ലക്ഷദ്വീപ് ഡയറി - 1 മൊല്ലാക്കയുടെ പിഞ്ഞാണപ്പാത്രവും തിരഞ്ഞുകൊണ്ട്!

വൈവിധ്യമാർന്ന ജീവിതപരിസരം കൊണ്ട്​ വ്യത്യസ്​തമാണ്​ ലക്ഷദ്വീപ്​. കൗതുകവും അമ്പരപ്പും ആനന്ദവമൊക്കെ നൽകുന്ന ആ ദ്വീപസമൂഹത്തിലൂടെ ഏറ്റവും സാധാരണമായ ജീവിതങ്ങളുടെ വേറിട്ട അടയാളങ്ങൾ തെരഞ്ഞ്​ ഒരു എഴുത്തുകാരൻ നടത്തുന്ന യാത്രയാണിത്​

ഴുപതു​പേർക്കിരിക്കാൻ സാധിക്കുന്ന എ.ടി.ആർ വിമാനം ബംഗളൂരുവിൽനിന്ന് കൊച്ചി വഴി ലക്ഷദ്വീപ് സമൂഹത്തിലെ അഗത്തിയെന്ന ചെറിയ ദ്വീപിലേക്ക് ദിവസവും രാവിലെ ഏഴരക്ക് പുറപ്പെടാറുണ്ട്. 7500 പേരാണ്​ ദ്വീപിലുള്ളത്​. അറബിക്കടലിന് നടുവിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിനെ വീഴുങ്ങാൻ തയ്യാറെടുക്കുന്ന പെരുമ്പാമ്പിനെപ്പോലെ വിമാനത്താവളം നീണ്ടു കിടക്കുന്നു. ചുറ്റും നീലസ്ഫടികം പോലെ പൊതിഞ്ഞ ശാന്തമായ ലഗൂൺ. ഇരമ്പുന്ന തിരമാലകളിൽ നിന്ന് അതിനെ സംരക്ഷിച്ചുകൊണ്ടിരിക്കുന്ന പവിഴപ്പുറ്റുകൾ. നടുവിൽ നിഷ്‌കളങ്കയെപ്പോലെ ഈ ദ്വീപും.

ദിനവും രാവിലെ പത്തുമണിക്ക് ദ്വീപിൽ ചെന്നിറങ്ങുന്ന ചെറുവിമാനം അടുത്ത ഒരു മണിക്കൂറിനുള്ളിൽ കുറച്ചാളുകളെയും കയറ്റി കൊച്ചി വഴി ബംഗളൂരുവിലേക്ക് മടങ്ങും; തനിക്കും ഈ ദ്വീപിനും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നപ്പോലെ ദിവസവും അങ്ങോട്ടുമിങ്ങോട്ടും പറക്കുന്ന വിമാനം. ജാലകത്തിലൂടെ തലയൊന്നു ചെരിച്ചു നോക്കിയാൽ താഴെ വെറുതെ മലർന്നുകിടക്കുന്ന അറബിക്കടൽ, പായക്കപ്പലിനെപ്പോലെ ഒഴുകുന്ന വെള്ളമേഘങ്ങൾ, കടലിനു മുകളിൽ പൊട്ടുപോലെ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ചരക്കുകപ്പലുകൾ, മീൻപിടിത്തക്കാരുടെ തോണികൾ, മദ്ധ്യത്തിൽ ഒന്നു രണ്ട് ദ്വീപുകൾ, കാലം തേഞ്ഞുമാഞ്ഞുപോയാലും അസ്തമിക്കാത്ത അഗാധ സാഗരം. ഈ ജീവിതം സത്യമോ അല്ലയോ എന്നു തോന്നിപ്പിക്കുന്ന അഗോചരമായ നിശബ്ദത മനസ്സിൽ നിറയും.

ആഗസ്​റ്റിലെ മഴ പെയ്യുന്ന പ്രഭാതത്തിൽ വിമാനം കൊച്ചിയിലെത്തിയപ്പോൾ അഗത്തിയിലേക്ക് പോകാൻ ഞാൻ മാത്രമാണുള്ളത്. കോരിച്ചൊരിയുന്ന മഴയും കാറ്റുമുള്ളതുകൊണ്ട്​, കൊച്ചിയിൽനിന്ന് യാത്രക്കാരെ കയറ്റാതെ വിമാനം വെറുതെ മഴ നനഞ്ഞു കിടക്കുകയാണ്​. എത്രയോ കാലമായി സ്വപ്നം കാണുന്ന ലക്ഷദ്വീപെന്ന ആ സ്ഥലത്ത് ഇന്നെങ്കിലും കാലുവെയ്ക്കുമെന്ന ഉത്കണ്ഠയോടെയിരുന്ന എനിക്കും നിരുത്സാഹമായി. ഒരു നാട്ടിലേക്ക് പോവുകയാണെങ്കിൽ ആ നാട്ടിലെ കഷ്ടകാലത്തു തന്നെ ചെല്ലണമത്രെ. അതുകഴിഞ്ഞ് നാളുകൾ പോകപ്പോകെ ഓരോ ദിവസവും സുഖമുള്ളതായി മാറുമെന്നാണ്... ബാല്യകാലത്ത് ഒരു മൊല്ലാക്ക പറഞ്ഞതാണ്. അതുപോലെ ഈ മൊല്ലാക്കയുടെ ഉപ്പാപ്പയുടെ ഉപ്പാപ്പ ലക്ഷദ്വീപിലെ മന്ത്രതന്ത്രവിദ്യകൾ ചെയ്യുന്ന കുടുംബത്തിൽപ്പെട്ട ആളായിരുന്നത്രെ. കുടകിൽ കാപ്പിത്തോട്ടത്തിലെ ബാല്യകാലത്ത് ഈ മൊല്ലാക്ക പറയുന്ന കഥകൾ ഞങ്ങൾ കണ്ണും മിഴിച്ച്​ കേൾക്കുമായിരുന്നു. അറബി ഭാഷയിലുള്ള ഖുർആൻ പഠിപ്പിക്കാനും ഈ മൊല്ലാക്ക വരുമായിരുന്നു. അക്കാലത്തുതന്നെ അദ്ദേഹത്തിന് ഏറെ പ്രായമുണ്ടായിരുന്നു. എങ്കിലും അദ്ദേഹം കണ്ണും തുറിച്ചുകൊണ്ട് നോക്കിയാൽ ഞങ്ങൾ പേടിക്കും.

ലക്ഷദ്വീപിലെ മായാവി മന്ത്രവാദിയായ ഒരാളുടെ പേരന്റെ പേരമകനാണ് അയാൾ. ഞങ്ങൾ ഖുർആൻ പഠിക്കാതെ കളിച്ചുംകൊണ്ടിരുന്നാൽ അദ്ദേഹം ഇടത്തെ കൈ വിടർത്തി വലത്തെ കൈകൊണ്ട് ഞങ്ങളെ അടുത്തേക്ക് വലിച്ച്​ ചുരുട്ടി പൊടിയാക്കുന്നതുപോലെ അഭിനയിക്കും, എന്നിട്ട് ആ പൊടി ഇടത്തെ കൈയ്യിലെടുത്ത്​ ചുരുട്ടിപ്പിടിച്ച് നസ്യം ചെയ്യുന്നതുപോലെ മൂക്കിലേക്ക് വലിച്ച് കയറ്റുന്നതായി നടിച്ച്​ ആകാശത്തിലേക്ക് പറപ്പിക്കുന്നതുപോലെ ശരിക്കും തുമ്മുമായിരുന്നു. ഞങ്ങളെയാണെങ്കിൽ ശരിക്കും അയാളുടെ മൂക്കിനകത്തെ പൊടിയായി മാറിയേക്കുമോ എന്ന ഭയം പിടികൂടുമായിരുന്നു. അദ്ദേഹം ഞങ്ങളോട് അടുപ്പിൽനിന്ന് ബീഡി കത്തിച്ച് വരാൻ പറയും, ഞങ്ങൾ അത് കത്തിച്ച് വരുന്നതിനിടയിൽ സ്വയമൊരു ബീഡിയും കത്തിച്ച് പകുതിയും വലിച്ച് തീർത്ത് ‘ഇത് പടച്ചോന്റെ തീയിൽനിന്ന് കത്തിച്ച ബീഡിയാണ്, ഇനി നീ അടുപ്പിൽനിന്ന് കത്തിച്ച ബീഡി താ മക്കളേ' എന്ന് അതും വാങ്ങി വലിക്കും.

അതിനെക്കാളും ഗഹനമായ വിഷയമെന്തെന്നാൽ, വികൃതികളായ ഞങ്ങളെ ശൈത്താനെന്നും ഇബിലീസ്​ എന്നും ശകാരിച്ച് കൈ പിടിച്ചു വലിച്ച്​ തലയുടെ മേലെവെച്ച് അടിച്ച്​ കുറുക്കി കുള്ളന്മാരാക്കി മാറ്റിയതായി അഭിനയിക്കും, കുള്ളന്മാരായി മാറിയതുപോലെ നടിക്കേണ്ട ഞങ്ങളെ ഗോലി സോഡാക്കുപ്പിക്കകത്തേക്ക് തിരുകിക്കയറ്റുന്നതുപോലുള്ള ഹാവഭാവാദികളുമായി കുപ്പിക്കുള്ളിൽ ബന്ധിക്കും. ഞങ്ങൾ ശരിക്കും സോഡാക്കുപ്പിക്കകത്ത്​ ബന്ധനസ്ഥരായയെന്ന് വിചാരിച്ച് ബഹളം വെക്കുമ്പോൾ അദ്ദേഹം മറ്റൊരു ബീഡി കത്തിച്ച് വലിച്ച് വായിൽനിന്നും മൂക്കിൽനിന്നും കണ്ണിൽനിന്നും ചെവിയിൽനിന്നും പുക വിട്ട്​ ആ പുകമറയ്ക്കുള്ളിലിരുന്നുതന്നെ മായാവിയെപ്പോലെ ചിരിക്കും. അതുകഴിഞ്ഞ് കഥ പറയും. ചകിരിക്കയർ കെട്ടുകളും കയറ്റി ലക്ഷദ്വീപിൽനിന്ന് കണ്ണൂരിലേക്ക് പായക്കപ്പലിൽ വന്നുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ ഉപ്പാപ്പയുടെ ഉപ്പാപ്പ, വഴിയിൽ ശല്യം ചെയ്തുകൊണ്ടിരുന്ന കടലിലെ ദുഷ്ടരായ ജിന്നിനെയും ജിന്നിയെയും മന്ത്രസഹായത്താൽ കുള്ളന്മാരാക്കി കുപ്പിക്കുള്ളിലേക്കിറക്കി മൂടിയടച്ച് അറബിക്കടലിലേക്ക് വീശിയെറിയുമായിരുന്നത്രെ. അന്നങ്ങനെ വലിച്ചെറിഞ്ഞ കുപ്പികൾ ഇന്നും അറബിക്കടലിൽ ഒഴുകിനടക്കുന്നുണ്ടത്രെ. അങ്ങനെ ഒഴുകിനടക്കുന്ന കുപ്പികളുടെ മൂടി ഇന്നാരെങ്കിലും തുറന്നാൽ കൊടുങ്കാറ്റും ഭൂകമ്പവും പ്രളയവും സംഭവിക്കുമത്രെ. അനന്തരം അടച്ചിരിക്കുന്ന കുപ്പികളുടെ മൂടികളെല്ലാം തുറക്കുന്നപോലെ അഭിനയിച്ച് ഞങ്ങളെ ബന്ധനമുക്തരാക്കി, ‘പോയി കളിക്ക് മക്കളേ... നിങ്ങൾ പോയിടങ്ങളിലെല്ലാം കൊടുങ്കാറ്റും ഭൂകമ്പവും പ്രളയവുമുണ്ടാകട്ടെ... ഈ നശിച്ച ലോകം നിലനിൽക്കേണ്ട ആവശ്യമെന്തിന്' എന്ന് പറഞ്ഞെഴുന്നേറ്റ് സ്വയം അശക്തനായ ഒരു സാധുവിനെപ്പോലെ കാറ്റിൽ ഒഴുകിപ്പോകുമായിരുന്നു.

ഞങ്ങളുടെ ബാല്യത്തിൽ, കാപ്പിത്തോട്ടത്തിൽ അദ്ദേഹത്തെ എല്ലാവരും ​ഒട്ടൊരു തമാശയോടെയും കാര്യമായ ഭയത്തോടെയുമാണ്​ നോക്കിയിരുന്നത്. കാരണം, അദ്ദേഹത്തിന് സ്ത്രീകളുടെ പേറ്റുനോവ് കുറയ്ക്കാ​നുള്ള ദിവ്യശക്തി വശമുണ്ടായിരുന്നു. അയാളുടെ സഞ്ചിയിൽ വെളുത്ത പിഞ്ഞാണപ്പാത്രമുണ്ട്. അടുപ്പിന്റെ മുകളിലത്തെ അടരിൽ പറ്റിപ്പിടിക്കുന്ന കരി ശേഖരിച്ച് മഷിയുണ്ടാക്കി ഖുർആൻ വാക്യങ്ങൾ അദ്ദേഹം ഈ പിഞ്ഞാണപ്പാത്രത്തിലെഴുതുമായിരുന്നു. കൂടാതെ തന്റെ സഞ്ചിയിൽനിന്ന് ഒരു കുപ്പിയെടുത്ത് അതിലെ വെള്ളംകൊണ്ട്​ പിഞ്ഞാണം കഴുകി ആ വെള്ളം ഗർഭിണികളെ കുടിപ്പിക്കുകയും അപ്പോൾ അവരുടെ പേറ്റുനോവിന്റെ കാഠിന്യം കുറയുകയും ചെയ്യും. ആ വെള്ള പിഞ്ഞാണപ്പാത്രം ഉപ്പാപ്പയുടെ ഉപ്പാപ്പയുടെതാണെന്നും ഖിയാമത്ത്നാൾ വരെ അതു തന്റെയൊപ്പമുണ്ടായിരിക്കുമെന്നും അയാൾ വിശ്വസിച്ചു. ഞങ്ങളും അതുതന്നെ വിശ്വസിച്ചു. എന്നാൽ ഒരു ദിവസം അദ്ദേഹവും മരിച്ചു. ആ പിഞ്ഞാണപ്പാത്രത്തെ അതുകഴിഞ്ഞ് കാണാൻ സാധിച്ചില്ല.

പത്തുവർഷം മുമ്പ്​ കന്നടയിൽ ഞാനൊരു നോവലെഴുതി. അതിൽ ഈ മൊല്ലാക്കയും കഥാപാത്രമായിരുന്നു. എന്താണെന്നറിയില്ല, ആ നോവലൊരു പരാജയമായിരുന്നു. ഈ നൈരാശ്യവുമായി കഴിയുമ്പോൾ ഇടിവെട്ടേറ്റവനെ പാമ്പ്​ കടിച്ചെന്നപോലെ എന്റെ എല്ലാമായിരുന്ന ആത്മഗുരുവായ ഒരുവൾ അകാലത്തിൽ പൊലിഞ്ഞുപോയി. ഈ മൊല്ലാക്കയുടെ പിഞ്ഞാണപ്പാത്രത്തെക്കുറിച്ച് നോവലിൽ വരാത്ത കഥകളെയും പല തവണ ഞാനവളോട് പറഞ്ഞിരുന്നു. പിഞ്ഞാണപ്പാത്രത്തിന്റെ ഉടയോനായ ആ മൊല്ലാക്കയുണ്ടായിരുന്നെങ്കിൽ തന്റെ ജീവൻ നിലനിർത്തുമായിരുന്നുവോ എന്തോ എന്ന് അവൾ തന്റെ കഠിനമായ രോഗാവസ്ഥയ്ക്കിടയിലും ആഗ്രഹിച്ചിരുന്നു. ‘ദയവു ചെയ്ത് എന്നെ ജീവിപ്പിക്കൂ' എന്ന് കല്ലും നീരും അലിഞ്ഞു പോകുംവിധം അവൾ അപേക്ഷിച്ചു. ജീവിപ്പിക്കാൻ കഴിയാത്ത എന്നെ ശൈത്താനേ എന്ന് വിളിച്ച് അവളും മരണത്തെ വരിച്ചു.

ഒന്നുകിൽ ഞാൻ ജീവിക്കാൻ പാടില്ല അല്ലെങ്കിൽ അവളെ ജീവിപ്പിക്കാൻ കഴിയുമായിരുന്ന പിഞ്ഞാണപ്പാത്രത്തെയും തിരഞ്ഞുകൊണ്ട്ബാക്കിയുള്ള ജീവിതം ലക്ഷ്വദീപിൽ ജീവിച്ചു തീർക്കണമെന്ന് കരുതി പുറപ്പെട്ടവന്റെ വിമാനം ആഗസ്റ്റിലെ കൊടുങ്കാറ്റിലും പ്രളയത്തിലും പെട്ട്​ കൊച്ചി വിമാനത്താവളത്തിൽ ആടിയുലയുന്നുണ്ടായിരുന്നു. ആരോ ജിന്നിനെയടച്ച കുപ്പിയുടെ മൂടി അറിയാതെ തുറന്നിരിക്കണം. ഇനി കുറച്ചു സമയത്തിനുള്ളിൽ എല്ലാം ശാന്തമാകാൻ പ്രാർത്ഥിക്കൂ മൊല്ലാക്കേ... എന്ന് ഞാൻ കാത്തിരുന്നു.

മങ്ങിയ വിമാനവും മുഖം ചുളിച്ച വൈമാനികനും

അനുപമമായ സ്വപ്നം പോലെ, ഒരു പ്രണയത്തിന്റെ ഫോസിൽ പോലെ, പഴയൊരു പിഞ്ഞാണപ്പാത്രത്തിന്റെ അടയാളവുമന്വേഷിച്ച് പോകുന്ന ഞാൻ! മഴയിൽ കുടുങ്ങി വിറങ്ങലിച്ചു നിൽക്കുന്ന ദേശാടനപ്പക്ഷിയെപ്പോലെ വിമാനത്താവളത്തിൽത്തന്നെ നങ്കൂരവുമിട്ട് ലക്ഷദ്വീപിനെ നോക്കി പറക്കാനായി വൈമാനികന്റെ ആജ്ഞക്ക്​ കാത്തിരിക്കുന്ന ചെറുവിമാനം. ജാലക സ്ഫടികത്തിൽ മൂക്കുമുരസി വ്യാജമായ നിരാശയാൽ മഴയെത്തന്നെ നോക്കിയിരിക്കേ അതെന്തുകൊണ്ടോ ഇളംപുഞ്ചിരി പൊഴിക്കുന്നതായി തോന്നി. പിന്നിൽ വിട്ടുപോന്ന അനന്തമായ ഓർമകളും, മുന്നിൽ കാണാനാഗ്രഹിച്ച മായാജാലവും മന്ത്രവിദ്യകളും, ഇതൊന്നിനെയും കണക്കിലെടുക്കാതെ പെയ്തുകൊണ്ടിരിക്കുന്ന പ്രളയം പോലെ മഴയും. വൃത്തിയും വെടിപ്പുമുള്ള വസ്ത്രമണിഞ്ഞ പരിചാരകരായ രണ്ടു യുവകോമളന്മാർ എന്തോ ആപത്ത് സംഭവിച്ചിരിക്കുന്നെന്നപോലെ മങ്ങിയ മുഖവുമായി വാതിൽക്കൽ നിൽക്കുന്നു. ആ ദിവസത്തെ ഒരു കന്നട ദിനപ്പത്രം തൊട്ടുമുന്നിലെ കാലിയായിക്കിടക്കുന്ന ഇരിപ്പിടത്തിന്റെ പിറകിലുള്ള സഞ്ചിയിൽ വെടിപ്പോടെ മടക്കിയനിലയിൽ മുഖാമുഖം കിടപ്പുണ്ടായിരുന്നു. ബംഗളൂരുവിൽനിന്ന് അകപ്പെട്ട ആ കന്നട പത്രം വിമാനത്തിൽ കന്നടിഗർതന്നെയില്ലാത്തതിനാൽ തന്റെ രൂപത്തെയും യൗവ്വനത്തെയും അങ്ങനെത്തന്നെ സൂക്ഷിച്ചു നിലനിർത്തുകയാണ്​. ഒരു കന്നടിഗനാകയാൽ ആ പത്രം കണ്ണിനു നേരെ പിടിച്ച്​ അതിന്റെ ഗന്ധത്തിനായി മൂക്കു തുറന്നു.
‘താങ്കൾ കന്നടിഗനാണോ സാർ'; പരിചാരകരിലൊരാൾ പുഞ്ചിരി തൂകി അടുത്തുവന്നു നിന്നു.
‘ഒരു തരത്തിൽ ആണ്, എന്നാൽ മറ്റൊരു തരത്തിൽ അല്ല' എന്ന് കൈയ്യിലുണ്ടായിരുന്ന പത്രം താഴെവെച്ച് ആ പയ്യനെ നോക്കി.

ഉള്ളിൽ നിറയെ കുസൃതിത്തരം ഒളിപ്പിച്ചുകൊണ്ട് പുറത്ത് പരിചാരകന്റെ വേഷവും ധരിച്ചിരിക്കുന്ന ആ യുവകോമളന്റെ കണ്ണുകൾ പറക്കാൻ സാധിക്കാത്ത നിരാശയുടെ നിമിഷങ്ങളിലും പളപളായെന്ന് തിളങ്ങി. നീയും കന്നടിഗനാണോ എന്ന് ഞാൻ അവനോട് ഇംഗ്ലീഷിൽ ചോദിച്ചു.
‘ഒരു രീതിയിൽ ആണുതാനും മറ്റൊരു രീതിയിൽ അല്ലതാനും' എന്ന് പറഞ്ഞ് അവനും ചിരിച്ചു. ആന്ധ്രയിലാണ് അവന്റെ അച്ഛന്റെ നാട്. ബാങ്ക് മനേജരായിരുന്ന അച്ഛൻ കർണ്ണാടകയിലെ പലയിടങ്ങളിലും ജോലി ചെയ്തു. അതിനാൽ ഗോട്ടി കളിച്ചും ലതികളി കളിച്ചും അതുകഴിഞ്ഞ് ക്രിക്കറ്റ് കളിച്ചും കർണ്ണാടകയിൽ പലയിടത്തും ഓടിനടന്ന് അവൻ വളർന്നു. രാജ്യത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീം രൂപീകരിക്കാൻ തീരുമാനിച്ച ഈ വിമാനക്കമ്പനി ചെറുപ്പത്തിൽ ഏറ്റവും നല്ല ബൗളറെന്ന മികവു തെളിയിച്ച ഇവനെ ജോലിയിലെടുത്ത് കളിക്കാൻ ഗ്രൗണ്ടിലിറക്കി. അങ്ങനെ കളിച്ചുകൊണ്ടിരിക്കവേ ഇവന്റെ നട്ടെല്ലിനു പരിക്കേറ്റു. കുറച്ചുകാലം ആശുപത്രിയിൽ കഴിഞ്ഞശേഷം കളിക്കാനിറങ്ങിയപ്പോൾ ഈ വിമാനക്കമ്പനി നഷ്ടത്തിലായി. ‘ക്രിക്കറ്റും വേണ്ട ഒന്നും വേണ്ട. വന്ന് പണിയെടുത്ത് ശമ്പളം വാങ്ങിക്കോ' എന്നുപറയഞ്ഞ്​അവനെ ക്യാബിൻ ക്രൂ ജോലിയിലെടുത്തു.

ഞാൻ വിമാനത്തിൽ കയറിയ ആഗസ്റ്റിലെ ആ ദിവസം തന്നെയാണ് അവനും ആദ്യമായി ജോലിയിൽ പ്രവേശിച്ചത്​. ആദ്യദിവസം തന്നെ കടലിനു മുകളിലൂടെ പറക്കുകയാണെന്ന ഉത്സാഹത്തിമർപ്പോടെ അതിരാവിലെ വീട്ടിൽനിന്ന് പുറപ്പെട്ടവന്റെ മുഖത്തടിക്കുന്നപോലെ കൊച്ചിയിൽ മഴ കോരിച്ചൊരിഞ്ഞു. ‘സാർ, താങ്കളുടെയും എന്റെയും ആദ്യദിവസമാണിന്ന്. താങ്കളും കന്നടിഗൻ ഞാനും. എന്നാൽ കന്നടിഗർ എവിടെച്ചെന്നാലും ഇക്കാലത്ത് നിരാശതന്നെയാണല്ലോ ഫലം' എന്ന് അവൻകൂട്ടിച്ചേർത്തു.
എന്നിൽ സ്വയാനുകമ്പ സൃഷ്ടിക്കുവാൻ ശ്രമിക്കുന്ന കന്നടയിലെ ചെറുപ്പക്കാരിൽ ഇവനും ഒരുവനാണെന്ന് എനിക്ക് തോന്നി. എന്റെ നൈരാശ്യങ്ങളെക്കുറിച്ച് ഇവൻ എങ്ങനെ മനസ്സിലാക്കി എന്നതിൽ എനിക്ക് ആശ്ചര്യമുണ്ടായി. ‘എനിക്ക് എങ്ങനെയോ സംഭവിച്ചു. എന്നാൽ നിന്റെ കാരണം എന്താണ്' ഞാൻ അവനോട് ചോദിച്ചു.
‘ഒന്നാമതായി നട്ടെല്ലു കാരണം ക്രിക്കറ്റ് ജീവിതം പോയി. രണ്ടാമതായി ജോലിയിൽ പ്രവേശിച്ച ആദ്യദിവസം ഈ മഴ കാരണം വിമാനം പകുതിയിൽവെച്ച് നിർത്തിയിരിക്കുന്നു. മൂന്നാമതായി, ഈ വിമാനത്തിന്റെ പൈലറ്റ് നല്ല മനുഷ്യനാണെങ്കിലും ആളൊരു മുൻകോപിയാണ്. ഇടയ്ക്കിടെ ക്യാബിനിനകത്തേക്ക് വിളിപ്പിച്ച് ചെറിയ കാര്യത്തിനുപോലും ചൂടായിക്കൊണ്ടിരിക്കും. ഒറ്റദിവസംകൊണ്ട് തന്നെ അയാളോടൊപ്പമുള്ള സഹവാസം മതിയെന്നു തോന്നി. തന്റേതല്ലാത്ത എല്ലാറ്റിനോടും ശുണ്ഠി പ്രകടിപ്പിക്കുന്നു' എന്ന് അവൻ ചിരിച്ച് നെടുവീർപ്പിട്ടു. ആദ്യമായി വിമാനത്തിൽ കയറിയ വയസ്സായ ഒരാൾ ക്ലോസറ്റ് ഉപയോഗിക്കാനറിയാതെ സീറ്റിനു മുകളിലെല്ലാം വൃത്തികേടുണ്ടാക്കി വെച്ചു. നിർത്തിയിട്ടിരിക്കുന്ന വിമാനത്തിൽ കാര്യങ്ങളെല്ലാം ശരിയാണോ എന്ന് പരിശോധിക്കുന്നതിനോടൊപ്പം പൈലറ്റ് ടോയിലറ്റിനുള്ളിലേക്കും മൂക്ക് കടത്തി. മറുനിമിഷം നെറ്റിയും ചുളിച്ച്​പുറത്തേക്ക് വന്ന അയാൾ വൃത്തിയില്ലാത്ത പട്ടികളെന്ന് ഇവനെയും ചേർത്ത് ചീത്ത പറഞ്ഞു.

ധോണിയെപ്പോലെയൊരു ക്രിക്കറ്ററാകണമെന്നാശിച്ച് ജോലിയിൽചേർന്ന ആ യുവാവ് ആരോ കക്കൂസിലുണ്ടാക്കിവെച്ച വൃത്തികേടിന് ചീത്തകേൾക്കേണ്ടി വന്നല്ലോ എന്ന വ്യസനത്തിലായിരുന്നു. ദുഃഖിക്കേണ്ട ചങ്ങാതി, രാജ്യത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങളെല്ലാം നന്നായി വന്നാൽ വേറൊരു വിമാനക്കമ്പനിയിൽചേർന്ന് നിനക്ക് ധോണിയെക്കാളും വലിയ ധോണിയാകാം എന്നു സമാധാനിപ്പിക്കാമെന്ന് വിചാരിക്കുമ്പോഴേക്കും ശൂന്യമായിക്കിടക്കുന്ന ആ വിമാനത്തിൽ മറ്റൊരു കോലാഹാലം. ആ വിമാനത്തിന്റെ ഉച്ചഭാഷിണിയിലൂടെ പൈലറ്റിന്റെ ക്ഷോഭിക്കുന്ന ശബ്ദം ഉച്ചത്തിൽ കേൾക്കുന്നുണ്ടായിരുന്നു. കോരിച്ചൊരിയുന്ന മഴയിൽ വിമാനത്തിലെ ബാഗേജുകൾ ഇറക്കുന്ന ജോലിക്കാർ ലഗ്ഗേജ് ചേംബറിന്റെ വാതിൽ ശരിക്കും അടക്കാൻ വിട്ടുപോയിരുന്നു. ലഗേജ് കൈകാര്യം ചെയ്യുന്ന മേലധികാരി വന്ന് ഒരുപാധിയുമില്ലാതെ മാപ്പ് പറഞ്ഞില്ലെങ്കിൽ മഴ നിന്നാലും താൻലക്ഷദ്വീപിലേക്ക് വിമാനം പറപ്പിക്കില്ലെന്ന് ക്ഷോഭിച്ച്​ ക്യാബിനിൽനിന്ന് പുറത്തേക്ക് വന്ന അയാളുടെ ചുവന്ന മുഖം അതിലേറെ തുടുത്തിരുന്നു.

യൂറോപ്യനായ വെള്ളക്കാരൻ പൈലറ്റ്. യൂറോപ്പിലെ അടച്ചുപൂട്ടിയ വിമാനക്കമ്പനികളിലെ വൈമാനികർ ഇന്ത്യയിൽ വിമാനങ്ങളെ പറപ്പിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ അവർ ഇത്രയ്ക്കും ദേഷ്യക്കാരാണെന്ന് അറിയില്ലായിരുന്നു. അയാളുടെ ദേഷ്യമൊന്നു തണുപ്പിക്കാൻ ഈ വിമാനത്തിലുള്ളത് ഞാൻ മാത്രമാണെന്നതിനാൽ അയാളുടെയടുക്കൽചെന്ന് കൈകൂപ്പി. അയാൾപുഞ്ചിരിച്ചില്ല. ‘താങ്കൾ ഐറിഷുകാരനായിരിക്കുമെന്ന് കരുതട്ടെ?' ഞാൻ ചോദിച്ചു. ഐറിഷുകാർ കന്നടിഗരെപ്പോലെ നല്ലവരും ഇടയ്ക്കിടെ കോപിക്കുന്നവരും, എന്നാൽ പെട്ടെന്ന് തണുക്കുന്നവരുമായതിനാൽ ഇയാളും ആ ദേശക്കാരനായിരിക്കാമെന്നത് എന്റെ ഊഹമായിരുന്നു. എന്നാൽ അയാൾ

അതിലേറെ ദേഷ്യത്തോടെ എന്നെയും ചീത്ത വിളിച്ചു. ‘നിങ്ങൾക്ക് മര്യാദ എന്താണെന്നറിയില്ലേ?' എന്ന് ശകാരിച്ചു. 'ഒരുവേള ഞാൻ നിന്നോട് ബിഹാറിയാണോ ബംഗാളിയാണോ പാകിസ്താനിയാണോ ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചാൽ നിനക്ക് അപമാനം തോന്നില്ലേ?' എന്ന് മറുചോദ്യം ചോദിച്ചു. ‘ഐറിഷുകാർ ദുർനടപ്പുകാരും അലവലാതികളുമാണ്. എന്നെ അവരുമായി താരതമ്യം ചെയ്യേണ്ട' എന്ന് പറഞ്ഞ് അയാൾ ക്യാബിനിനകത്തേക്ക് കടന്നു. കഷ്ടകാലത്ത് മനുഷ്യനെ സ്വന്തം പക്കി* തന്നെ പാമ്പായി മാറി കൊത്തുമെന്ന് ബാല്യകാലത്ത് അറബി പഠിപ്പിച്ച മൊല്ലാക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോൾ മൊല്ലാക്കയുടെ വേരുകളും പിഞ്ഞാണപ്പാത്രത്തിന്റെ രഹസ്യവും തിരഞ്ഞുകൊണ്ട് ലക്ഷദ്വീപിലേക്ക് പുറപ്പെടുമ്പോൾ ആ പറഞ്ഞത് വളരെ സത്യമാണെന്നതിന് ഏറ്റവും വലിയ തെളിവായി ഈ ചെറുവിമാനത്തിന്റെ വെള്ളക്കാരനായ വൈമാനികൻ നിസാരകാര്യത്തിനുപോലും രോഷാകുലനാകുന്നു.

വായനക്കാർ ക്ഷമിക്കണം, ലക്ഷദ്വീപിലിരുന്നുകൊണ്ടാണ് ഈ വരികൾ എഴുതുന്നത്. അതും പിഞ്ഞാണപ്പാത്രത്തിന്റെ മൂലപാത്രമിരിക്കുന്ന പുരാതനമായ സൂഫീ ദർഗയിൽചെന്ന് അവിടെ മുന്നൂറു വർഷങ്ങളോളമായി അന്ത്യവിശ്രമം കൊള്ളുന്ന സൂഫീവര്യന്റെ സമാധിയെ വന്ദിച്ച്, അദ്ദേഹത്തിന്റെ പിൻതലമുറയിൽപെട്ട മുഖ്യസ്ഥനായ മൂപ്പന്റെ കൈയ്യിൽനിന്ന് അപരിമിതമായ സുഗന്ധമുള്ള അത്തർവാങ്ങി ദേഹത്ത് പൂശി, അവിടെയുള്ള പഴയ കിണറ്റിലെ തെളിവെള്ളത്തെ പ്രസാദമെന്ന് കരുതി കുടിച്ച് വന്ന് കുളിച്ച് ശുചിയായതിനു ശേഷമാണ് ഇതെഴുതുന്നത്. പിഞ്ഞാണപ്പത്രത്തിന്റെ കഥയെക്കുറിച്ചറിയാനായി വ്യാഴാഴ്ച മഗ്രിബിന് ചന്ദ്രോദയത്തിനുശേഷം ഞാൻ വീണ്ടും അങ്ങോട്ട് പോകുന്നുണ്ട്.

തെങ്ങിൻ തോപ്പിനടിയിലെ മനുഷ്യവ്യവഹാരങ്ങൾ

അല്പനേരത്തിനകം പുലരിക്കു മുമ്പ്​ പടിഞ്ഞാറുഭാഗത്ത് ലഗൂണിൽ ഇളകിയാടിക്കൊണ്ടിരിക്കുന്ന മീൻതോണികൾക്കിടയിലൂടെ പൗർണമിയിലെ ചന്ദ്രൻമെല്ലെ മുങ്ങിപ്പോകണം. അതുകഴിഞ്ഞ് കുറച്ചു സമയത്തിനുള്ളിൽതന്നെ കിഴക്കുഭാഗത്ത് അല്പം ശുണ്ഠിയോടെ ഒച്ചയുണ്ടാക്കി മലർന്നുകിടക്കുന്ന അറബിക്കടലിന്റെ ചക്രവാളത്തിൽ സൂര്യൻ ഉദിച്ചുയരണം. കണക്കാക്കിയപടി എല്ലാം സംഭവിച്ചാൽ ഒരു യാമത്തിന്റെ അന്തരത്തിൽതന്നെ ഒരു കേൾവിദൂരത്തിൽതന്നെ ഈ പാമരന്റെ ക്യാമറയിൽ ചന്ദ്രാസ്തമയവും സൂര്യോദയവും ഒന്നിനു പിറകെ ഒന്നായി കൊളുത്തപ്പെടണം. ഇനിയും അൽപനേരം ചന്ദ്രനുമില്ലാത്ത സൂര്യനുമുദിക്കാത്ത ആ സ്‌നിഗ്ദ്ധ വേളയിൽ, ഇതേതു പ്രകാശമെന്ന് പറയാൻ സാധിക്കാത്ത ആ അപൂർവ ശോഭയിൽ, കടലും തോണികളും കാറ്റുമെല്ലാം ചേർന്നുള്ള ഒരു പുരാതനമായ ദുഃഖവും ഉള്ളിൽപേറിക്കൊണ്ട് ക്യാമറയും തൂക്കി ചുറ്റിക്കറങ്ങുന്ന എന്റെ ഹൃദയത്തിൽ അഴലോ ആനന്ദമോ എന്നറിയാത്ത എന്തോ ഒന്ന് നിറകവിയണം. അങ്ങനെ ആ പ്രഭയിൽ ഒരു കേൾവിദൂരം കിഴക്കോട്ടു നടന്ന്, ഉയർന്നുപൊങ്ങുന്ന സൂര്യനും മുമ്പായി കടൽതീരത്തിലൂടെ നടന്നുവരുന്ന മനുഷ്യരും പറന്നുപോകുന്ന പക്ഷികളും ക്യാമറക്കണ്ണിൽ പതിയാൻ തുടങ്ങുകയും, മനസ്സ് മനുഷ്യരുടെ വ്യവഹാരങ്ങളിലേക്ക് തെന്നിവീഴുകയും ചെയ്യണം. അതുകഴിഞ്ഞ് അവിടെത്തന്നെയുള്ള പഴയ മുഹ്യുദ്ദീൻ പള്ളിയുടെ സമീപത്തെ തട്ടുകടയിൽചെന്ന് ഒരു കട്ടൻചായ കുടിച്ച് ഏകാകിയായ ഒരു മദ്യപാനിയെപ്പോലെ ആരുമില്ലാത്ത വീട്ടിലേക്ക് ഉന്മത്തനായി മടങ്ങണം.

എന്നാൽ പൂർണചന്ദ്രൻ എന്തുകൊണ്ടോ മുങ്ങാൻ മടികാണിക്കുന്നുണ്ടായിരുന്നു. സൂര്യൻ എന്തുകൊണ്ടോ വേഗത്തിൽ ഉദിച്ചിരുന്നു. കുഴപ്പത്തിലായ നീലക്കടൽ പൗർണമിയിലെ പാൽവെളിച്ചത്തെയും സൂര്യന്റെ അരുണിമയെയും ഏകകാലത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നതോടൊപ്പം, രാത്രി കൂടെക്കഴിഞ്ഞ കാമുകിയോട് വിട്ടു പോകാൻ കെഞ്ചുന്ന ശീലാവതിയായ ഭാര്യയെപ്പോലെ ചന്ദ്രനോട് പോകാൻവേണ്ടി യാചിക്കുന്നുണ്ടായിരുന്നു. പോകാനും നിൽക്കാനും കഴിയാതെ എന്തുകൊണ്ടോ ചന്ദ്രൻ ആകാശത്തിലെ പടരുന്ന ചുവപ്പിൽ മങ്ങുന്നുണ്ടായിരുന്നു. ചന്ദ്രൻമുഴുകിയതും അതറിയാതെ സൂര്യൻകിഴക്കുനിന്ന് ഉയർന്നു വരുന്നുണ്ടായിരുന്നു.

ഈ ദ്വീപിലെ വഴികളും ആൾക്കാരും ചന്ദ്രനും സൂര്യനും കാരണമൊന്നുമില്ലാതെ എന്നെ കബളിപ്പിക്കുന്നവരാണല്ലോ എന്നോർത്ത് എനിക്ക് ചിരിവന്നു. ഇടംവലം ശരിക്കുമറിയാത്ത ഞാൻ ഈ ദ്വീപുവാസികളാരോടെങ്കിലും വഴി ചോദിച്ചാൽ ‘ആദ്യം കിഴക്കോട്ട് തിരിഞ്ഞ് കുറച്ചു മുന്നോട്ട് വടക്കോട്ട് നടന്ന് അതുകഴിഞ്ഞ് പടിഞ്ഞാറോട്ട് തിരിയുക' എന്ന് അവർ വഴി കാണിച്ചു തരും. വഴിയും ചോദിച്ച് പുറപ്പെട്ടവൻ എതിർദിശയിലൂടെ നടന്ന് വീണ്ടും അവിടെത്തന്നെ മടങ്ങിയെത്തിയാൽ അവന് വഴിതെറ്റി എന്നർത്ഥം. അതിനാൽത്തന്നെ ദ്വീപിലെ നല്ലവരായ കുറേ പേർ ബൈക്കിന്റെയോ സൈക്കിളിന്റെയോ പുറകിൽ സൈക്കിളുമായി എന്നോടു പിന്തുടരാൻ പറയും. ഞാൻ എത്തിച്ചേരേണ്ട സ്ഥലത്തെത്തുമ്പോൾ ‘ദാ, ഇതാണ് താങ്കൾ അന്വേഷിക്കുന്ന സ്ഥലം' എന്ന് പറഞ്ഞു ചിരിച്ച്​ അവർ പോകും. ഒരേ പോലെയുള്ള വഴികളും തെങ്ങുകളും പീടികവരാന്തകളും സർക്കാർ വസതികളുമുള്ള നാട്ടിൽ വഴിതെറ്റുന്നതിൽ ഒട്ടും അത്ഭുതമില്ല. അതുകൂടാതെ പുതുതായി ഈ ദ്വീപിൽവന്നിറങ്ങിയ ഞാൻ ഈ വഴിതെറ്റുക എന്നത് നിഷ്ഠയായി സ്വീകരിച്ചുകൊണ്ട് വഴി ചോദിക്കുന്നതൊരു കാരണമാക്കി ആൾക്കാരുമായി സംഭാഷണത്തിൽ ഏർപ്പെടാനും തുടങ്ങി.
ഇതല്ലാതെ എനിക്കിവിടെ ചെയ്യാൻ കാര്യമായ പണിയൊന്നുമില്ല. സാഹിത്യവും സാംസ്‌കാരികവുമായ ഉത്തരവാദിത്വങ്ങളുമില്ല. കുടുംബവുമില്ല, പ്രണയികളുമില്ല, പെട്രോളും പത്രവും ബാറും ഹെൽമെറ്റുമില്ല. ഉള്ളത് നാലുദിക്കിലും വലിയ കടൽ, തലയ്ക്കു മുകളിൽതെങ്ങുകൾ, സംസാരിച്ചിരിക്കാൻ ഒരിത്തിരി മനുഷ്യരും.

‘എന്റെ ഉപ്പാപ്പയുടെയുപ്പാപ്പയുടെ ദ്വീപിൽ ആളുകൾ മൂന്നു കാരണങ്ങളാലാണ് മരിക്കുന്നത്' എന്ന് ചെറുപ്പത്തിൽ എന്നെ ഖുർആൻ പഠിപ്പിച്ച മൊല്ലാക്ക പറഞ്ഞിരുന്നു. ‘അതിലൊന്നാമത് വയസാകുന്നതു കാരണം. രണ്ടാമത്തേത് തെങ്ങിൽനിന്ന് ഉണങ്ങിയ തേങ്ങ തലയിൽ വീണും മൂന്നാമത്തേത് ഇരുട്ടത്ത് നിലത്തു വീണുകിടക്കുന്ന തേങ്ങ കാണാതെ അവയിൽകാല് ചവിട്ടിയിടറി പേടിച്ച് ഹൃദായാഘാതം സംഭവിച്ചും' എന്നദ്ദേഹം ഗൂഢമായ ഒരു രഹസ്യം പങ്കുവെച്ചിരുന്നു.
അദ്ദേഹത്തിന് തെങ്ങുകളോടും തേങ്ങകളോടും ബലമായ അവിശ്വാസക്കുറവുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങളുടെ കാപ്പിതോട്ടത്തിലുണ്ടായിരുന്ന ഒരേയൊരു തെങ്ങിന്റെ ചുവട്ടിലൂടെ നടക്കുന്നതിൽനിന്ന് രക്ഷപ്പെടുന്നതിനായി നൂറടി ദൂരെ മാറിയാണെങ്കിലും വേണ്ടില്ലായെന്ന് തന്റെ മുണ്ടിന്റെ വക്കും കൈയിൽപൊക്കിപ്പിടിച്ച്​വളഞ്ഞവഴിയിലൂടെ നടന്നു പോകുമായിരുന്നു. തലയ്ക്കു മുകളിൽതേങ്ങ വീഴാൻപാടില്ലായെന്നും, താഴെ വീണ തേങ്ങയിൽകാല് ചവിട്ടിയിടറാൻപാടില്ലായെന്ന കാരണത്താലും.

മിനിഞ്ഞാന്ന് തിങ്കാളാഴ്ച അസ്തമിച്ച ചൊവ്വാഴ്ച രാത്രി അപൂർണമായ നിലാവെളിച്ചത്ത് ഇങ്ങനെത്തന്നെ വഴിയുമന്വേഷിച്ചു ചെന്ന് ഇവിടുത്തെ പുരാതനമായ ഹുജറ പള്ളിയുടെ ഉമ്മറത്തിനു മുമ്പിലെ വെള്ളമണൽപരന്ന മുറ്റത്ത് മുട്ടും മടക്കി ഇരുന്നിരുന്നു. ഇങ്ങനെ കാൽമുട്ടും മടക്കി ഇരുന്ന് മൗനമായി ധ്യാനിച്ചുകൊണ്ടിരുന്നാൽ നിന്റെ കഴിഞ്ഞുപോയ ജീവിതത്തിലെ സങ്കടങ്ങളെല്ലാം അവിടെ മണ്ണോടു മണ്ണുചേർന്ന് മുന്നൂറുവർഷക്കാലമായി അന്ത്യവിശ്രമം കൊള്ളുന്ന സൂഫീവാര്യനു കേൾക്കാം. നിന്റെ കഴിഞ്ഞുപോയ കാലത്തെ വ്യഥകളെയെല്ലാം ഒരു കുഞ്ഞിന്റെ കണ്ണീർതുടക്കുന്നതുപോലെ തുടച്ചു മായ്ച്ച് പുതുവസ്ത്രംപോലെയുള്ള ജീവിതം പ്രദാനം ചെയ്യുമെന്ന് പറഞ്ഞ് അയാളെന്നെ അവിടെയിരുത്തി. ആ മനുഷ്യൻ സൂഫീവര്യന്റെ സന്തതി പരമ്പരയിലെ എട്ടാം തലമുറയിലെ അവകാശിയായിരുന്നു. ‘അങ്ങനെ എവിടെ നിന്നോ വന്ന പരദേശികൾക്ക് ഇവിടെ പ്രവേശനമില്ല. മനസിൽ അഴുക്കുള്ളവർ ഇവിടെ വെറുതെ വന്നിരുന്നാൽ സൂഫിവര്യൻ അവരെ ഒരു കരിയില പോലെ ദൂരത്തേക്ക് പറത്തും' എന്ന് ആ പണ്ഡിതൻ ഭയപ്പെടുത്തിയിരുന്നു. അങ്ങനെ പറയാൻമാത്രം അഴുക്കൊന്നുമില്ലെന്ന വ്യാജമായ ആത്മവിശ്വാസവുമായി ധ്യാനസ്ഥനായ ഒരു കൊക്കിനെപ്പോലെ ഞാൻ അവിടെ ഇരിപ്പുറപ്പിച്ചു. ആ സൂഫിവര്യൻ മൂന്നൂറ്റിയറുപത് വർഷങ്ങൾക്ക് മുമ്പ് പായക്കപ്പലിലേറി ഒരു പരദേശിയെപ്പോലെ ഇവിടെ വന്നിറങ്ങിയിരിക്കുന്നത് കന്നടനാടിന്റെ തീരപ്രദേശത്ത് നിന്നാണ്. അറേബ്യയിലെ മഹാനായ സൂഫീവര്യൻ അബ്ദുൾഖാദിർ ജീലാനിയുടെ പതിനാലാം തലമുറയിൽപ്പെട്ട ആളാണ് അദ്ദേഹം.

ലക്ഷദ്വീപിനെ മഴയിൽനിന്നും കൊടുങ്കാറ്റിൽനിന്നും തന്റെ കാരുണ്യത്താൽ രക്ഷിക്കുന്നത് ആ സൂഫിയാണെന്ന ഉപകാരസ്മരണയിൽ ഈ ദ്വീപുവാസികളായ പുരുഷന്മാർ എല്ലാ വ്യാഴാഴ്ച അസ്തമിച്ച വെള്ളിയാഴ്ച രാത്രിയിലും തിങ്കളാഴ്ച അസ്തമിച്ച ചൊവ്വാഴ്ച രാത്രിയിലും ദേഹത്ത് ഒരു കഷ്ണം തുണിയുടുത്ത് കൈയ്യിൽ ദഫും പിടിച്ച് വൃത്താകാരത്തിലിരുന്നുകൊണ്ട് അതു കൊട്ടിക്കൊണ്ട് സൂഫിയെക്കുറിച്ചുള്ള മദ്ഹുകൾ* പാടും. ഏതൊരു വിഷമം പിടിച്ചവന്റെ ഹൃദയത്തെയും ഭക്തിയുടെ കത്തിയാൽ കൊളുത്തുന്ന സൂഫിയെക്കുറിച്ചുള്ള വാഴ്ത്തുപ്പാട്ടുകൾ. കടലിന്റെ അലപോലെയും വീശുന്ന കാറ്റുപോലെയും കേൾക്കുന്ന ദഫിന്റെ ശബ്ദത്തിനോടൊപ്പമുള്ള ആർദ്രമായ ദിക്‌റുകൾകേട്ടുകൊണ്ട് ഞാൻ ഉള്ളിന്റെയുള്ളിൽ മറ്റെന്തൊക്കെയോ അന്വേഷിക്കുന്നുണ്ടായിരുന്നു.

അവിടെയകത്ത് കിടക്കുന്ന പുരാതനമായ പിഞ്ഞാണപ്പാത്രത്തെയാണ് എന്റെ കണ്ണുകൾ തേടിക്കൊണ്ടിരുന്നത്. ആ സൂഫിവര്യന്റെ പേരക്കുട്ടികളും അവരുടെ മക്കളും പ്രതിനിധിമാരും ശിഷ്യന്മാരും മുരീദന്മാരും* അവരുടെ പേരമക്കളും പുരാതനമായ ആ പിഞ്ഞാണത്തിന്റെ കുട്ടിപ്പാത്രങ്ങളുമായി ദേശം മുഴുവനും മാന്ത്രികരെപ്പോലെ ഇന്നും അലഞ്ഞുകൊണ്ടിരിക്കുന്നു. അങ്ങനെ കറങ്ങി നടന്ന ഒരാൾമൊല്ലാക്കയായി ഞങ്ങളുടെ കാപ്പിത്തോട്ടത്തിലും വന്നുപെട്ടു. ഇതിപ്പോൾ അദ്ദേഹത്തിന്റെ പിഞ്ഞാണപ്പാത്രത്തിന്റെ മൂലസ്ഥാനത്തെയും തേടിവന്ന ഞാനും പടച്ചോന്റെ ഖുദ്‌റത്ത്* പോലെ പാട്ടിനു നടുവിൽ ഒരു കൊക്കിനെപ്പോലെയിരുന്ന് ധ്യാനിച്ചുകൊണ്ടിരിക്കുന്നു. അതുകഴിഞ്ഞ് എന്റെ വരവിന്റെ ഉദ്ദേശത്തെക്കുറിച്ച് പറയുകതന്നെ ചെയ്തു.

‘സൂഫിവാര്യന്റെ വെളിച്ചം നിന്റെ ആത്മാവിൽ തട്ടിയാൽ ആ പാത്രം നിനക്കു കാണാൻ സാധിക്കും. എന്നാൽ നീ കാത്തിരിക്കണം. നിന്നിൽ ഇനിയും ഭക്തിയുടെ കിരണങ്ങൾ ഉയർന്നുപൊങ്ങണം. നിന്റെ ആത്മാവിൽ അതു കാണുന്നില്ല.' എന്നു പറഞ്ഞ് ആ പിന്തുടർച്ചാവകാശി എന്റെ കൈമുട്ടിൽ അത്തർപൂശി എന്നെ മടക്കിയയച്ചു. പുറപ്പെടുന്നതിന് മുമ്പ് ഒരു താക്കീതുപോലെ ആ സൂഫിയുടെ കോപത്തിന് പാത്രീഭവിച്ച അനഭിമതനായ ഒരു ജിജ്ഞാസുവിന്റെ അന്ത്യത്തെക്കുറിച്ച് പറഞ്ഞു. സൂഫിയെയും ജിന്നുകളെയും ഭാര്യയെയും ഭയന്ന് അവരുടെ ദേഷ്യത്തിന് ഇരയായ ആ പള്ളിയുടെ രാത്രി കാവൽക്കാരന്റെ അസാധാരണമായ കഥയാണത്. ഒരുതരം സംഗീതത്തിന്റെ മാധുര്യവും പരിമളവുമുള്ള ആ അത്തറിന്റെ മായികതയിൽ ലയിച്ചിരുന്നുകൊണ്ടാണ് ഇപ്പോൾ ഇതെഴുതുന്നത്.

(തുടരും)

മൊഴിമാറ്റം: എ .കെ. റിയാസ് മുഹമ്മദ്

*പക്കി- ജനനേന്ദ്രിയം
1 മദ്ഹുകൾ- വാഴ്ത്തുപ്പാട്ടുകൾ
2 മുരീദ്- അനുഗാമി
3 ഖുദ്‌റത്ത്- അപാരശക്തി

അബ്ദുൾ റഷീദ്: കുടകിലെ സുംട്ടികൊപ്പയിൽ 1965ൽ ജനനം. മൈസൂരു സർവകലാശാലയിൽനിന്ന് എം.എ. ബിരുദം. മംഗലാപുരം, ഷില്ലോംഗ്, ഗുൽബർഗ, മടിക്കേരി, മൈസൂരു ആകാശവാണി കേന്ദ്രങ്ങളിൽ പ്രോഗ്രാം എക്‌സിക്യൂട്ടിവായി. ഇപ്പോൾ കവരത്തി ആകാശവാണിയിൽ ഹെഡ് ഓഫ് പ്രോഗ്രാംസ്. കന്നഡ സാഹിത്യ വെബ് മാസികയായ kendasampige.com -ൽ 12 വർഷമായി ഹോണററി എഡിറ്ററാണ്.

ഹാലു കുടിദ ഹുഡുഗ, പ്രാണപക്ഷി (കഥാസമാഹാരങ്ങൾ), നന്ന പാടിഗെ നാനു (കവിതാസമാഹാരം), മാത്തിഗൂ ആചെ, അലെമാരിയ ദിനചരി, കാലുചക്ര, മൈസൂര് പോസ്റ്റ് (ലേഖനസമാഹാരങ്ങൾ), ഹൂവിനകൊല്ലി (നോവൽ)എന്നിവയാണ് കൃതികൾ.
കേന്ദ്രസാഹിത്യ അക്കാദമിയുടെ സുവർണോത്സവത്തിന്റെ ഭാഗമായുള്ള പ്രത്യേക അവാർഡ്, കർണാടക സാഹിത്യ അക്കാദമി അവാർഡ്, വർദ്ധമാന അവാർഡ്, ശിവമൊഗ്ഗയിലെ കർണാടക സംഘത്തിന്റെ ലങ്കേഷ് അവാര്ഡ് എന്നിവ ലഭിച്ചു.

Comments