചിലപ്പോള്‍ പിടിക്കപ്പെട്ടും പലപ്പോഴും പിടിക്കപ്പെടാതെയും ഒക്കെയായി. 93 ലെ സംഭവത്തെ കുറിച്ച് ഹിഗ്വിറ്റ മനസിലാക്കുന്നത് താന്‍ ജയിലില്‍ പോയത് പാബ്ലോ എസ്കോബാറിനെ സന്ദര്‍ശിച്ചതിനാണ്, അല്ലാതെ മയക്കുമരുന്ന് മാഫിയ തലവന്മാര്ക്കിടയില് ദൂതിന് പോയതിനും പ്രതിഫലം പറ്റി മോചനദ്രവ്യം കൈമാറിയതിനും ഒന്നും അല്ല എന്നാണ്. തടവില്‍ കിടന്ന കാലം മുഴുവന്‍ കൊളംബിയന്‍ പൊലീസ് ഹിഗ്വിറ്റയോട് ചോദിച്ചത് മുഴുവന്‍ എസ്കോബാറിനെ കുറിച്ചായിരുന്നുവത്രെ.

ഹിഗ്വിറ്റ എസ്കോബാറിനെ സന്ദര്ശിച്ചതാവട്ടെ അയാള്‍ക്ക് നന്ദി പറയാനായിരുന്നു. അതായത് ക്രൂരനും നിര്‍ദ്ദയനുമായ ഒരു മാഫിയ പ്രവര്ത്തകന് എന്നതിലപ്പുറം മറ്റൊരു മുഖം എസ്കോബാറിന് ഉണ്ടെന്ന് അയാള്‍ വിശ്വസിച്ചിരുന്നു. ഒരു സന്നിഗ്ധ ഘട്ടത്തില്‍ നാടിനെ കെട്ടുറപ്പോടെ നിര്‍ത്തിയതിന് നന്ദി പറയാന്‍ ആയിരുന്നു അയാള്‍ എസ്കോബാറിനെ കണ്ടത്!
കളിക്കളത്തില്‍ പറ്റിയ അബദ്ധങ്ങള്ക്കുപരി ജീവിതത്തില്‍ പറ്റിയ അബദ്ധങ്ങള്‍ വഴിയാണ് ഹിഗ്വിറ്റ അകാലത്ത് വിരമിക്കുന്നതും പിന്നെ തീരുമാനം പിന്‍വലിച്ച് മടങ്ങിവരുന്നതും. 2005 -ല്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അയാള്‍ ക്ലബ് ഫുട്ബോളില്‍ നിന്നും വിരമിക്കുന്നു. എന്നാല്‍ 2007-ല്‍ തീരുമാനം മാറ്റി അയാള്‍ തിരിച്ചുവരുന്നുമുണ്ട്. ഒടുവില്‍ മൂന്നുവര്‍ഷങ്ങള്‍ കൂടി കഴിഞ്ഞ്, 2010 ലാണ് സംഭവബഹുലമായ ആ കരിയര്‍ അവസാനിക്കുന്നത്.
വിരമിച്ചശേഷം കോച്ചിങ്ങിലേക്ക് കടന്ന ഹിഗ്വിറ്റ ആ രംഗത്തും സജീവമായിരുന്നു. സൗദിയിലെ അല്‍ നാസര്‍ ക്ലബിലും തുടര്‍ന്ന് അത്ലറ്റികോ നാഷണല്‍ ക്ലബിലും ഒക്കെ കോച്ചായി സേവനം അനുഷ്ഠിച്ച ഹിഗ്വിറ്റ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടക്കാനുള്ള തന്റെ ആഗ്രഹവും വെളിപ്പെടുത്തിയിട്ടുണ്ട്. അസാധ്യമായത് പലതും കളിക്കളത്തില്‍ സാധ്യമാക്കിയ അയാള്‍ കൊളംബിയന്‍ രാഷ്ട്രീയത്തിലും അത്ഭുതങ്ങള്‍ കാണിക്കില്ല എന്നാരുകണ്ടു!
അധോലോകവും മയക്കുമരുന്ന് വ്യാപാരവും അക്രമവും ഗുണ്ടാപകയുമൊക്കെ അരങ്ങ് വാഴുന്ന, പുറത്തിറങ്ങിയാല്‍ തിരിച്ചുവരുമെന്ന് ആര്‍ക്കും ഒരുറപ്പും പറയാന്‍ വയ്യാത്ത ഒരു ലോകം. ഒരു മാജിക്കല്‍ റിയലിസ്റ്റ് ആഖ്യാനം പോലെ വിചിത്രമായ ആ ലോകത്തുനിന്ന് പ്രതിഭയുടെ ധാരാളിത്തം കൊണ്ട് ലോകത്തെ അമ്പരപ്പിച്ച കുറേ മനുഷ്യര്‍. ചില കോണുകളില്‍ നിന്ന് നോക്കുമ്പോള്‍ ഈ ഹിഗ്വിറ്റയൊന്നും യാഥാര്‍ത്ഥ്യമല്ല ഒരു മാജിക്കല്‍ റിയലിസ്റ്റ് ആഖ്യാനമാണെന്ന് തോന്നും. ഒരു കൊളംബിയന്‍ മാജിക്കല്‍ റിയലിസം.
ലേഖനത്തിന്റെ പൂർണ്ണ രൂപം വായിക്കാം
ഒരു കൊളംബിയന്‍ മാജിക്കല്‍ റിയലിസം

ദിലീപ് പ്രേമചന്ദ്രൻ
Jan 08, 2023
10 Minutes Watch
ഹരികുമാര്‍ സി.
Dec 30, 2022
3 Minutes Read
കെ. കണ്ണന്
Dec 24, 2022
3 Minutes Read
സംഗീത് ശേഖര്‍
Dec 23, 2022
8 Minutes Listening
ഡോ. പി.ജെ. വിൻസെന്റ്
Dec 21, 2022
5 Minutes Watch
പത്മനാഭന് ബ്ലാത്തൂര്‍
Dec 21, 2022
3 Minutes Read