ആണ് (യെസ്),
രണ്ടു പെണ്ണുങ്ങളുടെ തിരിച്ചറിവ്
അവരവരെ കുറിച്ചും
ആണിനെ കുറിച്ചും
ആണ് (യെസ്), രണ്ടു പെണ്ണുങ്ങളുടെ തിരിച്ചറിവ്, അവരവരെ കുറിച്ചും ആണിനെ കുറിച്ചും
തന്നെത്തന്നെ വെല്ലുവിളികളെ നേരിടാന്‍ സജ്ജമാക്കുന്ന സുധര്‍മ. തന്റെ ഗുരുവിനെ അന്ധമായി സ്‌നേഹിക്കുകയും അയാളുടെ നറേറ്റീവിനെ പൂര്‍ണമായും വിശ്വിക്കുകയും ചെയ്യുന്ന ഗവേഷണ വിദ്യാര്‍ഥിനിയായ അല്‍മ. ഇരയാക്കപ്പെട്ടവരാണ് ഇരുവരും. പരസ്പരം ശത്രുക്കളായോ എതിരാളികളായോ അവര്‍ തന്നെ മനസ്സിലാക്കിയവര്‍. 'ആണ് (YES)' എന്ന സിനിമയിലെ പ്രധാന തിരിച്ചറിവ് ഇതിനെ സംബന്ധിച്ചതാണ്. ഈ തിരിച്ചറിവ് രണ്ടുപേരുടെയും ജീവിതത്തെ മാറ്റുന്നു. അത് ഇരുവരുടെയും സ്വത്വത്തിന് പുതിയ അര്‍ഥവും മാനവും നല്‍കുന്നു.
23 Dec 2022, 12:15 PM
രണ്ട് സ്ത്രീകളുടെ പരസ്പരമുള്ള മനസ്സുതുറക്കലിലൂടെ ചുരുളഴിയുന്ന ജീവിത കഥയാണ് "ആണ്’ (YES)' എന്ന സിനിമ. സജിത മഠത്തില്‍ തിരക്കഥയെഴുതി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രം തിരുവന്തപുരത്ത് നടന്ന ഇരുപത്തിയേഴാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ "മലയാളം സിനിമ ടുഡേ' വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. സമൂഹത്തിലും കുടുംബത്തിലും രാഷ്ട്രീയപ്രസ്ഥാനങ്ങളിലും വിദ്യാര്‍ഥി സംഘടനകളിലും എല്ലാം അടിമുടി ആധിപത്യം വഹിക്കുന്ന ആണ്‍കോയ്മാബോധത്തെ സൗമ്യമായാണെങ്കിലും നിശിതമായി തന്നെയാണ് സിനിമ വിമര്‍ശിക്കുന്നത്. വിദ്യാസമ്പന്നനായ ഒരു പുരുഷന്റെ കാപട്യപൂര്‍ണമായ പെരുമാറ്റത്തിന്റെ രണ്ട് വ്യത്യസ്ത ഇരകള്‍ എന്ന നിലയിലുള്ള സുധര്‍മയുടെയും (സജിത മഠത്തില്‍) അല്‍മ വിന്‍സന്റിന്റെയും (നമിത പ്രമോദ്) തിരിച്ചറിയലുകളിലേക്ക് നയിക്കുന്ന ജീവിതം പറച്ചില്‍ സമകാലിക സ്ത്രീയനുഭവത്തിന്റെ വാസ്തവകഥനമായിത്തീരുന്നു. ഒരു വീടിനകത്തു നടക്കുന്ന അനുഭവങ്ങളുടെ പങ്കുവെക്കലുകള്‍ പ്രണയം, ദാമ്പത്യം, കുടുംബം, സംഘടന തുടങ്ങിയ സ്ഥാപനങ്ങളെക്കുറിച്ചുള്ള സംഗതമായ വിചാരണയായിത്തീരുകയാണ്.
ഭര്‍ത്താവായിരുന്ന കോളജ് പ്രഫസറുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി ഹോം ബേക്കറായി ഉപജീവനം തേടുന്ന സുധര്‍മ അനുഭവങ്ങള്‍ ഏറെയുള്ള ഒരു സ്ത്രിയാണ്. തനിക്കുചുറ്റുമുള്ള സമുദായത്തിന്റെ സ്ത്രീവിരുദ്ധ സ്വഭാവത്തെക്കുറിച്ചും ചതിക്കുഴികളെക്കുറിച്ചും അവള്‍ക്ക് ബോധ്യമുണ്ട്. മകളുടെ അകാലത്തുള്ള വേര്‍പാട് ഉള്‍പ്പെടെ തന്റെ മനസ്സിനെ ആഴത്തില്‍ വേദനിപ്പിച്ചിട്ടുള്ള ഭൂതകാലം ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത അവള്‍ വര്‍ത്തമാനത്തില്‍ മാത്രം ജീവിക്കാന്‍ ആഗ്രഹിക്കുന്നു. മനസ്സിനെ താന്‍ ഏര്‍പ്പെട്ടിരിക്കുന്ന ജോലിയിലേക്കും താന്‍ പടുത്തുയര്‍ത്തിക്കൊണ്ടിരിക്കുന്ന തന്റെ ജീവിതത്തിലേയ്ക്കും ഏകാഗ്രമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരുവള്‍. ആത്മവിശ്വാസത്തിലേക്ക് ഓരോ പ്രതിസന്ധിഘട്ടത്തിലും ഉയിര്‍ക്കുന്ന ഒരു പെണ്‍ജന്മം. സ്വന്തം കാലില്‍ നിന്നുകൊണ്ട് ഈ ലോകത്ത് ചുവടുറപ്പിക്കാനുള്ള സുധര്‍മയുടെ പരിശ്രമങ്ങള്‍ക്കിടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം.
തന്റെ കൊച്ചു സംരംഭത്തില്‍ സഹായി ആയി ഒരാള്‍ വേണമെന്ന് അവള്‍ക്ക് തോന്നുന്നതും അക്കാര്യം തന്റെ സുഹൃത്തുക്കളോട് പറയുന്നതും ആയിടയ്ക്കാണ്. വലിയ ഒരു കേക്കിനുള്ള ഓര്‍ഡര്‍ ലഭിച്ച സന്തോഷത്തിനിടെ ജോലിത്തിരക്കുള്ള ഒരു പകല്‍ ഒരു പെണ്‍കുട്ടി വീട്ടിലെത്തുന്നു. അത് സുഹൃത്ത് അയച്ച ആള്‍ ആയിരിക്കുമെന്ന വിശ്വാസത്തില്‍ അവള്‍ കുട്ടിയോട് ഇടപെടുന്നു. ദുഃഖവും സങ്കോചവും സംഘര്‍ഷവും ഘനീഭവിച്ച മുഖഭാവമുള്ള അല്‍മ മറ്റൊരാളാണെന്ന് സുധര്‍മ പതിയെ തിരിച്ചറിയുന്നു. മുന്‍ ഭര്‍ത്താവിന്റെ ശിഷ്യയായ അല്‍മ അയാളുടെ ഇപ്പോഴത്തെ കൂട്ടുകാരിയും പ്രണയിനിയുമാണെ വാസ്തവം സുധര്‍മ മനസ്സിലാക്കുന്നു. തന്റെ പ്രിയപ്പെട്ട ഗുരു കൂടിയായ പ്രണയിതാവിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാനായിരുന്നു അവളുടെ വരവ്.
തന്റെ മുന്‍ ഭര്‍ത്താവിനെക്കുറിച്ച് വളരെ വ്യത്യസ്തമായ കഥയാണ് അല്‍മയ്ക്ക് പറയാനുണ്ടായിരുന്നത് എന്നത് സുധര്‍മ മനസ്സിലാക്കുന്നു. അതവളുടെ ബോധ്യങ്ങളെ ഇളക്കാന്‍ പര്യാപ്തമായിരുന്നില്ല. മുന്‍ ഭാര്യയെക്കുറിച്ചും അവരുമായി പിരിയാനിടയായ കാര്യങ്ങളെ സംബന്ധിച്ചും ഗുരു ശിഷ്യയോട് എല്ലാം പറഞ്ഞിട്ടുണ്ട് എന്ന് വികാരവിക്ഷോഭങ്ങളോടെയുള്ള അല്‍മയുടെ സംസാരത്തില്‍ നിന്ന് സുധര്‍മ മനസ്സിലാക്കുന്നു. പ്രഫസറെ ന്യായീകരിച്ചും അയാളുടെ മുന്‍ ഭാര്യയായ തന്നെ കുറ്റപ്പെടുത്തിയും സംസാരിക്കുന്ന പെണ്‍കുട്ടിയോട് സുധര്‍മയ്ക്ക് സഹതാപം മാത്രമേ തോന്നുന്നുള്ളൂ. അയാളെ താന്‍ വീട്ടില്‍ ഒളിപ്പിച്ചിട്ടുണ്ട് എന്ന അല്‍മയുടെ സംശയം തിരിച്ചറിഞ്ഞ സുധര്‍മ വീടുമുഴുവന്‍ കാണിച്ച് അതു തെറ്റാണെന്ന് അവളെ ബോധ്യപ്പെടുത്തുന്നു. അതു ബോധ്യമായതോടെ പെണ്‍കുട്ടി താന്‍ ജീവനുതുല്യം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന തന്റെ പ്രഫസറുടെ പൂര്‍വകാല ചെയ്തികളെക്കുറിച്ച് സുധര്‍മയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുന്നു.

സുധര്‍മ തന്റെ ഭൂതകാലത്തിലേക്ക് പോകാന്‍ നിര്‍ബന്ധിതയാവുന്നു. കലാലയകാല അനുഭവങ്ങള്‍ ഉള്‍പ്പെടെ അല്‍മയുമായി പങ്കുവയ്ക്കുന്നു. അതോടെ അല്‍മ പ്രഫസറുടെ ഇതുവരെ അറിയാത്ത സ്വഭാവ സവിശേഷതകള്‍ അറിയുന്നു. അയാളുടെ കാപട്യങ്ങളെ തിരിച്ചറിയുന്നു. പ്രഫസറുടെ ഇതുവരെ താന്‍ ദര്‍ശിക്കാത്ത ഒരു മുഖമാണ് അല്‍മയ്ക്കുമുമ്പില്‍ അനാവൃതമാകുന്നത്. തന്റെ പിതാവിന്റെ അകാല മരണത്തിനുത്തരവാദി പ്രഫസറാണെന്ന് അറിയുന്നതോടെ അവള്‍ പൊട്ടിത്തെറിക്കുന്നു. പ്രഫസറും സുധര്‍മയും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നും അവരുടേത് ഒരു പ്രണയ വിവാഹം ആയിരുന്നു എന്നുമുള്ള തന്റേതുള്‍പ്പെടെയുള്ള പുറംലോകത്തിന്റെ ധാരണകള്‍ തെറ്റാണെന്ന് തിരിച്ചറിയുന്നു. കലാലയരാഷ്ട്രീയ കാലത്തേ ഉണ്ടായിരുന്ന ആണ്‍കോയ്മാസ്വഭാവവും കാപട്യവും ഇന്നും തുടരുന്ന പ്രഫസറുടെ യഥാര്‍ഥ മുഖം തിരിച്ചറിയുന്നു. മറ്റൊരു ശിഷ്യയുമായുള്ള പ്രണയത്തിന്റെ കാര്യത്തില്‍ പോലും താന്‍ നേരത്തെ ന്യായീകരിച്ച പ്രഫസറുടെ ആത്മദുഃഖം കപടമായിരുന്നു എന്നറിയുന്നു. അതോടെ സുധര്‍മയെ സഹായിക്കുന്നതിന് തയ്യാറാവുന്ന അല്‍മ സുധര്‍മ തേടിയിരുന്ന സഹായിയുടെ റോള്‍ സ്വമേധയാ എറ്റെടുക്കുകയും തന്റേതായ ജീവിതം നെയ്‌തെടുക്കുന്നതിലേക്ക് മാനസികമായി നടന്നടുക്കുകയും ചെയ്യുന്നു.
സിനിമയുടെ കഥാതന്തു ഊന്നിനില്‍ക്കുന്ന കലാലയകാലത്തെ ഫ്ലാഷ് ബാക്ക് മൊത്തം ചിത്രത്തിനൊരു സ്ത്രീ കാഴ്ചപ്പാട് പ്രദാനംചെയ്യുന്നുണ്ട്. പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനങ്ങളില്‍ പോലും സംഘടനാപ്രവര്‍ത്തനങ്ങളിലേക്ക് വരുന്ന പെണ്‍കുട്ടികള്‍ പുരുഷനേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്ക് വിധേയമാവാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. അവര്‍ നേതൃത്വത്തിന്റെ ടൂളുകളായി തീരുന്നു. സ്വന്തം വിവാഹത്തിന്റെ കാര്യത്തില്‍ പോലും അവര്‍ക്ക് നേതാവിനെ സംരക്ഷിക്കാനായി സംഘടനയുടെ ഏകപക്ഷീയമായ തീട്ടൂരങ്ങള്‍ക്ക് കീഴ്‌പെടേണ്ടിവരുന്നു. ഇത് അവരുടെ ജീവിതത്തിലുടനീളം അവരെ വേട്ടയാടുന്നു. പെണ്‍മനസ്സിന്റെ അകത്തളങ്ങളെ പ്രകാശിപ്പിക്കാനുതകും വിധമുള്ള ഒരു കഥാവസ്തു തെരഞ്ഞെടുത്തതിലും അതിനുചിതമായ ഒരു പരിചരണരീതി തെരഞ്ഞെടുത്തതിലും സിനിമയുടെ രചയിതാവും സംവിധായകനും അഭിനന്ദനമര്‍ഹിക്കുന്നു.
ചുറ്റുമുള്ള പുരുഷലോകത്തെക്കുറിച്ചുള്ള സിനിമയുടെ ഒരു നോട്ടപ്പാട് ദുശ്യങ്ങളില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. ഒറ്റയ്ക്കു ജീവിക്കുന്ന സ്വയംസംരംഭകരായ സ്ത്രീകളോട്, പ്രത്യേകിച്ചും വിവാഹബന്ധം വേര്‍പെടുത്തിയ സ്ത്രീകളോട് സമൂഹത്തിന്റെ മുന്‍വിധി കലര്‍ന്ന സമീപനം വിവിധങ്ങളായ ആംഗിളുകളിലുള്ള സീനുകള്‍ നിശ്ശബ്ദമായി പറയുന്നുണ്ട്. ആണവസ്ഥയെ മാനുഷികമായി മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഈ വിമര്‍ശനം നടത്തുന്നത് എന്നതും പ്രധാനപ്പെട്ട സവിശേഷതയാണ്. തങ്ങള്‍ക്കിടയില്‍ വേദനകള്‍ പരസ്പരം തിരിച്ചറിയാനും പങ്കുവക്കാനും അനുതാപത്തോടെ പെരുമാറാനും സ്ത്രീകളുടെ സഹജവാസനകള്‍ ഇവരുടെ വിനിമയങ്ങളുടെ അന്തര്‍ധാരയായി ഉണ്ട്. പുരുഷനില്‍ നിന്നും നേരിടുന്ന തിക്താനുഭവങ്ങളും അവന്റെ കാപട്യങ്ങളും അവരുടെ ഓരോ അനുഭവവിവരണത്തിലും നിലീനമായിരിക്കുന്നു. ആ പുരുഷന്‍ ഒരിക്കലും സിനിമയില്‍ നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും. പ്രേക്ഷകരുടെ പരിചയത്തിലുള്ളതോ ഇടയിലുള്ളതോ അവരവര്‍ തന്നെയോ ആവാം അയാള്‍. അഥവാ ആണ് (yes).

സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തില്‍ സജിത മഠത്തിലും നമിത പ്രമോദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ആ കഥാപാത്രങ്ങളെ കണക്ട് ചെയ്യുന്ന ചില കോമണ്‍ ഫാക്ടറുകളാണ് സിനിമയെ മുന്നോട്ടുനയിക്കുന്ന ഘടകം. ഈ രണ്ടു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമ ചലിക്കുന്നത്. തന്നെത്തന്നെ വെല്ലുവിളികളെ നേരിടാന്‍ സജ്ജമാക്കുന്ന സുധര്‍മ. (സ്ത്രീശക്തിയെ ആവാഹിക്കുന്ന ഈ രീതി ഓരോ സ്ത്രീയും നിശബ്ദമായി ചെയ്യുന്നുണ്ടായിരിക്കണം). തന്റെ ഗുരുവിനെ അന്ധമായി സ്‌നേഹിക്കുകയും അയാളുടെ നറേറ്റീവിനെ പൂര്‍ണമായും വിശ്വിക്കുകയും ചെയ്യുന്ന ഗവേഷണ വിദ്യാര്‍ഥിനിയായ അല്‍മ. ഇരയാക്കപ്പെട്ടവരാണ് ഇരുവരും. പരസ്പരം ശത്രുക്കളായോ എതിരാളികളായോ അവര്‍ തന്നെ മനസ്സിലാക്കിയവര്‍. സിനിമയിലെ പ്രധാന തിരിച്ചറിവ് ഇതിനെ സംബന്ധിച്ചതാണ്. ഈ തിരിച്ചറിവ് സമകാലികലോകത്തെ പ്രധാനമായ ഒന്നാണ്. ഈ തിരിച്ചറിവ് രണ്ടുപേരുടെയും ജീവിതത്തെ മാറ്റുന്നു. തങ്ങള്‍ ബന്ധപ്പെട്ട മനുഷ്യനെയും കൂടുതല്‍ അടുത്തറിയാന്‍ പ്രാപ്തരാക്കുന്നു. അത് ഇരുവരുടെയും സ്വത്വത്തിന് പുതിയ അര്‍ഥവും മാനവും നല്‍കുകയാണ്.

നാടകമാക്കാന്‍ ഉദ്ദേശിച്ച തീം സിദ്ധാര്‍ത്ഥ് ശിവ സിനിമയാക്കുകയായിരുന്നു എന്ന് സജിത മഠത്തില്‍ ഒന്നിലേറെ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. (രണ്ട് സ്ത്രീകഥാപാത്രങ്ങളുള്ള, വീടകം വേദിയായി വരുന്ന ഒരു നാടകമായിരിക്കുമായിരുന്നു അത്). അതുകൊണ്ടാവണം നാടകീയത മുറ്റിനില്‍ക്കുന്ന രംഗങ്ങള്‍ സിനിമയില്‍ കൂടുതലുണ്ട്. ഒരു വാടക വീട്ടിലാണ് ചിത്രത്തിലെ സീനുകളെല്ലാം. പ്രമേയത്തിന്റെ നാടകാംശം അതേപടി നിലനിര്‍ത്തിയാണ് സിദ്ധാര്‍ത്ഥ് ശിവ ഇതിന്റെ ആഖ്യാനം നിര്‍വഹിച്ചിരിക്കുന്ന്. അതിനാല്‍ തന്നെ ആ ഒരു ആംഗിളില്‍ നിന്നുകൊണ്ടു സിനിമയെ സമീപിച്ചാലേ നറേഷന്റെ സാംഗത്യം വെളിപ്പെടുകയുള്ളൂ. കുറേക്കൂടി സിനിമാറ്റിക് ആയിരുന്നെങ്കില്‍ ഇതിന്റെ മികവ് കൂടിയേനെ എന്നു തോന്നുന്നത് സ്വാഭാവികമാണെങ്കിലും ഇക്കാര്യത്തില്‍ സിദ്ധാര്‍ത്ഥ് ശിവ നടത്തിയ ഒരു പരീക്ഷണമായി ഈ സിനിമയെ കാണുന്നതാവും ഉചിതം.
സജിത മഠത്തില്‍ തിരക്കഥയെഴുതിയ ആദ്യചിത്രമാണ് "ആണ് (yes)'. സജിത മഠത്തിലിനെയും നമിത പ്രമോദിനെയും കൂടാതെ സുധീഷും (കച്ചവടക്കാരന്‍) ആശ അരവിന്ദും (സുധര്‍മയുടെ സുഹൃത്ത്) മറ്റു റോളുകളില്‍ പ്രത്യക്ഷപ്പെടുന്നു. രാകേഷ് ബാഹുലേയനും സിദ്ധാര്‍ത്ഥ് ശിവയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വിഷ്ണു നാരായണന്‍ സിനിമാട്ടോഗ്രാഫിയും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. വിജയരാജമല്ലിക എഴുതിയ വരികള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത ഗായിക മഞ്ജരിയാണ്. ഈ ചിത്രത്തിന്റെ സംവിധാനത്തിന് സിദ്ധാര്‍ത്ഥ് ശിവ 2021-ലെ പത്മരാജന്‍ പുരസ്‌കാരം നേടുകയുണ്ടായി.
മനോജ് കെ.യു.
Mar 28, 2023
53 Minutes Watch
വിപിന്‍ മോഹന്‍
Mar 28, 2023
3 Minutes Read
ഷാഫി പൂവ്വത്തിങ്കൽ
Mar 14, 2023
3 Minutes Read
ഇ.വി. പ്രകാശ്
Mar 13, 2023
6 Minutes Read
മുഹമ്മദ് ജദീര്‍
Mar 10, 2023
4 minutes Read